ഇരുട്ടുമാറിയിട്ടില്ല
തപ്പിത്തടഞ്ഞുവന്ന്
പാതകത്തില്‍ കൈ ഊന്നി
ചാരം വകഞ്ഞ് ഊതി.
തെളിഞ്ഞുതെളിഞ്ഞു വന്നു
ഓലക്കാല്‍ ചൂട്ടുവച്ചു
റബ്ബര്‍ ചുള്ളിവച്ചു
സൂര്യന്‍ കത്തിപ്പിടിച്ചു.
കുട്ട പൊക്കി കോഴിയെ ഇറക്കിവിട്ടു.
കൂട്ടില്‍ പശുവിന് പുല്ലിട്ടു.
കട്ടനില്‍ കള്ളനോട്ടമിട്ട്
പിണക്കങ്ങള്‍ അലിയിച്ചെടുത്തു.
എണ്ണയില്ല, കടുകില്ല, മല്ലിയില്ല
ഇല്ലായ്മയെ കൂട്ടിപ്പിടിച്ച് കൊത്തിയരിഞ്ഞ്
ഉപ്പിട്ടുഞെരടി അടുപ്പത്തുവച്ചു.
കഞ്ഞിക്കലത്തില്‍ തിളയ്ക്കുന്നുണ്ട്
ഇസാഫ്, കൈവായ്പ, പണയ നോട്ടീസ്
കരിയും പുകയും കണ്ണീരും കലര്‍ന്ന് കട്ടിയായ
കൈയ്ക്കലത്തുണി കൂട്ടിപ്പിടിച്ച്
വെന്തമോഹങ്ങളെ തടയിലിട്ടു.
പേറ്റിത്തെള്ളി
പകലിനെ
കൈകൊണ്ടു വകഞ്ഞ് പടിഞ്ഞാറ് തള്ളി
കരിക്കലം മെഴക്കിമെഴക്കി
ചന്ദ്രനെ തെളിച്ചെടുത്തു.
മുടിയിലും മടിയിലും മേലാകെയും
ചാരനക്ഷത്രങ്ങള്‍
തട്ടിക്കുടഞ്ഞ്
കുളിച്ചെന്നുവരുത്തി
തഴപ്പായ വിരിച്ച്
കിടന്നു.
ഒരു ചെവി
പലകമറയ്ക്കു പുറത്ത്
ബൈന്‍ഡുവിട്ട ബൈബിള്‍
തലയിണക്കടിയില്‍
കിടക്കുംമുന്‍പ് ചാരത്തിലൊളിപ്പിച്ച
ഒരു
കുഞ്ഞുസൂര്യന്‍
കറുത്ത കാലിന്റെ
വിണ്ടുകീറിയ പത്തിയില്‍
ഭൂപടം തെളിച്ചെടുക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ