ജോര്‍ജ് ആറാമനോ ഔറംഗസീബോ ശ്രീപദ്മനാഭ ദാസനോ അല്ല നമ്മുടെ സ്വത്വം തീരുമാനിക്കുന്നത്

ഗ്യാന്‍വാപി ഉള്‍പ്പെടെ നിരവധി മുസ്‌ലിം ദേവാലയങ്ങള്‍ക്കു മുകളില്‍ ഹിന്ദുത്വവാദികള്‍ അവകാശമുന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ ചോദ്യം പ്രസക്തമാണ്
ജോര്‍ജ് ആറാമനോ ഔറംഗസീബോ ശ്രീപദ്മനാഭ ദാസനോ അല്ല നമ്മുടെ സ്വത്വം തീരുമാനിക്കുന്നത്

മുഹമ്മദ് ഖില്‍ജിയെ തോല്‍പിച്ച മേവാര്‍ രാജാവ് മഹാറാണ കുംഭ രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നിര്‍മ്മിച്ച ഒരു ഗോപുരമുണ്ട്. വാസ്‌കോ ഡ ഗാമ ഇന്ത്യയിലെത്തുന്നതിനും 50 വര്‍ഷം മുന്‍പേ നിര്‍മ്മിച്ചതാണിത്. വിജയസ്തംഭം എന്നു പേരുള്ള ഈ ഗോപുരത്തിന്റെ ഒരു നിലയില്‍ ഒന്‍പതു തവണയും മറ്റൊരു നിലയില്‍ എട്ടു തവണയും അറബിക്കില്‍ 'അല്ലാഹ്' എന്നു കൊത്തിവെച്ചിട്ടുണ്ട്. ഹിന്ദുദൈവമായ വിഷ്ണുവിനു സമര്‍പ്പിച്ച ഈ സ്തംഭത്തില്‍ ജൈനദേവതയുടെ രൂപവുമുണ്ട്.

വീണ്ടും ആക്രമണത്തിനെത്തുന്ന ഖില്‍ജിയുടെ സൈന്യത്തില്‍നിന്നും വിജയസ്തംഭത്തെ കാത്തു സംരക്ഷിക്കുന്നതിനാണ് ഇങ്ങനെ എഴുതിവെച്ചതെന്നാണ് ഒരു ഭാഷ്യം. മുസ്‌ലിം ഭരണാധികാരിയുടെ ദൈവം തന്നെയാണ് തങ്ങള്‍ക്കു വിജയം സമ്മാനിച്ചതെന്നും ദൈവത്തിനു പക്ഷപാതിത്വമില്ലെന്നു ഓര്‍മ്മിപ്പിക്കാനുമാണ് ഇങ്ങനെ കൊത്തിവെച്ചതെന്നു വേറൊരു വ്യാഖ്യാനം. എന്നാല്‍, അസംസ്‌കൃത വസ്തുക്കള്‍ക്കു ദൗര്‍ലഭ്യമുള്ള ഒരുകാലത്ത് നേരത്തെ പണിതീര്‍ത്തുവെച്ച വസ്തുക്കള്‍ കൊള്ളയടിച്ചുകൊണ്ടുവന്നു പണി തീര്‍ത്തതുമാകാം ഇത്തരം സ്തംഭങ്ങളും സൗധങ്ങളുമൊക്കെ എന്നതുമാകാം. അതെന്തുമാകട്ടെ, 'അല്ലാഹ്' എന്ന് ആലേഖനം ചെയ്തതുകൊണ്ട് അതു മുന്‍കാലങ്ങളില്‍ ഒരു പള്ളിയായിരുന്നു എന്നു വാദിക്കാനാകുമോ എന്നാണ് പ്രസിദ്ധ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ചോദിക്കുന്നത്. 

ഗ്യാന്‍വാപി ഉള്‍പ്പെടെ നിരവധി മുസ്‌ലിം ദേവാലയങ്ങള്‍ക്കു മുകളില്‍ ഹിന്ദുത്വവാദികള്‍ അവകാശമുന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ ചോദ്യം പ്രസക്തമാണ്. ''അയോദ്ധ്യ സിര്‍ഫ് ജാന്‍ കി ഹെ, കാശി മഥുരാ ബാക്കി ഹെ'' എന്നാണ് ബാബറി മസ്ജിദ് തകര്‍ത്തശേഷം സംഘ്പരിവാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. അയോദ്ധ്യയില്‍, എന്തായാലും ഹിന്ദുത്വവാദികള്‍ ലക്ഷ്യമിട്ടതുപോലെ അവിടെ ഒരു ഹിന്ദുക്ഷേത്രം ഉയരുന്നു. ഇനി ക്ഷേത്ര രാഷ്ട്രീയത്തിന്റെ അടുത്ത ഘട്ടമാണ്. 

ശരിക്കും പറഞ്ഞാല്‍ ഹിന്ദുത്വവാദികളുടെ പട്ടികയില്‍ മൂവായിരത്തോളം അന്യമത ആരാധനാലയങ്ങളുണ്ട്. ഹിന്ദുത്വ ബുദ്ധിജീവിയായ സീതാറാം ഗോയല്‍ എഴുതിയ രണ്ടു വോള്യങ്ങളായി എഴുതിയ 'ഹിന്ദു ടെംപ്ള്‍സ്: വാട്ട് ഹാപ്പെന്‍ഡ് ദെം' എന്ന പുസ്തകത്തില്‍ ഇവയുടെ പട്ടിക കൊടുത്തിട്ടുണ്ട്. സംഘ്പരിവാര്‍ അജന്‍ഡയില്‍ ഗ്യാന്‍വാപി പിടിച്ചെടുത്ത് ക്ഷേത്രം പുനര്‍നിര്‍മ്മിക്കുക എന്ന സംഗതിയാണ് ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം എന്നതിനേക്കാള്‍ മുന്‍പേ ഇടംപിടിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ 1959-ലെ അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പടുന്നത്. 'മുസ്‌ലിം പള്ളികളായി മാറ്റപ്പെട്ട ക്ഷേത്രങ്ങളെ സംബന്ധിച്ച്' എന്ന തലക്കെട്ടിലാണ് ഈ പ്രമേയം അംഗീകരിക്കപ്പെടുന്നത്. ''വിദേശത്തുനിന്നെത്തിയ, അസഹിഷ്ണുക്കളും സ്വേച്ഛാധിപതികളുമായ നിരവധി അക്രമികള്‍ കഴിഞ്ഞ 1000 കൊല്ലത്തിനുള്ളില്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും തല്‍സ്ഥാനത്ത് മസ്ജിദുകള്‍ പണിതീര്‍ക്കുകയും ചെയ്തു. നമ്മുടെ ജനതയുടെ ദേശീയവികാരത്തെ വ്രണപ്പെടുത്താനുദ്ദേശിച്ചായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചിട്ടും അത്തരം ക്ഷേത്രങ്ങള്‍ക്കു മുകളിലുള്ള ഹിന്ദുക്കളുടെ നീതീകരിക്കാവുന്ന അവകാശവാദത്തോട് നമ്മുടെ സ്വന്തം ഗവണ്‍മെന്റ് ഹൃദയശൂന്യത കാണിക്കുന്നു എന്നത് ഖേദകരമാണ്. ആയതിനാല്‍ അത്തരത്തില്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങള്‍ തിരിച്ചുകിട്ടാനും അവയുടെ നവീകരണം ഉറപ്പുവരുത്താനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഈ പ്രതിനിധിസഭ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ആ ക്ഷേത്രങ്ങളില്‍ കാശി വിശ്വനാഥക്ഷേത്രം ഒരു ബഹുമാന്യമായ സവിശേഷ സ്ഥാനത്തു നില്‍ക്കുന്നുവെന്നു കാണുകയും ചെയ്യുന്നു'' എന്നായിരുന്നു പ്രമേയം. എന്നാല്‍, പിന്നീട് കുറേക്കാലം ക്ഷേത്ര രാഷ്ട്രീയം ഹിന്ദുത്വവാദികളുടെ അജന്‍ഡയില്‍ നിര്‍ജ്ജീവാവസ്ഥയില്‍ തുടര്‍ന്നു. 

1959-ലെ ആര്‍.എസ്.എസ്സിന്റെ ക്ഷേത്രങ്ങളെ സംബന്ധിച്ച പ്രമേയത്തിനു മുന്‍പേ സംഘ്പരിവാറിന്റെ മുഖ്യ അജന്‍ഡയിലുണ്ടായിരുന്നത് ഗോഹത്യ, പാകിസ്താന്‍, ചൈന, നെഹ്‌റു ഗവണ്‍മെന്റിന്റെ സംസ്ഥാന പുന:സംഘടനാനയവും ഭാഷാനയം തുടങ്ങിയവയായിരുന്നു. 1981-ല്‍ 150 ദളിത് കുടുംബങ്ങള്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് ഇസ്‌ലാംമതം സ്വീകരിച്ചതും സ്വീകരണച്ചടങ്ങില്‍ മുസ്‌ലിം ജനപ്രതിനിധികള്‍ പങ്കെടുത്തതും ആര്‍.എസ്.എസ് നേതൃത്വത്തെ ചകിതമാക്കിയതാണ് പൊടുന്നനെ ക്ഷേത്ര രാഷ്ട്രീയത്തിലേക്കു തിരിയാന്‍ ഹിന്ദുത്വവാദികളെ പ്രേരിപ്പിക്കുന്നത്. തുടര്‍ന്ന് ഈ സംഭവത്തില്‍ കാര്യകാരിസഭ നടുക്കം പ്രകടിപ്പിക്കുകയും രാഷ്ട്രസ്വത്വത്തിനു നേരെയുള്ള വെല്ലുവിളിയായി മീനാക്ഷിപുരത്തെ കൂട്ട മതംമാറ്റത്തെ കാണുകയും ഹിന്ദുക്കളോട് ജാതിഭേദം വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. 

1984-ലാണ് വിശ്വഹിന്ദു പരിഷത്ത് രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുക എന്ന ആവശ്യം ശക്തമാക്കുന്നത്. എന്നാല്‍, അതിനു ഏറെ മുന്‍പേ ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആ സംഘടന പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഗാന്ധിയന്‍ സോഷ്യലിസം ഉദ്‌ഘോഷിച്ചു നടന്ന ബി.ജെ.പിയേക്കാള്‍ ഈ തീവ്രഹിന്ദു മുദ്രാവാക്യം ഏറ്റെടുക്കാന്‍ ഉത്സാഹം കാണിച്ചത് ഇന്ത്യയും ഉത്തര്‍പ്രദേശും ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ബാബറി മസ്ജിദ് നില്‍ക്കുന്നിടത്ത് രാമക്ഷേത്രം പണിയുന്ന കാര്യത്തില്‍ ആ പാര്‍ട്ടിക്കുള്ള താല്പര്യം അതൊരിക്കലും കൈവിട്ടിട്ടില്ല. 2021-ല്‍ രാമക്ഷേത്രം പണിയുന്നതിനായി രാമക്ഷേത്ര ട്രസ്റ്റിന് 1,11,111 രൂപ സംഭാവനയായി അയച്ചുകൊടുത്ത കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിംഗ് ''രാമക്ഷേത്ര പ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായിരുന്നു. അതിലെന്തിനാണ് രാഷ്ട്രീയം കലര്‍ത്തുന്നത്? എന്നാല്‍, നിലവിലെ ട്രസ്റ്റില്‍ വി.എച്ച്.പി, ആര്‍.എസ്.എസ്സുകാര്‍ മാത്രമേയുള്ളൂ''യെന്നു പരിഭവിക്കുക മാത്രമാണ് ചെയ്തത്. 

അടിയന്തരാവസ്ഥയ്ക്കുശേഷം പൂര്‍ണ്ണമായും വലത്തോട്ടു നീങ്ങിയ ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു രാമജന്മഭൂമി. ഹാഗിയ സോഫിയയുടെ കാര്യത്തില്‍ മുസ്തഫ കമാല്‍ അറ്റാത്തുര്‍ക്കു ചെയ്തപോലെ മ്യൂസിയമാക്കുകയോ അടച്ചിടുകയോ വേണമെന്നായിരുന്നു നെഹ്‌റുവിനെപ്പോലെയുള്ള കോണ്‍ഗ്രസ്സിലെ മതനിരപേക്ഷവാദികള്‍ മുന്‍പ് വാദിച്ചിരുന്നത്. എന്നാല്‍, ഇടതുപക്ഷ രാഷ്ട്രീയം ലോകമെമ്പാടും ക്ഷയോന്മുഖമായി കൊണ്ടിരിക്കുകയാണെന്നും ഇനി വലത്തോട്ടു നീങ്ങുകയാണ് വേണ്ടതെന്നും വിചാരിച്ച ഇന്ദിര മുതലാളിത്തവും കമ്യൂണിസവുമല്ലാത്ത ഒരു മൂന്നാംപാതയെക്കുറിച്ചു സംസാരിച്ചു തുടങ്ങിയ നാളുകളായിരുന്നു അത്. വ്യക്തിപരമായും രാഷ്ട്രീയ തലത്തിലും സ്പഷ്ടമായ ഹിന്ദു കാഴ്ചപ്പാടുകള്‍ അവര്‍ വെച്ചുപുലര്‍ത്താന്‍ തുടങ്ങുകയും ചെയ്തിരുന്നു. '70-ല്‍ ദില്ലിയില്‍ ഇന്ദിരയാല്‍ നിരോധിക്കപ്പെട്ട ആര്‍.എസ്.എസ് '83-ല്‍ ദില്ലിയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുവേണ്ടി രംഗത്തിറങ്ങിയിരുന്നു. ഒരു സാംസ്‌കാരിക സംഘടന എന്ന നിലയില്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷിയോട് പ്രത്യേകിച്ച് ആഭിമുഖ്യമൊന്നുമില്ലെന്നും കക്ഷി ഏതായാലും അത് ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായ നിലപാട് കൈക്കൊണ്ടാല്‍ മതിയെന്നുമുള്ള നിലപാട് അക്കാലത്തും ആര്‍.എസ്.എസ് ആവര്‍ത്തിച്ചിരുന്നു. ''രാമജന്മഭൂമിയില്‍ ഹിന്ദുവിന് ഒരു വിളക്കു കൊളുത്താനാകുന്നില്ലെന്നത് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണെന്നാ''യിരുന്നു കോണ്‍ഗ്രസ് നേതാവായ ഡോ. കരണ്‍സിംഗ് ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് 1984-ല്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഒന്നാമത്തെ ധര്‍മ്മസന്‍സദില്‍ സങ്കടപ്പെട്ടത്. കോണ്‍ഗ്രസ് നേതാവായ ദൗ ദയാല്‍ ഖന്നയായിരുന്നു അന്ന് ഇതു സംബന്ധിച്ച പ്രമേയം സന്‍സദില്‍ അവതരിപ്പിക്കുന്നത് (അവലംബം: വാള്‍ട്ടര്‍ ആന്‍ഡേഴ്‌സണ്‍ എഴുതിയ ദ ആര്‍.എസ്.എസ്: എ വ്യൂ ടു ദ ഇന്‍സൈഡ്). തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട മന്ദിരം ശിലാന്യാസത്തിനായി തുറന്നുകൊടുക്കുന്നതും കര്‍സേവകര്‍ അതു തകര്‍ക്കുന്നതും കോണ്‍ഗ്രസ് ഭരണാധികാരികളുടെ സഹായത്തോടെ തന്നെ.

എന്തായാലും ദശകങ്ങള്‍ക്കുശേഷം സംഘ്പരിവാര്‍ ഉയര്‍ത്തിയതും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കയ്യയഞ്ഞ സഹായം കിട്ടിയതുമായ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുകയാണ്. ഈ സന്ദര്‍ഭത്തില്‍ വിശ്വാസത്തെ സംബന്ധിച്ച ഹിന്ദുത്വരാഷ്ട്രീയം സജീവമാക്കി നിര്‍ത്തുന്നതിനു ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമുണ്ടെന്ന വാദവുമായി ഹിന്ദുത്വവാദികള്‍ മുന്നോട്ടുപോകുകയാണ്. 

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ദിവസം ആഘോഷമാക്കുന്ന ബിജെപി പ്രവർത്തകൻ
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ദിവസം ആഘോഷമാക്കുന്ന ബിജെപി പ്രവർത്തകൻ

കോടതി കയറുന്ന വിശ്വാസം 

കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേര്‍ന്നുതന്നെ ഔറംഗസീബിന്റെ കാലത്തു നിര്‍മ്മിച്ചതാണ് ഗ്യാന്‍വാപി മസ്ജിദ്. 1669-ല്‍. 1780-ല്‍ ഇന്‍ഡോര്‍ രാജ്ഞി അഹല്യ ഹോല്‍ക്കറാണ് പള്ളിയോടു ചേര്‍ന്ന് കാശി വിശ്വനാഥക്ഷേത്രം പണി കഴിപ്പിക്കുന്നത്. മഥുരയില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ മതിലും ഇതുപോലെ ഒരു മുസ്‌ലിം ആരാധനാലയത്തോടു ചേര്‍ന്നാണ് നില്‍ക്കുന്നത്. പള്ളിയുടെമേല്‍ സജീവമായ അവകാശത്തര്‍ക്കം 86 വര്‍ഷം മുന്‍പാണ് തുടങ്ങുന്നത്. നിലവില്‍ എട്ടു കേസുകളാണ് ഇതു സംബന്ധിച്ച് കോടതികളിലുള്ളത്. 

ക്ഷേത്രഭൂമി കൈവശപ്പെടുത്തിയാണ് പള്ളി നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട് 2019-ല്‍ വിജയ്ശങ്കര്‍ രസ്‌തോഗിയെന്ന ഒരു വ്യക്തി വാരാണസി സിവില്‍ കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രം തകര്‍ത്താണ് പള്ളി ഉണ്ടാക്കിയതെന്ന് ഉറപ്പിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നടത്താനും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍വ്വേ നടത്താന്‍ അതേ വര്‍ഷം ഏപ്രിലില്‍ ജഡ്ജി അശുതോഷ് തിവാരി ഉത്തരവ് പുറപ്പെടുവിച്ചു. ഏറെ വൈകാതെ ഡല്‍ഹി സ്വദേശികളും വാരാണസിയില്‍ സ്ഥിരതാമസക്കാരുമായ അഞ്ചു വനിതകള്‍ മസ്ജിദിനകത്ത് ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. മസ്ജിദിനകത്ത് പടിഞ്ഞാറുഭാഗത്ത് ഹിന്ദുവിശ്വാസത്തെ കുറിക്കുന്ന ശില്പങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടെന്നും അവര്‍ വാദിച്ചു. തുടര്‍ന്ന് അഭിഭാഷക സര്‍വ്വേ നടത്താന്‍ കോടതി ഉത്തരവിട്ടു. വിവാദമായ ഈ അഭിഭാഷക സര്‍വ്വേയിലാണ് പള്ളിയില്‍ വുളു (അംഗസ്‌നാനം) എടുക്കുന്ന സ്ഥലത്ത് ശിവലിംഗം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. 

ഗ്യാന്‍വാപി സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. കീഴ്‌കോടതി ഉത്തരവുകള്‍ക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. കനത്ത ബന്തവസ്സിലാണ് പള്ളിയും പരിസരവും ഇപ്പോഴുള്ളത്. ഇരുപതിലധികം പേര്‍ക്ക് പള്ളിയില്‍ നമസ്‌കാരത്തിനായി പ്രവേശിക്കാനാകില്ല. അറ്റകുറ്റപ്പണികളും മറ്റും നടത്താനും കഴിയില്ല. 1991-ലെ ആരാധനാലയ ചട്ടം (Place of Worship Act) ചൂണ്ടിക്കാണിച്ച് ഗ്യാന്‍വാപി പള്ളി പള്ളിയായി തന്നെ തുടരേണ്ടതുണ്ടെന്ന് പള്ളിയുമായി ബന്ധപ്പെട്ട് അന്‍ജുമാന്‍ ഇന്‍തിസാമിയ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. 

രാമക്ഷേത്രത്തിനുശേഷം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള ബി.ജെ.പിയുടെ നീക്കമായാണ് ഗ്യാന്‍വാപി പ്രശ്‌നത്തെ പ്രതിപക്ഷ കക്ഷികളും ന്യൂനപക്ഷ സംഘടനകളും വ്യാഖ്യാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരാണസി. വാരാണസി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനമാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ ലോക്സഭാ സാമാജികരെ സംഭാവന ചെയ്യുന്നതും. അതുകൊണ്ടുതന്നെ നേരത്തെ പയറ്റി വിജയിച്ചിട്ടുള്ള വിശ്വാസരാഷ്ട്രീയത്തെ പൊതുസംവാദ മണ്ഡലത്തില്‍ മുന്‍പന്തിയില്‍ കൊണ്ടുവരുന്നതിനു കാശി-മഥുര രാഷ്ട്രീയം അനിവാര്യമെന്ന് ബി.ജെ.പി നേതൃത്വവും കരുതുന്നു.

ഗ്യാന്‍വാപിയെ മസ്ജിദ് എന്നു വിളിക്കുന്നതുപോലും തെറ്റാണെന്നാണ് മുന്‍ ഹിന്ദുയുവവാഹിനി നേതാവും ഇപ്പോള്‍ ഉത്തര്‍പ്രദേശ് നേതാവുമായ യോഗി ആദിത്യനാഥ് വാദിക്കുന്നത്. ചരിത്രപരമായ പിഴവാണത്. അത് തിരുത്താന്‍ മുസ്‌ലിങ്ങളും സഹകരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ ക്ഷേത്രധ്വംസനംപോലെ ആരോപിക്കപ്പെടുന്ന 'പഴയ തെറ്റുകള്‍' ആ ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുന്നതുവഴി തിരുത്തപ്പെടണമെന്നു ഹിന്ദുത്വവാദികള്‍ ശഠിക്കുന്നത് എന്തുകൊണ്ടാണ്? മുഖ്യമായും ഭരണഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നു സൃഷ്ടിക്കപ്പെട്ട ഒരു ദേശരാഷ്ട്രസങ്കല്പത്തെ തകര്‍ക്കുകയും ഹിന്ദുത്വരാഷ്ട്രം പകരം വെയ്ക്കുകയും ചെയ്യുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിത് എന്നതുകൊണ്ടാണ് എന്ന വാദമുയരുമ്പോള്‍ ഇന്ത്യ നേരത്തെ തന്നെ ഹിന്ദുരാഷ്ട്രം തന്നെയാണെന്നും 1200 വര്‍ഷത്തെ കൊളോണിയല്‍ വാഴ്ച അവശേഷിപ്പിച്ച തെറ്റുകളെ തിരുത്തി ഹിന്ദുഭൂതകാലത്തിന്റെ കരുത്തും ഭംഗിയും വീണ്ടെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിന്ദുത്വവാദികള്‍ പറയുന്നു. 

19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഫ്രെഞ്ച് ചരിത്രകാരനായ ജോസഫ് ഏണസ്റ്റ് റെനനാണ് രാഷ്ട്രത്തെക്കുറിച്ചുള്ള യൂറോപ്യന്‍ ധാരണയെ മാറ്റിമറിക്കുന്നത്. രാഷ്ട്രത്തിന്റെ കൂട്ടായ സ്വത്വം ഏതെങ്കിലും സാമൂഹികമോ സാംസ്‌കാരികമോ ആയ സവിശേഷതയുടെ ഫലമല്ലെന്നായിരുന്നു റെനാന്‍ നിരീക്ഷിച്ചത്. അതുവരെ രാഷ്ട്രമെന്നാല്‍ പൊതുവായ വംശീയതയോ ഭാഷയോ ഒക്കെയുള്ള ഒന്നായിരിക്കണം എന്നായിരുന്നു യൂറോപ്യന്‍ ധാരണ. അതിനുപകരം, രാഷ്ട്രം എന്നത് ഒരേപോലെ പങ്കുവെയ്ക്കപ്പെടുന്ന ഓര്‍മ്മകളുടേയും അതുപോലെത്തന്നെ ഒരേപോലെയുള്ള ചില ബോധപൂര്‍വ്വമുള്ള മറക്കലുകളുടേയും സൃഷ്ടിയായി ഉയര്‍ന്നുവരുന്ന ഒരു സമൂഹമാണ്. 'Forgetfulness, and I would even say historical error, are essential in the creation of a nation' എന്നാണ് റെനന്‍ നിരീക്ഷിച്ചത്. റെനാന്റെ വീക്ഷണത്തില്‍ ദേശരാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ ക്രൂരതയും ബലപ്രയോഗവും സന്നിഹിതമാണ്. എല്ലാ രാജ്യങ്ങളും അക്രമത്തില്‍നിന്നാണ് രൂപപ്പെടുന്നത്. അതിനാല്‍, പരസ്പര കലഹത്തിന്റേതായ ഇരുണ്ട എപ്പിസോഡുകള്‍ മറക്കുകയും കെട്ടുകഥകളുടേയും വീരനായകന്മാരുടേയും പോരാട്ടങ്ങളുടേയും പങ്കുവെയ്ക്കാവുന്നവതെന്തോ അത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിലാണ് രാജ്യത്തിന്റെ ഐക്യം കുടികൊള്ളുന്നതെന്ന് റെനന്‍ പറയുന്നു. ആവശ്യമുള്ളത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതുപോലെ ആവശ്യമില്ലാത്തതു മറക്കുന്നതും രാഷ്ട്രജീവിതത്തിന്റെ നിലനില്‍പിനു പരമപ്രധാനമാണ്. വ്യക്തിജീവിതത്തിലെന്നപോലെ. 

ചില തെറ്റുകളും വസ്തുതകളും ഒരുപോലെ വിസ്മരിക്കപ്പെട്ടില്ലെങ്കില്‍ രാഷ്ട്രസ്വത്വം വെല്ലുവിളിക്കപ്പെടുമെന്നതിനു ചില ഉദാഹരണങ്ങളും ദേശീയതാ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. കാല്‍വിനിസ്റ്റ് പ്രൊട്ടസ്റ്റന്റുകളെ കൊലപ്പെടുത്തിയ 1572-ലെ കത്തോലിക്ക അക്രമങ്ങളുള്‍പ്പെടെ നിരവധി മത വംശീയ പോരുകളുടെ ചരിത്രം മറന്നില്ലെങ്കില്‍ ഫ്രാന്‍സിന് ഒരു രാഷ്ട്രമെന്ന നിലയില്‍ നിലനില്‍ക്കാനാകില്ല. ഫ്രാന്‍സിന്റെ ആദ്യത്തെ ക്രിസ്ത്യന്‍ രാജാവ് ക്ലോവിസ് ഫ്രെഞ്ച് സംസാരിച്ചിരുന്നില്ലെന്നും ബല്‍ജിയത്തിലാണ് ജനിച്ചതെന്നുമുള്ള വസ്തുത ഓര്‍മ്മിപ്പിക്കുന്നത് ആ രാഷ്ട്രസ്വത്വത്തെ സംബന്ധിച്ച് ഗുണകരമാകില്ല. ചിലപ്പോള്‍ അനാവശ്യമായ ചരിത്രാന്വേഷണങ്ങള്‍ മുഖാന്തരം ആവശ്യമില്ലാത്ത സത്യങ്ങള്‍ പുറത്തുവരുന്നത് ദേശീയതയെപ്പോലും അപകടത്തിലാക്കുമെന്നാണ് റെനന്‍ പറയുന്നത്. 

ഹിന്ദുക്ഷേത്രങ്ങള്‍ നിലനിന്നിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഗ്യാന്‍വാപിപോലുള്ള മുസ്‌ലിം ദേവാലയങ്ങളില്‍ ഉദ്ഖനനം ആവശ്യമായി വന്നാല്‍ ഹിന്ദുക്ഷേത്രങ്ങളില്‍ പലതിലും ഇതാവര്‍ത്തിക്കേണ്ടിവരും എന്ന് ഉറപ്പാണ്. ഈ അനാവശ്യാന്വേഷണങ്ങളാകട്ടെ, രാഷ്ട്രത്തിന്റെ പൊറുക്കലിലും വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായി സ്വാതന്ത്ര്യസമരകാലത്ത് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ വളര്‍ത്തിയെടുത്ത, മതനിരപേക്ഷ രാഷ്ട്രസ്വത്വത്തെ തകര്‍ത്തുകളയുകയും ചെയ്യും.

യോ​ഗി ആദിത്യനാഥ്
യോ​ഗി ആദിത്യനാഥ്

തീര്‍ത്ഥാടക ടൂറിസവും ഗ്യാന്‍വ്യാപി പ്രശ്‌നവും

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മാര്‍ച്ചില്‍ തറക്കല്ലിട്ട കാശി വിശ്വനാഥ കോറിഡോറിനു വഴിയൊരുക്കാന്‍ കൂടിയാണ് ഇപ്പോള്‍ ഗ്യാന്‍വാപിയുടെ മുകളില്‍ അവകാശവാദമുയരുന്നത് എന്നു വാദിക്കുന്നതില്‍ അസ്വാഭാവികതയില്ല. 339 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ഇതിന്റെ ഒന്നാംഘട്ടം 2021-ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 

കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാനദിക്കരയിലുള്ള വിവിധ ഘട്ടുകളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. തിരക്കുപിടിച്ച തെരുവുകളിലൂടെ തീര്‍ത്ഥാടകരും ഭക്തരും നീങ്ങുന്നത് ഒഴിവാക്കുകയും ഘട്ടുകള്‍ക്കും ക്ഷേത്രത്തിനുമിടയിലുള്ള നീക്കം അനായാസമാക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം. അഞ്ചുലക്ഷം ചതുരശ്ര അടിയില്‍ 23 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു പദ്ധതിയുടെ ഒന്നാംഘട്ടം. ഇതില്‍ 45,000 ചതുരശ്ര അടി ഭൂമി ഗ്യാന്‍വാപി പള്ളിയും ചുറ്റുവട്ടത്തുള്ള ക്ഷേത്രമടക്കമുള്ള കെട്ടിടങ്ങളും നില്‍ക്കുന്നതാണ്. ആകെ 800 കോടി ചെലവു വരുന്നതാണ് പദ്ധതി. 
ഭക്തര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന ടൂറിസം സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയല്ലാതെ പ്രദേശത്ത് എത്തുന്നവരും ധാരാളമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു പൈതൃക ടൂറിസം (Heritage Tourism) പദ്ധതിയുമാണ്. 

ഇന്ത്യയില്‍ പൈതൃക ടൂറിസം ഒരേസമയം നവലിബറല്‍ വ്യവസ്ഥയോട് ഉദ്ഗ്രഥിതമായ ഒന്നും സാംസ്‌കാരിക രാഷ്ട്രീയത്തെ വളര്‍ത്തുന്ന ഒന്നുമാണ്. രാഷ്ട്രജീവിതത്തിന്റെ സാംസ്‌കാരിക ഘടകത്തെ ലോകത്തിനു പരിചയപ്പെടുത്തുകയും നമ്മുടെ സോഫ്റ്റ്പവര്‍ വര്‍ദ്ധിപ്പിക്കുന്നതിന് അതുപയോഗപ്പെടുത്തുകയും ചെയ്യുന്നതിനാണ് ഹെറിറ്റേജ് ടൂറിസം, പില്‍ഗ്രിം ടൂറിസം എന്നിവ മുഖ്യമായും പ്രയോജനപ്പെടുന്നത്. നമ്മുടെ രാഷ്ട്രജീവിതം ആത്യന്തികമായി ഹൈന്ദവമാണെന്നതാണ് ഭരണകൂടത്തെ ഇപ്പോള്‍ നയിക്കുന്നവരുടെ കാഴ്ചപ്പാട്.

ബാബരി മസ്ജിദ് തകർത്തപ്പോൾ. 1992 ഡിസംബർ ആറിനെടുത്ത ചിത്രം
ബാബരി മസ്ജിദ് തകർത്തപ്പോൾ. 1992 ഡിസംബർ ആറിനെടുത്ത ചിത്രം

91ലെ ആരാധനാലയ ചട്ടം മാതൃകാപരമാക്കുന്നതിങ്ങനെ

രാമജന്മഭൂമി പ്രശ്‌നം കത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ 1991-ല്‍ നരസിംഹറാവു ഗവണ്‍മെന്റ് പാസ്സാക്കിയതാണ് The Places of Worship Act. ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളും 1947 ഓഗസ്റ്റ് 15-ന് എങ്ങനെ നിലനിന്നിരുന്നോ തല്‍സ്ഥിതിയില്‍ വേണം അവ തുടരാന്‍ എന്ന് അനുശാസിക്കുന്നതാണ് ആക്ട്. അന്ന് പള്ളിയായിരുന്നവ പള്ളിയായും ക്ഷേത്രമായിരുന്നവ ക്ഷേത്രമായും തുടരണം എന്ന ധാരണയ്ക്ക് നിയമപരമായ പ്രാബല്യം ഈ ആക്ട് നല്‍കി. എന്നാല്‍, ബാബ്‌റി മസ്ജിദ് സംബന്ധിച്ച കേസ് കോടതിക്കു മുന്‍പാകെ (Sub judice) ആയതിനാല്‍ അതിനെ ഈ ആക്ടിന്റെ പരിധിയില്‍നിന്നും ഒഴിവാക്കി. 2019-ല്‍ സുപ്രീംകോടതി രാമജന്മഭൂമി പ്രശ്‌നം സംബന്ധിച്ച കേസില്‍ ഈ നിയമത്തിന്റെ സാധുത ശരിവെയ്ക്കുകയും ചെയ്തു. അന്ന് ബാബറി മസ്ജിദ് തകര്‍ത്തതിനെ ക്രിമിനല്‍ നടപടിയെന്നു വിശേഷിപ്പിച്ച സുപ്രീംകോടതി പള്ളി നിന്ന ഇടത്തിന്റെ ഉടമസ്ഥാവകാശം ഹിന്ദു സംഘടനയ്ക്ക് നല്‍കിയിരുന്നു. ആ വിധിയില്‍ കോടതി ഈ ആക്ടിനെ വിശദമായി വ്യാഖ്യാനിക്കുന്നുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സെക്യുലറിസത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതാണ് The Place of Worship Act എന്ന് കോടതി പറഞ്ഞു. 

ഈ വിധിയുടെ പശ്ചാത്തലത്തില്‍ ഗ്യാന്‍വാപി ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുടെ മുകളിലുള്ള അവകാശവാദങ്ങള്‍ക്കു സാധുതയില്ലെന്നു നിയമവൃത്തങ്ങള്‍ പറയുന്നു. ആക്ട് പ്രാകരം കട്ട് ഓഫ് ഡേറ്റായി തീരുമാനിക്കപ്പെട്ട 1947 ഓഗസ്റ്റ് 15 എന്ന തീയതിക്കു വലിയ പ്രാധാന്യമുണ്ട്. അതുവരെ ഇന്ത്യക്കാര്‍ ഏതെങ്കിലും നാട്ടുരാജ്യങ്ങളിലേയോ ബ്രിട്ടീഷ് ഭരണപ്രദേശങ്ങളിലേയോ പ്രജകളായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ നാം ഒരു പരമാധികാര, മതനിരപേക്ഷ, സ്വതന്ത്ര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് സൃഷ്ടിച്ചു. അതോടെ പ്രജകള്‍ എന്ന നിലയില്‍നിന്ന് ജാതി, മത, വംശ, ലിംഗ ഭേദമെന്യേ തുല്യത പുലര്‍ത്തുന്ന പൗരന്മാരായി മാറി. 

ജോര്‍ജ് ആറാമനോ ഔറംഗസീബോ ശ്രീപദ്മനാഭ ദാസനോ പേഷ്വാകളോ അല്ല നാം തന്നെയാണ് നമ്മുടെ സ്വത്വം തീരുമാനിക്കുന്നത്. മതസ്വത്വത്തിനല്ല, പൗരസ്വത്വത്തിനാണ് ഭരണഘടനയില്‍ മുഖ്യസ്ഥാനം. ഇങ്ങനെയൊരു ഭരണഘടനയില്‍ വേരുറപ്പിച്ച ഇന്ത്യ ഉടലെടുക്കുന്നത് 1947 ഓഗസ്റ്റ് 15-നാണ്. അതുകൊണ്ടാണ് ഈ തീയതി ആരാധനാലയങ്ങളെ സംബന്ധിച്ചിടത്തോളം കട്ട് ഒഫ് ഡേറ്റ് ആയി തീരുമാനിക്കുന്നത്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com