ആദര്‍ശ രാമന്മാരും അവസരവാദി രാമന്മാരും

ഇലക്ഷന്‍ ഡയറി- പ്രത്യേക പംക്തി
1967ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണുന്നു
1967ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണുന്നുഫോട്ടോ- രഘു റായ്

രാമന്‍ എന്ന പേര് രാഷ്ട്രീയവേദിയില്‍ ആദ്യമായി ഉയര്‍ന്നുകേള്‍ക്കുന്നത് സ്വാതന്ത്ര്യസമരകാലത്താണ്. 'ഉമര്‍ ഖലീഫയുടെ കാലം' എന്നൊ ക്കെ പറയുംപോലെ ആദര്‍ശാത്മകമായ ഒരു ഭരണക്രമത്തെ സൂചിപ്പിക്കാനാണ് ഗാന്ധി രാമരാജ്യം എന്ന വാക്ക് ഉപയോഗിച്ചത്. പില്‍ക്കാലത്ത് രാമന്‍ എന്ന പേര് രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ 'കീവേര്‍ഡ്' ആയി മാറിയെന്നത് മറ്റൊരു വൈചിത്ര്യം. ഏതു നിലയ്ക്കായാലും ആശയപരവും ആദര്‍ശാത്മകവുമായ ഒരു സന്ദര്‍ഭത്തിലാണ് പൊതുവെ ഈ പേരിന്റെ പ്രതിഷ്ഠ.

രാമന്‍ എന്ന പേര് ആദര്‍ശമേ തീണ്ടാത്ത മറ്റൊരു രാഷ്ട്രീയ സന്ദര്‍ഭത്തിലും ഇന്ത്യന്‍ ചരിത്രത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട് എന്നതു രസകരമായ മറ്റൊരു കാര്യം. നിതീഷ് കുമാറിന്റെ നിറംമാറ്റത്തെയൊക്കെ വെല്ലുന്ന തരത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പലതവണ കാലുമാറിയ ഗയാലാല്‍ എന്ന ജനപ്രതിനിധിയുടേയും അദ്ദേഹത്തെ ഒരു പത്രസമ്മേളനത്തില്‍ ഹാജരാക്കിയ അന്നത്തെ ഹരിയാന പിസിസി അദ്ധ്യക്ഷനായ റാവു ബീരേന്ദ്രസിംഗിന്റേയും നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള സംഭാവനയായിരുന്നു 'ആയാറാം ഗയാറാം' എന്ന ആ പ്രയോഗം.
ഗയാലാല്‍
ഗയാലാല്‍

അച്ഛന്റെ കാലടിപ്പാടുകളെ പിന്തുടര്‍ന്നു ഗയാലാലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. 1952-ല്‍ ഹോദാല്‍ മുനിസിപ്പല്‍ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെടുകയും മൂന്നു തവണ അതിനെ നയിക്കുകയും ചെയ്തു. 1967-ല്‍ ഇപ്പോഴത്തെ ഹോദാല്‍ ആയ ഹാസ്സന്‍പൂരില്‍നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്പര്യപ്പെട്ട അദ്ദേഹത്തിന്റെ പേര് പക്ഷേ, സീനിയര്‍ കോണ്‍ഗ്രസ് നേതാവായ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍നിന്നും വെട്ടിമാറ്റി. രണ്ടുതരത്തിലുള്ള പ്രാധാന്യമാണ് ആ നിയമസഭാ തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്. ഹരിയാന സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നു അത് എന്നതാണ് ഒന്നാമത്തെ കാര്യം. സ്വാതന്ത്ര്യസമര പ്രസ്ഥാനമെന്ന നിലയില്‍ ആദര്‍ശത്തിന്റേയും ശുഭപ്രതീക്ഷയുടേയും വെള്ളിവെളിച്ചത്തില്‍ കുളിച്ചുനിന്ന കോണ്‍ഗ്രസ് പാര്‍ട്ടി സ്വാതന്ത്ര്യസമരകാലത്തെ ഒറ്റുകാരുടേയും അധികാരത്തിന്റെ ഭൈമീകാമുകന്മാരുടേയും കക്ഷിയായി മാറുന്നതിന്റെ രോഗലക്ഷണങ്ങള്‍ ശക്തമായി പ്രകടിപ്പിക്കാന്‍ ആരംഭിച്ച സന്ദര്‍ഭമായിരുന്നു അത്. 1967-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ watershed moment എന്ന വിശേഷണത്തിനു ശരിക്കും അര്‍ഹമാണ്. 'കോണ്‍ഗ്രസ് സിസ്റ്റം' എന്ന പുസ്തകമെഴുതിയ രജനി കോത്താരിയാണ് ഈ ദിശാമാറ്റം ആദ്യമായി തിരിച്ചറിഞ്ഞത്. അദ്ദേഹമാണ് ഈ വിശേഷണം നല്‍കുന്നതും. ആ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ ജനാധിപത്യം ജീര്‍ണ്ണിക്കുകയും ക്ഷീണിക്കുകയും സമഗ്രാധിപത്യത്തിലേക്കും ഭൂരിപക്ഷ വംശീയാധിപത്യത്തിലേക്കും വഴുതിവീഴുകയും ചെയ്യുന്നതാണ് നമുക്കു കാണാന്‍ കഴിയുക.

ഭഗത് ദയാല്‍ ശര്‍മ
ഭഗത് ദയാല്‍ ശര്‍മ

രാഷ്ട്രീയമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യശസ്സിനു മങ്ങലേറ്റു തുടങ്ങിയിരുന്നു എന്ന പോലെ ചൈനയുമായും പാകിസ്താനുമായും നടന്ന യുദ്ധങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്കു സാരമായി ക്ഷതമേല്പിച്ചിരുന്നു. നേരത്തേതന്നെ കാര്‍ഷികരംഗം തകര്‍ച്ചയെ അഭിമുഖീകരിച്ചു വരികയായിരുന്നു. പഞ്ചവത്സര പദ്ധതികളെല്ലാം തന്നെ വ്യവസായ വളര്‍ച്ചയ്ക്കായിരുന്നു ഊന്നല്‍ നല്‍കിയിരുന്നതും. കാര്‍ഷികരംഗത്തെ തകര്‍ച്ച വ്യവസായരംഗത്തും പ്രതിഫലിച്ചു. വ്യവസായരംഗത്ത് തിരിച്ചടി ദൃശ്യമായി. വ്യവസായവളര്‍ച്ച 1965-1966-ലെ 5.6-ല്‍നിന്ന് 1966-1967-ല്‍ 2.6 ശതമാനമായും 1967-1968 ഒന്നാംപാദത്തില്‍ 1.4 ശതമാനമായും കുറഞ്ഞു. സാമ്പത്തികമാന്ദ്യം ഒരു ലോകബാങ്ക് കുറിപ്പടിയുടെ ഭാഗമാണെന്ന് കരുതാന്‍ ജനങ്ങള്‍ക്കു വലിയ ന്യായങ്ങളുണ്ടായിരുന്നു. പ്രൊഫ. പ്രണബ് ബര്‍ധന്‍ തന്റെ പുസ്തകമായ 'ദ പൊളിറ്റിക്കല്‍ ഇക്കോണമി ഒഫ് ഡവലപ്‌മെന്റ് ഇന്‍ ഇന്‍ഡ്യ' എന്ന പുസ്തകത്തില്‍ നാടിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്ന താല്പര്യങ്ങള്‍ക്കു തന്റെ വിശകലനങ്ങളുടെ സന്ദര്‍ഭത്തില്‍ അദ്ദേഹം പ്രാധാന്യം നല്‍കുന്നുണ്ട്

ഭരണകൂടവും സമൂഹവുമായുള്ള ബന്ധം അതുകൊണ്ടുതന്നെ മുഖ്യസ്ഥാനത്തുവരുന്നു. പ്രപ്‌റൈറ്ററി ക്ലാസ്സെസ് എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന വിഭാഗങ്ങള്‍ പ്രധാനമായും മൂന്നെണ്ണമാണ്. വ്യവസായ മുതലാളിമാരാണ് ഒന്നാമത്തേത്. സമ്പന്ന കര്‍ഷകര്‍ രണ്ടാമതു വരുന്നു. എല്ലാത്തരത്തിലും പെട്ട വൈറ്റ്‌കോളര്‍ ജീവനക്കാരും സര്‍ക്കാര്‍-സര്‍ക്കാരിതര മിലിറ്ററി ബ്യൂറോക്രസി എന്നിവയും ഉള്‍പ്പെടുന്ന മധ്യവര്‍ഗ്ഗമാണ് മൂന്നാമത്തേത്. ഈ മൂന്നു വിഭാഗങ്ങളുടെ താല്പര്യങ്ങളാണ് പ്രധാനമായും ഇന്ത്യയുടെ നയരൂപീകരണത്തെ അതുവരെ നിര്‍ണ്ണയിച്ചിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അറുപതുകളില്‍ ഇന്ത്യന്‍ ബഹുജനം എന്ന നാലാമതൊരു വിഭാഗം രാഷ്ട്രീയമായി ശക്തിപ്പെട്ടുവരുന്നുണ്ടായിരുന്നുവെന്ന് അചിന്‍ വനായിക് ചൂണ്ടിക്കാട്ടുന്നു. ഈ വിഭാഗത്തിന് ഗവണ്‍മെന്റിലുള്ള അതൃപ്തിയും മൊറാര്‍ജി ദേസായിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ നീരസവുമൊക്കെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

വലതുപക്ഷത്തിനാണ് മുഖ്യമായും ഈ അതൃപ്തിയുടേയും നീരസത്തിന്റേയുമൊക്കെ ഗുണം ലഭിച്ചത്. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ശക്തമായ വെല്ലുവിളി നേരിടേണ്ടിവന്നു. എന്നിട്ടും കോണ്‍ഗ്രസ് അധികാരത്തിലേറി. തുടര്‍ന്ന്, ഭരിക്കാന്‍ ലഭിച്ച വര്‍ഷങ്ങള്‍ ഈ 'ബഹുജനാതൃപ്തി'യെ മറികടക്കാനും ബഹുജനങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിയോട് അടുപ്പിക്കാനുമാണ് ഇന്ദിരാഗാന്ധി ശ്രമിച്ചത്. സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍ ഇതിന്റെ ഭാഗമായിട്ട് സംഭവിച്ച ഒന്നാണ്. 283 സീറ്റോടുകൂടി നാലാമതൊരു തവണ കൂടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ഗുജറാത്ത് അടക്കം ആറു സംസ്ഥാനങ്ങളില്‍ കാര്യമായ നഷ്ടമുണ്ടായി. രണ്ടായി പിളര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആകെ 42 സീറ്റു കിട്ടിയെങ്കിലും വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളാണ് കൂടുതല്‍ നേട്ടം കൊയ്തത്. ഹിന്ദു ദേശീയതാ വാദികളുടെ ഭാരതീയ ജന്‍സംഘ് 35 സീറ്റു നേടിയപ്പോള്‍ സ്വതന്ത്രപാര്‍ട്ടി 44 സീറ്റുകള്‍ നേടി. പ്രാദേശിക കക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം 25 സീറ്റുകള്‍ നേടി. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി 23 സീറ്റുകള്‍ നേടിയപ്പോള്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി 13 സീറ്റുകള്‍ നേടി. രണ്ടു ചെറു ഇടതുകക്ഷികളായ പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും ഫോര്‍വേര്‍ഡ് ബ്ലോക്കും രണ്ടു സീറ്റുകള്‍ വീതം നേടിയപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, അകാലിദള്‍ എന്നീ കമ്യൂണിറ്റേറിയന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യഥാക്രമം രണ്ടും മൂന്നും സീറ്റുകള്‍ നേടി. ദളിത് കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒഫ് ഇന്‍ഡ്യയും രണ്ടു സീറ്റുകള്‍ നേടി.

ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധി

നാലാം ലോകസഭയില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ മോശമായിരുന്നു, ഭരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും. ആറു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ആധിപത്യം തകര്‍ന്നു. വടക്കേ ഇന്ത്യയില്‍ അന്ന് ആദ്യമായി ഒരു കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ സോഷ്യലിസ്റ്റ് നേതാവായ രാംമനോഹര്‍ ലോഹ്യയുടേയും മറ്റും കാര്‍മ്മികത്വത്തില്‍ രൂപീകരിക്കപ്പെട്ട സംയുക്ത വിധായക് ദള്‍ ആണ് കോണ്‍ഗ്രസ്സിനു വലിയ വെല്ലുവിളി ഉയര്‍ത്തിയത്. ഭാരതീയ ക്രാന്തിദള്‍, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, ബി.ജെ.പിയുടെ പൂര്‍വ്വരൂപമായ ജനസംഘം എന്നിവ ഉള്‍പ്പെട്ടവയായിരുന്നു ഈ മുന്നണി. സാംസ്‌കാരിക വലതുപക്ഷ രാഷ്ട്രീയത്താല്‍ നിയന്ത്രിക്കപ്പെട്ടിരുന്നതെങ്കിലും ജനസംഘം നേതാക്കളില്‍ രാം മനോഹര്‍ ലോഹ്യയെപ്പോലുള്ള സോഷ്യലിസ്റ്റ് ചിന്തകര്‍ക്കു സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. രാം മനോഹര്‍ ലോഹ്യയുടെ നെഹ്‌റു വിമര്‍ശനങ്ങളും ജനസംഘത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടികളോട് അടുപ്പിച്ചു. അതോടെ ഈ മുന്നണിക്കും ജനസംഘത്തിനും ശക്തമായ സാന്നിദ്ധ്യം വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായി. തെന്നിന്ത്യയില്‍ ഇതിനകം തന്നെ കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തക വെല്ലുവിളിക്കപ്പെട്ടിരുന്നു.

1957-ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരമേറി. രണ്ടു വര്‍ഷത്തിനകം ആ ഗവണ്‍മെന്റിനെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുകയും ചെയ്തു. 1965-ല്‍ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചതാണ് മറ്റൊരു സംഭവം. ആകെ 81 സീറ്റുള്ള ഹരിയാനയിലെ നിയമസഭയിലേക്കും പൊതുതെരഞ്ഞെടുപ്പിനോടൊപ്പം തന്നെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 48 സീറ്റുകളാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിച്ചത്. 41.33 ശതമാനം വോട്ടും ലഭിച്ചു. 13 സീറ്റാണ് ജനസംഘത്തിനു ലഭിച്ചത്. 16 സ്വതന്ത്രന്മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു സീറ്റ് സ്വതന്ത്ര പാര്‍ട്ടിക്കും രണ്ടു സീറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ലഭിച്ചു. ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം കോണ്‍ഗ്രസ് പാര്‍ട്ടിക്കു ലഭിച്ചിരുന്നു. എന്നിട്ടും കോണ്‍ഗ്രസ്സിനു ഹരിയാന നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട മറ്റു രണ്ടു സംസ്ഥാനങ്ങള്‍ മദ്ധ്യപ്രദേശും ഉത്തര്‍ പ്രദേശുമായിരുന്നു.

വിഖ്യാത പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ഡബ്ല്യു.എച്ച്. മോറിസ് ജോണ്‍സ് നിരീക്ഷിക്കുന്നത് മുഖ്യമായും കൂറുമാറ്റക്കാരുടെ കമ്പോളം ശക്തിപ്പെട്ടതാണ് കോണ്‍ഗ്രസ്സിനു ഹരിയാന നഷ്ടമാകാന്‍ കാരണമെന്നാണ്. ആ രാഷ്ട്രീയകക്ഷിയുടെ ജീര്‍ണ്ണതയുടെ ആദ്യ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുന്നതും ഈ കാലത്തുതന്നെയാണ്. അവസരവാദികളും തത്ത്വദീക്ഷയില്ലാത്തവരുമായവരെ ജനപ്രതിനിധി സഭകളിലേക്ക് നിയോഗിക്കുന്ന പതിവ് ആ പാര്‍ട്ടി ഇനിയും അവസാനിപ്പിച്ചിട്ടില്ല എന്നു പറയേണ്ടിവരും. ഏറ്റവുമൊടുവില്‍ ബിഹാറില്‍ അരങ്ങേറിയ നാടകങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ പാര്‍ട്ടി പ്രതിനിധികളുടെ പങ്ക് ആരായുമ്പോള്‍ ഇതു കൂടുതല്‍ വ്യക്തമാകും.

സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ ചക്ഷു റോയ് വ്യക്തമാക്കുന്നത് 1957 ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിനും 1967 ലേതിനുമിടയ്ക്ക് 542 എംഎല്‍എമാരാണ് കാലുമാറിയത് എന്നാണ്. 1967 ല്‍ പൊതുതെരഞ്ഞെടുപ്പു നടന്ന ഫെബ്രുവരിയ്ക്കും 1968 മാര്‍ച്ചിനുമിടയ്ക്ക് 438 കൂറുമാറ്റങ്ങളുമുണ്ടായി എന്നും.

പില്‍ക്കാലത്ത് നിരവധി ആക്ഷേപഹാസ്യ കൃതികള്‍ക്കും തമാശകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും ആയാറാം ഗയാറാം എന്ന പ്രയോഗം വഴിവെച്ചു. അപ്പോഴും ഗയാലാല്‍ തന്റെ കൂറുമാറ്റങ്ങള്‍ അനവരതം തുടരുകയും ചെയ്തു. അഖില ഭാരതീയ ആര്യസഭ, അഖില ഭാരതീയ ലോക്ദള്‍, ജനതാപാര്‍ട്ടി എന്നിങ്ങനെ നിരവധി പാര്‍ട്ടികളില്‍ അദ്ദേഹം നേതാവായി. ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഹരിയാന പി.സി.സി അദ്ധ്യക്ഷനായ അദ്ദേഹത്തിന്റെ മകന്‍ ഉദയ്ഭാനും പാര്‍ട്ടികള്‍ മാറുന്ന കാര്യത്തില്‍ മോശക്കാരനല്ല.

എന്തായാലും ഈ പ്രയോഗം ഒരു നിയമനിര്‍മ്മാണത്തിനു വഴിവെച്ചു. തത്ത്വദീക്ഷയില്ലാത്ത കൂറുമാറ്റങ്ങള്‍ക്കു തടയിടാനുദ്ദേശിച്ചുള്ള 1985-ലെ ഭരണഘടനാ ഭേദഗതി. എന്നാല്‍, മിക്കപ്പോഴും ഈ കൂറുമാറ്റങ്ങള്‍ നടക്കുന്നത് അധികാരത്തിലിരിക്കുന്ന കക്ഷിയുടെ ആശീര്‍വാദത്തോടെയാകുമ്പോള്‍ നിയമങ്ങള്‍ക്ക് അതിന്റെ പല്ലു നഷ്ടപ്പെടുന്നതായാണ് അനുഭവം. ഇന്ത്യന്‍ ജനാധിപത്യം ഗയാലാലില്‍നിന്നും നിതീഷ് കുമാറിലെത്തി നില്‍ക്കുമ്പോള്‍ അതു നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ഭീഷണമായ രൂപമാര്‍ജ്ജിക്കുന്നു.

1967ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിയ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണുന്നു
മായാവതിയുടെ രാഷ്ട്രീയജീവിതം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com