കൊവിഡ് ബാധിതയായ കളപ്പുരയ്ക്കൽ ലൂസിയുടെ മൃതദേഹം കൊച്ചിയിലെ ശ്മശാനത്തിൽ ​ദഹിപ്പിക്കുന്നു/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
കൊവിഡ് ബാധിതയായ കളപ്പുരയ്ക്കൽ ലൂസിയുടെ മൃതദേഹം കൊച്ചിയിലെ ശ്മശാനത്തിൽ ​ദഹിപ്പിക്കുന്നു/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

ആധിയുടെ ഒരു വര്‍ഷം കേരളം വിടാതെ കൊവിഡ്

കോവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാന്‍ സംസ്ഥാനത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്

രോഗനിയന്ത്രണ ശ്രമങ്ങളില്‍ വിജയം കാണാതെ നിസ്സഹായാവസ്ഥയില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാനം. കോവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാന്‍ സംസ്ഥാനത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാമാരി ഒരു വര്‍ഷം പിന്നിടുമ്പോള്‍ കേരളമാണ് ഇന്ത്യയില്‍ ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനം. ദേശീയതലത്തില്‍ ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണത്തിലെ കുറവ് തുടരുന്നു. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദശലക്ഷം പേരിലെ രോഗ സ്ഥിരീകരണം ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. എന്നാല്‍, ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തില്‍. പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തിലും ഏറെ താഴെയായി.

റഷ്യ, ജര്‍മനി, ഇറ്റലി, ബ്രസീല്‍, ഫ്രാന്‍സ്, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ രോഗവ്യാപനം ഇന്ത്യയെക്കാള്‍ കൂടുതലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ കൊവിഡ് ഒരു രാഷ്ട്രീയ തര്‍ക്കവിഷയമായി അതിവേഗമാണ് മാറുന്നത്. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കേരളം തന്നെയാണ് ഒന്നാമത്; മരണത്തില്‍ മുന്നില്‍ മഹാരാഷ്ട്ര. അവിടെ 5,339 പേരും തമിഴ്നാട്ടില്‍ 517 പേരും കൊവിഡില്‍നിന്നും സൗഖ്യം നേടിയ കഴിഞ്ഞ ശനിയാഴ്ച 6341 പേരാണ് കേരളത്തില്‍ രോഗമുക്തരായത്. അന്ന് മഹാരാഷ്ട്രയില്‍ 46 പേര്‍ മരിച്ചു; കേരളത്തില്‍ 17. പക്ഷേ, രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവാകുന്നതു സ്വാഭാവികം. അതേ ദിവസത്തെ കണക്കില്‍ മഹാരാഷ്ട്രയിലെ പുതിയ രോഗികള്‍ 2736, തമിഴ്നാട്ടില്‍ 494. കേരളത്തില്‍ 6102 പേര്‍. വാക്‌സിനേഷന്‍ നടക്കുമ്പോഴും മറുവശത്ത് രോഗികളുടെ എണ്ണം കൂടിവരുന്നു. 

പക്ഷേ, ആളുകള്‍ തുടക്കത്തിലെപ്പോലെ ഇതേക്കുറിച്ചു കാര്യമായി ആശങ്കപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. ജീവിതം പഴയ ചലനങ്ങളിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കാണ് മേല്‍ക്കൈ. മാസ്‌ക്കും സാനിറ്റൈസര്‍ ഉപയോഗവും ശീലമായെങ്കിലും അകലം പാലിക്കല്‍ കുറഞ്ഞു. രോഗവ്യാപനം തടയാനുദ്ദേശിച്ച് പഴയതുപോലുള്ള ഇടപഴകല്‍ ഒഴിവാക്കുന്നവരുണ്ട്; പക്ഷേ, കൂടിച്ചേരലുകളാണ് കൂടുതല്‍. ആറ്റുകാല്‍ പൊങ്കാല മുന്‍വര്‍ഷങ്ങളിലെപ്പോലെ നടത്തേണ്ട എന്ന് ക്ഷേത്രം ട്രസ്റ്റ് തീരുമാനിച്ചു; എന്നാല്‍, തൃശൂര്‍ പൂരം നടത്തുന്നതിനെക്കുറിച്ചാണ് ആലോചന. സിനിമാ അവാര്‍ഡുകള്‍ കൈമാറുന്നതിനു പകരം മേശപ്പുറത്തുവച്ചാണ് നല്‍കിയത്. പക്ഷേ, പ്രതിപക്ഷ നേതാവിന്റെ കേരളയാത്രയില്‍ ആള്‍ക്കൂട്ടം ഇരമ്പുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷനു നല്‍കിയ സ്വീകരണത്തിലും അതായിരുന്നു സ്ഥിതി. കൊവിഡിനൊപ്പം ജീവിക്കുക, പ്രതിസന്ധിയെ അവസരമാക്കി മാറ്റുക തുടങ്ങിയ വാചകങ്ങള്‍കൊണ്ട് വീഴ്ചകളെ ന്യായീകരിക്കുകയാണ് കേരളം.

ആറ്റുകാൽ പൊങ്കാല. കഴിഞ്ഞ വർഷം കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചാണ് പൊങ്കാലയ്ക്ക് സർക്കാർ അനുമതി നൽകിയത്/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ആറ്റുകാൽ പൊങ്കാല. കഴിഞ്ഞ വർഷം കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചാണ് പൊങ്കാലയ്ക്ക് സർക്കാർ അനുമതി നൽകിയത്/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ഇതുവരെ കേരളത്തില്‍ രോഗം കണ്ടെത്തിയത് പത്തുലക്ഷം പേരില്‍ 25,762.11 പേര്‍ക്ക് എന്ന നിലയിലാണ്. മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. അതേസമയം,  പത്തു ലക്ഷം പേരില്‍ 2,67,648.74 ആണ് പരിശോധനതകളുടെ എണ്ണം. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നമ്മള്‍ നടത്തുന്ന പരിശോധനകളുടെ എണ്ണം. ഇത് ഇനിയും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 10 ലക്ഷത്തില്‍ 104.32 പേരാണ് കേരളത്തില്‍ മരിച്ചത്. അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഈ സംഖ്യ ഇവിടത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. മരണനിരക്ക് ഏറ്റവും കുറഞ്ഞിരിക്കുന്ന സംസ്ഥാനവും കേരളം തന്നെ. 0.4 ശതമാനം മാത്രമാണ് കേരളത്തിലെ മരണനിരക്ക്.

ജനുവരി നാലു മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിലെ വന്‍ വര്‍ദ്ധന വ്യക്തമാകും. ജനുവരി നാലിനും 10-നും ഇടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,296 പേര്‍ക്കാണ്. ജനുവരി 11 മുതലുള്ള ആഴ്ചയില്‍ അത് 36,700 ആയും ജനുവരി 18 മുതലുള്ള ആഴ്ചയില്‍ 42,430 ആയും ഉയര്‍ന്നു. ''പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഇത്രയും രോഗികള്‍ കൂടി? കൊവിഡ് പോലെ അതിവേഗം പടരുന്ന ഒരു മഹാമാരിയുടെ കാര്യത്തില്‍ വളരെ സ്വാഭാവികമായ ഒരു പരിണതിയാണ് ഈ സംഭവിച്ചിരിക്കുന്നത്'' മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. നിലവില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ് എന്നു സമ്മതിക്കുമ്പോള്‍ത്തന്നെ അതിന്റെ കാരണത്തെക്കുറിച്ചു സര്‍ക്കാര്‍ തലത്തിലുള്ള അവ്യക്തത അദ്ദേഹത്തിന്റെ പ്രതികരണത്തിലും വ്യക്തം. ''പൊതു ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃകകളായി വാഴ്ത്തപ്പെടുന്നത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെയാണ്. അവിടെ ഉള്‍പ്പെടെ കൊവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ഉണ്ടായി. അവിടങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം കുറഞ്ഞു എന്നു പറയാന്‍ ആയിട്ടില്ല'' -മുഖ്യമന്ത്രി പറയുന്നു. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഉന്നയിക്കുന്ന വിമര്‍ശനം. അതേസമയം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) ഇതുവരെ നടത്തിയ സെറോ പ്രിവലെന്‍സ് പഠനങ്ങളിലെല്ലാം കൊവിഡ് വന്നു മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുണ്ടായിരുന്ന പ്രദേശം കേരളമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിരോധിക്കുന്നത്. പുതിയ സെറൊ പ്രിവലെന്‍സ് ഡാറ്റയുടെ സഹായത്തോടെ മാത്രമേ കേരളത്തില്‍ നിലവില്‍ രോഗവ്യാപനം ചിലര്‍ ആരോപിക്കുന്ന രീതിയില്‍ അസ്വാഭാവികമായോ എന്നു പറയാന്‍ സാധിക്കുകയുള്ളൂ എന്ന് ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വാദിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ ആരോഗ്യവ്യവസ്ഥയുടെ മികവിനെ വെല്ലുവിളിക്കുന്ന രീതിയില്‍, കൈകാര്യം ചെയ്യാനാകാത്ത തലത്തിലേക്ക് രോഗവ്യാപനം വളര്‍ന്നിട്ടില്ല എന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വിശദീകരണം.

കേരളത്തില്‍ 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ് എന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതായത്, രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്കു രോഗം പകര്‍ത്തുന്നത്. പുറത്തു പോകുന്നവരുടെമേല്‍ കൂടുതല്‍ ജാഗ്രത വേണം എന്ന തീരുമാനത്തിലേക്കാണ് പിന്നെ സര്‍ക്കാര്‍ എത്തിയത്. പക്ഷേ, ആ ശ്രമത്തിനു കാര്യമായ ഫലമുണ്ടായില്ല. പൊലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുകയായിരുന്നു ആദ്യപടി. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എവിടങ്ങളില്‍ പൊതുജനങ്ങള്‍ അകലം പാലിച്ചുമാത്രം ഇടപഴകുന്നുവെന്നും മാസ്‌ക്ക് ധരിക്കുന്നുവെന്നും ഉറപ്പാക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി. നിലവിലുള്ളതിനു പുറമേ വീണ്ടും ആവശ്യമുള്ള സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കാനും തീരുമാനിച്ചു. ഇതിനായി പൊതുസ്ഥലങ്ങളില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി പത്തു വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനിച്ചു. അപ്രഖ്യാപിതമായി ആ തീരുമാനംതന്നെ പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വേറെ വഴിയുണ്ടായിരുന്നില്ല. ലോക്ഡൗണ്‍ ദിനങ്ങളിലെപ്പോലെയോ കൊവിഡ് തുടക്കകാലത്തെപ്പോലെയോ പൊലീസിനെ ഉപയോഗിച്ചു നിയന്ത്രണം നടപ്പാക്കുക എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞതാണ് കാരണം. 

ബസുകൾ സാനിറ്റൈസ് ചെയ്യുന്നു
ബസുകൾ സാനിറ്റൈസ് ചെയ്യുന്നു

പൊതുസമ്മേളനങ്ങളും വിവാഹങ്ങളും അതുപോലുള്ള മറ്റു ചടങ്ങുകളും നടത്തുന്നതിന് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം എന്ന പഴയ നിര്‍ദ്ദേശം മാത്രമാണ് ഫലത്തില്‍ നടപ്പായത്. പകരം അവ തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതം എന്ന നിര്‍ദ്ദേശവുമുണ്ടായി. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവരെ തടഞ്ഞോ അപ്പോള്‍ തന്നെഇടപെട്ടോ പ്രശ്‌നമുണ്ടാക്കരുത് എന്ന നിര്‍ദ്ദേശവും പൊലീസിനു ലഭിച്ചു. ആവശ്യമെങ്കില്‍ പിന്നീടു കേസെടുക്കുക. അതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സ്വീകരണത്തില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തത്. രോഗം കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. 'അടിസ്ഥാനങ്ങളിലേയ്ക്ക് തിരികെ പോവുക'  എന്നൊരു മുദ്രാവാക്യവും തയ്യാറാക്കി. മാധ്യമങ്ങള്‍ വഴിയും മറ്റു പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കുകയാണ് ചെയ്യുക. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടനെ പരിശോധന നടത്തണമെന്നാണ് ഇതിന്റെ ഭാഗമായി നിര്‍ദ്ദേശിക്കുന്നത്. സെറോ സര്‍വൈലന്‍സ് സര്‍വ്വേയും ജീനോം പഠനവും നടക്കുന്നുമുണ്ട്. ഫെബ്രുവരി 15-ന് ആദ്യ റിപ്പോര്‍ട്ട് പൂര്‍ത്തിയായേക്കും.

തുടക്കവും രോഗത്തുടര്‍ച്ചയും 

2020 ജനുവരി 30. തൃശൂരിലും കാഞ്ഞങ്ങാട്ടും ആലപ്പുഴയിലും ചൈനയിലെ വുഹാന്‍ സര്‍വ്വകലാശാലയില്‍നിന്നു തിരിച്ചെത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കു രോഗം സ്ഥിരീകരിച്ചത് അന്നാണ്. അവര്‍ രാജ്യത്തുതന്നെ ആദ്യത്തെ കൊവിഡ് രോഗികളായിരുന്നു. അതില്‍ത്തന്നെ തൃശൂരിലെ വിദ്യാര്‍ത്ഥിനിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ലോകത്തെവിടെയൊക്കെയോ മാരകമായ പകര്‍ച്ചവ്യാധി പടരുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്നു എന്നതില്‍നിന്ന്, നമ്മുടെ അടുത്തും അത് എത്തി എന്ന ഭയത്തിലേക്കു വളരെ വേഗമാണ് കാര്യങ്ങള്‍ മാറിയത്. ഭയം വേണ്ട ജാഗ്രത മതി എന്ന സന്ദേശം ജനങ്ങളിലെത്തി. ദിവസങ്ങള്‍ക്കുള്ളില്‍, ഫെബ്രുവരി മൂന്നിനു തന്നെ കൊവിഡ് സംസ്ഥാന ദുരന്തമായി കേരളം പ്രഖ്യാപിച്ചു. പക്ഷേ, പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം ഏഴിന് പിന്‍വലിച്ചു. കുഴപ്പമില്ല, രോഗം പകരുന്നില്ല എന്ന ആശ്വാസവും ഇനി ആശങ്ക വേണ്ട എന്ന പ്രതീക്ഷയുമായിരുന്നു കാരണം. എന്നാല്‍, ഒരുമാസത്തിനുശേഷം മാര്‍ച്ച് എട്ടിനു വീണ്ടും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കേണ്ടിവന്നു. 

തുടക്കത്തിലെപ്പോലെ ആയിരുന്നില്ല കൂടുതല്‍ ഗുരുതരമായിരുന്നു സ്ഥിതി; ഇറ്റലിയിലെ വെനീസില്‍നിന്നു സ്വന്തം നാടായ പത്തനംതിട്ടയിലെ റാന്നിയില്‍ എത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ പൊലീസിനേയോ ആരോഗ്യ വകുപ്പിനേയോ അറിയിച്ചില്ല. മധ്യവയസ്‌കനും ഭാര്യയും 25-കാരനായ മകനും ആ ദിവസങ്ങളിലെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഇവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചു എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പത്തനംതിട്ട കളക്ടര്‍ പി.ബി. നൂഹ് അത് ശരിവച്ചു കൊവിഡ് ബാധിത രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ 28 ദിവസം വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയണം എന്നത് ലോകാരോഗ്യ സംഘടന അംഗീകരിച്ച കരുതലിന്റെ ഭാഗമായിരുന്നു. അതാണ് അവര്‍ പാലിക്കാതിരുന്നത്. ഫെബ്രുവരി 29-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അവര്‍ നേരെ വീട്ടിലേക്കാണ് പോയത്. അടുത്ത ദിവസങ്ങളില്‍ നിരവധി യാത്രകള്‍ നടത്തുകയും ബന്ധുക്കളും സുഹൃത്തുക്കളും മറ്റുമായി ഇടപഴകുകയും ചെയ്തു. രോഗികളാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നില്ല ഇത്. പക്ഷേ, രോഗം കൂടുതല്‍ പേരിലേക്കു പകര്‍ന്നു. മധ്യവയസ്‌കന്റെ 60 കഴിഞ്ഞ ജ്യേഷ്ഠന്‍, ഭാര്യ, 93-കാരനായ അച്ഛന്‍, 88 വയസ്സുള്ള അമ്മ, മകള്‍, മരുമകന്‍, മരുമകന്റെ ബന്ധു എന്നിവരെല്ലാം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലായി. പുനലൂരിലെ ബന്ധുക്കള്‍ക്കും രോഗം ബാധിച്ചു. അവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയിരത്തോളം ആളുകള്‍ സംശയത്തിലും രോഗഭീതിയിലുമായി. 

ഹസ്തദാനം ഉള്‍പ്പെടെ പതിവുശീലങ്ങള്‍ പലതും മാറ്റാന്‍ നിര്‍ബ്ബന്ധിതരായതും മാര്‍ച്ച് എട്ടു മുതലാണ്. സര്‍ക്കാരിന്റെ അറിയിപ്പു വന്നു. പത്തനംതിട്ട ജില്ലയില്‍ വന്‍തോതിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 270 പേരെയും ദ്വിതീയ സമ്പര്‍ക്കത്തിലേര്‍പ്പെട്ട 449 പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കി. 

ഫസ്റ്റ് ബെൽ പദ്ധതിയുടെ ഭാ​ഗമായുള്ള ഓൺലൈൻ ക്ലാസിൽ കുട്ടികൾ
ഫസ്റ്റ് ബെൽ പദ്ധതിയുടെ ഭാ​ഗമായുള്ള ഓൺലൈൻ ക്ലാസിൽ കുട്ടികൾ

ആദ്യം രോഗം ബാധിച്ച സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി ഇടപഴകിയ 82 പേരെയാണ് തിരിച്ചറിഞ്ഞത്. 40 പേര്‍ തൃശൂരിലായിരുന്നു. വൈറസ് ബാധിക്കാന്‍ സാധ്യതയുള്ളവര്‍ എല്ലാ ജില്ലകളിലും ഉണ്ടാകാമെന്ന സ്ഥിതിയായി. അവധിയിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരെ തിരിച്ചുവിളിക്കാനും സേവനം ആവശ്യം വന്നാല്‍ വിവിധ വകുപ്പുകളില്‍നിന്ന് അവധിക്കു പോയവരേയും തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു. കളക്ടര്‍മാരുടെ പരിശീലന അവധി റദ്ദാക്കി. വൈറസ് പടരുന്നത് തടയാന്‍ വ്യാപക പ്രചരണ പരിപാടികള്‍ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. കൊവിഡ് ബാധിത പ്രദേശങ്ങളില്‍നിന്ന് എത്തുന്നവരുടേയും അവരുമായി ഇടപഴകുന്നവരുടേയും പട്ടിക തയ്യാറാക്കണമെന്നും അവര്‍ക്ക് ആരോഗ്യവകുപ്പിന്റെ ഹോം ക്വാറന്റൈന്‍ പ്രോട്ടോക്കാള്‍ സംബന്ധിച്ച വിവരങ്ങള്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല, ആരെങ്കിലും ചൈനയില്‍നിന്നു വന്നിട്ട് സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി ഇടപഴകുന്നുവെങ്കില്‍ അതു കുറ്റകരമാണ് എന്ന പ്രഖ്യാപനവുമുണ്ടായി. പുറത്തുവന്നുകൊണ്ടിരുന്നത് പേടിപ്പിക്കുന്ന വിവരങ്ങള്‍ തന്നെയാണ്. തൃശൂരിലെ വിദ്യാര്‍ത്ഥിനിയുടെ മൂന്നാമത്തെ പരിശോധനയുടേയും ഫലം പോസിറ്റീവായിത്തന്നെ തുടര്‍ന്നു.

നേരത്തേ 2826 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും ആശങ്ക വേണ്ടെന്ന നിലപാടിലേക്ക് കേരളം എത്തിയിരുന്നു. 263 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 229-ഉം നെഗറ്റീവ് ആയതാണ് ഒരു കാരണം. ആശുപത്രികളില്‍ ഒരാളും ആശങ്കാജനകമായ നിലയില്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച മൂന്നു പേരും സുരക്ഷിതരായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിന് കേരള ഹെല്‍ത്ത് ഓണ്‍ലൈന്‍ ട്രെയിനിംഗ് എന്ന പേരില്‍ ആരോഗ്യവകുപ്പ് യൂട്യൂബ് ചാനല്‍ തുടങ്ങി. രോഗം സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് 191 എന്ന നമ്പറില്‍നിന്ന് വൈകാരിക പിന്തുണയും 2173 എന്ന നമ്പറില്‍ വിളിച്ചാല്‍ കൗണ്‍സലിംഗും സര്‍ക്കാര്‍ ഉറപ്പാക്കി. 

ആദ്യത്തെ സംസ്ഥാനതല ജാഗ്രതാനിര്‍ദ്ദേശം പിന്‍വലിക്കുമ്പോള്‍ 3014 പേര്‍ നിരീക്ഷണത്തിലായിരുന്നു. എങ്കിലും ആശങ്ക തീരെ ഉണ്ടായിരുന്നില്ല. പരിശോധനയ്ക്ക് അയച്ച 285 സാമ്പിളുകളില്‍ 261-ന്റേയും ഫലം നെഗറ്റീവായിരുന്നു. ഫെബ്രുവരി ആറിനു രാത്രി ചൈനയില്‍നിന്ന് എത്തിയ 15 വിദ്യാര്‍ത്ഥികള്‍ക്കും രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു. 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം എന്ന ഉപാധിയോടെ അവരെ വീട്ടില്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു. 

ലോക്ക്ഡൗണിൽ ബസ് സർവീസ് വ്യവസായും പ്രതിസന്ധിയിലായിരുന്നു. ടിക്കറ്റ് നിരക്ക് കൂട്ടാൻ സർക്കാർ സമ്മതിച്ചതോടെയാണ് സർവീസ് നടത്താൻ ബസുടമകൾ തയ്യാറായത്. കൊച്ചിയിൽ നിന്നുള്ള ചിത്രം
ലോക്ക്ഡൗണിൽ ബസ് സർവീസ് വ്യവസായും പ്രതിസന്ധിയിലായിരുന്നു. ടിക്കറ്റ് നിരക്ക് കൂട്ടാൻ സർക്കാർ സമ്മതിച്ചതോടെയാണ് സർവീസ് നടത്താൻ ബസുടമകൾ തയ്യാറായത്. കൊച്ചിയിൽ നിന്നുള്ള ചിത്രം

കൊവിഡ് രോഗികളില്‍ 80 ശതമാനം പേരിലും ഗുരുതരമാകില്ല എന്നു ലോകാരോഗ്യ സംഘടന പറഞ്ഞത് ലോകവ്യാപകമായി ആശ്വാസത്തിനു കാരണമായി. 44000 രോഗബാധിതരുടെ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ അഞ്ചില്‍ നാലു പേര്‍ക്കും നിസ്സാരമായിരുന്നു വൈറസ് ബാധ. ചൈന, സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്‍ഡ്, ഹോങ്കോങ്, വിയറ്റ്നാം, തായ്വാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍നിന്ന് എത്തുന്നവര്‍ നിര്‍ബ്ബന്ധമായും അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിക്കണം എന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടായപ്പോള്‍ ഇറ്റലി ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. 

അതിനിടെ, കേരളത്തിലെ ടൂറിസം മേഖലയ്ക്ക് 500 കോടിയിലേറെ നഷ്ടമെന്ന വിലയിരുത്തല്‍ പുറത്തുവന്നു. കേരളം പ്രതിസന്ധിയുടെ കാലത്തേക്കു കടക്കുകയായിരുന്നു. ആദ്യ കൊവിഡ് രോഗി രോഗം ഭേദമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടത് ഫെബ്രുവരി 20-നാണ്. സംസ്ഥാനത്തു നിലവില്‍ കൊവിഡ് ബാധിക്കാന്‍ ഉയര്‍ന്ന സാധ്യതയുള്ള ആരുമില്ലെന്നു പറയാന്‍പോലും ആരോഗ്യമന്ത്രി തയ്യാറായി. പക്ഷേ, ലോകത്തു രോഗം പടരുകയായിരുന്നു. ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു; ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവച്ചു; കേരളത്തില്‍നിന്നുള്‍പ്പെടെ പോയവര്‍ക്ക് ഇടയ്ക്കു യാത്ര അവസാനിപ്പിച്ചു മടങ്ങേണ്ടി വന്നു. ലോകമാകെ മരണം 3500 കവിയുകയും അതിലും ഇരട്ടിയോളം പേര്‍ക്ക് ഭേദമാവുകയും ചെയ്ത വിവരം പുറത്തുവന്നതു മാര്‍ച്ച് ഏഴിനാണ്. 87 രാജ്യങ്ങളിലായി ലക്ഷത്തോളം പേര്‍ക്ക് രോഗം. കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും മീന്‍പിടിക്കാന്‍ പോയ 23 പേര്‍ ഇറാനില്‍ കുടുങ്ങി. ഇറാനില്‍ ജാഗ്രതാ നിര്‍ദ്ദേശമുള്ളതുകൊണ്ട് ഭക്ഷണവും വെള്ളവും പോലും കിട്ടാതെ ഇവര്‍ പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലായി. പിന്നീട് ഇറാനിലെ ഇന്ത്യന്‍ എംബസിയും ഇറാന്‍ ഗവണ്‍മെന്റും ഇടപെട്ടാണ് രക്ഷിച്ചത്. 

രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 34 ആയ ആ സമയത്ത് അവരിലൊരാള്‍ പോലും കേരളത്തില്‍നിന്നായിരുന്നില്ല. ഡല്‍ഹിയിലും കശ്മീരിലും സ്‌കൂളുകള്‍ അടയ്ക്കുകയും യു.പിയിലെ ഹജ്ജ് ഹൗസ് ഐസൊലേഷന്‍ ക്യാമ്പാക്കുകയും ചെയ്‌തെങ്കിലും കേരളത്തിന് ആശ്വാസ ദിനങ്ങളായിരുന്നു. പക്ഷേ, സ്ഥിതിഗതികള്‍ നോക്കിനില്‍ക്കെ മാറി. പത്തനംതിട്ടക്കാര്‍ക്കു പിന്നാലെ ഇറ്റലിയില്‍നിന്നു വന്ന മൂന്നു വയസ്സുള്ള കുട്ടിക്കും മാതാപിതാക്കള്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു. അതോടെ, ആകെ രോഗബാധിതര്‍ 19. 

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ ഒന്നുമുതല്‍ ഏഴു വരെയുള്ള ക്ലാസ്സുകള്‍ മാര്‍ച്ച് 31 വരെ അടക്കാന്‍ തീരുമാനിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകളും അടച്ചിട്ടു. എസ്.എസ്.എല്‍.സി പരീക്ഷയും എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ പരീക്ഷയും മാത്രം നടത്തി. ട്യൂഷന്‍ ക്ലാസ്സുകളും സ്പെഷ്യല്‍ ക്ലാസ്സുകളും അവധിക്കാല ക്ലാസ്സുകളും നിര്‍ത്തി. മദ്രസകള്‍, അങ്കണവാടികള്‍, ട്യൂട്ടോറിയലുകള്‍ എന്നിവയും മാര്‍ച്ച് 31-നുശേഷം പ്രവര്‍ത്തിപ്പിക്കാം എന്നായിരുന്നു പ്രതീക്ഷ. മാര്‍ച്ച് 31 വരെ പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുതരം പഠനപ്രവര്‍ത്തനവും പാടില്ല എന്നായിരുന്നു നിര്‍ദ്ദേശം. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും സമാന പരിപാടികളും ചടങ്ങുകള്‍ മാത്രമാക്കി. ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികളെല്ലാം നിര്‍ത്തിവച്ചു.

ശബരിമലയില്‍ പൂജകള്‍ നടക്കുമെങ്കിലും ദര്‍ശനത്തിന് ഈ ഘട്ടത്തില്‍ പോകുന്നത് ഒഴിവാക്കണം എന്നു സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം നടത്തണം എന്നായിരുന്നു മറ്റൊരു അഭ്യര്‍ത്ഥന. സിനിമാ തിയേറ്ററുകളിലെ പ്രദര്‍ശനം വിലക്കിയതും മാര്‍ച്ച് 31-നുശേഷം തുറക്കാനാകും എന്ന പ്രതീക്ഷയിലാണ്. പൊതുപരിപാടികള്‍ റദ്ദാക്കുക മാത്രമല്ല, പള്ളികളിലെ നമസ്‌കാരവും കുര്‍ബ്ബാനയും ഉള്‍പ്പടെ നിര്‍ത്തിവച്ചു. പക്ഷേ, രോഗം പിടിമുറുക്കുകതന്നെ ആയിരുന്നു. ഇപ്പോഴും ശമനമില്ലാതെ തുടരുന്നു രോഗവ്യാപനം. ആ മാര്‍ച്ച് 31-ല്‍ നിന്ന് അടുത്ത മാര്‍ച്ചിലേക്കു കേരളം അടുക്കുകയാണ്. എപ്പോഴാണ് സ്ഥിതിഗതികള്‍ പൂര്‍ണ്ണമായി സാധാരണഗതിയിലാവുക എന്ന് ആര്‍ക്കും പറയാനാകാത്ത സ്ഥിതി.

സു​ഗതകുമാരിയുടെ സംസ്കാരച്ചടങ്ങിൽ മകൾ ലക്ഷ്മിയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും മറ്റ് ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ച് എത്തിയപ്പോൾ/ ബിപി ദീപു/ എക്സ്പ്രസ്
സു​ഗതകുമാരിയുടെ സംസ്കാരച്ചടങ്ങിൽ മകൾ ലക്ഷ്മിയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും മറ്റ് ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ച് എത്തിയപ്പോൾ/ ബിപി ദീപു/ എക്സ്പ്രസ്

ആഹ്ലാദവും ആശ്വാസവും

2020 മെയ് നാല്. കേരളം ആഹ്ലാദിക്കുകയും ആശ്വസിക്കുകയും ചെയ്ത ദിനം; അന്ന് ഒരാള്‍ക്കുപോലും പുതുതായി രോഗം സ്ഥിരീകരിച്ചില്ല. പുതിയ ഹോട്ട്സ്പോട്ടുകളുമില്ലാത്ത ദിനം. മെയ് ആറിനും ഇത് ആവര്‍ത്തിച്ചു. രോഗികളായ ഏഴു പേരുടെ പരിശോധനാ ഫലത്തില്‍ രോഗമുക്തി വ്യക്തമായി. 30 പേര്‍ മാത്രമാണ് ആകെ ചികിത്സയില്‍. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ രോഗികളേയില്ല. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളാണ് കൊവിഡ് മുക്തമായത്. പക്ഷേ, ഈ ആശ്വാസം നീണ്ടില്ല. പിറ്റേന്ന്, മെയ് ഏഴു മുതലാണ് വിദേശരാജ്യങ്ങളില്‍നിന്നു കേരളീയര്‍ നാട്ടില്‍ എത്തിത്തുടങ്ങിയത്. ലോക്ഡൗണ്‍ മൂലം രാജ്യത്ത് പലയിടങ്ങളിലും കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ദില്ലി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റലുകള്‍ മെയ് 15-നു മുന്‍പ് ഒഴിയാന്‍ നിര്‍ദ്ദേശിച്ചു. ഹോസ്റ്റലുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. അവിടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 40 മലയാളി വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്. 

ഈ സാഹചര്യത്തിലാണ് ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിനില്‍ ഇവരെ എത്തിക്കുന്നതിനു സഹായം തേടി നാലു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അതിന്റെ തുടര്‍ച്ചയായി അതതു സംസ്ഥാനങ്ങളിലേക്ക് ആളുകളെ എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍നിന്നു നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു പോയി; വിവിധ സംസ്ഥാനങ്ങളില്‍നിന്നു കേരളീയര്‍ നാട്ടിലുമെത്തി. നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പായിപ്പാട്ട് നൂറുകണക്കിനു ഇതര സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയത് വലിയ ആശങ്ക സൃഷ്ടിച്ചതിനു പിന്നാലെയാണ് യാത്രാസൗകര്യമൊരുക്കിയത്. രാജ്യത്തെമ്പാടും ഇതേ പ്രശ്‌നം ഉയര്‍ന്നുവന്നിരുന്നു. നാട്ടിലേക്കു നടന്നു പോകുന്നവരുടെ ദൃശ്യങ്ങളും ദുരിതഗാഥകളും എവിടെനിന്നെക്കെയോ വന്ന ദിനങ്ങള്‍. വിദേശ ഇന്ത്യക്കാരെ രാജ്യത്തേക്കു തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 'വന്ദേഭാരത്' വിമാന ദൗത്യം തുടങ്ങി.

മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും പ്രവാസി മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങിയതോടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുതിയ ഒരു ഘട്ടത്തിലേക്കു കടന്നു. രോഗബാധിത മേഖലകളില്‍നിന്നു വരുന്നവരേയും അവരുടെ കുടുംബങ്ങളേയും സംരക്ഷിക്കുക; സമൂഹവ്യാപനം എന്ന ഭീഷണിയെ അകറ്റിനിര്‍ത്തുക എന്നതായി മുന്നിലെ ലക്ഷ്യം. 

മെയ് 12-ലെ കണക്കുപ്രകാരം ആകെയുള്ള 32 രോഗികളില്‍ 23 പേര്‍ക്കും രോഗാണു ബാധിച്ചത് കേരളത്തിനു പുറത്തുനിന്നായിരുന്നു. ചെന്നൈയില്‍നിന്ന് ആറ്, മഹാരാഷ്ട്രയില്‍നിന്ന് നാല്, ഡല്‍ഹി നിസാമുദ്ദീനില്‍നിന്നു രണ്ട്, വിദേശത്തു നിന്നെത്തിയ 11 പേര്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തെക്കുറിച്ച് ആശങ്ക വ്യാപിച്ചതും ആ ദിനങ്ങളിലാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ഒമ്പതു പേരില്‍ ആറും വയനാട്ടിലായിരുന്നു. ചെന്നൈയില്‍ പോയി വന്ന ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കും സഹഡ്രൈവറുടെ മകനും മറ്റു രണ്ടുപേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഗള്‍ഫില്‍നിന്നെത്തിയവരുടെ ബന്ധുക്കളാണ് വയനാടിനു പുറത്ത് രോഗാണു ബാധിച്ച മൂന്നുപേര്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തോത് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ് എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞതു കേട്ട് ജനം സ്വന്തം വീടിനു പുറത്തിറങ്ങാന്‍പോലും പേടിച്ചു. കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ആറ്. രോഗബാധിതരുടെ എണ്ണം പ്രതീക്ഷിച്ചതുപോലെതന്നെ കൂടിവന്നു. മെയ് 14-ന് 23, മെയ് 26-ന് 67 എന്നിങ്ങനെ. പോസിറ്റീവ് ആകുന്നവരില്‍ വിദേശത്തുനിന്നു വന്നവര്‍, ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍, സമ്പര്‍ക്കത്തിലൂടെ പകര്‍ന്നവര്‍ എന്ന നിലയില്‍ കണക്കുകള്‍ സര്‍ക്കാര്‍ വേര്‍തിരിച്ചു പ്രസിദ്ധീകരിച്ച്; ഓരോ ദിവസവും. ഒപ്പം, വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും നമ്മുടെ ബന്ധുക്കള്‍ തിരിച്ചെത്തുന്നതാണ് രോഗവ്യാപനത്തിനു കാരണമെന്നു സംശയിക്കുകയോ അവരെ ഒറ്റപ്പെടുത്തുകയോ ചെയ്യരുത് എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അവരുടെ വരവ് വേണ്ടെന്നു വയ്ക്കാനോ മാറ്റിവയ്ക്കാനോ കഴിയില്ല എന്നും സ്ഥിതിഗതികളെ യാഥാര്‍ത്ഥ്യബോധത്തോടെ കാണുകയാണു വേണ്ടത് എന്നും കേരളം തിരിച്ചറിഞ്ഞു.

ഓരോ ദിവസത്തേയും കണക്കുകള്‍ കൂടുതല്‍ ആകാംക്ഷയോടെയും വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെയും ശ്രദ്ധിച്ചു തുടങ്ങിയത് ജൂണ്‍ അഞ്ചു മുതലാണ്. അന്നാണ് കേരളത്തില്‍ ഒറ്റ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറു കടന്നത്; 111 പേര്‍. ജൂണ്‍ ഒന്നിന് 57 ആയിരുന്നു. രണ്ടിന് 86, മൂന്നിന് 82, നാലിനു 94; പിറ്റേന്നു നേരേ 111-ലേക്ക്. അതില്‍ 50 പേരും വിദേശത്തുനിന്നു വന്നവര്‍; മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 48, സമ്പര്‍ക്കം വഴി 10. ബാക്കി മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. ജില്ല തിരിച്ചുള്ള കണക്ക് ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങി; സ്വന്തം ജില്ലയില്‍ കൂടുതലോ കുറവോ എന്ന് അറിയാനുള്ള ഉദ്വേഗം. ജൂലൈ 17 ആയപ്പോള്‍ ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 600-നു മുകളിലായി; 608. തിരുവനന്തപുരത്തു മാത്രം 201 പേര്‍. സൗദിയില്‍ നിന്നെത്തിയ ആലപ്പുഴ ചുനക്കര സ്വദേശി ഉസ്മാന്‍ കുട്ടി (47) മരിച്ചതും അന്നാണ്.

മെയ് മാസം ഒടുവില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനു മുകളിലായി; 31-നു 1310. ആഗസ്റ്റ് ഒന്നിന് 1129, രണ്ടിന് 1169, മൂന്നിന് 962. മൂന്നിന് രണ്ടു മരണങ്ങളും ഉണ്ടായി. തിരുവനന്തപുരം പെരുമ്പഴുതൂരില്‍ 68 വയസ്സുള്ള ക്ലീറ്റസ്, ആലപ്പുഴ നൂറനാട്ട് 52 വയസ്സുള്ള ശശിധരന്‍. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരേക്കാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിലെ വര്‍ദ്ധന വളരെ വലുതായി മാറി. 801 പേര്‍ക്കാണ് അന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്; അതില്‍ത്തന്നെ ഉറവിടം അറിയാത്തവര്‍ 40. കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്തുതന്നെ; 205 പേര്‍. രോഗമുക്തരും കൂടുതല്‍ തലസ്ഥാനത്ത്. ആകെ രോഗം ഭേദമായ 805ല്‍ 253 പേര്‍. 

സമ്പര്‍ക്ക വ്യാപനം കൂടിയതു കണക്കിലെടുത്ത് പൊലീസിന് അധികച്ചുമതല നല്‍കിയത് ആഗസ്റ്റ് ആദ്യമാണ്. കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി അടയാളപ്പെടുത്താന്‍ കളക്ടറേയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയേയുമാണ് അതുവരെ ചുമതലപ്പെടുത്തിയിരുന്നത്. അവരെ സഹായിക്കാന്‍ പൊലീസിനെക്കൂടി ഏര്‍പ്പെടുത്തി. ക്വാറന്റൈന്‍ ലംഘിച്ച് ചിലരെങ്കിലും പുറത്തിറങ്ങുന്നതും ശാരീരിക അകലം പാലിക്കാതിരിക്കുന്നതും സമ്പര്‍ക്കവിലക്ക് ലംഘിക്കുന്നതും രോഗവ്യാപനത്തോത് വര്‍ദ്ധിപ്പിച്ചു. ഇത്തരം സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്താണ് പൊലീസിനു കൂടുതല്‍ അധികാരം നല്‍കിയത്. കര്‍ശനനടപടിക്കാണ് പൊലീസിന് അധികാരം നല്‍കിയത്. ദിവസങ്ങള്‍ പിന്നിട്ടതോടെ പൊലീസ് അമിതാധികാരം പ്രയോഗിക്കുന്നു എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു. 

റൂട്ട് മാപ്പിങ് പൊലീസിന്

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന് ഓരോ ദിവസവും കേസുകളുണ്ടായി. പോകെപ്പോകെ മാസ്‌ക്ക് ധരിക്കാത്തവരുടെ പേരിലും കേസെടുക്കേണ്ട സ്ഥിതിയായി. ഏറ്റവുമൊടുവില്‍, 2021 ഫെബ്രുവരി എട്ടിലെ കണക്കനുസരിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അന്നുമാത്രം 906 കേസുകളാണ് എടുത്തത്. ഇതില്‍ 5450 കേസുകളും മാസ്‌ക്ക് ധരിക്കാത്തതിനാണ്. തുടക്കത്തില്‍ രോഗികള്‍ മാത്രം മാസ്‌ക്ക് ധരിച്ചാല്‍ മതി എന്നായിരുന്നു ആരോഗ്യവിദഗ്ദ്ധരുടെ ഉള്‍പ്പെടെ നിര്‍ദ്ദേശം. ക്രമേണ ലോകവ്യാപകമായിത്തന്നെ മുഴുവനാളുകളും മാസ്‌ക്ക് ധരിക്കണമെന്ന നിര്‍ദ്ദേശം നടപ്പായി. അപ്പോഴും കേരളത്തില്‍ മാസ്‌ക്ക് ധരിക്കാത്തവരും മാസ്‌ക്ക് താഴ്ത്തിവച്ചു മറ്റുള്ളവരുമായി സംസാരിക്കുന്നവരും ധാരാളമായിരുന്നു. മാസ്‌ക്ക് താഴ്ത്തിവച്ചു മാധ്യമങ്ങളോടു സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ നിത്യകാഴ്ചയായി. 

ആളുകളുടെ പ്രൈമറി, സെക്കന്ററി കോണ്‍ടാക്ടുകള്‍ കണ്ടെത്തുതിനും അങ്ങനെ കണ്ടെത്തുവരെ ആശുപത്രിയിലേക്കോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ മാറ്റുന്നതിനും പൊലീസ് നേരിട്ട് ഇടപെട്ടു. കോണ്‍ടാക്ട് ട്രേസിങ് നടത്തുന്നതിനും പൊലീസിന്റെ സേവനം പൂര്‍ണ്ണതോതില്‍ വിനിയോഗിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഓരോ സ്റ്റേഷനിലും എസ്.ഐയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചു. പോസിറ്റീവായ ആളുകളുടെ സമ്പര്‍ക്കപ്പട്ടിക അതുവരെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് തയ്യാറാക്കിയിരുന്നത്. മാറിയ രോഗവ്യാപന സാഹചര്യം പരിഗണിച്ച് ആ ചുമതലയും പൊലീസിനു നല്‍കി.

രോഗബാധ റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്ന് പൊലീസ് ആസ്ഥാനം ഏതാനും ദിവസത്തേയ്ക്ക് ഭാഗികമായി അടച്ചിട്ടതും ഈ ദിവസങ്ങളിലാണ്. കണ്‍ട്രോള്‍ റൂം, വയര്‍ലെസ് സംവിധാനങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചു. ബാക്കി പൊലീസ് ഉദ്യോഗസ്ഥരും വീട്ടില്‍ ഇരുന്നു ജോലിചെയ്യുന്ന സ്ഥിതി. അണുനശീകരണ പ്രക്രിയ പൂര്‍ത്തിയായശേഷമാണ് പൊലീസ് ആസ്ഥാനം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

തലസ്ഥാനത്തു കൂട്ടത്തോടെ രോഗികളുള്ള വന്‍കിട ക്ലസ്റ്ററുകളുടെ എണ്ണം വര്‍ദ്ധിച്ചു. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂര്‍, പാറശ്ശാല, പെരുമാതുറ, പൂവാര്‍, കുളത്തൂര്‍, കാരോട് എന്നിങ്ങനെ 13 ലാര്‍ജ് ക്ലസ്റ്ററുകള്‍. കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ക്ലസ്റ്റര്‍ കെയര്‍ ആവിഷ്‌കരിച്ചത്. 174 ക്ലസ്റ്ററുകളാണ് കണ്ടെത്തി നിയന്ത്രണ നടപടികള്‍ സ്വീകരിച്ചത്. കോവിഡ് ബാധ പുറത്തേക്കു വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ത്തന്നെ പരിശോധനയും ചികിത്സയും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്തത്. ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വന്‍തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോഴാണ് അതിനെ ക്ലസ്റ്റര്‍ ആയി തിരിച്ചത്. ഉറവിടമറിയാത്ത ഒരു കേസെങ്കിലും ഉണ്ടാവുകയോ ആ പ്രദേശത്ത് രണ്ടില്‍ കൂടുതല്‍ കേസുകള്‍ പരസ്പരബന്ധമില്ലാതാവുകയോ ചെയ്താല്‍ അതിനെ അടിസ്ഥാനമാക്കി ക്ലസ്റ്ററിന്റെ കോണ്ടാക്ട് ട്രെയിസിങ് തുടങ്ങി. 

മരണസംഖ്യ കൂടിവരികയായിരുന്നു. ആകെ മൂന്നു മരണം മാത്രമാണു കേരളത്തില്‍ സംഭവിച്ചതെന്നും മാഹിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയെപ്പോലും കേരളത്തിലെ മരണക്കണക്കില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്നും വാശിപിടിച്ചിരുന്ന കാലത്തു നിന്നുള്ള മാറ്റം. 1195 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ആഗസ്റ്റ് അഞ്ചിനു മരണം ഏഴായിരുന്നു. ഇതെഴുതുന്ന 2021 ഫെബ്രുവരി 8നു മാത്രം മരണം 16. 30 പേര്‍ വരെ മരിച്ച ദിവസവും ഉണ്ടായി.

ആരോഗ്യപ്രവര്‍ത്തകരുടെ ചുമതല പൊലീസിനു നല്‍കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കു സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടിവന്നു. ''ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ സഹായിക്കാനും സമ്പര്‍ക്കം കണ്ടെത്തുന്നതിനു സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനുമാണ് പൊലീസിനെ ചുമതലപ്പെടുത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യേണ്ട ഒരു ജോലിയും പൊലീസിനു കൈമാറുകയല്ല മറിച്ച്; പൊലീസിനു അധികജോലി ഏല്‍പിക്കുകയാണ്. അത് ആരോഗ്യസംവിധാനത്തേയും പ്രവര്‍ത്തകരേയും സഹായിക്കുക എന്ന ജോലിയാണ്.'' 

വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. നല്ല കാര്യമാണതെന്നും വിമര്‍ശനങ്ങള്‍ തള്ളിക്കളയുന്ന സര്‍ക്കാരല്ല ഇതെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചു. ''പക്ഷേ, വിമര്‍ശനങ്ങള്‍ക്കു പകരം തെറ്റായ പ്രചാരണങ്ങളും കൊവിഡ് പ്രതിരോധം തകര്‍ക്കാനുള്ള കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്'' എന്നുകൂടി മുഖ്യമന്ത്രി പറഞ്ഞതോടെ കൊവിഡ് രാഷ്ട്രീയപ്പോര് രൂക്ഷമായി. കൊവിഡ് വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രിക്കു 'മീഡിയ മാനിയ' ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. അതിനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. അതോടെ കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കൊണ്ടുവരുന്നത് പൊതുവേ അവസാനിച്ചിരുന്നു. കേരളത്തില്‍ കൊവിഡ് നിയന്ത്രണാതീതമാവുകയും രാജ്യത്ത് ഒന്നാമതാവുകയും ചെയ്തതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യചര്‍ച്ചാ വിഷയങ്ങളിലൊന്നായി മാറാനാണ് സാധ്യത. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ. തിരുവനന്തപുരം കോട്ടൺഹിൽ ​ഗ​വൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ചിത്രം/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ. തിരുവനന്തപുരം കോട്ടൺഹിൽ ​ഗ​വൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ചിത്രം/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

നിസ്സാരഭാവത്തില്‍ കേരളം 

ഫെബ്രുവരി എട്ടിനു മാത്രം 3742 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍-503. കാസര്‍കോട്ട് ഏറ്റവും കുറവ്-36. എല്ലാ ജില്ലകളിലും പുതുതായി രോഗികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധിച്ച് കൂടുതല്‍ രോഗികളുണ്ടാകുന്ന യു.കെയില്‍നിന്ന് വന്ന 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 62 പേര്‍ക്കു ഭേദവുമായി. ഇവരില്‍ത്തന്നെ എല്ലാവര്‍ക്കും ജനിതകമാറ്റം വന്ന വൈറസല്ല ബാധിച്ചത് എന്ന കണ്ടെത്തല്‍ ആശ്വാസമായി മാറുകയും ചെയ്തു. സാമ്പിള്‍ പരിശോധനയുടെ എണ്ണം കേരളം ഇപ്പോള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയില്‍ സാമ്പിളുകളാണ് ദിവസവും പരിശോധിക്കുന്നത്. ആന്റിജന്‍ പരിശോധന, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി, പി.സി.ആര്‍, റുട്ടീന്‍ സാമ്പിള്‍ തുടങ്ങി ഇതുവരെ പരിശോധിച്ചത് ഒരു കോടിയിലധികം: 1,01,44,253. 

ഇതുവരെ കേരളത്തില്‍ കൊവിഡ് മൂലമുള്ള മരണം 3883. മരണസംഖ്യ എത്രയെന്ന് മാധ്യമങ്ങളും ജനങ്ങളും പ്രത്യേകമായി ശ്രദ്ധിക്കാത്ത കാലത്തേക്ക് കേരളം മാറിപ്പോയി എന്നതുപോലും ശ്രദ്ധയിലില്ല. എല്ലാ ജില്ലകളിലുമായി 2,24,760 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 10,664 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 452.

20 കോടി പരിശോധനകളുമായി ഇന്ത്യ റെക്കോഡ് മുന്‍കരുതലുകളാണ് സ്വീകരിക്കുന്നത്. രോഗികളുടെ എണ്ണം എട്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; ഒന്നര ലക്ഷത്തില്‍ താഴെ. 54 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി. മൂന്നാഴ്ചയ്ക്കുള്ളിലാണ് അഞ്ചു ദശലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയത്. 7,94,000 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് കേരളത്തിനു കിട്ടിയത്. ആരോഗ്യപ്രവര്‍ത്തകരില്‍ 20 ശതമാനത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.
     
രാജ്യത്താദ്യമായി കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് ഒരു വര്‍ഷം തികഞ്ഞ 2021 ജനുവരി 30-ന് 6282 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കണക്കുകളില്‍ കാണുന്നത് വെറും അക്കങ്ങളല്ല; കേരളം കടന്നുപോകുന്ന വിഷമകാലത്തിന്റെ തെളിവുകളാണ്. പക്ഷേ, ലോകപ്രശസ്തമായ കേരളത്തിന്റെ ആരോഗ്യമേഖലയുടെ കാമ്പും കരുത്തും കൊണ്ടുമാത്രം നമ്മള്‍ അതിജീവിക്കില്ല എന്ന തിരിച്ചറിവിനു ശക്തി പോരെന്ന വിമര്‍ശനമാണ് ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com