''അലി.. ആ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഞാന്‍, നിങ്ങളെടുത്ത ഫോട്ടോകളൊക്കെ ഞാന്‍ കണ്ടു''

മലബാറിലെ മുസ്ലിം ജീവിതത്തിന്റ നേര്‍സാക്ഷ്യങ്ങളായ ഒട്ടേറെ ജീവസുറ്റ ചിത്രങ്ങള്‍ അലി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. മൂന്നര ദശാബ്ദത്തെ സാമൂഹിക ചരിത്രാംശങ്ങള്‍ കൂടി തെളിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളാണവ.
അലി കോവൂര്‍
അലി കോവൂര്‍

ന്ദ്രികയുടെ സീനിയര്‍ ഫോട്ടോഗ്രാഫറായിരുന്ന അലി കോവൂര്‍, സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ക്ലിക്ക് 3 ക്യാമറ വാങ്ങി. 1974-ലാണത്. സ്‌കൂള്‍ വിട്ടുകഴിഞ്ഞ്, നഗരത്തിലെ കായ വറുക്കുന്ന ഒരു കടയില്‍ സഹായിയായി നിന്ന്, ദിവസവും കിട്ടുന്ന രണ്ട് രൂപ കൂട്ടിവെച്ചാണ് ക്യാമറ വാങ്ങി ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ''വീട്ടില്‍ വലിയ പ്രാരബ്ധമായിരുന്നു. സൗജന്യമായി കിട്ടുന്ന വാഴയ്ക്കാത്തോട് വീട്ടില്‍ കൊണ്ടുവന്ന് കറിവെയ്ക്കും. ഒന്‍പതാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി.''

തിലക് സ്റ്റുഡിയോയിലായിരുന്നു ഫിലിം വാഷ് ചെയ്യാന്‍ കൊടുത്തിരുന്നത്. ''ഞാനെടുത്ത സൈക്കിള്‍ അഭ്യാസത്തിന്റെ പടം കണ്ട് സ്റ്റുഡിയോ ഉടമസ്ഥനായ രാഘവേട്ടന്‍ പറഞ്ഞു: ''ഇത് കൊള്ളാമല്ലോ. നീയിവിടെ നിന്നോ.'' അങ്ങനെ, സഹായിയായി അവിടെക്കൂടി.

കല്ലായിയില്‍ ഒരു സ്ത്രീ കുത്തേറ്റുമരിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു മുന്‍പ് അതിന്റെ ഫോട്ടോയെടുപ്പിക്കാന്‍ സ്റ്റൂഡിയോയില്‍ ആളുവന്നു. ''മറ്റാരും ഉണ്ടായിരുന്നില്ല. യാഷിക 635 ക്യാമറയില്‍ മൃതദേഹത്തിന്റെ ഒട്ടേറെ ക്ലോസപ്പ് ചിത്രങ്ങളെടുത്തു. പതിനെട്ട് കുത്തേറ്റാണ് ആ സ്ത്രീ മരിച്ചത്. ഫോട്ടോ വാഷ് ചെയ്തപ്പോഴേക്കും രാഘവേട്ടന്‍ വന്നു. മടിച്ചു മടിച്ചാണ് കാര്യം പറഞ്ഞത്. ചിത്രങ്ങള്‍ കണ്ട അദ്ദേഹം അത്ഭുതപ്പെട്ടു: ''ഇതൊക്കെ നീ എപ്പോഴാ പഠിച്ചത്!''

ആ കേസിലെ പ്രതി ശിക്ഷിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഫോട്ടോ എടുക്കാന്‍ മറ്റുള്ളവരോടൊപ്പം പോയപ്പോള്‍, അവിടുത്തെ ഒരു അന്തേവാസി നീട്ടിവിളിച്ചു: ''അലി...'' പേടിയോടെ അടുത്തുചെന്നപ്പോള്‍ അയാള്‍ പരിചയപ്പെടുത്തി; ആ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഞാന്‍. നിങ്ങളെടുത്ത ഫോട്ടോകളൊക്കെ ഞാന്‍ കണ്ടുവെന്ന് പറഞ്ഞു,

അലി കോവൂര്‍
എം.ടിയുടെ സ്വന്തം ഫോട്ടോഗ്രാഫര്‍
.1991 മെയ് മാസത്തിൽ  മഞ്ചേരിയിൽ നടന്ന ഒരു പൊതുയോഗത്തിൽ രാജീവ് ഗാന്ധി-അദ്ദേഹം കേരളത്തിൽ പങ്കെടുത്ത അവസാനത്തെ പൊതു യോഗം
.1991 മെയ് മാസത്തിൽ മഞ്ചേരിയിൽ നടന്ന ഒരു പൊതുയോഗത്തിൽ രാജീവ് ഗാന്ധി-അദ്ദേഹം കേരളത്തിൽ പങ്കെടുത്ത അവസാനത്തെ പൊതു യോഗംഫോട്ടോ: അലി കോവൂര്‍

തിലക് സ്റ്റുഡിയോ വിട്ട്, 600 രൂപ ശമ്പളത്തില്‍ നാഷണല്‍ സ്റ്റുഡിയോയിലെത്തി. തുടര്‍ന്ന് മറ്റ് ചില സ്റ്റുഡിയോകളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം, 1977-ല്‍ ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട് യൂണിറ്റില്‍ താല്‍ക്കാലിക ഫോട്ടോഗ്രാഫറായാണ് അലി കോവൂരിന്റെ നാലു പതിറ്റാണ്ടിലേറെ നീണ്ട മാധ്യമജീവിതത്തിന്റെ തുടക്കം.

ഇന്റര്‍വ്യൂവിനു ഇരുപതോളം പേരുണ്ടായിരുന്നു. ഉച്ചയ്ക്ക് മറ്റുള്ളവരെയെല്ലാം പറഞ്ഞുവിട്ട ശേഷം അലിക്ക് അവര്‍ ഒരു യാഷിക 120 ജി ക്യാമറ നല്‍കി, കോഴിക്കോട് ബീച്ചില്‍ കടല്‍പാലത്തിനടുത്ത് നങ്കൂരമിട്ട ഒരു കപ്പലില്‍നിന്ന് സിമന്റ് ഇറക്കുന്ന ഫോട്ടോ എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. ആദ്യ അസൈന്‍മെന്റ്. ബീച്ച് ഹോട്ടലിന്റെ മുകളില്‍നിന്ന് എടുത്ത ചിത്രം അടുത്ത ദിവസം, പേരോടു കൂടി ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അങ്ങനെ, അവിടെ ഫോട്ടോഗ്രാഫറായി. ശമ്പളം 200 രൂപ.

നെഹ്റു കപ്പ് ഫുട്ബാൾ മത്സരത്തിൻ്റെ ടിക്കറ്റ് വാങ്ങാനായി പൊരിവെയിലത്ത് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ക്യൂ നിൽക്കുന്നവർ
നെഹ്റു കപ്പ് ഫുട്ബാൾ മത്സരത്തിൻ്റെ ടിക്കറ്റ് വാങ്ങാനായി പൊരിവെയിലത്ത് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ക്യൂ നിൽക്കുന്നവർഫോട്ടോ: അലി കോവൂര്‍
അലി കോവൂര്‍
''മരണവെപ്രാളത്തിനിടയില്‍ അവള്‍ പറഞ്ഞു: അങ്കിളേ വെള്ളം വേണം'' ജീവന്‍ മിടിക്കുന്ന ഫ്രെയിമുകളുടെ ഓര്‍മ്മകള്‍

ചന്ദ്രികയിലെ

സമ്പന്നമായ അനുഭവങ്ങള്‍

ഏതാനും മാസം കഴിഞ്ഞപ്പോള്‍, കൂടുതല്‍ ശമ്പളത്തില്‍ മറ്റൊരു പത്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം വന്നു. അത് പി. സീതിഹാജിയോട് പറഞ്ഞപ്പോള്‍, 300 രൂപ കൂട്ടി നല്‍കി, അവിടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി സ്ഥിരനിയമനം നല്‍കി.

സമ്പന്നമായ അനുഭവങ്ങള്‍ ചന്ദ്രികയില്‍ ഉണ്ട്. സി.എച്ച്, മുഹമ്മദ് കോയയ്ക്കൊപ്പം മിക്കവാറും അദ്ദേഹത്തിന്റെ വാഹനത്തില്‍ തന്നെയാകും ചിത്രങ്ങള്‍ എടുക്കാന്‍ പോകുക. ഒരിക്കല്‍, മാവൂരിനടുത്ത് വാഴക്കാട്ട് ഒരു പള്ളി ഉദ്ഘാടനത്തിനു സംഘാടകര്‍ വണ്ടിയുമായി വന്നാണ് കൂട്ടിക്കൊണ്ടുപോയത്. ഒരു വയല്‍വരമ്പിനപ്പുറമാണ് വേദി. രണ്ടു വശത്തും സ്ത്രീകള്‍ ഉള്‍പ്പെടെ ധാരാളം പേരുണ്ട്. നടന്നുപോകുമ്പോള്‍, മൈക്ക് അനൗണ്‍സ്മെന്റ് മുഴങ്ങി: നമ്മളെല്ലാവരും കാത്തിരിക്കുന്ന ചന്ദ്രികയുടെ ഫോട്ടോഗ്രാഫര്‍ ഇതാ, ഇതാ എത്തിക്കഴിഞ്ഞു!ഉദ്ഘാടകനായി വേദിയില്‍ ഒറ്റയ്ക്കിരിക്കുന്ന പാണക്കാട് തങ്ങള്‍ ഇതുകേട്ട് ചിരിക്കുന്നുണ്ടായിരുന്നു. സംഘാടകരോട് പറഞ്ഞപ്പോള്‍, അവര്‍ നല്‍കിയ ഉത്തരം വളരെ രസകരമായിരുന്നു; ''തങ്ങള്‍ ഉദ്ഘാടനം ചെയ്താലും നിങ്ങള് പടം എടുത്തില്ലെങ്കില്‍, അത് പത്രത്തില്‍ വരില്ല. പിന്നെന്ത് കാര്യം!''

പിന്നീട്, ഡോ. എം.കെ. മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ കളിയാക്കി 'വി.ഐ.പി' എന്നാണ് വിളിച്ചിരുന്നത് - അലി കോവൂര്‍ ഓര്‍ക്കുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പണിമുടക്കിയപ്പോള്‍, അവര്‍ക്ക് മുന്നിലൂടെ, കൈയൊടിഞ്ഞ മൂന്നുവയസ്സോളം പ്രായമുള്ള കുട്ടിയേയും കൂട്ടി, എക്സ്റേയുമായി ഒരമ്മ നടക്കുന്നത് സമരക്കാര്‍ നോക്കിനില്‍ക്കുന്ന ചിത്രമെടുത്തു. അതിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. പക്ഷേ, അതിനെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധവും കേസുകളും ഉണ്ടായി.

കോഴിക്കോട് കുറ്റിച്ചിറ തെക്കേപ്പുറത്ത് ഒരു പെരുന്നാളിന് ഉമ്മമാർ ഒത്തുകൂടിയപ്പോൾ
കോഴിക്കോട് കുറ്റിച്ചിറ തെക്കേപ്പുറത്ത് ഒരു പെരുന്നാളിന് ഉമ്മമാർ ഒത്തുകൂടിയപ്പോൾഫോട്ടോ: അലി കോവൂര്‍

സംസ്ഥാനത്തെ നടുക്കിയ മാറാട് കലാപത്തിലെ ആദ്യ കൊലയുടെ ചിത്രം അലിക്കു ലഭിച്ചത് യാദൃച്ഛികമായിരുന്നു. വീടുകള്‍ക്കു തീവെച്ച പടങ്ങള്‍ എടുക്കാന്‍ മറ്റു ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം കോളനിയില്‍ പോയതായിരുന്നു. പല ആംഗിളുകളില്‍ ചിത്രം എടുത്തിട്ടും ശരിയാകാതെ വന്നപ്പോള്‍, ഒരു തോണിയില്‍ ചവിട്ടി ക്യാമറ സെറ്റ് ചെയ്യാന്‍ നോക്കി. കാല്‍ വഴുതുന്നു. ഫ്‌ലാഷ് മിന്നിച്ചു നോക്കിയപ്പോള്‍, മരിച്ചുകിടന്ന ഒരാളുടെ കാലിന്റെ മുകളിലാണ് ചവിട്ടിയത് എന്ന് മനസ്സിലാക്കി. പൊലീസിനേയും മറ്റു ഫോട്ടോഗ്രാഫര്‍മാരേയും വിവരമറിയിച്ചു. ആ ചിത്രം അടുത്ത ദിവസം ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

1987-ല്‍ കോഴിക്കോട് നടന്ന നെഹ്റു കപ്പ് ഫുട്ബോള്‍ മത്സരത്തിലെ സ്ത്രീകളുടെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിയുടെ ചിത്രമാണ് അലിയെ ശ്രദ്ധേയനാക്കിയ മറ്റൊരു ഫോട്ടോ. ''എഫ്.സി ഗോകുലം ടീമിന്റെ ജെഴ്സിയില്‍ കുറേക്കാലം ഈ ഫോട്ടോയുണ്ടായിരുന്നു.''

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പത്രസ്ഥാപനങ്ങള്‍ മുന്‍പ് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. 1979 ഒക്ടോബര്‍ 12-ന് സി.എച്ച്. മുഹമ്മദ് കോയ മുഖമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഫോട്ടോ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് എത്തിച്ചതിന്റെ കഥ അലി വിവരിച്ചു. മാനേജ്മെന്റ് നിര്‍ദ്ദേശപ്രകാരം അത് കൊടുത്തയച്ചത് തിരുവനന്തപുരത്തുനിന്ന് കൊച്ചിക്കു വരികയായിരുന്ന എ.കെ. ആന്റണിയുടെ കൈയിലായിരുന്നു. അവിടെനിന്ന് ചന്ദ്രിക ലേഖകന്‍ കാറിലാണ് ഫോട്ടോ കോഴിക്കോട് ഹെഡ് ഓഫീസില്‍ എത്തിച്ചത്. ''എന്നെ ഫ്‌ലൈറ്റില്‍ കോഴിക്കോട്ടേക്ക് അയച്ചാല്‍ മതിയായിരുന്നു. പക്ഷേ, അത് ചെയ്തില്ല. അതിനേക്കാളധികം തുക അതിന് ചെലവാക്കി.''

ഇന്ദിരാഗാന്ധി മഞ്ചേരിയിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാന്‍ വന്നതിന്റെ വ്യത്യസ്തമായൊരു ഫോട്ടോ എടുത്തിട്ടുണ്ട്. വേദിയില്‍നിന്നാണ് അത് എടുത്തത്. ഹെലിപ്പാഡില്‍ ഇറങ്ങിയ അവര്‍ ജനങ്ങള്‍ക്കിടയിലൂടെ വേദിയിലേക്ക് നടന്നുവരുന്ന ചിത്രമാണത്.

രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുന്‍പ് അദ്ദേഹം മഞ്ചേരിയില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചതിന്റെ ചിത്രമാണ് മറ്റൊന്ന്. ജനങ്ങളുടെ സ്നേഹപ്രകടനങ്ങളില്‍ അദ്ദേഹത്തിന്റെ ഷര്‍ട്ട് കീറി. പ്രസംഗവേദിയില്‍നിന്ന് 24 എം.എം. വൈഡ് ലെന്‍സ് ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുത്തു. വേദിയിലേക്കു വന്ന രാജീവ് ഗാന്ധിയെ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും മറ്റും ചേര്‍ന്ന് സ്വീകരിക്കുന്ന ആ ചിത്രം ചരിത്രരേഖയായി.

അദ്ദേഹത്തിന്റെ അവസാന കേരള സന്ദര്‍ശനമായിരുന്നു, അത്. ''ഒന്നു രണ്ട് ദിവസത്തിനു ശേഷം, ജോലി കഴിഞ്ഞ് രാത്രി വൈകി ഞാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി കിടന്നുറങ്ങി. വെളുപ്പിനു വീടിനു മുകളില്‍ കല്ല് വന്നുവീഴുന്നത് കേട്ടാണ് ഉണര്‍ന്നത്. എന്താണെന്ന് അന്വേഷിക്കാന്‍ പുറത്തിറങ്ങിയ എന്റെ കഴുത്തില്‍ വടിവെച്ച്, ആരോ കൊല്ലാന്‍ ശ്രമിച്ചു. കാര്യം തിരക്കിയപ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതറിഞ്ഞത്. ഓടിക്കൂടിയവരാണ് ആ പ്രതിഷേധക്കാരില്‍നിന്ന് എന്നെ രക്ഷിച്ചത്.''

സർക്കാർ ജീവനക്കാരുടെ സമരകാലത്ത് പ്രവർത്തിച്ച കോഴിക്കോട് കുതിരവട്ടം എ.യു.പി സ്ക്കൂളിന് സമരക്കാർ  പേരിട്ടതിങ്ങനെ
സർക്കാർ ജീവനക്കാരുടെ സമരകാലത്ത് പ്രവർത്തിച്ച കോഴിക്കോട് കുതിരവട്ടം എ.യു.പി സ്ക്കൂളിന് സമരക്കാർ പേരിട്ടതിങ്ങനെഫോട്ടോ: അലി കോവൂര്‍

1987-ല്‍ കലിക്കറ്റ് പ്രസ്സ് ക്ലബ്ബ് അവാര്‍ഡ്, 1990-ല്‍ സംസ്ഥാന ഗവ. അവാര്‍ഡ്, 2012-ല്‍ എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്, ചന്ദ്രിക റീഡേഴ്സ് ഫോറം അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ അലി കോവൂരിനു ലഭിച്ചിട്ടുണ്ട്. ഔട്ട്ലുക്ക്, ബി.ബി.സി എന്നിവയ്ക്കുവേണ്ടിയും ചിത്രങ്ങള്‍ അയയ്ക്കാറുണ്ട്. മലപ്പുറം മൊറയൂര്‍ വീരാന്‍ ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി വി.പി. റൂബിയ ഭരതനാട്യം അവതരിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു 2006-ല്‍ ബി.ബി.സിക്കു നല്‍കിയത്. അക്കൊല്ലം എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നിവയില്‍ സമ്മാനങ്ങള്‍ നേടിയ കുട്ടി. 'അനിസ്ലാമികമായ' കലകള്‍ അവതരിപ്പിച്ചതിന് റൂബിയയുടെ കുടുംബത്തിന് വള്ളുവമ്പ്രം മഹല്ല് കമ്മറ്റി വിലക്കേര്‍പ്പെടുത്തിയത് അന്ന് വലിയ വിവാദമുണ്ടാക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലബാറിലെ മുസ്ലിം ജീവിതത്തിന്റ നേര്‍സാക്ഷ്യങ്ങളായ ഒട്ടേറെ ജീവസുറ്റ ചിത്രങ്ങള്‍ അലി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. മൂന്നര ദശാബ്ദത്തെ സാമൂഹിക ചരിത്രാംശങ്ങള്‍ കൂടി തെളിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളാണവ.

ആ ക്യാമറക്കണ്ണ് ഇപ്പോഴും തുറന്നിരിക്കുന്നു. 2015-ല്‍ ചന്ദ്രികയില്‍നിന്ന് സീനിയര്‍ ഫോട്ടോഗ്രാഫറായി വിരമിച്ച ശേഷം, ഫോട്ടോ സ്റ്റുഡിയോയിലൂടെ ഈ രംഗത്ത് ഏറെ സജീവം. കാഴ്ച ശരിയാക്കാന്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഒരു കണ്ണു നഷ്ടപ്പെട്ടുവെങ്കിലും, അടുത്തിടെ മകളും ഭാര്യയും വിട്ടുപിരിഞ്ഞെങ്കിലും കര്‍മ്മനിരതമാണ് അലിയുടെ ജീവിതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com