എം.ടിയുടെ സ്വന്തം ഫോട്ടോഗ്രാഫര്‍

ഷാജു ജോണ്‍
ഷാജു ജോണ്‍

നിശ്ചല ചിത്രങ്ങളില്‍നിന്ന് ചലന ചിത്രങ്ങളിലേക്ക്. ആര്‍ട്ടിസ്റ്റ്, ഫോട്ടോഗ്രാഫര്‍, ക്രിയേറ്റീവ് വിഷ്വല്‍ ഡോക്യുമെന്റേഷന്‍ സ്പെഷ്യലിസ്റ്റ്, ഡോക്യുമെന്ററി ഫിലിം സംവിധായകന്‍... ഷാജു ജോണിന്റെ പ്രവര്‍ത്തനരംഗം ഇതെല്ലാമാണ്.

തുടക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍, എം.ടി. വാസുദേവന്‍ നായരുടെ ശിഷ്യനായി. 1994-ല്‍ പീരിയോഡിക്കല്‍സിന്റെ ആദ്യ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ചേര്‍ന്നു. എം.ടി, സ്നേഹപൂര്‍വ്വം ഷാജുവിനെ 'എന്റെ ഫോട്ടോഗ്രാഫര്‍' എന്നാണ് എല്ലാവര്‍ക്കും പരിചയപ്പെടുത്തിയിരുന്നത്. ''പിതൃതുല്യമായ വാത്സല്യം അനുഭവിച്ചിരുന്ന കാലം. ഇന്നും ആ ബന്ധം തുടരുന്നു. എം.ടി സാര്‍ ആളുകളെ നോക്കുന്ന ഒരു നോട്ടമുണ്ട്. അത് ഒരുതരം കംപ്ലീറ്റ് സ്‌കാനിങ്ങാണ്. അടിമുടി ശ്രദ്ധിക്കുന്ന രീതി. ഒരൊറ്റ നോട്ടം കൊണ്ട് മുന്‍പില്‍ വരുന്നയാളെ സ്‌കാന്‍ ചെയ്ത്, നല്ല റിസള്‍റ്റാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ കൂടുതല്‍ അടുപ്പിക്കൂ.''

കോഴിക്കോട് ജില്ലയില്‍ മരുതോങ്കര ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഷാജു ഓര്‍മ്മകളിലൂടെ തിരികെ നടക്കുകയാണ്... ''പ്രകൃതിയുമായി ഇഴുകിവളര്‍ന്നത് എന്റെ കലാജീവിതത്തിന് മുതല്‍ക്കൂട്ടായി.'' ജീവിതത്തില്‍ ആദ്യമായി ഒരു ക്യാമറ കാണുന്നത് പത്താം വയസ്സിലാണ്. അക്കാലത്തുള്ള ബെല്ലോസ് ക്യാമറ. കോഴിക്കോട്ടെ കോളേജ് പഠനത്തിനിടെ യൂണിവേഴ്സല്‍ ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. ''സിറ്റിയിലെ പ്രശസ്തമായ സുദര്‍ശന്‍ സ്റ്റുഡിയോയിലെ ബാലേട്ടനുമായി പരിചയത്തിലായി. അദ്ദേഹം തന്റെ മിനോള്‍ട്ട ഇലക്ട്രോ 35 ക്യാമറ വീട്ടിലേക്ക് തന്നു വിടും. അയല്‍വാസികളുടെ ചിത്രം എടുക്കുമ്പോള്‍, വാഷ് ചെയ്ത് പ്രിന്റ് എടുക്കാന്‍ ചെറിയ തുക തരും. അതുവച്ച് വീണ്ടും ഫിലിം വാങ്ങും. അങ്ങനെ പലതരം വെളിച്ചത്തില്‍ കളറിലും ബ്ലാക്ക് ആന്റ് വൈറ്റ് ഫിലിമിലും പരീക്ഷണങ്ങള്‍ നടത്തുമായിരുന്നു.'' ധാരാളം ഫോട്ടോഗ്രാഫി ബുക്കുകളും റഫര്‍ ചെയ്ത് പരിശീലനം നടത്തി. ''റെംബ്രാന്‍ഡ് പോലുള്ള മാസ്റ്റര്‍ പെയിന്റര്‍മാരുടെ ചിത്രങ്ങള്‍ പെയിന്റ് ചെയ്ത് പഠിക്കുന്നത് ഇക്കാലത്ത് പതിവായിരുന്നു.''

എം.ടി,
എം.ടി,ഫോട്ടോ: ഷാജു ജോണ്‍
അക്കാലത്ത് ആദ്യമായി കേട്ടറിഞ്ഞ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് വിക്ടര്‍ ജോര്‍ജ്. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ, അദ്ദേഹത്തെ കാണുക എന്ന ഏക ലക്ഷ്യവുമായി കോട്ടയം മലയാള മനോരമയില്‍ ചെന്നു. മതിലിനു പുറത്തുനിന്ന്, അവിടെ കണ്ട ആളോട് വിക്ടര്‍ ജോര്‍ജിനെ ഒന്ന് കാണണം എന്ന് വിളിച്ചുപറഞ്ഞു. ''ഞാന്‍ തന്നെയാണ്'' എന്നു പറഞ്ഞ്, അദ്ദേഹം അടുത്തുവന്നു. ''അതൊരു മാജിക്കല്‍ മൊമെന്റായിരുന്നു.''

പ്രശസ്ത കലാകാരനും എഴുത്തുകാരനുമായ പോള്‍ കല്ലാനോടിനെ പരിചയപ്പെട്ടത് ഇക്കാലത്താണ്. ''ഗുരുവും ജ്യേഷ്ഠതുല്യനുമായ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കാലത്ത് കലയും അതിന്റെ ഫിലോസഫിയും പഠിച്ചു.'' ചിത്രകലയിലെ പ്രകാശവിന്യാസം ഛായാഗ്രഹണത്തില്‍ ഓരോ ഫ്രെയിമിലും സാങ്കേതികമായി എങ്ങനെ ആവിഷ്‌കരിക്കാം എന്ന് ചിന്തിച്ചു. ''രണ്ടിന്റേയും സൗന്ദര്യശാസ്ത്രം (aesthetics) നോക്കിയാല്‍ ആ കാലഘട്ടത്തില്‍ ഫോട്ടോഗ്രാഫി പെയിന്റിങ്ങിന്റെ പാത പിന്തുടര്‍ന്നിരുന്നു എന്ന് മനസ്സിലാക്കാം.''

ബിരുദ പഠനകാലത്ത് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും ചിത്രകാരനായും കോഴിക്കോട് കഴിയുമ്പോള്‍ കല്ലാനോടുമായുള്ള അടുപ്പത്താല്‍, അദ്ദേഹത്തോടൊപ്പം കേരളത്തിലെ പാല്‍വിതരണ ശൃംഖലയെപ്പറ്റി ആകാശവാണിക്കായി ഒരു ഫോട്ടോ കോഫി ടേബിള്‍ ബുക്ക് ചെയ്യാന്‍ ഷാജുവിന് അവസരം കിട്ടി. വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു, അത്. ചെറുപ്രായത്തില്‍ വലിയ പ്രൊജക്ടുകള്‍ ചെയ്യാനായതില്‍ അഭിമാനം തോന്നിയെന്ന് അദ്ദേഹം പറയുന്നു.

അക്കാലത്ത് ആദ്യമായി കേട്ടറിഞ്ഞ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് വിക്ടര്‍ ജോര്‍ജ്. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ, അദ്ദേഹത്തെ കാണുക എന്ന ഏക ലക്ഷ്യവുമായി കോട്ടയം മലയാള മനോരമയില്‍ ചെന്നു. മതിലിനു പുറത്തുനിന്ന്, അവിടെ കണ്ട ആളോട് വിക്ടര്‍ ജോര്‍ജിനെ ഒന്ന് കാണണം എന്ന് വിളിച്ചുപറഞ്ഞു. ''ഞാന്‍ തന്നെയാണ്'' എന്നു പറഞ്ഞ്, അദ്ദേഹം അടുത്തുവന്നു. ''അതൊരു മാജിക്കല്‍ മൊമെന്റായിരുന്നു.'' ചിത്രങ്ങള്‍ ഒത്തിരി കണ്ടിട്ടുണ്ട്. നേരില്‍ കാണണം എന്നു തോന്നി വന്നതാണ് എന്നറിയിച്ചു. ''വളരെ സ്‌നേഹത്തോടെ, സൗമ്യമായി എന്നോട് സംസാരിച്ചു, കുറഞ്ഞ സമയത്തിനുള്ളില്‍ അദ്ദേഹം ഉള്ളിലേക്കു പകര്‍ന്ന ഒരു പവര്‍ അവാച്യമാണ്. വിക്ടറിന്റെ ചിത്രങ്ങളില്‍ ഒരു എമ്പതി (empathy) ഉണ്ടായിരുന്നു.''

മധുരയ്ക്കടുത്ത് ഒരു ഗ്രാമത്തിൽ ജെല്ലിക്കെട്ടിന്  കാളയെ ഒരുക്കുന്നു.
മധുരയ്ക്കടുത്ത് ഒരു ഗ്രാമത്തിൽ ജെല്ലിക്കെട്ടിന് കാളയെ ഒരുക്കുന്നു.ഫോട്ടോ: ഷാജു ജോണ്‍

കോഴിക്കോട്ടെ പഠനകാലത്ത് മണ്ണാര്‍ക്കാട് ഒഡെസ്സ ഫിലിം സൊസൈറ്റി നടത്തിയ പത്തു ദിവസത്തെ ഫിലിം ക്യാമ്പില്‍ പങ്കെടുത്ത് ക്ലാസ്സിക് സിനിമകള്‍ കണ്ടതോടെ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കമ്പം തോന്നി.

സിനിമാതാല്പര്യം ഏറിക്കൊണ്ടിരുന്ന ബിരുദ പഠനകാലത്താണ് ആദ്യമായി എം.ടി. വാസുദേവന്‍ നായരെ കാണുന്നത്. അത് പിന്നീട് ജീവിതത്തിലെ വലിയ വഴിത്തിരിവായി. ''സ്വന്തമായി എടുത്ത കുറെ ചിത്രങ്ങളുമായാണ് മാതൃഭൂമി പീരിയോഡിക്കല്‍സിന്റെ ഓഫീസില്‍ പോയത്.'' ജോലിയില്‍ മുഴുകിയിരുന്ന എം.ടി. സാര്‍ തലയുയര്‍ത്തി ഒന്ന് നോക്കി, ''വരൂ'' എന്ന് മാത്രം പറഞ്ഞു. ഒന്നും മിണ്ടുന്നില്ല. ചിത്രങ്ങള്‍ കൊടുത്തു. അതില്‍ ഒന്നെടുത്ത് വെര്‍ട്ടിക്കലായും ഹൊറിസോണ്ടലായും പിടിച്ച് പലതവണ നോക്കി. സബ്ജെക്ടില്‍ ഒരു പ്രത്യേക രീതിയില്‍ പ്രകാശം പതിക്കുന്ന ഒരു ചിത്രമായിരുന്നു, അത്. അദ്ദേഹം ശത്രുഘ്നനെ വിളിച്ചുവരുത്തി, ആ ചിത്രം കൈമാറി. അത് പിന്നീട് ആഴ്ചപ്പതിപ്പിന്റെ കവര്‍ചിത്രമായി പ്രസിദ്ധീകരിച്ചു. പിന്നെയും ചിത്രങ്ങള്‍ വന്നു.

സിനിമ പഠിക്കാന്‍ അതിയായ താല്പര്യമുണ്ടെന്ന് എം.ടിയോട് പറഞ്ഞപ്പോള്‍, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരണമെന്ന് ഉപദേശിച്ചു. അതിനായി ഷാജി എന്‍. കരുണിന് സ്വന്തം കൈപ്പടയില്‍ അദ്ദേഹം ഒരു കത്ത് എഴുതി നല്‍കി. ''പക്ഷേ, മൂന്ന് വട്ടം എഴുതിയെങ്കിലും പ്രവേശനപരീക്ഷയില്‍ കടന്നുകൂടാന്‍ കഴിഞ്ഞില്ല, എന്റെ കൂടെ എല്ലാ പരീക്ഷയും എഴുതിയ ഒരാളുണ്ട്- റസൂല്‍ പൂക്കുട്ടി. റസൂലുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് ഷൈജു പറയുന്നു.

ഷൈജു ചെന്നൈയില്‍ ക്യാമറാമാന്‍ മധു അമ്പാട്ടിന്റെ കൂടെ കുറച്ചുകാലം പ്രവര്‍ത്തിച്ചു. വരുമാനം ഇല്ലാതെ ഏറെക്കാലം അവിടെ കഴിഞ്ഞപ്പോള്‍ ഒരു ജോലി അത്യാവശ്യമായി തോന്നി. എം.ടിയോട് ഇക്കാര്യം പറഞ്ഞു. ''സിനിമയും പത്രപ്രവര്‍ത്തനവും ഒരുപോലെ ഡെഡിക്കേഷന്‍ വേണ്ടവയാണ്. രണ്ടു തോണിയില്‍ കാല്‍വച്ച് പോകാനാവില്ല, ഒന്ന് തീരുമാനിക്കണം,'' അദ്ദേഹം ഉപദേശിച്ചു. ജോലി അത്യാവശ്യമാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല. അതിനിടെ മാതൃഭൂമിയിലേക്ക് അപേക്ഷിച്ചു. സെലക്ഷന്‍ കിട്ടി. അങ്ങനെ, 1993-ല്‍ പീരിയോഡിക്കല്‍സില്‍ ഫോട്ടോഗ്രാഫര്‍ ട്രെയിനിയായി.'' ആ ബാച്ചില്‍ ഏറ്റവുമധികം പ്രവൃത്തിപരിചയമുള്ള ആളായിരുന്നിട്ടും ട്രെയിനിയായി മാത്രമേ എന്നെ പരിഗണിച്ചുള്ളൂ. മലയാള പത്രങ്ങള്‍ക്ക് ഫോട്ടോഗ്രഫിയിലുള്ള പൂര്‍വ്വ പരിചയങ്ങള്‍ പരിഗണിക്കുന്ന രീതി ഇന്നുമില്ല.''

വില്ലുപുരം ജില്ലയിലെ കൂവാഗം കൂത്താണ്ടവർ ക്ഷേത്രോത്സവത്തിനെത്തിയ ട്രാൻസ്ജെൻഡറുകൾ
വില്ലുപുരം ജില്ലയിലെ കൂവാഗം കൂത്താണ്ടവർ ക്ഷേത്രോത്സവത്തിനെത്തിയ ട്രാൻസ്ജെൻഡറുകൾഫോട്ടോ: ഷാജു ജോണ്‍

ഏറെക്കാലത്തിനു ശേഷം സംഭാഷണമദ്ധ്യേ എം.ടി ഷാജുവിനോട് പറഞ്ഞു: ''ഞാന്‍ തന്റെ നിയമനക്കാര്യം എം.പി. വീരേന്ദ്രകുമാറിനോട് പറഞ്ഞിരുന്നു. രണ്ടു പേര്‍ക്കും എന്റെ ഫോട്ടോകള്‍ ഇഷ്ടമായിരുന്നു.'' എം.ടിയോടൊപ്പം രണ്ടുവര്‍ഷം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ധന്യമായ അനുഭവങ്ങള്‍ ഏറെയുണ്ട്, ഷാജുവിന്. അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടിയത് ആയിടെയാണ്. സ്വന്തം നാട്ടിലെ സ്വീകരണ ചടങ്ങുകള്‍ക്കായി എം.ടി കൂടല്ലൂരില്‍ പോയപ്പോള്‍ ഷാജുവിനേയും ഒപ്പം കൂട്ടി. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ എടുത്തു. അവ എം.ടിയെക്കുറിച്ചുള്ള മാതൃഭൂമി സ്പെഷ്യല്‍ പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പത്രസ്ഥാപനത്തിലെ ഒരു തുടക്കക്കാരനു കിട്ടിയ വലിയ അംഗീകാരമായിരുന്നു അത്.

'എന്റെ ഫോട്ടോഗ്രാഫര്‍' എന്ന് യാത്രയിലെല്ലാം എം.ടി എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. അതുവരെ പ്രധാനപ്പെട്ട ഫോട്ടോകളെല്ലാം എടുത്തിരുന്ന ഒരാള്‍ക്ക് ഇതില്‍ അസ്വാസ്ഥ്യമുണ്ടായി. അദ്ദേഹം തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോള്‍ എന്നെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. അവിടെ, പക്ഷേ, കാര്യമായ ജോലിയൊന്നും അദ്ദേഹം ഏല്പിച്ചില്ല.''

വേദനകള്‍ നിറഞ്ഞകാലം

ഷാജുവിന് അവിടെ അസുഖകരമായ ഒട്ടേറെ അനുഭവങ്ങളുണ്ടായി. വി.ജെ.റ്റി ഹാളില്‍ ഇ.എം.എസ് പ്രസംഗിക്കുമ്പോള്‍, വിക്കി വിക്കി വാക്ക് ഉച്ചരിക്കുന്നതിന്റെ കുറേ ചിത്രങ്ങള്‍ പ്രത്യേക വെളിച്ചത്തില്‍ ടെലി ലെന്‍സ് ഉപയോഗിച്ച് എടുത്തു. അതിന്റെ സാമ്പിള്‍ പ്രിന്റെടുത്ത് ന്യൂസ് എഡിറ്ററെ കാണിച്ചു. ആ അപൂര്‍വ്വ ചിത്രങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ അദ്ദേഹം പറഞ്ഞു. പക്ഷേ, ഡാര്‍ക്ക് റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും അതിന്റെ നെഗറ്റീവ് അപ്രത്യക്ഷമായിരുന്നു! ''എന്റെ ഫോട്ടോഗ്രാഫി കരിയറില്‍ ഏറ്റവും വേദനിപ്പിച്ച അനുഭവമാണിത്.'' ട്രെയിനിങ്ങ് കാലം മൂന്നു വര്‍ഷമായി നീട്ടി ഉത്തരവും വന്നു. തനിക്ക് ഫോട്ടോഗ്രാഫി അറിയില്ലെന്ന് ഈ മേലധികാരി, പുതിയതായി വന്ന മാനേജിങ്ങ് ഡയറക്ടര്‍ എം.ജെ. വിജയപത്മനെ ധരിപ്പിച്ചു. വീരേന്ദ്ര കുമാര്‍ കേന്ദ്രമന്ത്രിയാകാന്‍ എം.ഡി സ്ഥാനമൊഴിഞ്ഞ സമയത്തായിരുന്നു, അത്. ''മാനസിക പീഡനങ്ങള്‍ കാരണം ഞാന്‍ പല തവണ ആശുപത്രിയിലായി. പിന്നീട് ന്യൂമോണിയ ബാധിച്ച് നാട്ടിലായിരുന്നപ്പോള്‍ എന്നെ പിരിച്ചുവിട്ടു.''

ശിവാജി ഗണേശൻ്റെ ശവമഞ്ചത്തിൽ പ്രഭു, രജനികാന്ത്,കമൽഹാസൻ,ഇളയരാജ,പ്രഭു
ശിവാജി ഗണേശൻ്റെ ശവമഞ്ചത്തിൽ പ്രഭു, രജനികാന്ത്,കമൽഹാസൻ,ഇളയരാജ,പ്രഭുഫോട്ടോ: ഷാജു ജോണ്‍

പിന്നീട് ഷാജുവിന് ഏറെ വേദനകള്‍ നിറഞ്ഞൊരു കാലമായിരുന്നു. തൃശൂരില്‍ സിനിമാചിത്രീകരണം നടത്തുകയായിരുന്ന സുഹൃത്ത് ഷാജി എന്‍. കരുണിനെ കണ്ട്, കൊച്ചിക്ക് മടങ്ങുന്നതിനിടയില്‍ ബൈക്കില്‍നിന്ന് ബാഗ് എവിടെയോ നഷ്ടപ്പെട്ടു. ഇ.എം.എസിന്റെ ഫോട്ടോകളുടെ പ്രിന്റ് ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ചിത്രങ്ങളുടെ ശേഖരം അങ്ങനെ നഷ്ടമായി.

അടുത്ത ദിവസം ബൈക്ക് ഓടിച്ച് കോഴിക്കോട്ടെത്തി, ഷാജു എം.ടിയെ കണ്ടു. ''എന്നെ പിരിച്ചുവിട്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രത്യേകിച്ച് ഒന്നും മിണ്ടിയില്ല. ലെറ്റര്‍പാഡെടുത്ത്, ഒരു സര്‍ട്ടിഫിക്കേറ്റ് എഴുതിത്തന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍ ഫോട്ടോഗ്രാഫറായി നന്നായി പ്രവര്‍ത്തിച്ചയാളാണ് ഞാനെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.''

സിനിമാപഠനം തുടരുന്നതിന് ഷാജു വീണ്ടും ചെന്നൈയിലെത്തി. കോയമ്പത്തൂരില്‍ 'ദ ഹിന്ദു ബിസിനസ് ലൈനി'ല്‍ ചേരാന്‍ ക്ഷണം കിട്ടിയെങ്കിലും പഠനം തുടരാനായിരുന്നു തീരുമാനം. തുടര്‍ന്ന്, കുറച്ചുകാലം 'ഇന്ത്യ ടുഡേ'യ്ക്കും 'ദ ഇന്ത്യന്‍ എക്സ്പ്രസി'നും വേണ്ടി ചിത്രങ്ങളെടുത്തു. പക്ഷേ, അതിനിടയില്‍, പുതുതായി വാങ്ങിയ ക്യാമറ മോഷണം പോയി. ''ഇന്ത്യന്‍ എക്സ്പ്രസിലുണ്ടായിരുന്ന മേതില്‍ രാധാകൃഷ്ണന്‍ വളരെയധികം ആശ്വസിപ്പിച്ചെങ്കിലും അവസാന ആശ്രയമായ ക്യാമറ കൂടി നഷ്ടമായത്തോടെ എല്ലാ നിയന്ത്രണവും വിട്ടു.'' ചെന്നൈയിലെ 'മാതൃഭൂമി' ലേഖകന്‍ സുധീന്ദ്രകുമാറിനൊപ്പം ഒരു അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച രാത്രി 'ദ ഹിന്ദു'വില്‍നിന്ന് വിളി വന്നു. എന്റെ അവസ്ഥ അറിഞ്ഞ ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാര്‍ എന്‍. റാമിനോട് എന്റെ കാര്യം പറഞ്ഞിരുന്നു.'' അങ്ങനെ, 1998-ല്‍ കോയമ്പത്തൂരില്‍ 'ദ ഹിന്ദു ബിസിനസ് ലൈനി'ല്‍ ഫോട്ടോഗ്രാഫറായി ചേര്‍ന്നു. ആറു മാസത്തിനു ശേഷം പ്രകാരം ചെന്നൈയിലേക്ക് മാറ്റി നിയമിച്ചു- 'ദ ഹിന്ദു'വില്‍.

ചെന്നൈ നഗരത്തിലെ അനുഭവസമ്പന്നമായ കാലം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചതുപ്പുകളില്‍ ഒന്നായിരുന്ന പള്ളിക്കരണിയിലെ (Pallikaranai Marsh) ദേശാടനപക്ഷികളെക്കുറിച്ചുള്ള ഫീച്ചറിനായി ഫോട്ടോയെടുക്കാനെത്തുമ്പോള്‍ അസാധാരണമായ ഒരു കാഴ്ച കണ്ടു. ചതുപ്പിന്റെ ഒരു ഭാഗത്ത് അനേകായിരം പക്ഷിക്കൂട്ടങ്ങള്‍ ചേക്കേറിയ പച്ച വിരിച്ച ജലാശയം. മറ്റൊരു ഭാഗത്ത് അഗ്‌നിപര്‍വ്വതം കണക്കെ കത്തിയമരുന്ന മാലിന്യം. അതിന്റെ പുക നഗരം മുഴുവന്‍ വ്യാപിക്കുന്നു. ഇത് ഡോക്യുമെന്റ് ചെയ്യാന്‍ തീരുമാനിച്ചു. ഈ ചിത്രങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് മാലിന്യപ്രശ്നത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടായി.

 പ്രധാനമന്ത്രി എ.ബി വാജ്പേയി,മന്ത്രി മുരളി മനോഹർ ജോഷി,ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. കസ്തൂരിരംഗൻ എന്നിവർ 
പി.എസ്.എൽ.വി സി-2 റോക്കറ്റ് വിക്ഷേപണം വിജയിച്ചപ്പോൾ(മെയ്,1999)
പ്രധാനമന്ത്രി എ.ബി വാജ്പേയി,മന്ത്രി മുരളി മനോഹർ ജോഷി,ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. കസ്തൂരിരംഗൻ എന്നിവർ പി.എസ്.എൽ.വി സി-2 റോക്കറ്റ് വിക്ഷേപണം വിജയിച്ചപ്പോൾ(മെയ്,1999)ഫോട്ടോ: ഷാജു ജോണ്‍

ഷാജു ജോണ്‍ ഡോക്യുമെന്ററിയും തന്റെ മാധ്യമമാക്കുന്നത് ഈ വിഷയത്തില്‍ കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ്. ഇതേക്കുറിച്ചുള്ള 'Eye on the marsh' എന്ന ഡോക്യുമെന്ററി ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നു. ജൈവവൈവിദ്ധ്യസമ്പന്നമായ ഈ ചതുപ്പ് രണ്ടു ദശാബ്ദത്തിനുള്ളില്‍ 6000 ഹെക്ടറില്‍നിന്ന് പത്തിലൊന്നായി ചുരുങ്ങി. അതിന്റെ ഇരുപത്തിരണ്ട് വര്‍ഷത്തെ ഡോക്യുമെന്റേഷന്‍ സൂക്ഷിക്കുന്നുണ്ട്. മുന്‍പ് ചതുപ്പായി കണ്ട സ്ഥലങ്ങള്‍ ഏകദേശം പൂര്‍ണ്ണമായും നഗരമായി മാറിക്കഴിഞ്ഞു. 2005, 2015, 2023 വര്‍ഷങ്ങളില്‍ തെക്കന്‍ ചെന്നൈ നഗരത്തെ മുക്കിയ പ്രളയതിനു കാരണം ചതുപ്പ് നിലങ്ങളുടെ നാശം കൂടിയാണ്.

''ശക്തമായ ഫോട്ടോകള്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്താറുണ്ട്. അതുകൊണ്ടുതന്നെ എന്‍. റാം അടക്കമുള്ള പത്രാധിപന്മാരെല്ലാം എന്നെ വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു. പ്രധാന വ്യക്തികള്‍ ഓഫീസ് സന്ദര്‍ശിക്കുമ്പോഴെല്ലാം അവര്‍ എന്നെ വിളിക്കും.''

ഡോക്യുമെന്ററി നിര്‍മാണത്തിലേക്ക്

സിനിമാതാല്പര്യത്തിനൊപ്പം പത്രപ്രവര്‍ത്തനം ചേര്‍ന്നപ്പോഴാണ് മനസ്സില്‍ ഡോക്യുമെന്ററി എന്ന ശക്തമായ മാധ്യമത്തിന്റെ സാധ്യതകള്‍ രൂപപ്പെട്ടത് എന്ന് ഷാജു പറഞ്ഞു. ഇത്തരം പ്രശ്നങ്ങളില്‍ സാമൂഹിക ഇടപെടല്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് ചിന്തിച്ചു. വാര്‍ത്താചിത്രങ്ങള്‍ എന്നതിലുപരി മറ്റെന്ത് ചെയ്യാം എന്നും ആലോചിച്ചു. 'പ്രകൃതിയും മനുഷ്യനും- അതിനുള്ളിലുള്ള സങ്കീര്‍ണ്ണതകള്‍' എന്ന വിഷയത്തില്‍ ചിത്രപരമ്പര ചെയ്ത്, അതിലൂടെ ബോധവല്‍ക്കരണം സാധ്യമാക്കുക. ''ആ ചിന്ത വളര്‍ന്നപ്പോള്‍, 2008-ല്‍ 'ദ ഹിന്ദു'വില്‍നിന്ന്, മാനേജ്മെന്റിന്റെ അനുവാദത്തോടെ രാജിവച്ചു.''

തുടര്‍ന്ന് ഷാജു കുടുംബസമേതം ന്യൂയോര്‍ക്കില്‍ താമസമാക്കി. ഒരു വര്‍ഷത്തോളം ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ളവയ്ക്കുവേണ്ടി ഫ്രീലാന്‍സറായാണ് ജോലി ചെയ്തത്. തിരികെയെത്തി, ഒന്‍പത് വര്‍ഷത്തോളം ഫ്രീലാന്‍സിങ്ങ് തുടര്‍ന്നു.

ഷാജു ജോണ്‍
'അയാള്‍ പുറത്തെടുത്തത് മകന്‍റെ ജീവനറ്റ ശരീരമായിരുന്നു'; ക്യാമറ സാക്ഷ്യപ്പെടുത്തിയ ചരിത്രമുഹൂര്‍ത്തങ്ങള്‍
തൂത്തുക്കുടിയിലെ ഒരു  ഉപ്പുപാടം
തൂത്തുക്കുടിയിലെ ഒരു ഉപ്പുപാടംഫോട്ടോ: ഷാജു ജോണ്‍

എന്‍. റാമിന്റ അനുമതിയോടെ, അതിനു മുന്‍പുതന്നെ ഐക്യരാഷ്ട്രസഭ വികസന സമിതിയായ യു.എന്‍.ഡി.പിക്കു (UNDP) വേണ്ടി ചിത്രങ്ങള്‍ എടുത്തുകൊടുത്തിരുന്നു. ദ ഹിന്ദുവില്‍ റിപ്പോര്‍ട്ടറായിരുന്ന ജി. പ്രമോദ് കുമാര്‍ യു.എന്‍.ഡി.പിയില്‍ ചേര്‍ന്നപ്പോള്‍ വളരെയധികം അവസരങ്ങള്‍ ഷാജുവിനു കിട്ടി. ഇന്ത്യയില്‍ എയ്ഡ്സ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. ''എന്നെ ശ്രീലങ്കയിലുള്ള ഒരു പ്രോജക്ടിലേക്ക് നിയോഗിച്ചു. അക്കാലത്ത് മുഖം മറച്ച്, ഷാഡോ പോലെ മാത്രമേ ഇവരെ ചിത്രീകരിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഒരിക്കലും അവരെ എന്റെ ഒരു സബ്ജക്ട് മാത്രമായി കണ്ടിരുന്നില്ല. കൂടുതല്‍ എംപതിയോടെ അവരുമായി അടുത്തിടപെട്ടു.''

വനിതാസംഘങ്ങള്‍ക്കുവേണ്ടി, സന്നദ്ധസേവകനെപ്പോലെ, പ്രതിഫലം വാങ്ങാതെ വളരെക്കാലം പ്രവര്‍ത്തിച്ചു. ഇന്ത്യയിലേയും വിദേശത്തേയും പല സംഘടനകളുമായും സഹകരിച്ചു.

''എയ്ഡ്സ് സംബന്ധമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ എനിക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. ആ ചിത്രങ്ങളുടെ സവിശേഷത തിരിച്ചറിഞ്ഞതുകൊണ്ട് യൂണിസെഫും യു.എന്‍.ഡി.പിയും അക്ഷരാര്‍ത്ഥത്തില്‍ ധാരാളം പ്രോജക്ടുകള്‍ തരുകയായിരുന്നു.'' പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും ഇക്കാലത്ത് അനുഭവിച്ചു.

''എയ്ഡ്സിനെക്കുറിച്ചുള്ള ഭീകരചിത്രങ്ങളാണ് അതുവരെ പുറത്തുവന്നിരുന്നത്. എന്നാല്‍, എല്ലുന്തി, കണ്ണുതുറിച്ച ഒരു രോഗിയെപ്പോലും ഞാന്‍ കണ്ടിരുന്നില്ല. ഇക്കാര്യം അവരുമായി സംസാരിച്ചു. ''എന്തുകൊണ്ട് തങ്ങളുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍, ലോകത്തിനു മുന്‍പില്‍ കാണിച്ചുകൂടാ'' എന്ന ചോദ്യത്തിലൂടെ അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി. അങ്ങനെ, ഷാഡോ ചിത്രങ്ങളില്‍നിന്ന് അവരെ മോചിപ്പിച്ചു.''

ഇന്ത്യ മുഴുവന്‍ അതിനായി യാത്ര ചെയ്യുവാനുള്ള ചെലവുകള്‍ വഹിക്കാന്‍ പല വാതിലുകള്‍ മുട്ടിയെങ്കിലും ആദ്യ രണ്ട് വര്‍ഷം ഫലമുണ്ടായില്ല. അമേരിക്കയില്‍ ജോലിചെയ്തപ്പോള്‍ കിട്ടിയ പ്രതിഫലം സ്വരൂപിച്ച് വാങ്ങിയ പുതിയതരം ഡി ത്രി (D3) സീരീസ് ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനം ഷാജുവിന്റെ കൈയിലുണ്ടായിരുന്നു. അവസാനം, യാത്രയുടെ ചെലവ് മാത്രം വഹിക്കാന്‍ ബില്‍ഗേറ്റ്സ് ഫൗണ്ടേഷന്‍ മുന്നോട്ടുവന്നു. ''പ്രതിഫലമൊന്നും വാങ്ങാതെ, കനത്ത ചൂടെല്ലാം സഹിച്ച് യാത്രചെയ്ത് എടുത്ത ചിത്രങ്ങള്‍ കണ്ടപ്പോഴാണ് അവര്‍ക്ക് അവയുടെ അപാരമായ സാധ്യത ബോധ്യപ്പെട്ടത്. ഒരു ഫോട്ടോ എക്സിബിഷന്‍ നടത്താന്‍ അക്കൗണ്ടിലേക്ക് എട്ട് ലക്ഷത്തോളം രൂപ അവര്‍ ട്രാന്‍സ്ഫര്‍ ചെയ്തു.'' അതുവരെ എടുത്ത ചിത്രങ്ങള്‍ ഉടന്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബ്ബന്ധിച്ചു. ആ ചിത്രങ്ങള്‍ 'പോസിറ്റീവ് ജേണി' എന്ന പേരില്‍ വലിയ കോഫി ടേബിള്‍ ബുക്കായി ഡല്‍ഹിയില്‍ വലിയ സദസ്സില്‍ പ്രകാശനം ചെയ്തു.

2018-ല്‍ കേരളത്തില്‍ പെയ്ത വലിയ മഴ ദുരന്തസൂചനയാണ് എന്നു തോന്നി. അത് വലിയ ദുരന്തം വിതയ്ക്കുമെന്ന് എഡിറ്ററെ ധരിപ്പിച്ചു. അതെക്കുറിച്ച് ഒരു ബോധവല്‍ക്കരണ ചിത്രം ചെയ്യാന്‍ അനുമതിയും വാങ്ങി. പിന്നീടുള്ള ദിവസങ്ങളില്‍ അണക്കെട്ടുകള്‍ എല്ലാം ഒരുമിച്ച് തുറന്നുവിട്ടതോടെ, കേരളം അതുവരെ കാണാത്ത പ്രളയദുരന്തങ്ങള്‍ക്കു സാക്ഷിയായി.
ഷാജു ജോണ്‍
ക്യാമറ കണ്ട ജീവിതവൈവിദ്ധ്യങ്ങള്‍

എഡിറ്ററുടെ ക്ഷണപ്രകാരം 2015-ല്‍ വീണ്ടും ദ ഹിന്ദുവിലെത്തി. അപ്പോള്‍ ഡെപ്യൂട്ടി ഫോട്ടോ എഡിറ്ററുടെ പോസ്റ്റ് ചോദിച്ചു വാങ്ങുകയായിരുന്നു. ''ഫോട്ടോ എഡിറ്റ് ചെയ്യുന്നതിലല്ല, എടുക്കുന്നതിലാണ് ഫോട്ടോഗ്രാഫറുടെ സ്ട്രെങ്ത് എന്നാണ് വിശ്വാസം.'' അതിനാല്‍ ധാരാളം യാത്ര ചെയ്ത്, ചിത്രങ്ങളെടുത്തു. പിന്നീട് ചാര്‍ജ് എടുത്ത ഫോട്ടോ എഡിറ്റര്‍ മുകുന്ദ് പത്മനാഭന്‍ എല്ലാ സ്വാതന്ത്ര്യവും തന്നിരുന്നു. തൂത്തുക്കുടിയിലെ ഉപ്പുപാടങ്ങളിലെ കത്തുന്ന ചൂടില്‍, ഉപ്പ് തലയിലേറ്റി സംഭരണകേന്ദ്രങ്ങളിലേക്ക് ഓടുന്ന സ്ത്രീകള്‍, 2018 നവംബറില്‍ തമിഴ്നാട്ടിലെ നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍ ജില്ലകളില്‍ സംഹാരതാണ്ഡവമാടിയ 'ഗജ' ചുഴലിക്കാറ്റിന്റെ നാശാവിശിഷ്ടങ്ങള്‍, ജെല്ലിക്കെട്ടിന് ഗ്രാമങ്ങള്‍ കാളകളെ ഒരുക്കുന്നത്, വില്ലുപുരം ജില്ലയിലെ കൂത്താണ്ടവര്‍ ക്ഷേത്രോത്സവത്തില്‍ നടക്കുന്ന ട്രാന്‍സ്ജെന്ററുകളുടെ വിവാഹാനുഷ്ഠാനങ്ങള്‍... ജീവസുറ്റ അനേകം ചിത്രങ്ങള്‍ ഷാജു ജോണ്‍ തുടര്‍ന്നുള്ള അഞ്ചു വര്‍ഷം പകര്‍ത്തി.

2018-ല്‍ കേരളത്തില്‍ പെയ്ത വലിയ മഴ ദുരന്തസൂചനയാണ് എന്നു തോന്നി. അത് വലിയ ദുരന്തം വിതയ്ക്കുമെന്ന് എഡിറ്ററെ ധരിപ്പിച്ചു. അതെക്കുറിച്ച് ഒരു ബോധവല്‍ക്കരണ ചിത്രം ചെയ്യാന്‍ അനുമതിയും വാങ്ങി. പിന്നീടുള്ള ദിവസങ്ങളില്‍ അണക്കെട്ടുകള്‍ എല്ലാം ഒരുമിച്ച് തുറന്നുവിട്ടതോടെ, കേരളം അതുവരെ കാണാത്ത പ്രളയദുരന്തങ്ങള്‍ക്കു സാക്ഷിയായി.

ഫോട്ടോ എഡിറ്റര്‍ അവധിയിലായിരുന്നതിനാല്‍ ചുമതല എനിക്കായിരുന്നു. ഉടന്‍ കേരളത്തിലേക്കു പോകാന്‍ കഴിഞ്ഞില്ല. ഇതിനെപ്പറ്റി ചെയ്ത 'വൂണ്ടഡ് ഹില്‍സ്' (Wounded Hills) എന്ന ചെറു ഡോക്യുമെന്ററി 2019-ല്‍ റിലീസ് ചെയ്തു. ഇത് ദ ഹിന്ദുവിന്റെ യൂട്യൂബ് ചാനലിലുണ്ട്.

കോവിഡ് കാലത്താണ് ഷാജുവിന്റ മാധ്യമജീവിതത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്. ''ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാല്‍ അടങ്ങിയിരിക്കാനാവില്ല, അതാണ് പ്രകൃതം.'' മനസ്സിലുള്ള ഡോക്യുമെന്ററികളും സിനിമയും ചെയ്യാന്‍ ജോലി വിടുന്നു എന്ന് സഹപ്രവര്‍ത്തകരെ അറിയിച്ചു. കോവിഡ് കാലത്ത് വേണ്ടെന്ന് പലരും ഉപദേശിച്ചു. അതിന്റെ പ്രത്യാഘാതങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ 2020-ല്‍ രാജിവച്ചു. ''കാലഘട്ടത്തിന് വേണ്ടുന്ന ഇത്തരം വര്‍ക്കുകള്‍ സമയത്ത് ചെയ്യാന്‍ എനിക്ക് ഉള്‍പ്രേരണയുണ്ട്.''

കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ഷാജു ജോണ്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 'വൂണ്ടഡ് ഹില്‍സി'ന്റെ തുടര്‍ച്ചയാണിത്. പശ്ചിമഘട്ട മലനിരകളെ മുന്‍നിര്‍ത്തി, പ്രകൃതിയുടെ പത്ത് കല്പനകളാണവ. 50 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. സ്പോണ്‍സര്‍ ചെയ്യാന്‍ ആരും മുന്നോട്ടുവന്നിട്ടില്ലാത്തതിനാല്‍ ഇഴയുകയാണ്. സഹാനുഭൂതിയോടെ വസ്തുതകളെ സമീപിക്കുമ്പോള്‍ സാമ്പത്തിക നഷ്ടം വരുന്നത് സ്വാഭാവികമാണെന്ന് ഷാജു പറയുന്നു. ''നമുക്കു ചുറ്റുമുള്ള മനുഷ്യരുടെ വിഷയങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സാമൂഹിക പ്രതിബദ്ധതയാണ് മുന്നോട്ടു നയിക്കുന്നത്. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ മനുഷ്യന്റെ യഥാര്‍ത്ഥ അവസ്ഥ കാണിക്കുന്ന ശക്തമായ ചിത്രീകരണങ്ങള്‍ (strong visual communication) ഉണ്ടാകേണ്ടതാണ് എന്ന തോന്നലില്‍ നിന്നാണ് പുതിയ പ്രോജക്ടുകള്‍ ചെയ്യുന്നത്. എന്തെങ്കിലുമൊക്കെ സമൂഹത്തിനു സംഭാവന ചെയ്തിട്ടു പോകുമ്പോഴാണ് നാളെ ആളുകള്‍ നമ്മളെ സ്മരിക്കുക.''

ദ ഹിന്ദു വിടും മുന്‍പ് തന്നെ, 2019 ഏപ്രിലില്‍ ദക്ഷിണ ചെന്നൈയിലെ പെരുങ്കുടിയില്‍, തടാകത്തിനടുത്ത്, 'ദി എലമന്റ്സ്' (The Elements) എന്ന പേരില്‍ ഷാജു ഒരു സ്റ്റുഡിയോ തുടങ്ങിയിരുന്നു. അത് ഉദ്ഘാടനം ചെയ്തത് എം.ടി. വാസുദേവന്‍ നായരാണ്. ഡോക്യുമെന്ററി, സിനിമ, സംഗീതം, ചിത്രകലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒത്തുകൂടാന്‍ ഒരു ഇടം കൂടിയാണ് ഇത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''കാപട്യം കാണിക്കുന്നവരോട് അഡ്ജസ്റ്റ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്'', ഷാജു ജോണ്‍ പറയുന്നു. രാഷ്ട്രീയക്കാരെല്ലാം മോശക്കാരല്ല. ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താവുന്ന നിരവധി നല്ല മനുഷ്യര്‍ അവിടെയുണ്ടെന്നാണ് അനുഭവം. ക്യാമറ തല്ലിപ്പൊളിക്കുന്നത് രാഷ്ട്രീയക്കാരല്ല, ക്രിമിനലുകളായ ഗുണ്ടകളാണ്. എല്ലാ പാര്‍ട്ടികളിലും അത്തരം ഗുണ്ടകളുണ്ട്. മീഡിയയെ അകറ്റിനിര്‍ത്തുന്നവര്‍ ഭീരുക്കളാണ്. കഷ്ടപ്പെട്ട് ഈ രംഗത്തുവന്ന ചരിത്രമുള്ളവരാണ് ഫോട്ടോഗ്രാഫിയിലെ മുന്‍തലമുറക്കാര്‍. അതേസമയം പുതിയ തലമുറയും വിസ്മയിപ്പിക്കുന്നുണ്ട്. ടെക്നോളജി അറിയണം എന്നില്ലാത്ത രീതിയില്‍ സാങ്കേതികതയും സൗന്ദര്യശാസ്ത്രവും വളര്‍ന്നു. നല്ല ക്വാളിറ്റിയുള്ള മൊബൈലില്‍ സിനിമ വരെ ഷൂട്ട് ചെയ്യാം എന്നായി. ചിത്രകാരന്‍ കൂടിയാണ് ഷാജു . ബിരുദ പഠനകാലത്ത് കോഴിക്കോട് ടൗണ്‍ഹാളില്‍ വയ്ക്കാന്‍, സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ ഛായാചിത്രം വരച്ചുകൊടുത്തു. അഴീക്കോടാണ് അത് അനാച്ഛാദനം ചെയ്തത്. തിരശ്ശീല നീങ്ങിയതോടെ, ചിത്രം കണ്ട് ബഷീറിന്റെ പത്‌നി വിതുമ്പിക്കരഞ്ഞു. ജീവനോടെ ബഷീറിനെ മുന്നില്‍ കണ്ടതുപോലെ അവര്‍ വികാരാധീനയായി. ''ചിത്രത്തിന്റെ മികവ് ബോധ്യപ്പെട്ട സംഘാടകര്‍ സ്റ്റേജിലേക്ക് എന്നെ വിളിപ്പിച്ച് പ്രത്യേക ഉപഹാരം തന്നു. ഇരട്ടി പ്രതിഫലവും കിട്ടി.''

ക്യാമറ കയ്യിലെടുത്ത ശേഷം വരയില്‍ സജീവമാകാന്‍ ഷാജുവിന് സമയം കിട്ടിയിട്ടില്ല. ''അങ്ങനെ എന്റെ സിനിമാജീവിതവും ചിത്രകലയും എം.ടി. സാറിന്റെ പ്രവചനം പോലെ, പത്രപ്രവര്‍ത്തനത്തിനു വഴിമാറി. രണ്ട് തോണിയില്‍ പോകാന്‍ കഴിയുന്നില്ല എന്ന അവസ്ഥ വന്നു. ഇപ്പോള്‍ ഡോക്യുമെന്ററികളാണ് മനസ്സ് നിറയെ. ദ ഹിന്ദു പത്രത്തെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. ജോലിയില്‍ തിരികെ പോകണം എന്നു തോന്നുമ്പോള്‍ മനസ്സിലുള്ളത് അതു മാത്രം. പക്ഷേ, ഡോക്യുമെന്ററി തുടരുകയും വേണം.''.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com