'രണ്ട് കവിതകള്‍'- സ്റ്റെല്ല മാത്യു എഴുതിയ കവിത

വല പൊട്ടാതെ നെയ്യുന്നഒരെട്ടുകാലിയെ പതിവായി കാണുന്നു
'രണ്ട് കവിതകള്‍'- സ്റ്റെല്ല മാത്യു എഴുതിയ കവിത

അഥര്‍വ്വവേദ തടവുകാരന്‍

ല പൊട്ടാതെ നെയ്യുന്ന
ഒരെട്ടുകാലിയെ പതിവായി കാണുന്നു.
മറ്റൊന്നിലേക്കുമല്ല
സൂക്ഷ്മമായ രോമത്തോടെ
അതിന്റെ കാലുകള്‍
യില്‍ നിന്നൂറി കെട്ടുന്നകടല്‍
കണ്‍പീലിയെ വാതില്‍ തുറന്ന്
കൊണ്ടുപോവുന്നു
ഉണര്‍ന്ന് നേര്‍ത്ത
വെള്ളിത്തിരകളിലെന്നെ
ഊഞ്ഞാലാട്ടുന്നു.
കിഴക്കാംതൂക്കെന്നപോലെ
വലിച്ചടുപ്പിച്ച് ഉമിനീരാല്‍
തടവുന്നു.
നനച്ച് തുടച്ചെടുക്കുന്നു.
എട്ടുകാലിനാല്‍ വാരിപ്പുണരുന്ന
ലാളനയിലേക്ക്
ഒരു പ്രാണിയുടെ ചിറകൊതുക്കം.
പുളിരസത്തിലെ ഗാഢമായ
മാന്ത്രികതയില്‍
തീരത്തെ കടല്‍പ്പതയില്‍
ഞാനുലഞ്ഞ മയക്കത്തിലേക്ക്
നീന്തുമ്പോള്‍
കയ്യോ കാലോ നിവര്‍ത്താനാവാത്ത
കെട്ടിപ്പുണരലില്‍ വിറച്ച്
നീയെന്നെയിത്ര
സ്‌നേഹിക്കുന്നോയെന്ന്
നാവു തുഴഞ്ഞ്
സ്വതന്ത്രമാവുന്നു.

അതിന്റെ തെളിച്ചത്തിലെ കണ്ണില്‍
എനിക്ക് ഇര വലുപ്പം
ആളില്ലാ മൂലകളിലേയ്ക്ക് കണ്ണികള്‍
പിടച്ചിറ്റല്‍ വീണ നഗ്‌നതയില്‍ മണ്ണ്
നനഞ്ഞെഴുതിയ വസന്തകാല മുറിവ്.
എന്റെ...!
അഥര്‍വ്വവേദ തടവുകാരന്‍.

................................................................

അവളിലേക്ക് ചൂണ്ടുമ്പോള്‍

നിങ്ങള്‍ അവളെ
ചതുരത്തിലാക്കിക്കൊള്ളൂ...
തൊട്ടു മുന്‍പറിയണം
നെറ്റിക്കറുപ്പില്‍ മുളച്ച
ഇന്നലെകളുടെ നര

കണ്‍തടച്ചുളിവിലെ നീര്
വര്‍ഷകണങ്ങളിറ്റിയതോയെന്ന്
സംശയിക്കണം
എണ്ണമറ്റ നടപ്പുവഴികള്‍ തെളിച്ചത്
വിശപ്പുറ്റുന്ന
കുഞ്ഞുവയറുകളിലേക്കോ?

അവളൊരു ഒറ്റമര
പക്ഷിയാണെങ്കിലൊ
രാവ് തൊട്ടിലാവുമ്പോള്‍
തലയണയുമ്മയില്‍
മുല ചുരന്നത്
തീരാത്ത ഉന്മാദത്തിലല്ലെങ്കിലോ.

അവള്‍
അറിയാതെ ഇറങ്ങിനടന്നുപോയവളല്ല
നിങ്ങള്‍ രണ്ടാമതൊന്ന് നോക്കാന്‍
പിന്‍വലിച്ച നോട്ടത്തിന്റെ
ഒറ്റ പെണ്‍വിരലാണ്

നിലച്ച ഘടികാരത്തില്‍ അവളൊട്ടിച്ച
പറക്കുന്ന പൂമ്പാറ്റകള്‍...
നിങ്ങളിലെ തീപ്പെട്ടിക്കൂട് പൊട്ടിച്ച്
പറക്കുകതന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com