പാതിയില്‍ തീരുന്ന ആദിവാസി വിദ്യാഭ്യാസം

വിദ്യാഭ്യാസ കാര്യത്തില്‍ കേരളത്തിന്റെ കണക്കുകള്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം ഇപ്പോഴും പ്രതിസന്ധികളിലാണ്
പാതിയില്‍ തീരുന്ന ആദിവാസി വിദ്യാഭ്യാസം

വിദ്യാഭ്യാസ കാര്യത്തില്‍ കേരളത്തിന്റെ കണക്കുകള്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം ഇപ്പോഴും പ്രതിസന്ധികളിലാണ്. പല കാരണങ്ങള്‍ കൊണ്ട് പഠനം നിര്‍ത്തേണ്ടിവരുന്ന കുട്ടികള്‍ക്ക് ഇപ്പോഴും കുറവില്ല. പഠനം പാതിവഴിയില്‍ നിര്‍ത്തുന്ന പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ എല്ലാ വര്‍ഷവും എടുക്കും. അതിന്റെ കാരണങ്ങളും ഇതു പരിഹരിക്കാന്‍ പദ്ധതികളുണ്ടാക്കും ഫണ്ടുകളനുവദിക്കും. എങ്കിലും കുട്ടികളെ കൃത്യമായി സ്‌കൂളിലെത്തിക്കാനോ പഠനം പൂര്‍ത്തിയാക്കാനോ വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിക്കാനോ ഇപ്പോഴും പൂര്‍ണ്ണമായും കഴിയുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 18,408 ആദിവാസി വിദ്യാര്‍ത്ഥികളാണ് പഠനം പാതിയില്‍ നിര്‍ത്തിയതായി വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. 2019-'20 വര്‍ഷം 861 പേര്‍ പഠനം നിര്‍ത്തി. കൊവിഡ് കാലത്തെ വിദ്യാഭ്യാസം എത്ര പേരെ പുറത്തുനിര്‍ത്തി എന്നതിന്റെ കണക്കുകള്‍ വകുപ്പില്‍ ലഭ്യമായിട്ടില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കുണ്ടാക്കിയ വിടവ് ഏറെ ചര്‍ച്ചയായതാണ്. കാരണങ്ങള്‍ കണ്ടെത്തുകയും ഒരേ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടും പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ കാണുന്ന കാരണങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങളും മാത്രം പോര ഇതിനെ മറികടക്കാന്‍ എന്നു വേണം മനസ്സിലാക്കാന്‍. സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുട്ടികള്‍ മാത്രമാണ് ഈ കണക്കില്‍ ഉള്‍പ്പെടുന്നത്. സ്‌കൂളില്‍ ചേരാത്ത ധാരാളം കുട്ടികളും കേരളത്തിലെ ആദിവാസി കോളനികളിലുണ്ട്.

കണക്കുകള്‍

2019-'20 അധ്യയന വര്‍ഷം 4012 പേരാണ് ഒന്നുമുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ കേരളത്തില്‍ പഠനം നിര്‍ത്തിയത്. ഇതില്‍ 861 പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. 572 ആണ്‍കുട്ടികളും 289 പെണ്‍കുട്ടികളും. ഇതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനമവസാനിപ്പിച്ചത് വയനാട് ജില്ലയിലാണ്, 466 പേര്‍. ഒന്‍പത്, പത്ത് ക്ലാസ്സുകളിലാണ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് കൂടുതല്‍. 2010-11 അധ്യയന വര്‍ഷം മുതല്‍ 2019-'20 അധ്യയന വര്‍ഷം വരെ 18,408 പേരാണ് പഠനം പാതിവഴിയില്‍ നിര്‍ത്തിയത്. ഇതില്‍ത്തന്നെ 11,322 പേര്‍ വയനാട് ജില്ലയിലാണ്. 13955 ആണ് വയനാട് ജില്ലയില്‍ പഠനം നിര്‍ത്തിയ എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാര്‍ത്ഥികളുടെ കണക്ക്. അതായത് പഠനം നിര്‍ത്തിയതില്‍ 80 ശതമാനത്തിലധികവും ആദിവാസി വിഭാഗത്തിലെ കുട്ടികളാണ്. 2019-'20 വര്‍ഷം വയനാട് ജില്ലയില്‍ പഠനം നിര്‍ത്തിയ 554 പേരില്‍ 466 പേരും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊഴിഞ്ഞുപോക്കിന് വകുപ്പ് കണ്ടെത്തിയ കാരണങ്ങളും ഇതില്‍ പറയുന്നുണ്ട്.

എക്സ്പ്രസ് ഫോട്ടോ
എക്സ്പ്രസ് ഫോട്ടോ

കാരണങ്ങള്‍

സര്‍ക്കാറിന്റെ സഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായിട്ടും കൊഴിഞ്ഞു പോകുന്നതിന്റെ പ്രധാന കാരണം പഠനത്തോടുള്ള വിമുഖതയും മടിയും അലസതയും ഉത്തരവാദിത്വ രാഹിത്യവുമാണ് എന്നാണ് വിവരാവകാശ രേഖകള്‍ക്കൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ ഒന്നാമത്തെ കാരണമായി പറയുന്നത്. 

യുക്തിസഹമല്ലാത്ത ഒരു കാരണമാണിതെന്നു വിലയിരുത്തേണ്ടിവരും. ഒന്നുമുതല്‍ പത്തു വരെയുള്ള വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും സ്വാഭാവികമായിത്തന്നെ സ്‌കൂളില്‍ പോകാന്‍ താല്പര്യക്കുറവും മടിയും ഉണ്ടാകാം. അവരവരുടെ സാമൂഹ്യ ചുറ്റുപാടിന്റേയും കുടുംബത്തിന്റേയും രക്ഷിതാക്കളുടേയും സമ്മര്‍ദ്ദവും സാഹചര്യവുമാണ് പല വിദ്യാര്‍ത്ഥികളേയും കൃത്യമായി സ്‌കൂളിലെത്തിക്കുന്നതും മിടുക്കരാക്കുന്നതും. അതുകൊണ്ടുതന്നെ ആദിവാസി വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്കിന് ഈ കാരണം ഒന്നാമതായി കണ്ടെത്തുന്നതു തന്നെ അവരുടെ സാമൂഹ്യ സാഹചര്യങ്ങളെ കൂടി ഉള്‍കൊള്ളുന്ന രീതിയിലില്ല കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്നത് എന്നു പറയേണ്ടിവരും.

പണിയ, കാട്ടുനായ്ക്ക, കുറുമ വിഭാഗത്തിലെ കുട്ടികള്‍ സീസണല്‍ ജോലികളില്‍ ഏര്‍പ്പെടുന്നത്, അദ്ധ്യാപകരും മറ്റു കുട്ടികളും സംസാരിക്കുന്ന ഭാഷ മനസ്സിലാക്കാന്‍ കഴിയാത്തത്, പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ സംബന്ധമായ അജ്ഞത, പെണ്‍കുട്ടികളെ സ്‌കൂള്‍ പഠനകാലത്ത് വിവാഹം കഴിച്ചു നല്‍കുന്നത്, ആദിവാസി കോളനികളിലെ ലഹരി ഉപയോഗം, സ്‌കൂളുകളിലേക്കുള്ള സുരക്ഷിതമല്ലാത്ത യാത്ര, കുടുംബ പ്രശ്‌നങ്ങള്‍, സ്‌കൂളുകളിലെ ശിക്ഷാരീതികള്‍, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയ നിരവധി കാരണങ്ങളും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ മറ്റൊരു പ്രധാന കാരണം 100 ശതമാനം വിജയം ഉറപ്പിക്കാന്‍ ചില സ്‌കൂളുകള്‍ പഠന നിലവാരം മോശമായ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്നത് കൊഴിഞ്ഞുപോക്കിനു കാരണമാകുന്നു എന്നാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നത് ഇതിനെ സാധൂകരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ആദിവാസി കുട്ടികള്‍ പഠനം പാതിവഴിയില്‍ നിര്‍ത്താന്‍ ഇതേ കാരണങ്ങള്‍ തന്നെയാണ് വര്‍ഷങ്ങളായി പട്ടിക വര്‍ഗ്ഗ വകുപ്പും മറ്റു സര്‍ക്കാര്‍ വകുപ്പുകളും കണ്ടെത്തുന്നത്.

സ്കൂളിലേക്ക് എത്രനാൾ?/ എക്സ്പ്രസ് ഫോട്ടോ
സ്കൂളിലേക്ക് എത്രനാൾ?/ എക്സ്പ്രസ് ഫോട്ടോ

സൗകര്യങ്ങള്‍ 

ആദിവാസി വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിലനിര്‍ത്താന്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. താമസിച്ചു പഠിക്കാനായി സംസ്ഥാനത്ത് 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ പഠനത്തിനു പുറമെ ട്യൂഷന്‍ ആവശ്യമായ കുട്ടികള്‍ക്ക് അതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള വാഹനസൗകര്യമൊരുക്കുന്ന ഗോത്രസാരഥി പദ്ധതി, കോളനികളില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെയുള്ള സാമൂഹ്യ പഠനമുറി, വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി 106 പ്രീമെട്രിക് ഹോസ്റ്റലുകളും അഞ്ച് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും പഠനയാത്രകള്‍ക്കുള്ള സാമ്പത്തിക സഹായം, വിവിധതരം സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വകുപ്പിന്റെ കീഴിലുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാഷാപ്രശ്‌നമടക്കം മറികടക്കുന്നതിനായി വിഭാഗത്തില്‍ നിന്നുതന്നെയുള്ള മെന്റര്‍ ടീച്ചര്‍മാരുണ്ട്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കണക്ക് പ്രകാരം വയനാട് ജില്ലയില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം 241 മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ ഇത്രയും പദ്ധതികളുണ്ടെങ്കിലും സ്വാഭാവികയും നടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നുണ്ട്. അതിനു പുറമെ പദ്ധതികളെല്ലാം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ മാത്രം ഊന്നിയുള്ളതാണ് എന്നതാണ് പലപ്പോഴും ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് എത്താത്തതിനുള്ള കാരണം. സാമൂഹ്യവും കുടുംബപരവുമായ ചുറ്റുപാടുകള്‍ കൂടി ഉയരുകയും ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഈ പദ്ധതികളെല്ലാം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഫലം കാണുകയുള്ളൂ. രക്ഷിതാക്കളുടെ വിദ്യാഭ്യാസമില്ലായ്മ പരിഹരിക്കപ്പെടേണ്ടതാണ്. കുറഞ്ഞ സാക്ഷരതാ നിരക്കാണ് പട്ടികവര്‍ഗ്ഗ സമുദായങ്ങളിലുള്ളത്. ഒറ്റമുറി വീടുകള്‍ക്കും പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയ്ക്കും വൈദ്യുതിയും ഇന്റര്‍നെറ്റുമെത്താത്ത ഇടങ്ങള്‍ക്കും മാറ്റമൊന്നുമില്ലാത്ത കോളനികളിലെ വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടാണ് പദ്ധതികള്‍ തയ്യാറാക്കേണ്ടത്. കൊഴിഞ്ഞുപോക്ക് അവരുടെ പിന്നോക്ക ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അതു മാത്രം പരിഹരിക്കുക എന്നതാവരുത് പദ്ധതികളുടെ ലക്ഷ്യം. കണക്കെടുപ്പും പരിഹാര പദ്ധതികളുണ്ടാക്കലും വര്‍ഷാവര്‍ഷം നടത്തുന്നതിനപ്പുറം, വിശാലമായ കാഴ്ചപ്പാടില്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ ജീവിതത്തെ ഉയര്‍ത്തുന്ന രീതിയിലുള്ള പഠനങ്ങളും പദ്ധതികളും ആവശ്യമാണ്. അതിനൊപ്പം ആദിവാസി സൗഹൃദ വിദ്യാലയ അന്തരീക്ഷം ഉണ്ടാക്കാനും കഴിയണം. 

വിദ്യാര്‍ത്ഥികളെ മാത്രം മുന്നില്‍ കണ്ടുള്ള പദ്ധതികളല്ല വേണ്ടത്

ഡോ. കെ.പി. നിതീഷ് കുമാര്‍
(ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ വര്‍ക്ക്, ശ്രീ ശങ്കരാചാര്യയൂണിവേഴ്സിറ്റി)

ഒരു തവണപോലും വിദ്യാലയത്തിലെത്താത്ത നിരവധി കുട്ടികള്‍ ആദിവാസി മേഖലകളിലുണ്ട്. പണിയ കോളനികളിലൊക്കെ പോയാല്‍ ഇതുപോലെയുള്ള കുട്ടികളെ നമുക്കു കാണാന്‍ കഴിയും. പഠനം നിര്‍ത്തി പോകുന്നതിന്റെ കാരണങ്ങള്‍ നോക്കി വിദ്യാലയങ്ങളുടെ സൗകര്യങ്ങള്‍ ഒരുക്കുക എന്നതു മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിദ്യാര്‍ത്ഥികളെ മാത്രം മുന്നില്‍ കണ്ടാണ് പദ്ധതികള്‍. ഇവരുടെ വീടുകളിലെ ഭൗതിക സാഹചര്യം. ഇവരുടെ രക്ഷിതാക്കളുടെ വിദ്യാഭ്യാസം എല്ലാം പരിഗണിക്കപ്പെടണം.

ഓരോ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളെ എജ്യുക്കേറ്റ് ചെയ്യണം. ചോലനായ്ക്ക വിഭാഗത്തില്‍ 36 ശതമാനമാണ് സാക്ഷരരായവര്‍. പണിയ വിഭാഗത്തില്‍ 69 ശതമാനവും. ബാക്കിയുള്ളവരെല്ലാം നിരക്ഷരരായി നില്‍ക്കുന്ന സാഹചര്യമാണ്. അതിനെ പരിഹരിക്കാനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിക്കപ്പെടുന്നില്ല. സ്‌കൂളില്‍ പോകാന്‍ കുട്ടികളെ നിര്‍ബ്ബന്ധിക്കാന്‍ ഇവരുടെ വീടുകളില്‍ അങ്ങനെയുള്ളവരില്ല. ചെറിയ പ്രായത്തില്‍ത്തന്നെ തൊഴില്‍ മേഖലയിലേക്ക് ഇവരെ കൊണ്ടുപോകുന്നതും കാണാം. പഠനം നിര്‍ത്തുന്ന സമയം കൂടി നമ്മള്‍ നോക്കണം. പലപ്പോഴും കാപ്പി, അടക്ക പോലുള്ള വിളവെടുപ്പ് സമയങ്ങളിലാണ് ഇതു കൂടുതല്‍. 

ഗോത്ര വിഭാഗത്തില്‍നിന്നുള്ള കൂടുതല്‍ അദ്ധ്യാപകര്‍ ഉണ്ടാവണം. മെന്റര്‍ ടീച്ചര്‍മാരുടെ പ്രവര്‍ത്തനമൊക്കെ കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായിരുന്നു. പക്ഷേ, അതിനെയൊന്നും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയല്ല വകുപ്പ് കൈകാര്യം ചെയ്യുന്നത്. ശമ്പളത്തിനുവേണ്ടി പലപ്പോഴും ഇവര്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുണ്ട്. ഇത്തവണത്തെ ടി.ടി.സി. അഡ്മിഷന്‍ നോക്കിയാല്‍ പണിയ വിഭാഗത്തിലുള്ള ഒരു കുട്ടി പോലുമില്ല. വയനാട് മേഖലയില്‍ ഗോത്രവിഭാഗത്തില്‍നിന്നുള്ള ടി.ടി.സി അദ്ധ്യാപകര്‍ വേണ്ടേ. അവരുടെ പ്രാതിനിധ്യം വിദ്യാലയങ്ങളില്‍ വേണ്ടേ. അങ്ങനെയൊക്കെ വരുമ്പോഴല്ലേ കുട്ടികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാവുക. സ്‌കൂള്‍ അന്തരീഷം അവര്‍ക്ക് അനുകൂലമാകണം, വീടുകളിലെ ഭൗതിക സാഹചര്യം ഉയരണം. അവരുടെ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കണം. എന്നാല്‍, മാത്രമേ ഇതിനൊരു മാറ്റം ഉണ്ടാവുകയുള്ളൂ. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേരളത്തിലെ ടി.എസ്.പി. ഫണ്ട് 3500 കോടിയാണ്. എന്താണ് അതുകൊണ്ടുണ്ടായ മാറ്റം. ഒരേ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞ് പോക്ക് എന്നത് ചെറിയൊരു ഘടകം മാത്രമാണ്. സാമൂഹ്യമായി തന്നെ അതിനെ അഡ്രസ് ചെയ്യേണ്ടതുണ്ട്. 

ഓരോ കോളനിയിലും നിരന്തരം ബന്ധപ്പെടുന്ന ആളുകളുണ്ടാവണം. ഓരോ ഹാംലെറ്റിനും വളണ്ടിയേര്‍സിനെ കണ്ടെത്തണം. അത്തരത്തില്‍ മാറ്റമുണ്ടാകാനുള്ള പദ്ധതികള്‍ കൊണ്ടുവരണം. അങ്ങനെ പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് പഞ്ചായത്തുകളോ ഒരു ജില്ലയോ ചെയ്തു നോക്കണം. എന്നാല്‍, മാത്രമേ നമുക്കിതിനെ മറികടക്കാന്‍ കഴിയൂ.

നിലവിലുള്ള പദ്ധതികളും നയങ്ങളും പുനപരിശോധിക്കപ്പെടണം

ഡോ. നിസ്സാര്‍ കണ്ണങ്ങര 
(ആന്ത്രോപോളജിസ്റ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബെംഗളൂരൂ)

ആദിവാസികളുടെ വിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യമില്ലായ്മ, ഊരുകളിലെ മദ്യപാനം, കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങിയവ പഠനം നിര്‍ത്തുന്നതിന്റെ കാരണങ്ങളായി പറയുന്നത്, യഥാര്‍ത്ഥ കാരണങ്ങളെ കണ്ടെത്താതെ എല്ലാം ഗോത്രസമുദായങ്ങളുടെ കുഴപ്പങ്ങളാണെന്നു പറഞ്ഞു കയ്യൊഴിയുന്ന ഉദ്യോഗസ്ഥ കുടിലതയാണ്. ഗോത്രവിഭാഗക്കാര്‍ക്ക് താല്‍പ്പര്യമില്ല എന്നു പറഞ്ഞു ലാഘവത്തില്‍ കയ്യൊഴിയുന്നതിനു പകരം എന്തുകൊണ്ട് താല്‍പ്പര്യമില്ല, എന്തുകൊണ്ട് ആദിവാസി ഊരുകളില്‍ മദ്യപാനം കൂടുന്നു, എന്തുകൊണ്ട് അവരുടെ കുടുംബങ്ങളില്‍ വഴക്കുണ്ടാകുന്നു എന്നു പരിശോധിക്കേണ്ട ബാധ്യതയും അതു പരിഹരിക്കേണ്ട ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്.

ഭരണഘടനാ സവിശേഷതകളോടെ വിഭാവനം ചെയ്ത ആദിവാസികളുടെ വികസന പദ്ധതികള്‍ കേവലം കോണ്‍ട്രാക്ടര്‍മാരുടെ വികസനപദ്ധതികളും കുറെ ഉന്നതകുലജാതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ എന്റര്‍ടെയ്ന്‍മെന്റുമായി തീര്‍ന്നിട്ടുണ്ട് എന്നത് വാസ്തവമാണ്. ആദിവാസികളുടെ വികസനം വിഭാവനം ചെയ്യാന്‍ വേണ്ടി സ്ഥാപിതമായ ഗവേഷണ സ്ഥാപനങ്ങള്‍ എന്തു ചെയ്യുകയാണ് എന്നതു വിചിത്രമാണ്. കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ വികസനത്തിനു വേണ്ടുന്ന നയനിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായി പഠിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമായ കിര്‍ത്താഡ്സില്‍ എന്താണ് നടക്കുന്നത് എന്നറിഞ്ഞാല്‍ ആദിവാസി വികസനം എന്ന പേരില്‍ നടക്കുന്ന, ഉദ്യോഗസ്ഥരുടെ തട്ടിപ്പുകള്‍ എന്തെല്ലാമെന്ന് മനസിലാകും.

2017 മുതല്‍ 2019 വരെ കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കാരുടെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാനും വിഭാവനം ചെയ്യാനും കോഴിക്കോട് കിര്‍ത്താര്‍ഡ്സില്‍ ഗവേഷണം ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. ഗവേഷണം എന്ന പേരില്‍ അവിടെ നടക്കുന്നത് ശുദ്ധതട്ടിപ്പുകളാണെന്നു ബോധ്യപ്പെടുത്തിയ അനുഭവങ്ങളുടെ വര്‍ഷങ്ങള്‍ കൂടിയായിരുന്നു അത്. ഗോത്രമേഖലയിലെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നത് കിര്‍ത്താര്‍ഡ്സ് പോലുള്ള സ്ഥാപനങ്ങളാണ്. 
അത് എത്രമാത്രം അബദ്ധജടിലവും അശാസ്ത്രീയവും ദുരുദ്ദേശപരവും ആണെന്നത് കിര്‍ത്താര്‍ഡ്സിലെ ഗവേഷകന്‍ എന്ന നിലയ്ക്കുള്ള എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്നതാണ്. പ്രധാനമായും മൂന്നുവകുപ്പുകളാണ് കിര്‍ത്താഡ്സ് എന്ന സ്ഥാപനത്തിലുള്ളത്. 

നരവംശശാസ്ത്ര ഗവേഷണം, വികസന പഠനം, പരിശീലനം. ഈ മുന്നുവകുപ്പുകളേയും നിയന്ത്രിക്കുന്നത് മതിയായ പരിചയമോ അറിവോ സ്ഥാപനം തന്നെ നിര്‍ദ്ദേശിക്കുന്ന യോഗ്യതകളോ ഇല്ലാത്ത മൂന്നുപേരാണ്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കാലത്ത് മന്ത്രി എ.കെ. ബാലന്റെ പ്രത്യേക താല്‍പര്യത്തില്‍, മുഖ്യമന്ത്രിയുടെ സവിശേഷ അധികാരമായ റൂള്‍ 36 പ്രകാരമാണ് മതിയായ യോഗ്യതകളില്ലാതിരുന്നിട്ടും അഞ്ചുപേരുടെ നിയമനം കിര്‍ത്താഡ്സ് സ്ഥിരപ്പെടുത്തിയത് എന്നത് അക്കാലത്തുതന്നെ പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

തങ്ങളുടെ ജോലി സ്ഥിരപ്പെടുത്തുക, വളഞ്ഞ വഴികളിലൂടെ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നേടിയെടുക്കുക തുടങ്ങി സര്‍ക്കാര്‍ വിലാസം പരിപാടികളുടെ മൊത്തക്കച്ചവടത്തിന്റെ ഒരു കേന്ദ്രം എന്നതില്‍ കവിഞ്ഞ് കാര്യപ്രസക്തമായ എന്തെങ്കിലും ഗവേഷണം അവിടെ നടക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നതാണ് വാസ്തവം. അട്ടപ്പാടിയില്‍ പട്ടിണി മരണം നടക്കുമ്പോള്‍ ഇവിടത്തെ ഗവേഷകര്‍ ഇരുള ഭാഷയ്ക്ക് നിഘണ്ടു ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. വയനാട്ടില്‍ ആദിവാസികളില്‍ ഡ്രോപ്പൗട്ട് നിരക്ക് കൂടുന്നുവെന്നു കേട്ടാല്‍ കിര്‍ത്താര്‍ഡ് ഗവേഷകര്‍ നാടുനീളെ ആദിവാസി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന തിരക്കിലാകും. 

ആദിവാസികളുടെ പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് അറിയുമ്പോള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മണ്‍മറഞ്ഞുപോയ ഏതെങ്കിലും ഗോത്രകലാരൂപത്തെക്കുറിച്ചു സെമിനാര്‍ നടത്തും. ചുരുക്കത്തില്‍ കേരളത്തിലെ ആദിവാസികളുടെ സമകാലിക പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അറിയാനുള്ള സര്‍ക്കാരിന്റെ മെക്കാനിസം തന്നെ അങ്ങേയറ്റം അഴിമതി മൂടിക്കിടക്കുകയാണെന്നതിന്റെ ഉദാഹരണമാണ് കിര്‍ത്താഡ്സ്. പട്ടികജാതിക്കാരോ പട്ടികവര്‍ഗ്ഗക്കാരോ ഒന്നുമല്ല അതിന്റെ ഗുണഭോക്താക്കള്‍. മറിച്ച് സമൂഹത്തില്‍ എല്ലാ പ്രിവിലേജും പാരമ്പര്യമായി തന്നെ അനുഭവിച്ചുപോരുന്ന ഉന്നതജാതിയില്‍ പെട്ടവര്‍ക്ക് യോഗ്യതയില്ലാതെ സര്‍ക്കാര്‍ കസേരകളില്‍ ഇരിക്കാനുള്ള എളുപ്പവഴിയാണ് ആ ഗവേഷണ സ്ഥാപനം. ഭരണഘടന ഗോത്രസമൂഹങ്ങളെ എങ്ങനെയാണ് വിഭാവനം ചെയ്യുന്നത് എന്നറിയുകയും നമ്മുടെ സ്‌കീമുകളും പോളിസികളും അവര്‍ക്ക് എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നും ശാസ്ത്രീയമായി പരിശോധിച്ച് ഇന്‍ക്ലൂസീവ് ആയ ഒരു നയചട്ടക്കൂട് ആദിവാസി വികസനത്തിനായി ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്ക് ചെലവാക്കുന്നതിനേക്കാള്‍ വലിയ തുക കഴിഞ്ഞ കാലങ്ങളില്‍ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. പാര്‍പ്പിട പദ്ധതികള്‍ വിപരീതഫലമാണ് പല ആദിവാസി സമൂഹങ്ങളിലും ഉണ്ടാക്കിയിട്ടുള്ളത് എന്നതാണ് വാസ്തവം. കിര്‍ത്താര്‍ഡ്സിന്റെ തന്നെ പഠനം ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അധികാരികളുടെ ഭാഗത്തുനിന്ന് ഒരു പുനപരിശോധന ആദിവാസി ക്ഷേമവികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എല്ലാം അവര്‍ തന്നെയാണ് ഉത്തരവാദികള്‍ എന്നുപറഞ്ഞ് കയ്യൊഴിയേണ്ടിവരും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com