ഫലം വരുമ്പോള്‍ ചിരിക്കുന്നത് ആരൊക്കെ?

ഇടതു പിന്തുണയോടെ വിജയിച്ച സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 91 എം.എല്‍.എമാരുമായി 2016-ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് അരൂരിലെ ഒഴിവോടെ നിയമസഭയിലെ അംഗബലം 90 ആയി കുറഞ്ഞിരുന്നു.
ഫലം വരുമ്പോള്‍ ചിരിക്കുന്നത് ആരൊക്കെ?

ഞ്ച് നിയമസഭാമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് പൊതുതെരഞ്ഞെടുപ്പിന്റെ ഭാവം. വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് വട്ടിയൂര്‍ക്കാവ് വരെ എന്നായി മാറിയിരിക്കുന്നു ഇപ്പോള്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം. ഉടനടി രാഷ്ട്രീയ മാറ്റങ്ങള്‍ക്കൊന്നും ഇടയാക്കില്ലെങ്കിലും മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് പൂര്‍ണ്ണ ശ്രദ്ധ. ഒരിക്കലും കേരള കോണ്‍ഗ്രസ്സും യു.ഡി.എഫും തോറ്റിട്ടില്ലാത്ത പാലായില്‍ ഇടതുമുന്നണി വിജയിച്ചതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ജയിക്കാതിരുന്നിടത്ത് ജയിച്ചതിന്റെ ആത്മവിശ്വാസച്ചിരിയുണ്ട് എല്‍.ഡി.എഫിന്; തോറ്റതിന്റെ ഉള്‍പ്പോര് യു.ഡി.എഫിലും. 2016-ല്‍ ലഭിച്ച കാല്‍ ലക്ഷം വോട്ടില്‍ വലിയ വ്യത്യാസം വന്നതിന്റെ പേരുദോഷമാണ് പാലാ ബി.ജെ.പിക്കു നല്‍കിയത്. അവിടെ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതി വന്നു. അതോടെ സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിലേയ്ക്കു മാറി. പാര്‍ട്ടികളുടേയും മുന്നണികളുടേയും വീറിനും വേവലാതിക്കും കുറച്ചുകൂടി വലിപ്പവും വന്നിരിക്കുന്നു.

യു.ഡി.എഫിന് 20-ല്‍ 19 സീറ്റുകളിലും വിജയം നല്‍കിയ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പ്. പി.ബി. അബ്ദുറസാഖ് എം.എല്‍.എ മരിച്ച ഒഴിവിലാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് എന്നതു മാത്രമാണ് വ്യത്യാസം. മറ്റു നാലിടത്തും 2016-ല്‍ നിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ പിന്നീട് ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചു. ഹൈബി ഈഡന്‍ (എറണാകുളം- കോണ്‍ഗ്രസ്സ്), എ.എം. ആരിഫ് (അരൂര്‍-സി.പി.എം), അടൂര്‍ പ്രകാശ് (കോന്നി-കോണ്‍ഗ്രസ്സ്), കെ. മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്-കോണ്‍ഗ്രസ്സ്) എന്നിവര്‍ക്കാണ് പകരക്കാരെ തേടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ നാലുപേര്‍ കൂടിയുണ്ട് ഈ മത്സരചിത്രത്തില്‍. രവീശ തന്ത്രി കുണ്ടാര്‍ (ബി.ജെ.പി-മഞ്ചേശ്വരം), കെ. സുരേന്ദ്രന്‍ (ബി.ജെ.പി-കോന്നി), ഷാനിമോള്‍ ഉസ്മാന്‍ (കോണ്‍ഗ്രസ്സ്-അരൂര്‍), പ്രകാശ് ബാബു (ബി.ജെ.പി-അരൂര്‍). എല്ലാ തെരഞ്ഞെടുപ്പിലും മുറതെറ്റാതെ ചര്‍ച്ചയാകുന്ന വോട്ടുകച്ചവട ആരോപണം മുതല്‍ ഷാനിമോള്‍ ഉസ്മാനെ മന്ത്രി ജി. സുധാകരന്‍ 'പൂതന' എന്നു വിളിച്ചുവെന്ന ആക്ഷേപം വരെ വിഷയങ്ങളേറെ. ശബരിമലയിലെ സ്ത്രീപ്രവേശനവും പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയും വന്നുപോവുകയും വീണ്ടും വരികയും ചെയ്തു. വട്ടിയൂര്‍ക്കാവിലെ പ്രചാരണരംഗത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടെ സാന്നിധ്യമില്ല എന്ന സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറിന്റെ പരാതിയായിരുന്നു മറ്റൊന്ന്. കെ. മുരളീധരനേയും ശശി തരൂരിനേയും മണ്ഡലത്തില്‍ കാണുന്നില്ല എന്ന പരാതി ഇരുവരും നേരിട്ടെത്തി പരിഹരിച്ചു. കേന്ദ്രസര്‍ക്കാര്‍ വിഭാഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന വിമര്‍ശനവും തെറ്റായ സാമ്പത്തികനയവും ചര്‍ച്ചയാക്കാന്‍ ശ്രമിച്ച എല്‍.ഡി.എഫും കിഫ്ബിയിലേയും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലേയും സി.എ.ജി ഓഡിറ്റിനു സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നുവെന്ന ആരോപണത്തില്‍ വിടാതെ പിടിച്ച യു.ഡി.എഫും അപ്പപ്പോള്‍ വന്ന മറ്റു വിഷയങ്ങളിലേയ്ക്കു ശ്രദ്ധ മാറ്റി. മൂന്നു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എല്‍.ഡി.എഫ് വ്യാപകമായി പ്രചരിപ്പിക്കുന്നു. യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിക്കുന്നു എന്നു വാദിച്ച് ജയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്; കേന്ദ്രഭരണ മികവിനെക്കുറിച്ചു ജനങ്ങളോടു പറയാനും.

ഒക്ടോബര്‍ 21-ന് തെരഞ്ഞെടുപ്പു കഴിഞ്ഞ് 24-ന് ഫലം വരുമ്പോള്‍ വിജയിച്ചവരുടേയും തോറ്റുപോയവരുടേയും ചിരി മൂന്നു മുന്നണികളും പങ്കിടുമോ എന്ന ചോദ്യം പ്രസക്തം. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്നു വ്യത്യസ്തമായി ജയിക്കാന്‍ മൂന്നു കൂട്ടര്‍ക്കും ഉറച്ച കാരണങ്ങളുണ്ട്; തോല്‍ക്കാനും. അഞ്ചില്‍ നാലും യു.ഡി.എഫ് സീറ്റുകള്‍; അവ മാത്രമല്ല, ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ അരൂരും പിടിച്ചെടുക്കും എന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. അരൂരില്‍ വിജയം നിലനിര്‍ത്താനും പാലാ മാതൃകയില്‍ മറ്റു ചില സീറ്റുകള്‍ കൂടി പിടിച്ചെടുക്കാനും കഴിയുമെന്ന് എല്‍.ഡി.എഫ് കരുതുന്നു. വട്ടിയൂര്‍ക്കാവാണ് അതില്‍ പ്രധാനം. അരൂര്‍ നിലനിര്‍ത്തുക മാത്രം ചെയ്താലും രാഷ്ട്രീയമായി പറഞ്ഞുനില്‍ക്കാന്‍ കഴിയും. അധികമായി ഒരു സീറ്റിലെങ്കിലും ജയിച്ചാല്‍ ഭരണമുന്നണി എന്ന നിലയില്‍ വലിയ നേട്ടവുമാകും. കാര്യമായി വിയര്‍പ്പൊഴുക്കുന്നുണ്ട് സി.പി.എം; അരൂര്‍ അഭിമാനപ്രശ്‌നം തന്നെ. അതിന്റെ അങ്കലാപ്പുണ്ട്, പുറമേയ്ക്കു പ്രകടിപ്പിക്കുന്നില്ലെങ്കിലും. 

ഇടതു പിന്തുണയോടെ വിജയിച്ച സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 91 എം.എല്‍.എമാരുമായി 2016-ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് അരൂരിലെ ഒഴിവോടെ നിയമസഭയിലെ അംഗബലം 90 ആയി കുറഞ്ഞിരുന്നു. പാലാ വിജയത്തോടെ വീണ്ടും 91 ആയി. 47 എം.എല്‍.എമാരാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. പി.ബി. അബ്ദുറസാഖിന്റേയും കെ.എം. മാണിയുടേയും വിയോഗത്തോടെ അത് 45-ഉം മൂന്ന് എം.എല്‍.എമാര്‍ ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 42-മായി. ബി.ജെ.പിക്ക് ഒ. രാജഗോപാല്‍ മാത്രം. ഒരു മുന്നണിയിലുമില്ലാത്ത സ്വതന്ത്രനായി ജയിച്ച പി.സി. ജോര്‍ജ്ജ് ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എന്‍.ഡി.എയുടെ ഭാഗമായി. എങ്കിലും നിയമസഭയില്‍ സ്വതന്ത്രന്‍ തന്നെ. ഈ കക്ഷിനിലയില്‍ ഉണ്ടാകുന്ന ഏതു തരം മാറ്റവും ഭരണത്തെ ബാധിക്കില്ലെങ്കിലും രാഷ്ട്രീയ ഗുണദോഷ വിചാരങ്ങള്‍ക്ക് ഇടയാക്കും. മഞ്ചേശ്വരവും എറണാകുളവും കോന്നിയും വട്ടിയൂര്‍ക്കാവും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പാലായിലെ തോല്‍വിയുടെ പരിക്കില്‍നിന്ന് യു.ഡി.എഫിന് ആശ്വാസമാകും. നാലില്‍ ഒരു സീറ്റെങ്കിലും നഷ്ടപ്പെട്ടാല്‍ യു.ഡി.എഫിന്റെ മുഖം പാലായിലെ തിരിച്ചടിയേക്കാള്‍ മോശവുമാകും. പാലായില്‍ കുറ്റം ചാര്‍ത്താന്‍ കേരള കോണ്‍ഗ്രസ്സിലെ തമ്മിലടി ഉണ്ടായിരുന്നു; മറ്റിടങ്ങളില്‍ അങ്ങനെയൊന്ന് ഇല്ല. ഘടകകക്ഷി മത്സരിക്കുന്ന മണ്ഡലം മഞ്ചേശ്വരം മാത്രമാണ്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍. ബാക്കിയെല്ലായിടത്തും കോണ്‍ഗ്രസ്സ്.
രാഷ്ട്രീയമായും സംഘടനാപരമായും കൂടുതല്‍ ജാഗ്രതയിലാണ് ബി.ജെ.പിയും. 2016-ല്‍ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ക്കു പുറമേ കോന്നിയും പിടിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കു മാത്രം പരാജയപ്പെട്ട കെ. സുരേന്ദ്രനെ ഇത്തവണ കോന്നിയില്‍ പരീക്ഷിക്കുന്നു; കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയ വട്ടിയൂര്‍ക്കാവില്‍ ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെ ജയിപ്പിക്കാന്‍ കുമ്മനം മുഖ്യപ്രചാരകനായി. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും മൂന്നാം സ്ഥാനത്തേയ്ക്കു പോയാലും കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു കുറഞ്ഞാലും നാണക്കേടാകും; ജയിക്കുന്നവരുടെ വോട്ടുകണക്കില്‍ ബി.ജെ.പി മറിച്ച വോട്ടുകളും കൂട്ടിയാകും തോല്‍ക്കുന്നവര്‍ എണ്ണുക. മറുപടി പറയേണ്ട ബാധ്യത ബി.ജെ.പിക്കു വന്നുചേരുകയും ചെയ്യും.

കളം പിടിക്കുന്നതാര് ?

മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് തികഞ്ഞ ത്രികോണ മത്സരം. തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിനെ എല്‍.ഡി.എഫ് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതീക്ഷയും പരീക്ഷണവുമുണ്ട്. മേയര്‍ എന്ന നിലയില്‍ പ്രശാന്ത് നേടിയ ജനപ്രീതിയും പൊതുസ്വീകാര്യതയുമാണ് പ്രതീക്ഷ. നായര്‍ ഭൂരിപക്ഷം വിജയത്തെ സ്വാധീനിക്കാറുള്ള മണ്ഡലത്തില്‍ ആ സമുദായാംഗമല്ലാത്ത പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പരീക്ഷണം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സമുദായം മുഖ്യഘടകമാകുന്ന സ്ഥിതിക്കൊരു മാറ്റം. വിജയിച്ചാല്‍ രാഷ്ട്രീയ സന്ദേശം തന്നെയായി മാറുകയും ചെയ്‌തേക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി ഒരു വര്‍ഷം കൂടി ബാക്കിനില്‍ക്കുമ്പോഴാണ് മുന്‍ എം.എല്‍.എ കെ. മോഹന്‍ കുമാറിനെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാക്കിയത്. എന്‍. പീതാംബരക്കുറുപ്പിനെയാണ് വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എ കെ. മുരളീധരന്‍ നിര്‍ദ്ദേശിച്ചത്. കുറുപ്പിനെ പ്രഖ്യാപിച്ചില്ലെങ്കിലും അനൗദ്യോഗികമായി ഏകദേശ സ്ഥിരീകരണവും വന്നു. എന്നാല്‍, കുറുപ്പിനെതിരെ പരസ്യപ്രതിഷേധം ഉയര്‍ന്നതും തീരുമാനം മാറ്റിയതും ഒറ്റ ദിവസംകൊണ്ടാണ്. കുമ്മനത്തിന്റെ പേരാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ചതെങ്കിലും സ്ഥാനാര്‍ത്ഥിയായത് എസ്. സുരേഷ്. പരിഭവം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുമ്മനം പ്രകടിപ്പിച്ചുപോയി. എന്തുകൊണ്ടാണ് പട്ടികയില്‍ മാറ്റം വന്നതെന്ന് അറിയില്ല എന്നായിരുന്നു പ്രതികരണം. പക്ഷേ, പ്രചാരണച്ചുമതല അദ്ദേഹം തന്നെ ഏറ്റെടുത്തതോടെ ആ വിവാദം അപ്രസക്തമായി. 

ലോക്സഭാ തെരഞ്ഞടുപ്പില്‍ തോറ്റ ഒരേയൊരു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എന്നതാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ പരിഗണിക്കാന്‍ പ്രധാന കാരണം. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ തോല്‍വിയില്‍ കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലര്‍ക്ക് പങ്കുണ്ട് എന്ന ഷാനിമോളുടെ പരാതിയും അതേക്കുറിച്ച് അന്വേഷിച്ച കെ.പി.സി.സി സമിതിയുടെ റിപ്പോര്‍ട്ടും നേതൃത്വത്തിന്റെ കയ്യിലുണ്ട്. എ.എം. ആരിഫ് എം.പിയായ ഒഴിവില്‍ യുവ നേതാവ് മനു സി. പുളിക്കനിലൂടെ സീറ്റ് നിലനിര്‍ത്താനാണ് സി.പി.എം ശ്രമം. ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് ഇത്തവണ അവര്‍ ഏറ്റെടുത്തില്ല. പകരം യുവമോര്‍ച്ച സംസ്ഥാന നേതാവ് പ്രകാശ് ബാബുവിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി. ബി.ഡി.ജെ.എസ് മത്സരിച്ചാല്‍ വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും അതുവഴി എസ്.എന്‍.ഡി.പി യോഗം വോട്ടുകളും ലഭിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടിയിരുന്നു. എന്നാല്‍, എന്‍.ഡി.എ ഘടകകക്ഷി എന്ന നിലയില്‍ കേന്ദ്ര ബി.ജെ.പി നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിലെ പ്രതിഷേധം പ്രകടിപ്പിക്കുന്നു എന്നതാണ് പിന്മാറാന്‍ കാരണമായി ബി.ഡി.ജെ.എസ് പറയുന്നത്. 

തുഷാര്‍ വെള്ളാപ്പള്ളിയെ ഗള്‍ഫിലെ ചെക്ക് കേസ് കുരുക്കില്‍നിന്നു രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലിന്റെ പ്രത്യുപകാരമാണ് പിന്മാറ്റം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം നടന്ന റോഡ് അറ്റകുറ്റപ്പണി തടയാന്‍ ശ്രമിച്ച ഷാനിമോള്‍ അതിന്റെ പേരില്‍ പ്രതിയായി. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ പരാതിയും പൊലീസിന്റെ അടിയന്തര ഇടപെടലും യു.ഡി.എഫിന് ഗുണമായി മാറുമെന്ന സംശയം നിലനില്‍ക്കെയാണ് പൊതുമരാമത്ത് മന്ത്രിതന്നെ കുറച്ചുകൂടി മികച്ച മറ്റൊരു ആയുധം യു.ഡി.എഫിന് നല്‍കിയത്. പ്രസംഗത്തിനിടെ ഉണ്ടായ 'പൂതന പരാമര്‍ശം' ഷാനിമോളെ ഉദ്ദേശിച്ചാണ് എന്ന ആരോപണം ഉയര്‍ന്നു. മന്ത്രിക്കെതിരെ ഉപവാസം, പ്രതിഷേധ മാര്‍ച്ച് തുടങ്ങിയ തന്ത്രങ്ങള്‍ പുറത്തെടുത്ത് രാഷ്ട്രീയ നേട്ടത്തിന് ഇറങ്ങിത്തിരിക്കാന്‍ യു.ഡി.എഫ് വൈകിയില്ല. ഷാനിമോള്‍ സഹോദരിയെപ്പോലെയാണെന്ന് ജി. സുധാകരനും സ്ത്രീത്വത്തെ മാനിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് കോടിയേരിയും പറഞ്ഞെങ്കിലും വിവാദം അവസാനിച്ചില്ല.കോന്നി

കോന്നി എം.എല്‍.എ ആയിരുന്ന അടൂര്‍ പ്രകാശ് തന്റെ പകരക്കാരനായി നിര്‍ദ്ദേശിച്ചത് റോബിന്‍ പീറ്ററിനെയാണ്. എന്നാല്‍, കെ.പി.സി.സി പരിഗണിച്ചത് പി. മോഹന്‍ രാജിനെ. അതിന്റെ പേരില്‍ അടൂര്‍ പ്രകാശ് ഇടഞ്ഞു. ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും സംസാരിച്ചാണ് പിണക്കം മാറ്റിയത്. ഏതായാലും പ്രകാശ് പ്രചാരണ രംഗത്തുണ്ട്. 23 വര്‍ഷം അദ്ദേഹം പ്രതിനിധീകരിച്ച മണ്ഡലം കോണ്‍ഗ്രസ്സ് നിലനിര്‍ത്തിയില്ലെങ്കില്‍ പ്രകാശ് ആത്മാര്‍ത്ഥമായി സഹകരിച്ചില്ലെന്ന ആരോപണത്തിന് ഇടയുണ്ട്. അതിലാണ് മോഹന്‍ രാജിനു പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വിജയം ഉറപ്പിച്ചെത്തിയ കെ. സുരേന്ദ്രന്‍ കോന്നിയിലാണ് ഇപ്പോള്‍ വിജയം പ്രതീക്ഷിക്കുന്നത്. വിജയത്തിന്റെ തൊട്ടടുത്തെത്തിയ മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ മത്സരിക്കാത്തതും വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി 'ദുര്‍ബ്ബല സ്ഥാനാര്‍ത്ഥി'യെ നിര്‍ത്തിയതും സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വോട്ടുകൈമാറ്റത്തിനാണ് എന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചതാണ് ഒരിക്കല്‍ക്കൂടി വോട്ടുകച്ചവടം ചര്‍ച്ചയാകാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലാണ് വോട്ടുകച്ചവടത്തിന്റെ മുന്‍ ചരിത്രമുള്ളത് എന്നു സി.പി.എം തിരിച്ചടിച്ചു. ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പരം വോട്ടു കൈമാറ്റം നടത്താന്‍ എല്‍.ഡി.എഫും യു.ഡി.എഫും അരങ്ങൊരുക്കുന്നു എന്ന് ബി.ജെ.പിയും ആരോപിക്കുന്നു. മൂന്നു പക്ഷത്തേയും നേതാക്കളുടെ പ്രതികരണങ്ങളില്‍ ആ വിവാദത്തിന്റെ മൂര്‍ച്ചയുണ്ട്. യുവനേതാവ് എ.യു. ജനീഷ് കുമാറിനെ സി.പി.എം മത്സരിപ്പിക്കുന്നത് കോന്നി തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ്. 

എറണാകുളത്ത് ഡെപ്യൂട്ടി മേയറും ഡി.സി.സി പ്രസിഡന്റുമായ ടി.ജെ. വിനോദിനെ കോണ്‍ഗ്രസ്സ് പരീക്ഷിക്കുന്നതിനു പിന്നില്‍ വിനോദിന്റെ ജനപ്രീതിയാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. റോയിയുടെ മകനും ഹൈക്കോടതിയിലെ അഭിഭാഷകനുമായ മനു റോയിയുടെ പൊതുസ്വീകാര്യതയിലാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. മനു റോയിയില്‍ മറ്റൊരു സെബാസ്റ്റ്യന്‍ പോളിനെ അവര്‍ കാണുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജഗോപാല്‍ മത്സര രംഗത്ത് പുതുമുഖം. ലോക്സഭാ സീറ്റ് നഷ്ടപ്പെട്ട കെ.വി. തോമസിന് നിയമസഭാ സീറ്റില്‍ നോട്ടമുണ്ടായിരുന്നു. അദ്ദേഹം അതിനു ശ്രമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായി. വിനോദിനു വേണ്ടിയായിരുന്നു വാദങ്ങളത്രയും. കെ.വി. തോമസിനെ എ.ഐ.സി.സി ഭാരവാഹിയാക്കും എന്നു പ്രചരിക്കുന്നുണ്ട്. 

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് ജയിച്ച മുസ്ലിം ലീഗ് ഇത്തവണ ജില്ലാ നേതാവ് എം.സി. കമറുദ്ദീനെ മത്സരിപ്പിക്കുന്നതില്‍ ചില്ലറ എതിര്‍പ്പുകള്‍ തുടക്കത്തിലുണ്ടായിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് അതു പരിഹരിച്ചു. അബ്ദു റസാഖ് തലനാരിഴയ്ക്ക് കടന്നുകൂടിയതുപോലുള്ള ഒരു വിജയം പോരാ എന്നുറപ്പിച്ചാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. 2016-ല്‍ ബി.ജെ.പിക്കും പിന്നിലായിപ്പോയ സി.പി.എം ഇത്തവണ ആദ്യം പരിഗണിച്ച മുന്‍ എം.എല്‍.എ സി.എച്ച്. കുഞ്ഞമ്പുവിനെ മാറ്റിയാണ് എം. ശങ്കര്‍റൈയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ജനകീയ, ക്ഷേത്രകലാ പ്രവര്‍ത്തകനും കാസര്‍ഗോഡിന്റെ ഭാഷാ വൈവിധ്യത്തിന്റെ പ്രതിനിധിയുമായി ശങ്കര്‍റൈയെ സി.പി.എം അവതരിപ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രവീശ തന്ത്രി കുണ്ടാര്‍ വന്നതോടെയാണ് ശങ്കര്‍റൈയില്‍ പ്രതീക്ഷ വയ്ക്കാന്‍ സി.പി.എം തീരുമാനിച്ചത്. പക്ഷേ, ശബരിമലയിലെ അനുഷ്ഠാനങ്ങള്‍ പാലിച്ച് സ്ത്രീകള്‍ക്കു പോകാം എന്നു പറഞ്ഞ് ശങ്കര്‍റൈ പാര്‍ട്ടിയെ വെട്ടിലാക്കി. ആ വിവാദം അധികം കത്തിയില്ലെങ്കിലും കനലണയാതെ കിടപ്പുണ്ട്. തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ കത്തിക്കൂടായ്കയില്ല. 

അഞ്ചില്‍ അഞ്ചും 
ജയിക്കുമെന്നു പറയാന്‍ 
അഞ്ച് കാരണങ്ങള്‍
 

മുല്ലപ്പള്ളി രാമചന്ദ്രന്‍ 
(കെ.പി.സി.സി. പ്രസിഡന്റ്)

* മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും എതിരായ പോരാട്ടം കൂടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പാളിച്ചകള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കും. നല്ല ഭൂരിപക്ഷത്തിനു ജയിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇപ്പോഴും കീഴാള വിഭാഗങ്ങളുടെ വീട്ടില്‍ പോകാത്ത ആളാണ്. അയിത്തം പാലിച്ച് അവരെ അകറ്റിനിര്‍ത്തുന്ന ആള്‍; സംഘപരിവാറിന്റെ അയിത്ത മനസ്സുള്ള സ്ഥാനാര്‍ത്ഥി, വിഷം ചീറ്റുന്ന ഹൈന്ദവ വര്‍ഗ്ഗീയതയുടെ പ്രതിനിധി. സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കര്‍റൈ ശബരിമലയുമായി ബന്ധപ്പെട്ട് പറഞ്ഞത് സ്ത്രീപ്രവേശനം ആകാം; പക്ഷേ, നിഷ്ഠകള്‍ പാലിക്കുന്ന സ്ത്രീകളാകണം എന്നാണ്. അത് അവരുടെ പ്രഖ്യാപിത നിലപാടിനെതിരാണ്. ജനങ്ങള്‍ മനസ്സിലാക്കും.

* അരൂരിലെ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാത്തതിന്റെ സഹതാപതരംഗത്തിനപ്പുറം എല്ലാ വിഭാഗങ്ങളുടേയും വലിയ പിന്തുണ ലഭിക്കും. വിമത എന്ന പേരില്‍ വന്നിരിക്കുന്ന സ്ഥാനാര്‍ത്ഥിക്കു പിന്നില്‍ സി.പി.എമ്മാണ്. അവര്‍ നാട്ടില്‍ത്തന്നെ കുറേക്കാലം ഉണ്ടായിരുന്നില്ല. ഒരുതരത്തിലും അവരുടെ സാന്നിധ്യം ഞങ്ങളെ ബാധിക്കില്ല. 

* എറണാകുളത്ത് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിജയത്തെക്കുറിച്ച് സംശയമില്ല. സി.പി.എം സ്വന്തം ചിഹ്നത്തില്‍ ഒരാളെ മത്സരിപ്പിക്കാന്‍ പോലും തയ്യാറായില്ല. ടി.ജെ. വിനോദ് ജനകീയനായ പൊതുപ്രവര്‍ത്തകനാണ്. 

* കോന്നിയില്‍ അടൂര്‍ പ്രകാശിന് ഒരു സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷേ, പാര്‍ട്ടിക്ക് റോബിന്‍ പീറ്ററിന് സീറ്റ് കൊടുക്കാന്‍ സാധിച്ചില്ല. ഒരു ഉപതെരഞ്ഞെടുപ്പൊക്കെ നടക്കുമ്പോള്‍ പല ഘടകങ്ങളും നോക്കേണ്ടതുണ്ട്. അങ്ങനെയാണ് മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇക്കാര്യം ഞാന്‍ തന്നെ അടൂര്‍ പ്രകാശിനെ ബോധ്യപ്പെടുത്തി. സ്വാഭാവികമായും അദ്ദേഹം അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിയെ പിന്മാറ്റേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന മാനസിക പ്രയാസമുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും അദ്ദേഹം രംഗത്തുണ്ട്. 

* വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് എതിര്‍ത്തതും പ്രതിഷേധിച്ചതും. ആദ്യം കെ. മുരളീധരന്‍ പീതാംബരക്കുറുപ്പിനു വേണ്ടി ശ്രമിച്ചിരുന്നു. പക്ഷേ, റിസ്‌ക്കെടുത്ത് മത്സരിക്കുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല എന്നു ബോധ്യപ്പെട്ടു. അങ്ങനെയാണ് തീരുമാനം മാറ്റിയത്. ആ വിഷയം വിജയത്തെ ബാധിക്കില്ല. കെ. മോഹന്‍കുമാര്‍ സത്യസന്ധനായ പൊതുപ്രവര്‍ത്തകനാണ്. ജയം ഉറപ്പ്. 

പാലായില്‍ സംഭവിച്ചത് 
 
* പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ലഭിച്ചത് രാഷ്ട്രീയമായ ജനവിധിയേ അല്ല. കാരണം ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി രണ്ടായി വിഭജിക്കപ്പെട്ടു. തെരഞ്ഞെടുപ്പിലുടനീളം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പകരം പൂര്‍ണ്ണമായും ഒരുതരം കോഴിപ്പോരാണ് നടത്തിയത്. മറ്റു ഘടകകക്ഷികളുടെ ഉത്തരവാദിത്വം എന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ ആ പാര്‍ട്ടി കണ്ടത്. കോണ്‍ഗ്രസ്സാണ്, കേരള കോണ്‍ഗ്രസ്സല്ല അവിടെ പ്രവര്‍ത്തിച്ചത്. അവരുടെ ആഭ്യന്തര സംഘര്‍ഷങ്ങളിലേയ്ക്കുള്ള ചര്‍ച്ചയായി തെരഞ്ഞെടുപ്പിനെ തരംതാഴ്ത്തി. അതില്‍ പ്രതിഷേധവും അമര്‍ഷവുമുള്ള വോട്ടര്‍മാരുടെ പ്രതികരണമാണ് കണ്ടത്.

* മറ്റൊന്നു വ്യാപകമായ വോട്ടു മറിക്കല്‍. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്ന് ഇത്തവണ അവിടെ എന്‍.ഡി.എയുടെ 16,777 വോട്ട് കുറഞ്ഞിരിക്കുന്നു. ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍നിന്നു പിരിഞ്ഞുപോകാത്തിടത്തോളം കാലം അത് ബി.ജെ.പിയുടെ ഭാഗം തന്നെയാണ്. അവര്‍ പറയുന്നത് ഞങ്ങളല്ല മറിച്ചത് എന്നാണ്. ഏതായാലും വോട്ടു മറിച്ചു എന്നത് വസ്തുതയാണ്. തെരഞ്ഞെടുപ്പുഫലം സംസ്ഥാന ഗവണ്‍മെന്റിന്റെ വിലയിരുത്തലാകും എന്നു ഞങ്ങള്‍ പറഞ്ഞപ്പോഴൊന്നും മുഖ്യമന്ത്രി തെരഞ്ഞെടുപ്പു വേദികളില്‍ മറുപടി പറയാന്‍ തയ്യാറായില്ല. ഒരൊറ്റ വേദിയില്‍പ്പോലും അദ്ദേഹം രാഷ്ട്രീയ വിഷയങ്ങളിലേയ്ക്കു കടന്നില്ല. അതൊരു രാഷ്ട്രീയ പോരാട്ടമേ ആയിരുന്നില്ല.

വോട്ടു കൈമാറ്റം 

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടിന് തോറ്റ കെ. സുരേന്ദ്രന്‍ തന്നെയാണ് ബി.ജെ.പിക്ക് നിര്‍ത്താവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി. പക്ഷേ, സുരേന്ദ്രനെ ഇത്തവണ നിര്‍ത്തിയത് അവിടെയല്ല കോന്നിയിലാണ്. അത് പാലായുടെ തുടര്‍ച്ചയായ ധാരണയാണ് എന്നാണ് ഞങ്ങളുടെ ആരോപണം. സുരേന്ദ്രന് കോന്നിയില്‍ സി.പി.എം വോട്ടു കൊടുക്കാനും വട്ടിയൂര്‍ക്കാവില്‍ തിരിച്ച് സി.പി.എമ്മിന് ബി.ജെ.പി വോട്ടുകൊടുക്കാനുമുള്ള ധാരണ.
സി.പി.എം-ബി.ജെ.പി വോട്ടു കൈമാറ്റം എന്ന വിഷയം സ്വാഭാവികമായും ചര്‍ച്ചയാകും. ഇത് പിണറായി വിജയന്‍ 1977-ല്‍ ആദ്യമായി കൂത്തുപറമ്പില്‍ മത്സരിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. ബി.ജെ.പി നേതാവ് കെ.ജി. മാരാര്‍ ഉദുമയില്‍ മത്സരിച്ചപ്പോള്‍ ഇതേ സഹകരണം ഉണ്ടായിരുന്നു. ഇന്നു ജീവിച്ചിരിപ്പില്ലാത്ത സി.പി.എം നേതാവ് പുരുഷോത്തമന്‍ ആയിരുന്നു അന്ന് കെ.ജി. മാരാരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരന്‍. ആര്‍.എസ്.എസ്സുമായി ഒരുകാലത്തും കൂട്ടുകൂടാതിരുന്നത് കോണ്‍ഗ്രസ്സ് മാത്രമാണ്. കോണ്‍ഗ്രസ്സിന് ആയിരം കുറ്റങ്ങളുണ്ടാകാം. പക്ഷേ, തീവ്രഹിന്ദുത്വ നിലപാടുമായി എല്ലാക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് ഞങ്ങള്‍ മാത്രമാണ്.

പാലാ വിജയം 
നിലനിര്‍ത്താന്‍ 
അഞ്ച് കാരണങ്ങള്‍ 

കോടിയേരി ബാലകൃഷ്ണന്‍  
(സി.പി.എം സംസ്ഥാന സെക്രട്ടറി)

* കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായ ഒരു മാറ്റം വന്നിട്ടുണ്ട്. അതാണ് പാലാ ഉപതെരഞ്ഞെടുപ്പ് തെളിയിക്കുന്നത്.

* കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകളിലുമൊക്കെ വിദ്യാര്‍ത്ഥികള്‍ നടത്തിയ വിധിയെഴുത്തില്‍ വമ്പിച്ച വിജയമാണ് എസ്.എഫ്.ഐക്ക് ഉണ്ടായത്. അത് യുവതലമുറ എല്‍.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്നതിനു തെളിവാണ്. പ്രത്യേകിച്ച് വര്‍ഗ്ഗീയതയ്ക്ക് എതിരായിട്ടും കോര്‍പ്പറേറ്റുവല്‍ക്കരണത്തിന് എതിരായിട്ടുമാണ് യുവതലമുറ ചിന്തിക്കുന്നത്. 

* ദേശീയതലത്തില്‍ ബി.ജെ.പി എടുക്കുന്ന നിലപാടിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുന്നില്ല. കോണ്‍ഗ്രസ്സ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ബി.ജെ.പിയുടെ ഒരു പിന്താങ്ങി പ്രതിപക്ഷമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷം ശക്തിപ്പെട്ടാല്‍ മാത്രമേ ബി.ജെ.പിക്ക് എതിരായിട്ട് ഒരു ബദല്‍ രാജ്യത്ത് ഉയര്‍ന്നുവരാന്‍ പോകുന്നുള്ളു എന്ന തിരിച്ചറിവ് ജനങ്ങളില്‍ ശക്തിപ്പെട്ടുവരികയാണ്. അതിന്റെ ഭാഗമാണ് കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായി വരുന്ന ഈ മുന്നേറ്റം. ഇന്ന് രാജ്യത്ത് ഒരു ഇടതുപക്ഷ ഗവണ്‍മെന്റ് മാത്രമേയുള്ളു, അത് കേരളത്തിലാണ്. ആ ഗവണ്‍മെന്റിനെക്കൂടി ദുര്‍ബ്ബലപ്പെടുത്താനും തകര്‍ക്കാനുമാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. അങ്ങനെ വന്നുകഴിഞ്ഞാല്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ മത ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കും നിര്‍ഭയമായി അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത സംസ്ഥാനമായി മാറും. അത് അനുവദിച്ചുകൂടാ എന്നു ചിന്തിക്കുന്ന ജനാധിപത്യ വിശ്വാസികളും മതനിരപേക്ഷ ബോധമുള്ളവരുമാണ് ഇടതുപക്ഷത്തോടൊപ്പം ഇപ്പോള്‍ പുതുതായി അണിനിരന്നുകൊണ്ടിരിക്കുന്നത്. 

* അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം, മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തു ബീഹാര്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. കേരളത്തിലായതുകൊണ്ടാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടാതിരിക്കുന്നത്. പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതാന്‍പോലും പാടില്ല എന്ന ഫാസിസ്റ്റ് നിലപാടിന്റെ ഭാഗമാണ് ഇത്തരം സമീപനം. ഇതിനെതിരെ പ്രതികരിക്കാനും ഇടപെടാനും കഴിയുന്നത് കേരളത്തിലാണെങ്കിലും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്. അതുകൊണ്ട് ഏതു വിലകൊടുത്തും കേരളത്തിലെ ഇടതുപക്ഷത്തെ തടയണം എന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. 

* ഞങ്ങള്‍ ജാതിമത അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു പിടിക്കാന്‍ ശ്രമിക്കുന്നവരല്ല. യു.ഡി.എഫ് എപ്പോഴും ശ്രമിക്കുന്നത് ജാതിമത അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനാണ്. അതില്‍നിന്നു വ്യത്യസ്തമായി ഓരോ സ്ഥലത്തും യോജിച്ച സ്ഥാനാര്‍ത്ഥി ആരാണെന്ന് ജാതിയോ മതമോ നോക്കാതെയാണ് തീരുമാനിക്കുന്നത്. ഓരോ മണ്ഡലത്തിലേയ്ക്കും പറ്റിയ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. മറ്റു പരിഗണനകളൊന്നും തന്നെ ഞങ്ങള്‍ എടുത്തിട്ടില്ല. മാത്രമല്ല, എല്ലാ മതവിഭാഗങ്ങളിലുമുള്ള മഹാഭൂരിപക്ഷം വര്‍ഗ്ഗീയതയ്ക്ക് എതിരായി ചിന്തിക്കുന്നവരാണ്.

വോട്ടുകച്ചവടം  

പാലായില്‍ ആര്‍.എസ്.എസ്സിന്റെ വോട്ട് യു.ഡി.എഫിന് ചെയ്തുവെന്ന് ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റ് തന്നെ പിന്നീട് തുറന്നു പറഞ്ഞിരിക്കുകയാണ്. മുന്‍കാലങ്ങളിലും ഇതുപോലുള്ള വോട്ടുകച്ചവടം യു.ഡി.എഫും ബി.ജെ.പിയും നടത്തിയിട്ടുണ്ട് എന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. അതിന്റെ ഭാഗമായിട്ടാണ് നേമത്ത് ഒ. രാജഗോപാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ്സ് വോട്ടുകളാണ് അന്ന് രാജഗോപാലിനെ ജയിപ്പിച്ചത്. 1991-ലെ കോലീബി സഖ്യം ഉണ്ടായിരുന്നു എന്ന് കെ.ജി. മാരാര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് വോട്ടുകച്ചവടം ചെയ്യാന്‍ തീരുമാനിച്ചിരുന്ന സ്ഥലങ്ങളായിരുന്നു മഞ്ചേശ്വരവും തിരുവനന്തപുരം ഈസ്റ്റും. രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് ആ കരാര്‍ നടപ്പാക്കപ്പെട്ടില്ല. അങ്ങനെയാണ് രണ്ടു സ്ഥലത്ത് ബി.ജെ.പിയെ ജയിപ്പിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമം നടക്കാതെ പോയത്. എന്നാല്‍, അന്നു നടക്കാതെ പോയത് ഇപ്പോള്‍ നടപ്പാക്കാനുള്ള അവസരം രണ്ടിടത്തും വന്നിരിക്കുകയാണ്. മഞ്ചേശ്വരത്തും പഴയ തിരുവനന്തപുരം ഈസ്റ്റിന്റെ ഭാഗമായ വട്ടിയൂര്‍ക്കാവിലും തെരഞ്ഞെടുപ്പ് നടക്കുന്നു. 1991-നെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസ്സ് അല്പം മുന്‍കൂട്ടി പറഞ്ഞത് വട്ടിയൂര്‍ക്കാവിലും കോന്നിയിലും സി.പി.എം-ബി.ജെ.പി വോട്ടു കച്ചവടം ഉണ്ടെന്നാണ്. ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതുതന്നെ രണ്ട് സ്ഥലത്തും ഇവര്‍ തമ്മില്‍ ധാരണയുണ്ടായിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. ഇത്തരത്തിലൊരു അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും ഇത്തവണ അവര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അതാണ് പാലാ തെളിയിച്ചത്. അതുതന്നെ ആയിരിക്കും മറ്റു മണ്ഡലങ്ങളിലും ആവര്‍ത്തിക്കാന്‍ പോകുന്നത്.

തോല്‍ക്കാതിരിക്കാന്‍ 
അഞ്ചു കാരണങ്ങള്‍

പി.എസ്. ശ്രീധരന്‍ പിള്ള  
(ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്)

* ബി.ജെ.പി ജയിക്കുമെങ്കില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകള്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലുമുണ്ട്. എന്നാല്‍, ബി.ജെ.പി ജയിക്കില്ല എന്ന പ്രചാരണം കേള്‍ക്കുമ്പോള്‍ രണ്ട് മുന്നണികളില്‍ ഒന്നിന് അവര്‍ വോട്ടു ചെയ്യുന്ന സ്ഥിതിയാണുള്ളത്. അതിനു മാറ്റമുണ്ടാകുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പായി ഈ അഞ്ച് മണ്ഡലങ്ങളിലെ പോരാട്ടം മാറാന്‍ പോവുകയാണ്. ഈ ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പി ഒരു ഭാഗത്തും മറ്റു രണ്ട് മുന്നണികള്‍ മറുഭാഗത്തായുമാണ് മത്സരം. സാധാരണ ബി.ജെ.പി മറ്റ് ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഒരു മൂന്നാം ശക്തിയാണ്. മൂന്നാം ശക്തി ആരായാലും ഉപതെരഞ്ഞെടുപ്പുകളുടെ പ്രതികരണം പൊതുവേ ക്രൂരമായിരിക്കും. ഇപ്പോള്‍ മൂന്നാം ശക്തിയായി വന്നിരിക്കുന്നത് ഇടതുപക്ഷമാണ്. ആ സ്ഥിതിക്ക് തടയിടാന്‍ രണ്ടു പക്ഷവും ചേര്‍ന്ന് ചക്കളത്തിപ്പോര് നടത്തുകയാണ്. 

* രാഷ്ട്രീയമായും സംഘടനാപരമായും പ്രവര്‍ത്തനപരമായും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു തടയിടാന്‍ അടിയന്തര ഇടപെടല്‍ വേണം എന്നാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമുള്ള സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിശകലനം.

* ശബരിമലയുടെ കാര്യത്തില്‍ തെറ്റു സംഭവിച്ചു എന്നു സമ്മതിക്കേണ്ടിവന്നു. തിരുത്തും എന്നും പറഞ്ഞു. എന്നിട്ടിപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും ചേര്‍ന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. 

* നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ കുപ്രചാരണങ്ങള്‍ സൃഷ്ടിച്ച ഭയപ്പാടിന്റെ അന്തരീക്ഷത്തില്‍ രാഹുല്‍ഗാന്ധി കേന്ദ്രത്തില്‍ അധികാരത്തിലെത്തും എന്നു പ്രതീക്ഷിച്ചാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറേയാളുകള്‍ യു.ഡി.എഫിന് വോട്ടു ചെയ്തത്. അവര്‍ സത്യം തിരിച്ചറിഞ്ഞ് തിരിച്ചു വോട്ടു ചെയ്യാന്‍ പോകുന്നു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഉള്‍പ്പെടെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട ധാരാളം ആളുകള്‍ ഞങ്ങളെ സഹായിക്കും. 

* കുമ്മനം രാജേശഖരന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഞങ്ങളെ മനപ്പൂര്‍വ്വം ചില മാധ്യമങ്ങള്‍ ഉന്നംവയ്ക്കുന്നതിന്റെ ഭാഗമാണ്. സി.പി.എമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും സ്ഥാനാര്‍ത്ഥി പട്ടികയിലെ മറ്റു പേരുകള്‍ ഇത്രയും ചര്‍ച്ചയാകുന്നുമില്ല. കുമ്മനം വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങള്‍ ജയിക്കും. അത് തടയാനുള്ള അധമമായ പ്രവര്‍ത്തനങ്ങളിലാണ് പലരും ഏര്‍പ്പെട്ടിരിക്കുന്നത്. 

വോട്ടുകച്ചവടം 

വോട്ടുകച്ചവടം എന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കുതന്നെയാണ് വാസ്തവത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ക്രോസ് വോട്ട് ചെയ്ത ചരിത്രമുള്ളത്. ഉദാഹരണത്തിന് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. അവിടെ എങ്ങനെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവിടെ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായത്. അതിശോചനീയമായ സ്ഥിതിയിലേക്ക് അവര്‍ പോയി. തിരുവനന്തപുരത്ത് പി.കെ. വാസുദേവന്‍ നായരും പന്ന്യന്‍ രവീന്ദ്രനും അതിനൊക്കെ മുന്‍പ് വി.കെ. കൃഷ്ണമേനോനും മല്‍സരിച്ചപ്പോഴൊന്നും ഇതായിരുന്നില്ലല്ലോ സ്ഥിതി. പാരമ്പര്യമായി അവര്‍ മൂന്നാം സ്ഥാനത്തല്ല. ഇപ്പോള്‍ മൂന്നാം സ്ഥാനത്തു പോയത് എങ്ങനെയെന്ന് വിശദീകരിക്കണം. വോട്ടു ചോര്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ എല്‍.ഡി.എഫ് നിയോഗിച്ച പന്ന്യന്‍ രവീന്ദ്രന്‍ കമ്മിഷന്റേയും കോണ്‍ഗ്രസ്സ് നിയോഗിച്ച സി.വി. പത്മരാജന്‍ കമ്മിഷന്റേയും റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. എന്തായിരുന്നു കണ്ടെത്തലുകള്‍ എന്നു ജനങ്ങളോടു പറഞ്ഞിട്ടില്ല. 

മാര്‍ജ്ജാരസുരതം എന്നൊരു പ്രയോഗമുണ്ട്. പൂച്ചകള്‍ ബന്ധപ്പെടുന്നതിനു മുന്‍പ് പരസ്പരം കോക്രി കാണിക്കുകയും വഴക്കടിക്കുകയും ചെയ്യും. ഞാന്‍ ആ വാക്കുതന്നെ സി.പി.എമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും ബന്ധത്തെക്കുറിച്ചു പറയാന്‍ ഉപയോഗിക്കുന്നു. പാലായില്‍ ബി.ജെ.പി വോട്ടു മറിച്ചതിനു തെളിവുണ്ട് എന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്കു 10000 വോട്ടില്‍ താഴെ കിട്ടാറില്ലാത്ത സ്ഥലമാണ് പാലാ. 2011-ല്‍ 7000-ത്തിലധികം വോട്ടു മാത്രം കിട്ടിയ, സംഘടനാപരമായി ഏറ്റവും ദുര്‍ബ്ബലമായ മണ്ഡലമാണ്. ഞങ്ങള്‍ക്ക് ഇത്തവണ 18,000 വോട്ടു കിട്ടിയത് വലിയ കാര്യമാണ്. 13,000-ത്തിലധികം വോട്ട് കിട്ടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. 2016-ല്‍ പ്രത്യേകമായി ചില സമുദായങ്ങളുടെ പിന്തുണ ലഭിച്ചതുകൊണ്ട് 24,000-ത്തിലേയ്ക്ക് എത്താന്‍ സാധിച്ചു. 9,000-ത്തില്‍ അധികം വോട്ട് കുറഞ്ഞ മുന്നണിയുടെ നേതാവായ കെ.പി.സി.സി പ്രസിഡന്റാണ് ചോദിക്കുന്നത്, നിങ്ങളുടെ 6000 വോട്ട് എവിടെപ്പോയി എന്ന്. വളരെ വിചിത്രമാണ് ഇവരുടെ വാദഗതികള്‍. 

ഈ അഞ്ച് മണ്ഡലങ്ങളില്‍ ഞങ്ങള്‍ പരമാവധി ശക്തി സംഭരിച്ച് പൊരുതാന്‍ പോകുമ്പോള്‍ ഞങ്ങളുടെ അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും വോട്ടര്‍മാരുടേയും ആത്മവിശ്വാസം ചോര്‍ത്തിക്കളയാനുള്ള വൃഥാശ്രമമാണ് ഇപ്പോഴത്തെ ആരോപണം. കേരളത്തിനു ചുറ്റുപാടും ഗൂഡല്ലൂരിലും കോയമ്പത്തൂരിലും കന്യാകുമാരിയിലുമൊക്കെ ഒന്നിച്ചു മത്സരിക്കുന്നവരാണ് ഇവര്‍. ഞങ്ങള്‍ക്കെതിരായ മുനയൊടിഞ്ഞ ആരോപണത്തിനിടെ അവര്‍ പരസ്പരം വോട്ടുചെയ്ത് സഹായിക്കാന്‍ അണികള്‍ക്കു പരിശീലനം നല്‍കുകയാണ്. 

കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കാത്തതില്‍ പ്രത്യേകതയൊന്നുമില്ല. അദ്ദേഹം കോന്നിയില്‍ മത്സരിക്കാനാണ് താല്പര്യപ്പെട്ടത്. അദ്ദേഹം മത്സരിക്കുമ്പോഴാണ് കോന്നിയില്‍ കൂടുതല്‍ വിജയസാധ്യത എന്നാണ് പാര്‍ട്ടിയുടേയും വിലയിരുത്തല്‍


ലോക്സഭാ വിജയത്തുടര്‍ച്ചയ്ക്ക് 
അഞ്ച് കാരണങ്ങള്‍

കെ.പി.എ മജീദ്  
(മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി)

* വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും യു.ഡി.എഫും ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരമാണ്. അവിടെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരാനാണ് സാധ്യത. മറ്റു മൂന്ന് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. 

* ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പ്രതികരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. അത് വീണ്ടും ആവര്‍ത്തിക്കും. പ്രത്യേകിച്ച് കോന്നിയിലും കൂടി തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് അത് ഒരു ചര്‍ച്ചാവിഷയം തന്നെയാണ്. വിശ്വാസികളുടെ കൂടെ ആര് നില്‍ക്കുന്നു എന്നതാണ് പ്രശ്‌നം. കഴിഞ്ഞ തവണ ബി.ജെ.പി കുറേ ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ശബരിമല വിഷയത്തില്‍ വോട്ടു കിട്ടിയത് യു.ഡി.എഫിനാണ്. അതാണ് തെരഞ്ഞെടുപ്പു ചിത്രം പറയുന്നത്. 

* ബി.ജെ.പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകള്‍പോലും ഈ തെരഞ്ഞെടുപ്പില്‍ കിട്ടാന്‍ സാധ്യത കുറവാണ്. അവരുടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുകള്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള അതൃപ്തി, പൗരാവകാശ ലംഘനങ്ങള്‍, കശ്മീര്‍ ഇതൊക്കെ ജനങ്ങളെ അവര്‍ക്കെതിരെ തിരിച്ചിരിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയും മതേതരത്വത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതുകൊണ്ട് ജനങ്ങളില്‍ ബി.ജെ.പിക്ക് എതിരെ വലിയ വികാരമുണ്ട്. 

* കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ തൃപ്തരല്ല. ഏറ്റവും ഒടുവില്‍ പെരിയ കൊലക്കേസുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍, നിലവിലെ കുറ്റപത്രം തള്ളിയത്, പ്രതികള്‍ക്കുവേണ്ടി പൊലീസ് മെനഞ്ഞതാണ് ആ കുറ്റപത്രം എന്ന വിമര്‍ശനം ഇതൊക്കെ ചര്‍ച്ചയാകും. കിഫ്ബിയുടേയും കിയാലിന്റേയും ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളില്‍ സംശയം ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ക്കെന്തോ മറച്ചുവയ്ക്കാനുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ കൂടി ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഷാനിമോള്‍ ഉസ്മാനിലൂടെ അരൂരും തിരിച്ചുപിടിക്കും. മുന്‍പ് ആരിഫിനു ലഭിച്ചിരുന്നത് വ്യക്തിപരമായ വോട്ടായിരുന്നു; രാഷ്ട്രീയ വിജയമായിരുന്നില്ല. 

* പാലായിലെ ഞങ്ങളുടെ പരാജയം എല്‍.ഡി.എഫിന്റെ രാഷ്ട്രീയ വിജയമായി എല്‍.ഡി.എഫ് പോലും കാണുന്നില്ല. കേരള കോണ്‍ഗ്രസ്സില്‍ ഉണ്ടായ അഭിപ്രായഭിന്നത തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ആരംഭിച്ച് അവസാന നിമിഷം വരെ തുടര്‍ന്നു. അതുകൊണ്ട് രാഷ്ട്രീയമായ ഒരു പ്രചരണ പരിപാടിയിലേക്ക് പോകാന്‍ യു.ഡി.എഫിന് സാധിച്ചില്ല. മറ്റൊന്ന്, പാലായില്‍ എന്‍.ഡി.എയുടെ വോട്ട് പരമാവധി എല്‍.ഡി.എഫിനു വാങ്ങാന്‍ സാധിച്ചു. ഇത് രണ്ടുമാണ് അവരെ വിജയിപ്പിച്ചത്. അത്തരം സാഹചര്യം അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇല്ല. ബി.ജെ.പി വോട്ട് മറിക്കാനുള്ള ശ്രമം എല്‍.ഡി.എഫ് നടത്തുന്നുണ്ട്. അതിനെ മറികടക്കാനുള്ള വോട്ട് യു.ഡി.എഫ് നേടും. മുന്നണി എന്ന നിലയില്‍ യു.ഡി.എഫ് ഭദ്രവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com