'ഒരു സഭയും യേശു സ്ഥാപിച്ചിട്ടില്ല, ഒരു സ്ഥാപനവും യേശു സൃഷ്ടിച്ചിട്ടില്ല'

''സംജ്ഞ വിരലാലുന്നയിച്ച ദീപം പോലെ വീണ്ടും ഉജ്ജ്വലിപ്പിക്കുന്നതായി'' ബിഷപ്പ് ഫ്രാങ്കോ എന്ന വൈദികനെ രാജിവെപ്പിച്ച വത്തിക്കാന്റെ നടപടി
'ഒരു സഭയും യേശു സ്ഥാപിച്ചിട്ടില്ല, ഒരു സ്ഥാപനവും യേശു സൃഷ്ടിച്ചിട്ടില്ല'

'നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുന്‍പില്‍നിന്നു നീക്കുക; നിന്റെ വീണാനാദം ഞാന്‍ കേള്‍ക്കയില്ല. എന്നാല്‍, ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.''

-ബൈബിള്‍ പഴയനിയമത്തില്‍നിന്ന്.

നീതിയെ സംബന്ധിച്ച് ബൈബിള്‍ മുന്നോട്ടുവെയ്ക്കുന്ന മൗലികമായ കാഴ്ചപ്പാട് എന്തെന്ന് സുവ്യക്തമാണ്. എന്നിട്ടും ക്രൈസ്തവവിശ്വാസത്തെ നിരാകരിക്കും മട്ടില്‍ സഭയുടെ അനീതികള്‍ ചോദ്യം ചെയ്യുന്നത് പാപമാകുന്നു എന്നു വലിയൊരു വിഭാഗം പുരോഹിതരും വിശ്വാസികളും കരുതുന്നു. സഭയ്ക്കുള്ളിലെ പുഴുക്കുത്തുകള്‍ പുറമേയ്ക്ക് പ്രദര്‍ശിപ്പിക്കാനിടവരുന്നത് സഭയെ സംബന്ധിച്ച് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കും എന്നു കരുതുന്നതിനാലാണ്. 

ഒരു സഭയും യേശു സ്ഥാപിച്ചിട്ടില്ല. ഒരു സ്ഥാപനവും യേശു സൃഷ്ടിച്ചിട്ടില്ല. എല്ലാ സ്ഥാപിത താല്പര്യങ്ങളോടും കലഹിക്കുകകയാണ് ചെയ്തത്. എന്നാല്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതവും നാട്ടില്‍ നീതി നടപ്പാക്കേണ്ടവരും ലൈംഗിക ചൂഷകരെ സംരക്ഷിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചുപോന്നത്. അവര്‍ എല്ലാക്കാലവും വാദ്യോപകരണങ്ങള്‍ മീട്ടി സ്തുതിച്ച് പാടിയത് ദൈവത്തിനുവേണ്ടിയായിരുന്നില്ല; പുരുഷാധികാരത്തിനുവേണ്ടിയായിരുന്നു.
 
ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ പുരോഹിതനെ സാക്ഷിമൊഴികളില്‍ മാറ്റമില്ലാതിരുന്നിട്ടുപോലും കോടതി കുറ്റവിമുക്തനാക്കിയ സന്ദര്‍ഭത്തില്‍ മങ്ങലേറ്റ നീതിയെ സംബന്ധിച്ച പ്രതീക്ഷയുടെ ''സംജ്ഞ വിരലാലുന്നയിച്ച ദീപം പോലെ വീണ്ടും ഉജ്ജ്വലിപ്പിക്കുന്നതായി'' ബിഷപ്പ് ഫ്രാങ്കോ എന്ന വൈദികനെ രാജിവെപ്പിച്ച വത്തിക്കാന്റെ നടപടി. ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്‌തെന്ന് കോട്ടയം ജില്ലാ പൊലീസ് അധികാരിക്ക് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ ജൂണ്‍ 27-ന് പരാതി നല്‍കിയതോടെയാണ് കേസിനു തുടക്കമാകുന്നത്. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്നുതന്നെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലൈ 10-ന് ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ ബിഷപ്പ് അറസ്റ്റിലായി. പിന്നീട് ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് സ്ഥാനത്തുനിന്നും മാറ്റി. എന്നാല്‍, ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളയ്ക്കലിന് സഭ വലിയ സ്വീകരണമാണ് നല്‍കിയത്.

ഫ്രാങ്കോ മുളയ്ക്കൽ പ്രശ്നത്തിൽ കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ പ്രതിഷേധം
ഫ്രാങ്കോ മുളയ്ക്കൽ പ്രശ്നത്തിൽ കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ പ്രതിഷേധം

ഒരു വൈദികനെതിരെ കന്യാസ്ത്രീകള്‍ തന്നെ ലൈംഗിക ചൂഷണാരോപണം ഉന്നയിക്കുകയും നടപടി ആവശ്യപ്പെട്ട് സഭയ്ക്കും ഭരണകൂടത്തിനുമെതിരെ തെരുവിലിറങ്ങുകയും ചെയ്തത് അസാധാരണമായ ഒരു സംഭവവികാസമായിരുന്നു. ചരിത്രത്തില്‍ ഇതാദ്യം. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഇരയെ പിന്തുണച്ച കന്യാസ്ത്രീകള്‍ക്കു പ്രതികാര നടപടിയും നേരിടേണ്ടിവന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റി. സിസ്റ്റര്‍മാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. എന്നാല്‍, നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ ബലാത്സംഗക്കേസ് അവസാനിക്കുന്നതു വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ സഭ അനുവദിക്കുകയായിരുന്നു. പീഡിതയായ കന്യാസ്ത്രീയോട് അനുഭാവം പ്രകടിപ്പിച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരേയും നടപടിയുണ്ടായി. തുടര്‍ന്ന് അവര്‍ക്കും നിയമത്തിന്റെ വഴി തേടേണ്ടിവന്നു. ഒടുവില്‍, പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2018 സെപ്റ്റംബറില്‍ ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അദ്ദേഹം സഭാചുമതലകള്‍ വഹിച്ചിരുന്ന ജലന്ധറിലെത്തി ചോദ്യം ചെയ്യുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍, നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി 2022 ജനുവരി 14-നു വിധി പുറപ്പെടുവിച്ചു. ഫ്രാങ്കോയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കോടതി കണ്ടെത്തിയത്. ഇര ഉന്നയിച്ച ആക്ഷേപങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നു വിലയിരുത്തിയാണ് കോടതി അന്നു വിധി പുറപ്പെടുവിച്ചത്. 

ഇന്ത്യന്‍ ഭരണഘടന നെഞ്ചോടു ചേര്‍ത്തുപിടിച്ചാണ് കന്യാസ്ത്രീകള്‍ തുടക്കത്തില്‍തന്നെ തെരുവുകളില്‍ സമരത്തിനിറങ്ങിയത്. എന്നാല്‍, നീതിയുടെ ഉറവ ആദ്യം കിനിയുന്നത് വൈകിയിട്ടാണെങ്കിലും സഭയില്‍നിന്നുതന്നെയാണ് എന്ന ശുഭോദര്‍ക്കമായ വാര്‍ത്തയാണ് ബിഷപ്പിന്റെ രാജി നല്‍കുന്നത്. അതിനുവേണ്ടി കുറേയേറെ വിയര്‍പ്പും കണ്ണീരും ചൊരിയേണ്ടിവന്നുവെന്നാലും. വൈദികനെതിരെ ആരോപണമുന്നയിച്ച് ഇരകളെന്നു വിശേഷിപ്പിച്ച് കന്യാസ്ത്രീകള്‍ തന്നെ സമൂഹമദ്ധ്യത്തിലിറങ്ങിയതും തെരുവുകളില്‍ രോഷം പടര്‍ത്തിയതും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഫ്രാങ്കോയ്ക്ക് സഭയില്‍ ചിലര്‍ സ്വീകരണം നല്‍കിയതുമായ സംഭവങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു. 
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ചതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഫ്രാങ്കോ ബിഷപ്പ് രാജിവെയ്ക്കുന്നത്. 

കേസ് നീണ്ടുപോകുന്ന സാഹചര്യത്തില്‍ താന്‍ രാജിവെയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കലും അതല്ല രാജിവെയ്ക്കുകയല്ലാതെ മറ്റൊരു വഴിയും അദ്ദേഹത്തിന്റെ മുന്‍പിലില്ലായിരുന്നുവെന്ന് കന്യാസ്ത്രീകളുടെ പക്ഷത്തുനില്‍ക്കുന്നവരും പറയുന്നു. 

എന്നാല്‍, സഭയുടെ നന്മയ്ക്കായും രൂപതയുടെ സുഗമമായ നടത്തിപ്പിനായും രാജി അംഗീകരിക്കുന്നുവെന്നാണ് അപ്പോസ്തലിക് നണ്‍സിയേച്ചര്‍ അറിയിച്ചിട്ടുള്ളത്. സഭയുടെ നന്‍മയ്ക്കായി രൂപതയ്ക്ക് പുതിയ ബിഷപ്പിനെ നിയമിക്കാനാണ് രാജി അംഗീകരിക്കുന്നതെന്ന് വത്തിക്കാന്‍ സ്ഥാനപതിയുടെ വാര്‍ത്താക്കുറിപ്പിലുണ്ട്. 

കോടതി വെറുതേവിട്ടു; സഭ ശിക്ഷിച്ചു? 

2023 ജൂണ്‍ ഒന്നിനാണ് വത്തിക്കാനില്‍നിന്നും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി സ്വീകരിച്ചതായി വത്തിക്കാനില്‍നിന്നും അറിയിപ്പുണ്ടാകുന്നത്. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച് രണ്ടുതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഉണ്ടായത്. ഇത് ഒരു ശിക്ഷാനടപടിയൊന്നുമല്ലെന്നും കേസ് നീണ്ടുപോകുന്നതിന്റെ സാഹചര്യത്തില്‍ താനാണ് രാജിക്കു സന്നദ്ധത പ്രകടിപ്പിച്ചതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുമ്പോള്‍ ഇത് ഫ്രാങ്കോവിനെതിരെയുള്ള വത്തിക്കാന്റെ നടപടിയും സമരം ചെയ്ത കന്യാസ്ത്രീ സമൂഹത്തിനു ലഭിച്ച ധാര്‍മ്മിക വിജയവുമാണെന്നും അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെടുന്ന വിഭാഗം അവകാശപ്പെടുന്നു. 

തന്റെ രാജി സംബന്ധിച്ച വിവരമറിയിച്ചുള്ള വാര്‍ത്താക്കുറിപ്പിനൊപ്പം ഒരു വിശദീകരണവും വത്തിക്കാന്‍ നല്‍കിയിട്ടുണ്ടെന്നും ആ വിശദീകരണത്തില്‍ ഇതൊരു ശിക്ഷാനടപടിയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ അവകാശപ്പെടുന്നു. ഇതൊരു ശിക്ഷാനടപടിയാണെന്നു പറഞ്ഞുവരുത്തി സന്തോഷിക്കാന്‍ ചിലയാളുകള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതു നടന്നോട്ടെയെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. എന്നാല്‍, വത്തിക്കാന്‍ ഈ രാജി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നത് ഫ്രാങ്കോ നിഷേധിക്കുന്നില്ല. സഭയുടെ നന്മയ്ക്കുവേണ്ടിയാണ് താന്‍ രാജി സമര്‍പ്പിച്ചത്. വത്തിക്കാന്റെ നിയമമനുസരിച്ച് കോടതിയില്‍ വൈദികനെതിരെ ഒരു കേസ് വന്നുകഴിഞ്ഞാല്‍ അതില്‍ ഒരു അന്തിമതീര്‍പ്പുണ്ടായതിനുശേഷം മതി ഒരു ഉത്തരവാദിത്വം ഏല്പിക്കുന്നത് എന്നാണ്. അതറിഞ്ഞപ്പോള്‍ താന്‍ വത്തിക്കാനുമായി ബന്ധപ്പെടുകയും രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. കീഴ്‌കോടതി കേസ് വിശദമായി പരിശോധിച്ച് കഴിഞ്ഞവര്‍ഷം തന്നെ കുറ്റവിമുക്തനാക്കിയെങ്കിലും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയിട്ടുണ്ട്. ഹൈക്കോടതിയിലുള്ള ഈ അപ്പീല്‍ കേസ് പരിഗണനയ്‌ക്കെടുക്കാനും അതില്‍ നടപടികളുണ്ടാകാനും വൈകും. ഇനി അതില്‍ തീര്‍പ്പുണ്ടായാല്‍പോലും തോറ്റ പാര്‍ട്ടി സുപ്രിംകോടതിയില്‍ പോകാനും ഇടയുണ്ട്. അതായത് ഈ കേസ് ഒരു രണ്ടു രണ്ടര ദശകം നീളുമെന്നര്‍ത്ഥം. ഈ പശ്ചാത്തലത്തില്‍ താന്‍ വത്തിക്കാനില്‍ പോകുകയും കര്‍ദ്ദിനാള്‍ താഗ്ലെയെ കാണുകയും സംസാരിക്കുകയും ചെയ്തു. തനിക്ക് ഒരു എക്‌സംപ്ഷന്‍ ഇക്കാര്യത്തില്‍ തരേണ്ട എന്നതാണ് വത്തിക്കാന്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചത്. അതു സഭയുടെ നിലപാടാണ്. അതിനുമപ്പുറം താന്‍ ജലന്ധര്‍ രൂപതയെ സ്‌നേഹിക്കുന്നുവെന്ന ഒരു വസ്തുതയുണ്ട്. അവിടെ റെഗുലര്‍ ബിഷപ്പ് വേണമെന്നുള്ളത് അനിവാര്യമാണ്. താന്‍ ആ പദവി ഒഴിഞ്ഞില്ല എങ്കില്‍ ആ രൂപതയില്‍ പുതിയ ബിഷപ്പിനെ നിയോഗിക്കാന്‍ കഴിയാതെവരികയും അവിടത്തെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് താന്‍ രാജിസന്നദ്ധത അറിയിച്ചതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തീര്‍ച്ചയായും ഇതൊരു അച്ചടക്കനടപടി അല്ല. 

‌ഫ്രാങ്കോ മുളയ്ക്കൽ
‌ഫ്രാങ്കോ മുളയ്ക്കൽ

എന്നാല്‍, വലിയ മഹാമനസ്‌കതയോടെ (Magnanimtiy) തന്റെ രാജിക്കാര്യത്തെക്കുറിച്ചു പറയുന്ന ഫ്രാങ്കോ മുളയ്ക്കല്‍ എന്തുകൊണ്ടാണ് സഭയുടെ ഇക്കാര്യത്തിലുള്ള പ്രതിച്ഛായാനഷ്ടം പൂര്‍ണ്ണമാകും വരെ കാത്തിരുന്നത് എന്നു വ്യക്തമാക്കേണ്ടതുണ്ടെന്ന് കന്യാസ്ത്രീ സമരത്തിനു നേതൃത്വം നല്‍കിയ ഫാ. അഗസ്റ്റിന്‍ വട്ടോളി ചോദിക്കുന്നു. തനിക്കെതിരെ ആരോപണമുയരുകയും അതിന്റെ പേരില്‍ പ്രതിഷേധമുയരുകയും ചെയ്ത ആദ്യസന്ദര്‍ഭത്തില്‍തന്നെ അദ്ദേഹം രാജിവെയ്‌ക്കേണ്ടിയിരുന്നു. ബിഷപ്പിനെ പിതാവ് എന്നാണ് വിശ്വാസികള്‍ വിളിക്കുന്നത് ക്രിസ്തുവിന്റെ പ്രതിപുരുഷനായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. അങ്ങനെയൊരാള്‍ക്കെതിരെ ഒരു ആരോപണമുയരുമ്പോള്‍ അപ്പോള്‍ തന്നെ ആ സ്ഥാനം ഉപേക്ഷിക്കാനുള്ള മഹാമനസ്‌കതയല്ലേ കാണിക്കേണ്ടിയിരുന്നത്? സീസറിന്റെ ഭാര്യ സംശയത്തിനു അതീതയായിരിക്കണമെന്ന് സെക്യുലര്‍ ലോകത്ത് ഒരു തത്ത്വമുള്ളതുപോലെ സഭയിലും ഇത്തരത്തില്‍ ഒരു നിലപാട് ഉണ്ടാകേണ്ടിയിരുന്നതാണ്. ഇനി അതൊന്നും സഭയ്ക്ക് ബാധകമല്ല എന്നാണോ? ഇതിപ്പോള്‍ ഒരുപാടു മനുഷ്യരെ മാനസികമായി സഭയില്‍നിന്നകറ്റുന്ന തരത്തില്‍ കടുംപിടിത്തം കൈക്കൊള്ളുകയും പ്രശ്‌നം വഷളാക്കുകയും ചെയ്തിട്ടാണ് ഇപ്പോള്‍ അദ്ദേഹം സഭയോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ചു പറയുന്നത്. 

''ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ സഭയോടുള്ള സ്‌നേഹത്തെപ്രതി മാറിനില്‍ക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് ഇത്ര വൈകിയത്? ഇനി സഭ അങ്ങോട്ട് ആവശ്യപ്പെട്ടാണ് ഈ വൈദികന്‍ പദവിയില്‍നിന്നും രാജിവെച്ചതെങ്കില്‍ അതും എന്തുകൊണ്ടാണ് ഇത്ര വൈകിയത്?'' -അദ്ദേഹം ചോദിക്കുന്നു.
 
നിഷ്‌കളങ്കരായ സഭാവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുംമട്ടിലാണ് ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കല്‍ സംസാരിക്കുന്നതെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി ചൂണ്ടിക്കാട്ടുന്നു. വിശുദ്ധ മക്കാറിയോസിനോടു തന്നെ താദാത്മ്യപ്പെടുത്തുംമട്ടില്‍ സംസാരിക്കുന്നതും തന്റെ പൗരോഹിത്യ വര്‍ഷങ്ങളെ ക്രിസ്തുവിന്റെ ജീവിതദൈര്‍ഘ്യവുമായി താദാത്മ്യപ്പെടുത്തുന്നതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. മണിക്കൂറുകളോളം ദിവ്യകാരുണ്യസന്നിധിയില്‍ പ്രാര്‍ത്ഥനയുമായി മണിക്കൂറുകളോളം ചെലവിടുന്നുവെന്നുമൊക്കെ ആവര്‍ത്തിക്കുന്നതും അവരില്‍ സഹാനുഭൂതി ഉണര്‍ത്താന്‍ വേണ്ടിയാണ്. ഇതിലുമധികം ഇദ്ദേഹത്തിന് ഇരയാക്കപ്പെട്ട കന്യാസ്ത്രീയും മറ്റു കന്യാസ്ത്രീകളും പ്രാര്‍ത്ഥനയോടെ ചെലവിട്ടിട്ടുണ്ട്. അവരുടെ പ്രാര്‍ത്ഥന ദൈവവും വിശുദ്ധന്മാരും കേട്ടിട്ടില്ല എന്നാണോ വിചാരിക്കേണ്ടത്? -ഫാ. അഗസ്റ്റിന്‍ വട്ടോളി ചോദിക്കുന്നു.

ഫ്രാങ്കോയുടെ രാജി വലിയൊരു അദ്ഭുതമായിട്ടാണ് കന്യാസ്ത്രീ സമരത്തിനു നേതൃത്വം നല്‍കിയവര്‍ തന്നെ വിശേഷിപ്പിക്കുന്നത്. ഇത്തരക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടാണ് കുറച്ചുകാലമായി കൈക്കൊണ്ടുവരുന്നത്. എന്നാല്‍, ഫ്രാങ്കോ മുളയ്ക്കല്‍ ചെയ്ത തെറ്റുകളുടെ ആഴം സഭാധികാരികള്‍ക്കു നിഷേധിക്കാന്‍ കഴിയാത്തവിധം ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് സഭാധികാരികളുടെ വൈകിയുണ്ടായ തീരുമാനം വെളിപ്പെടുത്തുന്നത്. 

രാജിവെയ്ക്കുക അല്ലാതെ മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചത് എന്ന് ഇരകളായ കന്യാസ്ത്രീകള്‍ക്കൊ പ്പം നിന്നതിന്റെ പേരില്‍ സഭാധികാരികളില്‍ നിന്നും നടപടികളെ നേരിട്ട സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. ഫ്രാങ്കോയെ ആ രൂപതയുടെ കീഴിലുള്ളവര്‍ ആ പ്രദേശത്തുപോലും നിര്‍ത്തുകയില്ല. രാജി ചോദിച്ചുവാങ്ങിയതല്ല, സ്വയം സന്നദ്ധനായി രാജിവെച്ചതാണ് എന്നൊക്കെ വെറുതേ പറയുന്നതാണ്. ലൈംഗികാതിക്രമങ്ങളിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സഭ കുറച്ചുകാലമായി തുടര്‍ന്നുപോരുന്നുണ്ട്. അതിനൊക്കെ എളുപ്പം ഒരുമാറ്റം ഉണ്ടാകും എന്നൊന്നും പറയാനാകില്ല. നിരന്തരമായ ഇടപെടലുകള്‍കൊണ്ട് കാലംകൊണ്ടു മാറിയേക്കാം എന്നേ കരുതാനൊക്കൂ. സഭയുടെ നവീകരണത്തിന് ഇതോടെ ഒരു തുടക്കമാകും എന്നൊന്നും പ്രതീക്ഷിക്കാനും വയ്യ. അങ്ങനെയാണെങ്കില്‍ നന്ന്. എന്നാല്‍, ഇതൊരു താക്കീതാണ്. എല്ലാകാലത്തും തങ്ങളുടെ പലനിലയ്ക്കുമുള്ള ചൂഷണങ്ങള്‍ തുടരുക തന്നെ ചെയ്യും എന്നു തീരുമാനിച്ചുറപ്പിച്ചവര്‍ക്ക്. നിര്‍ഭാഗ്യവശാല്‍, ഇപ്പോഴും സഭ പാഠങ്ങളൊന്നും പഠിക്കുന്നില്ല എന്നാണ് അമല്‍ജ്യോതി കോളേജിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. അങ്ങേയറ്റം മനുഷ്യവിരുദ്ധമായ നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് സഭയുടെ ഭാഗത്തുനിന്നും കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമല്‍ജ്യോതി കോളേജിലെ കുട്ടികളെ ഒന്നുകേള്‍ക്കാന്‍ തയ്യാറാകണം എന്ന് ആ രൂപതയിലെ അധികാരികളായ വൈദികര്‍ കോളേജ് അധികൃതരോടും മറ്റും പറയാന്‍ തയ്യാറാകാത്തതു എന്തുകൊണ്ടാണ്? -ലൂസി കളപ്പുര ചോദിക്കുന്നു. 

എന്നാല്‍, സഭയുടെ പരിണതപ്രജ്ഞമായ നേതൃത്വവും ക്രൈസ്തവസഭ ആകമാനം തന്നെയും ബൈബിളിന്റെ ആന്തരികസത്തയെ തൊട്ടറിഞ്ഞിട്ടുണ്ട് എന്നതിനു ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള നടപടി മതിയായ തെളിവാകുമോ? സഭയുടെ ഉന്നതശ്രേണികളില്‍ വിരാജിക്കുന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഭ നിരന്തരം നീതി നിഷേധിക്കുന്നുവെന്ന ആരോപണം സ്ഥിരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനു കാരണം എന്താണ്? ആഗോളതലത്തില്‍ തന്നെ കത്തോലിക്കാസഭയും മറ്റും നിരന്തരം നവീകരണങ്ങള്‍ക്കും തിരുത്തലുകള്‍ക്കും മുതിരുമ്പോള്‍ കേരളത്തിലെ ക്രൈസ്തവസഭാ നേതൃത്വങ്ങള്‍ മാനവികമായ മുദ്രാവാക്യങ്ങളോടു മുഖം തിരിക്കുന്നത് എന്തുകൊണ്ടാണ്? സഭയ്ക്കുള്ളിലെ പുഴുക്കുത്തുകളും ജീര്‍ണ്ണതകളും ചൂണ്ടിക്കാട്ടി ഇന്നു മാധ്യമങ്ങളില്‍ നിറയുന്നതും അല്ലാത്തതുമായ വാര്‍ത്തകളെല്ലാം വെറും വ്യാജസത്യങ്ങളെന്നു എഴുതിത്തള്ളാനാകില്ല എന്ന് ഉറപ്പാണ്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com