നിലാവിന്റെ തീരങ്ങളിലേക്കു മടങ്ങിപ്പോയ ഒരാൾ

By അരവിന്ദൻ കെ.എസ്. മംഗലം  |   Published: 25th October 2023 10:08 AM  |  

Last Updated: 25th October 2023 10:15 AM  |   A+A-   |  

 
 
നാട്ടുപാട്ടിന്റെ ചന്തമായ്
അവൻ നമ്മോടൊപ്പം നടന്നു
കവിതയും പാട്ടും സ്നേഹത്തിന്റെ
മധുരോദാരമനസ്സും
പങ്കുവച്ചു...
 
ഒരിക്കലും വറ്റാത്ത സരസ്സിന്റെ ആർദ്രത,
നിലാവിന്റെ സൗഹൃദം,
സൗമ്യമധുരമായൊരീണമായ്
ആകാശം നിറഞ്ഞു...
അവൻ വരുന്ന വഴിയിൽ നിറയെ
മുക്കുറ്റിപ്പൂവുകൾ...
 
തീവണ്ടിയുടെ
താളലയങ്ങൾക്കുമീതെ
അവന്റെ പാട്ട്
പാട്ടിൽ മുഴുകി, താളം പിടിക്കുന്ന
അനേകം സ്നേഹമനസ്സുകൾ
സായംസന്ധ്യയിലേക്ക്
കുതിച്ചു പായുകയാണ് വണ്ടി...
 
അവനെ സ്നേഹിക്കുന്നവർ
എന്നും
അവനോടൊപ്പമുണ്ടായിരുന്നു
ഓരോ മനസ്സിലുമുണ്ടായിരുന്നു
അവന്റെ രൂപം.
ഒരു ദിവസം അവൻ തൂലികയാൽ
അവരുടെ മനസ്സ് ഒപ്പിയെടുത്ത്
സ്വന്തം ഛായാചിത്രം തീർത്തു.
അത് ഞങ്ങൾ ആകാശത്ത് കണ്ട
ആദ്യ അടയാളമായിരുന്നു...
 
അവൻ എന്നെയാണ് ഏറ്റവുമധികം
സ്നേഹിക്കുന്നതെന്ന്
എനിക്കുറപ്പുണ്ടായിരുന്നു
ഞാൻ മാത്രമല്ല, അവനെ തൊട്ടവരെല്ലാം
ആ ഉറപ്പു നേടിയവരായിരുന്നു.
അങ്ങനെയാണവൻ
സ്നേഹത്തിന്റെ വിസ്മയക്കടലായി
ഞങ്ങളിൽ തിരയടിച്ചത്...
 
പിന്നീടവൻ അവന്റെ പാട്ടിലേക്ക്
മടങ്ങിപ്പോയി -
കറുത്ത ചായത്തിൽ വരച്ചുതീർത്ത
ചിത്രങ്ങളിലേക്ക് നടന്നുപോയി -
നിലാവിന്റെ തീരങ്ങളിൽ
ആരാണ് ഈ നിശ്ശബ്ദതയിൽ പാടുന്നത്...?
 
*“ഓടിവള്ളങ്ങൾക്കോളങ്ങൾ കൂട്ട്
ഈണങ്ങൾക്കെല്ലാം താളങ്ങൾ കൂട്ട്
പാവം മനസ്സിന് സ്വപ്നങ്ങൾ കൂട്ട്
സ്വപ്നങ്ങൾക്കെല്ലാം ദുഃഖങ്ങൾ കൂട്ട്”

കവി, ഗായകൻ, ചിത്രകാരൻ എന്നിങ്ങനെയെല്ലാം
അറിയപ്പെട്ട മണർകാട് ശശികുമാറിന്റെ ഓർമ്മയ്ക്ക്
 
* ശശികുമാറിന്റെ വരികൾ

കവിത കൂടി വായിക്കാം