ഭീരുവായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമെന്നു തന്നെയാണ് ആ പെണ്‍കുട്ടി ഉറപ്പിച്ചു പറയുന്നത്

കൃശഗാത്രിയും ഇരുപതുകാരിയുമായ ആ പെണ്‍കുട്ടിയുടെ മനസ്സിനു പക്ഷേ, അപ്പോള്‍ വലിയ കരുത്തായിരുന്നു
ഭീരുവായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമെന്നു തന്നെയാണ് ആ പെണ്‍കുട്ടി ഉറപ്പിച്ചു പറയുന്നത്

ജൂണ്‍ 15-നായിരുന്നു സംഭവം. മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ കാക്കൂച്ചിറയില്‍ പാലക്കാട്ട് എഫ്.സി.ഐ ഉദ്യോഗസ്ഥനായ വേങ്ങപ്ലാക്കല്‍ ലാലു പണികഴിപ്പിച്ച പുതിയ വീട്ടില്‍ മകള്‍ അക്ഷയ ഒറ്റയ്ക്കായിരുന്നു. നേരം ഉച്ചയോടടുത്തുകാണും. വീടിനു പിറകില്‍നിന്നു കേട്ട ശബ്ദം എന്താണെന്ന് അന്വേഷിക്കാന്‍ പുറത്തിറങ്ങിയ ആ പെണ്‍കുട്ടി കണ്ടത് സ്വന്തം വീടിനു അപകടകരമാകുന്ന വിധത്തില്‍ വീടിനു പിറകില്‍നിന്ന് ഇരുപതടിയോളം താഴ്ചയില്‍ ഒരു എര്‍ത്ത്മൂവര്‍ മണ്ണെടുക്കുന്നതാണ്. മണ്ണെടുക്കുന്നത് തങ്ങളുടെ വീടിനു ഭീഷണിയാകുമെന്നു നേരത്തെ തന്നെ ആ ഭൂവുടമയെ അറിയിച്ചിരുന്നതാണ്. 

കൃശഗാത്രിയും ഇരുപതുകാരിയുമായ ആ പെണ്‍കുട്ടിയുടെ മനസ്സിനു പക്ഷേ, അപ്പോള്‍ വലിയ കരുത്തായിരുന്നു. അവള്‍ മണ്ണെടുക്കുന്ന ഇടത്തേയ്ക്ക് വന്നു പ്രതിഷേധിക്കാന്‍ ശ്രമിച്ചു. മണ്ണെടുക്കരുതെന്ന് ഉറച്ച സ്വരത്തില്‍ ആവര്‍ത്തിച്ചു. 

പ്രദേശത്തു താമസിക്കുന്ന മുഴുവന്‍ വീട്ടുകാരുടേയും എതിര്‍പ്പിനെത്തുടര്‍ന്ന് മണ്ണെടുക്കരുതെന്ന് അധികൃതര്‍ നേരത്തെ വിലക്കിയ ഇടത്തുനിന്നായിരുന്നു വീണ്ടും മണ്ണെടുക്കുന്നതിനു ശ്രമം നടന്നത്. വീടുകളില്‍ ആരുമില്ലാത്ത സമയം നോക്കി മണ്ണ് നീക്കം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, ഈ അക്രമം അക്ഷയയ്ക്ക് സഹിക്കാന്‍ കഴിയാത്തതുകൊണ്ടായിരുന്നു അവള്‍ മണ്ണെടുക്കാന്‍ പാടില്ല എന്നു പറഞ്ഞത്. എന്നാല്‍, അക്രമികള്‍ മണ്ണെടുക്കല്‍ തുടരാനാണ് ശ്രമിച്ചത്. തന്റെ പ്രതിഷേധങ്ങള്‍ക്കൊന്നും അവര്‍ വില കല്പിക്കുന്നില്ലെന്ന് ആ പെണ്‍കുട്ടിക്കു മനസ്സിലായി. അവള്‍ തന്റെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ മണ്ണെടുക്കുന്നതിന്റേയും മണ്ണെടുക്കുന്നവരുടേയും എര്‍ത്ത്മൂവറിന്റേയുമൊക്കെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, അക്ഷയയുടെ ആ ശ്രമം വകവെച്ചുകൊടുക്കാന്‍ അക്രമികള്‍ തയ്യാറായില്ല. അവര്‍ അക്ഷയയുടെ കവിളത്തടിക്കുകയും വയറില്‍ ചവിട്ടുകയും തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയും ചെയ്തു. ജാത്യാധിക്ഷേപവുമുണ്ടായെന്ന് അക്ഷയ പറയുന്നു. അക്ഷയയെ മര്‍ദ്ദിക്കുന്നതിനു സാക്ഷികളുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിലെ ഒരു സ്ത്രീയും ആ വഴി കടന്നുപോകുകയായിരുന്ന രണ്ടു ചെറുപ്പക്കാരും അക്ഷയയെ മര്‍ദ്ദിക്കുന്നത് തടഞ്ഞു. അവരേയും അനധികൃത മണ്ണെടുപ്പുകാര്‍ തെറി പറഞ്ഞോടിച്ചുവെന്ന് അക്ഷയ പറയുന്നു. 

പ്രശ്‌നം വഷളാകുകയാണെന്നു മനസ്സിലായ മണ്ണെടുപ്പുകാര്‍ തല്‍ക്കാലം ശ്രമത്തില്‍നിന്നു പിന്‍വാങ്ങിയെങ്കിലും അക്ഷയയേയും കുടുംബത്തേയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പാലക്കാട്ട് ജോലിസ്ഥലത്തായിരുന്നു ആ സമയം അക്ഷയയുടെ പിതാവ് ലാലു. സംഭവമറിഞ്ഞ ലാലു ഫോണ്‍ മുഖാന്തിരം പൊലീസുമായി ബന്ധപ്പെടുകയും തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പക്ഷേ, അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയൊന്നുമുണ്ടായില്ല. അക്രമികളുടെ ഭരണകക്ഷി ബന്ധം തന്നെയായിരുന്നു കാരണം. അതോടെ മൂവാറ്റുപുഴയില്‍ പ്രതിഷേധം കനത്തു. കോണ്‍ഗ്രസ്സും ബി.ജെ.പിയുമടക്കമുള്ള വിവിധ രാഷ്ട്രീയകക്ഷികളും പട്ടികവര്‍ഗ്ഗ സംഘടനകളും സമരവുമായി രംഗത്തെത്തി. എന്നിട്ടും പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തില്ല. വനിതാ സംഘടനകളടക്കം വീണ്ടും സമരം ശക്തമാക്കുകയും ജനസമ്മര്‍ദ്ദം മുറുകുകയും ചെയ്തിട്ടും പൊലീസ് അനങ്ങാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ കേസില്‍നിന്നു പിന്മാറിയില്ലെങ്കില്‍ നേരിടേണ്ടിവരുമെന്നു പറഞ്ഞു പലരും അക്ഷയയേയും കുടുംബത്തേയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, അക്ഷയ പിന്മാറാന്‍ തയ്യാറായില്ല. 

ഒടുവില്‍ പതിനാറു ദിവസങ്ങള്‍ക്കുശേഷം അക്ഷയയ്‌ക്കെതിരെയുള്ള അക്രമത്തിനു നേതൃത്വം കൊടുത്ത മണ്ണുമാഫിയാ നേതാവെന്ന് ആരോപിക്കപ്പെടുന്നയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ മാറാടി പള്ളിക്കവല മൂലംകുഴിയില്‍ വീട്ടില്‍ അന്‍സാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍സാറിന്റെ മുന്‍കൂര്‍ ജാമ്യശ്രമം വിഫലമായതോടെ അന്‍സാര്‍ പൊലീസിനു കീഴടങ്ങുകയായിരുന്നു. 

മണ്ണെടുത്ത ഭാ​ഗം
മണ്ണെടുത്ത ഭാ​ഗം

വലിയ തോതിലുള്ള ജനസമ്മര്‍ദ്ദം ഉയര്‍ന്നിട്ടും പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാതിരുന്നിട്ടും, അക്രമികള്‍ക്ക് അധികാരകേന്ദ്രങ്ങളില്‍ നല്ല സ്വാധീനമുണ്ടെന്ന ബോധ്യമുണ്ടായിട്ടും തന്റെ ചെറുത്തുനില്‍പ്പില്‍നിന്നു പിന്മാറാന്‍ അക്ഷയ തയ്യാറായില്ല.  അക്ഷയയുടെ നിലപാടിനു വനിതാസംഘടനകളുടെ പക്ഷത്തുനിന്നടക്കമുള്ള പിന്തുണ വര്‍ദ്ധിച്ചുവന്നു. അക്ഷയ മൂവാറ്റുപുഴ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നല്‍കി. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നമ്പര്‍ മൂന്ന് കോടതിയില്‍ മജിസ്‌ട്രേറ്റ് നിമിഷ അരുണിനു മുന്‍പാകെയാണ് ക്രിമിനല്‍ ചട്ടം 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി സ്വന്തം നിലയില്‍ വക്കീലിനെ നിയോഗിക്കുകയും ചെയ്തിരുന്നു. പട്ടികവര്‍ഗ്ഗ വകുപ്പ് കേസു സംബന്ധിച്ച് ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കുകയുമുണ്ടായിരുന്നു. എന്നാല്‍, പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നു പ്രതി അന്‍സാര്‍ കീഴടങ്ങാന്‍ നിര്‍ബ്ബന്ധിതനാകുകയല്ലാതെ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു ചെറുവിരലനക്കംപോലും ഉണ്ടായില്ലെന്ന് അക്ഷയയുടെ പിതാവ് ലാലു പറയുന്നു. 

അക്ഷയയുടെ പോരാട്ടം 

ഒറ്റയ്ക്കാണെങ്കില്‍പോലും പൊരുതിനില്‍ക്കാന്‍ അക്ഷയയെടുത്ത തീരുമാനം ഉറച്ചതായിരുന്നു. ആ ഉറപ്പ് തന്നെയായിരുന്നു ഒടുവില്‍ പോരാട്ടവിജയത്തിലേക്ക് വഴിതെളിച്ചതും. ഭീരുവായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമെന്നു തന്നെയാണ് ആ പെണ്‍കുട്ടി ഉറപ്പിച്ചു പറയുന്നത്. കുടുംബത്തേയടക്കം ഇല്ലായ്മ ചെയ്യുമെന്നു ഭീഷണിയുണ്ടായി. ശാരീരികമായ ആക്രമണത്തെ നേരിട്ടു. എന്നിട്ടും അക്ഷയ തന്റെ പോരാട്ടത്തില്‍നിന്നു പിന്മാറിയില്ല. 

രണ്ടു കൊല്ലം മുന്‍പ് തൊടുപുഴയില്‍നിന്നും മൂവാറ്റുപുഴയിലെത്തിയതാണ് അക്ഷയയുടെ കുടുംബം. അമ്മ സീമയും അച്ഛന്‍ ലാലുവും ഒരു സഹോദരിയുമാണ് മൂവാറ്റുപുഴയില്‍ പണി കഴിപ്പിച്ച വീട്ടിലുള്ളത്. സ്വന്തം വീടിനുപോലും ഭീഷണിയാകുന്ന തരത്തില്‍ തുടര്‍ന്ന മണ്ണെടുപ്പ് അരുതെന്ന് വിലക്കിയതും തടഞ്ഞതുമാണ് അക്ഷയയെ ശാരീരികവും മാനസികവുമായ ക്ലേശങ്ങളിലേക്ക് നയിച്ചത്. 

മണ്ണുമാഫിയയെ പേടിച്ച് താന്‍ പഠിക്കാനൊന്നും പോകാതെ വീട്ടിലിരിക്കുമെന്ന് കരുതേണ്ടെന്നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ അക്ഷയ പറയുന്നത്. അങ്ങേയറ്റം മോശമായ ഭാഷയിലുള്ള ശകാരവര്‍ഷങ്ങളും ഭീഷണികളും കോടതിക്കു മുന്‍പാകെ അക്ഷയ നല്‍കിയ മൊഴികളിലുണ്ട്. എന്നാല്‍, ശാരീരികമോ മാനസികമോ ആയ വാക്കുകള്‍ക്കൊന്നും തന്നെ തളര്‍ത്താനാകില്ലെന്ന് അക്ഷയയുടെ പ്രതികരണം വ്യക്തമാക്കുന്നു. 

''മണ്ണെടുക്കുന്നത് ഞങ്ങളുടെ വീടുകള്‍ക്ക് ഭീഷണിയാകുമെന്ന് ഭൂവുടമയോട് പറഞ്ഞപ്പോള്‍ വീടിന്റെ പിറകില്‍ ഒരു റോഡിന്റെ വീതിയില്‍ സ്ഥലം വിട്ടിട്ടേ മണ്ണെടുക്കൂ എന്നായിരുന്നു പ്രതികരണം. എന്നാല്‍, ആ വാക്കു പാലിക്കാതെയായിരുന്നു മണ്ണെടുക്കാനുള്ള ശ്രമം. അതു തടയാതിരിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. പക്ഷേ, അങ്ങനെ ഒരു നിയമവിരുദ്ധ പ്രവര്‍ത്തനം തടഞ്ഞപ്പോള്‍ നിയമം നടപ്പാക്കേണ്ടവര്‍ ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ തയ്യാറായില്ല എന്നതാണ് സങ്കടം'' -അക്ഷയ പറയുന്നു. ഇത് അനീതികളെ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരുടേയും അവസ്ഥയാണ്. പ്രതിഷേധാര്‍ഹമായ ഈ സാഹചര്യം മാറേണ്ടതുണ്ട്. 

സാധാരണക്കാര്‍ക്കും സഹായിക്കാന്‍ ആരുമില്ലാത്തവര്‍ക്കും ഒരത്താണിയാകുന്ന തരത്തില്‍ ഔദ്യോഗികമായി ഒരിടം നേടുന്നതിനു പ്രാപ്തമാക്കുന്ന അക്കാദമിക വിജയം നേടലാണ് ഐ.എ.എസ് സ്വപ്നം കാണുന്ന അക്ഷയയുടെ ലക്ഷ്യം. 

കടന്നുപോന്ന ശാരീരികവും മാനസികവുമായ ക്ലേശങ്ങളുടെ നാളുകള്‍ ഭാവിയെ നേരിടാന്‍ പോരുന്ന കരുത്ത് അക്ഷയയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് ആ പെണ്‍കുട്ടിയുടെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാണ്. പ്രതികള്‍ക്കു രാഷ്ട്രീയമായ സംരക്ഷണം കിട്ടിയെന്നുതന്നെയാണ് അക്ഷയയുടെ ബോദ്ധ്യം. അക്ഷയയും കുടുംബവും വിശ്വാസമര്‍പ്പിച്ചിരുന്ന രാഷ്ട്രീയപ്പാര്‍ട്ടിയിലുള്ള അവരുടെ സ്വാധീനം തന്നെ അക്രമികളെ സംരക്ഷിക്കാന്‍ മതിയാകുന്നതായി എന്ന വസ്തുത രാഷ്ട്രീയപ്പാര്‍ട്ടികളിലുള്ള വിശ്വാസം ഇല്ലാതാക്കിയിട്ടുണ്ട് അക്ഷയയ്ക്ക്. 

''യഥാര്‍ത്ഥത്തില്‍ ഈ അക്രമികള്‍ക്കൊന്നും പാര്‍ട്ടിയില്ല. ആരാണോ അധികാരത്തില്‍ അവരില്‍ ഇത്തരം മാഫിയകള്‍ പിടിമുറുക്കും. അവരെ മറികടന്ന് എന്തെങ്കിലും ചെയ്യാന്‍ നേതാക്കള്‍ക്കും കഴിയില്ല. കാരണം ഈ മാഫിയകളുടെ സാമ്പത്തിക സഹായം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു കൂടിയേ തീരൂ. മകള്‍ ചെയ്തത് ശരിയാണ്. ഇത്തരം ശക്തികളോട് പൊരുതി നില്‍ക്കാന്‍ തയ്യാറാകാതിരുന്നാല്‍ അവര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും. അവരെ നേരിടാന്‍ അക്ഷയ കാണിച്ച ധൈര്യത്തിനൊപ്പം തന്നെയാണ് ഞാന്‍'' -അക്ഷയയുടെ അച്ഛന്‍ ലാലു പറയുന്നു. 

അക്ഷയയെപ്പോലെ എല്ലാക്കാലത്തും പൊരുതിനില്‍ക്കാന്‍ സാധ്യമല്ല. അസാധാരണമാണ് അക്ഷയയുടെ നിശ്ചയദാര്‍ഢ്യം. ഇത്തരം കേസുകളില്‍ മിക്കപ്പോഴും പണവും രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള സ്വാധീനം നിമിത്തം മണ്ണുമാഫിയകള്‍ക്കു നിര്‍മ്മാണത്തിനുവേണ്ട മണ്ണിന്റെ ആവശ്യക്കാരായ വന്‍കിട നിര്‍മ്മാണക്കമ്പനികള്‍ക്കും മുന്‍പില്‍ ഇത്തരം പോരാട്ടങ്ങള്‍ക്കു മുതിരുന്നവര്‍ അന്തിമമായി അടിയറവു പറയാറാണ് പതിവ്. തീര്‍ച്ചയായും മണ്ണെടുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്കു കൂടിയേ തീരൂ. എന്നാല്‍, അശാസ്ത്രീയവും അനിയന്ത്രിതവുമായ മണ്ണെടുപ്പ് നമ്മുടെ ആവാസവ്യവസ്ഥയേയും പരിസ്ഥിതിയേയും വീണ്ടെടുക്കാനാകാത്ത തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്.
വീടുവെയ്ക്കാനെന്ന പേരില്‍ അനധികൃതമായ മണ്ണെടുപ്പ് നമ്മുടെ സംസ്ഥാനത്ത് വ്യാപകമാണ്. വീടു നിര്‍മ്മിക്കാനെന്നു പറഞ്ഞ് ജിയോളജി വകുപ്പില്‍നിന്നും അനുമതി വാങ്ങിയാണ് മണ്ണെടുക്കലും കച്ചവടവുമൊക്കെ. മണ്ണെടുപ്പിന് അനുമതി നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കണമെന്നാണ് നിയമം. മണ്ണെടുത്ത ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചില്ലെങ്കില്‍ പിഴ ഈടാക്കണം. എന്നാല്‍, മണ്ണെടുത്ത പല സ്ഥലങ്ങളിലും ഏറെക്കാലത്തിനു ശേഷവും കെട്ടിടങ്ങള്‍ ഉണ്ടായിട്ടില്ല. 

എറണാകുളം ജില്ലയില്‍, സര്‍ക്കാര്‍ മുന്‍കയ്യിലും അല്ലാതേയും നടക്കുന്ന വിവിധ വികസന-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏക്കറുകണക്കിനു സ്ഥലങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ മണ്ണ് നീക്കം ചെയ്യുന്നത്. നിരവധി കുന്നുകള്‍ ഇതിനകം നാമാവശേഷമായി. വീടുവെയ്ക്കുന്നതിനാണ് മണ്ണെടുക്കുന്നതെങ്കില്‍ പണം അടയ്‌ക്കേണ്ടതില്ല. ഈ അനുകൂല സാഹചര്യം മുതലാക്കിയാണ് മണ്ണു മാഫിയ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കേണ്ട മൈനിങ് ആന്റ് ജിയോളജി വകുപ്പ് മിക്കപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിഷ്‌ക്രിയത പാലിക്കുകയാണ് പതിവ്. മണ്ണെടുക്കല്‍ സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്. അനധികൃത മണ്ണെടുപ്പിനെതിരെ പ്രതികരിക്കുന്നവരെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ എടുക്കാന്‍ ക്രമസമാധാന ചുമതലയുള്ളവരും തയ്യാറാകാറില്ല. ഇതെല്ലാമാണ് അനധികൃതമായ മണ്ണെടുപ്പ് തകൃതിയായി നടക്കുന്നതിനു വഴിവെയ്ക്കുന്നത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com