'സൈറണ്‍'- ഡോണ മയൂര എഴുതിയ കവിത

ചിരി.അട്ടഹാസം.ഓരിയിടല്‍.മുക്ര.മുരള്‍ച്ച.അമറല്‍.
'സൈറണ്‍'- ഡോണ മയൂര എഴുതിയ കവിത
Published on
Updated on

1.
ചിരി.
അട്ടഹാസം.
ഓരിയിടല്‍.

മുക്ര.
മുരള്‍ച്ച.
അമറല്‍.

അലര്‍ച്ച.
രാത്രി.

രാത്രിയെന്ന മൃഗത്തെ
പകലിന്റെ
ഹെഡ്ലൈറ്റിലേക്ക്
ഓടിച്ചു കയറ്റാന്‍
മറ്റാരുണ്ട്.

ഉറക്കമൊഴിച്ചിരുന്ന്
നമ്മള്‍ തന്നെ
ചെയ്യേണ്ടതുണ്ട്!

കുതറല്‍.
അമറല്‍.
കുതറല്‍.

മുക്ത.
പകല്‍.

2.
മു... മു... മു...
റി... റി... റി...
മുറി...
മുറി...
വ്...

മുറിവുകളുടെ
ആഴവും വ്യാപ്തിയും
വാതോരാതെ
പെയ്യുന്ന വാക്കുകളില്‍നിന്നും
നാല് വശങ്ങളിലേക്കും
തെറിച്ച് ചിതറിപ്പോവാനുള്ള
അപേക്ഷകളെ വിട്ട്
പേടിച്ചോടുന്നതല്ല

മൂന്ന് വശങ്ങളില്‍നിന്നും
കൂടിച്ചേര്‍ന്നു
നാലാമത്തെ വശത്തേക്ക്
വഴുതിപ്പോകുന്ന
ജീവിതത്തെ
ആവേശത്തോടെ
പിന്തുടരുകയാണ്.

മുറിവാര്‍ക്കുന്ന
ഓരോ തുള്ളിയും
ആംബുലന്‍സിന്റെ
നെറ്റിയിലെ പൊട്ടുപോലെ
360 ഡിഗ്രിയില്‍
മുന്നറിയിപ്പിന്റെ കാഹളം മുഴക്കി
മടുത്തുണങ്ങി ചേര്‍ന്നതിന്റെ
തടിപ്പില്‍
മൂങ്ങക്കണ്ണുകള്‍ ടാറ്റുകള്‍
കണ്ണിറുക്കി കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com