'നിലാവോട് ചേരുന്ന ചിലത്'- സന്ധ്യ ഇ എഴുതിയ കവിത

അപ്രതീക്ഷിതമായി ഭാര്യ മരിച്ച ഒരാള്‍കരയുകയില്ലതുറന്നിട്ട പടിവാതിലിലൂടെ സന്ദര്‍ശകര്‍വന്നും പോയുമിരിക്കും
'നിലാവോട് ചേരുന്ന ചിലത്'- സന്ധ്യ ഇ എഴുതിയ കവിത

 
പ്രതീക്ഷിതമായി ഭാര്യ മരിച്ച ഒരാള്‍
കരയുകയില്ല
തുറന്നിട്ട പടിവാതിലിലൂടെ സന്ദര്‍ശകര്‍
വന്നും പോയുമിരിക്കും
വന്നവരോട് മറ്റാരെയോ കുറിച്ചെന്നപോലെ
നിര്‍വികാരനായി അവളുടെ അവസാന നിമിഷങ്ങളയാള്‍ വിവരിക്കും
കഴിയുന്നത്ര ഭംഗിയായി, ഓരോ നിസ്സാര സംഭവങ്ങളും
ഓര്‍ത്തോര്‍ത്ത്
എന്നാല്‍ നൂറുശതമാനവും യഥാതഥമായി പറഞ്ഞ്
ആളുകളെ അമ്പരിപ്പിക്കും
അവളെക്കുറിച്ചുള്ള ഓര്‍മ്മയില്‍ 
അയാളുടെ ചുണ്ടില്‍ ഒരു മന്ദസ്മിതം വിരിയും
അകത്തേയ്ക്കുനോക്കി സാധാരണപോലെ
രണ്ടു ചായയെന്നോ കുറച്ചു വെള്ളമെന്നോ ആവശ്യപ്പെടും
മക്കളേയും അടുത്ത ബന്ധുക്കളേയും പരിചയപ്പെടുത്തും
ഓഫീസില്‍ തിരിച്ചു ജോലിക്കെത്തേണ്ടുന്ന ദിവസമായല്ലോ
എന്നു തിരക്കാവും
വന്നവരെക്കൊണ്ട് 'കഷ്ടമായി'
എന്നു നെടുവീര്‍പ്പിടീക്കാതെ അയാള്‍ ശ്രദ്ധിക്കും
വെളിച്ചം മങ്ങും, സന്ധ്യവരും
രാത്രിയാവും, വീടുറങ്ങും.

അയാള്‍ മാത്രമുറങ്ങില്ല
ഒരു പാതി ശൂന്യമായ കട്ടിലില്‍
വെറുതെ കിടക്കും
അവളുണ്ടായിരുന്നതിനേക്കാള്‍
അവളില്ലാതായപ്പോഴാണല്ലോ
അകവും പുറവുമൊക്കെ
അവളാല്‍ നിറഞ്ഞതെന്നറിഞ്ഞുകൊണ്ട്
തുറന്നിട്ട ജനാലയിലൂടെ അന്നുവരെ കാണാത്ത
നിലാവപ്പോള്‍ അയാള്‍ കാണും.
ഒന്നിച്ചിതുവരെ അതു കണ്ടില്ലല്ലോ
എന്നൊരു സങ്കടമപ്പോള്‍
മനസ്സിലേയ്ക്ക് ഒഴുകിയെത്തും
അപ്പോള്‍, അപ്പോള്‍ മാത്രം
അയാളുടെ കണ്ണിലൂടെ
ഹൃദയം ഉരുകിയൊലിച്ചു പുറത്തേക്കൊഴുകി
നിലാവോടു കലരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com