നിലപാടുകളില്‍ നിന്നും വ്യതിചലിച്ച് ചര്‍ച്ചയ്‌ക്കൊരുങ്ങിയതിന്റെ പൊരുളെന്താകാം? 

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിപുലീകരണത്തിന് അനുസരിച്ച് വിശ്വാസ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ദളിതര്‍ക്കെതിരേയും ഉള്ള അതിക്രമങ്ങളിലും ക്രമാനുഗത വളര്‍ച്ചയുണ്ടായി
നിലപാടുകളില്‍ നിന്നും വ്യതിചലിച്ച് ചര്‍ച്ചയ്‌ക്കൊരുങ്ങിയതിന്റെ പൊരുളെന്താകാം? 

ടക്കേ ഇന്ത്യയില്‍ ജനുവരി അവസാനവാരവും ഫെബ്രുവരിയിലുമായി പശുവിന്റെ പേരില്‍ മൂന്നു ജീവനുകളെടുക്കപ്പെട്ടു. ഗുരുഗ്രാമിലും ഭീവാനിയിലും മൂന്നു മുസ്‌ലിം യുവാക്കളാണ് ബജ്രംഗ്ദളിന്റേയും ഗോസംരക്ഷണ സേനയുടേയും പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മരിച്ചത്. ഭീവാനിയില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ഭൗതികാവശിഷ്ടം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാന്‍പോലും അനുവദിക്കാതെ കത്തിച്ചുകളയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യുവാക്കളെ ജീവനോടെ കത്തിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആഹ്ലാദം തിരതല്ലേണ്ട ഒരു വിവാഹവേളയെ അമര്‍ഷത്തിലും ദു:ഖത്തിലും ആമഗ്‌നമാക്കിയാണ് ഈ അതിക്രമം നടന്നത്. ഗുരുഗ്രാമിലാകട്ടെ, വാരിസ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത് ഗോസംരക്ഷകരുടെ ആക്രമണത്തിലാണ് എന്നു സമ്മതിക്കാന്‍പോലും പൊലീസ് കൂട്ടാക്കിയില്ല. ഹതഭാഗ്യനായ ആ യുവാവിന്റെ ബന്ധുക്കളോടും പൊതുസമൂഹത്തോടും പൊലീസ് പറഞ്ഞത് ആ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത് വാഹനാപകടത്തിലാണ് എന്നാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിപുലീകരണത്തിന് അനുസരിച്ച് വിശ്വാസ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ദളിതര്‍ക്കെതിരേയും ഉള്ള അതിക്രമങ്ങളിലും ക്രമാനുഗത വളര്‍ച്ചയുണ്ടായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം നിരവധി തവണ വര്‍ഗ്ഗീയ ലഹളകളും തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങളും പതിവായി. എന്നാല്‍, കഴിഞ്ഞ മൂന്നു നാലു ദശകങ്ങളായി ഇത്തരം അതിക്രമങ്ങള്‍ക്കു കുറേശ്ശെ കുറേശ്ശെയായി ഭരണകൂടത്തിന്റെ സംരക്ഷണം ലഭിച്ചുതുടങ്ങി. '84-ലെ സിഖ്‌വിരുദ്ധ കൂട്ടക്കൊലയും ഗുജറാത്ത് കലാപവും ഉദാഹരണങ്ങള്‍. ഭരണകൂടവും സമൂഹവും കൂടുതല്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടു. ഒടുവില്‍ ഇന്ത്യന്‍ പൗരനായിരിക്കുന്നതിനു മതം മാനദണ്ഡമാകണമെന്നതിനുപോലും തത്ത്വത്തില്‍ ഭരണകൂടത്തിന്റെ അംഗീകാരമായി. ബി.ജെ.പിക്കുണ്ടായ അധികാരലബ്ധിയോടെ ഹിന്ദുത്വ രാഷ്ട്രീയത്തിനു പുത്തനൊരൂര്‍ജ്ജം ലഭിച്ചു. ആദ്യമായി അധികാരത്തില്‍ വന്ന 1998 മുതലാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടുതല്‍ സംഘടിതമാകുന്നത്. ലോകരാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃകയും മതനിരപേക്ഷതയുടേയും ജനാധിപത്യത്തിന്റേയും ഒരു ദീപശിഖയുമായും കരുതിപ്പോന്ന ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ പതനം ആഗോളതലത്തില്‍ തന്നെ പ്രതിഷേധത്തിന്റെ അലയൊലികള്‍ ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്തു നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങളെ വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളും മനുഷ്യാവകാശ സംഘടനകളും ശക്തമായി അപലപിച്ചിട്ടുണ്ട്. 

ഈ പശ്ചാത്തലത്തിലാണ് ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെ ചില മുസ്‌ലിം സംഘടനകള്‍ ആര്‍.എസ്.എസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയും ചര്‍ച്ചകളും വിവാദമുയര്‍ത്തുന്നത്. അഖിലേന്ത്യാതലത്തിലാണ് ചര്‍ച്ച നടന്നതെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ ചര്‍ച്ചയിലെ പങ്കാളിത്തം കേരളത്തില്‍ വിവാദമായത് പ്രധാനമായും മറ്റു രണ്ടു കാരണങ്ങള്‍ കൊണ്ടുകൂടിയാണ്. ഒന്നാമതായി കുറച്ചുകാലങ്ങളായി വലിയ സ്വാധീനമൊന്നുമില്ലെങ്കിലും കേരളത്തിലെ രാഷ്ട്രീയത്തില്‍ അത്തെ ഇസ്‌ലാമി നടത്തുന്ന ഇടപെടലുകള്‍ ഇതര രാഷ്ട്രീയ കക്ഷികള്‍ക്കു ചിലപ്പോഴെല്ലാം പ്രകോപനപരമായിട്ടുണ്ട് എന്നതാണ് ഒരു കാരണം. ആര്‍.എസ്.എസ്സുമായി ഒരുവിധത്തിലുള്ള ചര്‍ച്ചയും വേണ്ടെന്ന നിലപാടായിരുന്നു മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. പുറമേ, മറ്റു ന്യൂനപക്ഷ സമുദായസംഘടനകളും മതനിരപേക്ഷ കക്ഷികളും ഏതെങ്കിലും നിലയ്ക്ക് സംഘ്പരിവാറുമായി സമ്പര്‍ക്കത്തിനൊരുമ്പെടുന്ന അവസരത്തില്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. ഇതാണ് മറ്റൊരു കാരണം. 

തീവ്ര ഹിന്ദുത്വ നിലപാടുള്ള ആര്‍.എസ്.എസ് എന്ന സംഘടനയ്ക്കു നേതൃത്വം നല്‍കുന്നവര്‍ പല സന്ദര്‍ഭങ്ങളിലും തങ്ങളുടേത് ന്യൂനപക്ഷവിരുദ്ധ നിലപാടല്ലെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഇതര മതസമുദായ നേതൃത്വങ്ങളുമായും ഈ സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയരാഷ്ട്രീയേതര സംഘടനകളുമായും ചര്‍ച്ച നടത്താന്‍ താല്പര്യമെടുക്കാറുണ്ട്. സമീപകാലത്ത് കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ സഭാനേതൃത്വങ്ങളുമായി അടുക്കാന്‍ നടത്തിയ നീക്കങ്ങളും ചര്‍ച്ചകളും വിവാദമായതോര്‍ക്കുക. സുന്നി വിഭാഗങ്ങളില്‍ കാന്തപുരം ഏറെക്കാലമായി മോദി ഗവണ്‍മെന്റിനോടും സംഘ്പരിവാറിനോടും ശത്രുതാപരമായ നിലപാട് എടുക്കാന്‍ തുനിയാറില്ല. 

അടുത്തിടെ കോഴിക്കോട്ട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ ഗോവ ഗവര്‍ണറും ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ പി.എസ്. ശ്രീധരന്‍ പിള്ളയെ പങ്കെടുപ്പിച്ചതും ശ്രീധരന്‍ പിള്ളയേയും കേന്ദ്രമന്ത്രി വി. മുരളീധരനേയും പരിപാടിയിലേക്കു ക്ഷണിച്ചതും വേദിയിലും മാദ്ധ്യമങ്ങളിലും ഉണ്ടാക്കിയ വിമര്‍ശനങ്ങള്‍ അത്തെ ഇസ്‌ലാമിയും ആവര്‍ത്തിച്ചിരുന്നു. സംഘ്പരിവാറിനെതിരേയും യൂണിയന്‍ ഗവണ്‍മെന്റിനെതിരേയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കൈക്കൊണ്ടുവന്നിരുന്ന മുസ്‌ലിം സംഘടനകള്‍ക്കും ആര്‍.എസ്.എസ്സിനും ഇടയ്ക്കുള്ള മഞ്ഞുരുക്കത്തിനുള്ള സൂചനകള്‍ ഈ സന്ദര്‍ഭങ്ങളിലൊക്കെ പ്രകടമായിരുന്നു. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ എന്ന സംഘടനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനവും അവരുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡുകളും നേതാക്കളെ അറസ്റ്റു ചെയ്ത നടപടിയും മുസ്‌ലിം സംഘടനകളെ രണ്ടാമതൊരാവര്‍ത്തി ചിന്തിക്കുന്നതിനു കാരണമായിട്ടുണ്ട് എന്നതിനു തെളിവായിട്ടുകൂടി ജമാഅത്തെ ഇസ്‌ലാമിയുടെ നിറംമാറ്റത്തെ കാണണം. 

യൂണിയന്‍ ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്ന സംഘടന എന്ന നിലയിലാണ് ജനുവരി 14ന് തങ്ങളുടേതുള്‍പ്പെടെയുള്ള ചില മുസ്!ലിം സംഘടനകള്‍ ആര്‍.എസ്.എസ് പ്രതിനിധികളുമായി ചര്‍ച്ചയ്ക്കു തയ്യാറായത് എന്നാണ് ജമാഅത്തെ ഇസ്ലാമി നേതാവ് ടി. ആരിഫലി അഭിമുഖത്തില്‍ പറഞ്ഞത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ്.വൈ. ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, ഷാഹിദ് സിദ്ദീഖി, സഈദ് ഷെര്‍വാനി തുടങ്ങിയവര്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ മുന്‍നിര്‍ത്തി ചര്‍ച്ച നടത്തണം എന്ന നിര്‍ദ്ദേശവുമായി 2022 ഓഗസ്റ്റില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ കണ്ടിരുന്നു. ഈ ശ്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ജനുവരി 14ന്റെ കൂടിക്കാഴ്ച നടന്നത്. 

ആർഎസ്എസ് ശാഖ
ആർഎസ്എസ് ശാഖ

ജമാഅത്തെ ഇസ്ലാമിയുടെ നിറംമാറ്റത്തിനു പിറകിലെന്ത്? 

ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക ജിഹ്വയായ പ്രബോധനം വാരിക 2022 നവംബര്‍ നാലിന്റെ ലക്കത്തില്‍ ഒരു ലേഖനത്തില്‍ പറഞ്ഞത്. ആര്‍.എസ്.എസ്സുമായി മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ. ഖുറൈഷിയും സംഘവും നടത്തിയ ചര്‍ച്ചയെ ലേഖനം നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. 'ആര്‍.എസ്.എസ് ആചാര്യനും അര്‍ത്ഥശൂന്യമായ ചര്‍ച്ചകളും' എന്ന തലക്കെട്ടില്‍ എ. റശീദുദ്ദീന്‍ എഴുതിയ ലേഖനം മോഹന്‍ ഭഗവതുമായി ചര്‍ച്ച നടത്താന്‍ പോയതിനു പശ്ചാത്തലമായി ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷവേട്ടയെ എടുത്തുകാട്ടുകയും ചെയ്യുന്നു. രണ്ടുമാസം കഴിഞ്ഞ് അതേ ഖുറൈഷിയുടെ മധ്യസ്ഥതയിലാണ് ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തിയത് എന്നതാണ് കൗതുകകരം. 

'ചര്‍ച്ചയും ഒരു സമരമാണ്, സമരസപ്പെടലും സമരമാണ്, ഫാസിസവുമായി നടത്തുന്ന നിരന്തര യുദ്ധ'ത്തിന്റെ ഭാഗമാണ് എന്നൊക്കെയാണ് ജമാഅത്തെ ഇസ്‌ലാമി നേതൃത്വം ജനുവരി 14ന്റെ ചര്‍ച്ചയെ സംബന്ധിച്ച വിമര്‍ശനങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. സി. ദാവൂദിനെ പോലുള്ളവര്‍ ഒരു പടികൂടി കടന്നു ചര്‍ച്ച നടത്തിയതിനെ വിമര്‍ശിക്കുന്നത് ഇസ്!ലാമോഫോബിയ കൊണ്ടാണ് എന്നുവരെ പറ!ഞ്ഞു. രസകരമായ ചില വാചകമടികളും ഇതിന്റെ ഭാഗമായി ദാവൂദിനെപ്പോലുള്ളവര്‍ നടത്തിയിട്ടുണ്ട്. സംരക്ഷണം എന്ന അമ്മാവന്‍ നയത്തിനപ്പുറം മുസ്‌ലിങ്ങളുടെ (ജമാഅത്തെ ഇസ്‌ലാമി എന്നു വായിക്കണം) രാഷ്ട്രീയ ഭാവനയെ അനുവദിക്കാതിരിക്കുക എന്നതാണ് ആര്‍.എസ്.എസ്ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയ്‌ക്കെതിരെയുള്ള വിമര്‍ശനംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം മാധ്യമം ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. 'ഫാസിസ്റ്റ്‌വിരുദ്ധ സമരത്തിന്റെ പേരില്‍ തങ്ങളുടെ രാഷ്ട്രീയഭാവനകളെ ബന്ദിയാക്കി നിര്‍ത്താന്‍ മതേതര രാഷ്ട്രീയക്കാരും ഇടതുപക്ഷവും നടത്തുന്നു എന്ന ഗൗരവമേറിയ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എല്ലാം ആര്‍.എസ്.എസ്സുമായി ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയതിനെ വിമര്‍ശിച്ചതിനു മറുപടിയായിട്ട്. 

എന്നാല്‍, മാസങ്ങള്‍ക്കു മുന്‍പ് മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ ഖുറൈഷിയെ കടന്നാക്രമിക്കുകയാണ് പ്രബോധനം വാരികയിലെ ലേഖനം. ഖുറൈഷിയുമായുള്ള ചര്‍ച്ചയ്ക്കുശേഷമായിരുന്നു വിജയദശമി ദിനത്തില്‍ മോഹന്‍ ഭാഗവതിന്റെ ഏറെ വിമര്‍ശിക്കപ്പെട്ട പ്രസംഗം. അനുരഞ്ജനസ്വരത്തിലുള്ള ഭാഗവതിന്റെ പ്രസംഗവും ആര്‍.എസ്.എസ് അണികളുടെ വിദ്വേഷം നിറഞ്ഞ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള പൊരുത്തക്കേടും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒപ്പം ഖുറൈഷിയേയും ആര്‍.എസ്.എസ്സിനേയും ലേഖനത്തില്‍ കടന്നാക്രമിക്കുകയും ചെയ്യുന്നു. ഒട്ടും വിശ്വസിക്കാനാകാത്ത ഒരു സംഘടനയോടാണ് മുസ്‌ലിങ്ങള്‍ ചര്‍ച്ചയ്ക്കു പോകുന്നതെന്നും ലേഖനത്തിലുണ്ട്. 

ഖുറൈഷിയോട് ആര്‍.എസ്.എസ് അന്ന് ഉന്നയിച്ച ആവശ്യങ്ങള്‍ തന്നെയാണ് ഈ ചര്‍ച്ചയിലും ആര്‍.എസ്.എസ് മുന്നോട്ടുവെച്ചത് എന്നതാണ് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വാക്കുകളില്‍നിന്നും വ്യക്തമായത്. ഈ ആവശ്യങ്ങളെ ബുദ്ധിശൂന്യം എന്നാണ് ഈ ലേഖനം വിശേഷിപ്പിക്കുന്നത്. 'ഹിന്ദുക്കളെ കാഫിറുകള്‍ എന്നു വിളിക്കരുത്, മുസ്‌ലിങ്ങള്‍ ബീഫ് ഭക്ഷിക്കുന്നത് സ്വമേധയാ ഉപേക്ഷിക്കണം' തുടങ്ങിയ ആവശ്യങ്ങളാണ് ആര്‍.എസ്.എസ് അന്നു മുന്നോട്ടുവച്ചത്. ഇതേ ആവശ്യങ്ങള്‍ തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയുമായി നടത്തിയ ചര്‍ച്ചയിലും ഉന്നയിക്കപ്പെട്ടത്. 
ജമാഅത്തെ ഇസ്‌ലാമിക്കു ഇക്കാര്യത്തിലുണ്ടായത് മനംമാറ്റമാണെന്നു വ്യക്തം. അവരുടെ സൈദ്ധാന്തികര്‍ വാചാടോപം കൊണ്ടു മറയ്ക്കാന്‍ ശ്രമിച്ചാലും ആ സംഘടനയുടെ നേതൃത്വത്തിലും അണികളിലും അതു ഏറെ ആശയക്കുഴപ്പം ഉണ്ടാക്കും എന്നും ഉറപ്പ്. വരുംവരായ്കകളെക്കുറിച്ച് നന്നായി അറിയാവുന്നരാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വം. എന്നിട്ടും നേരത്തെ എടുത്ത നിലപാടുകളില്‍നിന്നും വ്യതിചലിച്ച് ആര്‍.എസ്.എസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങിയതിന്റെ പൊരുളെന്താകാം? 

ചിന്തകനും എഴുത്തുകാരനുമായ ഹമീദ് ചേന്നമംഗലൂര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ വരുന്ന തെരഞ്ഞെടുപ്പിലും ഹിന്ദുത്വ രാഷ്ട്രീയകക്ഷിക്കും അതു നേതൃത്വം നല്‍കുന്ന മുന്നണിക്കും ഒരു ബദല്‍ ഉയര്‍ന്നുവരാനുള്ള സാദ്ധ്യത വിരളമാണ് എന്നതുകൊണ്ടാകാം. ആ നിലയ്ക്ക് രാഷ്ട്രീയമായി സ്ഥിരമായി എതിര്‍പക്ഷത്തു നില്‍ക്കുന്ന ഒരു നിലപാട് ന്യൂനപക്ഷസമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു കക്ഷി എന്ന നിലയ്ക്ക് ഏറെക്കാലം തുടരാനാകില്ലല്ലോ. ഒരു മതനിരപേക്ഷ റിപ്പബ്ലിക്ക് എന്ന നിലയില്‍ നമ്മുടെ കാലം കഴിയുകയാകാം. കൃത്യമായ ഒരു രാഷ്ട്രീയ ബദലിന്റെ അഭാവത്തില്‍ ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ അവര്‍ മുന്നോട്ടുവെയ്ക്കുന്ന മാതൃകയിലുള്ള രാജ്യം എന്ന സങ്കല്പത്തിലേക്ക് കൂടുതല്‍ അടുത്തുവെന്നും വരാം. ഭാവിയില്‍, ഒരു വംശീയ റിപ്പബ്ലിക്കില്‍ കുറേയെങ്കിലും ഓട്ടോണമിയുള്ള വിഭാഗമായി മുസ്‌ലിം ന്യൂനപക്ഷത്തിനു കഴിയാനാകുമോ എന്ന അന്വേഷണത്തിന്റെ ഭാഗവുമാകാം. എന്നാല്‍, മറ്റൊരു കാര്യം; ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് രാജ്യദ്രോഹ നിലപാടുകളുടെ പേരില്‍ സംഘടനകളുടെ പ്രവര്‍ത്തനത്തിനു വിലക്കേര്‍പ്പെടുത്തുന്നുണ്ട് എന്ന വസ്തുതയാണ്. ജുഡീഷ്യറിയില്‍പോലും ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ പിടിമുറുക്കിയിരിക്കുന്നു എന്നുള്ള ആരോപണവും ശക്തമാണ്. സംഘടനകളെ നിരോധിക്കുകയും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടച്ചുകളയുകയും ചെയ്യുന്നു. കുറേശ്ശെ കുറേശ്ശെയായിട്ടാണ് ഈ നീക്കം എന്നതുകൊണ്ട് കനത്ത പ്രതിഷേധമോ തെരുവുകളില്‍ കലാപമോ എളുപ്പം ഉരുണ്ടുകൂടാവുന്ന സാഹചര്യവുമല്ല. ഈ പശ്ചാത്തലത്തില്‍ പി.എഫ്.ഐ പോലുള്ള സംഘടനകള്‍ നേരിട്ട അവസ്ഥയെ ഇതര ന്യൂനപക്ഷ സമുദായ സംഘടനകളും നേരിടേണ്ടിവന്നേക്കാം. 

എന്നാല്‍, കാരണങ്ങളേക്കാളേറെ സംഭവത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്തെന്ന് അന്വേഷിക്കലായിരിക്കും ജമാഅത്തെ ഇസ്‌ലാമിആര്‍.എസ്.എസ് ചര്‍ച്ചയെ സംബന്ധിച്ചിടത്തോളം കൗതുകകരം. ഒരു ചാനല്‍ ചര്‍ച്ചയില്‍ പഴയകാല ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവി ഒ. അബ്ദുള്ള സൂചിപ്പിച്ചത് കേരളത്തില്‍ അത്യാവശ്യം വോട്ടുള്ള ജമാഅത്തെ ഇസ്‌ലാമിയും ബി.ജെ.പിയും തമ്മിലൊരു ധാരണയെ സംബന്ധിച്ചാണ്. നാലോ അഞ്ചോ സംഘടനകള്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പങ്കാളിത്തം പ്രാധാന്യമുള്ളതാണ് എന്ന് ആരും സമ്മതിക്കും. ഹിന്ദുരാഷ്ട്രവാദികള്‍ക്കെന്നപോലെ ഇസ്‌ലാമിക മതരാഷ്ട്രീയ വ്യവസ്ഥയുടെ വക്താക്കളായ ജമാഅത്തെ ഇസ്‌ലാമിക്കും ഈ നാട്ടില്‍ നല്ല സ്വാധീനമുണ്ട്. വോട്ടുരാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താനാകും വിധമാണ് ആ സ്വാധീനം. കുറച്ചു വര്‍ഷങ്ങളായി സി.പി.ഐ.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയുടെ എതിര്‍പക്ഷത്താണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയും. അതുകൊണ്ടുതന്നെ ഈ സന്ദര്‍ഭം ശരിയായി വിനിയോഗിക്കാനാണ് സി.പി.ഐ.എം നേതൃത്വം തീരുമാനിച്ചിട്ടുള്ളതെന്നു വ്യക്തം. ആര്‍.എസ്.എസ്സിനെ നേരെയാക്കാന്‍ ശ്രമിക്കുന്നത് പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് എന്നു ചൂണ്ടിക്കാണിക്കുകയും ചര്‍ച്ചയുടെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിക്കൂട്ടിലാക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ ഇസ്‌ലാമോഫോബിക് എന്നു വിളിച്ച് നേരിടാനാണ് ആ സംഘടനയുടെ നേതൃത്വവും ബുദ്ധിജീവികളും മുതിര്‍ന്നത്. അതേസമയം, ആര്‍.എസ്.എസ്സുമായി ചര്‍ച്ച ചെയ്യാന്‍ ആരെയും മുസ്‌ലിംകള്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്‌ലാമിക്കില്ലെന്നും സുന്നി, മുജാഹിദ് വിഭാഗങ്ങളില്‍ പെടുന്ന ഇതര മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസ് ചര്‍ച്ച ആര്‍ക്കുവേണ്ടിയാണെന്നും ആരു പറഞ്ഞിട്ടാണെന്നും യു.ഡി.എഫ് നേതാക്കളോടാണ് അദ്ദേഹം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി മിക്കപ്പോഴും യു.ഡി.എഫിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ആ പാര്‍ട്ടിക്ക് ആര്‍.എസ്.എസ്സുമായുണ്ടാകുന്ന ധാരണ കോണ്‍ഗ്രസ്സ് നയിക്കുന്ന മുന്നണിക്കാണ് ഗുണം ചെയ്യുക. രണ്ടുതരത്തിലുള്ള മതരാഷ്ട്രവാദികളുമായും പരോക്ഷമായി ധാരണയുണ്ടാക്കി കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെ ശക്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ ആരോപണത്തിന്റെ ആന്തരികാര്‍ത്ഥം.

ബദലിനുള്ള സാദ്ധ്യത വിരളം 

ഹമീദ് ചേന്നമംഗലൂര്‍

ആര്‍.എസ്.എസ്സുമായി ജമാഅത്തെ ഇസ്‌ലാമി മാത്രമല്ല ചര്‍ച്ച നടത്തിയിട്ടുള്ളത്. ജം ഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, ദാറുല്‍ ഉലൂം ദിയോബന്ദ്, അജ്മീര്‍ ദര്‍ഗ, ചില ശിയാ സംഘടനകള്‍ എന്നിവയൊക്കെ ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ ദേശീയ വികാരത്തിനൊപ്പം നിലകൊണ്ട സംഘടനയാണ് ജം ഇയ്യത്തുല്‍ ഉലമായേ ഹിന്ദ്. പിന്നെയുള്ളത് ദിയോബന്ദാണ്. ഇവരൊക്കെയും നമ്മുടെ ദേശീയതയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ജമാഅത്തെ ഇസ്‌ലാമി മാത്രമല്ല ഇങ്ങനെ ചര്‍ച്ച നടത്തിയിട്ടുള്ളത് എന്നു വ്യക്തമാക്കാനാണ് ഇത് ഊന്നിപ്പറയുന്നത്. 

ഇങ്ങനെ ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്തെന്നാല്‍ ബി.ജെ.പിക്ക് ഒരു ബദല്‍ ഉണ്ടാകുക ഇനി എളുപ്പമല്ല എന്ന് മുസ്‌ലിം ന്യൂനപക്ഷത്തിനു ബോദ്ധ്യം വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു നേരത്തെ ഇതു ബോദ്ധ്യം വന്നതാണ്. 

കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്തു യാത്ര നടത്തിയിട്ടും പ്രയോജനമൊന്നുമില്ല. അതുകൊണ്ട് വേറെ വഴിയില്ലാത്തതുകൊണ്ടാണ് രാജ്യം ഭരിക്കുന്ന ഹിന്ദുത്വശക്തികളുമായി ഒരൊത്തുതീര്‍പ്പിനു അവര്‍ തയ്യാറാകുന്നത്. ഇപ്പോള്‍ നടന്ന ചര്‍ച്ചകളെ ഈ പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com