രേഖ ആര്‍. താങ്കള്‍ എഴുതിയ കവിത: വഴി തിരയുന്നേരം

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
രേഖ ആര്‍. താങ്കള്‍ എഴുതിയ കവിത: വഴി തിരയുന്നേരം

ഇറ്റുവിഭ്രമത്തിന്റെ

മുറുകും താളത്തോടെ

മിഴികള്‍ രണ്ടും പൂട്ടി

നില്‍ക്കുന്ന നേരങ്ങളില്‍

തെളിയുന്നൊരു പാത

തുടങ്ങുന്നുള്ളില്‍നിന്നും

ഒഴുകിയിറങ്ങുന്ന

നിലാവിന്നലപോലെ

ഉയിരില്‍ പടരുന്ന

കസ്തൂരിമണം കാഴ്ച

മറയും മട്ടായുലഞ്ഞു

യരും മഞ്ഞിന്‍ തിര

നേര്‍ത്തൊരു നിശ്വാസത്തിന്‍

നൂലിഴ പിണഞ്ഞതില്‍

സുഗന്ധം പരത്തുന്ന

പാട്ടൊന്നു കോര്‍ത്തപോലെ

വെവ്വേറേ തീരങ്ങളില്‍

പടരും പച്ചത്തല

പ്പോര്‍മ്മതന്നോളക്കുത്തില്‍

ഉയര്‍ന്നു നോക്കുന്നേരം

അടക്കി ശംഖിന്നക-

ത്തൊതുക്കി മൂളിപ്പോന്ന

അഴലിന്‍പെരുംകടല്‍

കെട്ടഴിഞ്ഞതുപോലെ

പറയാന്‍ മറന്നൊരു

ശ്രുതികള്‍ മൗനത്തിന്റെ

ചിറകിലിടം തേടി

പറന്നങ്ങിറങ്ങുമ്പോല്‍

വസന്തം ഗ്രീഷ്മത്തിന്റെ

ചില്ലയില്‍ പൂക്കും പോലെ

പകലിന്‍ മടിത്തട്ടില്‍

രാവൊന്നു മൂളുമ്പോലെ

എന്തിനോ തിരഞ്ഞതില്‍

അലസം നീങ്ങുമ്പോഴ-

ങ്ങറിയാതടി തെറ്റാന്‍

ക്ഷണിക്കുന്നഗാധത

വഴുതിപ്പോകാതെയാ

തിരിവില്‍ മഞ്ഞുമൂടി-

ക്കിടക്കും ഇരുളിലൂ-

ടലഞ്ഞു മുന്നേറുമ്പോള്‍

അകലെ തെളിയുന്നു

നേരിന്റെ മിന്നാമിനു-

ങ്ങതില്‍ നിന്നുയരുന്നു

ജ്വലിക്കും നക്ഷത്രങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com