'അനുരാഗ രാവണം'- ലതീഷ് മോഹന്‍ എഴുതിയ കവിത

ശരീരം വന്നുകയറുമ്പോള്‍ ഇലമുഴങ്ങുന്ന കന്യാവനംചിതറും കാട്ടരുവി നിന്നെ തിരയുവാന്‍പമ്പരമായി എന്നെ കൊളുത്തിവെച്ചപാതിയിരുള്‍ദേവതയുടെപശ്ചാത്തല സംഗീതം
'അനുരാഗ രാവണം'- ലതീഷ് മോഹന്‍ എഴുതിയ കവിത

(കടല്‍ത്തീരത്ത് നില്‍ക്കുന്ന കൂറ്റന്‍ ദശാനന രൂപം ഒരേസമയം സംസാരിക്കുന്നു; ആളെയറിയാതെ കേട്ടാല്‍ മഴമേഘത്തില്‍ പറവക്കൂട്ടത്തിന്റെ വായ്ത്താരി എന്നു തോന്നാം)

- ഒന്നാം തല

രീരം വന്നുകയറുമ്പോള്‍ 
ഇലമുഴങ്ങുന്ന കന്യാവനം
ചിതറും കാട്ടരുവി 
നിന്നെ തിരയുവാന്‍
പമ്പരമായി എന്നെ 
കൊളുത്തിവെച്ച
പാതിയിരുള്‍ദേവതയുടെ
പശ്ചാത്തല സംഗീതം

- രണ്ടാം തല

മൂളും വണ്ടുകള്‍ പായിക്കും 
പൂവിമാനം
നിനക്കു ചുറ്റും
എന്തു വാസന, വസതി നീ
മഴവില്ലില്‍
വിമാനം കൈവിട്ട മാറ്റൊലി
നിര്‍ത്തലില്ലാതെ
നിന്നിലേക്കു വീഴുന്നു

- മൂന്നാം തല

തല്‍ക്കാല ഭക്ഷണം 
എന്നെ മറന്നു
കരിവീട്ടി തുഞ്ചത്തെ
തേന്‍കൂട് 
പിടിമുറുകാത്ത പനയിലെ
കള്ളിന്‍ തുടം
നിന്റെ രുചി 
പാല്‍പ്പായലായി പടര്‍ന്നു
കുത്തഴിഞ്ഞ 
കെട്ടുവള്ളം ഞാന്‍
കൈവിട്ടു കിടന്നു

- നാലാം തല

ഒഴുകിയൊന്നാകും
കടവാവല്‍ക്കൂട്ടം
പകല്‍-ലയം-രാത്രി 
മുഹൂര്‍ത്തം മൂവന്തി
പളുങ്കുചോലകള്‍
പരസ്പരം ചാര്‍ത്തിയ മാലകള്‍
പിണഞ്ഞ കലമാന്‍ കൊമ്പുകള്‍
പച്ചപ്പുല്‍പ്പടര്‍പ്പില്‍പ്പടര്‍ന്ന നാളം
പാതിപാതിയായി മിന്നും
പുലര്‍കാലസന്ധ്യ

- അഞ്ചാം തല

ആശാഗതി ഉലയും
രാഗമായെങ്കിലും
അണയില്ലണലിയായി
പതിഞ്ഞുകിടക്കും
ദൂരെയാരോ പാടിയ
പാട്ടുകള്‍ കേട്ടുവിരിയും
ഏകാന്തതയാല്‍
അസൂയാലുവാം കാലം
അഴിയൂ എന്ന്
മുളങ്കുയിലായി മൂളും

- ആറാം തല

നിന്നെ തിരഞ്ഞുപോയ പാട്ടുകള്‍
ആള്‍ത്താമസമില്ലാത്ത ചെവികളില്‍
തട്ടി തിരിച്ചെത്തിയീ
ഏറുമാടത്തിന്‍ ചോട്ടില്‍

പറക്കല്‍ മറന്നു
ചിറകുകള്‍ തൊഴുത്തിലെ കുതിരയായി
അറിവായുറഞ്ഞ വിഷാദം 
അത് ചിനയ്ക്കുന്നു

- ഏഴാം തല

ഉള്ളുപൊള്ളയായ
മരങ്ങള്‍ നിരവധി
താരകള്‍ നിരവധി; സംഗീതം
എന്നിലുറയുന്നു
നിന്നെ മറന്നു ഞാന്‍
മറന്നല്ലോ നീ എന്നെയാദ്യം

- എട്ടാം തല

നിലാവറിയാത്ത വഴികളില്‍
നീലമോഹങ്ങള്‍

ഞാനായിരുന്നതും
നീയായിരുന്നതും
നീ മാത്രം നിന്നില്‍ മാത്രം
എന്നു പാടി തിമിര്‍ത്തകമേ
പലരായി പലരിലിരുന്നതും

നിറഞരമ്പിന്റെ
അറിയാക്കൈവഴി

- ഒന്‍പതാം തല

ആയിരം കാമുകര്‍,
കാമം പടര്‍ന്ന കടല്‍
എന്റെ മായാനഗരം
കാറ്റില്‍ തങ്ങിനില്‍ക്കും
കടല്‍ക്കാക്കയുടെ നൃത്തം
പൊട്ടിയ വീണയുടെ നിഴല്‍
നിന്റെ കണ്ണുകള്‍

മിന്നല്‍ ചെരുവില്‍ 
തെന്നിയിറങ്ങും 
മഴയില്‍ 
മറയും മയിലെന്നു പറയും
നിന്നെക്കുറിച്ചിളകിയ
പച്ചമണ്ണിന്റെ ചോദന

- പത്താം തല

പാതിരാത്രിയില്‍
ഏറെ നീളമുള്ള കണ്ണാടി 
നോക്കിനില്‍ക്കുമ്പോള്‍
പകുതി മുറിഞ്ഞ സംഗീതം
ഇളകും സ്ഫടികനീലയില്‍
പെരുമ്പറയില്‍ പെരുകും
ഉന്മാദിയെന്നപോലെ
കൈവിട്ടിളകും കടല്‍
തിരമീതേ ഒറ്റയ്ക്കു തെന്നും
വള്ളങ്ങളില്‍ നാം കടന്നുപോകുന്നു
പാതിവരി പറയുവാനായാതെ
ഒന്നും മറന്നില്ല
എന്നു കുസൃതിയാല്‍ നിറയും
കണ്ണുകള്‍ തുളുമ്പാതെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com