'തീക്കള്ളന്റെ ആത്മകഥ'- ഇറാഖ് കവി അബ്ദുല്‍ വഹാബ് അല്‍ ബയ്യാത്തി എഴുതിയ കവിത

കഷണ്ടിയുള്ള ഭാഷ അലങ്കാരശാസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നുഅതിന്റെ തലയില്‍ പൊയ്മുടിയുണ്ട്
പലസ്തീൻ ആർട്ടിസ്റ്റ് ഹെയ്താം ഖതീബിന്റെ ലോ​ഹ ശിൽപ്പങ്ങൾ
പലസ്തീൻ ആർട്ടിസ്റ്റ് ഹെയ്താം ഖതീബിന്റെ ലോ​ഹ ശിൽപ്പങ്ങൾ

പരിഭാഷ : ഡോ. എം.എ. അസ്‌കര്‍

(അബ്ദുല്‍ വഹാബ് അല്‍ ബയ്യാതി 

ഇറാഖ് കവി. ബാഗ്ദാദില്‍ ജനനം. പ്രവാസി. ബാഗ്ദാദ്, പാരീസ്, റഷ്യ, ലണ്ടന്‍, മാഡ്രിഡ് എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചു. ഒരിടത്തും സ്ഥിരമായി താമസിച്ചില്ല. സദ്ദാം ഹുസൈന്റെ കാലത്ത് മാഡ്രിഡിലെ സാംസ്‌കാരിക ഉപസ്ഥാനപതിയായി. എന്നാല്‍, സൗദി അറേബ്യയിലെ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബയ്യാതിയുടെ ഇറാഖ് പൗരത്വം തന്നെ സദ്ദാം റദ്ദാക്കി. പിന്നീട് പലയിടങ്ങളില്‍ താമസിച്ച് 1999 ആഗസ്റ്റ് 3-ന് ദമാസ്‌കസില്‍ അന്ത്യം. മയക്കോവ്‌സ്‌കി, ലോര്‍ക്ക തുടങ്ങിയവരുടെ സ്വാധീനം ബയ്യാതിയുടെ കവിതകളില്‍ കാണാം.)      


ഷണ്ടിയുള്ള ഭാഷ 
അലങ്കാരശാസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു
അതിന്റെ തലയില്‍ പൊയ്മുടിയുണ്ട്. 
പ്രജാപതികളുടെ ഇറയങ്ങളില്‍ അത് യമകാലലങ്കാരങ്ങളേയും
വിരോധാഭാസങ്ങളേയും എടുത്തണിയുന്നു
ബഹിരാകാശയുഗത്തില്‍ കലാപങ്ങളേയും. 

വരിയുടയ്ക്കപ്പെട്ട പിശുക്കരായ കവികള്‍ കിഴക്കിലെ കൊടുങ്കാറ്റുകാലത്ത് 
ആമാശയങ്ങളിലായിരുന്നു,
അവര്‍ തടവറകളില്‍ ഇഴയുന്നു
അവരുടെ മുടികളില്‍ പേനുകളും പായലുകളും വളരുന്നു, 
ദന്തഗോപുരങ്ങളില്‍ പാര്‍ക്കുന്ന കാല്‍പ്പനികര്‍ 
ഒളിംപസ് പര്‍വ്വതത്തിലിരുന്ന് വൃദ്ധയാവുന്ന കാവ്യദേവതയുടെ വിളര്‍ച്ചയെ 
ചൂര്‍ണ്ണങ്ങളും തൈലങ്ങളുംകൊണ്ട് മൂടിവെക്കുന്നു.
അവര്‍ ശരത്കാലത്തെ ചപ്പിലക്കൂട്ടങ്ങളെ 
കവിതാപ്പള്ളിക്കൂടങ്ങളുടെ കല്ലറകളില്‍നിന്ന് വാരിയെടുക്കുന്നു.
വരിയുടയ്ക്കപ്പെട്ട കവികള്‍ തടവറകളിലിരുന്ന് 
രാജഭൃത്യന്‍മാരെ വാഴ്ത്തുന്നു
തീക്കള്ളന്‍ ഋതുക്കളോടൊപ്പം കാലത്തിന്റെ ഒസ്യത്തുമേന്തി വരികയായിരുന്നു
നശ്വരനായ മനുഷ്യക്കുതിരയുടെ പന്തയത്തില്‍, 
പന്തയം നടക്കുന്ന തീപാറും ഭൂമിയില്‍ അവന്‍ മന്ത്രിക്കുന്നു: 
സൂര്യന്റെ കാലുകളാല്‍, പെണ്ണിന്റെ വല്ലകിയാല്‍ 
അവര്‍ ചങ്ങലയില്‍നിന്നു മോചിതരായി, 
ചരിത്രത്തിലെ തിരമാലകളും പക്ഷികുലത്തിന്റെ ദുഃഖങ്ങളും അവന്‍ കാണുന്നു,
അവന്‍ കടലിന്റെ ഒസ്യത്ത്  കുട്ടിക്കാലത്തേക്ക്-മസ്ജിദുകളിലേക്ക് 
ചന്തകളിലേക്ക് കൊണ്ടുപോകുന്നു.

ഈജിപ്ത്യന്‍ സ്മാരകസ്തംഭങ്ങളെപ്പോലുള്ള 
നീളന്‍കുപ്പായത്തിനകത്തിരുന്ന് അവന്‍ ചോദിച്ചു: 
പുലരിയുടെ ജാലകങ്ങളിലൂടെ നീയെന്റെ ഹൃദയത്തില്‍ കടന്നുവോ?
ഉറങ്ങാന്‍, വേര്‍പിരിയാന്‍, പ്രണയനഗരത്തിന്റെ മതിലുകളെവിടെയെന്നന്വേഷിക്കുവാന്‍, നിനക്കാരാണ് അവകാശം തന്നത്?
പാരീസിലെ വിമാനത്താവളത്തില്‍ വച്ച് അവന്റെ വിളറിയ മുഖം ഞാന്‍ കണ്ടു
അവസാനവട്ടം അവനെന്നെ യാത്രയാക്കിയപ്പോള്‍ ഞാന്‍ കരഞ്ഞു. 
വരിയുടയ്ക്കപ്പെട്ട കവികള്‍ രാജഭൃത്യരെ, 
തടവറയിലായ പ്രജാപതികളെ വാഴ്ത്തുകയായിരുന്നു.

തീക്കള്ളന്‍ ബാറിലിരുന്ന് 
മഞ്ഞുതോട്ടങ്ങളില്‍ അലഞ്ഞുതളര്‍ന്ന കുരുവിക്കായ് പാടുന്നു,
ഞാനും ക്ഷീണിതനായിരുന്നു, 
ആകാശഗോവണികളിലൂടെ മഴയോടും മഞ്ഞിനുമൊപ്പം 
താഴേക്കിറങ്ങിവരുന്ന നിദ്രയോട് മല്ലിടുകയായിരുന്നു ഞാന്‍.
അവന്‍ പറഞ്ഞു: രാത്രിയില്‍ നാം വീഞ്ഞു നുകര്‍ന്ന് 
രാജ്യഭ്രഷ്ടയായ ഈ കാവ്യറാണിക്കായ് പാനോപചാരം ചെയ്യും. 
മഴകള്‍ മേല്‍ക്കൂരകളേയും മരങ്ങളേയും മുറിവുകളേയും കഴുകുകയായിരുന്നു.
ബാറിന്റെ ഒരോരത്ത് റഷ്യന്‍ വാദ്യമേളക്കാരന്റെ സംഗീതം, 
അതിന്റെ നാദധാരയില്‍ കുട്ടിക്കാലങ്ങളിലെ വെളുത്ത ദേശങ്ങള്‍ ഞാന്‍ കണ്ടു;
യുറാല്‍* പര്‍വ്വതങ്ങളിലെ ഹിമമുറഞ്ഞുപോയ നദികളും കാടുകളും കണ്ടു.
സൂര്യന്റെ കാലുകളാല്‍ പെണ്ണിന്റെ വല്ലകിയാല്‍ 
ഞങ്ങളൊന്നാകെ ആണയിട്ടു
സുന്ദരിയായ റാണി ഉള്ളില്‍ ചിരിച്ചു.

പ്രണയത്തിന്റെ നഗരത്തില്‍ ദൈവത്തെ അന്വേഷിക്കാന്‍ 
നിനക്കാരാണ് അവകാശം തന്നത്?
പ്രണയത്തിന്റെ നഗരത്തില്‍ 
കരയുന്ന ജലധാരയെ അന്വേഷിക്കാന്‍ 
നിനക്കാരാണ് അവകാശം തന്നത്?
മധുചഷകത്തിന്റെ ആഴങ്ങളില്‍ അവന്റെ വിളറിയ മുഖം ഞാന്‍ കണ്ടു
നൃത്തച്ചുവടുകളുടെ ചുഴികളിലെ അവളുടെ ചുവന്ന മുടിയിഴകളിലൂടെ,  
രാത്രിയിലൂടെ,
ഹിമമുറഞ്ഞുപോയവയിലൂടെ,  
മഞ്ഞിലൂടെ,
അവന്റെ കൈകള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു.
                    

പലവട്ടം നാട്ടില്‍നിന്ന് മറുനാടുകളിലേക്ക് 
കാവ്യാഗ്‌നി കട്ടവന്റെ മുഖം തേടി ഞാനലഞ്ഞു
ദൈവങ്ങളുടെ - മനുഷ്യരുടെ ആരാധനാലയങ്ങളില്‍
ചുവന്ന മുടിയുള്ള പ്രവാസകാലത്തിന്റെ റാണിയെ അന്വേഷിച്ച്
കുട്ടിക്കാലനഗരങ്ങളിലൂടെ, ആരാധനാലയങ്ങളിലൂടെ, ചന്തകളിലൂടെ 
ഞങ്ങള്‍ ദാഹാര്‍ത്തരായ് പായുന്നു, 
ആയുസ്സിനെ പാനം ചെയ്യുന്നു.

വരിയുടഞ്ഞുപോയ കവികള്‍ തടവറയിലിരുന്ന്
രാജഭൃത്യരെ വാഴ്ത്തുകയായിരുന്നു
അവരുടെ മുടികളില്‍ പേനും പായലും വളരുന്നു. 
അവളുടെ മുടികള്‍ക്കപ്പുറത്ത്
കിഴക്കിന്റെ പുല്‍ക്കാടുകളില്‍ 
കുതിരകളെ മേയ്ക്കുകയായിരുന്നു ഞങ്ങള്‍.
അല്ലയോ പ്രവാസത്തിന്റെ റാണീ, നിനക്കാരു തന്നു ഈ പച്ചനിലാവിനെ?
വിഷാദത്തിന്റെ ജാലകങ്ങളിലൂടെ നീയെന്റെ ഹൃദയത്തില്‍ കടന്നുവോ?
ബാറിന്റെ ഒരോരത്ത്  ഒറ്റയ്ക്ക് പീഠത്തിലിരുന്നുറങ്ങുന്ന
തീക്കള്ളനെ ഞാന്‍ കണ്ടു.

അവള്‍ പോയി; അവന്‍ ചോദിച്ചു: 
മരണദിനത്തിന്റെ ആഘോഷങ്ങളില്‍നിന്ന് പുഴകളെ ആരു രക്ഷിക്കും?
കാവ്യകോപത്താല്‍ ആര് പുഴയിലേക്കെടുത്തെറിയപ്പെടും?
പുതുകാലത്തിന്റെ അസ്ഥികള്‍ ഭൂമിക്കുള്ളതാണ്, 
ഇപ്പോള്‍ നാം അവളെ കേള്‍ക്കുന്നു,
ഗ്രീക്ക് ഇതിഹാസങ്ങളില്‍ തീക്കുതിരകള്‍ വളരുന്നു.
അവന്‍ ചോദിക്കുന്നു,
പാരീസിന്റെ വസന്തം പലായനം ചെയ്യുമോ?
 മധുചഷകത്തിന്റെ ആഴങ്ങളില്‍ അവന്റെ വിളറിയ മുഖം ഞാന്‍ കണ്ടു,
പെണ്ണിന്റെ ആഴങ്ങളിലും.

അവന്‍ ഉയിരറ്റവനായിരുന്നു
രാഗങ്ങളിലേക്ക് കല്ലറയില്‍നിന്നവന്‍ തിരിച്ചു വന്നു;
കിഴക്കിന്റെ പുല്‍ക്കാടുകളിലൂടെ കുതിരപ്പുറത്തേറി 
പുലര്‍ച്ചെ ഞങ്ങള്‍ ഒരുമിച്ച് യാത്രയാവും.
മേഘഗര്‍ജ്ജനങ്ങളെ, നിങ്ങളെന്നെ വിളിച്ചുവോ?
ബുഖാറ** അടുക്കാറായി, 
കുലങ്ങള്‍ അസ്തമിക്കുന്ന താരങ്ങളെ ചുമലേറ്റട്ടെ;
പുലരിയില്‍ അവയുമായി കൊടുമുടികളിലെ നീര്‍ക്കാക്കകളുമായി സംഗമിക്കാന്‍.
മഴകള്‍ മരങ്ങളേയും മുറിവുകളേയും രേഖകളേയും കഴുകുകയായിരുന്നു
ബാറിന്റെ ഒരോരത്ത് റഷ്യന്‍ വാദ്യമേളക്കാരന്റെ സംഗീതം
അതിന്റെ നാദധാരയില്‍ കുട്ടിക്കാലങ്ങളിലെ വെളുത്ത ദേശങ്ങള്‍ ഞാന്‍ കണ്ടു,
യുറാല്‍ പര്‍വ്വതങ്ങളിലെ ഹിമമുറഞ്ഞുപോയ നദികളും കാടുകളും കണ്ടു
സൂര്യന്റെ കാലുകളാല്‍ പെണ്ണിന്റെ വല്ലകിയാല്‍
ഞങ്ങളൊന്നാകെ ആണയിട്ടു...

ഉയിരറ്റശേഷം  പ്രാണന് ദിവ്യാത്ഭുതം സംഭവിച്ചുവോ?
മേഘഗര്‍ജ്ജനങ്ങളേ നിങ്ങളെന്നെ വിളിച്ചുവോ?
കവിതയുടെ കൊടുങ്കാറ്റുകള്‍ ആഴത്തില്‍ വേരുള്ള 
ഈ താരകത്തേയും ഭീകരമായി പിഴുതെറിയുന്നത് ഞാന്‍ കാണുന്നു.
കവി അവന്റെ അട്ടഹാസത്തില്‍ സ്വപ്നവയലുകളില്‍ കൃഷിയിറക്കുന്നു
നീ എന്നോട് വിളിച്ചുപറഞ്ഞുവോ?
എന്റെ കളപ്പുരകളില്‍നിന്ന് യുക്തിയെ ഞാന്‍ കുടിയിറക്കും 
പ്രണയപ്പകലിന്റെ ഉത്സവകാലത്ത് 
തീയിലൂടെയും വചനങ്ങളിലൂടെയും ഒരു യാത്രികന്‍, 
രണ്ടു ഇരകളേയും തീര്‍ത്തുകൊണ്ട്: കവിത-പെണ്ണ്,
പ്രണയനഗരത്തില്‍ ഒരു ജാലവിദ്യക്കാരനെന്നപോല്‍
ഉയിരറ്റശേഷം അവന്റെ മുഖം ഒരു പുഞ്ചിരിയാല്‍
തണുക്കുന്നത് ഞാന്‍ കണ്ടു.
ആകാശത്തുനിന്നുള്ള ജലപാതംപോല്‍
പ്രവാസകാലറാണിയുടെ ചുവന്ന മുടികള്‍...
............

*റഷ്യയിലെ പര്‍വ്വതനിരകള്‍
**ഉസ്ബെകിസ്ഥാനിലെ പുരാതന നഗരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com