പലരും ഇടയ്ക്കു കൊഴിഞ്ഞുപോയി; നീതി കിട്ടിയവരല്ല, മരിച്ചവരാണ് അവര്‍; നാടുവിട്ടവരും

രാജ്യവ്യാപകമായും വിദേശത്തും വേരുകളുള്ള സാമ്പത്തിക തട്ടിപ്പു സ്ഥാപനമാണ് പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിച്ച പേള്‍സ് അഗ്രോടെക് കോര്‍പറേഷന്‍ ലിമിറ്റഡ് (പി.എ.സി.എല്‍)
പലരും ഇടയ്ക്കു കൊഴിഞ്ഞുപോയി; നീതി കിട്ടിയവരല്ല, മരിച്ചവരാണ് അവര്‍; നാടുവിട്ടവരും

നിയമവിരുദ്ധ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതു നിരോധിക്കുന്ന നിയമത്തെക്കുറിച്ച് കേരളം വീണ്ടും കേട്ടുതുടങ്ങുന്ന ദിവസങ്ങളാണ്; ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് അഥവാ ബഡ്സ്. പക്ഷേ, കോടികളുടെ പി.എ.സി.എല്‍ നിക്ഷേപത്തട്ടിപ്പിന് ഇരകളായി പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്യുകയും നാടുവിടുകയും ചെയ്തവരുടേയും തകര്‍ന്നുപോയ കുടുംബങ്ങളുടേയും കണ്ണീരിനു പരിഹാരമില്ല; നീതി കിട്ടുമെന്ന പ്രതീക്ഷപോലും അകലെ. വിഷയം വീണ്ടും മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും മുന്നില്‍ വിശദമായ പരാതിയായി എത്തിയിരിക്കുന്നു. പണം തിരിച്ചുകൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരല്ല; പക്ഷേ, ഏഴു വര്‍ഷം മുന്‍പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ കേന്ദ്ര ഏജന്‍സികളായ സി.ബി.ഐ, ഇ.ഡി, സെബി എന്നിവരെ ശക്തമായി പ്രേരിപ്പിക്കുന്ന ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കഴിഞ്ഞേക്കും. 

രാജ്യവ്യാപകമായും വിദേശത്തും വേരുകളുള്ള സാമ്പത്തിക തട്ടിപ്പു സ്ഥാപനമാണ് പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിച്ച പേള്‍സ് അഗ്രോടെക് കോര്‍പറേഷന്‍ ലിമിറ്റഡ് (പി.എ.സി.എല്‍). കമ്പനിയുടെ തലപ്പത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലാണ്. പക്ഷേ, അതുകൊണ്ടു മാത്രമായില്ല. നിക്ഷേപകര്‍ക്കു പണം തിരിച്ചുകിട്ടണം. അതിനുള്ള വഴിയാണ് 2016 ഫെബ്രുവരി 2-ന്റെ വിധിയില്‍ സുപ്രീംകോടതി പറഞ്ഞത്. പി.എ.സി.എല്ലിന്റെ സ്വത്ത് ജപ്തി ചെയ്ത് വിറ്റ് പണം തിരിച്ചുകൊടുക്കുക. അതിന്റെ തുടര്‍നടപടികളാണ് ഒരിടത്തുമെത്താത്തത്. ബഡ്സ് നിയമം സംസ്ഥാനത്തു ശക്തമായി നടപ്പാക്കുന്നത് നിക്ഷേപത്തട്ടിപ്പുകള്‍ തടയാനാണ്. ജില്ലാ പൊലീസ് മേധാവികളുടെ യോഗം അടുത്തയാഴ്ച വിളിച്ചിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി. നിക്ഷേപത്തട്ടിപ്പുകള്‍ തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഈ ആവേശം. അങ്ങനെയായിരുന്നില്ലെങ്കില്‍ നിക്ഷേപത്തട്ടിപ്പുകളുടെ ഇരകളുടെ ദയനീയമായ നീണ്ട ക്യൂ കേരളത്തില്‍ ഉണ്ടാകില്ലായിരുന്നു. പി.എ.സി.എല്‍ തട്ടിപ്പ് ഇരകളുടെ ക്യൂവില്‍ പലരും ഇടയ്ക്കു കൊഴിഞ്ഞുപോയി; നീതി കിട്ടിയവരല്ല, മരിച്ചവരാണ് അവര്‍; നാടുവിട്ടവരും. 

സ്വത്തുണ്ട്; പക്ഷേ, എവിടെ?

കേരളത്തില്‍നിന്ന് പി.എ.സി.എല്‍ സമാഹരിച്ചത് 18000 കോടി രൂപ; അവരെ വിശ്വസിച്ച നിക്ഷേപകരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോളം. ഏകദേശ കണക്കാണിത്. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇത്രയധികം ആളുകള്‍ക്കു പ്രതീക്ഷ നല്‍കി ഇത്ര കനത്ത പണം വാരിക്കൂട്ടിയത്. തുടക്കത്തില്‍ കുറേയാളുകള്‍ക്കു പണമായും വാഹനമായുമൊക്കെ നേട്ടം കിട്ടി. അതുപക്ഷേ, എല്ലാ തട്ടിപ്പുകാരെയും പോലെ ആളുകളുടെ വിശ്വാസം നേടാനുള്ള താല്‍ക്കാലിക വഴി മാത്രമായിരുന്നു. പിന്നീടാണ് വ്യക്തമായതെന്നു മാത്രം. ക്രമേണ വാഗ്ദാനം ചെയ്ത ലാഭവിഹിതമെന്നല്ല, പിരിച്ച പണം പോലും തിരിച്ചുകൊടുക്കാതെയായി. ഒടുവില്‍ പി.എ.സി.എല്‍ മുങ്ങുകയും ചെയ്തു. പണം കൊടുത്തവരും അതിന് അവര്‍ക്കും പി.എ.സി.എല്ലിനും ഇടയില്‍ നിന്ന ഫീല്‍ഡ് പ്രവര്‍ത്തകരുമായി നാല്‍പതോളം പേര്‍ ആത്മഹത്യ ചെയ്തു എന്നാണ് തട്ടിപ്പിനെതിരെ നിയമ, സമര ഇടപെടലുകള്‍ നടത്തുന്നവരുടെ കണക്ക്. പി.എ.സി.എല്ലിന്റെ ആസ്തിവകകള്‍ ജപ്തിചെയ്തു വിറ്റ് നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുമെന്ന പ്രതീക്ഷയാണ് ആകെയുള്ള പിടിവള്ളി. സി.ബി.ഐ, ഇ.ഡി, സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) എന്നിവയ്ക്കാണ് കോടതിയുടെ നിര്‍ദ്ദേശം. മാത്രമല്ല, പ്രശ്നപരിഹാരത്തിനു സഹായിക്കാന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായി കമ്മിഷനേയും വച്ചു. പക്ഷേ, ആ വിധിയുടെ അടിസ്ഥാനത്തില്‍ നീതി നടപ്പാക്കാന്‍ ഒരു ഏജന്‍സിയും ഫലപ്രദമായി ഇടപെടുന്നില്ല എന്ന പരാതി പരക്കെയുണ്ട്. അതുകൊണ്ടാണ് സുപ്രീംകോടതി വിധിയുടെ ഏഴാം വാര്‍ഷികമായിരുന്ന ഈ ഫെബ്രുവരി രണ്ടിന് കേരളവ്യാപകമായി നടന്ന പ്രതിഷേധ സമരങ്ങളില്‍ സെബിക്കെതിരെ രൂക്ഷപ്രതികരണമുണ്ടായത്. നിക്ഷേപകരും ഫീല്‍ഡ് ജീവനക്കാരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. 

സുപ്രീംകോടതി ഇടപെടലിനു മുന്‍പുതന്നെ 2010-2011 കാലത്ത് വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പി.എ.സി.എല്ലിനെതിരെ ഒന്നിലധികം കേസുകളെടുത്തിരുന്നു. വിവിധ കോടതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു. തട്ടിപ്പു കമ്പനിയുടെ കേരളത്തിലെ നാല് കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍ കാസര്‍കോട്ടും കോഴിക്കോട്ടും തൃശൂരും കൊല്ലത്തുമാണുണ്ടായിരുന്നത്. ഇവ കേന്ദ്രീകരിച്ച് സി.ബി.സി.ഐ.ഡി (ഇ.ഡബ്ല്യു) നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പി.എ.സി.എല്ലിന്റെ നിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്ന കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

ഇതിന്റെ ഭാഗമായി 2010 മെയ് 25-ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ 2012 ഫെബ്രുവരി 28-ന് കണ്ണൂര്‍ സി.ബി.സി.ഐ.ഡി (ഇ.ഡബ്ല്യു) ഡി.വൈ.എസ്.പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതാണ് പിന്നീടു കണ്ടത്. ആ കേസ് അങ്ങനെ അവസാനിപ്പിച്ചു. സുപ്രീംകോടതി ഉത്തരവുപ്രകാരമുള്ള സി.ബി.ഐ, ഇ.ഡി അന്വേഷണങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നെങ്കിലും കേരളത്തില്‍ രണ്ട് ഏജന്‍സികളും ഒരു അന്വേഷണവും നടത്തിയില്ല എന്ന വിമര്‍ശനമാണ് നിക്ഷേപകരുടെ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഉന്നയിക്കുന്നത്. പി.എ.സി.എല്‍ കേരളത്തില്‍നിന്നു സമാഹരിച്ച പണം എവിടെ, ഏതുവിധത്തിലൊക്കെയാണ് നിക്ഷേപിച്ചത് എന്ന് അറിയാത്ത സ്ഥിതി. 

സെബിക്കു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി ജപ്തിചെയ്ത സ്വത്തു വകകളുടെ പട്ടികയില്‍ കേരളത്തിലുള്ളത് രണ്ടെണ്ണം മാത്രം; ഇടുക്കി, എറണാകുളം ജില്ലകളിലായി 136 ഏക്കര്‍ ഭൂമി.  കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി നിക്ഷേപകരുടെ വിവരശേഖരണത്തിന് സെബി ഒരു വെബ്സൈറ്റ് തുറന്നിരുന്നു ംംം.ലെയശ.ുമരഹൃലളൗിറ.രീ.ശി. തട്ടിപ്പിന് ഇരയായവരില്‍ ബഹുഭൂരിപക്ഷത്തിനും ഈ ഓണ്‍ലൈന്‍ വിവരശേഖരണം ഗുണം ചെയ്തില്ല. ഏകദേശം 20,000 പേര്‍ മാത്രമാണ് വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്തത്. ബാക്കിയുള്ളവര്‍ ഈ വിജ്ഞാപനം അറിഞ്ഞുപോലുമില്ല എന്നാണ് പരാതി. പണം നിക്ഷേപിച്ച ഓരോരുത്തരും അതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ കോടതി വിധിപ്രകാരം സ്വത്തുവകകള്‍ ജപ്തിചെയ്ത് വിനിമയം ചെയ്ത് പണം തിരിച്ചുകൊടുക്കാന്‍ കഴിയുകയുള്ളു. സ്തംഭനാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദ്ദേശം കോടതിയില്‍നിന്നോ ലോധ കമ്മിഷനില്‍നിന്നോ സെബിക്കു കിട്ടിയിട്ടുമില്ല. 

ഫലത്തില്‍ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുണ്ടായിട്ടും പണം തിരിച്ചുകിട്ടാതെ നിക്ഷേപകരും ഫീല്‍ഡ് പ്രവര്‍ത്തകരും ദുരിതത്തിലാണ്. അങ്ങനെയാണ്  ആത്മഹത്യകള്‍ ഉണ്ടായത്. കുറേപ്പേര്‍ നാടുവിട്ടുപോയി. എത്രയോ കുടുംബങ്ങള്‍ തീ തിന്നു കഴിയുന്നു. രജിസ്റ്റര്‍ ചെയ്യുന്ന നിക്ഷേപകരുടെ രേഖകള്‍ പരിശോധിച്ച് സെബി വഴി പണം തിരിച്ചു കൊടുക്കാനായിരുന്നു തീരുമാനം. പി.എ.സി.എല്‍ കമ്പനിയുടേയോ ഡയറക്ടര്‍മാരുടേയോ പേരില്‍ മറ്റേതെങ്കിലും സംവിധാനത്തില്‍ പരാതിയോ നടപടികളോ പാടില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഇതോടെ, കേരളത്തില്‍ ക്രൈംബ്രാഞ്ച് വിവിധ പരാതികളില്‍ നടത്തിവന്ന അന്വേഷണവും നിലച്ചു.

നിക്ഷേപത്തട്ടിപ്പിനെതിരായ സമരം
നിക്ഷേപത്തട്ടിപ്പിനെതിരായ സമരം

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മൗനം

കേരളത്തിലെ പരാതികളില്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണകേന്ദ്രം എന്ന സംഘടന നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടുന്നതിന് സംഘടന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഈ വിഷയം വീണ്ടും സജീവമാക്കിയത്. പി.എ.സി.എല്‍ ഫീല്‍ഡ് വര്‍ക്കേഴ്സ് ആന്റ് ഇന്‍വെസ്റ്റേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് ആദ്യം രൂപീകരിച്ചത്. സൊസൈറ്റിയുടെ കൂടി ആവശ്യപ്രകാരമാണ് തങ്ങളുടെ ഇടപെടലെന്ന് മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജസ്റ്റിസ് ലോധാ കമ്മിറ്റിക്കും സംഘടന പരാതി നല്‍കിയിരുന്നു. സമാന്തരമായി സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളും നടക്കുകയാണ്. ഫെബ്രുവരി രണ്ടിന് കോഴിക്കോട്ട് ബാലുശ്ശേരിയില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ടാണ്. സംഘടിപ്പിച്ചത് സി.ഐ.ടി.യു നേതൃത്വത്തിലുള്ള പി.എ.സി.എല്‍ ഫീല്‍ഡ് അസോസിയേറ്റ്സ് യൂണിയന്‍ (പി.എ.സി.എല്‍.എഫ്.എ.യു) കാസര്‍കോട് മുതല്‍ വിവിധ സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍  പി.എ.സി.എല്‍.എഫ്.എ.യുവിന്റെ പ്രതിഷേധ ധര്‍ണ്ണ നടന്നു. സെബി നീതി പാലിക്കുക, തുക തിരിച്ചുകിട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ചില സ്ഥലങ്ങളില്‍ കരിദിനാചരണവും നില്‍പ്പുസമരവും നടത്തി; പ്രതീകാത്മകമായി സെബിയുടെ കോലം കത്തിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ പോസ്റ്റോഫീസിനു മുന്നില്‍ ഐ.എന്‍.ടി.യു.സി നടത്തിയ സമരത്തിനു പിന്തുണയുമായി ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി എം.പി. പത്മനാഭന്‍ ഉള്‍പ്പെടെ എത്തി. 

സുപ്രീംകോടതി വിധി അട്ടിമറിച്ച് നിക്ഷേപകരെ സെബി കബളിപ്പിക്കുന്നു എന്ന വികാരം ശക്തമാണ്. ഇത്ര വലിയൊരു വിഭാഗം ആളുകളെ ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടുന്നില്ല. ഇനിയും ആത്മഹത്യകള്‍ ഉണ്ടാകുന്നതിനു മുന്‍പ് വഞ്ചിതരായ നിക്ഷേപകരേയും ഫീല്‍ഡ് വര്‍ക്കര്‍മാരേയും പ്രതിനിധീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സാധ്യമായ ഇടപെടലുകള്‍ നടത്തുകയും നിക്ഷേപകര്‍ക്ക് പണം തിരിച്ചുകിട്ടാന്‍ സാഹചര്യമൊരുക്കുകയുമാണ് വേണ്ടത്. മറ്റു ചില നിര്‍ദ്ദേശങ്ങള്‍ കൂടി സമരരംഗത്തുള്ളവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്: നിക്ഷേപകരില്‍ പലരും ഈ കാലയളവിനിടെ പല കാരണങ്ങള്‍കൊണ്ട് മരിച്ചിട്ടുണ്ട്. പലരുടേയും നിക്ഷേപത്തുക അവരുടെ ജീവിതസമ്പാദ്യം തന്നെയായിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്കു നിക്ഷേപം തിരിച്ചുകിട്ടാന്‍ സര്‍ക്കാര്‍ ഇടപെടണം എന്ന ആവശ്യം കണക്കിലെടുക്കേണ്ടിവരും. മഹാപ്രളയം, കൊവിഡ് ദുരന്തങ്ങളുടെ കാലത്ത് പലരുടേയും നിക്ഷേപം സംബന്ധിച്ച കൈവശരേഖകളുടെ ഒറിജിനല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരുടെ കൈവശമുള്ള പകര്‍പ്പുകള്‍ അംഗീകരിച്ചു സാക്ഷ്യപ്പെടുത്തി നല്‍കാതെ നിര്‍വ്വാഹമില്ല. പി.എ.സി.എല്ലിന്റെ ഓഫീസുകളില്‍നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്ത രേഖകള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള നടപടികള്‍ക്ക് വിധേയമാക്കുകയും ക്രൈംബ്രാഞ്ച് ഇക്കാര്യത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ ആര്‍.എം. ലോധ കമ്മിഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതും പ്രധാനമാണ്. 

നിക്ഷേപകര്‍ക്കു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സെബി തുറന്ന വെബ്സൈറ്റ് 2018-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. അത് വീണ്ടും ഒരു വര്‍ഷത്തേക്കു കൂടി പ്രവര്‍ത്തനസജ്ജമാക്കാന്‍ ലോധ കമ്മിഷന്റെ നിര്‍ദ്ദേശം ആവശ്യമാണ്. അതിലും സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ടിവരും. 

അവരെ കൈവിടരുത്

മൂവാറ്റുപുഴ സ്വദേശിനി 2012-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച വിശദമായ പരാതിയില്‍ പി.എ.സി.എല്‍ തട്ടിപ്പിന്റെ വ്യാപ്തിയും അതുണ്ടാക്കാന്‍ പോകുന്ന വലിയ ദുരന്തങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. അവര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങളില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പൊലീസിനു നിര്‍ദ്ദേശം നല്‍കി. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം മുന്നോട്ടുപോകുന്നതിനിടെ അവര്‍ പരാതി പിന്‍വലിച്ചു. തെറ്റിദ്ധാരണയുടെ പേരിലാണ് പരാതി നല്‍കിയത് എന്നാണ് പിന്‍വലിക്കുന്നതിനു കാരണമായി അവര്‍ പൊലീസിനെ അറിയിച്ചത്. പരാതിക്കാരിക്കുമേല്‍ വലിയ സമ്മര്‍ദ്ദമോ ഭീഷണിയോ ഉണ്ടായതുകൊണ്ടായിരിക്കാം പരാതി പിന്‍വലിച്ചത് എന്നു വ്യക്തമായിരുന്നു. എന്നിട്ടും അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് ധൃതി കാണിച്ചത്.  രാജ്യവ്യാപകമായി പി.എ.സി.എല്ലിനെതിരെ പരാതികള്‍ ഉണ്ടാവുകയും അന്വേഷണങ്ങള്‍ നടക്കുകയും ചെയ്യുകയായിരുന്നു അപ്പോള്‍. എന്നിട്ടും വലിയൊരു കുറ്റകൃത്യശൃംഖലയുടെ ഭാഗമായ സംഘത്തെ രക്ഷിക്കാനുള്ള ധൃതിയാണുണ്ടായത്. 

സാമ്പത്തിക നിയമലംഘനം ചൂണ്ടിക്കാട്ടി 2014-ല്‍ സെബി നല്‍കിയ പരാതിയിലാണ് പി.എ.സി.എല്ലിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് പണമിടപാടും മരവിപ്പിച്ചു. ഒന്നര ലക്ഷം കോടി രൂപയോളം രാജ്യവ്യാപകമായി സമാഹരിച്ചു എന്നാണ് കണക്ക്. ഫലത്തില്‍ ഒരു സമാന്തര സമ്പദ്ഘടന തന്നെയായി മാറി. അങ്ങനെയാണ് സെബിയുടെ ശ്രദ്ധയില്‍  വന്നതും സുപ്രീംകോടതിയെ സമീപിച്ചതും. ഇതിനെതിരെ പി.എ.സി.എല്‍ ഡയറക്ടര്‍ സുബ്രതോ ഭട്ടാചാര്യ കോടതിയെ സമീപിച്ചു. ആറുമാസത്തിനകം മുഴുവന്‍ നിക്ഷേപകര്‍ക്കും പണം തിരിച്ചുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. അതിനൊപ്പമാണ് ലോധ കമ്മിഷനേയും നിയോഗിച്ചത്. ഇതിനകം വളരെക്കുറച്ചു പേര്‍ക്കു മാത്രമാണ് സെബി മുഖേന പണം തിരിച്ചുകൊടുത്തത്. 2,80,000 കോടിയാണ് കമ്പനിയുടെ ആസ്തി. നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കേണ്ടത് 50000 കോടിയോളവും. പണം തിരിച്ചുകിട്ടാനുള്ളവര്‍ പി.എ.സി.എല്‍ നല്‍കിയ രജിസ്ട്രേഷന്‍ ബോണ്ടും ഓരോ മാസവും പണം നിക്ഷേപിച്ചപ്പോള്‍ അവര്‍ നല്‍കിയ രസീതും ഹാജരാക്കാനാണ് സെബി നിര്‍ദ്ദേശം. ഇങ്ങനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചെക്ക് ലഭിച്ചവര്‍ക്കും പണം കിട്ടിയില്ല. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം മരവിപ്പിച്ചതാണ് കാരണം. 

കമ്പനിയുടെ 27133 വസ്തുവകകള്‍ രാജ്യവ്യാപകമായി ഏറ്റെടുത്തതായാണ് കണക്ക്. ഇതിലാണ് കേരളത്തിലെ വെറും രണ്ടെണ്ണം മാത്രമുള്ളത്. എറണാകുളം, ഇടുക്കി ജില്ലകളില്‍ പി.എ.സി.എല്‍ വാങ്ങിയ 136 ഏക്കര്‍ ഭൂമി മാത്രമാണിത്. കേരളത്തില്‍ സെബിയുടെ കണക്കുപ്രകാരം 35 ലക്ഷത്തോളമാണ് നിക്ഷേപകര്‍. ഇവരുടെ പണം ഉപയോഗിച്ചു വാങ്ങിയ നിരവധി സ്വത്തുവകകള്‍ വേറെയുണ്ടെന്ന് നിക്ഷേപകര്‍ക്കും ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്കും നീതി കിട്ടുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ പറയുന്നു. ഈ സ്വത്തുക്കളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ വ്യക്തമാകാനാണ് കേരളത്തിലും സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തുന്നത്. 

വിവിധ സംസ്ഥാനങ്ങളില്‍ നേരത്തെ സി.ബി.ഐ അന്വേഷണം നടന്നിരുന്നു. പി.എ.സി.എല്ലിന്റെ സ്വത്തുവിവരങ്ങളെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങള്‍ ലഭിക്കാന്‍ ഈ അന്വേഷണങ്ങള്‍ സെബിക്കു സഹായകമാവുകയും ചെയ്തു. 27133 ഏറ്റെടുക്കലുകള്‍ നടത്താന്‍ സെബിക്കു കഴിഞ്ഞതും ഇതുകൊണ്ടാണ്. കേരളത്തിലും സി.ബി.ഐ, ഇ.ഡി അന്വേഷണം നടന്നിട്ടില്ല എന്നു ചൂണ്ടിക്കാട്ടി 2022 മേയില്‍ ചീഫ് സെക്രട്ടറിക്ക് നിക്ഷേപകരുടെ സംഘടന പരാതി കൊടുത്തിരുന്നു. സംസ്ഥാന പൊലീസിലെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണ വിവരങ്ങള്‍ അങ്ങനെയാണ് പുറത്തുവന്നത്. ഒരുപക്ഷേ, കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പാണ് ഇത്. നേരിട്ടും അല്ലാതെയും ഈ തട്ടിപ്പിന്റെ ഇരകളായവരുടെ ജീവിതദുരിതം ചെറുതല്ല. നിസ്സഹായതയുടെ മൂര്‍ധന്യത്തില്‍ അവര്‍ ഒന്നിച്ച് അതിശക്തമായ പ്രതിഷേധത്തിന് ഇറങ്ങിത്തിരിച്ചാല്‍ കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതവും ചെറുതായേക്കില്ല. മാറിനില്‍ക്കാതെ ഇടപെടാന്‍ കേരളം ഇനിയും വൈകാതിരിക്കുകയാണ് വേണ്ടത്.

ആത്മഹത്യ ചെയ്ത ബാബുവും സിനിയും
ആത്മഹത്യ ചെയ്ത ബാബുവും സിനിയും

വഞ്ചനയുടെ ഇരകള്‍

ചേനങ്ങാടന്‍ ബാബുവിന്റേയും ഭാര്യ സിനിയുടേയും ചിത്രമാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്. രണ്ടുപേരും ജീവിച്ചിരിപ്പില്ല; ഒന്നിച്ച് ജീവിതം അവസാനിപ്പിച്ചു. തൃശൂര്‍ പരിയാരം പഞ്ചായത്തിലെ കോണ്‍ഗ്രസ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായിരുന്നു സിനി. തട്ടിപ്പുകാരാണ് എന്നറിയാതെ പേള്‍ പി.എ.സി.എല്ലിനുവേണ്ടി നിക്ഷേപസമാഹരണം നടത്തുന്ന ഏജന്റുമാരായി പ്രവര്‍ത്തിച്ചതാണ് അവരുടെ ദുരന്തത്തിനു കാരണം. 

പണവുമായി പി.എ.സി.എല്‍ മുങ്ങിയപ്പോള്‍ പണം കൊടുത്തവര്‍ ഇവര്‍ക്കു നേരേ തിരിഞ്ഞതു സ്വാഭാവികം. രക്ഷപ്പെടാന്‍ തിരഞ്ഞെടുത്ത വഴിയാണ് മരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവരുടെ തട്ടിപ്പിന്റെ ഇരകളായി കേരളത്തില്‍ ആത്മഹത്യ ചെയ്തവരില്‍ ഇവരെപ്പോലെ ഫീല്‍ഡ് ഏജന്റുമാരുമുണ്ട്. വിശ്വാസ്യതയുള്ള ആളുകളാണ് അവരുടെ നിക്ഷേപശൃംഖലയുടെ ഭാഗമായിച്ചേര്‍ന്നത്, മനപ്പൂര്‍വം തട്ടിപ്പിനു കൂട്ടുനിന്നവരല്ല ഇവര്‍; മറിച്ച്, ജീവിക്കാന്‍ ഒരു അധികവരുമാനം എന്ന നിലയില്‍ നിക്ഷേപസമാഹരണത്തിന് ഇടനിലക്കാരായവരാണ്. സിനിയുടെ കാര്യം തന്നെ ഉദാഹരണം: അമ്മ വഴി പി.എ.സി.എല്ലില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചുകിട്ടാതെ വന്നപ്പോള്‍ ഉണ്ടായ മനോവിഷമമാണ് അമ്മയുടേയും അച്ഛന്റേയും ആത്മഹത്യയ്ക്കു കാരണമെന്ന് മക്കള്‍ ഷിബിനും ഐസക്കും ഇസബെല്ലയും പറയുന്നു. 2018 നവംബര്‍ 29-നാണ് രണ്ടുപേരും ജീവിതം അവസാനിപ്പിച്ചത്. സ്വന്തം വീടും പുരയിടവും സഹകരണബാങ്കിന് ഈട് നല്‍കി വായ്പയെടുത്ത് കുറേപ്പേരുടെ പണം കൊടുത്തിരുന്നു. ബാങ്ക് ഇപ്പോള്‍ ആ വീടും പറമ്പും ജപ്തി ചെയ്യാനുള്ള നീക്കത്തിലാണ്. പെരുവഴിയിലായേക്കുമെന്ന ആശങ്കയിലാണ് മക്കള്‍.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com