'മേയുവാനയച്ച നീയും മേയുന്ന ഞാനും'- ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

'മേയുവാനയച്ച നീയും മേയുന്ന ഞാനും'- ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത
ചിത്രീകരണം: അർജുൻ കെവി
ചിത്രീകരണം: അർജുൻ കെവി

മേയുവാനയച്ചു നീയെന്നെ
മേയുവാന്‍ പോയി നീയും.
ദഹനപാകവും അജീര്‍ണവും
പിന്നിക്കിടക്കും വഴിയില്‍
അന്നങ്ങളുടെ ഘോഷയാത്ര.
ദിക്കുകള്‍ വന്നെത്തി നോക്കി.
ദിക്കും രസനയും നീ കുറിച്ചു.

ഇളവിനു പഴുതില്ലാര്‍ക്കു-
മെന്നൊരു വാക്യം തുന്നിയ
വലക്കൂട് ലോകം.
ഒരു കണ്ണി ചലിച്ചായിരം കണ്ണികളെ
ചലിതമാക്കുന്നു.

പരല്‍മീന്‍പിടിച്ചിലില്‍
പുഴയിലിറങ്ങുന്നു
പുഴ പോകും വഴിയിലെ
ജാലങ്ങളിലെയിന്ദ്രജാലം കാണുന്നു
ഒഴുകും വെള്ളത്തെ തൊഴുതു കയറുന്നു.

മേയുവാനയയ്ക്കപ്പെട്ട
ഞാന്‍ മേയുകയാണ്.
കാലിന്നണിയത്ത്
കതിരുകളുടെ തോരാനിര.

വിഷമേതെന്ന് കാണുന്നു
ഔഷധികള്‍ കാണുന്നു
പോഷകവും കാണുന്നു.

പുല്ലിനിടയിലെ പ്രാണികളേ
പൂവിന്‍ കീഴിലെ മുള്ളുകളേ
മുള്ളിന്‍ മുകളിലെ പൂവുകളേ
ശിലകളേ പുഴകളേ,
നെടുംപാതകളേ,

മെല്ലെ നിങ്ങളെ വഴുതിക്കടന്ന്
മേയലില്‍, മേടുകളില്‍,
ചെറു തുള്ളിക്കുതിപ്പ്
ഇരുള്‍ പതിഞ്ഞിടങ്ങളില്‍
ഉഴറുന്നുഴറുന്നുവെങ്കിലും
പുല്ലാകുമൗഷധമേ
നീളെപ്പടര്‍ന്ന് നീയുണ്ട്...

ചിലനേരം നിര്‍വിഘ്‌നം തൃണപ്രിയ
മേയുവാനകലേയ്ക്ക്.
താരകത്തൂമ പൊഴിയും രാവ്
മേച്ചില്‍പ്പുറം
പകലിന്റേയും പകലാം തുറസ്സ്
മേച്ചില്‍പ്പുറം.
തുറസ്സില്‍, പുല്ലിലെപ്പോഴും
നിഴലായ് പതിഞ്ഞ്
ഈ ശിരസ്സും ശിഷ്ടവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com