കണ്ണൂര്‍ ശൈലി മതിയാകുമോ കോണ്‍ഗ്രസ്സിന്

അക്രമരാഷ്ട്രീയത്തിന്റെ ഭൂതം കുടത്തില്‍നിന്നു പുറത്തുവരികയാണ്. അക്രമം നടത്തിയ പാര്‍ട്ടികള്‍ക്കൊന്നും അത് ഗുണകരമാകില്ല
കെ സുധാകരൻ
കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയന്റേയും കെ. സുധാകരന്റേയും ബ്രണ്ണന്‍ പരാമര്‍ശങ്ങള്‍ വെറുമൊരു കാമ്പസ് നൊസ്റ്റാള്‍ജിയ ആയി തള്ളിക്കളയേണ്ടതാണോ എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. അഭിമാനിക്കാനൊന്നുമില്ലാത്ത അക്രമത്തിന്റെ ഭൂതകാലത്തെ കാല്പനികവല്‍ക്കരിക്കുകയല്ല ഇപ്പോള്‍ വേണ്ടത് എന്ന മട്ടില്‍ പൊതുവായ അഭിപ്രായങ്ങള്‍ രൂപം കൊള്ളുമ്പോഴും ഇരുവരും ഇതിലൂടെ ലക്ഷ്യമിടുന്നതെന്താണെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. വൈകുന്നേരത്തെ പതിവു പത്രസമ്മേളനത്തിനിടയില്‍, മനോരമ ആഴ്ചപ്പതിപ്പില്‍ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലുള്ള ചോദ്യത്തിനു മറുപടിയെന്നോണമാണ് 20 മിനിറ്റോളം എടുത്ത് മുഖ്യമന്ത്രി സുധാകരനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍, പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞ് നടത്തിയ പരാമര്‍ശങ്ങളാണ് വാരികയില്‍ വന്നതെന്നും അതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്നും പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് അതിനെ കയ്യൊഴിഞ്ഞെങ്കിലും പിണറായിയുടെ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ കൂടുതല്‍ കേസുകളെക്കുറിച്ച് പരാമര്‍ശിക്കുകയാണ് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇരുമുന്നണിയില്‍ നിന്നും കൂടുതല്‍ പേര്‍ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അക്രമരാഷ്ട്രീയത്തിന്റെ ഭൂതം കുടത്തില്‍നിന്നു പുറത്തുവരികയാണ്. അക്രമം നടത്തിയ പാര്‍ട്ടികള്‍ക്കൊന്നും അത് ഗുണകരമാകില്ല. അതേസമയം, അദ്ധ്യക്ഷപദവിയില്‍ എത്തിയ കെ. സുധാകരന് ഇത്തരത്തിലുള്ള രാഷ്ട്രീയ ആഖ്യാനങ്ങളുടെ ശൈലി കോണ്‍ഗ്രസ്സിനെ രക്ഷിക്കുന്നതിനു സഹായകമാകുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇല്ല എന്നുതന്നെ പറയേണ്ടിവരും. കോണ്‍ഗ്രസ്സും യു.ഡി.എഫും നേരിടുന്ന പ്രശ്‌നങ്ങള്‍ കുറേക്കൂടി ഗൗരവകരമായ ആലോചനകള്‍ ആവശ്യപ്പെടുന്നുണ്ട്.

പിണറായിയുടേയും കെ. സുധാകരന്റേയും ബ്രണ്ണന്‍കാല വീമ്പുപറച്ചിലുകള്‍ കണ്ണൂരിലെ രാഷ്ട്രീയ അക്രമത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നതു സംശയമില്ല. ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണനില്‍നിന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലപ്പെട്ട മന്‍സൂര്‍വരെ നീളുന്ന 50 വര്‍ഷത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തിന് അതത് സന്ദര്‍ഭങ്ങളില്‍ ലഭിക്കുന്ന പ്രാധാന്യമല്ലാതെ ഗൗരവമായ പ്രശ്‌നമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുകാലത്തും അഭിസംബോധന ചെയ്തിട്ടില്ല. പൊലീസ് അന്വേഷണങ്ങളിലും കേസ് നടത്തിപ്പിലും നടത്തുന്ന ഇടപെടലുകളിലൂടെ പലപ്പോഴും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയോ പ്രതികളല്ലാത്തവര്‍ ശിക്ഷിക്കപ്പെടുകയോ ഒക്കെയാണ് ചെയ്തിരുന്നത്. ഇരുവരുടേയും ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ വ്യത്യസ്തമായ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നുണ്ട്. സി.പി.എം സ്ഥാപക നേതാവായ തലശ്ശേരിയിലെ പാണ്ട്യാല ഗോപാലന്റെ മകന്‍ ഷാജി പാണ്ട്യാല സി.പി.എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്തി പറഞ്ഞ കാര്യങ്ങളായിരുന്നു അതിലൊന്ന്. അക്രമത്തിന്റെ കഥകള്‍ പുറത്തുവന്നാല്‍ കോണ്‍ഗ്രസ്സിനെയല്ല, സി.പി.എമ്മിനെയാണ് കൂടുതല്‍ പ്രതിരോധത്തിലാക്കുക എന്നതാണ് ഇത്തരമൊരു പ്രകോപനത്തിന് കെ. സുധാകരനും കോണ്‍ഗ്രസ്സും മുതിരുന്നതിനു പിന്നിലുള്ള രഹസ്യം. അതോടൊപ്പം, പഴയകഥകളൊന്നുമറിയാത്ത പുതുതലമുറയ്ക്കു മുന്നില്‍ അക്രമത്തിന്റെ ഭൂതകാലം വലിച്ചുപുറത്തിടാനുമാകും. അതേസമയം, കെ. സുധാകരന്റെ വരവോടെ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും ഉണ്ടായ ഉണര്‍വ്വിനെ, പഴയ ആരോപണങ്ങളെ സജീവമാക്കി നിര്‍ത്തി പ്രതിരോധത്തിലാക്കുക എന്നതാണ് സി.പി.എം ലക്ഷ്യമിടുന്നത്. അതുവഴി, ഒരുപരിധിവരെ സുധാകരന്റെ നീക്കങ്ങളെ തടയിടാനുമാകും. വയനാട്ടിലെ മരംമുറി ആരോപണങ്ങളില്‍നിന്ന് വഴിതിരിക്കാനാണ് സുധാകരനെതിരെ മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന വാദങ്ങളും ഇതിനിടെ ഉയര്‍ന്നുവന്നു.

'രാഷ്ട്രീയം' മരിച്ച കൊലപാതകങ്ങള്‍ 

മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവയല്ല രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുകള്‍ എന്നതാണ് അക്രമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാവട്ടെ എന്ന നിലപാട് എടുക്കുന്നതിന് കെ. സുധാകരനേയും പാര്‍ട്ടിയേയും പ്രേരിപ്പിക്കുന്നത്. 2000 മുതലുള്ള കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ 34 സി.പി.എം. പ്രവര്‍ത്തകരും 37 ബി.ജെ.പി.-ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഏഴ് മുസ്ലിംലീഗ് പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. കേസുകള്‍ പരിശോധിച്ചാല്‍ സി.പി.എം., ബി.ജെ.പി, എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് പ്രതികളായി വന്നത്. 2000-നുശേഷം നടന്ന കൊലപാതകങ്ങളൊന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായിട്ടില്ല. കോണ്‍ഗ്രസ്സിനെതിരെ, പ്രത്യേകിച്ച് കെ. സുധാകരനെതിരെ സി.പി.എം. പലപ്പോഴും ഉയര്‍ത്തിക്കൊണ്ടുവന്ന രണ്ട് കേസുകളാണ് സേവറി നാണുവധവും നാല്‍പ്പാടി വാസുവിന്റെ വധവും. പത്രസമ്മേളനത്തിലും ഈ രണ്ടുകേസുകളേയും കെ. സുധാകരന്‍ പരാമര്‍ശിക്കുകയും ചെയ്തു. 1992-ല്‍ കണ്ണുര്‍ ടൗണിലെ സേവറി ഹോട്ടലിനു നേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയും ഹോട്ടലിലെ ജീവനക്കാരനായ നാണു കൊല്ലപ്പെടുകയുമായിരുന്നു. സി.പി.എമ്മിന്റെ അക്രമത്തിനെതിരെ മട്ടന്നൂരില്‍ പ്രചരണം നടത്താനെത്തിയ കെ. സുധാകരനെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍, സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റാണ് നാല്‍പ്പാടി വാസു കൊല്ലപ്പെട്ടത്. 1993-ലായിരുന്നു സംഭവം. ഈ രണ്ട് കേസിലേയും പ്രതികളെ കോടതി വെറുതെ വിട്ടു. നാല്‍പ്പാടി വാസു വധക്കേസില്‍ കെ. സുധാകരന്‍ ആദ്യം പ്രതിയായില്ലെങ്കിലും 1998-ല്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് കെ. സുധാകരനെക്കൂടി പ്രതിചേര്‍ത്തിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി തള്ളി. സഹോദരന്‍ രാജന്‍ പിന്നീടും പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഈ രണ്ടുകേസുകളെക്കുറിച്ചും ഇപ്പോള്‍ കെ. സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു കുടുംബങ്ങളും പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

1969-ല്‍ തലശ്ശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ജനസംഘം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണ് കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായി കണക്കാക്കപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവും മുന്‍ എം.എല്‍.എ.യുമായ എം.വി. രാജഗോപാലനുമായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികള്‍. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ തലശ്ശേരി കോടതി പ്രതികളെ വെറുതെ വിട്ടു. ആ കൊലപാതകം മുതല്‍ 2021 ഏപ്രില്‍ ആറിന് കൂത്തുപറമ്പില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതുവരെ നൂറ്റമ്പതിലധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. 2000-ത്തിനുശേഷം മാത്രം 75 പേരാണ് രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടത്. എങ്കിലും കണ്ണൂര്‍ സമാധാനത്തിലേക്ക് തിരിച്ചെത്തിയെന്നും അക്രമ സംഭവങ്ങള്‍ പഴയതുപോലെ ഇപ്പോള്‍ നടക്കാറില്ലെന്നുമാണ് രാഷ്ട്രീയ നേതാക്കള്‍ നിരന്തരം പറയുന്നത്. സമാധാനത്തിന്റെ വക്താക്കളാകുമ്പോഴും ഉള്ളില്‍ അക്രമത്തിന്റെ ഓര്‍മ്മകള്‍ ഗൃഹാതുരത്വത്തോടെ കാത്തുസൂക്ഷിക്കുന്നവരാണ് നേതാക്കള്‍ എന്നതാണ് അതിലെ വിരോധാഭാസം. 

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2016 മുതല്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. ഇതില്‍ എട്ട് കേസിലും സി.പി.എം. പ്രവര്‍ത്തകരാണ് പ്രതികള്‍. അഞ്ച് കേസില്‍ ബി.ജെ.പിയും ഒരു കേസില്‍ എസ്.ഡി.പി.ഐയും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് ഉള്‍പ്പെടെ കൊല്ലപ്പെട്ടത് ഇക്കാലത്താണ്. തൊട്ടടുത്ത ജില്ലയായ കാസര്‍കോട്ട് കൃപേഷും ശരത്ലാലുമുള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ ഇതിനു പുറമെയാണ്. ഒട്ടനവധി അക്രമ സംഭവങ്ങളും ബോംബെറിയലും ബോംബു സ്‌ഫോടനവും വാഹനങ്ങള്‍ കത്തിക്കലും വീടാക്രമിക്കലും ഒക്കെ കണ്ണൂരില്‍ നടക്കുന്നുണ്ട്. അടുത്തകാലത്ത് കണ്ണൂരിലും കാസര്‍കോടുമുണ്ടായ അക്രമങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു സഹായകമായ രീതിയില്‍ മാറിയിട്ടുമുണ്ട്. രക്തസാക്ഷികളെക്കുറിച്ചുള്ള ഓര്‍മകള്‍ സജീവമാക്കി നിര്‍ത്താനും സി.പി.എമ്മിന്റെ അക്രമങ്ങളെ പരമാവധി ജനങ്ങളിലെത്തിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുമുണ്ട്.

പുതിയ വെളിപ്പെടുത്തലുകള്‍ 

പിണറായിയുടേയും കെ. സുധാകരന്റേയും പത്രസമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പലരും രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ രണ്ട് കേസുകളും പുനരന്വേഷണം വേണമെന്ന് കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. ഒപ്പം നേരത്തെ സുധാകരന്റെ അനുയായി ആയിരുന്ന, പാര്‍ട്ടി വിട്ടുപോയ പ്രശാന്ത് ബാബു, കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം കൂടിയായ മമ്പറം ദിവാകരന്‍ എന്നിവര്‍ സുധാകരനേയും കോണ്‍ഗ്രസ്സിനേയും പ്രതിക്കൂട്ടിലാക്കുന്ന അഭിപ്രായങ്ങളുമായി മുന്നോട്ട് വന്നു. സേവറി നാണു വധവുമായി ബന്ധപ്പെട്ട് പ്രശാന്ത് ബാബു മുന്‍പുതന്നെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നെങ്കിലും ആ കേസ് തള്ളിപ്പോയിരുന്നു. എന്നാല്‍, കണ്ണൂരിലെ അടുത്തകാലത്തെ ചില രാഷ്ട്രീയ നീക്കങ്ങള്‍ വരാനിരിക്കുന്ന ചിലതിന്റെ സൂചനയായി കാണുന്നവരും ഉണ്ട്. സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി. ജയരാജന്റെ മകന്‍ മൊറാഴയില്‍ നിര്‍മ്മിച്ച റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തിന് മമ്പറം ദിവാകരന്‍ പങ്കെടുത്തതിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇദ്ദേഹത്തിനെതിരെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പോസ്റ്ററുകളും പതിച്ചിരുന്നു. അകത്തോ പുറത്തോ എന്നറിയാത്ത മട്ടിലാണ് ദിവാകരന്റെ അവസ്ഥ എന്ന് കെ. സുധാകരനും പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കെ. സുധാകരന്റെ പ്രസ്താവനകള്‍ സി.പി.എമ്മിനെ ഭയന്ന് മിണ്ടാതിരുന്ന ചിലരെയെങ്കിലും പരസ്യപ്രസ്താവനകളുമായി രംഗത്തുവരാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതുതന്നെയാണ് സുധാകരന്‍ ലക്ഷ്യമിടുന്നതും. മുഖ്യമന്ത്രിക്കെതിരായി, അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരുവും തലശ്ശേരിയിലെ സി.പി.എം. നേതാവുമായിരുന്ന പാണ്ട്യാല ഗോപാലന്റെ മകന്‍ പാണ്ട്യാല ഷാജി ടെലിവിഷന്‍ ചാനലുകളില്‍ വെളിപ്പെടുത്തലുകളുമായി എത്തി. സുധാകരന്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ച, സി.പി.എം പ്രവര്‍ത്തകന്‍ വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകമായിരുന്നു അതിലൊന്ന്. പിണറായി വിജയനുമായി തെറ്റിയ ബാബുവിനെ, പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം വെട്ടിക്കൊന്നു എന്നാണ് ഷാജി പാണ്ട്യാല ആരോപിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പോലും കഴിയാത്ത തരത്തില്‍ ഊരുവിലക്കും ഉണ്ടായിരുന്നു. തൊട്ടടുത്ത വീട്ടില്‍നിന്ന് വൈദ്യുതി പോലും എടുക്കാന്‍ സമ്മതിച്ചില്ല. പന്തം കൊളുത്തിയതിന്റെ പ്രകാശത്തിലാണ് പുറത്തു നിന്നെത്തിയ സി.എം.പി. പ്രവര്‍ത്തകര്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത് എന്ന് അദ്ദേഹം പറയുന്നു. ബാബുവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് പിണറായിയില്‍ സി.എം.പി. നടത്തിയ അനുസ്മരണസമ്മേളനത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ ഷാജിയും ആക്രമിക്കപ്പെട്ടു. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഷാജി പാര്‍ട്ടിയുമായി തെറ്റി സി.എം.പി.യിലേക്ക് ചേര്‍ന്നിരുന്നു. വാഹനങ്ങള്‍ തടഞ്ഞതിനാല്‍ പരിക്കേറ്റുകിടന്ന അദ്ദേഹത്തെ ഏറെനേരം ആശുപത്രിയില്‍ എത്തിക്കാന്‍ പോലുമായില്ല. ഇപ്പോഴും കൈകള്‍ക്കും കാലുകള്‍ക്കും ബലക്കുറവുള്ള പാണ്ട്യാല ഷാജിക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ളതായും അദ്ദേഹം പറയുന്നു. ഷാജിയുടേയും ആരോപണം നീളുന്നത് പിണറായിയിലേക്കാണ്. എന്നാല്‍, കേസില്‍ സാക്ഷികളും തെളിവുകളുമില്ല എന്നതിനാല്‍ തള്ളിപ്പോയി. 1977-ല്‍ ദിനേശ് ബീഡി തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചതായി കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി കണ്ടോത്ത് ഗോപിയും കെ. സുധാകരനൊപ്പമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സുധാകരന്റേയും പിണറായിയുടേയും പത്രസമ്മേളനത്തിലൂടെ കൂടുതല്‍ തുറന്നുപറച്ചിലുകള്‍ ഉണ്ടാവുകയും പഴയ എഫ്.ഐ.ആര്‍ അടക്കമുള്ള രേഖകള്‍ തെളിവുകളായി പൊതുസമൂഹത്തില്‍ എത്തുകയും ചെയ്യുന്നത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പലപ്പോഴും സി.പി.എം നിര്‍മ്മിച്ച ആഖ്യാനങ്ങളാണ് പൊതുഇടങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടാറുള്ളത്. പുതിയ വിവാദങ്ങള്‍ ഇവയുടെ മറുഭാഗത്തുനിന്നുള്ള ആഖ്യാനങ്ങളായി വരുന്നത് കോണ്‍ഗ്രസ്സും യു.ഡി.എഫും അനുകൂലമായാണ് എടുക്കുന്നത്. എന്നാല്‍, ഈ വിഷയം കുറച്ചുകൂടി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് സി.പി.എം ശ്രമിക്കുന്നത്. കെ. സുധാകരനെ പ്രതിരോധത്തിലാക്കുക എന്നതിനപ്പുറം തങ്ങള്‍ക്ക് അനുകൂലമല്ലാത്ത ഘട്ടത്തിലെത്തിയാല്‍ കൂടുതല്‍ ആരോപണങ്ങളിലേക്ക് സി.പി.എം. കടക്കാനുള്ള സാധ്യത കുറവാണ്. 1985 മുതല്‍ കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ 78 എണ്ണത്തിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സി.പി.എം. ആണ്. രണ്ട് കേസുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായി ഉള്ളത്.

കെ. സുധാകരന് ഈ ശൈലി മതിയാകുമോ? 

കെ. സുധാകരന്റെ വരവോടെ യു.ഡി.എഫില്‍ ഉണര്‍വ്വുണ്ടായി എന്നതും കോണ്‍ഗ്രസ് ആവേശത്തിലായിട്ടുണ്ട് എന്നതും വസ്തുതയാണ്. കൊവിഡ് കാലത്ത് പൂര്‍ണ്ണമായും സി.പി.എമ്മിന്റെ കൈപ്പിടിയിലായിപ്പോയ മീഡിയ സ്‌പേസ് കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ കെ. സുധാകരനു കഴിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു പിറ്റേ ദിവസം നടത്തിയ കെ. സുധാകരന്റെ പത്രസമ്മേളനത്തിന് അടുത്തകാലത്തൊന്നും യു.ഡി.എഫിനു കിട്ടിയിട്ടില്ലാത്ത വ്യൂവര്‍ഷിപ്പാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, കണ്ണൂര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും കോണ്‍ഗ്രസ്സിലോ യു.ഡി.എഫിലോ ഉള്ളവര്‍ക്കുപോലും പെട്ടെന്ന് മനസ്സിലാകുന്നില്ല എന്നത് ഒരു പ്രശ്‌നമാണ്. അതുമാത്രമല്ല, മാറിയ കേരള രാഷ്ട്രീയത്തിലെ സാമുദായിക-മുന്നണി സമവാക്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള പദ്ധതി തയ്യാറാക്കാന്‍ സുധാകരനു കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. 

ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശത്തോടെ കേരള കോണ്‍ഗ്രസ്സിന്റേയും വലിയ വിഭാഗം ക്രൈസ്തവ വിഭാഗങ്ങളുടെയും വോട്ട് യു.ഡി.എഫിനു നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസിനും യു.ഡി.എഫിനും ഒപ്പം നിന്നിരുന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ ഏറെക്കുറെ ഇടതുപക്ഷത്തിനനുകൂലമായ മനോഭാവത്തിലേക്ക് എത്തിയിട്ടുണ്ട്. സി.പി.എം ഉയര്‍ത്തിക്കൊണ്ടുവന്ന വര്‍ഗ്ഗീയതാ ചര്‍ച്ചകള്‍, മുന്നോക്ക സംവരണം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് എന്നിവ ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്തു. അതേസമയം, പരമ്പരാഗതമായി സി.പി.എമ്മിനൊപ്പമായിരുന്ന ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സിനോ സി.പി.എമ്മിനോ കഴിയുന്നുമില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ലത്തീന്‍ സമുദായത്തിന്റെ നഷ്ടം ഇരുമുന്നണികളും പരിഗണിച്ചില്ലെന്നതു ശ്രദ്ധേയമാണ്. അതേസമയം, സി.പി.എമ്മിന് ലത്തീന്‍ വിഭാഗത്തില്‍ നിന്ന് എം.എല്‍.എമാരുണ്ട്. കോണ്‍ഗ്രസ്സാകട്ടെ, ഈ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ തയ്യാറായിട്ടുമില്ല. കെ.വി. തോമസിനേയോ ഡൊമനിക് പ്രസന്റേഷനേയോ ഹൈബി ഈഡനെയോ പോലുള്ള ലത്തീന്‍ സമുദായത്തില്‍ സ്വാധീനമുള്ള നേതാക്കളെ പ്രയോജനപ്പെടുത്താനും കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടുമില്ല.

കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാരായി ടി. സിദ്ദിഖിനേയും പി.ടി. തോമസിനേയും കൊടിക്കുന്നില്‍ സുരേഷിനേയും നിയമിച്ചെങ്കിലും ഇവരെല്ലാം ജനപ്രതിനിധികള്‍ കൂടി ആണെന്നതിനാല്‍ പൂര്‍ണ്ണമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മധ്യകേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ അകല്‍ച്ചപോലെ തന്നെ ഗൗരവത്തിലെടുക്കേണ്ടതാണ് മലബാര്‍ മേഖലയിലെ മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍. മുസ്ലിം സമുദായം യു.ഡി.എഫിനു കൂടെ നില്‍ക്കുന്നു എന്ന പ്രതീതി ഉള്ളപ്പോള്‍ത്തന്നെ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമസ്ത പോലെയുള്ള സംഘടനകളുടെ അതൃപ്തികള്‍, വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള പ്രശ്‌നം എന്നിവ കൂടുതല്‍ ഗൗരവമായി എടുക്കാന്‍ നിലവിലുള്ള കോണ്‍ഗ്രസ്-യു.ഡി.എഫ് സംവിധാനത്തിന് എത്രത്തോളം കഴിയുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. വര്‍ക്കിങ് പ്രസിഡന്റായി ടി. സിദ്ദിഖിന്റെ നിയമനം ഈ വിഷയം കൂടി ഉള്‍ക്കൊള്ളാമെന്ന് കരുതാമെങ്കിലും ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആലോചനകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
മുന്നോക്ക സംവരണത്തിന്റേയും തൊഴില്‍ നിയമനങ്ങളുടേയും പശ്ചാത്തലത്തില്‍ ദളിത് സമുദായ സംഘടനകളില്‍ യു.ഡി.എഫ് അനുഭാവം രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഈ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനോ പ്രശ്‌നങ്ങള്‍ പരിഗണിക്കാനോ പ്രാതിനിധ്യം നല്‍കാനോ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടുമില്ല. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തിലേക്കുള്ള വരവ് ഇതിന് അനുകൂലമാണെങ്കിലും എത്രത്തോളം ആത്മവിശ്വാസം ഉണര്‍ത്താന്‍ അതിനു കഴിഞ്ഞിട്ടുണ്ട് എന്നതും സംശയത്തിലാണ്. യഥാര്‍ത്ഥത്തില്‍ മുന്‍ഗാമികളേക്കാള്‍ സങ്കീര്‍ണ്ണമായ മുന്നണി-സാമുദായിക കാലാവസ്ഥയാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിനു മുന്നിലുള്ളത്. ഈ സങ്കീര്‍ണ്ണമായ അവസ്ഥയെ നേരിടാന്‍ മാത്രമുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ എന്തെങ്കിലും കെ.പി.സി.സി പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിന്റെ സൂചനകളും പ്രകടമല്ല. ആണത്ത പ്രസ്താവനകളും രാഷ്ട്രീയമായ വെല്ലുവിളിക്കലുകളും കൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍. 'കണ്ണൂര്‍ രാഷ്ട്രീയം' കൊണ്ടുമാത്രം മറികടക്കാവുന്നതല്ല ഈ പ്രശ്‌നങ്ങളൊന്നും. ഇത് തിരിച്ചറിയാനുള്ള ശ്രമം കെ. സുധാകരന്റെ ഭാഗത്തുനിന്നുണ്ടാകുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com