പൂപ്പാടം 

ഒരു കൂട്ടം പുതിയ ശലഭങ്ങള്‍ എന്റെ പാടത്തേയ്ക്ക് താണിറങ്ങിഅവയുടെ ചിറകുകളില്‍ 
പൂപ്പാടം 

പൂക്കളുടെ കൃഷി തുടങ്ങാന്‍ തീരുമാനിച്ച ദിവസം
ഒരു കൂട്ടം പുതിയ ശലഭങ്ങള്‍ 
എന്റെ പാടത്തേയ്ക്ക് താണിറങ്ങി
അവയുടെ ചിറകുകളില്‍ 
ഒരായിരം പൂപ്പാടങ്ങള്‍ കാറ്റുപിടിച്ചു

തലയില്‍ വെച്ച പാളത്തൊപ്പിയുടെ പഴങ്കുനിപ്പില്‍
അവ പറ്റിച്ചേര്‍ന്നു
പാളയ്ക്ക് ഏറെനാള്‍ കൂടി
അതിന്റെ കൂമ്പിനെ ഓര്‍മ്മവന്നു
ഒരു ചെമ്പഴുക്ക തോട്ടുവെള്ളത്തില്‍
കുണുങ്ങി
വെള്ളത്തിന്റെ ചില്ലിനപ്പുറം 
ചെമ്പരത്തികള്‍, ചെത്തികള്‍, പടയിഞ്ച
കണ്ണു നീട്ടുന്ന ശംഖുപുഷ്പങ്ങള്‍

എവിടെനിന്നോ പാളിവീണു ഒരു ഓലക്കീറ്
അതൊരു പനന്തത്ത ആയിരുന്നോ.
പക്ഷികള്‍, നിറങ്ങള്‍ കൊണ്ടങ്ങനെ പാടത്തിന്റെ
നിദ്രയില്‍ പലതരം പൂക്കളെ വരയ്ക്കുന്നു

എന്റെ ചൂളംപാട്ടിന്റെ ഈര്‍ക്കിലില്‍ ഈ പാടത്തെ
ഇന്നു ഞാന്‍ കോര്‍ത്തെടുക്കും

ഒരു വാഴക്കുടപ്പന്‍ പോള വിടര്‍ത്തി 
നാവിലേയ്ക്ക് തേനിറ്റിക്കുന്നു
തേക്കുകൊട്ടയുടെ കഴയില്‍
ഒരു പാട്ട് വഴുക്കുന്നു

പൂക്കളുടെ കൃഷി മാത്രമേ ഇനി ചെയ്യൂ
എന്ന് തീരുമാനിച്ചു

വരമ്പത്തെ തുമ്പയെ
ചവിട്ടാതെ നടക്കണേ
ഇടംവലം വേച്ചുപോയ്
വീഴാതെ കാക്കണേ
എന്നു മുത്തപ്പന്‍ കാവ്

മണ്ണിലേയ്ക്ക് സൂര്യകാന്തിയുടെ
സ്വര്‍ണ്ണവിത്തെറിഞ്ഞപ്പോള്‍
കുറെയേറെ സൂര്യന്മാര്‍ ആകാശത്തെ തീ പിടിപ്പിച്ചു
പൂക്കളെ കെട്ടിപ്പിടിച്ച് കിടക്കുന്നത് സ്വപ്നം കണ്ടു

ഒന്നു കണ്‍ ചിമ്മിയപ്പോള്‍ 
സൂര്യകാന്തികള്‍ ചുറ്റും,
ചില്ലകള്‍ കൈനീട്ടുന്നു,
മൊട്ടുകള്‍ വിടര്‍ത്തുന്നു

പൂക്കള്‍ തലയാട്ടുവാന്‍ തുടങ്ങി
അത്രയും വലിയ പൂക്കള്‍
ലോകം ആദ്യമായ് കണ്ടു

ഒരു നാട്ടുവേലിയായ് പാടത്തിനു ചുറ്റും 
ഞാന്‍ ഓടിനടന്നു

വീട് മേയാന്‍ ചിലര്‍ക്ക് ഒരു വലിയ പൂവ് കൊടുത്തു
പകലുറങ്ങാന്‍ ഒരു പൂമെത്ത ചിലര്‍ക്ക്
പാട്ടായ് അലയുവാന്‍ ഒരു പൂക്കൊട്ട മറ്റു ചിലര്‍ക്ക്

കണ്ടവരൊക്കെ കണ്ണുകളില്‍
ആവുന്നത്ര പൂക്കള്‍ നിറച്ചിട്ട്
ചിരിച്ചുലഞ്ഞ് വീട് പറ്റി

ഞാന്‍ പൂപ്പാടത്തിന്റെ കാവല്‍ക്കാരനാണെന്ന് 
അതിലേ വന്ന തീവെയിലും കരുതി
സൂര്യനെ നോക്കി ഇടയ്ക്ക്
പൂക്കളോടൊപ്പം ഞാനും തലയാട്ടി

അവര്‍ക്കിടയില്‍ പമ്മിനിന്നു.

ഈ കവിത കൂടി വായിക്കാം
നിലാവിന്റെ തീരങ്ങളിലേക്ക് മടങ്ങിപ്പോയ ഒരാള്‍ 



സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com