കെ.എസ്.ആര്‍.ടി.സി രക്ഷപെടില്ലേ; കാരണങ്ങളില്‍ ചിലത് ഇതൊക്കെയാണ്

കോര്‍പ്പറേഷന്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ശരിയായ ഇടപെടലുകള്‍ ആവശ്യമല്ലേ?
കെ.എസ്.ആര്‍.ടി.സി രക്ഷപെടില്ലേ; കാരണങ്ങളില്‍ ചിലത് ഇതൊക്കെയാണ്

ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമില്ലാതെ സ്റ്റാര്‍ട്ടു ചെയ്തു നിര്‍ത്തിയിരിക്കുന്ന ബസ് കണ്ട് കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ കാരണം തിരക്കിയത് സ്വാഭാവികം. പക്ഷേ, ആ ബസ് പാറശാലയില്‍നിന്ന് തമ്പാനൂരിലേക്ക് ഓടിച്ചു വന്ന ഡ്രൈവര്‍ അത്രയ്ക്കങ്ങ് സ്വാഭാവികമായല്ല മറുപടി പറഞ്ഞത്. ''ആ വണ്ടി സെല്‍ഫൊന്നും എടുക്കുന്നില്ല. പറഞ്ഞു മടുത്തു. എങ്കില്‍പ്പിന്നെ തിരിച്ചുപോകുന്നതുവരെ ഓഫ് ചെയ്യണ്ടാന്ന് വച്ചു.'' മറുപടിക്കു പ്രതികരണമായി നടപടിയാണ് ഉണ്ടായത്. പാറശാല ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരനായ ഡ്രൈവര്‍ പി. ബിജുവിനെ പിരിച്ചുവിട്ടു. ഡ്രൈവര്‍ ഡീസല്‍ പാഴാക്കുന്നത് തടയാതിരുന്നതിന് കണ്ടക്ടര്‍ രജിത്ത് രവിക്കും ബസ് സെല്‍ഫ് എടുക്കാത്ത കാര്യം അറിയിച്ചിട്ടും പരിഹരിക്കാത്ത പാറശാല ഡിപ്പോയിലെ ചാര്‍ജ്മാന്‍ കെ. സന്തോഷ് കുമാറിനും സസ്പെന്‍ഷന്‍. ജനുവരി 9-ന് സി.എം.ഡി തലസ്ഥാനത്തെ ആസ്ഥാന ഡിപ്പോ സന്ദര്‍ശിക്കുമ്പോഴായിരുന്നു സംഭവം. ജോലി പോയ ഡ്രൈവര്‍ ബിജുവിന്റെ സഹപ്രവര്‍ത്തകരുടെ സംശയമിതാണ്: ഡ്രൈവര്‍ പലവട്ടം പറഞ്ഞിട്ടും ബസ് നന്നാക്കിക്കൊടുക്കാത്തതിനാണ് ചാര്‍ജ്മാനെ സസ്പെന്റ് ചെയ്തതെങ്കില്‍ ഡ്രൈവര്‍ ചെയ്ത തെറ്റെന്താണ്? സി.എം.ഡിയോട് 'വിനയമില്ലാതെ' പ്രതികരിച്ചതാണ് ബിജുവിന്റെ തെറ്റെന്നു മേലുദ്യോഗസ്ഥര്‍ പറയുന്നു. ഒരാഴ്ചയിലധികമായി കെ.എസ്.ആര്‍.ടി.സിയില്‍ പുകയുകയാണ് ഈ നടപടി. അല്ലെങ്കില്‍ത്തന്നെ പ്രശ്നങ്ങള്‍ക്കു കുറവൊന്നുമില്ലാത്ത കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ ഒരു പ്രശ്നം കൂടി. താല്‍ക്കാലിക ജീവനക്കാരനെ പറഞ്ഞുവിടാന്‍ ചോദ്യവും പറച്ചിലും നോട്ടീസുമൊന്നുമില്ലാത്തതുകൊണ്ട് ബിജുവിന്റെ ഭാഗം കെ.എസ്.ആര്‍.ടി.സി കേട്ടിട്ടില്ല. ജീവനക്കാരുടെ കണ്ണീരിനും പ്രതിഷേധത്തിനുമിടയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കെ.എസ്.ആര്‍.ടി.സിക്കു പാവപ്പെട്ട ഒരു ഡ്രൈവറെക്കൂടി വഴിയാധാരമാക്കിയിട്ട് എന്തു കിട്ടാന്‍ എന്ന ചോദ്യമാണ് ബാക്കി.

സാധാരണ ജീവനക്കാര്‍, സംഘടനകള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സി.എം.ഡി, ഗതാഗതമന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി എന്നിങ്ങനെ വലിയൊരു ശൃംഖലയുടെ ആശങ്കയും തലവേദനയും പരിഹാരമില്ലാത്ത പ്രശ്നവുമായി തുടരുന്ന കെ.എസ്.ആര്‍.ടി.സിയുടെ പ്രതാപകാലം തിരിച്ചുവരാനുള്ള വിദൂരസാധ്യതപോലും ഇവരിലാരും കാണുന്നില്ല. പ്രതാപകാലമെന്നാല്‍, ശമ്പളവും പെന്‍ഷനും മുടങ്ങാതിരുന്ന കാലം. കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുക എന്നത് ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത ഒരു കാര്യമായേക്കാം. അങ്ങനെയെങ്കില്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ശരിയായ ഇടപെടലുകള്‍ ആവശ്യമല്ലേ?

BP DEEPU

പൊതുഗതാഗതത്തിന്റെ ആവശ്യകത

''കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുമ്പോള്‍ നമ്മുടേതാണല്ലോ ഇത് എന്ന തോന്നലാണ്; പ്രൈവറ്റ് ബസില്‍ കയറുമ്പോള്‍ അതു കിട്ടില്ല'', പറയുന്നത് തിരുവനന്തപുരം നഗരപരിസരത്തുനിന്ന് ദിവസവും കെ.എസ്.ആര്‍.ടി.സി ബസില്‍ മാത്രം സെക്രട്ടേറിയറ്റില്‍ ജോലിക്കു പോയിവരുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍. തന്റെ 24 രൂപ പൊതുമേഖലയ്ക്കു കിട്ടിയാല്‍ മതി എന്നാണ് തീരുമാനം. അതുകൊണ്ട് പ്രൈവറ്റ് ബസില്‍ കയറില്ല. ഇടയ്ക്ക് സ്‌കൂട്ടറിലും പോകും. കാറുണ്ടെങ്കിലും ചെറിയ യാത്രകള്‍ക്ക് അതെടുത്ത് ഗതാഗതക്കുരുക്ക് കൂട്ടാന്‍ തയ്യാറല്ല എന്നുമുണ്ട് തീരുമാനം. അത്രയ്ക്ക് സാമൂഹിക പ്രതിബദ്ധത ഉള്ളതുകൊണ്ട് അദ്ദേഹം പറയുന്ന ഈ കാര്യം കൂടി കണക്കിലെടുക്കാം: ''ആളുകള്‍ക്ക് ബസില്‍, പ്രത്യേകിച്ചും 'ട്രാന്‍സ്പോര്‍ട്ട് ബസില്‍' കയറണമെന്നു തോന്നണം. അതിനു ജീവനക്കാരുടെ പെരുമാറ്റം കൂടി നന്നാകണം. പ്രൈവറ്റ് ബസുകാരെ സഹിക്കാന്‍ വയ്യാത്തതുകൊണ്ടുകൂടിയാണ് ആളുകള്‍ കെ.എസ്.ആര്‍.ടി.സിയിലേക്കു വരുന്നത്. അവരോട് കുറച്ചുകൂടി മാന്യമായി പെരുമാറണം.''

മന്ത്രി കെ.ബി. ഗണേഷ് കുമാറും ഇതുതന്നെയാണ് മറ്റൊരുവിധത്തില്‍ പറയുന്നത്; പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊരു യാഥാര്‍ത്ഥ്യമാണ് എന്നു വ്യക്തമാക്കുന്ന നിരവധി പ്രതികരണങ്ങളാണ് കേള്‍ക്കുന്നത്; അതും യാത്രക്കാരില്‍നിന്ന്. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടത്തിലും ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ഉള്‍പ്പെടെ ഇപ്പോള്‍ ആ സ്ഥാപനം ചെന്നുപെട്ടിരിക്കുന്ന ഗുരുതര പ്രതിസന്ധിയിലും താഴെനിന്നു മുകളിലേക്കും മുകളില്‍നിന്നു താഴേയ്ക്കും പല തലങ്ങളിലെ ജീവനക്കാരുടെ പങ്ക് വളരെ വലുതാണ് എന്ന് തുറന്നുസമ്മതിക്കാന്‍ അവര്‍ക്കും അവരുടെ സംഘടനകള്‍ക്കും മടിയാണ്. കാരണമുണ്ട്: ''ജീവനക്കാരില്‍ കുറച്ചു പേര്‍ മാത്രമാണ് മോശമായി പെരുമാറുന്നത്. അത് പൊതുവായ രീതിയാണ് എന്നു വരുത്താന്‍ ചില കേന്ദ്രങ്ങള്‍ കാര്യമായി ശ്രമിക്കുകയാണ്. പ്രധാനമായും പ്രൈവറ്റ് ബസുകാരും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ് ഇതിനു പിന്നില്‍'', പറയുന്നത് പ്രമുഖ തൊഴിലാളി സംഘടനകളിലൊന്നിന്റെ പ്രാദേശിക നേതാവ്. പക്ഷേ, ഈ തുറന്നുപറച്ചില്‍ ഇവരുടെ സംസ്ഥാന നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. അവര്‍ക്ക് സ്വകാര്യ ബസ് മുതലാളിമാരെ പിണക്കാന്‍ താല്പര്യമില്ലാത്തതാണു കാരണം.

അവിടെ തുടങ്ങുന്നു യഥാര്‍ത്ഥ പ്രശ്നവും പ്രതിസന്ധിയും. സി.എം.ഡിയേയും ചിലപ്പോള്‍ മന്ത്രിയെത്തന്നെയും തങ്ങള്‍ വരച്ച വരയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടയില്‍ തൊഴിലാളി സംഘടനകള്‍ക്കു സ്വയമൊന്നു തിരുത്താന്‍ തീരെ സമയമില്ല. ''തിരുത്തിയാല്‍ നന്നായിപ്പോയാലോ; അവരവരും കെ.എസ്.ആര്‍.ടി.സിയും'' എന്നു പരിഹസിക്കുന്നത് മുന്‍ സി.എം.ഡിമാരിലൊരാള്‍. അങ്ങനെയൊരു പ്രശ്നമേഖലയായി, ഒരുകാലത്ത് കേരളത്തിന്റെ അഭിമാന പൊതുഗതാഗത മേഖലയായിരുന്ന കെ.എസ്.ആര്‍.ടി.സി പതറിനില്‍ക്കുമ്പോഴാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് രണ്ടര വര്‍ഷമായതും ഘടകകക്ഷികള്‍ക്കു സി.പി.എം കൊടുത്ത വാക്ക് പാലിക്കാന്‍ മാറ്റിയ രണ്ടു മന്ത്രിമാരിലൊരാള്‍ ഗതാഗതമന്ത്രി ആയതും. ആന്റണി രാജുവിനു പകരം കെ.ബി. ഗണേഷ് കുമാര്‍ വന്നു. പക്ഷേ, അതുകൊണ്ടുമാത്രം മാറ്റങ്ങള്‍ ഉണ്ടാകില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും ചിലതൊക്കെ മാറും എന്ന സൂചനയും പ്രതീതിയും നല്‍കിയിരിക്കുകയാണ് പുതിയ മന്ത്രി.

തുടരുന്ന ദുരനുഭവങ്ങള്‍

ഉടുപ്പിയിലേക്ക് ടിക്കറ്റ് കൊടുത്തിട്ട് കാസര്‍കോട്ട് ഇറക്കിവിട്ട സ്വിഫ്റ്റ് ബസിലെ അനുഭവം തൊട്ടടുത്ത ദിവസമാണല്ലോ ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസിനെ മാത്രം ആശ്രയിച്ചിരുന്ന തലസ്ഥാനത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ 'വെളിപ്പെടുത്തിയ' അനുഭവം കുറച്ചുകൂടി മാരകമാണ്. സിറ്റി സര്‍വ്വീസില്‍ ശ്രീകാര്യത്തുനിന്ന് സ്റ്റാച്യുവിലേക്കുള്ള യാത്ര. കയറുന്ന യാത്രക്കാരോടൊക്കെ ആ ഡോറങ്ങ് അടയ്ക്കണം എന്ന് കണ്ടക്ടര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുന്നതിനു മുന്‍പ് അടയ്ക്കാന്‍ വൈകുന്നവരോട് ദേഷ്യപ്പെടുന്നുമുണ്ട്, ''ഓരോന്ന് രാവിലെ ഇറങ്ങിക്കോളും.'' നഗരത്തില്‍ അയ്യന്‍കാളി ഹാളിനടുത്ത് ഇറങ്ങിയ മുതിര്‍ന്ന പൗരനായ ഒരു യാത്രക്കാരന്‍ സഹികെട്ട് കണ്ടക്ടറോട് പറഞ്ഞു: ''ഡോറടയ്ക്കുന്നത് യാത്രക്കാരുടെ ജോലി അല്ല. ഞങ്ങള്‍ മര്യാദയുടെ പേരില്‍ ചെയ്യുമ്പോള്‍ നിങ്ങളത് അടിച്ചേല്പിക്കാന്‍ നില്‍ക്കരുത്.'' പിന്നെയുണ്ടായത് കണ്ടക്ടറുടെ അസഭ്യവര്‍ഷമാണ്. അടി കിട്ടുന്നതിനു മുന്‍പ് യാത്രക്കാരന്‍ ബസില്‍നിന്ന് ഇറങ്ങി; അല്ല ചാടി. ഈ നേരനുഭവം സ്വകാര്യ ബസുകാര്‍ പ്രചരിപ്പിക്കുന്നതല്ല. പക്ഷേ, എല്ലാവരും ഇങ്ങനെയല്ലല്ലോ എന്നു പറഞ്ഞ് ലഘൂകരിക്കാനാണ് തൊഴിലാളി നേതാക്കള്‍ക്ക് ഇഷ്ടം.

കെ.എസ്.ആര്‍.ടി.സിയെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു രക്ഷിക്കാന്‍ യാത്രക്കാര്‍ ഇരച്ചുകയറേണ്ട സമയത്താണ് പാവപ്പെട്ട യാത്രക്കാരന്‍ കണ്ടക്ടറുടെ ചീത്തവിളി കേട്ടു ചാടുന്നത്. പല തരം ദുരനുഭവങ്ങളിലൊന്നു മാത്രമാണ് ഇതും. പക്ഷേ, കെ.എസ്.ആര്‍.ടി.സി തകരണമെന്നും ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മാറരുതെന്നുമല്ല കേരളം ആഗ്രഹിക്കുന്നത്. തിരിച്ചുവരണമെന്നും ഇതില്‍ പ്രതീക്ഷവയ്ക്കുന്ന എല്ലാവര്‍ക്കും ആശ്രയമാകണം എന്നുമാണ്. ദുരവസ്ഥയുടെ നിലയില്ലാക്കയത്തില്‍ മുങ്ങുന്ന കെ.എസ്.ആര്‍.ടി.സിയെ ആര്, എങ്ങനെ രക്ഷിക്കും? ജീവനക്കാര്‍ മാത്രമാണോ പ്രതിസന്ധിക്കു കാരണക്കാര്‍?

വ്യവഹാരങ്ങള്‍ പലവിധം

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ കിട്ടി ജീവിക്കാമെന്നു കരുതേണ്ടെന്നും മറ്റു മാര്‍ഗ്ഗം നോക്കുന്നതാണ് നല്ലതെന്നും ഈയിടെ പറഞ്ഞത് ഹൈക്കോടതിയാണ്. പെന്‍ഷന്‍ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇതു പറഞ്ഞത്. പെന്‍ഷന്‍ എല്ലാ മാസവും ആദ്യ ആഴ്ചയില്‍ കൊടുക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ നവംബറിലേയും ഡിസംബറിലേയും പെന്‍ഷന്‍ കിട്ടാതെ വന്നപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രണ്ടാണ് കോടതിയെ സമീപിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തത് പെന്‍ഷന്‍കാരുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പെന്‍ഷന്‍ കൊടുക്കാന്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കാം എന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായുമില്ല. കണ്‍സോര്‍ഷ്യമല്ല പെന്‍ഷന്‍ കിട്ടുകയാണ് പ്രധാനം എന്നുകൂടി കോടതി പറഞ്ഞു.

നവംബര്‍ മാസത്തിലെ പെന്‍ഷന്‍ കൊടുക്കാന്‍ 70.72 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ പിന്നീട് കോടതിയെ അറിയിച്ചു. കണ്‍സോര്‍ഷ്യം രൂപീകരണത്തിന് കൂടുതല്‍ സമയവും ചോദിച്ചു. പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കോര്‍പസ് ഫണ്ടിലേക്ക് ഓരോ ദിവസത്തേയും കളക്ഷനില്‍നിന്ന് പത്ത് ശതമാനം നല്‍കണം എന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മറ്റൊരു വിധി. അതിനെതിരെ കെ.എസ്.ആര്‍.ടി.സി നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അത് അഞ്ച് ശതമാനമാക്കി കുറച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം അതായിരുന്നു. ജനുവരി ഒന്നു മുതല്‍ അത് പ്രാബല്യത്തിലായി. പക്ഷേ, എല്ലാക്കാലത്തേക്കുമല്ല; നിലവിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്താണ് ഈ ഇളവ്. എത്രയും വേഗം പത്തു ശതമാനം എന്നത് പുന:സ്ഥാപിക്കണം. ''എന്നുവച്ചാല്‍, ഈ മാസം ഒന്നു മുതല്‍, പ്രതിദിന കളക്ഷനിലെ 100 രൂപയില്‍നിന്ന് അഞ്ചു രൂപ 'പെന്‍ഷന്‍ കുടുക്കയില്‍' നിക്ഷേപിക്കുന്നത് കഴിയുന്നത്ര വേഗം പത്തു രൂപയാക്കാനുള്ള വഴി കണ്ടില്ലെങ്കില്‍ കോടതി തന്നെ ചെവിക്കു പിടിക്കും,'' ജീവനക്കാരുടെ സംഘടനാനേതാക്കളിലൊരാളുടെ പരിഹാസമാണ്. സ്ഥാപനത്തേയും അതിന്റെ സ്ഥിതിയേയും ഇങ്ങനെ പരിഹസിക്കുന്നവര്‍ മുന്‍പ് പരസ്യമായി സമൂഹമാധ്യമങ്ങളിലൊക്കെയാണ് അതു ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങനെ ചെയ്യാന്‍ മടിക്കുകയും പേടിക്കുകയും ചെയ്യുന്നു. കെ.ബി. ഗണേഷ് കുമാര്‍ വന്ന ശേഷം പെട്ടെന്നുണ്ടായ മാറ്റങ്ങളിലൊന്നാണ് ഇത്. കോര്‍പറേഷനെ ജനമധ്യത്തില്‍ മോശമാക്കാന്‍ ശ്രമിക്കുന്നവര്‍ ഇവിടെ ഉണ്ടാകില്ല എന്ന സന്ദേശമാണ് ഗണേഷ് കുമാര്‍ കൊടുത്തത്. അത് ഏറ്റു. അതുകൊണ്ട് പേരു വെളിപ്പെടുത്താതെ ഇത്തരം പ്രതികരണം തരാനേ നിര്‍വ്വാഹമുള്ളു എന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

പത്ത് ശതമാനത്തിലേക്ക് എപ്പോള്‍ മുതല്‍ മാറാന്‍ കഴിയുമെന്ന് അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. വെറുതേ അറിയിച്ചാല്‍പ്പോരാ, എങ്ങനെ സാധിക്കുമെന്നും എന്താണ് സാമ്പത്തിക സമാഹരണത്തിനുള്ള വഴിയെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് കൊടുക്കണം. ഫെബ്രുവരി രണ്ടിനാണ് ഹര്‍ജി ഇനി പരിഗണിക്കുക. അപ്പോഴേയ്ക്കും ഒരു വഴി കണ്ടെത്തുക എന്ന വലിയ ചുമതല കൂടി ചുമലിലേറ്റിയാണ് പുതിയ മന്ത്രിയുടെ വരവ്. ചെലവ് കുറയ്ക്കലിന് എല്ലാ മാര്‍ഗ്ഗങ്ങളും നോക്കുകയും പണമുണ്ടാക്കാന്‍ വേറെ വഴികളൊക്കെയുണ്ട് എന്ന് സസ്പെന്‍സ് നിലനിര്‍ത്തി പറയുകയും ചെയ്യുകയാണ് ഗണേഷ് കുമാര്‍. പക്ഷേ, കോടതിക്കു മുന്നില്‍ കൃത്യമായ റിപ്പോര്‍ട്ടു കൊടുക്കാതെ പറ്റില്ല; സമയം അധികമില്ലതാനും. സമയം നീട്ടിച്ചോദിക്കുക എന്നതിലേക്കാണ് പോകുന്നതെന്ന സൂചന ശക്തം. ഇപ്പോള്‍ത്തന്നെ പ്രതിദിന കളക്ഷനില്‍നിന്ന് വായ്പകളുടെ തിരിച്ചടവിനു മാത്രം ഒരു കോടി രൂപ മാറ്റിവയ്ക്കുന്നുണ്ട്. ഡീസല്‍ വാങ്ങുന്നതിന്റെ തുക വേറെയും.

ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും ആദ്യ പത്തു ദിവസത്തിനകം കൊടുക്കണം എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ കെ.എസ്.ആര്‍.ടി.സി അപ്പീല്‍ പോയപ്പോള്‍ത്തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു; ശമ്പളം അങ്ങനെ കൊടുക്കാവുന്ന സ്ഥിതിയിലല്ല കോര്‍പറേഷന്‍. അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് അനുകൂല വിധിയും നല്‍കി. അതായത് സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തു. ഗുരുതര സമ്പത്തിക പ്രതിസന്ധിയും ശമ്പളം ഒന്നിച്ചുനല്‍കാന്‍ കഴിയാത്ത സ്ഥിതിയുമാണ് അപ്പീലില്‍ ചൂണ്ടിക്കാണിച്ചത്. 2023 ഫെബ്രുവരിയില്‍ തുടങ്ങിയ രണ്ടു ഗഡു രീതി തുടരേണ്ടിവരും. അതുതന്നെ കൊടുക്കുന്നത് വായ്പ വാങ്ങിയും സര്‍ക്കാരിന്റെ സഹകരണത്തിലുമാണ്. ശമ്പളം രണ്ടു ഗഡു ആക്കുന്നത് അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ വന്നപ്പോള്‍ ജീവനക്കാരുടെ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. അത് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ജീവനക്കാരുടെ അഭിപ്രായം കൂടി ചോദിച്ച ശേഷമാണ് രണ്ടു ഗഡു ആക്കിയതെന്നും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല എന്നും അപ്പീലില്‍ കെ.എസ്.ആര്‍.ടി.സി പറഞ്ഞു.
VishnuPrathap

അതേസമയം, ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും പത്തിനു മുന്‍പ് കൊടുക്കണം എന്ന ഉത്തരവ് പാലിക്കാത്തതിനാല്‍ കോടതിയലക്ഷ്യ നടപടി തുടരേണ്ടിവരുമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അത് നിലനില്‍ക്കുകയാണ്. ശമ്പളക്കാര്യത്തിലെ കോടതിവിധി കെ.എസ്.ആര്‍.ടി.സി പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ തന്നെയാണ് കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയത്. ഒക്ടോബറിലെ ശമ്പളം വിതരണം ചെയ്തു എന്നു പറഞ്ഞാണ് അന്ന് കെ.എസ്.ആര്‍.ടി.സി കോടതിക്കു മുന്നില്‍ പിടിച്ചുനിന്നത്.

വഴിവിട്ട താല്‍പ്പര്യങ്ങള്‍

കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ തുടരുകയും ശമ്പളവും പെന്‍ഷനും മുടങ്ങുകയോ ശമ്പളം രണ്ടു ഗഡു ആക്കുകയോ ചെയ്യുമ്പോഴും 'ഉപദേശകസമിതി' പോലുള്ള കൊച്ചു കൊച്ച് 'അധികാര സ്ഥാന'ങ്ങളെച്ചൊല്ലിയുള്ള തര്‍ക്കത്തിനും കെറുവിനുമൊന്നും കുറവില്ല. ആന്റണി രാജു മന്ത്രിസ്ഥാനം ഒഴിയുന്നതിനു തൊട്ടുമുന്‍പ് രൂപീകരിച്ച ഉപദേശകസമിതിയില്‍ കെ.എസ്.ആര്‍.ടി.സിയിലെ ചില ഉന്നതരുടെ വഴിവിട്ട താല്പര്യങ്ങളുണ്ടെന്നു പുറത്തുവന്നു. പ്രൈവറ്റ് ബസുടമകളുടെ ആളുകള്‍, ഗതാഗത വകുപ്പിനെ സമൂഹമാധ്യമങ്ങളിലും മറ്റും അവഹേളിച്ചവര്‍, കെ.എസ്.ആര്‍.ടി.സിയുടെ പേരുപറഞ്ഞ് പ്രൈവറ്റ് ബസുകാരെ ഭീഷണിപ്പെടുത്തുന്നവര്‍ തുടങ്ങി ആര്‍.ടി.എ ബോര്‍ഡില്‍ പ്രൈവറ്റ് ബസുകാര്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വരെ ഉപദേശകസമിതിയുടെ ഭാഗമായി. ഉപദേശകസമിതികൊണ്ട് കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. പക്ഷേ, സമിതിയില്‍ അംഗമായിരിക്കുന്നത് സ്വന്തം നിലയ്ക്ക് പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗവും. മുങ്ങാന്‍ പോകുന്ന വള്ളത്തില്‍ ചാരുകസേര ഇട്ടിരുന്ന് കാറ്റുകൊള്ളുന്നവര്‍.

ഓരോ മാസവും കെ.എസ്.ആര്‍.ടി.സി ശമ്പളം കൊടുക്കുന്നത് ഇപ്പോള്‍ വാര്‍ത്തയാണ്. ഒക്ടോബറിലെ ശമ്പളം കൊടുത്തതിനെക്കുറിച്ച് കോടതിയെ അറിയിച്ച് ആശ്വാസത്തോടെ ഒന്ന് ഇരിക്കുന്നതിനു മുന്‍പുതന്നെ നവംബറിലെ ശമ്പളം വൈകിയേക്കും എന്ന പ്രചരണമുണ്ടായി. അതും മറികടന്നു; സര്‍ക്കാരിന്റെ നല്‍കിയ തുക കൊണ്ട്. നവംബറിലെ രണ്ടാം ഗഡുവായ 39 കോടി തികയാന്‍ സര്‍ക്കാര്‍ നല്‍കിയ 20 കോടി രൂപ കൂടി വേണ്ടിവന്നു. ബാങ്കില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് 19 കോടി സംഘടിപ്പിച്ചത്. ആദ്യ ഗഡുവിന് 30 കോടി സര്‍ക്കാര്‍ നല്‍കിയിരുന്നു. സംഗതി നവംബറിലെ ശമ്പളമാണെങ്കിലും രണ്ടാം ഗഡു ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയപ്പോള്‍ ഡിസംബര്‍ അവസാന ആഴ്ചയായി. പെന്‍ഷനും ശമ്പളത്തിനുമായി ഡിസംബറില്‍ മാത്രം 121 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയത്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് പ്രതിഷേധധര്‍ണ്ണ നടത്തിയെങ്കിലും അതുകൊണ്ടല്ല ശമ്പളം കിട്ടിയതെന്ന് അവര്‍ക്കും നല്ല ബോധ്യമുണ്ട്. നേരത്തെ, നവംബര്‍ മുതല്‍ പെന്‍ഷന്‍ നല്‍കാനുള്ള പണം കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കും എന്നൊക്കെ പറഞ്ഞെങ്കിലും അതു നടക്കാതെ വന്നപ്പോള്‍ നവംബറില്‍ 71 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ കേരളം പെടാപ്പാട് പെടുന്നതിനിടയിലാണ് കെ. എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താന്‍ ഇങ്ങനെ ചെലവഴിച്ചുകൊണ്ടിരിക്കേണ്ടിവരുന്നത്. പൊതുമേഖലാ ഗതാഗത സംവിധാനം നിലച്ചുപോകാതിരിക്കാനും നിരവധി കുടുംബങ്ങളെ ആത്മഹത്യയില്‍നിന്നു രക്ഷിക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് സര്‍ക്കാരിന്റെ ഇടപെടലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നു.

അതിനിടെ, യാത്രക്കാര്‍ക്ക് ഗൂഗിള്‍ പേയോ പേടിഎമ്മോ പോലെ ഏതെങ്കിലും യു.പി.ഐ വഴി ടിക്കറ്റിന്റെ പണം കൊടുക്കാന്‍ കഴിയുന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ ആധുനികവല്‍ക്കരണം എന്നു വരുത്താനാണ് ചിലരുടെ ശ്രമം. അതല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാം. ദീര്‍ഘദൂര ബസുകളില്‍ ഇത് ഈ മാസം നടപ്പാക്കാനാണ് തീരുമാനം. പക്ഷേ, കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന മുഴുവനാളുകളും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണോ, അവരില്‍ത്തന്നെ കൂടുതലും യു.പി.ഐ ഉപയോഗിക്കുന്നവരും ബാങ്ക് അക്കൗണ്ടില്‍നിന്ന് അങ്ങനെ പണം അയയ്ക്കാന്‍ അറിയുന്നവരുമാണോ എന്ന യാതൊരുവിധ പഠനവും നടത്തിയിട്ടില്ല; കാര്‍ഡുകള്‍ ഉപയോഗിക്കാത്ത എത്രയോ ആളുകള്‍ ഇപ്പോഴും കേരളത്തില്‍പ്പോലുമുണ്ട് എന്ന വസ്തുതയും കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതര്‍ക്കു മുന്നില്‍ ഇല്ല.

കേരളത്തിലെ ഗതാഗതവകുപ്പിന്റെ മുഖമാണ് കെ.എസ്.ആര്‍.ടി.സി. മൂന്നു വര്‍ഷം മുന്‍പ് എംപാനല്‍ കണ്ടക്ടര്‍മാരെ കോടതിവിധിയുടെ പേരില്‍ കൂട്ടത്തോട പിരിച്ചുവിട്ടത് കേരളത്തിന് ഓര്‍മ്മയുണ്ട്. അന്ന് അതില്‍ പ്രതിഷേധിച്ച് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തിയെങ്കിലും വിധി നടപ്പാക്കുകതന്നെ ചെയ്തു. അത് ആ പ്രത്യേക വിഷയത്തില്‍ പുറപ്പെടുവിച്ച വിധിയും തീരുമാനവുമായിരുന്നു. ആ കണ്ടക്ടര്‍മാരുടേയും കുടുംബങ്ങളുടേയും കണ്ണുനീരിനു ഫലമൊന്നും ഉണ്ടായില്ല. എന്നാല്‍, നിലനില്‍പ്പിനായുള്ള പിടച്ചിലിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി എങ്ങാനും നിന്നുപോയാല്‍ തകര്‍ന്നുപോകുന്ന പൊതുമേഖലയുടെ കരുത്തിനേയും അതിനെ ആശ്രയിക്കുന്ന മനുഷ്യരേയും കുടുംബങ്ങളേയും മുന്നില്‍ക്കണ്ട് പുതിയ സമഗ്രപദ്ധതികള്‍ ഉണ്ടാകണം എന്നാണ് പൊതുവികാരം.

കെ.ബി. ഗണേഷ്‌കുമാര്‍
കെ.ബി. ഗണേഷ്‌കുമാര്‍
ചെലവുകള്‍ വെട്ടിക്കുറച്ച് പുതിയ തുടക്കം: കെ.ബി. ഗണേഷ്‌കുമാര്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരോട് പറയാനുള്ളത്: ആളുകളോട് മര്യാദയ്ക്കു പെരുമാറണം. എവിടെ കൈകാണിച്ചാലും നിര്‍ത്തണം, രാത്രി പത്തു മണിക്കുശേഷം എവിടെ ആവശ്യപ്പെട്ടാലും നിര്‍ത്തിക്കൊടുക്കണം; പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും. നമ്മുടെ തൊട്ടടുത്ത് തമിഴ്നാട്ടിലെ ബസിലൊന്നു കയറാന്‍ ചെന്നു നോക്കൂ, അമ്മാ വാമ്മാ, ഏറുങ്കോ എന്ന് പറയും; വരണം സാര്‍ എന്നു ക്ഷണിക്കും. അതുപോലെ നന്നായി പെരുമാറിയാല്‍ നമ്മുടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും എന്തു കുഴപ്പമാണുണ്ടാവുക? ബസില്‍ കയറാന്‍ വരുന്ന വൃദ്ധരായ അമ്മമാരേയും അച്ഛന്മാരേയും കണ്ടക്ടര്‍ കൈപിടിച്ച് അകത്തേക്കു കയറ്റണം. പരമാവധി ആളുകളെ കയറ്റണം. ഉദ്യോഗസ്ഥരോട് പറഞ്ഞത്: അനാവശ്യ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കും. ഒരു മാസത്തെ വരുമാനത്തിന്റെ പകുതിയോളം ഡീസല്‍ കമ്പനിക്കാണ് കൊടുക്കുന്നത്. അതുകൊണ്ട് കളക്ഷനില്ലാത്തിടത്തേക്ക് ബസ് ഓടിക്കുന്നത് അവസാനിപ്പിച്ചേ പറ്റുകയുള്ളു. അതില്‍ അഭിമാന പ്രശ്നമൊന്നുമില്ല. ഒരു കിലോമീറ്റര്‍ പോലും അനാവശ്യമായി ഓടാന്‍ പാടില്ല. എന്നു കരുതി ജനങ്ങളെ ബുദ്ധിമുട്ടിക്കാനും പാടില്ല. എല്ലാവിധ ലോക്കല്‍ പര്‍ച്ചേസുകളും അവസാനിപ്പിക്കണം. എല്ലാ കണക്കുകളിലും മന്ത്രി ഇടപെടും. കെ.എസ്.ആര്‍.ടി.സിയില്‍ മൂന്നു മാസം നീളുന്ന ഇന്‍വെന്ററി സിസ്റ്റം കൊണ്ടുവരും. അതായത് അനാവശ്യമായി സ്പെയര്‍പാര്‍ട്ടുകള്‍ വാങ്ങിക്കൂട്ടില്ല. പണം ചോരുന്ന യാതൊരു വഴികളും അനുവദിക്കില്ല. ബസ് ഓട്ടവും കൊറിയര്‍ സര്‍വ്വീസും അല്ലാതെ തന്നെ പണം കിട്ടാനുള്ള ചില പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. സാമാജികരോട് പറയാനുള്ളത്: എല്ലാ ഷെഡ്യൂളും വെട്ടാന്‍ പോവുകയാണെന്നു എം.എല്‍.എമാര്‍ക്ക് ആശങ്കവേണ്ട. എം.എല്‍.എമാരുടേയും പൊതുപ്രവര്‍ത്തകരുടേയും അഭിപ്രായങ്ങള്‍ മാനിക്കും. ജീവനക്കാരോട് പൊതുവായി പറയാനുള്ളത്: ശമ്പള വര്‍ദ്ധന ഒരു കൊല്ലത്തേക്കു ചോദിക്കുകയേ വേണ്ട. ശമ്പളം തരുന്ന കാര്യം ആദ്യം ശരിയാകട്ടെ. നിങ്ങള്‍ ഉണ്ടാക്കിക്കൊണ്ടു വരുന്ന പണം ദുരുപയോഗം ചെയ്യാതിരിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് കണ്ടക്ടര്‍മാര്‍ക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്. ആരും ഒരു പൈസ മോഷ്ടിക്കാന്‍ അനുവദിക്കില്ല; ഒരു അഴിമതിയും നടത്താന്‍ സമ്മതിക്കില്ല. പണം ഈ സ്ഥാപനത്തിനുതന്നെ ഉപകാരപ്പെടും. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള ഏറ്റവും വലിയ ചുമതല ജീവനക്കാര്‍ക്കുതന്നെയാണ്. ഡ്രൈവറേയും കണ്ടക്ടറേയും സുഖിപ്പിക്കാന്‍ വേണ്ടി ഷെഡ്യൂള്‍ തയ്യാറാക്കരുത് എന്ന് ഷെഡ്യൂള്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. അങ്ങനെ കണ്ടാല്‍ അത് റദ്ദാക്കും. ജനത്തോട് പറയാനുള്ളത്: ഇന്നലെ വരെ എന്ത് എന്നുള്ളത് മറക്കൂ. കെ.എസ്.ആര്‍.ടി.സിയില്‍ മാറ്റമുണ്ടാകും.
കെ.എസ്.ആര്‍.ടി.സി രക്ഷപെടില്ലേ; കാരണങ്ങളില്‍ ചിലത് ഇതൊക്കെയാണ്
ആ ചരിത്ര സംഭവത്തിന് 85 വര്‍ഷം പിന്നിടുമ്പോള്‍ നഷ്ടവഴിയില്‍ കിതച്ചു നില്‍ക്കുകയാണ് കെ.എസ്.ആര്‍.ടി.സി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com