മോഹനകൃഷ്ണന്‍ കാലടി എഴുതിയ രണ്ട് കവിതകള്‍

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
മോഹനകൃഷ്ണന്‍ കാലടി
മോഹനകൃഷ്ണന്‍ കാലടി

1.

ചോണനെ

അപ്പത്തിലൂടെ

തലങ്ങും വിലങ്ങും

നടന്നു ചോണനുറുമ്പ്.

തട്ടിയിട്ടും മുട്ടിയിട്ടും കുലുങ്ങാത്തോരുറുമ്പിനെ

ഒറ്റയൂത്തിന് പറത്തിക്കളഞ്ഞു.

അപ്പമായിരുന്നില്ലത്

ആരുടേയോ ദിനക്കുറിപ്പായിരുന്നു.

ഉറുമ്പായിരുന്നില്ലത്

ഏതോ വാക്കില്‍നിന്ന്

പുറപ്പെട്ടു പോന്നൊരക്ഷരമായിരുന്നു.

ചുറ്റും പ്രളയമുണ്ടായിരുന്നു.

ഉറുമ്പുകള്‍

ദിശയറിയാതെ മുങ്ങിപ്പിടഞ്ഞു.

2.

പേനിനെ

സചിവശ്രേഷ്ഠാ

പേനിനെ കൊല്ലുമ്പോള്‍

കഴിയുന്നതും

അവയുടെ മാതൃഗേഹത്തിന്റെ സാമീപ്യത്തില്‍ത്തന്നെ

വധശിക്ഷ നടപ്പിലാക്കണമെന്ന കല്പന

താങ്കള്‍ മറന്നുപോയോ?

നഖത്തിനും മുടിയല്ലാത്ത പ്രതലത്തിനുമിടയില്‍

സഹജീവിയുടെ

ഉടല്‍ ഞെരിഞ്ഞു തകരുന്ന ശബ്ദം കേട്ട്

ആ ഒളിപ്പോരാളികള്‍ ഒട്ടും ഭയക്കില്ലെന്നറിയാം.

ഈയുത്തരവ്

അവരുടെ വരും തലമുറയെ ലക്ഷ്യമിട്ടുള്ളതാണ്;

വിരിയാന്‍ കാത്തുകിടക്കുന്ന പേനണ്ഡങ്ങളെ.

മൃത്യുവിന്റെ സ്‌ഫോടനാദത്തില്‍

അവരുടെ ജനനം അലസിപ്പോയെങ്കില്‍...

അഥവാ

നിത്യവൈകല്യവുമായിപ്പിറന്ന്

സ്വധര്‍മ്മം തന്നെ

എന്നെന്നേയ്ക്കുമായി

വിസ്മൃതപ്പെട്ടു പോയെങ്കില്‍.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
മോഹനകൃഷ്ണന്‍ കാലടി
*'കണ്ണിത്തുള്ളി'- ശാന്തന്‍ എഴുതിയ കവിത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com