'മാമ്പഴച്ചാറിന്റെ ബാക്കി'- മീരാബെന്‍ എഴുതിയ കവിത

നിശ്ശബ്ദതയെന്ന വാക്കിനേയും കൊത്തിപ്പറക്കുന്നുണ്ടൊരു ദേശാടനപ്പക്ഷി
'മാമ്പഴച്ചാറിന്റെ ബാക്കി'- മീരാബെന്‍ എഴുതിയ കവിത

കൃത്യം ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് 
മരിച്ചുപോയൊരുവള്‍ വണ്ടിയിലിരിക്കുകയാണ്

നിശ്ശബ്ദതയെന്ന വാക്കിനേയും കൊത്തിപ്പറക്കുന്നുണ്ടൊരു ദേശാടനപ്പക്ഷി

അന്ന്
വൃന്ദാവനത്തില്‍ നൃത്തമാടിക്കൊണ്ടിരിക്കേ അണലിയുടെ കടിയേറ്റ് 
തീര്‍ന്നുപോയെന്നാണ് കരുതിയത്

അറവുശാലയിലേയ്ക്ക് ആട്ടിയോടിക്കപ്പെട്ട കവിതയാണെനിക്കു നീ ശ്വാസമേ

നിശ്ചലമായ അഴിമുഖത്തുനിന്ന് പടയ്‌ക്കൊരുങ്ങിയ 
എന്റെ സൈന്യം

എന്റെ ചമയപ്പെട്ടിയിലെ സ്വപ്നങ്ങളുടെ കലമ്പല്‍

നിറയെ 
കായ്ചുനില്‍ക്കുന്ന 
ഞാവല്‍ കുടഞ്ഞിട്ട 
വയലറ്റ് നിറമുള്ള വര്‍ഷകാല ഋതുവിന്റെ 
ഉന്മാദം

കാലവര്‍ഷമേ 
നീയാണ് 
സ്ത്രീയെ സൃഷ്ടിച്ചത്

ഞാന്‍ ജാലകങ്ങളടച്ചു പുതിയ 
കിടക്കവിരിയിട്ടു
വിരല്‍ത്തുമ്പിലൂടൊരു കവിതയെ 
ഗര്‍ഭംധരിച്ചു

അപ്പോഴും
വണ്ടി ഓടിക്കൊണ്ടേയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com