'സിനിമാ കൊട്ടക'- രാഹുല്‍ മണപ്പാട്ട് എഴുതിയ കവിത

ഈരാത്രി അവസാനിക്കാതെനീണ്ടുപോകുമോയെന്ന്പേടിച്ചിരിക്കുമ്പോഴാണ്,പകല്‍വെളിച്ചംകൊമ്പുകളുയര്‍ത്തികണ്ണിലേക്ക്കയറുപൊട്ടിച്ചോടിക്കേറിയത്
'സിനിമാ കൊട്ടക'- രാഹുല്‍ മണപ്പാട്ട് എഴുതിയ കവിത

1. മോണിംഗ് ഷോ


രാത്രി അവസാനിക്കാതെ
നീണ്ടുപോകുമോയെന്ന്
പേടിച്ചിരിക്കുമ്പോഴാണ്,
പകല്‍വെളിച്ചം
കൊമ്പുകളുയര്‍ത്തി
കണ്ണിലേക്ക്
കയറുപൊട്ടിച്ചോടിക്കേറിയത്.
ഞാന്‍ വാതില്‍
തള്ളിത്തുറന്നോടി.
പെട്ടെന്ന്
വീടുകളില്ലാത്തവരുടെ
അടുക്കളയിലേക്ക്
ഞാന്‍
പല്ലുതേച്ച് കയറി ഇരുന്നു.
എന്റെ പ്ലേറ്റില്‍
വേവാത്ത മനുഷ്യര്‍
ചുരുണ്ടുകിടന്നു.
ഞാന്‍ ആര്‍ത്തിയോടെ
കഴിച്ചുതുടങ്ങി.

2. മാറ്റിനി ഷോ

വെയിലിലേക്ക്
ഇറങ്ങിനടക്കുമ്പോള്‍
മരങ്ങള്‍ നടന്നുപോയതിന്റെ
ഓര്‍മ്മയില്‍
എനിക്ക് ദാഹിച്ചു.
തൊട്ടടുത്തുള്ള
കൂള്‍ബാറില്‍ കയറി
ഒരു ഫ്രഷ് ലൈം കുടിച്ചു.
ഗ്ലാസ്സില്‍നിന്നും
ആമാശയത്തിലേക്ക്
തിരുകിവെച്ച സ്ട്രോയുടെ
ഉള്ളിലൂടെ
ഞാന്‍ ഓടി.
അവിടെവെച്ച്
ദാഹിച്ചു മരിക്കാറായ
കുറച്ച് മനുഷ്യര്‍
സ്ട്രോ വാങ്ങി വീടുകളിലേക്ക്
പോവുന്നത് കണ്ടു.
അവിടുന്നിറങ്ങി
റോഡിലൂടെ നടക്കുമ്പോള്‍
എന്റെ കാലുകളുടെ
വാറ് പൊട്ടിവീണു.
ഞാനവയെ ഓടയിലേക്ക് ഉപേക്ഷിച്ചു.
യാത്ര തുടര്‍ന്നു.

3. ഫസ്റ്റ് ഷോ

വൈകുന്നേരം
നഗരത്തിലേക്ക് തുറക്കുന്ന
ജനാലയ്ക്കലരികില്‍നിന്ന്
എനിക്കവനെ
ഭോഗിക്കണമെന്നു തോന്നി.
ഇപ്പോള്‍
ആ ജനാലയിലൂടെ
നോക്കിയാല്‍
തെരുവുകളില്‍ ഇളകുന്ന
എല്ലാ കാഴ്ചകളേയും
മായ്ച്ചുകളഞ്ഞ്
ശ്വാസം കിട്ടാതെ മരിച്ച
ഒരു പെണ്‍കുട്ടി
കളിപ്പാട്ടത്തിനായ്
കൈനീട്ടുന്നത് കാണാം.
ആ പെണ്‍കുട്ടിയുടെ
വയലറ്റുടുപ്പില്‍
ഒരു ഗ്രാമം അവളെ
ഉറങ്ങാതെ കാത്തിരിക്കുന്നത് കാണാം.
ആ പെണ്‍കുട്ടി
ഒളിച്ചുകളിക്കാന്‍ വിളിച്ചു.
പക്ഷേ,
ഞാനവന്റെ
സിഗരറ്റു കുറ്റികളിലേക്ക്
കത്തിപ്പടര്‍ന്നു.
കത്തിയെരിഞ്ഞ
ഒരു തെരുവ് പോലെ
ആ ചാരം കാറ്റില്‍ പറന്നു.
എന്റെ ഉടലില്‍
ഒരു തെരുവ് വിയര്‍ത്തു.

4. സെക്കന്റ് ഷോ

അന്നത്തെ
രാത്രിയിലാണ്
നമ്മള്‍ അതിര്‍ത്തികളെക്കുറിച്ച്
പരസ്പരം പറഞ്ഞത്.
ഇനിയെത്ര ദൂരം...
ഇനിയെത്ര ദൂരം...
എന്ന്
നിന്റെ നാവറുത്ത ഭാഷയില്‍
എനിക്ക് കേള്‍ക്കാം.
ഇരുട്ടിന്റെ
കീറിയ താഴ്വരയിലൂടെ
പലായനം ചെയ്യുന്നവരുടെ
കുടിലുകളിലേക്ക്
നമ്മളപ്പോള്‍ ഉറങ്ങാന്‍ പോയി.
എനിക്ക് തണുത്തു.
ഞാന്‍ നിന്റെ
ഗര്‍ഭപാത്രത്തിലേക്ക്
ചുരുണ്ടുചുരുണ്ട് കൂടി.
ഇനി പിറക്കുകയില്ലാന്ന്
പിറുപിറുത്തു.
അപ്പോള്‍
ഒരു വാങ്ക്
ഭൂമിയുടെ
ചെവിയിലൂടെ ഒലിച്ചിറങ്ങി.

5. ക്ലൈമാക്‌സ്

ഉടലറ്റുപോയ
തലകളെ പട്ടങ്ങളാക്കി
പറത്തിക്കളിക്കുന്ന
'രാജാവി'ന്റെ കഥയെ
നീയെപ്പോഴും വെറുത്തു.
ഞാനും.
നമ്മള്‍ക്കിടയിലിപ്പോള്‍
ഒരു വെടിയുണ്ടയുടെ ദൂരം
മാത്രം.
അല്ലേ..?
അതെ!

ഒരു
സിനിമ അങ്ങനെ
പ്രദര്‍ശനം
തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com