'കൊശവന്‍'- മോന്‍സി ജോസഫ് എഴുതിയ കവിത

ഭാഗ്യംപുറത്ത് കുറേ നേരമായ്മഴ പെയ്യുന്നുണ്ട്ഞാന്‍ മരിച്ചിട്ടില്ലഭാഗ്യമാണ്.
'കൊശവന്‍'- മോന്‍സി ജോസഫ് എഴുതിയ കവിത

ഭാഗ്യം
പുറത്ത് കുറേ നേരമായ്
മഴ പെയ്യുന്നുണ്ട്
ഞാന്‍ മരിച്ചിട്ടില്ല
ഭാഗ്യമാണ്.
വീടിനുള്ളില്‍
ആദ്യം അറിഞ്ഞ
മഴ കണ്ടും ഓര്‍ത്തും
വീട്ടിലിരിക്കുന്നത്
എത്ര സന്തോഷകരമാണ്
ഭൂമിയിലേക്ക്
പൊട്ടിച്ചാടിയ
ദിവസം എന്തൊരു
മഴയായിരുന്നു
മഴയെന്താണെന്ന്
മനസ്സിലായതേയില്ല
ഇപ്പോഴും എല്ലാവരും
മഴ മഴ എന്ന്
പറയുന്നതല്ലാതെ
എനിക്കൊന്നും മനസ്സിലായതേയില്ല
അതിമനോഹരമായ
ഒരു പുലരിയിലേക്ക്
ഞാന്‍ എടുത്തെറിയപ്പെട്ടു
പുറത്ത് മഴ
പെയ്യുന്നുണ്ട്.
നിന്നെ കാണാം
കാണാതിരിക്കാം
പഴയ ഒരു
പുലരി ഞാന്‍ ഓര്‍ത്തു
മഴ പെയ്യുന്നുണ്ട്
കിടക്കയില്‍ നമ്മള്‍
തലങ്ങും വിലങ്ങും കിടക്കുന്നു
പൂര്‍ത്തിയാവാത്ത
ത്രികോണം
നിനക്ക് കൈകള്‍
നീട്ടാം
പുതപ്പ് ദൈവം
എടുത്തുകളയുന്നു
ദൈവമേ ഒരു സ്ത്രീ...
അഴിഞ്ഞുലഞ്ഞ
മുടിയില്‍ ഞാന്‍
കൈതൊടുന്നു.
ആ പഴം.
ഏത് പഴം
നിനക്കുവേണോ
നീ ചോദിക്കുന്നു
കിട്ടിയാല്‍ കൊള്ളാമായിരുന്നു
നീ വീണ്ടും
ചോദിക്കുന്നു
നിനക്ക് വേണോ?
കിട്ടിയാല്‍ കൊള്ളാമായിരുന്നു
എന്ത്?
എന്തെന്ത് ആളെ ഉന്തിയിട്ടെന്ത്...
ആണും പെണ്ണും
ഞാനും നീയും
ആദ്യത്തെ വാക്കുകള്‍
പോലെ
ആദ്യം കണ്ട
മഴയില്‍ ചോദിക്കുന്നു
നിനക്ക് വേണോ?
ഉടലില്‍
ഉയിരിന്റെ വാക്കുകള്‍
പൊട്ടിമുളയ്ക്കുന്നു
കിടക്കയില്‍
കൈനീട്ടാവുന്ന
ദൂരത്ത്
നീയും ഞാനും കിടക്കുന്നു
ഭൂമിയുടെ മരുപ്പറമ്പില്‍
ജീവന്‍ എവിടെ?
ഞാന്‍ കൈനീട്ടുന്നു
മുടിപ്പരപ്പിനുള്ളില്‍
തടാകത്തിനുള്ളിലേക്ക്
കൈനീട്ടി
നിന്നെ തൊടുന്നു.

പഴയ ആ പുലരിയില്‍
പുതിയ ഈ
പുലരിയില്‍
തീരാത്ത പുഞ്ചിരിയോടെ
നീ കൈ നീട്ടി
ഓ, ഞാനും കൈനീട്ടി
ആരാണ് നീ, ഞാന്‍ ചോദിച്ചു
ആരാണ് നീ, നീ ചോദിച്ചു

പൂര്‍ത്തിയായ
ത്രികോണത്തിലേക്ക്
ഞാന്‍ നടന്നുചെന്നു,
തീരുന്നില്ലല്ലോ.
ഒരു തമാശപോലും പറയാന്‍ കഴിയാത്തത് എത്ര ഭയങ്കരമാണ്
നിന്റെ കാല്‍വിരലുകളില്‍ എത്തിപ്പിടിക്കാന്‍ നോക്കി.
വാരിയെല്ല് എവിടെ
കൊശവന്‍, കാലിലാണോ വാരിയെല്ല്
നീ ഭൂമിയോളം മൃദുവായി എന്റെ കൈവിരലുകളില്‍ ചവിട്ടിക്കൊണ്ടിരുന്നു
ആദ്യത്തെ മഴയിലേതുപോലെ ഞാന്‍ പിന്നെയും പാമരനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com