'വിചാരിക്കുമ്പോലെയല്ല'- നന്ദനന്‍ മുള്ളമ്പത്ത് എഴുതിയ കവിത

മനോജന്‍ പറഞ്ഞുഒരു സമാധാനവുമില്ലമരിക്കാന്‍ തോന്നുന്നു
'വിചാരിക്കുമ്പോലെയല്ല'- നന്ദനന്‍ മുള്ളമ്പത്ത് എഴുതിയ കവിത

നോജന്‍ പറഞ്ഞു
ഒരു സമാധാനവുമില്ല
മരിക്കാന്‍ തോന്നുന്നു.

കുറേ നേരമാലോചിച്ച്
രവീന്ദ്രന്‍ പറഞ്ഞു
എന്റെ പൊരയിലേക്ക്
പോകാം...

ഒന്നും മിണ്ടാതെ
മനോജന്‍
രവീന്ദ്രന്റെ കൂടെ നടന്നു

കുറേ പോയപ്പോള്‍
മനോജനേയുമവിടെ നിര്‍ത്തി
മുന്നിലെ കാട്ടുചെടികള്‍ 1പൊടിച്ച
ഇടുങ്ങിയ 2എടയിലേക്ക്
രവീന്ദ്രന്‍ സ്വകാര്യം കയറിപ്പോയ്

അലമ്പുപിടിച്ച
ആലോചനകളുമായ്
മനോജന്‍ കാത്തുനിന്നു
അധികം കഴിയുംമുന്‍പേ
പറ്റിപ്പിടിച്ച
കാട്ടു3ചപ്പുകളും
അരയില്‍
അരക്കുപ്പി ബ്രാണ്ടിയുമായ്
രവീന്ദ്രന്‍ മടങ്ങിവന്നു

ആരോടെങ്കിലും
കടം വാങ്ങിച്ചതായിരിക്കും
രവീന്ദ്രനെ ആലോചിച്ച്
മനോജന് സങ്കടം വന്നു

രവീന്ദ്രന്റെ പൊരയിലെ
ഒഴിഞ്ഞ മൂലയില്‍
അടുത്തടുത്തിരുന്ന്
മദ്യപിക്കുമ്പോഴും
അങ്ങോട്ടുമിങ്ങോട്ടും
അവര്‍ ഒന്നും മിണ്ടിയിരുന്നില്ല

ഒന്നും നമ്മള്‍ വിചാരിക്കുംപോലെയല്ല
ജീവിതമെന്തിനോ
നമ്മളെ വേറൊരാളാക്കി മാറ്റുന്നു

മദ്യം രവീന്ദ്രനെ
വെറളി പിടിപ്പിക്കുന്ന
ആലോചനകളിലേക്ക് കൊണ്ടുപോയി
അച്ഛനെ
അവന്‍ കത്തികൊണ്ട് കുത്താന്‍ നോക്കി
അമ്മ അലറിക്കരഞ്ഞു
ഓടിവന്ന പെങ്ങള്‍
വാതില്‍പ്പടിയില്‍ തട്ടി
നിലത്തുവീണു
അവളുടെ ചെറിയ കുട്ടികള്‍
പേടിച്ചു നിലവിളിച്ചു

എന്തുചെയ്യണമെന്നറിയാതെ
മനോജന്‍ കുഴങ്ങി

കുറേക്കഴിഞ്ഞ്
ക്ഷീണിതനായ രവീന്ദ്രന്‍
അകത്തുപോയ് കിടന്നു
വേഗത്തില്‍ ഉറങ്ങിപ്പോയ്

എങ്ങനെയെല്ലാമോ
അവരെ സമാധാനിപ്പിച്ച്
നേരമേറെ വൈകി
4ഇരുടാപ്പിടിച്ച എടയിലൂടെ
മനോജന്‍ പൊരയിലേക്കു മടങ്ങി
മുഴുവന്‍ സമാധാനവും
മുടിഞ്ഞുപോയ മനസ്സോടെ

ഒന്നും നമ്മള്‍ വിചാരിക്കുംപോലെയല്ല
ജീവിതം വേറെന്തൊക്കെയോ
കരുതിവെച്ചിട്ടുണ്ട്

പിറ്റേന്ന്
ഉറക്കമുണര്‍ന്നപ്പോള്‍
മനസ്സിന്റെ മൂടിക്കെട്ടലുകളെല്ലാം
മാഞ്ഞുപോയിരുന്നു.

തെളിഞ്ഞ
പകല്‍

മിറ്റത്ത് കൂട്ടത്തോടെ ചിലച്ചുകൊണ്ട്
ചെറിയ പക്ഷികള്‍
എന്തോ കൊത്തിത്തിന്നുന്നു.

മനോജന്‍
രവീന്ദ്രനെ ഓര്‍മ്മിച്ചു
അവന്റെ പൊരയിലേക്കു നടന്നു.

അങ്ങനെയൊരു സംഭവമൊന്നും
തലേന്ന് അവിടെ നടന്നിട്ടേയില്ലെന്നമട്ടില്‍
കുളിച്ചു കുട്ടപ്പനായി
രവീന്ദ്രന്‍ കോലായിലിരിക്കുന്നു
അമ്മയും പെങ്ങളും
സ്‌നേഹത്തോടെ അവന്
രാവിലത്തെ ചായയും
കൂട്ടലും കൊടുക്കുന്നു.

അടുത്തൊരു കസേരയില്‍
അച്ഛനിരിക്കുന്നുണ്ട്
കുട്ടികള്‍ അച്ചാച്ചന്റെ മടിയില്‍
ചെറിയ ശബ്ദത്തില്‍ കളിക്കുന്നു.

മിറ്റത്തിനപ്പുറം
മുരിങ്ങാമരങ്ങളുടെ
പച്ചനിറഞ്ഞ പറമ്പില്‍
പകല്‍ പിന്നെയും തെളിയുകയാണ്

മനോജന്‍
രവീന്ദ്രനെ നോക്കി
രവീന്ദ്രന്‍ മനോജനോട് ചിരിച്ചു
മനോജനും
ചിരിച്ചു


1. പൊടിച്ച - വളര്‍ന്ന
2. എട - വഴി
3. ചപ്പ് - ഇല
4. ഇരുടാപ്പിടിച്ച - ഇരുണ്ട

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com