മായാവതിയുടെ രാഷ്ട്രീയജീവിതം

രാഷട്രീയമായി അസ്തമിക്കുമോ ബി.എസ്.പി
മായാവതി
മായാവതിPEDRO UGARTE

ധികാര ഭ്രമാത്മകതയുടേയും ഉന്മാദത്തിന്റേയും മിശ്രണം-ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ മായാവതിയെ വിശേഷിപ്പിച്ചതിങ്ങനെ. നൂറ്റാണ്ടിലൊരിക്കലേ 'മായാവതിമാര്‍' ജനിക്കൂ എന്നൊരു ചൊല്ല് തന്നെയുണ്ട്. പരുക്കന്‍ സ്വഭാവമുള്ള, ആദര്‍ശരഹിതമായ, അഴിമതിക്കാരിയായ ഒരു വ്യക്തിത്വം മാത്രമാകും പലര്‍ക്കും മായാവതി. എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തിന്റെ അപവാദങ്ങള്‍ എത്ര തന്നെയുണ്ടെങ്കിലും ജീവിക്കുന്ന രാഷ്ട്രീയ ഇതിഹാസമാണ് അവരെന്ന കാര്യത്തില്‍ സംശയമില്ല. ജാതിവിവേചനം നേരിട്ട ബാല്യം. ആണ്‍മേധാവിത്വത്തോട് പടവെട്ടിയ യുവത്വം. ജാതിസമവാക്യങ്ങള്‍ നിര്‍ണയിക്കുന്ന യു.പിയുടെ മണ്ണില്‍ വിജയതേരോട്ടം. വര്‍ഗ്ഗീയശക്തികള്‍ക്കൊപ്പവും അല്ലാതേയും പ്രായോഗിക രാഷ്ട്രീയ സഖ്യങ്ങളിലൂടെ അധികാരം കൈക്കലാക്കിയ അവരുടെ വിജയതന്ത്രങ്ങള്‍ പില്‍ക്കാലത്ത് ഏശാതെയായി. ത്രിശൂലമേന്തിയും ബ്രാഹ്മണ-ദളിത് കൂട്ടുകെട്ടുമടക്കം അവര്‍ പരീക്ഷിച്ച സോഷ്യല്‍ എന്‍ജിനീയറിങ്ങ് പാടേ പരാജയപ്പെട്ടിട്ടുണ്ട്. യു.പി.യിലെ നിശ്ചലമായ ആനകള്‍ ഒരുപക്ഷേ, അവരുടെ അഴിമതിക്കഥകളുടെ ബിംബങ്ങളായേക്കും. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വയം ഉരുത്തിരിഞ്ഞുവന്ന ദളിത് നേതാവ് എന്ന നിലയില്‍ മായാവതിയെ എല്ലാക്കാലത്തും പരാജയത്തിന്റേയും അഴിമതിയുടേയും മാത്രം നിഴലില്‍ മാത്രം ഒതുക്കിനിര്‍ത്തി ഓര്‍മ്മിക്കാനാകില്ല.

20 വര്‍ഷം മുന്‍പ് മൂന്നു വട്ടം ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയാണ് അവര്‍. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനം ഭരിക്കാന്‍ അവസരം ലഭിച്ച ആദ്യ ദളിത് വനിത. ഉത്തര്‍പ്രദേശില്‍ മായാവതി മുഖ്യമന്ത്രിയായത് ബി.ജെ.പിയുടെ പിന്തുണയോടെയാണ് എന്നതും ഓര്‍മ്മിക്കണം. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് മായാവതിയുടെ ഉയര്‍ച്ചയെ 'ജനാധിപത്യത്തിന്റെ മഹാത്ഭുതം' എന്നാണ് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു വിശേഷിപ്പിച്ചിട്ടുള്ളത്.
മായാവതി
മായാവതി

പല മാനങ്ങളുള്ളതാണ് മായാവതിയുടെ ജീവിതകഥ- അജയ്ബോസ് എഴുതിയ ജീവചരിത്രത്തിലെ ആദ്യവാചകം ഇങ്ങനെയാണ്. രാജ്യത്തെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളാകാനുള്ള അഭിലാഷത്തില്‍ നയിക്കപ്പെടുന്ന ഒരു ദളിത് സ്ത്രീയുടെ വിസ്മയിപ്പിക്കുന്ന വ്യക്തിചിത്രം മാത്രമല്ല അത്. അധികാരത്തിനുവേണ്ടി രാഷ്ട്രീയക്കാര്‍ പിന്തുടര്‍ന്ന പരമ്പരാഗത രീതികള്‍ പലതും അവര്‍ പൊളിച്ചെഴുതി. നിരന്തരമായ പ്രത്യയശാസ്ത്ര രീതികളിലെ മാറ്റം അതിനു തെളിവാണ്. അത്തരം മാറ്റങ്ങളിലൂടെ അവര്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ അത് അസംബന്ധമായേനെ. അധികാരലബ്ധി കൂടി ഇല്ലായിരുന്നെങ്കില്‍ അവരുടെ രാഷ്ട്രീയം, പ്രത്യയശാസ്ത്രം, പ്രവര്‍ത്തനം എന്നിവയൊക്കെ പരിഹാസ്യമാകുമായിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ സ്റ്റീരിയോ ടിപ്പിക്കലായ ജാതിവിഭജനം ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന ഒരു വലിയ സാമൂഹ്യപ്രക്ഷോഭത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു അവരുടെ രാഷ്ട്രീയ ഉദയം.

അവരുടെ ബാല്യകാലത്തെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും വിശാലമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്നു ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ഇന്നും അതേക്കുറിച്ച് ചുരുക്കം ചില വിവരങ്ങള്‍ മാത്രമാണ് പൊതുമണ്ഡലത്തില്‍ പ്രചരിക്കുന്നത്. കുടുംബബന്ധങ്ങള്‍, സൗഹൃദം, സ്നേഹബന്ധങ്ങള്‍ ഇതൊന്നും പരസ്യമാക്കാന്‍ അവര്‍ ഒരിക്കലും തയ്യാറായിട്ടില്ല. ഊഹംവച്ച് പ്രചരിക്കുന്ന ചില കഥകള്‍ക്കപ്പുറം സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളും ദുരൂഹമായി തുടരുന്നു. രാഷ്ട്രീയ ഗുരുവായ കാന്‍ഷിറാമിനോടുള്ള ബന്ധം മാത്രമാണ് ഇതില്‍ പുറത്തറിയാവുന്നത്.

ഉത്തര്‍പ്രദേശിന്റെ ഒരറ്റത്തുള്ള കുഗ്രാമത്തില്‍ ഒരു ദളിത് കുടുംബത്തിലാണ് മായാവതിയുടെ ജനനം. അച്ഛന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലര്‍ക്കായിരുന്നു. എല്ലാവിധ വിവേചനങ്ങളും അനുഭവിച്ച കാലം. ഭൂമിയുടെ ഉടമസ്ഥതയെല്ലാം ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രം. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളോടെ അവര്‍ ഗ്രാമത്തിന്റെ മറ്റൊരു വശത്ത് ജീവിക്കുന്നു. കിണറോ സ്‌കൂളോ, എന്തിന് ശ്മശാനം പോലും ഉപയോഗിക്കാന്‍ ദളിര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ഈ തൊട്ടുകൂടായ്മയുടേയും വിവേചനത്തിന്റേയും അവഗണനയുടേയും കാഠിന്യം അറിഞ്ഞാണ് മായാവതി ബാല്യം പിന്നിട്ടത്. എട്ടാം വയസ്സില്‍ ഡല്‍ഹി നഗരത്തിനു പുറത്തുള്ള ഒരു കോളനിയിലേക്ക് അവരുടെ കുടുംബം മാറി.
പാര്‍ലമെന്റില്‍ മായാവതിയെ സ്വീകരിക്കുന്ന പാര്‍ട്ടി എംപി
പാര്‍ലമെന്റില്‍ മായാവതിയെ സ്വീകരിക്കുന്ന പാര്‍ട്ടി എംപി

ചമാര്‍ എന്ന വിഭാഗമാണ് മായാവതിയുടെ കുടുംബം. അസ്പൃശ്യരില്‍ ഏറ്റവും കുറഞ്ഞതെന്ന് കരുതപ്പെട്ടിരുന്ന വിഭാഗം. അതുകൊണ്ടുതന്നെ ജാതി എന്നത് കുട്ടിക്കാലത്തെ അവര്‍ തിരിച്ചറിഞ്ഞിരുന്നു. വിവേചനത്തെ അവര്‍ ചെറുത്തു. അതിന്റെ പേരില്‍ പലപ്പോഴും ആളുകളുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ അനുഭവച്ചൂളയില്‍ അവരിലെ തീപ്പൊരി വാര്‍ത്തെടുക്കപ്പെടുകയായിരുന്നു. അവരുമായി തര്‍ക്കത്തിന് ആരും നില്‍ക്കാതെയായി. അങ്ങനെ അച്ഛന്റെ നിര്‍ബ്ബന്ധപ്രകാരം അവര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങി. വിദ്യാഭ്യാസ ചെലവിനായി സ്വകാര്യ കോളേജുകളില്‍ പാര്‍ട്ട് ടൈമായി അവര്‍ പഠിപ്പിക്കാന്‍ തുടങ്ങിയത് അവരുടെ ജീവചരിത്രമെഴുതിയ അജോയ് ബോസ് പറയുന്നുണ്ട്.

അറുപതുകളുടേയും എഴുപതുകളുടേയും അവസാനം ദളിത് വിഭാഗക്കാര്‍ രാഷ്ട്രീയമായി സംഘടിക്കപ്പെട്ടു തുടങ്ങി. അംബേദ്കറിന്റെ പുസ്തകങ്ങളും ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. കോളനിയില്‍ ഇത് സംബന്ധിച്ച യോഗങ്ങളും പരിപാടികളുമൊക്കെ തുടര്‍ച്ചയായി നടക്കുമായിരുന്നു. അത്തരമൊരു പരിപാടിക്കിടെ ഒരു സംഭവം നടന്നു. മേല്‍ജാതിക്കാരനായ ഒരു കോണ്‍ഗ്രസ് നേതാവിനെതിരേ അവര്‍ ശബ്ദമുയര്‍ത്തി. ആ പാര്‍ട്ടി ദളിതര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തി. 21-കാരിയുടെ ഒരു സ്വാഭാവിക പ്രതികരണമായിരുന്നില്ല അത്. മൂര്‍ച്ചയേറിയ ആ വാക്കുകള്‍ ഏവരും ശ്രദ്ധിച്ചു. മായാവതിയില്‍ ഒരു നേതാവുണ്ടെന്ന് കാന്‍ഷിറാം തിരിച്ചറിഞ്ഞ സംഭവം ഇതായിരുന്നു.

കാന്‍ഷിറാമുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അച്ഛനെ ധിക്കരിച്ച്, പഠനം ഉപേക്ഷിച്ച് അവര്‍ രാഷ്ട്രീയ ഗുരുവായ കാന്‍ഷിറാമിനൊപ്പം ചേര്‍ന്നു. പിന്നീടങ്ങോട്ടുള്ള ദശാബ്ദങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാവതി ബഹന്‍ജിയായി. 10 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനം അതിന്റെ അജണ്ട ദേശീയമായിരുന്നുവെന്ന് കരുതപ്പെടുന്നെങ്കിലും ഉത്തര്‍പ്രദേശില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവര്‍ ശ്രദ്ധിച്ചത്. ഇത് യുക്തിസഹമായിരുന്നു. മായാവതി ആ സംസ്ഥാനത്തുനിന്നുള്ളവളായിരുന്നുവെന്നത് മാത്രമല്ല, ഡല്‍ഹിയില്‍നിന്ന് വടക്കന്‍ സമതലങ്ങളിലുള്ള വിശാലമായ രാഷ്ട്രീയ ഭൂമികയായിരുന്നു.

ബി.എസ്.പിയുടെ ഉദയം

ബി.എസ്.പിയുടെ ചരിത്രം മായാവതിയുടെ കൂടെ ചരിത്രമാണ്. 1984-ല്‍ ആണ് കാന്‍ഷിറാം ബഹുജന്‍ സമാജ് പാര്‍ട്ടിക്കു രൂപം നല്‍കിയത്. അധഃസ്ഥിത ജനതയുടെ മുന്നേറ്റമായിരുന്നു ലക്ഷ്യം. പ്രസ്ഥാനത്തിന്റെ മുന്നില്‍ത്തന്നെ അദ്ദേഹത്തിന്റെ സഹായിയായി മായാവതി ഉണ്ടായിരുന്നു. വരും ദശാബ്ദങ്ങളില്‍ നിര്‍ണ്ണായക രാഷ്ട്രീയ പ്രസ്ഥാനമായി ബി.എസ്.പി മാറി. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി നാലുതവണ അധികാരത്തിലെത്താന്‍ കഴിഞ്ഞ അതുല്യ വ്യക്തിയായി മായാവതി മാറി. എന്നാല്‍, യു.പിക്കു പുറമേ മിക്ക സംസ്ഥാനങ്ങളിലും യൂണിറ്റുകളുണ്ടായെങ്കിലും ഒന്നോ രണ്ടോ എം.എല്‍.എമാരെ നേടിയതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റം നടത്താന്‍ എങ്ങുമായില്ല എന്നതാണ് ഈ പ്രസ്ഥാനം നേരിട്ട തിരിച്ചടി.

മായാവതി -പഴയ ചിത്രം
മായാവതി -പഴയ ചിത്രം

ബി.എസ്.പിയുടെ ആദ്യ മത്സരം 1985-ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പായിരുന്നു. മത്സരിച്ച ഏക സീറ്റില്‍ കിട്ടിയത് വെറും 1253 വോട്ട് മാത്രം. എന്നാല്‍, അതൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. അടുത്ത അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനത്തിലുടെ പാര്‍ട്ടിക്ക് അടിത്തറ പാകാന്‍ കാന്‍ഷിറാമിനും മായാവതിക്കുമായി. ബി.എസ്.പി യു.പിയില്‍ മികച്ച രാഷ്ട്രീയ പ്രസ്ഥാനവുമായി. ഇതിനിടെ പഞ്ചാബിലും ഡല്‍ഹിയിലും ഹരിയാനയിലും സാന്നിധ്യമറിയിച്ച പാര്‍ട്ടി, മധ്യപ്രദേശിലും രാജസ്ഥാനിലും ശ്രദ്ധിക്കപ്പെടുന്ന പാര്‍ട്ടിയായി. എന്നാല്‍, എവിടെയും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല.

1989-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ രണ്ടും പഞ്ചാബില്‍ ഒരു സീറ്റും നേടി കുതിപ്പിന് തുടക്കമിട്ടു. പാര്‍ട്ടിയുടെ ആദ്യ എം.പിയായി യു.പിയിലെ ബിജനോറില്‍ വിജയിച്ചത് മായാവതിയായിരുന്നു. 372 സീറ്റില്‍ മത്സരിച്ച് 13 സീറ്റില്‍ വിജയിച്ച് ബി.എസ്.പി യു.പി നിയമസഭയിലേക്കും കടന്നത്. 90 സീറ്റില്‍ കെട്ടിവച്ച പണവും തിരിച്ചുപിടിച്ച് 9.31 ശതമാനം വോട്ടും നേടിയതോടെ മറ്റു പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി ബി.എസ്.പി മാറി. 1991-ലും 367 സീറ്റില്‍ മത്സരിച്ച് 12 ഇടത്ത് വിജയിച്ചു. 9.44 ശതമാനം വോട്ടു വിഹിതം നേടി. പിന്നീടങ്ങോട്ട് പാര്‍ട്ടി സഖ്യങ്ങളുടെ കാലം. 1993-ല്‍ ജനതാദള്‍ വിട്ട് സമാജ് വാദിയായി മാറിയ മുലായം സിങ് ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി. 164 സീറ്റില്‍ പൊരുതിയ ബി.എസ്.പി 67 സീറ്റില്‍ വിജയം കുറിച്ചു. 1996-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് സഖ്യമുണ്ടാക്കിയത്. 296 സീറ്റില്‍ പൊരുതിയ ബി.എസ്.പി 67 സീറ്റില്‍ വിജയം ആവര്‍ത്തിച്ചു. 108 ലക്ഷം വോട്ടുമായി 19.64 ശതമാനമായി വോട്ടു വിഹിതം. 2001-ല്‍ കാന്‍ഷിറാം പാര്‍ട്ടിയുടെ നേതൃത്വം മായാവതിക്കു പൂര്‍ണ്ണമായി കൈമാറി. അനാരോഗ്യമായിരുന്നു കാരണം. 2002-ല്‍ ഒറ്റയ്ക്ക് പൊരുതിയ ബി.എസ്.പി 98 സീറ്റില്‍ വിജയിച്ച് മുഖ്യ പ്രതിപക്ഷമായി.

മായാവതിയും കാന്‍ഷിറാമും
മായാവതിയും കാന്‍ഷിറാമും

2007 ആയപ്പോഴേക്കും മായാവതി യു.പി രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി. 405-ല്‍ 206 സീറ്റില്‍ വിജയിച്ച് (158 ലക്ഷം വോട്ടും 30.43 ശതമാനവും) ഒറ്റയ്ക്ക് അധികാരത്തിലേക്കു കയറിയ മായാവതി, കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ബി.എസ്.പിയുടെ തകര്‍ച്ചയുടെ തുടക്കമായിരുന്നു ഭരണം. പിന്നീടുള്ള യു.പിയിലെ പ്രകടനം ഓരോ തവണയും മോശമാവുകയായിരുന്നു. 2012-ലെ തെരഞ്ഞെടുപ്പില്‍ 25.91 ശതമാനം വോട്ടു നേടിയിട്ടും 80 സീറ്റു മാത്രമേ പാര്‍ട്ടിക്ക് നേടാനായുള്ളൂ. 224 സീറ്റുമായി മുലായം അധികാരം പിടിച്ചു. എന്നാല്‍, 2017-ല്‍ ബി.ജെ.പിയുടെ കുതിച്ചുചാട്ടത്തില്‍ ബി.എസ്.പി തീര്‍ത്തും ഇല്ലാതായി. 22.23 ശതമാനം വോട്ട് നേടിയെങ്കിലും വെറും 19 സീറ്റിലേക്കൊതുങ്ങിയ പാര്‍ട്ടി, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അടിത്തറ ചോര്‍ന്ന് ഇപ്പോഴത്തെ ഒരു സീറ്റിലേക്ക് ചുരുങ്ങി.

ലോക്സഭയിലേക്ക് 1989-ല്‍ മൂന്ന് സീറ്റ് നേടിയ പാര്‍ട്ടി 1991-ലും 3 സീറ്റ് നേടി. എന്നാല്‍, 1996 ആയപ്പോഴേക്കും നില മെച്ചപ്പെട്ടു. 11 പേരെ ലോക്സഭയിലെത്തിക്കാന്‍ കഴിഞ്ഞു. 1998-ല്‍ അഞ്ചും 1999-ല്‍ 14 പേരെയും വിജയിപ്പിച്ചു. 2004 ആയപ്പോള്‍ ഇത് 19 ആയി ഉയര്‍ന്നു. എറ്റവുമധികം പേരെ ജയിപ്പിച്ചത് 2009-ലാണ്- 21 പേര്‍. എല്ലാവരും യു.പിയില്‍ നിന്നുതന്നെ എന്നതും പ്രത്യേകതയാണ്. അതേസമയം, 2001-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാതെ ലോക്സഭയില്‍നിന്നുതന്നെ പുറത്തായതാണ് ബി.എസ്.പിയുടെ ചരിത്രം.

ബി.ജെ.പി ചരിത്രവിജയം നേടിയ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 19.8 ശതമാനം വോട്ടു നേടിയിട്ടും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. ഇത് കണക്കിലെടുത്താണ് 2019-ല്‍ സമാജ്വാദിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നത്. 10 സീറ്റില്‍ ജയം നേടിയെങ്കിലും രാഷ്ട്രീയപ്രഭ അസ്തമിച്ചു തുടങ്ങിയിരുന്നു. എസ്.പിയുമായി ഒത്തുപോകാനില്ലെന്ന് മായാവതി പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ഏറ്റവും ദയനീയ പ്രകടനം കണ്ടു. സീറ്റെണ്ണത്തില്‍ പിന്നില്‍ പോയെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും ഏറ്റവും കൂടുതല്‍ വോട്ടുള്ള മൂന്നാമത്തെ പാര്‍ട്ടി ബി.എസ്.പിയാണ്. വോട്ടുവിഹിതം 12.7 ശതമാനം. 1995, 97, 2002 എന്നീ വര്‍ഷങ്ങളില്‍ സഖ്യസര്‍ക്കാരുകളില്‍ ഹ്രസ്വകാലത്തേക്ക് മുഖ്യമന്ത്രിയായ മായാവതി ഓരോ തവണയും പാര്‍ട്ടിയുടെ വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചിരുന്നു. 2007-ല്‍ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോള്‍ 30.43 ശതമാനമായിരുന്നു വോട്ട്. അതുകൊണ്ടുതന്നെ അടിത്തറയിളകിയിട്ടില്ലെന്ന വിശ്വാസത്തിലാണ് ബഹന്‍ജി.
ത്രിശൂലവുമായി
ത്രിശൂലവുമായി

ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിലോ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലോ ചേരാതെ വിട്ടുനില്‍ക്കുകയാണ് മായാവതി. ഇരുമുന്നണികളും ദളിത് വിരുദ്ധ-ജാതി സഖ്യങ്ങളാണ് എന്നാണ് മായാവതിയുടെ പ്രഖ്യാപനം. അതുകൊണ്ട് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. അതേസമയം, തെരഞ്ഞെടുപ്പിനു ശേഷം സഖ്യസാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്തു. സഖ്യം ഗുണം ചെയ്തില്ലെന്നും ബി.എസ്.പിക്ക് ഗുണം ചെയ്തില്ലെന്നുമുള്ള പ്രഖ്യാപനം വോട്ടുകള്‍ പാര്‍ട്ടിക്ക് എത്തിക്കുന്നതിലുള്ള ആജ്ഞാശേഷി നഷ്ടപ്പെട്ടെന്ന് വേണം വിലയിരുത്താന്‍.

മായാവതിയും സോണിയയും
മായാവതിയും സോണിയയും

ഇന്ത്യ മുന്നണിയുടെ മുംബൈയിലെ യോഗത്തിനു മുന്‍പ് ദളിത് വിരുദ്ധ-ജാതി പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത് ഞങ്ങളവരെ ക്ഷണിച്ചിട്ടില്ല എന്നായിരുന്നു. ആര്‍ക്ക് വോട്ട് ചെയ്യണം, ആര്‍ക്ക് ചെയ്യരുത് എന്ന് മായാവതി അണികളോട് ഇതുവരെ പറഞ്ഞിട്ടുമില്ല. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ വോട്ടുവിഹിതം 12.88 ശതമാനമാണ്. കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വോട്ടുവിഹിതം. ബി.എസ്.പി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകുന്നതിനോട് സമാജ്വാദി പാര്‍ട്ടിക്ക് യോജിപ്പില്ല. 1993-ല്‍ മുലായം സിങ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായി കൈകോര്‍ത്ത ബി.എസ്.പി ആ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയിരുന്നു. 1992 ഡിസംബറില്‍ അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം. മുലായവും കാന്‍ഷിറാമും ചേര്‍ന്നാല്‍ ജയ് ശ്രീറാം വിളികള്‍ കേള്‍ക്കില്ലെന്നായിരുന്നു അന്ന് ഉയര്‍ന്ന മുദ്രാവാക്യം. മുഖ്യമന്ത്രി പദം പങ്കുവച്ച് മുലായവും മായാവതിയും കൈകോര്‍ത്തത് ചരിത്രം. നേതാക്കള്‍ കൈകോര്‍ത്തെങ്കിലും അണികള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് അവസാനിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുകൂട്ടര്‍ക്കും വഴി പിരിയേണ്ടിവന്നെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ ദളിത് നേതാവായി മായാവതി പിന്നെയും തുടര്‍ന്നു. നാലു തവണ മുഖ്യമന്ത്രിയുമായി. ഓരോ തവണയും ബി.ജെ.പിയോ എസ്.പിയോ കോണ്‍ഗ്രസ്സോ അവരെ പിന്തുണച്ചു. 2007-ല്‍ 206 സീറ്റും 30 ശതമാനം വോട്ടുവിഹിതവും നേടി അവര്‍ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കി. 2007 മുതലാണ് ബി.എസ്.പിയുടെ തകര്‍ച്ച തുടങ്ങിയത്. ഒരിക്കല്‍ ബി.എസ്.പിയുടെ ശക്തിയായിരുന്ന ബാല്‍മികി-ജാട്ട് ഇതര ദളിത് വിഭാഗങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്കൊപ്പമാണ് ഇപ്പോള്‍.

മായാവതി
ഫലവത്താകുമോ ഇന്ത്യ മുന്നണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com