ഷുക്കൂര്‍ പെടയങ്ങോട് എഴുതിയ കവിത 'മരിച്ചവരോടൊപ്പം ഒരു സിനിമാക്കാലം'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ഷുക്കൂര്‍ പെടയങ്ങോട്
ഷുക്കൂര്‍ പെടയങ്ങോട്

മരിച്ചവരോടൊപ്പം ഒരു സിനിമാക്കാലം

ഷുക്കൂര്‍ പെടയങ്ങോട്

താനെ തിരിഞ്ഞും മറിഞ്ഞും

എന്ന പാട്ട് കേട്ട് ഉറങ്ങുമ്പോള്‍

സ്വപ്നങ്ങളുടെ മുടിച്ചീന്തിലൂടെ

നാലാം ക്ലാസ്സിലെ മലയാള പാഠത്തില്‍നിന്ന്

ഒരു കരടി ഇറങ്ങിവന്ന്

എന്റെ ചെവിയില്‍ മന്ത്രിച്ചു.

മല്ലനെ കണ്ടുവോ?

ഞാന്‍ ശ്വാസത്തെ കൊന്ന്

അനങ്ങാതെ കിടന്നു.

എന്നെ മേലാസകലംമണത്ത്

കരടി വന്ന വഴിയെ തിരിച്ച് പോയ്.

മരച്ചില്ലയില്‍നിന്ന് ചിരിക്കുന്ന മല്ലനെ

ഞാന്‍ കൈമാടി വിളിച്ചു.

പിറ്റേന്ന് രാവിലെ

ശ്രീനടരാജ് ബസ്സില്‍നിന്ന്

ക്ലീനര്‍ നമ്പിയേട്ടന്‍ വലിച്ചെറിഞ്ഞ് തന്ന

സിനിമാ നോട്ടീസില്‍

മല്ലനും മാതേവനും എന്ന സിനിമയുടെ

പടം കണ്ടു.

ഞാനന്ന് രാത്രി ഉമ്മയുടെ

കോന്തലയില്‍ പറ്റിക്കിടന്നു.

രണ്ട്

മല്ലനും മാതേവനും എന്ന

സിനിമ കണ്ട് വന്ന രാത്രിയില്‍

ഉമ്മ കുടഞ്ഞിട്ട കോന്തലയില്‍നിന്ന്

ഉപ്പയൊരുക്കിയ വടിയുടെ ഇരുപാതയിലൂടെ

ഒരു തീവണ്ടി

തലങ്ങും വിലങ്ങും പാഞ്ഞു.

എന്നില്‍നിന്ന് തെറിച്ച് വീണ

നാണയതുട്ടുകള്‍

ഉരുണ്ടുരുണ്ട്

വാതിലിന്‍ വിടവിലൊളിച്ചു.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ഷുക്കൂര്‍ പെടയങ്ങോട്
ഡോ.ശിവപ്രസാദ് പി. എഴുതിയ കവിത: സമാശ്വാസം

മൂന്ന്

മൈലാഞ്ചിത്തണലിലെ

മീസാന്‍ കല്ലില്‍ കുത്തിയിരുന്ന്

ഉമ്മയും ഉപ്പയും

കിനാവുകളുടെ ഇരുണ്ട സിനിമാകൊട്ടകയില്‍നിന്ന്

മോനേയെന്ന് വിളിക്കുമ്പോള്‍

നാളെ നേരം പുലരുമ്പോള്‍

പുരയെ തനിച്ചാക്കി

മരിച്ചവരേയും കൊണ്ട്

മറ്റൊരു സിനിമയ്ക്ക് പോകണം.

നാല്

അനാഥമായ ബാല്യത്തിന്‍

നുരകുത്തുന്ന നോവുമായി

ഓലക്കൊട്ടകയിലേക്ക്

ഇരുട്ടിലൂടെ നുഴഞ്ഞ് കടക്കെ

അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍

എന്ന പാട്ട് കേള്‍ക്കുന്നു.

വെള്ളിത്തിരയിലും തെളിയുന്നു.

യത്തീം എന്ന വാക്കിന്‍ മുള്‍കമ്പികള്‍

മരിച്ചവരും ഞാനും

ഇരുട്ട് മുറിച്ച്

വെളിച്ചം നീന്തിക്കയറുന്നു.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അഞ്ച്

കാലമെത്ര മാറിപ്പോയി.

മരിച്ചവരും ഞാനും

രണ്ട് ദിശകളിലായി.

മറന്നു.

നമ്മളെത്ര അകന്നുവെന്നാത്മാക്കളോതുന്നേരം

സിനിമാക്കാലവുമെത്ര മാറിപ്പോയ്.

ജെല്ലിക്കെട്ടില്‍

ചൂട്ടും പന്തവുമായി

എനിക്ക് മുമ്പേ മരിച്ചവര്‍ പായുന്നു.

പിന്നില്‍ ഓലച്ചൂട്ടുമായ്

ഞാനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com