'ദൈവം ആണോ പെണ്ണോ?'- സച്ചിദാനന്ദന്‍ എഴുതിയ കവിത

എന്താകുന്നു ദൈവത്തിന്റെ ലിംഗം?പുല്ലിംഗമോ സ്ത്രീലിംഗമോ?
'ദൈവം ആണോ പെണ്ണോ?'- സച്ചിദാനന്ദന്‍ എഴുതിയ കവിത

(ആദിയുടെ പെണ്ണപ്പന്‍ എന്ന കവിതാസമാഹാരം വായിക്കുമ്പോള്‍)

ന്താകുന്നു ദൈവത്തിന്റെ ലിംഗം?
പുല്ലിംഗമോ സ്ത്രീലിംഗമോ?

രണ്ടുമല്ല, അത് ഒരു മഴവില്ലിന്റേതാണ്
ആണ് മുതല്‍ പെണ്ണു വരെ ഏഴു നിറങ്ങളും
അവ ചേരുന്ന നിറങ്ങളും ഉള്ളത്.
ഒരു ശിവനിലോ പാര്‍വ്വതിയിലോ
അര്‍ദ്ധനാരീശ്വരനില്‍ പോലുമോ ഒതുങ്ങാത്തത്

കാടിനോടോ കടലിനോടോ മലയോടോ
ഈ ചോദ്യം ചോദിച്ചു നോക്കിയിട്ടുണ്ടോ?
എത്ര പൂക്കള്‍, എത്ര മത്സ്യങ്ങള്‍,
എത്ര വൃക്ഷങ്ങള്‍ എന്ന്?
ആലോചിച്ചിട്ടുണ്ടോ
പ്രണയകവിതകള്‍ ബാക്കിവെയ്ക്കുന്ന ഇടങ്ങളില്‍
നിറയെ മനുഷ്യരുണ്ടെന്ന്?
'ഞാന്‍ നിന്നെ...' എന്ന് പറയുമ്പോഴേക്കും
കഴുത്ത് ഞെരിക്കപ്പെടുന്നവര്‍?
മലരണിക്കാടുകളിലോ
സുറുമയെഴുതിയ മിഴികളിലോ
പ്രത്യക്ഷപ്പെടാത്തവര്‍?
ഒരിക്കലും ഭൂരിപക്ഷമാകാത്തവര്‍?
ഒരു പുരാണത്തിലും പേരില്ലാത്തവര്‍?
സൊദോമിലും ലെസ്‌ബോസിലും നിന്ന്
പാതി തീ പിടിച്ച മെയ്യുമായി ഓടിപ്പോന്നവര്‍?
ഒരു നിഘണ്ടുവിലും തങ്ങളെ
മുഴുവന്‍ പ്രകാശിപ്പിക്കാന്‍ വാക്കില്ലാത്തവര്‍?
ഒരു താരാട്ടിലും സംബോധന ചെയ്യപ്പെടാത്തവര്‍?

ഇനി നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
നിലവിളിക്കുന്ന ഒരു രൂപം മാത്രം ഓര്‍ക്കുക.
വിഷം, കുരിശ്,  മരക്കൊമ്പ്, മടിത്തട്ട്:
പല രൂപങ്ങളില്‍ മൃതി കാത്തിരിക്കുന്നതു
കാണുന്ന സ്‌നേഹത്തിന്റെ ഒരു പിടച്ചില്‍.

ഇനിയും കണ്ടുപിടിക്കപ്പെടാത്ത 
ഒരു ഭൂഖണ്ഡം മുഴുവന്‍ പേരിടാത്ത നാടുകള്‍
കാത്തുകിടക്കുന്നു, അകമോ പുറമോ
നേരെന്നറിയാത്ത, സര്‍വ്വനാമങ്ങള്‍
നിശ്ശബ്ദമാകുന്ന നാടുകള്‍,
ജനിച്ചിട്ടില്ലാത്ത ഭാഷകള്‍.
 

സചീന്ദ്രൻ കാറ‍ഡുക്ക
സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com