കൊന്നമൂട് വിജു എഴുതിയ കവിത മഞ്ഞമരണം

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
കൊന്നമൂട് വിജു എഴുതിയ കവിത മഞ്ഞമരണം

(ഒരു ഹോസ്പിറ്റൽ അറ്റൻഡറുടെ ഡയറിക്കുറിപ്പുകൾ)

അന്ന് MICU-വിൽ

സെക്കന്റ് ഡ്യൂട്ടിയായിരുന്നു

ICU ഡ്യൂട്ടി എപ്പോഴും

ഐസ് പോലെ മരവിച്ചവയാണ്.

ചൂലും മോപ്പുംകൊണ്ട്

തൂത്തും തുടച്ചും പോകുമ്പോൾ

ഓരോ ബെഡിലും

ഒരായിരം മോഹങ്ങൾ

ഊർദ്ധ്വൻവലിക്കുന്നത്

നോക്കിനിന്നുപോകും.

എന്നും ഒരേകാഴ്ചയുടെ

പുതിയ പതിപ്പുകൾ

ചിലതൊക്കെ

കഴിഞ്ഞ പലതിന്റേയും

റീമിക്‌സ് ആണെന്നു തോന്നും.

മരണം ഉടൻ ഉണ്ടാകുമെന്ന്

ഉറപ്പിച്ച ചില കിടപ്പുകളുണ്ട്

മരിക്കുംമുമ്പേ മരിച്ചപോലുള്ളകിടപ്പ്

ECG ലെവൽ

ഫ്ലാറ്റാകുന്നതും കാത്ത്

ബെഡിന്റെ തലയ്ക്കലോ

ജനാലയുടെ അഴികളിലോ

ഡ്രിപ്പ് സ്റ്റാൻഡിന്റെ മുകളിലോ

ഒരു കഴുകനെപ്പോലെ

കഴുത്ത് ഒടിച്ചിട്ട്

മരണം ക്ഷമയോടെ

കാത്തിരിക്കുന്നുണ്ടാവും.

വെന്റിലേറ്ററുകളിൽനിന്നും

പല അളവിലുള്ള

ബീപ് ശബ്ദങ്ങൾ ഇഴപിരിഞ്ഞ്

ഒരു സ്‌ക്രൂപോലെ

ചെവിക്കള്ളിൽ നുഴഞ്ഞുകയറി

അലോസരപ്പെടുത്തിക്കൊണ്ടിരിക്കും

നിമിഷങ്ങൾക്കുള്ളിലാണ്

ഒരു മനുഷ്യൻ

വെറും ബോഡിയായി നാറുന്നത്.

കരുത്തും കരുതലും നഷ്ടപ്പെട്ട

അമ്മമാരുടെ ഉടൻ നിലയ്ക്കുന്ന

നിലവിളികൾ കേട്ടു കേട്ടു തയമ്പിച്ച

ചുവരുകൾക്കുപോലുമുണ്ട്

ദു:ഖത്തിന്റെ മുഷിഞ്ഞ മണം.

പലരും ഈ ചുവരുകളിലാണ്

ദു:ഖം ഇറക്കിവച്ചിട്ട് പോയത്

***

പുറം മുഴുവൻ മഞ്ഞനിറത്തിലായ

കരിമ്പുപോലൊരു പയ്യനെ കണ്ടു

ഉടൻ മരിക്കുമെന്ന്

ഡോക്ടർ ഉറപ്പുപറഞ്ഞത്

അവനും കേട്ടതാണ്

മരണത്തെ കാത്തുകിടക്കേണ്ടിവരുന്ന മനുഷ്യന്റെ നിസ്സഹായത

അവന്റെ കണ്ണിലും

മരണം ലൈവായി കാണാൻ പോകുന്ന

നിസ്സഹായന്റെ അമ്പരപ്പ്

എന്റെ മനസ്സിലും തഴച്ചുവന്നു.

പതിയെമാത്രം ചലിക്കുന്ന

കണ്ണുകൾകൊണ്ട്

അവൻ എന്നെനോക്കി

പിന്നെ ജനാലയിലെ കർട്ടനേയും.

പടിഞ്ഞാറ് ദിക്കിലുള്ള

ആ കർട്ടൻ

ഞാൻ പകുതി നീക്കിയിട്ടു

അസ്തമയത്തിന്റെ

മഞ്ഞനിറം കാണാറായി

പതിയെപ്പതിയെ

മഞ്ഞ ചുവപ്പായും

ചുവപ്പ് കറുപ്പായും മാറി.

ഒടുവിൽ

അവന്റെ കണ്ണുകൾ

ഞാനാണ് തിരുമ്മിയടച്ചത്.

കൊന്നമൂട് വിജു എഴുതിയ കവിത മഞ്ഞമരണം
വി.ആര്‍. സന്തോഷ് എഴുതിയ കവിത: ആനിമല്‍ റൂം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com