ആ ചോദ്യം സുരേന്ദ്രനും ശോഭാ സുരേന്ദ്രനും വെല്ലുവിളി

തദ്ദേശസ്വയംഭരണ-നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ നേതൃത്വമില്ലാത്ത പാര്‍ട്ടി സംവിധാനത്തിന് അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എത്രമാത്രം കഴിയും
ആ ചോദ്യം സുരേന്ദ്രനും ശോഭാ സുരേന്ദ്രനും വെല്ലുവിളി

കേരളത്തിലെ ബി.ജെ.പിക്കു പുതിയ അധ്യക്ഷന്‍ വരാന്‍ വൈകുന്നതിനെക്കുറിച്ച്  ആകാംക്ഷയുള്ള രണ്ടു വിഭാഗങ്ങളുണ്ട്. ആദ്യത്തേത് ആ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളാണ്, രണ്ടാമത്തെ വിഭാഗം സാധാരണ പ്രവര്‍ത്തകരും. രണ്ടും രണ്ടുതരം ആകാംക്ഷയാണ്. ആ പേര് തന്റേതാകുമോ എന്നതാണ് സ്വാഭാവികമായും നേതാക്കളുടെ ആകാംക്ഷ; ബി.ജെ.പിക്ക് അനുകൂലമായി കേരളത്തിലും മാറിക്കൊണ്ടിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയസാഹചര്യം ഉപയോഗപ്പെടുത്താന്‍ ഞങ്ങളെ ആരു നയിക്കും എന്ന ചോദ്യമാണ് പ്രവര്‍ത്തകരുടെ മനസ്സില്‍. നേട്ടമാക്കാവുന്ന രാഷ്ട്രീയമാറ്റങ്ങള്‍ സംഘടനാ ദൗര്‍ബ്ബല്യംകൊണ്ട് കൈവിട്ടുകളയുന്ന ഗതികേടിന്റെ പേരു കൂടിയായി മാറുകയാണ് കേരളത്തിലെ ബി.ജെ.പി. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടി കേരളം പിടിക്കാന്‍ കുറേക്കാലമായി നടത്തുന്ന ശ്രമങ്ങള്‍, ലഭിക്കുന്ന വോട്ടിന്റെ ഗ്രാഫ് മുകളിലേക്കായിട്ടും തെരഞ്ഞടുപ്പു കടമ്പകളില്‍ തട്ടിവീഴുന്നത് എന്നിവയാണ് കാരണങ്ങള്‍. 

ജയിച്ചില്ലെങ്കിലും ഓരോ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുന്നു. സമീപകാല ജനവിധികള്‍ ബി.ജെ.പിയുടെ വളര്‍ച്ച വേഗത്തിലായതിനു തെളിവായുണ്ട്. പക്ഷേ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പിന്നോട്ടായി. 2016-ലെ രണ്ടാം സ്ഥാനത്തുനിന്ന് വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തായി. മഞ്ചേശ്വരത്ത് രണ്ടാംസ്ഥാനം നിലനിര്‍ത്തിയെങ്കിലും ജയിച്ച സ്ഥാനാര്‍ത്ഥിയുമായുള്ള വോട്ട് വ്യത്യാസം വര്‍ദ്ധിച്ചു. അതിനു തൊട്ടുപിന്നാലെയാണ് പി.എസ്. ശ്രീധരന്‍ പിള്ളയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റി മിസോറാം ഗവര്‍ണറാക്കിയത്. ഡിസംബറില്‍ കാലാവധി കഴിയുമായിരുന്ന പ്രസിഡന്റിനെ രണ്ടു മാസം മുന്‍പ് മാറ്റിയത് പാര്‍ട്ടി നന്നാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. ശ്രീധരന്‍ പിള്ളയ്ക്കു സ്വാഭാവികമല്ലാത്ത ഒരു പടിയിറക്കം തീരുമാനിച്ചുറച്ചുതന്നെ നല്‍കുകയായിരുന്നു. പിന്നാലെ വരുന്നവര്‍ക്ക് അതില്‍ പാഠമുണ്ട്. 

ഒക്ടോബര്‍ 27-നാണ് പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച് ഉത്തരവ് വന്നത്. അടുത്ത ദിവസം തന്നെ അദ്ദേഹം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. അന്നുമുതല്‍ തന്നെ കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍, ആര്‍.എസ്.എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്‍, രാജ്യസഭാംഗം സുരേഷ് ഗോപി എന്നിവരുടെ പേരും കേള്‍ക്കുന്നു.  വി. മുരളീധരന്‍ പക്ഷമാണ് കെ. സുരേന്ദ്രന്‍; എം.ടി. രമേശും എ.എന്‍. രാധാകൃഷ്ണനും പി.കെ. കൃഷ്ണദാസ് പക്ഷം. ശോഭാ സുരേന്ദ്രനു ഗ്രൂപ്പില്ല; കുമ്മനത്തിനും. ആര്‍.എസ്.എസ്സിന്റെ അഭിപ്രായം ചോദിക്കാതെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ അമിത് ഷാ മിസോറാം ഗവര്‍ണറാക്കിയ കുമ്മനത്തെ ആര്‍.എസ്.എസ് തന്നെയാണ് രാജിവയ്ക്കാനും തിരുവനന്തപുരത്ത് മത്സരിക്കാനും നിര്‍ബന്ധിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതിലും വലിയ തോല്‍വിയും പിന്നീട് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രകടിപ്പിച്ച താല്പര്യവും ഏല്പിച്ച മങ്ങലുണ്ട് അദ്ദേഹത്തിന്. 

കുമ്മനം ഗവര്‍ണറായി പോയപ്പോഴും പിന്‍ഗാമിയായി വന്നുപോയ പേരാണ് എം. രാധാകൃഷ്ണന്‍. പക്ഷേ, പാര്‍ട്ടിക്കാര്‍ക്ക് അപരിചിതന്‍. ഒന്നര വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഒന്നില്‍നിന്നു രണ്ടക്ക സംഖ്യയിലേയ്ക്കു പ്രാതിനിധ്യം ഉയര്‍ത്താന്‍ പ്രാപ്തിയുള്ളത് ആര്‍ക്ക് എന്ന ചോദ്യം സുരേന്ദ്രനും ശോഭാ സുരേന്ദ്രനും വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സിലെ ചിലരിലേയ്ക്കു കണ്ണുവച്ചുള്ള നീക്കങ്ങള്‍ ബി.ജെ.പി നേതൃത്വം പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടുമില്ല. 

ബിജെപി മുൻ അധ്യക്ഷൻ അ‍ഡ്വ. ശ്രീധരൻ പിള്ളയും ഉപാധ്യക്ഷൻ എപി അബ്ദുള്ള കുട്ടിയും
ബിജെപി മുൻ അധ്യക്ഷൻ അ‍ഡ്വ. ശ്രീധരൻ പിള്ളയും ഉപാധ്യക്ഷൻ എപി അബ്ദുള്ള കുട്ടിയും

മാറുന്ന മുന്‍ഗണനകള്‍ 

മുന്‍പൊക്കെ സംസ്ഥാന ഘടകങ്ങളുടെ ശുപാര്‍ശകള്‍ അതേപോലെ നടപ്പാക്കുന്നതായിരുന്നു ബി.ജെ.പിയിലെ രീതി. ഇപ്പോള്‍ അങ്ങനെയല്ല. കേന്ദ്ര നേതൃത്വം വളരെ ശക്തമാണ്. അവര്‍ പല കണക്കുകള്‍ കൂട്ടുന്നു. പാര്‍ട്ടിയുടേതല്ലാത്ത പല സംവിധാനങ്ങള്‍ വഴി വിവരങ്ങള്‍ ശേഖരിക്കുകയും അതുവച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. അതില്‍ ചിലപ്പോള്‍ ജയിക്കും, ചിലപ്പോള്‍ പിഴയ്ക്കും. കേരളത്തിന്റെ കാര്യത്തില്‍ തുടര്‍ച്ചയായി പിഴച്ചതിന്റെ അനുഭവം പാഠമായി അമിത് ഷായ്ക്കു മുന്നിലുണ്ട്. അതുകൊണ്ടു കൂടിയാണ് പുറമേ നിന്നൊരു ക്രൗഡ്പുള്ളറെ കൊണ്ടുവരാന്‍ പറ്റുമോ എന്നു നോക്കുന്നത്. 

''കോണ്‍ഗ്രസ്സില്‍നിന്നോ മറ്റോ ഒരു ശ്രമം ഇനിയും നടത്താമല്ലോ. നടന്നുകൂടായ്കയൊന്നുമില്ല. നടന്നില്ലെങ്കില്‍ നാല് ജനറല്‍ സെക്രട്ടറിമാരില്‍നിന്ന് ഒരാളെ ഏതു സമയത്തും നിയമിക്കാം. അവരില്‍ ആരാണ് യോഗ്യര്‍ എന്നു കണക്കുകൂട്ടി മാര്‍ക്കിട്ട് വെച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ളയാളെ പ്രഖ്യാപിച്ചാല്‍ മാത്രം മതി.'' ബി.ജെ.പിയുടെ പ്രമുഖ നേതാക്കളിലൊരാള്‍ പറഞ്ഞത് ഇങ്ങനെ. ''സി.പി.എം കഴിഞ്ഞാല്‍ ഇത്രയധികം കേഡര്‍മാരുള്ള പാര്‍ട്ടി വേറെയില്ല. പക്ഷേ, അതു നേട്ടമാക്കാന്‍ പറ്റുന്നില്ല. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പ്രധാനമായ തെരഞ്ഞെടുപ്പു വിജയം അകലെ നില്‍ക്കുന്നു. 2016-ല്‍ നേമത്ത് ഒ. രാജഗോപാല്‍ ജയിച്ചത് ചൂണ്ടിക്കാട്ടി മാത്രം മേനിപറയാന്‍ പറ്റില്ല'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത  എന്‍.ഡി.എ ഘടകകക്ഷി നേതാവ് പറയുന്നു. അതായത് പ്രസിഡന്റ് ആരായാലും നിസ്സാരമല്ല ഉത്തരവാദിത്വം. അടുത്ത തെരഞ്ഞെടുപ്പിലെ ജയം പ്രധാനമാണ്. ഇല്ലെങ്കില്‍ അതോടെ ആ പ്രസിഡന്റിന്റെ രാഷ്ട്രീയ ഭാവിപോലും തീരും. നിയമസഭയില്‍ മെച്ചപ്പെട്ട പ്രാതിനിധ്യം ഉണ്ടാക്കിയേ പറ്റൂ. 

ശ്രീധരന്‍ പിള്ളയ്ക്കു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവസരം ലഭിച്ചത് ഒരു ഒത്തുതീര്‍പ്പ് എന്ന നിലയിലായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ കുമ്മനത്തെ പെട്ടെന്നു ഗവര്‍ണറാക്കിയപ്പോള്‍ പിന്‍ഗാമിയായി കെ. സുരേന്ദ്രനായിരുന്നു ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍. എന്നാല്‍, കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വത്തിന് സുരേന്ദ്രനോട് താല്പര്യമുണ്ടായിരുന്നില്ല. ആര്‍.എസ്.എസ്സിന് ഇടക്കാലത്ത് വി. മുരളീധരനോടുണ്ടായ അകല്‍ച്ച അദ്ദേഹത്തിന്റെ വലംകയ്യായ സുരേന്ദ്രനേയും ബാധിച്ചു. പകരം മറ്റൊരാളെ നിര്‍ദ്ദേശിക്കാന്‍ അവര്‍ തയ്യാറായുമില്ല. അങ്ങനെയാണ് ചെങ്ങന്നൂരില്‍ രണ്ടാം തവണയും മികച്ച പ്രകടനം നടത്തിയ ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കിയത്. എന്നാല്‍, പാര്‍ട്ടിക്കു ലഭിച്ച സുവര്‍ണ്ണാവസരം വേണ്ടതുപോലെ വിനിയോഗിക്കുന്നതില്‍ ശ്രീധരന്‍ പിള്ള വിജയിച്ചില്ല എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. 

കേരളഘടകത്തിലെ ഗ്രൂപ്പ് പോരാണ് കേന്ദ്ര നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്. രണ്ടാംനിര നേതാക്കളിലും ഇതിന്റെ സ്വാധീനം രൂക്ഷം. ശോഭാ സുരേന്ദ്രനു ഗ്രൂപ്പില്ലെങ്കിലും അവര്‍ വി. മുരളീധരന്‍ വിരുദ്ധ പക്ഷത്താണ്. പ്രഖ്യാപിത മുരളീധരന്‍ വിരുദ്ധരുടെ ഗ്രൂപ്പിലല്ല എന്നുമാത്രം. വ്യക്തിപരം മാത്രമാണ് ഗ്രൂപ്പു പോരിന്റേയും നേതാക്കള്‍ക്കു പരസ്പരം യോജിപ്പില്ലാത്തതിന്റേയും അടിസ്ഥാന കാരണങ്ങളെന്ന് അമിത് ഷായ്ക്ക് ഉള്‍പ്പെടെ നന്നായി അറിയുകയും ചെയ്യാം. ഇവരാരുമല്ലാത്ത ഒരാളെ കൊണ്ടുവന്നു ഗ്രൂപ്പുകളില്‍നിന്നു പാര്‍ട്ടിയെ രക്ഷിക്കാം എന്ന ആലോചന അങ്ങനെ വന്നതാണ്. പക്ഷേ, ബി.ജെ.പിയുടെ ഭാഗമല്ലാതിരുന്ന വി. മുരളീധരനെ ആര്‍.എസ്.എസ് ഇടപെട്ട് ആദ്യം വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡന്റുമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ശക്തമായ ഗ്രൂപ്പ് രൂപപ്പെട്ട അനുഭവം മുന്നിലുണ്ട്. 

കുമ്മനത്തെ മാറ്റിയത് സുരേന്ദ്രനെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു എന്ന പഴയ വാദമാണ് അമിത് ഷായും ജെ.പി. നഡ്ഡയും സന്തോഷും സുരേന്ദ്രന് അനുകൂലമാണ് എന്നു വാദിക്കുന്നവര്‍ ഇപ്പോഴും ഉയര്‍ത്തുന്നത്. ആര്‍.എസ്.എസ്സിന് സുരേന്ദ്രന്‍ മുന്‍പത്തെയത്ര അനഭിമതനല്ലതാനും. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സമരം നയിച്ചതും കേസുകളില്‍ പ്രതിയായതും ജയിലില്‍ കിടന്നതുമൊക്കെയാണ് കാരണം. ബി.ജെ.പിയെ അതിന്റെ വഴിക്കു വിടുന്നതാണ് നല്ലത് എന്ന ധാരണ ആര്‍എസ്എസില്‍ രൂപപ്പെട്ടതിന്റെ ഫലമാണ് ഈ മാറ്റം. ആര്‍.എസ്.എസ്സിന്റെ ആശയപരമായ സ്വാധീനം മാത്രമേ പാര്‍ട്ടിക്കുമേല്‍ ഉണ്ടാകാന്‍ പാടുള്ളുവെന്നു മുന്‍പ് ജനസംഘം രൂപീകരിച്ച കാലത്തുതന്നെ ധാരണയുണ്ടായിരുന്നു. എന്നാല്‍, ക്രമേണ പാര്‍ട്ടിയിലെ ആര്‍.എസ്.എസ് പിടി മുറുകി. അത് ഏറ്റവുമധികമുള്ളതും അതിന്റെ ദോഷം ഏറ്റവും അനുഭവിക്കുന്നതും കേരളത്തിലാണ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയതലത്തില്‍ ദൈനംദിന പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ബി.ജെ.പിയുടെ ഇടപെടലില്ല. ''സ്വന്തമായി ജനകീയ അടിത്തറയില്ലാത്ത നേതാക്കളാണ് ആര്‍.എസ്.എസ്സിന്റെ തണലില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്'' ആര്‍.എസ്.എസ് നേതാവ് പറയുന്നു. കേരളത്തില്‍ ജനകീയ അടിത്തറയില്ലാത്ത നേതാക്കളെ ആര്‍.എസ്.എസ്സിന്റെ മാത്രം ഇഷ്ടത്തിനു നേതൃത്വത്തിലേയ്ക്കു കൊണ്ടുവന്ന അനുഭവം തിരിച്ചടിയായി എന്നാണ് അവര്‍ വിലയിരുത്തുന്നത്. എ.ബി.വി.പിയുടെ ദേശീയ നേതാവും പിന്നീട് നെഹ്രു യുവകേന്ദ്ര ഡയറക്ടറുമായിരുന്ന വി. മുരളീധരനെ വൈസ് പ്രസിഡന്റാക്കി കെട്ടിയിറക്കി എന്ന വിമര്‍ശനം ഉന്നയിച്ചാണ് കെ. രാമന്‍ പിള്ള പാര്‍ട്ടി വിട്ടത്. 

അതേസമയം, സംസ്ഥാന പ്രസിഡന്റായ ശേഷം പല കാര്യങ്ങളിലും ആര്‍.എസ്.എസ്സിന്റെ പാവയാകാന്‍ വി. മുരളീധരന്‍ മടിച്ചതാണ് 'തിരിച്ചടി'യായി അവര്‍ വ്യാഖ്യാനിക്കുന്നത് എന്നു പറയുന്നവരുണ്ട്. മുരളീധരന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സുരേന്ദ്രന്‍ ആര്‍.എസ്.എസ്സിനോടുള്ള സമീപനത്തില്‍ മുരളീധരന്റെ ശൈലിയാണ് പിന്തുടര്‍ന്നത്. എന്നാല്‍, മുരളീധരന്‍ കേന്ദ്രമന്ത്രിയായതോടെ ഗ്രൂപ്പിന്റെ കേരളത്തിലെ പ്രധാന നേതാവായി മാറിയ സുരേന്ദ്രന്‍ ആര്‍.എസ്.എസ്സിനോട് മുഖംതിരിച്ചു നില്‍ക്കുന്ന രീതി മാറ്റി. ഇനിയൊരിക്കല്‍ക്കൂടി ആര്‍.എസ്.എസ്സിന്റെ ഇഷ്ടക്കുറവുകൊണ്ട് അവസരം നഷ്ടപ്പെടരുത് എന്ന ആഗ്രഹമാണ് കാരണം. 

കാരണങ്ങള്‍ പലത് 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പിടിച്ച വോട്ടുകള്‍ പാര്‍ട്ടിയെ അമ്പരപ്പിച്ചിട്ടുണ്ട്. 2014-ല്‍ ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന എസ്. ഗിരിജാ കുമാരി 90528 വോട്ടാണ് നേടിയത്. അന്ന് സമ്പത്തിനെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ 323100 വോട്ടു പിടിച്ചു. ഇത്തവണ അടൂര്‍ പ്രകാശ് അത് 380995 ആയി ഉയര്‍ത്തി. വ്യത്യാസം 57895. എന്നാല്‍, ഗിരിജാകുമാരിയില്‍നിന്നു ശോഭാ സുരേന്ദ്രനിലേയ്ക്കു വന്നപ്പോള്‍ കിട്ടിയ വോട്ടുകളുടെ എണ്ണം 248081. വ്യത്യാസം 157553. നിസ്സാരമല്ല ഇത്. ബി.ജെ.പിയുടെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിനു ദേശീയ തലത്തില്‍ ചുക്കാന്‍ പിടിച്ച അഞ്ചംഗ സംഘത്തില്‍ ശോഭ ഉള്‍പ്പെട്ടത് ആറ്റിങ്ങല്‍ ഇംപാക്റ്റാണ്. ഇപ്പോള്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നതിനു മുഖ്യ കാരണവും അതുതന്നെ. 

നന്നായി രാഷ്ട്രീയ പ്രസംഗം നടത്തുകയും വിഷയങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന നേതാവാണെങ്കിലും ശോഭാ സുരേന്ദ്രനു പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാന്‍ ശക്തമായ ടീം വേണ്ടിവരും. ഗ്രൂപ്പില്ലാത്തതുതന്നെ കാരണം. ''ആ ടീമിനെ കേന്ദ്ര നേതൃത്വം വരച്ച വരയില്‍ നിര്‍ത്തും'' ശോഭാ സുരേന്ദ്രനായിരിക്കും അധ്യക്ഷയെന്ന് ഉറച്ചു വാദിക്കുന്ന നേതാക്കളിലൊരാളുടെ വാക്കുകള്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി സ്ത്രീ ജനസംഖ്യയും സ്ത്രീ വിദ്യാഭ്യാസവും സ്ത്രീകളുടെ രാഷ്ട്രീയ വിദ്യാഭ്യാസം കൂടുതലുള്ള കേരളത്തില്‍ ശ്രദ്ധേയരായ നിരവധി വനിതാ നേതാക്കളുണ്ടായെങ്കിലും ഒരു പാര്‍ട്ടിയും ഏറ്റവും പ്രധാന പദവി അവര്‍ക്കു നല്‍കിയിട്ടില്ല. എന്നാല്‍ ബി.ജെ.പിയുടെ ആദ്യരൂപമായിരുന്ന ജനസംഘത്തിന്റെ കേരളത്തിലെ അധ്യക്ഷയായി ദേവകിയമ്മയെ നിയോഗിച്ച ചരിത്രമുണ്ട്. ആ പാരമ്പര്യം തുടരാന്‍ ബി.ജെ.പിക്ക് ഏറ്റവും യോജിച്ച അവസരമായി ചൂണ്ടിക്കാട്ടി കൂടിയാണ് ശോഭാ സുരേന്ദ്രനു വേണ്ടിയുള്ള ശ്രമങ്ങള്‍. തമിഴ്നാട്ടില്‍ അധ്യക്ഷയായിരുന്ന തമിഴ് ഇശൈ മൂന്നു മാസം മുന്‍പ് ഗവര്‍ണറായതുകൊണ്ട് മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ വനിതാ നേതാവിനു സാധ്യത എന്നാണ് മറ്റൊരു വാദം. പ്രസിഡന്റിനെ നിയമിക്കാന്‍ വൈകുന്നത് ന്യായീകരിക്കാന്‍ മിക്ക നേതാക്കളും പറയുന്നത് മൂന്നു മാസമായി തമിഴ്നാട്ടില്‍ പ്രസിഡന്റ് ഇല്ല എന്നതാണ്.

സ്ത്രീ പ്രസിഡന്റാകുമ്പോള്‍ അവരെ അംഗീകരിക്കാന്‍ പുരുഷ നേതാക്കള്‍ മടിക്കുമെന്ന ആശങ്ക, മറ്റെല്ലാ നേതാക്കളേക്കാള്‍ ശോഭാ സുരേന്ദ്രന്‍ പ്രായംകൊണ്ടു ജൂനിയറാണ് എന്നതൊക്കെയാണ് തടസ്സവാദങ്ങള്‍. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ഈഴവ (തീയ്യ) സമുദായത്തില്‍ നിന്നായതുകൊണ്ട് എന്‍.എസ്.എസ്സുമായുള്ള അകലം കൂടിയേക്കുമോ എന്ന സംശയവും ചര്‍ച്ചകളിലുണ്ട്. എം.ടി. രമേശിന്റെ പേര് അവിടെയാണ് പൊങ്ങിവരുന്നത്. മെഡിക്കല്‍ കോഴ വിവാദത്തില്‍ കേരളത്തിലെ ബി.ജെ.പി ഒന്നടങ്കം എം.ടി. രമേശ് നിരപരാധിയാണ് എന്ന വാദത്തിലുറച്ചാണ് നിന്നത്. അതേസമയം പാര്‍ലമെന്റില്‍പ്പോലും ആ വിഷയം എത്തുകയും പ്രധാനമന്ത്രി മറുപടി പറയുകയും വേണ്ടിവന്നു. അത് രമേശിനു തിരിച്ചടിയാകാവുന്ന പ്രധാന ഘടകമായി മാറി. 

ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയിട്ടും കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ റിസള്‍ട്ട് കാണിക്കാന്‍ കഴിഞ്ഞില്ല എന്നത് കുമ്മനം രാജശേഖരനെക്കുറിച്ച് മുന്‍പേതന്നെ കേന്ദ്ര നേതൃത്വത്തിനു അഭിപ്രായമുണ്ട്. അദ്ദേഹത്തെ പൊടുന്നനേ മാറ്റിയതിനു കാരണവും മറ്റൊന്നായിരുന്നില്ല. കുമ്മനം പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ ജനരക്ഷായാത്രയെ അമിത് ഷാ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. അദ്ദേഹവും അതിന്റെ ഭാഗമായി മാറിയിരുന്നു. തലസ്ഥാനത്ത് പാളയം മുതല്‍ കിഴക്കേക്കോട്ട വരെ ഷാ യാത്രയ്‌ക്കൊപ്പം നടക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരുടെ പടയാണ് കേരളത്തിലേക്ക് വന്നത്. മറ്റേതു സംസ്ഥാനത്തേക്കാള്‍ കേരളത്തോടു താല്പര്യം പ്രകടിപ്പിച്ചെങ്കിലും അതിനൊഴുക്കിയ പണത്തിനും വിയര്‍പ്പിനും ഫലമുണ്ടായില്ല. അപ്പോള്‍ മാത്രമല്ല, പിന്നീടു ശ്രീധരന്‍ പിള്ളയ്ക്കും എന്‍.ഡി.എയെ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസ്സിന്റെ പടലപ്പിണക്കങ്ങള്‍, പി.സി. ജോര്‍ജ്ജിനെപ്പോലെ രാഷ്ട്രീയ വിശ്വാസ്യത ഇല്ലാത്തവരുടെ വരവ് ഇതൊക്കെ ഗുണത്തേക്കാള്‍ ദോഷം ചെയ്തു. സംഘടനാ സെക്രട്ടറിയാണ് ഇത്തരം സാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടേണ്ടത്. എന്നാല്‍, നിലവിലെ സംഘടനാ സെക്രട്ടറി എം. ഗണേഷ് വേണ്ടവിധം ഇടപെടുന്നില്ല എന്ന വിമര്‍ശനം ഒരു ഭാഗത്തുണ്ട്. കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി നളിന്‍കുമാര്‍ കട്ടീല്‍ ഇങ്ങോട്ടു വരാറേയില്ലാതായി. അദ്ദേഹം കര്‍ണാടകയില്‍ പ്രസിഡന്റാകാന്‍ പോകുന്ന തിരക്കിലാണ്. 
 
 

വാളയാർ കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എകെ ബാലന്റെ ഔദ്യോ​ഗിക വസതിയിലേക്ക് ബിജെപി നടത്തിയ മാർച്ചിന് ശേഷം പാർട്ടി കൊടികൾ നീക്കം ചെയ്യുന്ന പൊലീസുകാർ 
വാളയാർ കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എകെ ബാലന്റെ ഔദ്യോ​ഗിക വസതിയിലേക്ക് ബിജെപി നടത്തിയ മാർച്ചിന് ശേഷം പാർട്ടി കൊടികൾ നീക്കം ചെയ്യുന്ന പൊലീസുകാർ 

കേരളം വേറെ ലെവല്‍ 

ഗ്രൂപ്പു പോരും തമ്മിലടിയും കേരളത്തില്‍ തിരിച്ചടിയായി എന്ന വിലയിരുത്തലില്‍ അമിത് ഷാ എത്തിയത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ അമിത് ഷായെ തെറ്റിദ്ധരിപ്പിച്ച് പ്രധാന മണ്ഡലങ്ങളില്‍ വിജയസാധ്യത ഇല്ലാത്തവരെ മത്സരിപ്പിച്ചു എന്ന വിമര്‍ശനം ഇപ്പോഴും അടങ്ങിയിട്ടില്ല. തിരുവനന്തപുരത്ത് കുമ്മനം, തൃശൂരില്‍ സുരേഷ് ഗോപി, പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ എന്നിവരെ നിര്‍ത്തിയതാണ് ഇതില്‍ പ്രധാനം. 2014-ല്‍ പാലക്കാട് മികച്ച പ്രകടനം നടത്തിയ ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലിലേയ്ക്കു മാറ്റിയതാണ് മറ്റൊന്ന്. സുരേഷ് ഗോപി തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍ഗോട്ടും മത്സരിച്ചിരുന്നെങ്കില്‍ ഫലം വേറെയാകുമായിരുന്നു എന്നും കുമ്മനത്തിനായിരുന്നു ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ വിജയസാധ്യതയെന്നുമുണ്ടായിരുന്നു വാദം. 

മുതിര്‍ന്ന നേതാവായ ഒ. രാജഗോപാലിനെ വിശ്വാസത്തിലെടുക്കാതേയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ചോദിക്കാതേയുമാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. കേരളത്തില്‍ ആദ്യമായി നിയമസഭാ പ്രാതിനിധ്യം കൊണ്ടുവന്ന രാജഗോപാലിന്റെ അനുഭവസമ്പത്ത് ഇപ്പോഴും നേതൃത്വം കണക്കിലെടുക്കുന്നില്ല. കുമ്മനത്തെ മിസോറാമില്‍നിന്നു രാജിവയ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതില്‍ രാജഗോപാലിനു വ്യത്യസ്താഭിപ്രായം ഉണ്ടായിരുന്നു എന്നാണ് സൂചന. എന്നാല്‍, അതു കേള്‍ക്കാന്‍ തയ്യാറായില്ല. ഫലം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞതു ശരിയായി മാറുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയം അമിത് ഷാ ഉള്‍പ്പെടെ ബി.ജെ.പിയുടെ കേന്ദ്ര നേതാക്കള്‍ക്ക് അറിവും പരിചയവുമുള്ള രാഷ്ട്രീയത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രമല്ല, പാര്‍ട്ടിയും അവര്‍ പിടിക്കുന്നിടത്ത് നില്‍ക്കാതിരിക്കുന്നത് അതുകൊണ്ടാണ്. കേരളത്തിലെ പാര്‍ട്ടി സംവിധാനവും നേതൃത്വവും അമിത് ഷായുടെ ചടുലനീക്കങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ പ്രാപ്തി നേടുന്നുമില്ല. ഈ പൊരുത്തക്കേട് കേരളത്തിലെ പ്രസിഡന്റിനെ നിശ്ചയിക്കുന്നതിലും തീരുമാനം വൈകിപ്പിക്കുന്ന ഘടകങ്ങളിലൊന്നായി മാറുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com