'പരോള്‍ സ്വാതന്ത്ര്യത്തോട് പറഞ്ഞത്'- ആശാലത എഴുതിയ കവിത

ഇന്ന് തീരും തിരിച്ചു പോവും എന്ന്പരോളിലിറങ്ങിയ ആള്‍ സ്വാതന്ത്ര്യത്തോട് പറഞ്ഞു
'പരോള്‍ സ്വാതന്ത്ര്യത്തോട് പറഞ്ഞത്'- ആശാലത എഴുതിയ കവിത

ന്ന് തീരും 
തിരിച്ചു പോവും എന്ന്
പരോളിലിറങ്ങിയ ആള്‍ സ്വാതന്ത്ര്യത്തോട് പറഞ്ഞു

സ്വാതന്ത്ര്യം ഒന്നും പറഞ്ഞില്ല
നീ പോയാലെന്ത് വന്നാലെന്ത്
എന്ന മട്ടില്‍ ചുമ്മാ അങ്ങനെ നിന്നു.

പരോളിലിറങ്ങിയ ആളുടെ ഹൃദയം നുറുങ്ങിപ്പോയി

ഇനി എന്നാ ഒരു വെയില് കാണുന്നത്?
നിലാവത്ത് ചുമ്മാ നടക്കുന്നത്?
മഴ നനയുന്നത്?
മിണ്ടിപ്പറഞ്ഞിരിക്കുന്നത്?
എന്നത് വേപഥു പൂണ്ടു

സ്വാതന്ത്ര്യം എന്നിട്ടുമൊന്നും പറഞ്ഞില്ല
വേഗം തിരിച്ചു വാ എന്നോ പോവണ്ട എന്നോ
കാണാന്‍ വരാം എന്നോ ഒന്നും

അതിന്റെ മുഖഭാവം പോലും മാറിയില്ല.
എന്തിന്,
യാത്ര പറയാന്‍ കൈ വീശിയതുപോലുമില്ല

നേരമായി.
മങ്ങിമുഷിഞ്ഞ ഒരു വെയില് 
പടര്‍ന്നു കിടന്നിരുന്നു.

പോകാനെനിക്കിഷ്ടമില്ല
എന്നെ മടക്കിയയക്കാതെ
നിന്റെ ഉയിരിലേക്ക് ചേര്‍ത്തുപിടിക്ക്
എന്നതിന്റെ ഉള്ളുമിടിച്ചു

സ്വാതന്ത്ര്യം അത് ശ്രദ്ധിച്ചോ ആവോ?
കല്ലുപോലെ നിന്നതേ ഉള്ളു.

പരോളിലിറങ്ങിയ ആള്‍
കറുത്ത ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍
സ്വാതന്ത്ര്യം എന്നെഴുതി.
എന്നിട്ട്
വിരലില്‍ കുത്തി ഉയര്‍ന്നു നിന്നിട്ട് 
എഴുതിയതിനെ ആഞ്ഞുമ്മവച്ചു.

പിന്നെ
അവസാനം തൊട്ട് ആദ്യം വരെ
ചുണ്ടുകൊണ്ട് മായ്ചു
ഗേറ്റ് തുറന്ന് പുറത്തിറങ്ങി

പൊടുന്നനെ
അക്ഷരം മാഞ്ഞ ബോര്‍ഡില്‍നിന്ന്
കറുത്ത മേഘങ്ങളിരമ്പിവന്നു
അവയ്ക്കിടയില്‍ മിന്നല്‍ പിണരുകള്‍പ്പിണഞ്ഞുയര്‍ന്നു

മഴ 
ഇരമ്പിവന്ന്
വീടും ഗേറ്റും മതിലും റോഡും 
എല്ലാ അതിരും
മായ്ചു കളഞ്ഞു.

പരോളിലിറങ്ങിയ ആളെ കാണാനേ ഇല്ലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com