ആയാറാം ഗയാറാം: നിതീഷ് കാലുമാറുമ്പോള്‍

പ്രത്യയശാസ്ത്രം, നൈതികത എന്നിവയേക്കാള്‍ പ്രാധാന്യം അധികാരത്തിനാണെന്ന് നിതീഷിന്റെ രാഷ്ട്രീയജീവിതം സാക്ഷ്യപ്പെടുത്തുന്നു
നിതീഷ് കുമാറും നരേന്ദ്രമോദിയും
നിതീഷ് കുമാറും നരേന്ദ്രമോദിയും------

ണ്ടുമാസത്തിലേറെയായി പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കു വിരാമം! വിചാരിച്ചതുപോലെ, ബിഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും കാലുമാറി. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതുകക്ഷികള്‍ എന്നിവരുമായി ചേര്‍ന്ന് 2022 ഓഗസ്റ്റില്‍ രൂപീകരിച്ച മഹാസഖ്യസര്‍ക്കാര്‍ പിരിച്ചുവിട്ട ശേഷം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയിലേക്കാണ് നിതീഷ് ചുവടുമാറിയത്. ജെ.ഡി.യു, ബി.ജെ.പി, എച്ച്.എ.എം എന്നിവയുടെ എം.എല്‍.എമാരും ഒരു സ്വതന്ത്രനുമടക്കം 128 പേരുടെ പിന്തുണ എന്‍.ഡി.എ ഉറപ്പാക്കിയതോടെ ഒമ്പതാം തവണയും നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി.

രാഷ്ട്രീയ പാര്‍ട്ടികളിലെ നാടകീയമായ കാലുമാറ്റങ്ങളെ ആയാറാം ഗയാറാം എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത് ദശാബ്ദങ്ങള്‍ക്കു മുന്‍പാണ്. 1967-ല്‍ ഹരിയാനയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പലവട്ടം പാര്‍ട്ടിമാറിയ ഗയാലാല്‍ എന്ന സ്വതന്ത്ര അംഗത്തെ കോണ്‍ഗ്രസ് നേതാവ് റാവു ബിരേന്ദ്ര സിങ് വിശേഷിപ്പിച്ച പദമാണ് 'ആയാറാം ഗയാറാം'. സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട ഗയാലാല്‍ ആദ്യം കോണ്‍ഗ്രസ്സിലായിരുന്നു. പിന്നാലെ യുണൈറ്റഡ് ഫ്രണ്ടിലെത്തി. എന്നാല്‍, വീണ്ടും കാലുമാറി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഒന്‍പത് മണിക്കൂറിനുള്ളില്‍ വീണ്ടും യുണൈറ്റഡ് ഫ്രണ്ടില്‍. അതുകൊണ്ടും അവസാനിച്ചില്ല. രണ്ട് മണിക്കൂറിനുള്ളില്‍ തിരിച്ച് വീണ്ടും കോണ്‍ഗ്രസ്സില്‍. അങ്ങനെ ചേരിമാറി ചാടിക്കളിച്ച ഗയാലാലിനെ പത്രപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കി ബിരേന്ദ്രസിങ് പറഞ്ഞ വാക്കാണ് 'ആയാറാം ഗയാറാം'. നിതീഷ് കുമാറിന്റെ കൂറുമാറ്റത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശേഷിപ്പിച്ചതും ഇതേ വാക്കുകള്‍ കൊണ്ടാണ്.

രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രം, സിദ്ധാന്തം, നീതിശാസ്ത്രം, നൈതികത എന്നിവയേക്കാള്‍ പ്രാധാന്യം അധികാരത്തിനും അവസരത്തിനുമാണെന്നു ചിന്തിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് നിതീഷ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഈ മാറ്റത്തില്‍ അത്ഭുതവുമില്ല. കഴിഞ്ഞ 11 വര്‍ഷത്തിനിടെ മുന്നണികള്‍ മാറിമാറി അദ്ദേഹം മുഖ്യമന്ത്രിയായത് ആറ് തവണയാണ്. ഏതുവിധേനയും അധികാരം ഉറപ്പിക്കുമെന്ന് കഴിഞ്ഞ ദശാബ്ദക്കാലയളവില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.
രാഹുല്‍, നിതീഷ്,മമത, സോണിയ
രാഹുല്‍, നിതീഷ്,മമത, സോണിയ -

പ്രതിപക്ഷ മുന്നണിസഖ്യമായ ഇന്ത്യയുടെ രൂപീകരണത്തിനു ചുക്കാന്‍പിടിച്ചത് നിതീഷായിരുന്നു. കഴിഞ്ഞ ജൂണില്‍ മോദിയെ പുറത്താക്കാന്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രഖ്യാപിച്ച നിതീഷ് ഇന്ന് മോദിയോടൊപ്പം ചേര്‍ന്നുനില്‍ക്കുമ്പോള്‍ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് തന്നെ കളങ്കമാകുന്നു. സാമാന്യജനത്തിനു ബോധ്യപ്പെടുംവിധം ഒരു രാഷ്ട്രീയ വിശദീകരണവും നിതീഷ് കുമാര്‍ നല്‍കിയില്ലെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇത്തരം സ്വയം പരിഹാസ്യമായ പ്രവൃത്തികളേറെയുണ്ടെങ്കിലും ഇത്തവണത്തെ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യത്തിലും അവസരത്തിലുമാണ്.

ഭരണഘടനാ സ്ഥാപനങ്ങള്‍, കോടതികള്‍, പാര്‍ലമെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാത്തിനെയും തങ്ങളുടെ വരുതിയിലാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ അന്തിമഘട്ടങ്ങളിലാണ്. പ്രകടമായ വര്‍ഗ്ഗീയതയ്ക്കും ഭൂരിപക്ഷ സമഗ്രാധിപത്യ ശ്രമങ്ങള്‍ക്കുമാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം സാക്ഷിയാകുന്നത്. ജനാധിപത്യം നാമമാത്രമാകുന്നു, മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു, ഭരണഘടനസ്ഥാപനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു, ഇനിയൊരു അവസരം കൂടി അവര്‍ക്കു നല്‍കിയാല്‍ രാജ്യം ഒരിക്കലും വീണ്ടെടുക്കാനാകാത്തവിധം സമഗ്രാധിപത്യത്തിലേക്കു നീങ്ങുമെന്നു വ്യക്തം.

ഈ സാഹചര്യത്തിലാണ് ഇത്തവണയില്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ലെന്ന രീതിയില്‍ ജീവന്മരണ പോരാട്ടത്തിന് രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്നത്. ഭിന്നതകളുള്ള, വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന, രാഷ്ട്രീയവാദങ്ങളേറെയുള്ള ഭിന്നതകളുടെ ഈ മുന്നണിക്ക് ആദ്യം വേണ്ടിയിരുന്നത് യോജിപ്പായിരുന്നു. എന്നാല്‍, ഭിന്നിപ്പിച്ച് വിജയിക്കുക എന്ന കൊളോണിയല്‍ രാഷ്ട്രീയതന്ത്രത്തിന്റെ ആവര്‍ത്തനമാണ് നിതീഷിന്റെ കാര്യത്തില്‍ നടന്നത്. പ്രതിപക്ഷത്തിന് ഇത് ക്ഷീണമാണെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍, രാഷ്ട്രീയക്കാരിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനൊപ്പം അവരുടെ പ്രതിബദ്ധതപോലും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നു.

നിതീഷും ലാലുവും
നിതീഷും ലാലുവും

സ്വാതന്ത്ര്യത്തിനുശേഷം ഭൂരിഭാഗം സോഷ്യലിസ്റ്റ് നേതാക്കളെല്ലാം നേരിട്ടല്ലെങ്കിലും ഹിന്ദുത്വരാഷ്ട്രീയത്തോട് സമരസപ്പെട്ടിട്ടുണ്ട്. അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളില്‍ പ്രായോഗിക രാഷ്ട്രീയ സമീപനങ്ങളായി അത് കരുതപ്പെട്ടു. 1967-ല്‍ യു.പിയില്‍ ജനസംഘവുമായി കൈകോര്‍ത്ത ലോഹ്യ മുതല്‍ ആ നേതാക്കളുടെ പട്ടിക തുടങ്ങുന്നു. മധുദന്തവതെ, സുരേന്ദ്രമോഹന്‍ എന്നിങ്ങനെയുള്ള നേതാക്കള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് നേതാക്കളായി മാറിയ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഈ സോഷ്യലിസ്റ്റ് ധാരയിലെ അവസാന കണ്ണികളാണ്. ഇതില്‍ നിതീഷ് ഹിന്ദുത്വരാഷ്ട്രീയത്തോട് വിധേയത്വം പ്രകടിപ്പിച്ച് അധികാരം നേടിയപ്പോള്‍ ലാലുവിന്റെ സമീപനം മറ്റൊന്നായിരുന്നു.

എഴുപതുകളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി വിരുദ്ധ പ്രക്ഷോഭം നടക്കുന്ന കാലത്ത് അടിയുറച്ച ലോഹ്യ ശിഷ്യരായിരുന്നു ലാലുവും നിതീഷ് കുമാറും. 1970-കളിലെ പ്രക്ഷുബ്ധമായ ക്യാമ്പസുകളില്‍ കണ്ടുമുട്ടിയവര്‍. ജെ.പിയുടെ 'സമ്പൂര്‍ണ്ണ ക്രാന്തി' പ്രക്ഷോഭത്തില്‍ ഇരുവരും ഒപ്പം മുലായം അടക്കമുള്ള നേതാക്കളും പങ്കെടുക്കുകയും ഭാവിയുടെ നേതാക്കളായി വളരുകയും ചെയ്തു. ഈ സമയത്തെ കോണ്‍ഗ്രസ്സിനെ നേരിട്ടെതിര്‍ക്കുന്ന ജനതാ പാര്‍ട്ടി അംഗങ്ങളായിരുന്നു ഇരുവരും. ജനതാപാര്‍ട്ടിയില്‍നിന്ന് ജനസംഘ് പിരിഞ്ഞു പോവുകയും ഇത് പിന്നീട് ബി.ജെ.പിയായി മാറുകയും ചെയ്തതിനു സമാന്തരമായി ജനതാദള്‍ ബിഹാറില്‍ അധികാരം പിടിക്കുകയും ചെയ്തിരുന്നു. അതിനു മുന്‍പുതന്നെ, 1977-ല്‍ എം.പിയായ ആളാണ് ലാലു പ്രസാദ് യാദവ്. ജനതാദള്‍ ബിഹാര്‍ പിടിച്ച 1990-ല്‍ ലാലുവിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ പിന്തുണ നല്‍കിയ ആളാണ് നിതീഷ് കുമാര്‍. എന്നാല്‍, വൈകാതെ ലാലുവുമായി ഉടക്കിയ നിതീഷ് കുമാര്‍ ആര്‍.ജെ.ഡി വിട്ട് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്ന് സമതാ പാര്‍ട്ടി രൂപീകരിച്ചു. വൈകാതെ ലാലുവും ജനതാദള്‍ വിട്ട് ആര്‍.ജെ.ഡി എന്ന പാര്‍ട്ടിയുണ്ടാക്കി. അപ്പോഴേക്കും ലോഹ്യയുടെ ശിഷ്യരിലൊരാള്‍ അധികാരത്തിനുവേണ്ടി ഹിന്ദുത്വ ഫാസിസവുമായി സമരസപ്പെട്ടു. മറ്റൊരാള്‍ അതിന് അപവാദവുമായി. ഇപ്പോള്‍ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി നിതീഷ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ലാലു പ്രസാദ് യാദവ് കേന്ദ്ര അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരാകാനെത്തുന്ന ദൃശ്യമാണ് നാം കാണുന്നത്. വഴങ്ങാത്ത രാഷ്ട്രീയം അനുഭവിക്കേണ്ടിവരുന്നതെന്തെന്ന് ഇതില്‍നിന്നു വ്യക്തം.

നിതീഷും തേജ്വസിയും
നിതീഷും തേജ്വസിയും-

നിതീഷിന്റെ വരവ്

പറ്റ്നയിലെ ഭക്തിപ്പൂരില്‍ 1951-ലാണ് ജനനം. ഇപ്പോഴത്തെ പാറ്റ്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം 1970-കളില്‍ ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം സജീവമായി ചേര്‍ന്നു. ബിഹാര്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനീയറുടെ ജോലിയില്‍ മനസ്സില്ലാമനസ്സോടെ കഴിയവെയാണ് ജെ.പിയുടെ ശിഷ്യനായി രാഷ്ട്രീയത്തിലേക്കു ചേക്കേറുന്നത്. പിന്നീട് സത്യേന്ദ്ര നാരായണ്‍ ബിഹാര്‍ ജനതാപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നിതീഷ് അതിന്റെ ഭാഗമായി. 1985-ല്‍ ജനതാദള്‍ അംഗമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1985-ലാണ് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1989-ല്‍ ബാഡ് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് ജയിച്ച് പാര്‍ലമെന്റ് അംഗമായി. വി.പി. സിങ്ങിന്റെ മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്ത്രിയായി. 1994-ലാണ് ആദ്യ പാര്‍ട്ടി മാറ്റം. 1994-ല്‍ ഇദ്ദേഹം ജോര്‍ജ് ഫെര്‍ണാണ്ടസുമായി സമതാ പാര്‍ട്ടി രൂപീകരിച്ചു. 1997-ല്‍ ലാലുവിനെതിരെ കാലിത്തീറ്റ കുംഭകോണം വന്നപ്പോള്‍ ജനതാദളില്‍ ശരദ് യാദവ് ഇടഞ്ഞു. അങ്ങനെ ലാലുവിന്റെ രാഷ്ട്രീയ ജനതാദള്‍ പിറന്നു.

പിന്നീട് 2003-ല്‍ ശരദ് യാദവിന്റെ ജനതാദളും സമതാപാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും ചേര്‍ന്ന് ലയിച്ച് ഒരൊറ്റ പാര്‍ട്ടിയായതാണ് ജനതാദള്‍ യുണൈറ്റഡ് അഥവാ ജെ.ഡി.യു. പിന്നീട് ജെ.ഡി.യു ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രധാന സഖ്യകക്ഷികളിലൊന്നായി മാറി. 1998-1999 കാലത്ത് വാജ്‌പേയ് സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു നിതീഷ്. പിന്നീട് കൃഷിവകുപ്പും കൈകാര്യം ചെയ്തു. 1999-ല്‍ ഗെയ്സലില്‍ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം ഉണ്ടായപ്പോള്‍ മന്ത്രി എന്ന നിലയില്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് കുമാര്‍ രാജിവെച്ചിറങ്ങി. 2001-ല്‍ വീണ്ടും റെയില്‍വേ മന്ത്രിയായി തിരിച്ചെത്തി. 2000-ല്‍ വെറും ഏഴുദിവസത്തേക്ക് ബിഹാര്‍ മുഖ്യമന്ത്രിയായിട്ടുണ്ട് നിതീഷ്. അന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാഞ്ഞതുകൊണ്ട് ഒരാഴ്ച പോലും തികയ്ക്കാതെ ഇറങ്ങിപ്പോരേണ്ടിവന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ലാലു പ്രസാദ് യാദവിന് പ്രധാന എതിരാളിയായി ബിഹാറില്‍ നിതീഷ് കുമാര്‍ രംഗത്തെത്തി. അഞ്ചുവര്‍ഷത്തിനുശേഷം, 2005 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യം ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാദളിനെ തോല്‍പ്പിച്ച് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നു. 2010-ല്‍ വീണ്ടും ജയിച്ചു മുഖ്യമന്ത്രിയായെങ്കിലും നരേന്ദ്ര മോദിയെ എന്‍.ഡി.എ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചു. 2015-ല്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തില്‍ വീണ്ടും മത്സരിച്ച് മുഖ്യമന്ത്രി പദം നിലനിര്‍ത്തുന്നു. 2017-ല്‍ ആര്‍.ജെ.ഡിയുമായുള്ള കൂട്ടുവെട്ടി വീണ്ടും എന്‍.ഡി.എയുടെ കൂടെ സഖ്യമുണ്ടാക്കുന്നു. അങ്ങനെ സഖ്യങ്ങള്‍ മാറിയും മറിഞ്ഞും കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നിതീഷ് കുമാര്‍ തന്നെയാണ് ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിലെന്നതാണ് യാഥാര്‍ത്ഥ്യം.
നിതീഷ്-പഴയ ചിത്രം
നിതീഷ്-പഴയ ചിത്രം

എന്‍.ഡി.എയുടെ മുഖ്യമന്ത്രിയായി 2000 മുതല്‍ തുടങ്ങിയ നിതീഷിന്റെ ബി.ജെ.പി ബന്ധത്തിന് വിള്ളല്‍ വീഴുന്നത് 2013-ല്‍ മാത്രമാണ്. 2017-ല്‍ വീണ്ടും ബന്ധം പുതുക്കിയെങ്കിലും അത് വീണ്ടും തകര്‍ന്നു. 2002-ലെ ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് ബിഹാറില്‍ നിന്നുള്ള മറ്റൊരു നേതാവായ രാം വിലാസ് പസ്വാന്‍ വാജ്പേയ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചെങ്കിലും റെയില്‍വേ മന്ത്രിയായിരുന്ന നിതീഷ് കുമാര്‍ ഇതിന് തയ്യാറായില്ല. അതേ സമയം, അയോദ്ധ്യയിലേക്കുള്ള രഥയാത്രാ സമയത്ത് അന്നത്തെ പ്രതാപിയായ എല്‍.കെ. അദ്വാനിയെ ബിഹാറിലെ സമസ്തിപ്പൂരില്‍ പിടിച്ചുകെട്ടി എന്ന ഖ്യാതിയാണ് ലാലു പ്രസാദ് യാദവിനുള്ളത്. ബി.ജെ.പിയുമായി ഇതുവരെ സന്ധിചെയ്യാത്ത സോഷ്യലിസ്റ്റ് നേതാവ് കൂടിയാണ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസിലെ പ്രതിയെന്ന ആക്ഷേപവും ലാലുവിന്റെ ഭരണകാലത്ത് ബിഹാറില്‍ മാഫിയാ ഭരണം (ജംഗിള്‍രാജ്) ആയിരുന്നു എന്ന ആരോപണവുമൊക്കെ നിലനില്‍ക്കുമ്പോഴും ഈയടുത്തുവരെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവായിരുന്നു ലാലു പ്രസാദ് യാദവ്.

യു.പിയിലേയും ബിഹാറിലേയുമായുള്ള 120 സീറ്റുകളില്‍ ബി.ജെ.പിയെ തറപറ്റിക്കാനായാല്‍ 2024-ല്‍ മോദി അധികാരത്തിലെത്തില്ലെന്ന സന്ദേശം നിതീഷ് കുമാര്‍ നല്‍കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍നിന്നു മാത്രം നൂറിലേറെ സീറ്റുകള്‍ ബി.ജെ.പി നേടിയിരുന്നു. എന്നാല്‍, നിതീഷിന്റെ കാലുമാറ്റത്തോടെ ഇന്ത്യ മുന്നണിയുടെ ഈ സാധ്യതയും അടഞ്ഞു.

നിതീഷ് കുമാറും നരേന്ദ്രമോദിയും
പാതിരിമാര്‍ നട്ടുവളര്‍ത്തിയ ചേറ്റുവയിലെ കണ്ടല്‍ക്കാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com