ഒഴിയാത്ത ധര്‍മ്മസങ്കടങ്ങള്‍; ആരെപ്രതി പിണറായി?

വിശ്വസിച്ചു കൂടെ നിര്‍ത്തിയവരാണ് സല്‍പ്പേരു മുഴുവന്‍ ഒറ്റയടിക്ക് നഷ്ടപ്പെടുത്തിയത് എന്ന തിരിച്ചറിവിന്റെ ആഘാതം സമര്‍ത്ഥമായി മറച്ചുവച്ച് പിണറായി വിജയന്‍ ഒരിക്കല്‍ക്കൂടി ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്
ഒഴിയാത്ത ധര്‍മ്മസങ്കടങ്ങള്‍; ആരെപ്രതി പിണറായി?

തിരുവനന്തപുരം വിമാനത്താവളത്തിലെ ലൈംഗികപീഡന കള്ളപ്പരാതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു പേരില്‍ ഒരാളായിരുന്നു സ്വപ്ന സുരേഷ്. ഇതു നേരത്തെ പൊലീസ് അന്വേഷിച്ചു കണ്ടെത്തിയ കാര്യം. പക്ഷേ, സ്വപ്നയെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍നിന്നുള്‍പ്പെടെ സംരക്ഷിച്ചത് ആരാണെന്ന് ഇപ്പോഴാണ് പുറത്തുവരുന്നത്; അതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്റെ സ്വാധീനമായിരുന്നു. എ.ഐസാറ്റ്സ് എച്ച്.ആര്‍ മാനേജരായിരുന്നു അന്ന് സ്വപ്ന. സംഭവം 2016 മാര്‍ച്ച് ആദ്യം. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവൃത്തികള്‍ ചെയ്യുന്നത് എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍ പോര്‍ട്ട് സര്‍വ്വീസസ് (എ.ഐ-സാറ്റ്സ്) എന്ന സ്വകാര്യ സ്ഥാപനമാണ്. ഗ്രൗണ്ട് സര്‍വ്വീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ എല്‍.എസ്. സിബു തൊഴില്‍ സ്ഥലത്തുവെച്ച് ലൈംഗികമായി അവഹേളിച്ചു എന്ന് ഐസാറ്റ്സിലെ 17 വനിതാ ജീവനക്കാരാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കു പരാതി കൊടുത്തത്. ഇതിനെക്കുറിച്ച് എയര്‍ ഇന്ത്യയുടെ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി അന്വേഷിച്ചു. തനിക്കു ശരിയായ അറിയിപ്പു തരാതേയും തന്റെ ഭാഗം ശരിയായി കേള്‍ക്കാന്‍ തയ്യാറാകാതേയുമായിരുന്നു അന്വേഷണം എന്നാണ് സിബുവിന്റെ പരാതിയെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് എതിരായതിനെത്തുടര്‍ന്നു സിബുവിനെ ഹൈദരാബാദിലേക്കു സ്ഥലം മാറ്റി.

പരാതിയില്‍ പേരുള്ളവര്‍ അങ്ങനെയൊന്നില്‍ ഒപ്പിട്ടിട്ടില്ലെന്നും അവരുടെ പേരില്‍ തയ്യാറാക്കിയ വ്യാജ പരാതിയാണ് സമര്‍പ്പിച്ചത് എന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് സിബു പരാതി നല്‍കി. കേസെടുത്ത് അന്വേഷിക്കണം എന്നായിരുന്നു പ്രാഥമികാന്വേഷണത്തിനുശേഷം 2016 മാര്‍ച്ച് 15-ന് ജില്ലാ പൊലീസ് മേധാവിക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഐസാറ്റ്സ് വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. ഐസാറ്റ്സില്‍ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടക്കുന്നു എന്ന് ആരോപിച്ച് കേന്ദ്ര വിജിലന്‍സ് കമ്മിഷനും സി.ബി.ഐക്കും സിബു പരാതികള്‍ അയച്ചതാണ് കള്ളക്കേസില്‍ കുടുക്കാന്‍ കാരണം എന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞത്. ഏവിയേഷന്‍ ഇന്‍ഡസ്ട്രി എംപ്ലോയീസ് ഗില്‍ഡ് മേഖലാ സെക്രട്ടറി കൂടിയായ സിബു, തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയില്‍ അഴിമതിക്കെതിരെ പരസ്യ നിലപാടെടുത്തിരുന്നു. അതില്‍നിന്നു നിശ്ശബ്ദനാക്കുകയായിരുന്നു വ്യാജ ലൈംഗികാപവാദ കേസിന്റെ ഉന്നം. 

പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണം നടക്കുന്നതിനിടെ എയര്‍ ഇന്ത്യ കോടതിയെ സമീപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍നിന്നു ചില രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് റദ്ദാക്കണം എന്നായിരുന്നു ആവശ്യം. ആ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ എം.എസ്. സന്തോഷ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിബുവിനെതിരായ കള്ളപ്പരാതിയെക്കുറിച്ചു വ്യക്തമായ വിവരമാണ് നല്‍കിയത്. ഒരു വനിതാ സഹപ്രവര്‍ത്തകയും സിബുവിനെതിരെ പരാതി കൊടുത്തിട്ടില്ല, അവരുടെ പേരില്‍ വ്യാജ പരാതിയാണ് തയ്യാറാക്കിയത്. 2017 ഫെബ്രുവരി 27-നായിരുന്നു എ.സിയുടെ ഈ റിപ്പോര്‍ട്ട്. എന്നാല്‍, ബിനോയ് ജേക്കബിനെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന കണ്ണികളൊന്നുമില്ലെന്ന് 2017 ജൂലൈ ആറിന് മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിയെ രക്ഷിക്കാനുള്ള വ്യാജ റിപ്പോര്‍ട്ട് എന്നാണ് ഇതിനെതിരെ സിബു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചത്. അന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാക്കണം എന്നാവശ്യപ്പെട്ട് സിബു ഡി.ജി.പിയെ സമീപിച്ചിരുന്നു. അതില്‍ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 

സ്വപ്ന സുരേഷ്
സ്വപ്ന സുരേഷ്

ഐ.സി.സിയുടെ അന്വേഷണത്തില്‍ പ്രീതി എന്ന ജീവനക്കാരി മാത്രം പരാതിയില്‍ ഒപ്പിട്ടതായി സമ്മതിച്ചു. പക്ഷേ, ഐ.സി.സിയോട് പറഞ്ഞതായിരുന്നില്ല സിബുവിന്റെ പരാതി ആദ്യം അന്വേഷിച്ച അസിസ്റ്റന്റ് കമ്മിഷണറോടു പ്രീതി പറഞ്ഞത്. ബിനോയ് ജേക്കബിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് ഐ.സി.സിക്കു മൊഴി നല്‍കിയത് എന്നായിരുന്നു വെളിപ്പെടുത്തല്‍. കള്ളമൊഴി കൊടുത്തു സിബുവിനെ കുടുക്കാന്‍ നിര്‍ബ്ബന്ധിച്ച മറ്റു രണ്ടു പേരെക്കുറിച്ചുകൂടി അവര്‍ പറഞ്ഞു: ഐസാറ്റ്സ് എച്ച്.ആര്‍ മാനേജര്‍ സ്വപ്ന സുരേഷ്, കസ്റ്റമര്‍ സര്‍വ്വീസ് ഏജന്റ് നീതു. മാത്രമല്ല, ഈ കാര്യങ്ങളെക്കുറിച്ചു കോടതിക്കു മുന്നില്‍ രഹസ്യമൊഴി (സി.ആര്‍.പി.സി 164 സ്റ്റേറ്റ്മെന്റ്) നല്‍കാനുള്ള സന്നദ്ധതയും പ്രീതി പൊലീസിനെ അറിയിച്ചു. ബിനോയ്, സ്വപ്ന, നീതു എന്നിവര്‍ സമ്മര്‍ദ്ദം ചെലുത്തി ഐ.സി.സിക്ക് കള്ളമൊഴി കൊടുപ്പിച്ചതായി ആ മൊഴിയിലും അവര്‍ വിശദീകരിച്ചു. ക്രൈംബ്രാഞ്ച് എ.സി. സന്തോഷ് കുമാറിന്റെ ആദ്യ റിപ്പോര്‍ട്ടില്‍ ഇതെല്ലാം വ്യക്തമാക്കിയിരുന്നു. 

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയില്‍ കുറയാത്ത റാങ്കിലുള്ള സത്യസന്ധനായ ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം എന്നാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്നു നടന്ന അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയെ രണ്ടുവട്ടം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാമതു ചോദ്യം ചെയ്തത്. പിന്നൊന്നും ഉണ്ടായില്ല. അതിനുകാരണം ശിവശങ്കരന്റെ ഇടപെടലായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

എം ശിവശങ്കരൻ
എം ശിവശങ്കരൻ

സംശയങ്ങളുടെ നിഴല്‍രൂപങ്ങള്‍

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കരന്‍ നിസ്സാര സംശയങ്ങളുടെ നിഴലിലല്ല നില്‍ക്കുന്നത്. പദവികളില്‍നിന്നു മാറ്റിനിര്‍ത്തിയെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുകയുന്നു എന്നതാണ് വസ്തുത. പുറമേയ്ക്കു പറയുന്നതല്ല അകത്തെ സ്ഥിതി. സൗഹൃദത്തിന്റെ സ്വകാര്യ സ്വാതന്ത്ര്യം സ്വപ്ന സുരേഷ് ദുരുപയോഗം ചെയ്തുവെന്നും ഉന്നത പദവികള്‍ ഉപയോഗിച്ച് ശിവശങ്കരന്‍ അതിനു കൂട്ടു നിന്നുവെന്നും അറിയാവുന്നതുകൊണ്ടാണ് ഈ പുകച്ചില്‍. ഓഖി കൊടുങ്കാറ്റിനേയും രണ്ടു പ്രളയങ്ങളേയും നിപയേയും അതിജീവിച്ച്, കൊവിഡ് പ്രതിരോധത്തില്‍ ലോകശ്രദ്ധ നേടി നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. തെരഞ്ഞെടുപ്പു വര്‍ഷമാണ്; ഭരണത്തുടര്‍ച്ചയുടെ പ്രതീക്ഷയില്‍ പുതിയ രാഷ്ട്രീയനീക്കങ്ങളിലേക്കു ചുവടുവച്ചു തുടങ്ങുകയായിരുന്നു. അതിനെല്ലാം മീതെ വന്നു പതിച്ച വെള്ളിടിയാണ് ശിവശങ്കരന്റെ സ്വപ്ന ബന്ധം. യു.എ.ഇ കോണ്‍സുലേറ്റിലേക്കു വന്ന നയതതന്ത്ര ബാഗേജില്‍നിന്നു കസ്റ്റംസ് 30 കിലോ സ്വര്‍ണ്ണം പിടിച്ചു എന്നതിനായിരുന്നു തുടക്കത്തിലെ പ്രാധാന്യം. കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ പി.എസ്. സരിത്ത് അറസ്റ്റിലുമായി. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വപ്നയിലേക്കും മറ്റുള്ളവരിലേക്കും അന്വേഷണം നീണ്ടത്. സ്വപ്ന അന്നുതന്നെ ഒളിവില്‍ പോയെങ്കിലും അവര്‍ ശിവശങ്കരന്റെ അടുത്ത സുഹൃത്താണെന്നു പുറത്തുവന്നു. 

സ്വപ്ന സുരേഷിന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന ആരോപണത്തെക്കുറിച്ചും അവര്‍ക്ക് ഐ.ടി വകുപ്പിനു കീഴില്‍ ശിവശങ്കരന്‍ ചെയര്‍മാനായ പൊതുമേഖലാ സ്ഥാപനം കെ.എസ്.ഐ.ടി.ഐ.എല്‍ നിയമനം ലഭിച്ച സാഹചര്യവും അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെയാണ് നിയോഗിച്ചത്. ഐ.ടി വകുപ്പില്‍ ശിവശങ്കരന്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും വേറെ അന്വേഷണമുണ്ടായേക്കും എന്ന സൂചന നിലനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിനും ബി.ജെ.പിക്കും അദ്ദേഹത്തിന്റെ വിശദീകരണം ബോധ്യമാകുന്നില്ല. ശിവശങ്കരനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്തിന് എന്നാണ് ചോദ്യം. ശിവശങ്കരനെതിരെ ഉടന്‍ അന്വേഷണവും നടപടിയും വേണം, കള്ളക്കടത്തു കേസിലെ പ്രതിയുമായി അടുപ്പമുള്ളയാളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല, പിണറായി വിജയന്‍ രാജിവയ്ക്കണം: പ്രതിഷേധം നിയമസഭയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ച യു.ഡി.എഫ് ആവശ്യപ്പെടുന്നു. കള്ളക്കടത്തിനു തീവ്രവാദ ബന്ധമുണ്ട് എന്നു കോടതിയില്‍ എന്‍.ഐ.എ വ്യക്തമാക്കിയതോടെ ശിവശങ്കരനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതു കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്ന് യു.ഡി.എഫും ബി.ജെ.പിയും കുറ്റപ്പെടുത്തുന്നു. 

എംവി ജയരാജൻ
എംവി ജയരാജൻ

പുറത്തുവരാത്ത വിവരങ്ങള്‍

''ഐ.ടി സെക്രട്ടറിയെ മാറ്റിനിര്‍ത്തിയാലോ, അതല്ലേ പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ലത്? കുറ്റമേറ്റതല്ലേ അദ്ദേഹം'' - സ്പ്രിംഗ്ലര്‍ വിവാദം മുറുകിയപ്പോള്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അത്തരമൊരു വാദമുയര്‍ന്നതാണ്. പക്ഷേ, മുഖ്യമന്ത്രി സമ്മതിച്ചില്ല. ശിവശങ്കരനെ മാത്രമായി മാറ്റിനിര്‍ത്തി സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്നു കൈകഴുകുന്നു എന്നായിരിക്കും അടുത്ത ആരോപണം എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആ ഘട്ടത്തില്‍ ശരിയുമായിരുന്നു. പക്ഷേ, ഇപ്പോള്‍ മാറ്റിനിര്‍ത്താതെ വഴിയില്ലെന്നു വന്നു. കൂടുതല്‍ നടപടിയെടുക്കാത്തതിനു മുഖ്യമന്ത്രി പഴിയും കേള്‍ക്കുന്നു.

പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിനു നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഒന്നിലധികം തവണ സ്വപ്ന സുരേഷിനെ പരാമര്‍ശിച്ചിരുന്നു. സ്വപ്നയുടെ കളങ്കിത വ്യക്തിത്വത്തെക്കുറിച്ചും ശിവശങ്കരനുമായുള്ള പരിധിവിട്ട ബന്ധത്തെക്കുറിച്ചുമായിരുന്നു റിപ്പോര്‍ട്ടുകള്‍; ''അവര്‍ ദുരൂഹ വ്യക്തിയാണ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അവരുമായുള്ള ബന്ധം സൂക്ഷിക്കണം.'' കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പിന്നെയും റിപ്പോര്‍ട്ടുകള്‍ വന്നു. സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുണ്ടെന്നും അതുകൊണ്ട് നിയമനം നീട്ടുന്ന കാര്യത്തില്‍ ജാഗ്രത വേണം എന്നും അറിയിച്ചു. ഇതു മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിയില്ല. അതു ശിവങ്കരന്റെ താല്പര്യമായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. പക്ഷേ, പൊളിറ്റിക്കല്‍ സെക്രട്ടറി ഓരോ റിപ്പോര്‍ട്ടും കാണണമെന്നില്ല; ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഓഫീസാകും അത് കൈകാര്യം ചെയ്യുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ചുമതലകള്‍ വിവിധ ആളുകള്‍ക്കാണ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും അതില്‍ത്തന്നെ ഇന്റലിജന്‍സ്, സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ക്കും പ്രത്യേകം ആളുകളുണ്ട്. 

പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസിലുള്ളവര്‍ക്ക് മറ്റെന്തെങ്കിലും താല്പര്യങ്ങള്‍ ഉള്ളതായി വിവരമൊന്നുമില്ല. അവര്‍ സ്വപ്നക്കെതിരായ റിപ്പോര്‍ട്ടുകള്‍ മാറ്റിവച്ചത് സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടിയുമല്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന ഉന്നതന്റെ ഇടപെടലിനു വഴങ്ങിക്കൊടുക്കുകയാണ് ചെയ്തത്. പക്ഷേ, വിവരങ്ങളെ അതിന്റെ ഗൗരവത്തിലെടുക്കുന്നതിലും മുഖ്യമന്ത്രിയെ അറിയിക്കുന്നതിലും ശിവശങ്കരനോട് സംസാരിച്ചു തിരുത്തുന്നതിലും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസിനു വീഴ്ച സംഭവിച്ചു. സി.പി.എം സംസ്ഥാന സമിതി അംഗം ദിനേശന്‍ പുത്തലത്താണ് പൊളിറ്റിക്കല്‍ സെക്രട്ടറി. മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഇടയിലെ പാലമായി പ്രവര്‍ത്തിക്കുന്നതില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി വിജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാത്ത കാര്യങ്ങളും പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുമായിരുന്നു. പക്ഷേ, പാര്‍ട്ടിയെ മറ്റെന്തിനേക്കാളും പ്രധാനമായി കാണുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടിക്ക് ഭരണത്തില്‍ പങ്കില്ലാതായ സ്ഥിതി. പാര്‍ട്ടിയിലും പുറത്തും അങ്ങനെയൊരു തോന്നല്‍ ശക്തമാണ്. ഇപ്പോള്‍ അത് കൂടിയിട്ടുമുണ്ട്. 

പാര്‍ട്ടി വേറെ, മുഖ്യമന്ത്രി വേറെ എന്ന സ്ഥിതി മുമ്പൊരിക്കലും കേരളത്തിലെ ഇടതു സര്‍ക്കാരുകളുടെ കാലത്ത് ഇത്ര വഷളായിട്ടില്ല. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് മുഖ്യമന്ത്രിക്കു മുകളിലൂടെപ്പോലും പാര്‍ട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നു എന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കെ. സുരേഷ് കുമാര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടി നിസ്സഹായമായി നോക്കിനില്‍ക്കേണ്ടി വരുന്നു. ആ വിടവ് നാലു വര്‍ഷത്തിനിടയില്‍ കൂടിക്കൂടി വന്നതുകൊണ്ടാണ് പല വിഷയങ്ങളിലും മുഖ്യമന്ത്രിയെ പാര്‍ട്ടിക്കു ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാതെ പോയത്. മുഖ്യമന്ത്രിയോടു നേരിട്ടു കാര്യങ്ങള്‍ സംസാരിക്കാന്‍ അടുപ്പമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ മാത്രമല്ല, മുന്നണിയിലുമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ അടുപ്പമുള്ളവരില്‍ പ്രധാനികളാണ്. പക്ഷേ, സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഇവരെ ആരെയും പൊളിറ്റിക്കല്‍ സെക്രട്ടറി അറിയിച്ചില്ല. അതേസമയം, നേരിട്ട് ഇവര്‍ക്കു ലഭിച്ച പല വിവരങ്ങളും മുഖ്യമന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം ഇടപെടുകയും ചെയ്ത സംഭവങ്ങളുമുണ്ട്. പൊലീസ് ഭാഷ്യം അതേപടി മുഖ്യമന്ത്രി വിശ്വസിക്കുകയും നിയമസഭയിലും പുറത്തും പറയുകയും ചെയ്തു കുഴപ്പത്തിലായതില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പങ്ക് ചെറുതല്ല. ജിഷ്ണു പ്രണോയ് എന്ന സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥിയെ കോളേജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും വലിയ തോതില്‍ പ്രതിക്കൂട്ടിലായത് ഉദാഹരണം. ജിഷ്ണുവിന്റെ അമ്മ മഹിജയും മറ്റും പൊലീസ് ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ച് തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാരിനെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. സമരത്തിന് പിന്തുണ അറിയിക്കാന്‍ പോയ സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ജയിലിലും അടച്ചു. പൊലീസിന്റെ ഭാഷ്യത്തിനപ്പുറമുള്ള വസ്തുതകള്‍ മുഖ്യമന്ത്രിയുടെ മുന്‍പില്‍ എത്തിക്കുന്നതില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഉണ്ടായ വീഴ്ച അക്കാലത്തുതന്നെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ജിഷ്ണു പ്രണോയ് എസ്.എഫ്.ഐ പ്രവര്‍ത്തകനും കുടുംബം സി.പി.എം കുടുംബവുമായിരുന്നു. 

ദിനേശൻ പുത്തലത്ത്
ദിനേശൻ പുത്തലത്ത്

സെക്രട്ടറിതലത്തിലെ കരുനീക്കങ്ങള്‍ 

എം.വി. ജയരാജനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയപ്പോള്‍ ഒഴിവു വന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തസ്തികയില്‍ പി. ശശിയെ നിയമിക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരന്‍ ആര്‍. മോഹന്‍ പ്രൈവറ്റ് സെക്രട്ടറിയായി. കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെങ്കിലും രാഷ്ട്രീയ നിയമനമല്ലാത്തതുകൊണ്ടുതന്നെ മോഹന് ഐ.എ.എസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു മുകളില്‍ പറക്കാന്‍ കഴിയില്ല. അദ്ദേഹം അതിനു ശ്രമിക്കുന്നുമില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാള്‍ മാസങ്ങള്‍ക്കു മുന്‍പ് രാജിവച്ചുപോകാന്‍ ഇടയാക്കിയതും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസിലെ ചിലര്‍ക്കുള്ള താല്പര്യക്കുറവുതന്നെ. ശിവശങ്കരനുവേണ്ടി സ്വപ്നയെ അവര്‍ സംരക്ഷിച്ചു; തിരിച്ച് ശിവശങ്കരനുമായുള്ള ബന്ധം അവരെ കരുത്തരാക്കുകയും ചെയ്തു. പരസ്പര സഹായം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ പ്രധാനിയും സി.പി.എം നേതൃത്വത്തിനു പ്രിയങ്കരനുമായ സി.എം. രവീന്ദ്രന്റെ അധികാരങ്ങള്‍പോലും പരിമിതപ്പെടുത്തുന്ന നിലയിലേക്ക് ഈ പരസ്പര സഹായസഹകരണസംഘം കരുത്തരായി എന്നതാണ് വസ്തുത.

മുഖ്യമന്ത്രി പിണറായി വിജയനും എം ശിവശങ്കരനും
മുഖ്യമന്ത്രി പിണറായി വിജയനും എം ശിവശങ്കരനും

സുതാര്യമായ പശ്ചാത്തലമില്ലാത്തവരെ അടുപ്പിക്കുകയോ അവര്‍ക്കുവേണ്ടി നിലകൊള്ളുകയോ ചെയ്യരുത് എന്നായിരുന്നു ചുമതലയേറ്റ ഉടന്‍ മുഖ്യമന്ത്രി സ്വന്തം സ്റ്റാഫിനു നല്‍കിയ നിര്‍ദ്ദേശം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ സരിതാബന്ധം അലങ്കോലമാക്കിയതിന്റെ പാഠം കൂടിയാണ് അതിന് ഇടയാക്കിയത്. അതില്‍ വീഴ്ച വന്നു എന്നു പിടികിട്ടിയ ഉടനെയാണ് ശിവശങ്കരനെ മാറ്റിയത്. സ്വപ്നയെ ശിവശങ്കരന്‍ സഹായിച്ചതിന്റെ വിശദാംശങ്ങളിലേക്കുള്ള എന്‍.ഐ.എ അന്വേഷണം സ്വാഭാവികമായും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്താം. ശിവശങ്കരനുവേണ്ടി സ്വപ്നയെ സംരക്ഷിച്ചവരുണ്ടെങ്കില്‍ അവര്‍ കുടുങ്ങുന്നത് തടയാന്‍ മുഖ്യമന്ത്രിക്കു കഴിയണമെന്നില്ല. പക്ഷേ, എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന സമഗ്ര അന്വേഷണം നടത്തുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിക്ക് സമാന്തരമായി കേരളം ഒരു അന്വേഷണം നടത്തേണ്ടതില്ല എന്നാണ് അതിനു മുഖ്യമന്ത്രിയുടെ മറുപടി. താനായി മനസ്സറിഞ്ഞു വിശ്വസിച്ചവരെ തന്റെ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം അവരെ സംരക്ഷിക്കുന്നു എന്നല്ല. ഒന്നും അറിയാതെയല്ല കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്. സ്വപ്നയുടെ മറ്റു ബന്ധങ്ങളില്‍ ശിവശങ്കരന്‍ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടത് എന്‍.ഐ.എ ആണ്. എന്‍.ഐ.എ അന്വേഷണത്തെ സ്വാഗതം ചെയ്തു പിന്തുണ അറിയിച്ച മുഖ്യമന്ത്രി അവര്‍ എന്തൊക്കെ കണ്ടെത്തും എന്നതിനെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നില്ല. അതേസമയം, ഐ.ടി വകുപ്പില്‍ ശിവശങ്കരന്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കുന്നത് അത് എന്‍.ഐ.എ അന്വേഷണത്തിന്റെ പരിധിയില്‍ വരാത്തതുകൊണ്ടാണ്. അവിശ്വാസ പ്രമേയം വരുന്നതിനെ നിയമസഭയില്‍ ഭൂരിപക്ഷമുള്ള മുഖ്യമന്ത്രി ഭയക്കേണ്ടതില്ല; പക്ഷേ, സല്‍പ്പേരു മുഴുവന്‍ ഒറ്റയടിക്ക് നഷ്ടപ്പെടുത്തിയത് വിശ്വസിച്ചു കൂടെ നിര്‍ത്തിയവരാണ് എന്ന തിരിച്ചറിവിന്റെ ആഘാതം സമര്‍ത്ഥമായി മറച്ചുവച്ച് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com