പൗരത്വത്തിനു മുന്‍പേ വോട്ടവകാശം

തെരെഞ്ഞടുപ്പ് പ്രത്യേക പംക്തി
കോണ്‍ഗ്രസ് പ്രചരണറാലി
കോണ്‍ഗ്രസ് പ്രചരണറാലി

പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരനാണ് ഇന്ത്യയില്‍ വോട്ടവകാശമുള്ളത്. അതായത് ഇന്ത്യന്‍ പൗരത്വം ഒരു മുന്നുപാധിയാണ് വോട്ടവകാശത്തിന് എന്നര്‍ത്ഥം. എന്നാല്‍, പൗരന്മാരായി തീരുന്നതിനു മുന്‍പേത്തന്നെ വോട്ടര്‍മാരായി തീര്‍ന്ന ജനതയാണ് ഇന്ത്യക്കാര്‍. സാര്‍വ്വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ ചരിത്രത്തിലേക്കു കണ്ണോടിക്കുമ്പോഴാണ് നമുക്കിത് വ്യക്തമാകുക.

ചില കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ആ രാജ്യത്ത് സ്ഥിരതാമസക്കാരായ, നിഷ്‌കര്‍ഷിക്കപ്പെട്ട പ്രായപരിധിയിലുള്‍പ്പെടുന്ന സ്ഥിരതാമസക്കാരായ ഏവര്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നു. അവിടങ്ങളില്‍ പൗരത്വം വോട്ടുചെയ്യുന്നതിന് ഒരു മുന്നുപാധിയായിരുന്നില്ല. ചില രാജ്യങ്ങളില്‍ ഇപ്പോഴും വോട്ടവകാശത്തിനു പൗരത്വം മുന്നുപാധിയല്ല. എന്നാല്‍, ഒരു ഇന്ത്യന്‍ പൗരനു മാത്രമേ ഇന്ത്യയില്‍ വോട്ടവകാശമുള്ളൂ. എന്നാല്‍, പൗരന്മാരായി തീരുന്നതിനു മുന്‍പേ വോട്ടര്‍മാരായി മാറിയ ജനതയാണ് ഇന്ത്യക്കാര്‍. കൗതുകകരവും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതുമായ ആ ചരിത്രം ഓര്‍നിത് ഷാനി എഴുതിയ 'ഹൗ ഇന്‍ഡ്യ ബികേം എ ഡെമോക്രസി' ഉള്‍പ്പെടെയുള്ള പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്.

1951 ഒക്ടോബര്‍ 25-നും 1952 ഫെബ്രുവരി 21-നും ഇടയിലാണ് രാജ്യത്ത് ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, സാര്‍വ്വത്രികമായ പ്രായപൂര്‍ത്തിവോട്ടവകാശം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പിനുള്ള ശക്തിമത്തായതും സങ്കീര്‍ണ്ണവുമായ തയ്യാറെടുപ്പ് ജോലികള്‍ നേരത്തേത്തന്നെ തുടങ്ങിയിരുന്നു. ആദ്യ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനു തുടക്കമാകുന്നതു 1947 സെപ്റ്റംബറിലായിരുന്നു. അങ്ങനെ സാര്‍വ്വത്രികമായ പ്രായപൂര്‍ത്തിവോട്ടവകാശം അടിസ്ഥാനമാക്കിയുള്ള ആദ്യ കരട് വോട്ടര്‍പട്ടിക ഭരണഘടന നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് തയ്യാറായി. ചുരുക്കത്തില്‍ ഇന്ത്യക്കാര്‍ പൗരന്മാരാകുന്നതിനു മുന്‍പേത്തന്നെ വോട്ടര്‍മാരായി എന്നര്‍ത്ഥം.

സാര്‍വ്വത്രികമായ പ്രായപൂര്‍ത്തിവോട്ടവകാശം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സ്വപ്നങ്ങളിലൊന്നായിരുന്നു. 1928-ലെ നെഹ്‌റു റിപ്പോര്‍ട്ടിന്റെ കാലംതൊട്ട് ഇത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറിയിരുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരം ഇന്ത്യയില്‍ ശക്തിപ്പെട്ട കൊളോണിയല്‍ വിരുദ്ധ സ്വഭാവമുള്ള ബഹുജന ദേശീയത പ്രായപൂര്‍ത്തിവോട്ടവകാശം എന്ന സങ്കല്‍പ്പത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഈ അഭിലാഷത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നതില്‍ സ്ഥാപനപരമായും സാര്‍വ്വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തില്‍ അധിഷ്ഠിതമായ ഇലക്ടറല്‍ ഡെമോക്രസിയുടെ സങ്കല്പങ്ങളുടെ അടിസ്ഥാനത്തിലും വലിയൊരു തടസ്സം ഉണ്ടായിരുന്നുവെന്നാണ് ഓര്‍നിത് ഷാനി തന്നെ ചൂണ്ടിക്കാണിക്കുന്നത്.

1935-ലെ ഇന്‍ഡ്യാ ആക്ടിനു മുന്നോടിയായി വോട്ടവകാശത്തിന്റെ പരിധി വിപുലമാക്കാതിരുന്നതെന്തുകൊണ്ട് എന്നത് സംബന്ധിച്ച പരിശോധനയില്‍ വ്യക്തമാകുക ഇക്കാര്യത്തില്‍ കൊളോണിയല്‍ ഭരണാധികാരികളുടേയും പ്രവിശ്യാ ഭരണകൂടങ്ങളിലെ ജനപ്രതിനിധികളുടേയും എതിര്‍പ്പുണ്ടായിരുന്നു എന്നതാണ്. ഭരണനിര്‍വ്വഹണപരമായി ദുഷ്‌കരവും ഇപ്പോള്‍ അപ്രായോഗികവുമാണ് പ്രായപൂര്‍ത്തി വോട്ടവകാശം എന്ന സംഗതി സങ്കല്പിക്കുന്നതുപോലും എന്നായിരുന്നു ഇരുകൂട്ടരുടേയും വാദം. ഇതാണ് ഓര്‍നിത് ഷാനി ചൂണ്ടിക്കാണിച്ച വലിയ തടസ്സം. ജനസംഖ്യയില്‍ ഭീമമായ ഒരു വിഭാഗത്തിനു വോട്ടവകാശം നിഷേധിക്കുന്നതിനു കൊളോണിയല്‍ ഭരണാധികാരികള്‍ കാണിച്ച ഔത്സുക്യവും ഭരണപരമായ ദുര്‍വ്വഹഭാരമായി സാര്‍വ്വത്രിക വോട്ടവകാശത്തെ കണ്ടതിലുള്ള യുക്തിയും നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, പ്രവിശ്യാ അസംബ്ലികളിലെ ജനപ്രതിനിധികളുടെ എതിര്‍പ്പിനു നിദാനമെന്ത് എന്നത് ആഴമേറിയ ചിന്തയ്ക്കു പ്രേരിപ്പിക്കുന്നു. ലിംഗഭേദം, വര്‍ഗ്ഗം, സമ്പത്ത്, സ്വത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടവകാശം വളരെയധികം പരിമിതപ്പെടുത്തിയിരുന്നു എന്നതാണ് ഈ എതിര്‍പ്പിനു കാരണമായിരുന്നത് എന്നു കാണാം. സമൂഹത്തില്‍ അധീശത്വമുള്ള വിഭാഗങ്ങള്‍ അവകാശങ്ങള്‍ സാര്‍വ്വത്രികമാകുന്നതിനു തടസ്സമാകുന്നതില്‍ രാഷ്ട്രീയമായ സ്വാഭാവികതയുണ്ടല്ലോ. എന്തായാലും ജനാധിപത്യാവകാശങ്ങള്‍ പരിമിതപ്പെടുത്താന്‍ 'ഭരണപരമായ ദുഷ്‌കര്‍ത്തവ്യം' ഒരു തൊടുന്യായമാകുന്നത് 'ഒരൊറ്റ രാജ്യം, ഒരൊറ്റ തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം ഉയരുന്ന ഈ കാലത്തും ദൃശ്യമാകുന്നു എന്നത് അധീശവിഭാഗങ്ങള്‍ ജനാധിപത്യത്തിലെ സാര്‍വ്വത്രിക പങ്കാളിത്തത്തിനു അവസരം ലഭിക്കുമ്പോള്‍ എതിരു നില്‍ക്കുമെന്നതിനു വലിയ തെളിവാണ്.

എന്നാല്‍, എന്തു വെല്ലുവിളികള്‍ ഉയര്‍ന്നാലും ഏതുതരത്തിലുള്ള ഭരണനിര്‍വ്വഹണഭാരം അതേല്‍പ്പിച്ചാലും ശരി സാര്‍വ്വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം എന്ന തത്ത്വം പ്രായോഗികമാക്കുകതന്നെ ചെയ്യുമെന്ന് ദൃഢനിശ്ചയം ചെയ്തവരായിരുന്നു നമ്മുടെ രാഷ്ട്രശില്പികള്‍. പ്രാതിനിധ്യ ജനാധിപത്യം ലക്ഷ്യമായിരിക്കവെ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സമമായ അവകാശം ഉറപ്പുവരുത്തുക എന്ന മഹിതമായ ആദര്‍ശമായിരുന്നു ആ ദൃഢനിശ്ചയത്തിനു പിറകിലുണ്ടായിരുന്നത്. വിദ്യാഭ്യാസത്തിന്റേയോ സ്വത്തിന്റേയോ മറ്റേതെങ്കിലും ഭൗതികമായ മികവിന്റേയോ വംശീയതയുടേയോ വിശ്വാസത്തിന്റേയോ ലിംഗപദവിയുടേയോ ഭാഷയുടേയോ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി തുടരാനാഗ്രഹിക്കുന്ന ഒരാള്‍ക്കും വോട്ടവകാശം നിഷേധിക്കപ്പെടരുതെന്ന നിഷ്‌കര്‍ഷ ഭരണഘടനാ അസംബ്ലിയില്‍ നടന്ന ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍നിന്നും വ്യക്തമാകുന്നുണ്ട്. വംശീയമോ വര്‍ഗ്ഗീയമോ വര്‍ഗ്ഗപരമോ ആയ ഏതെങ്കിലും മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ജനതയില്‍ ഒരു വിഭാഗത്തിനു വോട്ടവകാശം നിഷേധിക്കപ്പെടുകയോ തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയ ആര്‍ക്കെങ്കിലും അനുകൂലമായി അട്ടിമറിക്കപ്പെടുകയോ ചെയ്താല്‍ നേരത്തെ ഇന്ത്യന്‍ അഫയേഴ്സ് സ്റ്റേറ്റ് സെക്രട്ടറി ലോര്‍ഡ് ബിര്‍ക്കന്‍ ഹെഡിനെപ്പോലുള്ള കൊളോണിയല്‍ ഭരണാധികാരികള്‍ ഇന്ത്യന്‍ നേതാക്കളോട് ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ നാം പരാജയപ്പെട്ടു എന്നാണ് അര്‍ത്ഥം.

ഭരണഘടനാ അസംബ്ലി സെക്രട്ടേറിയറ്റ് (Constituent Assembly Secretariat - സിഎഎസ്) ജനങ്ങളുമായുള്ള ആശയവിനിമയം ലാക്കാക്കിക്കൊണ്ട് ഭരണഘടനാ ചര്‍ച്ചകളിന്മേലും മറ്റും സ്ഥിരമായി പ്രസിദ്ധീകരിച്ചുപോന്ന പത്രക്കുറിപ്പുകള്‍ ഇതു സംബന്ധിച്ച ആര്‍ക്കൈവ്‌സുകളില്‍ ലഭ്യമാണ്. ജനങ്ങളുടെ അന്വേഷണങ്ങള്‍ക്കു മറുപടിയായി സി.എ.എസ് ഈ വിശദമായ പത്രക്കുറിപ്പുകളിലൂടെയാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ രീതിയും പ്രക്രിയയും ജനങ്ങളെ അറിയിച്ചത്. ഭരണഘടനാ ഉപദേഷ്ടാവ് ബി.എന്‍. റാവു തന്നെയാണ് ഈ പത്രക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനു മേല്‍നോട്ടം വഹിച്ചത്. ഒരു ജനത കാലങ്ങളായി നേടിയെടുക്കാന്‍ പൊരുതിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. അതുകൊണ്ടുതന്നെ 'അടുത്തായി എന്ത് സംഭവിക്കും' എന്നതിനെക്കുറിച്ചും കാലാകാലങ്ങളില്‍ ഈ പ്രക്രിയയില്‍ എന്തു മാറ്റങ്ങള്‍ വരുത്തുന്നുവെന്നതിനെക്കുറിച്ചും ഉള്ള സൂചനകള്‍ നല്‍കിക്കൊണ്ട് ആ ഘട്ടത്തില്‍ ഈ പത്രക്കുറിപ്പുകള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കുകയായിരുന്നു. ഇതിനകം തന്നെ ഇന്ത്യയുമായി ലയിച്ച പല നാട്ടുരാജ്യങ്ങളും 'പൂര്‍ണ്ണ ഉത്തരവാദിത്വമുള്ള ഗവണ്‍മെന്റുകള്‍' നിലവില്‍ വരുത്തുന്നതിനു പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിരുന്നു. ആ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്ന പത്ര പ്രസ്താവനകള്‍ ഉണ്ടാകുകയും ചെയ്തു. ഉദാഹരണത്തിന്, പട്ടാളം ഏറ്റെടുത്തതിനുശേഷം, ഹൈദരാബാദില്‍ 'ജനാധിപത്യ സ്ഥാപനങ്ങള്‍' സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ച് സമാനമായ പത്രക്കുറിപ്പുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന്, പത്രങ്ങളിലെ ഒപ്പീനിയന്‍ കോളങ്ങള്‍ ഇത്തരം ചര്‍ച്ചകളാല്‍ മുഖരിതമായി. തങ്ങള്‍ക്കു ലഭിച്ച 'വോട്ട്' എന്ന 'അമൂല്യമായ സമ്പത്തിനെ'ക്കുറിച്ച് ചിന്തിക്കാന്‍ അവ ജനങ്ങളോട് ആഹ്വാനം ചെയ്തു. അതുപോലെ, വോട്ടര്‍പട്ടികയില്‍ ആളുകളെ ചേര്‍ക്കുമ്പോള്‍ 'വീടുകളുടെ നമ്പര്‍' ചേര്‍ക്കല്‍ എന്ന പ്രക്രിയ, ജനങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ 'സ്ഥലിക ദൃശ്യവല്‍ക്കരണം' ജനങ്ങളില്‍ സാദ്ധ്യമാക്കുന്നുവെന്നും ഉറപ്പാക്കി.

തെരഞ്ഞെടുപ്പു ജനാധിപത്യത്തേയും വോട്ടവകാശത്തേയും സംബന്ധിച്ച ആശങ്ക പ്രകടിപ്പിക്കുന്ന സന്ദേശങ്ങളുടെ മലവെള്ളപ്പാച്ചിലാണ് പത്രക്കുറിപ്പുകളെത്തുടര്‍ന്ന് സി.എ.എസ്സിലേക്കുണ്ടായത്. പ്രായപരിധി കാരണം വോട്ടവകാശം നിഷേധിക്കപ്പെടുന്നുവെന്നു കാണിച്ചും മെച്ചപ്പെട്ട തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ വേണമെന്ന്, വോട്ടര്‍പട്ടികയിലെ 'ജാതി', 'മതം' കോളങ്ങള്‍ വേണ്ടെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടും സന്ദേശങ്ങളുണ്ടായി. 'ഇന്ത്യന്‍ ഭരണഘടന' എന്ന ഇതിഹാസസൃഷ്ടിക്കു കാരണമായത് ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകള്‍ മാത്രമല്ല, ഇത്തരത്തിലുള്ള സാധാരണ ജനങ്ങളുടെ സമരസമ്മര്‍ദ്ദങ്ങള്‍ കൂടിയാണ് എന്നു ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. ആ ഇതിഹാസത്തിലെ സാര്‍വ്വത്രിക വോട്ടവകാശമെന്ന അദ്ധ്യായത്തിലും ജനങ്ങള്‍ നായകരായി കണ്ടത് തങ്ങളെ തന്നെയായിരുന്നു. അതുവരെ അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയമങ്ങള്‍ക്കു വിധേയപ്പെടാന്‍ വിധിക്കപ്പെട്ടവരായിട്ടായിരുന്നില്ല. അവര്‍ തങ്ങളെത്തന്നെ കണ്ടത്. പ്രജകളില്‍ (Subjects) നിന്നും പൗരന്മാരിലേക്ക് (Citizens) ഉള്ള വളര്‍ച്ചയുടെ ഒരു നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു തങ്ങളുടെ കര്‍ത്തൃത്വം ഇന്ത്യയിലെ സാമാന്യ ജനതതി തിരിച്ചറിഞ്ഞ ആ നിമിഷം.

പോളിങ് ബൂത്ത്
പോളിങ് ബൂത്ത്
വിഭജനമുയര്‍ത്തിയ അഭയാര്‍ത്ഥി പ്രവാഹമായിരുന്നു വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനു മുന്‍പാകെ ഉയര്‍ന്ന മുഖ്യവെല്ലുവിളി. വിഭജനം ഏകദേശം 18 ദശലക്ഷം ആളുകളുടെ കൂട്ട കുടിയൊഴിപ്പിക്കലിനും ഏകദേശം ഒരു ദശലക്ഷം ആളുകളുടെ മരണത്തിനും വിഭജനം കാരണമായി. കൂട്ടിക്കുടിയൊഴിപ്പിക്കലിനെ ത്തുടര്‍ന്നുണ്ടായ ഈ അഭയാര്‍ത്ഥികള്‍ ഏതെങ്കിലും ഒരിടത്തു സ്ഥിരതാമസമാക്കുന്നതിനു സമയമെടുക്കും.

സാര്‍വ്വത്രിക വോട്ടവകാശവും വോട്ടര്‍ പട്ടികയും

സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഒരു ഭഗീരഥ പ്രവര്‍ത്തനമായിരുന്നു, ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു നവജാതരാഷ്ട്രം രാഷ്ട്രത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ മനുഷ്യരോടും ആശയവിനിമയത്തിനു തുനിഞ്ഞു. മുപ്പതു ദശലക്ഷമായിരുന്നു കൊളോണിയല്‍ ഇന്ത്യയിലെ വോട്ടര്‍മാരെങ്കില്‍ സ്വാതന്ത്ര്യാനന്തരം 173 ദശലക്ഷത്തിലധികം ആളുകള്‍ക്ക് (കഷ്ടിച്ച് ആറിരട്ടി) വോട്ടിംഗ് അവകാശം ലഭിച്ചു. അതായത് രാജ്യത്തെ ജനസംഖ്യയുടെ 49 ശതമാനം പേര്‍ക്ക്. അതോടെ പ്രായപൂര്‍ത്തി വോട്ടവകാശം പ്രാവര്‍ത്തികമായി. വോട്ടര്‍പട്ടികയിലുള്ളവരില്‍ 85 ശതമാനവും തങ്ങളുടെ രാഷ്ട്രീയ പ്രതിനിധികള്‍ക്കു ജനപ്രതിനിധിസഭകളിലേക്കു ഒരിക്കലും വോട്ട് ചെയ്തവരായിരുന്നില്ല. ഇവരില്‍ ബഹുഭൂരിപക്ഷവും ദരിദ്രരും നിരക്ഷരരും ആയിരുന്നുവെന്നതും വേറൊരു സവിശേഷത.

വിഭജനമുയര്‍ത്തിയ അഭയാര്‍ത്ഥി പ്രവാഹമായിരുന്നു വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനു മുന്‍പാകെ ഉയര്‍ന്ന മുഖ്യവെല്ലുവിളി. വിഭജനം ഏകദേശം 18 ദശലക്ഷം ആളുകളുടെ കൂട്ട കുടിയൊഴിപ്പിക്കലിനും ഏകദേശം ഒരു ദശലക്ഷം ആളുകളുടെ മരണത്തിനും വിഭജനം കാരണമായി. കൂട്ടിക്കുടിയൊഴിപ്പിക്കലിനെ ത്തുടര്‍ന്നുണ്ടായ ഈ അഭയാര്‍ത്ഥികള്‍ ഏതെങ്കിലും ഒരിടത്തു സ്ഥിരതാമസമാക്കുന്നതിനു സമയമെടുക്കും. അതിനാല്‍ വീട്ടു നമ്പര്‍, താമസിക്കുന്ന ഇടം എന്ന അനിവാര്യഘടകങ്ങള്‍ വോട്ടര്‍പട്ടികയില്‍ നല്‍കുന്നതിനു സാദ്ധ്യമായിരുന്നില്ല. ഒടുവില്‍, തങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരാകാന്‍ ഉദ്ദേശിക്കുന്നു എന്നു സത്യവാങ്മൂലം നല്‍കിയാല്‍ മതി എന്ന ഉപാധിയോടെ വോട്ടര്‍പട്ടികയില്‍ അവരെ ചേര്‍ക്കാന്‍ ധാരണയാകുകയും ചെയ്തു. ഭരണഘടന ഇനിയും നിലവില്‍ വരേണ്ടതുണ്ട് എന്നുള്ളതുകൊണ്ട് പൗരത്വമായി അടുത്ത വിഷമമേറിയ സംഗതി. അപ്പോള്‍ ഇന്ത്യയില്‍ 180 ദിവസമായി താമസക്കാരനാകണം എന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.

കരടു വോട്ടര്‍ പട്ടിക തയ്യാറാക്കിയ ഭരണഘടനാ അസംബ്ലി സെക്രട്ടറിയേറ്റ് അതിഭീമമായ ഈ ഭരണച്ചുമതല 1950 മാര്‍ച്ചില്‍ ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു കൈമാറി. സുകുമാര്‍ സെന്‍ ആയിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍. ലോക്സഭയിലേക്കും 18 സംസ്ഥാന നിയമസഭകളിലേക്കുമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിച്ച സുകുമാര്‍ സെന്‍ പറഞ്ഞത് എല്ലാവര്‍ക്കും വോട്ട് നല്‍കിയത് 'വിശ്വാസ'ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നാണ്. ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ പ്രായോഗിക പൊതുബോധത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍. റഷീദ് കിദ്വായ് എഴുതിയ 'ബാലറ്റ്: ടെന്‍ എപിസോഡ്‌സ് ദാറ്റ് ഹേവ് ഷേപ്ഡ് ഇന്‍ഡ്യാസ് ഡെമോക്രസി' എന്ന പുസ്തകത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരിട്ട നിരവധി ആദ്യ വെല്ലുവിളികളിലൊന്ന് മഹത്തായ ആദ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതെങ്ങനെ എന്നതായിരുന്നു. വലിയൊരു വിഭാഗം വനിതാ വോട്ടര്‍മാര്‍ അവരുടെ പേരുകളിലല്ല, മറിച്ച് അവരുടെ ഭര്‍ത്താവോ പിതാവോ പുത്രനോ സഹോദരനോ പോലെയുള്ള പുരുഷന്മാരുമായ കുടുംബാംഗങ്ങളുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ നല്‍കിയിരുന്നത്. പല ഉത്തരേന്ത്യന്‍ - മദ്ധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലും നിലനിന്നിരുന്ന പ്രാദേശികമായ വിലക്കുകളായിരുന്നു ഇതിനു കാരണം. അന്യപുരുഷന്‍മാരോട് പേരു വെളിപ്പെടുത്തുന്നത് കുലസ്ത്രീകള്‍ക്കു ചേര്‍ന്ന പ്രവൃത്തിയല്ലെന്നായിരുന്നു അവിടങ്ങളിലെ ധാരണ. ആയതിനാല്‍, കേരളത്തിലെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതിക മതവിശ്വാസികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയ്ക്കു പകരം ഭര്‍ത്താവിന്റെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതിനെ അനുസ്മരിപ്പിക്കുംവിധം സ്ത്രീകള്‍ (പുരുഷന്മാരായ കുടുംബാംഗങ്ങള്‍) സ്ത്രീകളുടെ പേര് മറച്ചുവെച്ചു; പകരം പുരുഷന്മാരായ കുടുംബാംഗങ്ങളുടെ ഭാര്യയെന്നോ സഹോദരിയെന്നോ ഒക്കെ പേരിന്റെ സ്ഥാനത്തു നല്‍കി. ഇതു കണ്ടെത്തിയതിനെ തുടര്‍ന്നു വോട്ടര്‍ പട്ടികയില്‍ വോട്ടറുടെ ശരിയായ പേര് തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ബ്ബന്ധമാക്കി. ശരിയായ പേര് നല്‍കാന്‍ വിസമ്മതിക്കുന്ന ഒരാളും പട്ടികയിലുണ്ടാകരുതെന്നും സ്ത്രീകള്‍ അവരുടെ പേരില്ലാതെ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ എന്‍ട്രി ഇല്ലാതാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അനിവാര്യമായിരുന്നു ഈ നടപടി. പക്ഷേ, രാജ്യത്തെ മൊത്തം 80 ദശലക്ഷം സ്ത്രീ വോട്ടര്‍മാരില്‍ ഏകദേശം 2.8 ദശലക്ഷത്തോളം പേര്‍ അവരുടെ ശരിയായ പേര് വെളിപ്പെടുത്തിയില്ല. അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തു. ദൗര്‍ഭാഗ്യകരമായ ഫലം. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ വോട്ടവകാശം നഷ്ടമായത്. ദശകങ്ങള്‍ ഏറെക്കഴിയുകയും നിരവധി പരീക്ഷണങ്ങള്‍ നേരിട്ടിട്ടും ജനാധിപത്യം മുന്നോട്ടുപോകുകയും ചെയ്ത് ഇപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യണമെന്ന ആവശ്യം മുറുകുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഈ ആദ്യകാലാനുഭവം സ്മരിക്കുന്നത് പ്രസക്തമാണ്.

വോട്ടര്‍മാര്‍
വോട്ടര്‍മാര്‍

ഹിന്ദുയാഥാസ്ഥിതികര്‍, മുസ്‌ലിം, ബ്രാഹ്മണേതര ഹിന്ദുക്കള്‍, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍, ഉദാര ജനാധിപത്യവാദികള്‍ എന്നിവരുടെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഒരു അവകാശ പ്രഖ്യാപനമായിരുന്നു, ഭരണഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇന്ത്യക്കാരുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കുകയും ന്യൂനപക്ഷങ്ങള്‍ക്കു സവിശേഷ സംരക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നു.

എന്താണ് നെഹ്‌റു കമ്മിറ്റി റിപ്പോര്‍ട്ട്

ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിതാവും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളുമായ മോത്തിലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നെഹ്റു റിപ്പോര്‍ട്ട്. 1927-ല്‍ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ വച്ച് ഇന്ത്യന്‍ അഫയേഴ്സ് സ്റ്റേറ്റ് സെക്രട്ടറി ലോര്‍ഡ് ബിര്‍ക്കന്‍ഹെഡ് ഇന്ത്യന്‍ നേതാക്കളോട് വെല്ലുവിളി മട്ടില്‍ ഉന്നയിച്ച എല്ലാ സമുദായങ്ങള്‍ക്കും സ്വീകാര്യമായ ഒരു ഭരണഘടന തയ്യാറാക്കാനുള്ള ആവശ്യമാണ് ഈ രേഖയ്ക്കു പ്രേരണയായത്. ഇന്ത്യന്‍ നേതാക്കള്‍ക്ക് ഇത്തരമൊരു ഡോക്യുമെന്റ് തയ്യാറാക്കാനാകില്ല എന്ന കൊളോണിയല്‍ തെറ്റിദ്ധാരണയായിരുന്നു ഈ വെല്ലുവിളിയുടെ അടിസ്ഥാനം. എന്നിരുന്നാലും, നിരവധി കണ്‍സള്‍ട്ടേറ്റീവ് സെഷനുകള്‍ക്ക് ശേഷം, ഇതിനായി രൂപീകരിച്ച ഉപസമിതി തയ്യാറാക്കിയ ഒരു രേഖ 1928 ഓഗസ്റ്റില്‍ ലഖ്നൗവില്‍ നടന്ന സര്‍വ്വകക്ഷി സമ്മേളനം അംഗീകരിച്ചു. ദ ഇന്‍ഡ്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ - കോര്‍ണര്‍‌സ്റ്റോണ്‍ ഒഫ് എ നേഷന്‍ എന്ന ഗ്രന്ഥത്തില്‍ ഗ്രാന്‍വില്‍ ഓസ്റ്റിന്‍ (2001, പേജ് 55) ഇക്കാര്യം വിവരിക്കുന്നുണ്ട്. ഹിന്ദുയാഥാസ്ഥിതികര്‍, മുസ്‌ലിം, ബ്രാഹ്മണേതര ഹിന്ദുക്കള്‍, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍, ഉദാര ജനാധിപത്യവാദികള്‍ എന്നിവരുടെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഒരു അവകാശ പ്രഖ്യാപനമായിരുന്നു, ഭരണഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇന്ത്യക്കാരുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കുകയും ന്യൂനപക്ഷങ്ങള്‍ക്കു സവിശേഷ സംരക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം എന്നല്ല ഡൊമീനിയന്‍ പദവി എന്നാണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് വിവക്ഷിച്ചത് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാരുടെ അധികാരം അപ്പോഴും തുടരും.

കോണ്‍ഗ്രസ് പ്രചരണറാലി
ആദര്‍ശ രാമന്മാരും അവസരവാദി രാമന്മാരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com