കണക്കൂട്ടലുകള്‍ തെറ്റിക്കുന്ന ഐഎന്‍എല്‍

പാര്‍ട്ടിയിലെ തന്നെ നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം ഉയര്‍ത്തിയ അഴിമതിയാരോപണങ്ങളും വിഭാഗീയതയും രാജിവെക്കലും പുറത്താക്കലും ഒക്കെയായി പ്രശ്‌നസങ്കീര്‍ണ്ണമായിരിക്കുകയാണ് ഐ.എന്‍.എല്‍
മന്ത്രി അഹമ്മദ് ദേവർകോവിൽ/ ഫെയ്സ്ബുക്ക്
മന്ത്രി അഹമ്മദ് ദേവർകോവിൽ/ ഫെയ്സ്ബുക്ക്

രുപത്തിരണ്ട് വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിന് (ഐ.എന്‍.എല്‍) ഇടതുമുന്നണിയില്‍ പ്രവേശനം കിട്ടിയത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസ്ഥാനവും ലഭിച്ചതോടെ കേരളത്തിന്റെ ഭരണാധികാരത്തില്‍ പങ്കാളികൂടിയായി ഐ.എന്‍.എല്‍. മുസ്ലിംലീഗിനു സീറ്റുകള്‍ നഷ്ടമാകുകയും വോട്ടു കുറയുകയും ചെയ്ത അതേ സാഹചര്യത്തിലാണ് ഇപ്പുറത്ത് മുസ്ലിംലീഗിനെ പരാജയപ്പെടുത്തിയ അഹമ്മദ് ദേവര്‍ക്കോവിലിന് മന്ത്രിസ്ഥാനവും ലഭിക്കുന്നത്. മുന്നണി പ്രവേശവും അധികാരപങ്കാളിത്തവും ലഭിച്ച സാഹചര്യത്തില്‍ പുതിയൊരു ഉണര്‍വ്വിലേക്ക് പാര്‍ട്ടി മാറുമെന്നും മുസ്ലിം സമുദായത്തെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നുമായിരുന്നു പ്രതീക്ഷ. ഐ.എന്‍.എല്ലിനേക്കാള്‍ ആ പ്രതീക്ഷവെച്ചത് സി.പി.എമ്മായിരുന്നു. എന്നാല്‍, അതിലേയ്ക്കുയരാനും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഐ.എന്‍.എല്ലിനു സാധിക്കുന്നില്ല എന്ന തരത്തിലാണ് കാര്യങ്ങള്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സര്‍ക്കാരിലും അധികാരത്തിലും പങ്കാളിത്തം ലഭിക്കുമ്പോള്‍ മറ്റൊരു രീതിയിലാണ് അതു പാര്‍ട്ടിയെ ബാധിച്ചത്. അടുത്തിടെ പാര്‍ട്ടിയിലെ തന്നെ നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം ഉയര്‍ത്തിയ അഴിമതിയാരോപണങ്ങളും വിഭാഗീയതയും രാജിവെക്കലും പുറത്താക്കലും ഒക്കെയായി ഒന്നോ രണ്ടോ മാസത്തിനകം തന്നെ പ്രശ്‌നസങ്കീര്‍ണ്ണമായിരിക്കുകയാണ് ഐ.എന്‍.എല്‍.

പരസ്യമായും രഹസ്യമായും ലക്ഷങ്ങളുടെ അഴിമതിയാരോപണമാണ് ഐ.എന്‍.എല്ലില്‍നിന്നു പുറത്തുവരുന്നത്. ഐ.എന്‍.എല്ലിനു ലഭിച്ച പി.എസ്.സി അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി മറിച്ചുകൊടുത്തു എന്നതാണ് പ്രധാനപ്പെട്ട ആരോപണം. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. അദ്ദേഹമായിരുന്നു ഇക്കാര്യം ആരോപിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെയായിരുന്നു ഇ.സി. മുഹമ്മദിന്റെ പ്രധാന ആരോപണം. സര്‍ക്കാര്‍ ഐ.എന്‍.എല്ലിനു നല്‍കിയ സ്ഥാനങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പണം ആവശ്യപ്പെടുകയാണ്. 40 ലക്ഷം രൂപ പി.എസ്.സി അംഗത്വത്തിനു തീരുമാനിക്കുകയും അതു തരാന്‍ തയ്യാറുള്ളവരെ മാത്രം നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനുപുറമെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലേക്കുള്ള നിയമനത്തിലും മന്ത്രിയുടെ തുറമുഖ വകുപ്പിലെ വിവിധ നിയമനത്തിലും ഇത്തരം അഴിമതികള്‍ നടക്കുന്നതായും ആരോപണമുയര്‍ന്നു. 

പാര്‍ട്ടിക്കുള്ളിലെ അഴിമതിയും വിഭാഗീയതയും 

പാര്‍ട്ടിക്കുള്ളിലും പുറത്തും രൂക്ഷമായ വിമര്‍ശനങ്ങളിലേക്കും വാക്കേറ്റങ്ങളിലേക്കും കാര്യങ്ങളെത്തി. ഇതിനൊപ്പം പാര്‍ട്ടിയില്‍ പലതരത്തിലുള്ള വിഭാഗീയതകളും ഉണ്ടായി. പാര്‍ട്ടി പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നു. വിഷയം വിവാദമായതോടെ സി.പി.എം ഇടപെട്ടു. ഐ.എന്‍.എല്‍ നേതാക്കളെ തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ച് സി.പി.എം സെക്രട്ടറി എ. വിജയരാഘവന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. സര്‍ക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയ്ക്ക് കോട്ടംതട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്നു താക്കീത് നല്‍കി. ഇക്കാര്യം ഐ.എന്‍.എല്‍ നേതാക്കളും സമ്മതിച്ചു. എന്നാല്‍, ഇതിനു തൊട്ടുപിന്നാലെയാണ് മന്ത്രി അഹമ്മദ് ദേവര്‍ക്കോവിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുസ്ലിംലീഗ് എം.പി. പി.വി. അബ്ദുള്‍ വഹാബില്‍നിന്നു മൂന്നുലക്ഷം രൂപ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നത്. പാര്‍ട്ടി മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണത്തില്‍നിന്നാണ് ഈ വിവരങ്ങള്‍ പുറത്തായത്. ഫോണ്‍ സംഭാഷണം ചോര്‍ത്തി പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ മൂന്നു പേരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. മുസ്ലിംലീഗിലെ വനിതാ സ്ഥാനാര്‍ത്ഥിയായ നൂര്‍ബിന റഷീദിനെ കോഴിക്കോട് സൗത്തില്‍ പരാജയപ്പെടുത്തിയാണ് അഹമ്മദ് ദേവര്‍ക്കോവില്‍ നിയമസഭയിലെത്തിയത്. മുസ്ലിംലീഗിന്റെ സിറ്റിങ് സീറ്റില്‍ ലീഗ് എം.പിയില്‍നിന്നു പണംവാങ്ങി മത്സരിച്ചത് പുതിയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. കാസര്‍കോട് സീറ്റിനായി സംസ്ഥാന പ്രസിഡന്റ് കോഴ അവശ്യപ്പെട്ടതായും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

അഴിമതിയാരോപണങ്ങളെയെല്ലാം നേതൃത്വം തള്ളിക്കളയുകയാണ്. സ്ഥാനമാനങ്ങള്‍ കിട്ടുന്ന തരത്തിലേക്ക് പാര്‍ട്ടി മാറിയപ്പോള്‍ അതു തകര്‍ക്കാനുള്ള ഒരു സംഘം ആളുകളുടെ ശ്രമമായാണ് നേതൃത്വം ഇതിനെ വിലയിരുത്തുന്നത്. കുന്നമംഗലം എം.എല്‍.എ പി.ടി.എ. റഹീമിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലുമായി ചേര്‍ന്നിരുന്നു. എന്നാല്‍, അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല എന്നാരോപിച്ച് എന്‍.എസ്.സി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗമിപ്പോള്‍. ഐ.എന്‍.എല്ലില്‍ അഴിമതിയാരോപിച്ചവരും എന്‍.എസ്.സിയുമായി സഹകരിക്കാനാണ് നീക്കം. മുസ്ലിംലീഗില്‍നിന്നും പുറത്തുവന്ന ശേഷം പി.ടി.എ. റഹീം രൂപീകരിച്ച പാര്‍ട്ടിയായിരുന്നു എന്‍.എസ്.സി. ഇടത് പിന്തുണയോടുകൂടിയാണ് പാര്‍ട്ടി മത്സരിച്ചതും. ഐ.എന്‍.എല്ലില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ മുസ്ലിംലീഗും ശ്രമിക്കുന്നതായി ചില നേതാക്കള്‍ ആരോപിക്കുന്നുണ്ട്. ഇടതുമുന്നണിയില്‍ ആണെങ്കിലും മന്ത്രി അഹമ്മദ് ദേവര്‍ക്കോവില്‍ ചര്‍ച്ച നടത്തുന്നതും ബന്ധപ്പെടുന്നതും മുസ്ലിംലീഗുമായിട്ടാണെന്ന് പ്രാദേശിക സി.പി.എം നേതൃത്വവും ആരോപണവുമായി വന്നിട്ടുണ്ട്.

സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ 

മുസ്ലിംലീഗിന് ബദല്‍ എന്ന നിലയില്‍ എല്‍.ഡി.എഫില്‍ മുസ്ലിം സമുദായങ്ങളേയും വോട്ടര്‍മാരേയും ആകര്‍ഷിക്കാന്‍ ഐ.എന്‍.എല്ലിലൂടെ സാധിച്ചേക്കാം എന്ന കണക്കുകൂട്ടല്‍ സി.പി.എമ്മിനുണ്ടായിരുന്നു. മുസ്ലിംലീഗിനെ 'വര്‍ഗ്ഗീയ പാര്‍ട്ടി' എന്ന നിലയിലാണ് സി.പി.എം പലപ്പോഴും സമീപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം ഈ ആരോപണം പരസ്യമായി ഉന്നയിക്കുകയും പ്രചാരണം നടത്തുകയും അതുവഴിയുണ്ടായ ചര്‍ച്ചകള്‍ പാര്‍ട്ടിക്കനുകൂലമായി മാറ്റുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫ് ജയിച്ചാല്‍ മുസ്ലിംലീഗ് കേരളം ഭരിക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു. ഇതേ സമയത്താണ് മതേതര പാര്‍ട്ടി എന്ന ലേബലില്‍ ഐ.എന്‍.എല്ലിനെ സി.പി.എം മുന്നണിയില്‍ പരിഗണിച്ചതും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിം സമുദായത്തെ കൂടെനിര്‍ത്താന്‍ സാധിച്ചേക്കും എന്ന കണക്കുക്കൂട്ടലും മന്ത്രിസ്ഥാനം നല്‍കിയതിനു പിന്നിലുണ്ട്. എന്നാല്‍, മുസ്ലിം സമുദായത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലേക്ക് ഐ.എന്‍.എല്ലിനു മാറാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങളും പാര്‍ട്ടിയും നേതാക്കളും കാര്യമായി നടത്തുന്നുമില്ല. 

രൂപീകരിച്ച കാലം മുതല്‍ ഇടതുപക്ഷത്തെ പിന്തുണച്ച പാര്‍ട്ടിയായിരുന്നു ഐ.എന്‍.എല്‍ 1994-ലായിരുന്നു മുസ്ലിംലീഗ് വിട്ട ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിച്ചത്. ബാബ്റി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് മുന്നണി വിടണമെന്ന് മുസ്ലിംലീഗില്‍ ആവശ്യമുന്നയിച്ചെങ്കിലും സുലൈമാന്‍ സേട്ടിന്റെ പുറത്തുപോകലിലാണ് അതു കലാശിച്ചത്. സംസ്ഥാന നേതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ 1994-ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്ലിംലീഗ് ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ 21 വര്‍ഷം ദേശീയ അധ്യക്ഷനായിരുന്ന സുലൈമാന്‍ സേട്ടിനെ മാറ്റി ജി.എം. ബനാത്ത്വാലയെ അധ്യക്ഷനാക്കി. അതേ വര്‍ഷംതന്നെ ഡല്‍ഹിയില്‍ അദ്ദേഹം ഐ.എന്‍.എല്ലിനു രൂപം നല്‍കി. സി.പി.എമ്മുമായി പാര്‍ട്ടീരൂപീകരണത്തിലും നയത്തിലും തുടക്കത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇടതുമുന്നണിയുടെ ഭാഗമാകാം എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു അതിന്റെ രൂപീകരണവും. സാമുദായിക പാര്‍ട്ടി എന്ന ആരോപണം ഒഴിവാക്കാന്‍ പാര്‍ട്ടിയുടെ പേരിലും കൊടിയിലും നയത്തിലും നേതാക്കള്‍ ശ്രദ്ധകൊടുത്തിരുന്നു. എന്നാല്‍, സമുദായപ്പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നതില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ സി.പി.എമ്മില്‍ നടക്കുകയും മുന്നണിയുടെ ഭാഗമാക്കേണ്ട എന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തുകയും ചെയ്തു. നിരാശരായെങ്കിലും പിന്നീടിങ്ങോട്ട് സി.പി.എമ്മിന്റെ 'പോഷക സംഘടന' എന്ന നിലയിലായിരുന്നു ഐ.എന്‍.എല്ലിന്റെ പ്രവര്‍ത്തനം. മുന്നണിപ്രവേശം സാധ്യമായതുമില്ല. 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് 2016-ല്‍ ഇടതുമുന്നണി ഐ.എന്‍.എല്ലിനെ കൂടെക്കൂട്ടിയത്. അതുവരെ തെരഞ്ഞെടുപ്പുകളില്‍ സി.പി.എം പിന്തുണയോടെ ഐ.എന്‍.എല്ലും തിരിച്ചും മത്സരിച്ചിട്ടുണ്ട്. 

2006-ല്‍ പി.എം.എ സലാം ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയായി ഇടതു പിന്തുണയോടെ കോഴിക്കോട് രണ്ടില്‍ മത്സരിച്ച് ജയിച്ചിരുന്നു. നിയമസഭയിലെ പാര്‍ട്ടിയുടെ ആദ്യ പ്രതിനിധിയായിരുന്നു അദ്ദേഹം. യു.ഡി.എഫുമായുള്ള ബന്ധത്തിന്റെ പേരില്‍ പിന്നീട് ഇദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുകയും സലാം മുസ്ലിംലീഗിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹം എല്‍.ഡി.എഫ് മുന്നണിപ്രവേശം സാധ്യമാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടി മുസ്ലിംലീഗിലേക്ക് തിരിച്ചുപോകണം എന്ന അഭിപ്രായക്കാരനായിരുന്നു. സുലൈമാന്‍ സേട്ടടക്കമുള്ള ആദ്യകാല നേതാക്കളുടെ മരണവും പാര്‍ട്ടിയിലെ പലരുടേയും മുസ്ലിംലീഗിലേയ്ക്കുള്ള തിരിച്ചുപോക്കും ഐ.എന്‍.എല്ലിനെ ദുര്‍ബ്ബലപ്പെടുത്തിയിരുന്നു. പിന്നീട് കാര്യമായ നേതാക്കളില്ലാത്തതും സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലെ പോരായ്മയും ഐ.എന്‍.എല്ലിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായി. പുതിയൊരു ഉണര്‍വ്വിലേക്കു പാര്‍ട്ടി നിലവില്‍ എത്തിയെങ്കിലും ആ രീതിയിലേക്കുള്ള ഒരു മാറ്റം പാര്‍ട്ടി സംവിധാനത്തിനു കഴിയുന്നുമില്ല. മുസ്ലിം സമുദായത്തിലും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. അതിനൊപ്പമാണ് അഴിമതി ആരോപണങ്ങളും.

സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ ഐ.എന്‍.എല്ലിനു കാര്യമായ സ്വാധീനമില്ല
എന്‍.പി. ചെക്കുട്ടി 

ഐ.എന്‍.എല്ലിന്റെ രൂപീകരണ സമയത്ത് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, 1995-ല്‍ ചണ്ഡീഗഡ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഐ.എന്‍.എല്ലുമായി ബന്ധം സാധ്യമല്ല എന്നൊരു പ്രമേയം പാസ്സാക്കി. 1998-ല്‍ പാലക്കാട് സംസ്ഥാന സമ്മേളനത്തിനു വന്നപ്പോള്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനോട് ഞാന്‍ ഇക്കാര്യം നേരിട്ട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. മതേതരമായ ഒരു യോജിപ്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. അതിനപ്പുറത്തേക്കുള്ള ഒരുറപ്പും കൊടുത്തിരുന്നില്ല എന്നാണ്.

എ.എന്‍.എല്ലുമായി ബന്ധം സ്ഥാപിക്കുന്നതിന് കേരള ഘടകത്തിലെ ഭൂരിപക്ഷം അനുകൂലമായിരുന്നില്ല. പാര്‍ട്ടി നയത്തില്‍ തിരുത്തലുകള്‍ വേണമെന്ന് ചില നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. ഇ.എം.എസ്സും എം.എം. ലോറന്‍സും ഇ.കെ. നായനാരുമടക്കമുള്ള നേതാക്കള്‍ അനുകൂലിച്ചവരായിരുന്നു. എന്നാല്‍, വി.എസ്. അച്യുതാന്ദനടക്കമുള്ള പ്രബലവിഭാഗം ഇതിനെ ചെറുത്തു. അങ്ങനെയാണ് ഐ.എന്‍.എല്ലുമായി ഒരു ഐക്യം വേണ്ട എന്നു പാര്‍ട്ടി തീരുമാനമെടുത്തത്. 1998-ല്‍ പാലക്കാട് സമ്മേളനത്തിലും വീണ്ടും പ്രമേയം കൊണ്ടുവന്നു. 

മുസ്ലിം സമുദായവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവമായ ചര്‍ച്ചകള്‍ എണ്‍പതുകള്‍ മുതല്‍ സി.പി.എമ്മില്‍ ഉണ്ടായിട്ടുണ്ട്. എം.വി. രാഘവന്‍ പാര്‍ട്ടിയില്‍നിന്നു പോകുന്നതുതന്നെ അതിന്റെ പേരിലാണ്. ഇ.എം.എസ്സും വി.എസ്സും തമ്മിലുണ്ടായ പ്രധാനപ്പെട്ട അഭിപ്രായ വ്യത്യാസം ഇതിന്റെ പേരിലായിരുന്നു. അങ്ങനെ സി.പി.എമ്മിലെ ഒരുപാട് ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കു കാരണമായ ഒരു വിഷയമാണിത്; മുസ്ലിം സമുദായവും പാര്‍ട്ടിയുമായുള്ള ബന്ധം. അങ്ങനെയാരു രാഷ്ട്രീയ യുദ്ധത്തിനു കാരണം ഐഡന്റിറ്റി പൊളിറ്റിക്‌സിനെപ്പറ്റി സി.പി.എം എടുക്കേണ്ട നിലപാടുകള്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഭിന്നതകളായിരുന്നു. പ്രത്യേകിച്ചും മുസ്ലിം ന്യൂനപക്ഷത്തോട് എന്തു നിലപാട് എടുക്കണം എന്നതായിരുന്നു പ്രശ്‌നം. അങ്ങനെ വലിയരീതിയില്‍ ആഴത്തിലുള്ള ആഭ്യന്തര ചര്‍ച്ചകള്‍ നടന്നിട്ടുള്ള ഒരു വിഷയമാണിത്. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ സി.പി.എം നേതൃത്വത്തിന് അത്തരം ചര്‍ച്ചകളും ആലോചനകളും ഇല്ലാത്തതുകൊണ്ട് താല്‍ക്കാലികമായി എന്തുഗുണം കിട്ടും എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം എടുത്ത തീരുമാനമാണിത്. മന്ത്രിസ്ഥാനവും കൊടുത്തു. പക്ഷേ, ഇപ്പോള്‍ ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയവുമായി അതിനു യോജിച്ചുപോകാന്‍ കഴിയില്ല. സി.പി.എമ്മിനു പ്രതീക്ഷയെക്കാളേറെ പ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുക.

രാഷ്ട്രീയമായ ഗുണത്തിനപ്പുറത്ത് പ്രത്യയശാസ്ത്രപരമായ യോജിപ്പല്ല അവര്‍ നോക്കിയത്. നമുക്കു വോട്ട് കിട്ടുമെങ്കില്‍ കൂടെ നിര്‍ത്താം എന്ന ഒരു കാഴ്ചപ്പാട് മാത്രമായിരുന്നു. അതിന്റെ തലവേദനകള്‍ കാണാന്‍ തുടങ്ങിയിട്ടുമുണ്ട്. അഴിമതി ഒരു വലിയ പ്രശ്‌നം തന്നെയാണ്. ഇതിനെ സി.പി.എമ്മിന്റെ പ്രതീക്ഷ എന്നു പറയുന്നതിന് അര്‍ത്ഥമില്ല. സി.പി.എം നേതാക്കളുടെ പ്രതീക്ഷ എന്നുമാത്രമേ പറയാന്‍ പറ്റുകയുള്ളൂ. പാര്‍ട്ടി ഗൗരവമായി ആലോചിച്ച് എടുത്ത തീരുമാനമൊന്നുമല്ല ഇത്. 1995-ല്‍ അവര്‍ വേണ്ട എന്നു തീരുമാനിച്ചത് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടാണ്. 1998-ല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനവും ചര്‍ച്ച ചെയ്തു. ഇത്തവണ അങ്ങനെയൊരു സമ്മേളനവും ചര്‍ച്ച ചെയ്തല്ല തീരുമാനമെടുത്തത്. മുഖ്യമന്ത്രിയും കോടിയേരിയും തീരുമാനിച്ചു; അതു നടപ്പിലാക്കി എന്നുമാത്രമേയുള്ളൂ. 

മുസ്ലിം സമുദായത്തിനകത്ത് രാഷ്ട്രീയമായി വളരെ ആഴത്തിലുള്ള ആലോചനകള്‍ നടക്കുന്ന സമയമാണിത്. മുസ്ലിം കമ്യൂണിറ്റി ഇനി എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത് എന്ന തരത്തില്‍ പല ആലോചനകളും നടക്കുന്നുണ്ട്. വളരെ ഗൗരവമായി പല തലങ്ങളില്‍ അതു നടക്കുന്നുണ്ട്. അതിലൊന്നും ഐ.എന്‍.എല്‍ ഒരു ഘടകമേ അല്ല. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളത്തിലായാലും പുറത്തായാലും ഐ.എന്‍.എല്‍ എന്തു പറയുന്നു എന്ന് ആരും ശ്രദ്ധിക്കുന്നേയില്ല. അതിന്റെ പ്രധാന കാരണം കഴിഞ്ഞ 27 വര്‍ഷമായിട്ടും സി.പി.എമ്മിന്റെ ഒരു പോഷകവിഭാഗം എന്നതിനപ്പുറം രാഷ്ട്രീയമായി അതിനൊരു നിലനില്‍പ്പുണ്ടായിരുന്നില്ല എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെ മുസ്ലിം സമുദായത്തില്‍നിന്ന് അതിലേക്ക് ആളുകളെ കിട്ടാന്‍ പ്രയാസമാണ്. പുതിയ തലമുറ പ്രത്യേകിച്ചും. രാഷ്ട്രീയമായി സമുദായത്തിനകത്ത് എന്തെങ്കിലും ഒരു സ്ഥാനമോ പേരോ അവര്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. സമുദായം അതു ഗൗരവത്തില്‍ എടുക്കുന്നുമില്ല. സമീപകാലത്തെ ഏറ്റവും വലിയ വിഷയമായ സി.എ.എ സമരത്തില്‍പ്പോലും അവരെ അധികം കണ്ടിട്ടില്ല. 

സി.പി.എം പലപ്പോഴും ലീഗില്‍നിന്നും ആളുകളെ അടര്‍ത്തിയെടുത്തിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ സമുദായം കൂടെവരും എന്നു വിചാരിക്കുന്നതില്‍ കാര്യമില്ല. മുസ്ലിം സമുദായത്തിന്റെ ചരിത്രം അറിയുന്ന ആരും അതു പ്രതീക്ഷിക്കില്ല. ആകെയുള്ള താല്പര്യം അധികാരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അതിന്റെ ഗുണങ്ങള്‍ നേടിയെടുക്കുക എന്നതാണ്. അങ്ങനെ വരുമ്പോഴാണ് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അടിയും ഉണ്ടാകുന്നത്. ഇതു കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com