മുസ്‌ലിം ലീഗിന്റെ പക്ഷമേത്?

രണ്ടും കിട്ടാതെ ഇച്ഛാഭംഗത്തിന്റെ പരകോടിയിലാണ് ലീഗിന്റെ ഇപ്പോഴത്തെ നില
മുസ്‌ലിം ലീഗിന്റെ പക്ഷമേത്?

2017 ഏപ്രിൽ: മലപ്പുറം എം.പി ആയിരുന്ന മുസ്‌ലിം ലീഗ് നേതാവ് ഇ. അഹമ്മദ് അന്തരിച്ച ഒഴിവിൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: വേങ്ങരയിൽനിന്നു നിയമസഭയെ പ്രതിനിധീകരിച്ചിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മൽസരിച്ചു ജയിച്ച് നിയമസഭാംഗത്വം രാജിവച്ചു. 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും ലോക്‌സഭയിലേക്കുതന്നെ മത്സരിച്ചു ജയിച്ചു. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ, ലീഗിനു പങ്കാളിത്തമുള്ള സർക്കാർ വരുമെന്ന പ്രതീക്ഷയായിരുന്നു കുഞ്ഞാലിക്കുട്ടിക്കും പാർട്ടിക്കും. അങ്ങനെ വന്നാൽ കുഞ്ഞാലിക്കുട്ടി കേന്ദ്രമന്ത്രി. പക്ഷേ, നരേന്ദ്ര മോദി സർക്കാരിനു തുടർഭരണം കിട്ടുകയാണുണ്ടായത്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം എം.പി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചു ജയിച്ച് ലോക്‌സഭാംഗത്വം രാജിവച്ചു. കേരളത്തിൽ യു.ഡി.എഫ് ഭരണത്തിലെത്തുമെന്നും സ്വഭാവികമായും നാലോ അഞ്ചോ മന്ത്രിമാരുൾപ്പെടുന്ന ലീഗ് നിയമസഭാകക്ഷിയുടെ നേതാവും മന്ത്രിയും ചിലപ്പോൾ ഉപമുഖ്യമന്ത്രിയുമാകാം എന്നതായിരുന്നു പ്രതീക്ഷ. പക്ഷേ, പിണറായി വിജയൻ സർക്കാരിനു തുടർഭരണമാണ് കിട്ടിയത്.

എം.എം. ഹസന്‍, വി.ഡി.സതീശന്‍, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ യുഡിഎഫ് സമ്മേളനത്തില്‍
എം.എം. ഹസന്‍, വി.ഡി.സതീശന്‍, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ യുഡിഎഫ് സമ്മേളനത്തില്‍

പൊതുപണവും അധ്വാനവും അനാവശ്യമായി ചെലവഴിക്കാൻ ഇടയാക്കിയും സ്വന്തം പണവും പാർട്ടിപ്പണവും ധൂർത്തടിച്ചും ജനാധിപത്യപ്രക്രിയയെ ദുരുപയോഗം ചെയ്തതിനു പിന്നിൽ മുസ്‌ലിം ലീഗിനും അതിന്റെ അവസാന വാക്കായ നേതാവിനും ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്: അധികാരത്തിലെ പങ്കാളിത്തം. കേന്ദ്രത്തിൽ അധികാരം കിട്ടുമെന്നു കരുതി ലോക്‌സഭയിലേക്കു മത്സരിക്കുന്നു; അതു നടക്കാതെ വരുമ്പോൾ കാലാവധി തികയാൻ കാത്തുനിൽക്കാതെ സംസ്ഥാനഭരണത്തിൽ പങ്ക് പ്രതീക്ഷിച്ച് നിയമസഭയിലേക്ക്.

രണ്ടും കിട്ടാതെ ഇച്ഛാഭംഗത്തിന്റെ പരകോടിയിലാണ് ലീഗിന്റെ ഇപ്പോഴത്തെ നില. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു വർഷത്തിനുള്ളിൽ വരാനിരിക്കുന്നു; ഉറച്ച രണ്ടു പാർലമെന്റ് മണ്ഡലങ്ങൾ കയ്യിലുണ്ട്. പക്ഷേ, വീണ്ടും കേന്ദ്രത്തിലേക്കു നോക്കാനുള്ള ആലോചന തൽക്കാലമില്ല. 2026 ഏപ്രിൽ-മേയിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതുവരെ കാത്തിരിക്കുമ്പോൾ അധികാരത്തിനു പുറത്ത് പത്തു വർഷം തികയും. അതു വേണോ, അതോ ഇടതുമുന്നണിക്കൊപ്പം പോകണോ എന്ന ആലോചന പല തലങ്ങളിൽ പല രൂപത്തിൽ നടക്കുന്നു. യു.ഡി.എഫ് വിടണം എന്ന് ആഗ്രഹിക്കുന്നവരും വേണ്ട എന്ന് വിലക്കുന്നവരുമായി മുസ്‌ലിം ലീഗ് ഉള്ളിന്റെ ഉള്ളിൽ ഏറെക്കുറെ പിരിഞ്ഞാണു നിൽപ്പ്. യു.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് കോഴിക്കോട് ബീച്ചിൽ കെ.പി.സി.സി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയുടെ പൊതുസമ്മേളനത്തിൽ, ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത് പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം ഇല്ലെന്നു വരുത്താനാണ്. തൽക്കാലത്തേക്കെങ്കിലും മുന്നണിമാറ്റ ആലോചനകളെക്കുറിച്ചുള്ള വാർത്തകൾ അവസാനിപ്പിക്കാൻ മാത്രം. പക്ഷേ, ലീഗിൽ ഇപ്പോഴും മുന്നണിമാറ്റം പുകയുന്നുണ്ട്. ലീഗിനെ നന്നായി അറിയാവുന്നവർക്ക് ആ ചൂട് മനസ്സിലാകും. മാത്രമല്ല, പറയുമ്പോൾ ലീഗുകാർക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം കൂടി മനസ്സിലാകും. പാണക്കാട് തങ്ങളുടെ വാക്കിന് ഇപ്പോൾ ലീഗിന് പഴയ വില ഇല്ല എന്ന സത്യമാണ് അത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കു ശേഷം ഹൈദരലി തങ്ങളേയും അദ്ദേഹത്തിനു ശേഷം സാദിഖലി തങ്ങളേയും സംസ്ഥാന അധ്യക്ഷ സ്ഥാനത്തു കൊണ്ടുവന്നത് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നാണ്. പാണക്കാട്ടെ തങ്ങൾ സംസ്ഥാന അധ്യക്ഷനാവുക എന്ന കീഴ്‌വഴക്കം പാലിക്കാൻ മാത്രമാണ് ജില്ലാ പ്രസിഡന്റിന് ഒറ്റയടിക്ക് സംസ്ഥാന പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകിയത്. പക്ഷേ, തങ്ങള്‍മാരോടുള്ള സാധാരണവും സ്വാഭാവികവുമായ സ്‌നേഹാദരങ്ങൾക്കപ്പുറമുള്ള പരിഗണന അവരുടെ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങൾക്കു കൊടുക്കാൻ കുഞ്ഞാലിക്കുട്ടിയും ലീഗിൽ മേധാവിത്വമുള്ള ‘കുഞ്ഞാലിക്കുട്ടിപക്ഷ’വും തയ്യാറല്ല. കുഞ്ഞാലിക്കുട്ടിപക്ഷം എന്നാൽ ലീഗ് തന്നെയാകുന്നു; അത് അധികാരത്തിനു മുൻതൂക്കം നൽകുന്ന പക്ഷവുമാണ്. കുഞ്ഞാലിക്കുട്ടി തീരുമാനിക്കാത്തതൊന്നും തങ്ങൾ പറഞ്ഞിട്ടില്ല.

മൂന്നാം സീറ്റ് എന്തിന്?

പി.കെ. കുഞ്ഞാലിക്കുട്ടി
പി.കെ. കുഞ്ഞാലിക്കുട്ടി

മൂന്നാമത് ഒരു ലോക്‌സഭാ സീറ്റ് കൂടി കിട്ടാൻ കോൺഗ്രസ്സിനെ സമ്മർദ്ദത്തിലാക്കുന്ന തന്ത്രമാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടി പയറ്റിയത്. അതിന് മുന്നണിമാറ്റ അഭ്യൂഹങ്ങളെ പരമാവധി അയച്ചുവിട്ടു. ഉറപ്പുള്ള മൂന്നാം സീറ്റ് കിട്ടുകയും ലോക്‌സഭയിൽ ബി.ജെ.പി ഇതര സഖ്യത്തിനു ഭൂരിപക്ഷം കിട്ടുകയും ചെയ്താൽ മാത്രം ഇനി ലോക്‌സഭയിലേക്കു മത്സരിക്കുക എന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ആലോചന. കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടായില്ലെങ്കിൽ അപ്പോഴത്തെ സാഹചര്യമനുസരിച്ചു തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എൽ.ഡി.എഫിലേക്കു പോവുക; എൽ.ഡി.എഫിന് ഒരു ഭരണത്തുടർച്ചയ്ക്കു കൂടി അത് ഇടയാക്കുമെങ്കിൽ വിലപേശുക, അങ്ങനെ പോകുമെന്ന് വരുത്തി കോൺഗ്രസ്സിനെ സമ്മർദ്ദത്തിലാക്കി കൂടുതൽ നിയമസഭാ സീറ്റുകൾ നേടുക തുടങ്ങി അന്നത്തെ സാഹചര്യം നൽകുന്ന സാധ്യതകളേറെയാകാം. കേരള കോൺഗ്രസ് എമ്മിനെക്കൂടി തിരികെ യു.ഡി.എഫിൽ എത്തിക്കാൻ മുൻകൈ എടുത്ത് യു.ഡി.എഫ് ഭരണം ഉറപ്പാക്കുക എന്നതും ആ സാധ്യതകളുടെ കൂട്ടത്തിൽ ലീഗ് എണ്ണുന്നുണ്ട്. ഇത് ഓരോന്നും എത്രത്തോളം ഇഴകീറി പരിശോധിച്ചാലും കിട്ടുന്ന അവസാനത്തെ ഉത്തരം അധികാരത്തിൽ തിരിച്ചെത്താൻ ലീഗ് എന്തും ചെയ്യും എന്നതായിരിക്കും എന്നുമാത്രം. അധികാരമില്ലാതെ നിൽക്കാൻ കഴിയാത്ത പാർട്ടികൾ വേറെയുമുണ്ട് എന്നത് ലീഗിന്റെ ശ്രമങ്ങൾക്ക് കൂടുതൽ വേഗത നൽകുകയും ചെയ്യും.

ചില ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ലീഗിനു മുന്നോട്ടുപോകാൻ കഴിയില്ല. യഥാർത്ഥത്തിൽ ലീഗിനുള്ളിൽ രാഷ്ട്രീയമായും സംഘടനാപരമായും എന്തുതരം ചർച്ചകളാണു നടക്കുന്നത്? അഥവാ, അങ്ങനെ എന്തെങ്കിലും ചർച്ചകൾ ആഴത്തിൽ നടക്കാൻ കഴിയുന്നവിധം ജനാധിപത്യപരമായ വീണ്ടുവിചാരമുള്ള പാർട്ടിയായി ലീഗ് മാറിയോ? അവർ പ്രതിനിധാനം ചെയ്യുന്ന, അവരുടെ വോട്ടുബാങ്കായ സമുദായത്തിന്റെ സാമൂഹിക അന്തസ് ഉയർത്താൻ ലീഗ് എന്താണു ചെയ്തത്? മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ ഭീഷണികളെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കാൻ ലീഗ് എന്തു ചെയ്തു?

1992 ഡിസംബർ 6-ന് കർസേവകർ ബാബരി മസ്ജിദ് തകർത്തപ്പോൾ കേന്ദ്രം ഭരിക്കുന്നത് പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു. കേന്ദ്രം നോക്കി നിൽക്കുക മാത്രം ചെയ്തു എന്ന വിമർശനം അന്നുമിന്നും നിലനിൽക്കുന്നു. എല്ലാം കഴിഞ്ഞ് ഉത്തർപ്രദേശിലെ കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിടുകയും ആർ.എസ്.എസ്സിനെ പിരിച്ചുവിടുകയുമാണ് ചെയ്തത്. റാവു കോൺഗ്രസ്സിനും രാജ്യത്തിന്റെ മതേതര മനസ്സിനും ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്തുകൂടിയാണ് അദ്ദേഹം മരിച്ചപ്പോൾ മൃതദേഹം എ..സി.സി ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കാൻപോലും വിസമ്മതിച്ചത്. പക്ഷേ, റാവുവിനോടും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനോടുമുള്ള പ്രതിഷേധം അറിയിച്ച് കോൺഗ്രസ്സുമായുള്ള മുന്നണിബന്ധം ഒരു ദിവസത്തേക്കുപോലും പിരിയാൻ മുസ്‌ലിം ലീഗ് കേരള നേതൃത്വം തയ്യാറായില്ല. സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടിന്റെ സത്യസന്ധത ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ട സന്ദർഭമായിരുന്നു അത്. ബാബരി മസ്ജിദ് പൊളിച്ചത് രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ ഏറ്റവും കനത്ത ആഘാതമാണെന്ന് ബി.ജെ.പിയും ശിവസേനയുമൊഴികെ എല്ലാ പാർട്ടികളും നിലപാടെടുത്തു. മാത്രമല്ല, കേന്ദ്രസർക്കാരിന്റേയും അതിനെ നയിച്ച കോൺഗ്രസ്സിന്റേയും സംഘപരിവാർ അനുകൂല മനസ്സ് വെളിപ്പെട്ടു എന്ന വിമർശനം ഇടതുപക്ഷം ഉൾപ്പെടെ രൂക്ഷമായി ഉന്നയിക്കുകയും ചെയ്തു. ലീഗിനുള്ളിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. കോൺഗ്രസ് ബന്ധം തുടരുന്നതിനെതിരേ പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനും എം.പിയുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേഠിന്റെ നേതൃത്വത്തിൽ ശക്തമായ നിലപാടെടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും ഉൾപ്പെട്ട നേതാക്കൾ കോൺഗ്രസ് ബന്ധം നിലനിർത്താൻ തന്നെയാണ് തീരുമാനിച്ചത്. ഒടുവിൽ സേഠിനും അദ്ദേഹത്തെ പിന്തുണച്ചവർക്കും പുറത്തുപോകേണ്ടിവന്നു. അവർ ഇന്ത്യൻ നാഷണൽ ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. ഇടതുപക്ഷ മുന്നണിയുടെ ഭാഗമാകാൻ കഴിയും എന്ന പ്രതീക്ഷ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് പേരിൽ മുസ്‌ലിം എന്ന സമുദായപ്പേര് ഒഴിവാക്കി പുതിയ പാർട്ടി ഉണ്ടാക്കിയത്. പക്ഷേ, .എൻ.എല്ലിന് എൽ.ഡി.എഫിന്റെ ഭാഗമാകാൻ കാൽ നൂറ്റാണ്ടിലധികം കാത്തിരിക്കേണ്ടിവന്നു. അപ്പോഴേയ്ക്കും ഐ.എൻ.എൽ ഒരു ഈർക്കിലി പാർട്ടിയായി മാറിക്കഴിഞ്ഞിരുന്നു. രൂപീകരണഘട്ടത്തിൽത്തന്നെ ഇടതുമുന്നണിയിൽ എടുത്തിരുന്നെങ്കിൽ സംഘടനാപരമായി ശക്തിപ്പെടാൻ ആ മുന്നണിബന്ധം ആ പാർട്ടിക്ക് ഉപകരിക്കുമായിരുന്നു. പക്ഷേ, തുടക്കത്തിലെ അനുകൂല നിലപാടിൽനിന്ന് സി.പി.എം പിൻമാറിയതിനു ശക്തമായ ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു: മുസ്‌ലിം ലീഗ് ഇന്നല്ലെങ്കിൽ നാളെ യു.ഡി.എഫ് വിട്ട് ഇപ്പുറത്തു വരും എന്ന പ്രതീക്ഷ. സംഘടനാപരമായി കെട്ടുറപ്പുള്ള ഏക മുസ്‌ലിം രാഷ്ട്രീയ പാർട്ടിയായ ലീഗിനെത്തന്നെ കിട്ടുമെങ്കിൽ പിന്നെന്തിന് ഐ.എൻ.എൽ? സി.പി.എമ്മിന്റെ ആ പ്രതീക്ഷയ്ക്ക് വെള്ളവും വളവും കൊടുത്ത് ലീഗ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

സി.പി.എമ്മിന്റെ പാലം മാറുന്നു

സി.പി.എമ്മിനെപ്പോലെ വലതുപക്ഷ രാഷ്ട്രീയ കൗശലങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു പാർട്ടിയെപ്പോലും പതിറ്റാണ്ടുകളായി മോഹിപ്പിച്ചു നിർത്താൻ ലീഗിനു കഴിഞ്ഞു. അവരുടെ ഉറച്ച വോട്ടുബാങ്ക് ആ പ്രലോഭനത്തെ ഉറപ്പിച്ചുനിർത്തി. അഖിലേന്ത്യാലീഗും ഐ.എൻ.എല്ലും പി.ഡി.പിയും എസ്.‍‍ഡി.പി.ഐയുമൊക്കെ ഉണ്ടായിട്ടും ലീഗിന്റെ അടിത്തറയിൽ വലിയ വിള്ളലൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല എന്ന വിലയിരുത്തലാണ് സി.പി.എമ്മിനെ മോഹിപ്പിക്കുന്നത്. കേരള കോൺഗ്രസ് എമ്മിനെ എൽ.ഡി.എഫിൽ എടുക്കുക എന്ന ഉറച്ച തീരുമാനത്തിന്റെ ഔദാര്യത്തിലാണ് എല്ലുംതോലുമായി മാറിയ ഐ.എൻ.എല്ലിനെ മുന്നണിയിൽ എടുക്കാനുള്ള തീരുമാനവും ഉണ്ടായത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എൽ.ഡി.എഫിൽ എടുത്തില്ലെങ്കിൽ മാണി ഗ്രൂപ്പ് ബി.ജെ.പിക്കൊപ്പം പോകും എന്ന ആശങ്ക സി.പി.എമ്മിന് ഉണ്ടായിരുന്നു.

ഏതായാലും സി.പി.എമ്മിനെ മോഹിപ്പിച്ചുനിർത്തുന്നതിന്റെ ഗുണം പലവിധത്തിൽ പലപ്പോഴായി മുസ്‌ലിം ലീഗിനു കിട്ടുകതന്നെ ചെയ്തു. 1996-2001 കാലയളവിലെ ഇ.കെ. നായനാർ സർക്കാർ ഐസ്‌ക്രീം പാർലർ കേസിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ പുഷ്പം പോലെ രക്ഷിച്ചെടുത്തത് ഉദാഹരണം. കേരള രാഷ്ട്രീയം ഏറെ ചർച്ച ചെയ്തു കഴിഞ്ഞതാണ് ആ വിട്ടുവീഴ്ചയുടെ നാനാവശങ്ങൾ. മുന്നണിമാറ്റം ഉണ്ടായില്ലെങ്കിലും ചില്ലറ രാഷ്ട്രീയ നേട്ടമൊക്കെ ഇടയ്ക്ക് സി.പി.എമ്മിന് കിട്ടാതിരുന്നില്ല. അതിലൊന്നാണ് ഒരു ഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ‘അടവുനയം’ ഉദാഹരണം. പക്ഷേ, 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം നിയോജകമണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ച മുൻ യൂത്ത് ലീഗ് നേതാവ് കെ.ടി. ജലീലിന് ഇടതുമുന്നണി നൽകിയ പിന്തുണ സി.പി.എമ്മും കുഞ്ഞാലിക്കുട്ടിയുമായി, അതായത് ലീഗുമായി ഒരു അകൽച്ചയ്ക്ക് കാരണമായി. 2016-ൽ രണ്ടാംവട്ടം ജയിച്ച ജലീലിനെ ഒന്നാം പിണറായി വിജയൻ സർക്കാരിൽ മന്ത്രിയാക്കുക കൂടി ചെയ്തതോടെ ആ അകൽച്ച കൂടി. പക്ഷേ, ലീഗിൽ പ്രതീക്ഷ വച്ച് നിൽക്കുന്നതിനു പകരം മുസ്‌ലിം സമുദായത്തിൽ സ്വന്തം നിലയിൽ ഗുണഫലമുണ്ടാകുന്ന ഇടപെടലുകൾ നടത്താൻ സി.പി.എമ്മിന് ജലീലിനെ ഉപകരിച്ചു. അത് ശരിയായി തിരിച്ചറിഞ്ഞതുകൊണ്ടാണ് അവർ അദ്ദേഹത്തിനു കൂടുതൽ പരിഗണന നൽകിയത്. .കെ. ഇമ്പിച്ചി ബാവ, പാലോളി മുഹമ്മദുകുട്ടി, ടി.കെ. ഹംസ എന്നിവർ മലബാറിൽ, പ്രത്യേകിച്ചും ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ ഇടതുപക്ഷത്തിന് ഉണ്ടാക്കിക്കൊടുത്ത അടിത്തറയുടെ രൂപത്തിലായിരുന്നില്ല ജലീലിനെക്കൊണ്ടുള്ള ഗുണം. അബ്‌ദുനാസർ മഅ്ദനിയെക്കൊണ്ട് കിട്ടും എന്നു സി.പി.എം പ്രതീക്ഷിച്ച രാഷ്ട്രീയ നേട്ടത്തിന്റെ പല മടങ്ങ് വലുതുമായിരുന്നു അത്. ലീഗിന്റെ പ്രധാന അടിത്തറയായ സമസ്ത കേരള ജംഇത്തുൽ ഉലമ ഉൾപ്പെടെ വിവിധ മുസ്‌ലിം സംഘടനകൾക്ക് സി.പി.എം നേതൃത്വവുമായി, ഭരണനേതൃത്വവുമായി ഇടപെടാനുള്ള പാലമായി ജലീൽ മാറി. ചരിത്രത്തിലാദ്യമായി മഞ്ചേരി (ഇന്നത്തെ മലപ്പുറം) ലോക്‌സഭാ മണ്ഡലത്തിൽ ലീഗിനെ തോൽപ്പിച്ച ടി.കെ. ഹംസ പാർലമെന്ററി ചരിത്രത്തിൽ മായ്ക്കാത്ത ഇടമാണ് ഉണ്ടാക്കിയതെങ്കിൽ അധികാരത്തിന്റെ സാധ്യത ഉപയോഗിച്ച് ലീഗിനുള്ളിൽ കടന്ന് ആ പാർട്ടിയെ വിറളിപിടിപ്പിക്കുന്നതിന് സി.പി.എമ്മിനെ സഹായിക്കുകയാണ് ജലീൽ ചെയ്തത്. അങ്ങനെയാണ് ലീഗ് യു.ഡി.എഫിനൊപ്പം തന്നെയാണെന്നും വേറെ മോഹങ്ങളൊന്നും ആർക്കും വേണ്ടെന്നും ലീഗിലേക്കു തന്നെ നോക്കി സമസ്ത നേതാവുകൂടിയായ ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്കു പറയേണ്ടിവന്നത്. ആ തീരുമാനത്തെ ആശ്വാസ നെടുവീർപ്പോടെ അഭിനന്ദിക്കാൻ കോൺഗ്രസ്സിനെ നിർബ്ബന്ധിതമാക്കിയതും ഇതിന്റെ തുടർച്ചതന്നെ. അങ്ങനെ നോക്കുമ്പോൾ ലീഗിനു വെച്ച വെള്ളം മറ്റൊരുവിധത്തിൽ തിളപ്പിച്ച് അതിൽ ലീഗിനെത്തന്നെ മുക്കിയെടുക്കുകയാണ് സി.പി.എം ഇപ്പോൾ. സ്വന്തം ഇടം ഇടയ്ക്കിടെ ഉറപ്പിച്ചു പറയേണ്ടിവരുന്ന ഗതികേടിലേക്ക് ലീഗിനെ എത്തിക്കാൻ കഴിഞ്ഞതിൽപ്പരം മറ്റെന്താണുള്ളത്.

ജിഫ്രി തങ്ങളും ഇപ്പുറത്തുതന്നെ; പക്ഷേ,

ജിഫ്രി മുത്തുക്കോയ തങ്ങള്‍
ജിഫ്രി മുത്തുക്കോയ തങ്ങള്‍

പലരും ലീഗിനു പുറത്തുനിന്നു പറയുകയും കരുതുകയും ചെയ്യുന്നതുപോലെ സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇപ്പോൾ ലീഗ് നേതൃത്വവുമായി ഉടക്കിനിൽക്കുകയല്ല. അങ്ങനെയൊരു ഘട്ടമുണ്ടായിരുന്നു. അതുകഴിഞ്ഞു. അധികാരത്തിലിരിക്കുന്ന സി.പി.എമ്മുമായി നല്ല ബന്ധം നിലനിർത്തുക; മുസ്‌ലിം ലീഗിനെ ദുർബ്ബലപ്പെടുത്തുന്ന ഒരു നടപടിയേയും പിന്തുണയ്ക്കാതിരിക്കുക എന്നതാണ് ഇപ്പോൾ സമസ്തയും ജിഫ്രി തങ്ങളും സ്വീകരിച്ചിരിക്കുന്ന നിലപാട്. അത് ആലോചിച്ചും ചർച്ചചെയ്തുമെടുത്ത തീരുമാനമാണ്. ഒരുപക്ഷേ, മുസ്‌ലിം ലീഗ് സ്വന്തം രാഷ്ട്രീയ പ്രസക്തി വിശദീകരിച്ചു ബോധ്യപ്പെടുത്താൻ സമയവും ബൗദ്ധികശേഷിയും വിനിയോഗിച്ചതിന്റെ ഫലമാണ് ഇത്. .ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് തുടങ്ങിയവരുടെ പല തലങ്ങളിലെ ആശയവിനിമയങ്ങൾ ഇതിനെ സഹായിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി മുന്‍പത്തേതിൽനിന്നു വ്യത്യസ്തമായി ഇ.ടി. മുഹമ്മദ് ബഷീറിനേയും എം.കെ. മുനീറിനേയും വിശ്വാസത്തിലെടുത്തതിന്റേയും ഫലം. യൂത്ത് ലീഗിനെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തിയതിന്റേയും ഫലം. ഒരു കാരണവശാലും സമസ്തയുടെ ഒരു നിലപാടും സി.പി.എമ്മിനുവേണ്ടിയോ ലീഗിന് വിരുദ്ധമോ ആകില്ല എന്ന ഉറപ്പു നേടാൻ ഈ ചർച്ചകൾക്കു കഴിഞ്ഞു. ഫാസിസവും വർഗ്ഗീയതയും രാജ്യത്തെ സ്വന്തം വരുതിയിലേക്ക് മുന്‍പത്തേക്കാൾ കൂടുതൽ കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ ലീഗ് താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കരുത് എന്നാണ് തങ്ങളും മറ്റ് സമസ്ത നേതാക്കളും എടുത്ത നിലപാട്. അത്ഭുതം തോന്നിയേക്കാം, സമസ്തയെ നിങ്ങൾ ഭയപ്പെടേണ്ട എന്നും ലീഗ് നേതൃത്വം ചാഞ്ചാടാതിരുന്നാൽ മതി എന്നും ചർച്ചയുടെ ഗതി തിരിച്ചുവയ്ക്കാൻ ജിഫ്രി തങ്ങൾക്കും മറ്റും സാധിച്ചു. ഫാസിസ്റ്റു ഭീഷണിയും സമുദായപാർട്ടി ഒന്നിച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യവും പറഞ്ഞ് സമസ്തയെ മെരുക്കുക, പിന്നീട് സാഹചര്യം പോലെ സി.പി.എമ്മുമായി കൂടിയാലോചിച്ച് മുന്നണി മാറ്റം ആവശ്യമെങ്കിൽ നടപ്പാക്കുക എന്ന കുഞ്ഞാലിക്കുട്ടിയുടെ അജൻഡ പൊളിയുക കൂടിയാണ് ചെയ്തത്. കെ.പി.സി.സി റാലിയിൽ സാദിഖലി തങ്ങൾ നടത്തിയ പ്രഖ്യാപനത്തെ സ്വാധീനിച്ചതും ഈ ചർച്ചകൾ തന്നെയാണ്. പക്ഷേ, അതിനുമുന്‍പ് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഇക്കാര്യം സംസാരിച്ചിരുന്നു. റാലി പലസ്തീനു വേണ്ടിയാണെങ്കിലും മുന്നണിക്കാര്യം പറയാൻ പറ്റിയ അവസരം കൂടിയാണ് ഇതെന്ന് ആ സംസാരത്തിനു മുന്‍പേ സാദിഖലി തങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷേ, താനുമായി കൂടിയാലോചിച്ചാണ് തങ്ങൾ ആ പ്രഖ്യാപനം നടത്തിയത് എന്നു വരുത്താൻ കുഞ്ഞാലിക്കുട്ടിക്കു സാധിച്ചു. ..സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുമായി യോഗത്തിനു മുന്‍പ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. തങ്ങൾ പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്കു മടങ്ങുമ്പോൾ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അഭിനന്ദിച്ചത് ആ പിന്നാമ്പുറ വർത്തമാനത്തിന്റെ തുടർച്ചയായിരുന്നു.

പക്ഷേ, എല്ലാ വാതിലുകളും അടച്ച്, അധികാരം എപ്പോഴെങ്കിലും തിരിച്ചുവരട്ടെ എന്ന് ആശ്വസിക്കാനൊന്നും ലീഗ് തീരുമാനിച്ചിട്ടില്ല. അതാണ് തുടക്കത്തിൽ പറഞ്ഞത്: 2026 ഏപ്രിൽ-മേയിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ടത്. അതുവരെ കാത്തിരിക്കുമ്പോൾ അധികാരത്തിനു പുറത്ത് പത്തു വർഷം തികയും. അതു വേണോ അതോ ഇടതുമുന്നണിക്കൊപ്പം പോകണോ എന്ന ആലോചന പല തലങ്ങളിൽ പല രൂപത്തിൽ തുടരും. യു.ഡി.എഫ് വിടണം എന്ന് ആഗ്രഹിക്കുന്നവരും വേണ്ട എന്ന് വിലക്കുന്നവരുമായി മുസ്‌ലിം ലീഗ് ഉള്ളിന്റെ ഉള്ളിൽ ഏറെക്കുറെ പിരിഞ്ഞുതന്നെയാണു നിൽപ്പ്.

ഈ കഥ കൂടി വായിക്കാം
ഈ കൂട്ടില്‍ കോഴിയുണ്ടോ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com