ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത: ഗര്‍ഭസ്ഥം

ചിത്രീകരണം/സചീന്ദ്രന്‍ കാറഡുക്ക
ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത: ഗര്‍ഭസ്ഥം

ര്‍ഭത്തിലെന്നപോല്‍ ഈ

തോണിയില്‍ ഇരിപ്പാം

നാമരൂപിക്കെന്തു കാതല്‍?

ഈ വിരലുകളില്‍ തുടിക്കുന്നതെന്താണ്?

ഈ യന്ത്രസ്പന്ദത്തിലെന്താണ്?

ഇത്ര വത്സരങ്ങള്‍

പൂ ചൂടിത്തന്ന പുലരികള്‍

ചിരിച്ചെത്തിയ അതിഥിക്കാറ്റുകള്‍

പുഴകള്‍ ഓളങ്ങള്‍

ആനന്ദ മായാപടങ്ങള്‍

വറുതിക്കാറ്റുകള്‍

ആയാസ മായാപടങ്ങള്‍

ഇത്ര ചിന്തിപ്പിച്ച തരംഗഗതികള്‍

ചിന്തയെ ഒഴിപ്പിച്ച നേര്‍മകള്‍

ഇറക്കത്തിലോടുന്ന

ശകടത്തിനെന്നപോല്‍

കടിഞ്ഞാണിളവ് അനുവദിച്ചു തന്ന

യാത്രാഖണ്ഡങ്ങള്‍.

ഇതൊരു കൂടാരമല്ലയോ?

ഈ കേള്‍ക്കും സ്വനങ്ങളെന്ത്?

ചീറിപ്പായും ദൃശ്യങ്ങളെന്ത്?

വിശ്വാസങ്ങള്‍ ചുറ്റിലും വട്ടമിടുന്നു

തുമ്പികളെപ്പോല്‍ തെല്ലുനിന്ന്

അവ മറയുമ്പോള്‍

തുമ്പികളല്ലേ, പൊയ്‌ക്കൊള്ളട്ടെ,

എന്നു ലാഘവം.

നൂലെവിടെയും തങ്ങുന്നില്ല

വിട്ടു പറക്കുകയാണ് മനപ്പട്ടം

ഈ കുതിപ്പിന്‍ പേരെന്ത്,

പേരെന്ത്?

ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത: ഗര്‍ഭസ്ഥം
നിഴലുകളുടെ അലമാര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com