വലിയ സത്യങ്ങളും
ചെറിയ നുണകളും തമ്മിലാണ്
പോര്
എന്റെ അച്ഛന് തോട്ടിപ്പണിയെന്നറിഞ്ഞിരുന്നെങ്കില്‍
എന്റെ ചോറ്റുപാത്രത്തിലെ
'ചമ്മന്തിക്ക് എന്തൊരു
രുചിയാ'ണെന്ന്
നീ പറയുമായിരുന്നോ
എന്റെ അമ്മയുടെ ദേഹത്തെ
എണ്ണക്കറുപ്പ്,
വിറകെന്നപോലെ
വരണ്ടുപോയ അവരുടെ വിരലുകള്‍
കണ്ടിരുന്നെങ്കില്‍
എന്റെ ചോറ്റുപാത്രത്തിലെ
മുളക് കൊണ്ടാട്ടം
നീ തൊട്ടെങ്കിലും
നോക്കുമായിരുന്നോ ?
ഒരിക്കലും നിന്നെ ക്ഷണിക്കാത്ത
എന്റെ വീട്
ഒരു 'വീട്' പോലുമായിരുന്നില്ല
ഒരു കാറ്റ് തൊട്ടാല്‍
നിലം പൊത്തിയേക്കാവുന്ന
നിറയെ ചോര്‍ച്ചയുള്ള
ടാര്‍പ്പാ കെട്ടിയ എന്റെ
വീട് ഒരു വീട് പോലുമായിരുന്നില്ല
'വീട്ടിലേക്ക് വരട്ടെ'
എന്ന നിന്റെ ചോദ്യത്തിലേക്ക്
എത്ര നുണകളെറിയണം
എനിക്ക്
നീ ബുക്ക് ചെയ്ത ആ വലിയ
ഹോട്ടലില്‍
എന്റെ ശരീരം ചെറുതായിപ്പോകുന്നത്
ആ വെളുത്ത കട്ടിലില്‍
എന്റെ ശരീരം അട്ടയാകുന്നത്
ഒന്നും
നിനക്ക് പിടികിട്ടണമെന്നില്ല
എന്തിനാണ്
നീ തൊടുമ്പോഴെല്ലാം
എനിക്ക് പൊള്ളുന്നത്
സ്‌നേഹമില്ലാഞ്ഞിട്ടല്ല
എന്തിനാണ്
നീ കെട്ടിപ്പിടിക്കുമ്പോഴെല്ലാം
എനിക്ക്
ഇറങ്ങിയോടാന്‍ തോന്നുന്നത്
നീ അടര്‍ന്നുമാറണമെന്ന്
ആഗ്രഹിച്ചിട്ടല്ല
എന്തിനാണ്
നീ ഉമ്മവെയ്ക്കുമ്പോഴെല്ലാം
എനിക്ക് ചുണ്ടെരിയുന്നത്
ഉമ്മവെയ്ക്കാനറിയാഞ്ഞിട്ടല്ല
സത്യം
വേദനിപ്പിച്ചേക്കുമെന്നതിനാല്‍
കള്ളം
കൂടുതല്‍ വേദനിപ്പിക്കുമെന്നതിനാല്‍
ഞാന്‍ മരിച്ചപോലെ
കിടക്കുന്നുവെന്നേയുള്ളൂ,
മരം പോലെ കിടന്നുവെന്നേയുള്ളൂ.
ഈ വാർത്ത കൂടി വായിക്കാം
വിനീതനായ ഒരു സദാചാരഗുണ്ട പറയുന്നത്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക