'രാഷ്ട്രീയ തമാശകള്‍ക്ക് രാഹുല്‍ ഗാന്ധിയെ ഇട്ടുകൊടുക്കരുത്'

കാനത്തിന്റെ തുടര്‍ച്ചക്കാരനില്‍നിന്നു കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പലതിനും നല്‍കുന്ന മറുപടികളില്‍ ബിനോയ് വിശ്വത്തിനുള്ള ആമുഖമുണ്ട്.
'രാഷ്ട്രീയ തമാശകള്‍ക്ക് രാഹുല്‍ ഗാന്ധിയെ ഇട്ടുകൊടുക്കരുത്'

പാര്‍ട്ടി സമ്മേളനത്തിന്റെ സ്വാഭാവിക പ്രക്രിയയിലൂടെ അല്ല ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായത് എന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. 2024 ജൂലൈ ഒന്നുവരെ രാജ്യസഭാംഗമാണ്; സി.പി.ഐയുടെ കക്ഷിനേതാവും. പാര്‍ട്ടി ഏല്‍പ്പിച്ച ആ ചുമതലയോടു നീതിപുലര്‍ത്തിയ അഞ്ചര വര്‍ഷമാണ് കഴിഞ്ഞത്. രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇടതുപക്ഷത്തിന്റെ പൊതു രാഷ്ട്രീയ നിലപാടുകളും ആവശ്യപ്പെടുന്ന വലിയ ഇടപെടലുകള്‍ പാര്‍ലമെന്റില്‍ ആവശ്യമുള്ള കാലം. സ്വന്തം സാന്നിധ്യം ശരിയായി അടയാളപ്പെടുത്തുന്ന വിധമാണ് ബിനോയ് വിശ്വം അതു നിര്‍വ്വഹിച്ചത്. 83 ശതമാനമാണ് രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന്റെ ഹാജര്‍ നില. ദേശീയ ശരാശരി 79 ശതമാനമായിരിക്കെയാണ് ഇത്. 315 ചര്‍ച്ചകളില്‍ പങ്കെടുത്തു; ദേശീയ ശരാശരി 108.1. ചോദ്യങ്ങള്‍ ചോദിക്കുന്നതിലെ ദേശീയ ശരാശരി 247.12. ബിനോയ് വിശ്വം ചോദിച്ചത് 449. രണ്ടു സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. സംസ്ഥാന ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം എന്നതും അന്ധവിശ്വാസങ്ങള്‍ക്കെതിരായ ബില്ലും ഉള്‍പ്പെടെ മൂന്നെണ്ണം കൂടി വരാനുണ്ട്. മൂന്നും സ്വീകരിച്ചു; അവതരിപ്പിക്കാനുള്ള തീയതി കാത്തിരിക്കുന്നു. 
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എന്ന നിലയില്‍ സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ ഭാഗമായതുവഴി കിട്ടിയത് രാഷ്ട്രീയ അനുഭവസമ്പത്തിന്റെ വിലമതിക്കാനാകാത്ത ശേഖരം. അതുമായാണ് കാനം രാജേന്ദ്രന്റെ അപ്രതീക്ഷിത വിയോഗത്തിനു തുടര്‍ച്ചയായി സെക്രട്ടറിയായത്. പക്ഷേ, അതു മാത്രമല്ല; വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലെ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ രാഷ്ട്രീയ കലാപങ്ങളില്‍നിന്നു മുക്തമാക്കിയതില്‍ മുഖ്യ പങ്കുവഹിച്ച എം.എല്‍.എ, വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിലെ വനം മന്ത്രി. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചുമതല. ''നല്ല കമ്യൂണിസ്റ്റായി ജീവിക്കണം, നല്ല കമ്യൂണിസ്റ്റായി മരിക്കണം; കയ്യില്‍ കളങ്കമുണ്ടാകരുത്; ജനങ്ങളോടു വഞ്ചന കാണിക്കരുത്. അതിനിടയില്‍ പാര്‍ട്ടി എന്തെങ്കിലും കടമകള്‍ തന്നാല്‍ ഏറ്റെടുക്കുക എന്നല്ലാതെ ഒരിക്കലും പാര്‍ട്ടിയില്‍ ഇന്ന ആളാകണം എന്ന് ആഗ്രഹിച്ചിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയാകണം എന്ന് ആഗ്രഹിച്ചിട്ടേയില്ല'' -ബിനോയ് വിശ്വം പറയുന്നു.
വനം മന്ത്രിയായിരുന്ന കാലത്ത് കേരളം ഏറെ ശ്രദ്ധിച്ച ഒരു ഭൂമി ഇടപാടിനെ ഇടതുപക്ഷ മൂല്യബോധത്തിന്റെ ജാഗ്രതകൊണ്ട് ചെറുത്തുതോല്‍പ്പിച്ചതിനെക്കുറിച്ച് ഭാഗികമായെങ്കിലും മനസ്സു തുറന്ന വര്‍ത്തമാനം കൂടിയാണ് ഇത്. കേരള രാഷ്ട്രീയത്തില്‍ ബിനോയ് വിശ്വത്തിനിത് പുതിയ തുടക്കമല്ല. പക്ഷേ, കാനത്തിന്റെ തുടര്‍ച്ചക്കാരനില്‍നിന്നു കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പലതിനും നല്‍കുന്ന മറുപടികളില്‍ ബിനോയ് വിശ്വത്തിനുള്ള ആമുഖമുണ്ട്.
----
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മഹത്തായ ഭൂതകാലമുള്ള പാര്‍ട്ടിയാണ്. പി. കൃഷ്ണപിള്ള മുതല്‍ ഇങ്ങോട്ട് വലിയ നേതാക്കളുടെ വലിയ നിര അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അതു കഴിഞ്ഞ് സി.പി.ഐയിലും ഉണ്ടായിട്ടുണ്ട്. അവര്‍ ഓരോരുത്തരുടേയും വിയോഗവേളയില്‍, 'ജീവിക്കുന്നു ഞങ്ങളിലൂടെ' എന്നു പ്രവര്‍ത്തകരും നേതാക്കളും മുദ്രാവാക്യം മുഴക്കാറുണ്ട്. ആ വാഗ്ദാനവും സി.പി.ഐയുടെ കാമ്പും കരുത്തും ഇപ്പോഴും നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയുന്നുണ്ടോ? 


ആ മുദ്രാവാക്യത്തില്‍ ഒരു ആഹ്വാനമുണ്ട്, താക്കീതുണ്ട്, യാഥാര്‍ത്ഥ്യങ്ങളിലേക്കു കണ്ണ് തുറക്കാനുള്ള നിര്‍ദ്ദേശമുണ്ട്. ആ മുദ്രാവാക്യം വളരെ ശരിയാണ്. ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു ചൂണ്ടിക്കാണിച്ചു പറയാന്‍ ഒരുപാടു പേര്‍ കടന്നുപോയിട്ടുണ്ട്. അവരെല്ലാം കെട്ടിപ്പടുത്ത, ഉണ്ടാക്കിയെടുത്ത പാര്‍ട്ടിയിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്കെല്ലാം ഓരോ നിമിഷവും അത് ഓര്‍മ്മയുണ്ട്. ഞങ്ങളല്ല ഈ പാര്‍ട്ടി ഉണ്ടാക്കിയത്. ത്യാഗപൂര്‍ണ്ണമായി ജീവിതം നയിച്ച വലിയവലിയ മനുഷ്യര്‍ ഉണ്ടാക്കിയ പാര്‍ട്ടിയാണ്. സ്വന്തം നാടിനേയും ജനങ്ങളേയും കൊടിയേയും പ്രാണനേക്കാള്‍ വലുതായി കണ്ടവര്‍. അവരാണ് പാര്‍ട്ടി കെട്ടിപ്പടുത്തത്. അവരുടെ പാതയില്‍ ഉറച്ചുനില്‍ക്കാനുള്ള ബോധ്യമാണ് ആ മുദ്രാവാക്യം. ആ അര്‍ത്ഥത്തില്‍ അതു വളരെ ശരിയാണ്. കുട്ടിക്കാലത്തേ ഞാന്‍ വിളിച്ച മറ്റൊരു മുദ്രാവാക്യമുണ്ട്: വൈക്കത്തെ എല്ലാ ജാഥകളിലും അന്നൊക്കെ വിളിച്ച മുദ്രാവാക്യമാണ്, ''കമ്യൂണിസ്റ്റ് പാര്‍ട്ടി നാടിന്റെ ജീവന്‍.' ഏറ്റവും ഇഷ്ടപ്പെട്ട മുദ്രാവാക്യമാണ് അത്. ഇപ്പോഴും പ്രസംഗിക്കുമ്പോള്‍ അന്തരീക്ഷം അങ്ങനെയാണെങ്കില്‍ അതൊക്കെ ഓര്‍ത്ത് പറയാറുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി നാടിന്റെ ജീവനാണ്, ജീവനാകണം. അങ്ങനെ നാടിന്റെ ജീവനാകാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമത്തില്‍ വഴി കാണിക്കാന്‍ അര്‍ഹമായ ജീവിതം നയിച്ച ഒരുപാട് പേരുണ്ട്. അതാണ് സമ്പത്തും ഒസ്യത്തും. അതിനെ മുറുകെപിടിക്കാനുള്ള കടമയെക്കുറിച്ചാണ് ആ മുദ്രാവാക്യം ഓര്‍മ്മിപ്പിക്കുന്നത്.

ബിനോയ് വിശ്വം
ബിനോയ് വിശ്വം


വീഴ്ചകളും കുറവുകളും അറിഞ്ഞുകൊണ്ടേ അത് ഏറ്റെടുക്കാന്‍ പറ്റുകയുള്ളൂ. നമ്മളില്‍ അവര്‍ ജീവിക്കണമെങ്കില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി നാടിന്റെ ജീവനാകണമെങ്കില്‍ ഞങ്ങള്‍ ഞങ്ങളോടു തന്നെ ഒരുപാട് സമരം ചെയ്യണം. ജീവിക്കുന്ന ഈ സമൂഹത്തില്‍ ഒരുപാട് 'ദുഷ്ടുകള്‍' ഉണ്ട്. അവ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തേയ്ക്കു കടക്കാന്‍ അനുവദിക്കാന്‍ പാടില്ല. പക്ഷേ, പലപ്പോഴും കടന്നു വരും. അതു യാദൃച്ഛികമല്ല. നാം ജീവിക്കുന്ന ചുറ്റുപാടുകളുടെ ഭാഗമാണത്. ഒരുകാലത്ത് ഇടതുപക്ഷ മൂല്യങ്ങളെല്ലാം വലതുപക്ഷ പാര്‍ട്ടികളെപ്പോലും സ്വാധീനിക്കാന്‍ പോന്നതായിരുന്നെങ്കില്‍ ഇന്നു കാറ്റ് മാറിയാണ് വീശുന്നത്. വലതുപക്ഷ ആശയങ്ങള്‍ക്കു വലിയ മുന്‍തൂക്കമുണ്ട്. ഇടതുപക്ഷ ആശയങ്ങളെ ആക്രമിക്കാനും കീഴ്പെടുത്താനുമുള്ള ശക്തിനേടിയ വൈറസ് ആണ്. അവയെ ചെറുത്തുനില്‍ക്കാനുള്ള കഴിവാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാകേണ്ടത്. അതാണ് ഞാന്‍ പറഞ്ഞത്: സമരമാണ്; ആ സമരം ഞങ്ങള്‍ ഞങ്ങളോടു തന്നെ ചെയ്യേണ്ട സമരമണ്. അതു തുടരും.

ഭരണത്തുടര്‍ച്ചയിലാണല്ലോ സി.പി.ഐ ഉള്‍പ്പെടുന്ന എല്‍.ഡി.എഫ്; അത് എപ്പോഴും ഉണ്ടാകുന്നതല്ല. തുടര്‍ച്ചയായി ഭരണകക്ഷിയാകുന്നത് പാര്‍ട്ടി സംഘടനയെ ദുര്‍ബ്ബലപ്പെടുത്തിയതായി വിലയിരുത്തലുണ്ടോ? 


ഇല്ല. പാര്‍ട്ടി സംഘടന ശക്തിപ്പെടുകയാണ്. ഈ ഭരണത്തിന്റെ നിഴലിലോ മറവിലോ അല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്. ഭരണത്തുടര്‍ച്ചയ്ക്ക് ഇടയാക്കിയ ഒരു സാഹചര്യമുണ്ട്. ഈ ഭരണം, സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍, നയങ്ങള്‍ തുടങ്ങിയവ ഇടതുപക്ഷത്തേപ്പറ്റിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും ഉണ്ടാക്കിയ മതിപ്പാണ് അനുകൂല അന്തരീക്ഷമുണ്ടാക്കിയത്. പാര്‍ട്ടി മുന്നോട്ടാണ് പോകുന്നത്. എണ്ണത്തിലും സ്വാധീനത്തിലുമെല്ലാം പാര്‍ട്ടി വളരുകയാണ്. പക്ഷേ, ആ വളര്‍ച്ചയുടെ തോത് പാര്‍ട്ടിക്കു ഗുണത്തിലും നേടാന്‍ കഴിയണം. ക്വാളിറ്റിയും ക്വാണ്ടിറ്റിയും കമ്യൂണിസ്റ്റ് സംസ്‌കാരത്തിലും കമ്യൂണിസ്റ്റ് ശീലങ്ങളിലും കൂടി ശക്തിപ്പെടേതുണ്ട്. എണ്ണത്തില്‍ വളരണം എന്നതു ശരിയാണ്. പക്ഷേ, അതുമാത്രം പോരാ. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്താണ് എന്നതിനു മാതൃകയാകേണ്ടതുണ്ട്. ഞങ്ങളെല്ലാം കണ്ടുപഠിച്ചത് ആ മാതൃകയാണ്. അതു കണ്ടാണ് ഞങ്ങളെല്ലാം വളര്‍ന്നത്. അതിന്റെയൊരു കരുത്ത് ഞങ്ങള്‍ക്കെല്ലാമുണ്ട്. ഞങ്ങളുടെ പുറകേ വരുന്ന സഖാക്കള്‍ക്കു പഠിക്കാനുള്ള എന്തെങ്കിലും ഞങ്ങള്‍ ജീവിച്ചു കാണിച്ചുകൊടുക്കണം. ഞങ്ങള്‍ അലമ്പന്മാരും അഴിമതിക്കാരും വഞ്ചകരുമായി മാറിയാല്‍ അതായിരിക്കും ആ തലമുറ കാണുന്നത്. അങ്ങനെയല്ല ഞങ്ങള്‍ ജീവിക്കേണ്ടത്. ഞങ്ങള്‍ക്കു വഴികാണിച്ചവര്‍ എങ്ങനെ ജീവിച്ചോ അങ്ങനെയാണ് ഞങ്ങളും ജീവിക്കേണ്ടത്. സമൂഹത്തെ ശരിയായി അറിയണം. ആ അറിവ് ആര്‍ജ്ജിക്കലിനെയാണ് ഞാന്‍ സമരം എന്ന് ഉദ്ദേശിച്ചത്.

പാര്‍ട്ടിയെക്കുറിച്ച് ഉണ്ടായ മതിപ്പ് എന്നു പറയുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യം മുതല്‍തന്നെ സി.പി.ഐ എടുത്ത ചില മൗലികമായ നിലപാടുകള്‍ മൂലമാണല്ലോ. മാവോയിസ്റ്റ് വെടിവയ്പ്, യു.എ.പി.എ എന്നിവ ഉദാഹരണം. മുന്നണിക്കുള്ളില്‍, സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് തിരുത്തുന്ന ഒരു ശക്തിയായാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, കാനം രാജേന്ദ്രന്റെ കാലത്തുതന്നെ ആ ഇടപെടലുകള്‍ക്ക് ഒരു ദൗര്‍ബ്ബല്യം ഉണ്ടായോ?

 
ഇതെല്ലാം മാധ്യമങ്ങളുടെ ഒരു പ്രത്യേക ശൈലിയാണ്. പൊതുവേ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു രീതിയുണ്ട്. അത് ചില ക്ലീഷേ പ്രയോഗങ്ങളാണ്. ചില വാക്കുകള്‍ ഉണ്ടാക്കുകയാണ്. തിരുത്തല്‍ ശക്തി എന്ന പേര് സി.പി.ഐക്ക് അങ്ങനെ ഇട്ട പേരാണ്. സി.പി.ഐ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍നിന്നുകൊണ്ട് പാര്‍ട്ടി എന്താണോ ചെയ്യേണ്ടത് ആ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതു പറയാനും പ്രവര്‍ത്തിക്കാനും ചിന്തിക്കാനുമാണ് സി.പി.ഐ ശ്രമിച്ചിട്ടുള്ളത്. ഈ നയം കാനത്തിന്റെ തുടക്കമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി എക്കാലത്തും അങ്ങനെത്തന്നെ ആയിരുന്നു. മാവോയിസ്റ്റ് വേട്ടയും യു.എ.പി.എയും എടുത്തു പറഞ്ഞല്ലോ. കാര്യത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കേണ്ട നിലപാട് എന്താണെന്ന് സി.പി.ഐക്ക് ശരിയായി അറിയാം. അത് ഇടതുപക്ഷ നിലപാടാണ്. അതിനപ്പുറത്ത് വേറെ ഒരു തിരുത്തല്‍ എന്നു പറയുന്നതില്‍ കാര്യമില്ല. ദാറ്റ് ഈസ് ദ കമ്യൂണിസ്റ്റ് പൊസിഷന്‍. മാവോയിസം മാര്‍ക്‌സിസമല്ല എന്നു ലോകത്ത് ആദ്യം പറഞ്ഞ പാര്‍ട്ടിയാണ് സി.പി.ഐ. അത് മാര്‍ക്‌സിസത്തിന്റെ വികൃതാനുകരണം മാത്രമാണ്. പക്ഷേ, ആശയ നിലപാടുകളുടെ പേരില്‍ ആരെയും വെടിവച്ചു കൊല്ലുന്നതിനോട് കമ്യൂണിസ്റ്റുകാര്‍ യോജിക്കുന്നില്ല. വഴിതെറ്റിപ്പോയ സഖാക്കളായാണ് സി.പി.ഐ മാവോയിസ്റ്റുകളെ കാണുന്നത്. 
എല്ലാ ജനാധിപത്യാവകാശങ്ങളേയും ചവിട്ടിമെതിക്കുന്ന, ഭരണകൂടത്തിനു സമസ്താധികാരങ്ങളും നല്‍കുന്ന ഒരു തെറ്റിന്റെ പേരാണ് യു.എ.പി.എ. വലതുപക്ഷ ഗവണ്‍മെന്റുകള്‍ ഈ ജനാധിപത്യ അവകാശങ്ങളെയെല്ലാം ചവിട്ടിമെതിക്കാനും ജനങ്ങളെ ഭയപ്പെടുത്താനും സ്വാതന്ത്ര്യത്തിന്റെ എല്ലാ മൂല്യങ്ങളേയും ഇല്ലാതാക്കാനും വേണ്ടി കരുപിടിപ്പിച്ച ഒന്നാണ് യു.എ.പി.എ. അതിനെ തുടക്കം മുതല്‍ സി.പി.ഐയും സി.പി.എമ്മും എതിര്‍ക്കുകയാണ്. ആ നിലപാട് സി.പി.ഐ പറയും. അതല്ലാതെ സി.പി.ഐ കേരളത്തില്‍ കണ്ടുപിടിച്ച കാര്യമല്ല അത്. 

തിരുത്തല്‍ എന്നു പറയേണ്ടിവരുന്നതിനു കാരണമുണ്ട്. എല്‍.ഡി.എഫിനെ നയിക്കുന്നത് സി.പി.എം ആണ്; ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ ഭരിക്കുന്ന മുഖ്യമന്ത്രി സി.പി.എമ്മിന്റെയാണ്. അങ്ങനെയുള്ള ഒരു സര്‍ക്കാരിന്റെ ചില നടപടികളെ ഉള്ളില്‍നിന്നുകൊണ്ട് സി.പി.ഐ വിമര്‍ശിക്കുന്നതിനെയാണ് തിരുത്തല്‍ എന്നു വിശേഷിപ്പിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിനെതിരെ മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന വിമര്‍ശനം കൂടിയാണല്ലോ അത്? 
ഒരു രാഷ്ട്രീയശക്തി എന്ന നിലയിലും ഒരു ഗവണ്‍മെന്റ് എന്ന നിലയിലും ഒരു ബദല്‍ രാഷ്ട്രീയം മുന്നോട്ടുവയ്ക്കാന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിനു കടമയുണ്ട്. വലതുപക്ഷം കാണിക്കുന്ന എല്ലാ കൊള്ളരുതായ്മയേയും ജനദ്രോഹത്തേയും ജനാധിപത്യ വിരുദ്ധതയേയും ചെറുത്തു മുന്നോട്ടു പോകുന്ന ഇടതുപക്ഷ വഴിയെപ്പറ്റിയാണ് എല്‍.ഡി.എഫ് ചിന്തിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ ഈ ഗവണ്‍മെന്റിന് ഒരു ദേശീയ പ്രാധാന്യമുണ്ട്. ഞങ്ങള്‍ ബി.ജെ.പി വാഴ്ചയെ വെല്ലുവിളിക്കുന്നു. വലതുപക്ഷം കാണിക്കുന്ന എല്ലാ തെറ്റുകളേയും ഞങ്ങള്‍ വിമര്‍ശിക്കുന്നു, ഇന്ത്യ മുഴുവന്‍. അങ്ങനെ വിമര്‍ശിക്കുമ്പോള്‍ ഞങ്ങളുടെ കയ്യിലെ വലിയ ആയുധമാണ് ഈ ഗവണ്‍മെന്റ്; പ്രകാശഗോപുരമാണ്. ഇടതുപക്ഷത്തിനു ദേശീയതലത്തില്‍ത്തന്നെ ഉയര്‍ത്തിക്കാണിക്കാനുള്ള മാതൃകയാണ്. ഈ ഗവണ്‍മെന്റിനെ കൂടുതല്‍ പ്രകാശമാനമായ ബദലാക്കി മാറ്റാന്‍ സി.പി.ഐക്കും സി.പി.എമ്മിനും കടമയുണ്ട്. അതു ഞങ്ങളുടെ കടമയാണ്. തിരുത്തല്‍ എന്നത് മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിലെ സംഘടനാ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. തിരുത്തല്‍ വേണ്ടിവരുമ്പോള്‍ തിരുത്തണം. അതു ഞങ്ങളുടെ മാത്രം കാര്യമല്ല.
ഒരു കാര്യം മനസ്സിലാക്കണം: പാര്‍ട്ടിക്കകത്ത് ഒരു തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. ഞങ്ങള്‍ ആ സഖാക്കളെ മാനിക്കുകയാണ്. പാര്‍ട്ടിക്കകത്ത് കടന്നുകൂടിയിട്ടുള്ള അന്യവര്‍ഗ്ഗ വാസനകളേയും ചീത്ത പ്രവണതകളേയും തിരിച്ചറിഞ്ഞുകൊണ്ട്, അത് തിരുത്താന്‍വേണ്ടി ഒരു തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ച ചെയ്ത് അംഗീകരിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. ആ പാര്‍ട്ടിക്കു മനസ്സിലാകും തിരുത്തല്‍ എന്നാല്‍, അതിന്റെ അര്‍ത്ഥമെന്താണെന്ന്. ഞങ്ങള്‍ സഖാക്കളെപ്പോലെ, ബന്ധുക്കളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഈ ആശയങ്ങള്‍ കൈമാറുകയാണ്. ഞങ്ങള്‍ അവരേക്കാള്‍ കേമന്മാരല്ല; അവര്‍ ഞങ്ങളെക്കാള്‍ കേമന്മാരുമല്ല. ഞങ്ങള്‍ രണ്ടുപേരും ഒരു പൊതു സമീപനത്തിന്റെ ഭാഗമാണ്. അത് കണ്ടുകൊണ്ട്, ഞങ്ങള്‍ അവരേയും ഞങ്ങളേയും ഒന്നുപോലെ കണ്ടുകൊണ്ട് ഇടതുപക്ഷം അധികാരം കയ്യാളുമ്പോഴും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സമൂഹത്തില്‍ ജീവിക്കുമ്പോഴുമെല്ലാം പാലിക്കേണ്ട നിലപാടുകളേയും മൂല്യങ്ങളേയും പറ്റിയുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് നടത്തുന്നത്.

ദേശീയ തലത്തില്‍ ഇടതുപക്ഷം ഫാസിസത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരായ ഇടപെടലുകള്‍ക്ക് ആശയപരമായ നേതൃത്വം നല്‍കുന്ന കൂട്ടായ്മയാണല്ലോ. പക്ഷേ, നിലവിലെ സാഹചര്യം - രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഇന്ത്യാ മുന്നണിക്കുള്ളില്‍ ഉയര്‍ന്ന ഭിന്നാഭിപ്രായങ്ങള്‍ ഉള്‍പ്പെടെ - ബി.ജെ.പി വിരുദ്ധ മുന്നണിയുടെ ദൗര്‍ബ്ബല്യം പ്രകടമാക്കുന്നതല്ലേ. ഈയൊരു നിര്‍ണ്ണായക രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ മാനേജ് ചെയ്യും? 


സി.പി.ഐ എടുത്ത നിലപാട് ശരിയാണ് എന്ന് ഒരിക്കല്‍ക്കൂടി ശരിവയ്ക്കുന്നതാണ് ഈ സാഹചര്യം. സി.പി.ഐയും സി.പി.എമ്മും അടക്കമുള്ള ഇടതുപക്ഷം പറഞ്ഞ രാഷ്ട്രീയം സത്യമാണെന്നു കൂടുതല്‍ വ്യക്തമായി. ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പിയാണ് മുഖ്യശത്രു. അതൊരു വെറും വലതുപക്ഷ പാര്‍ട്ടി മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തെ ഫാസിസ്റ്റ് രാഷ്ട്രീയവല്‍ക്കരിക്കുകയാണ് അവര്‍ ചെയ്യുന്നത്. തീവ്രവലതുപക്ഷത്തിനു രാഷ്ട്രീയ മേധാവിത്വം കിട്ടിയാല്‍ ഏതറ്റം വരെയും അവര്‍ പോകുമെന്ന് തെളിയിക്കുന്നതാണ് ഈ ദിവസങ്ങളിലെല്ലാം അവരുടെ പ്രവൃത്തികള്‍. എണ്ണിയെണ്ണി പറയുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തെ കാണേണ്ടത്. ഒരു അമ്പലം പണിയുന്നതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല; വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ എല്ലാ അവകാശങ്ങളുമുള്ള രാജ്യമാണ് മതേതര ഇന്ത്യ. ഈ വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. അതിനെയെല്ലാം മറന്നുകൊണ്ടാണ് ഇന്ത്യയെ ഏക മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ഒരു സെക്കുലര്‍ രാഷ്ട്രത്തെ തിയോക്രാറ്റിക് രാഷ്ട്രമാക്കി മാറ്റാന്‍ ആര്‍.എസ്.എസിന്റെ സംഘടിതമായിട്ടുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ അമ്പലം പണിയുന്നത്. ബാബരി പള്ളിയെ ഇന്ത്യയ്ക്കു മറക്കാന്‍ പറ്റില്ല. നാനൂറിലേറെ കൊല്ലക്കാലം ഇന്ത്യയുടെ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ഒരു പള്ളി. ഇവിടെ ജീവിച്ചിരുന്ന കോടാനുകോടി മുസ്ലിം സഹോദരങ്ങള്‍ അവരുടെ ആരാധനാ അവകാശത്തിന്റെ പ്രതീകമായി കണ്ടിരുന്ന പള്ളി. അതൊരു വെറും പള്ളി മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ ഇവിടെ സുരക്ഷിതരാണോ, ഭരണഘടന വാഗ്ദാനം ചെയ്ത സുരക്ഷിതത്വം തങ്ങള്‍ക്കു ലഭിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി നിന്ന പള്ളിയാണത്. രാഷ്ട്രത്തിന് അവരോടുള്ള ഉത്തരവാദിത്വത്തിന്റെ അടയാളമായി നിന്ന പള്ളി. അത് ആര്‍.എസ്.എസ് പൊളിച്ചുമാറ്റി. ബി.ജെ.പി അതിനുവേണ്ടി വലിയ ക്യാംപെയ്ന്‍ നടത്തി. സംവരണം അടക്കമുള്ള എല്ലാ മൗലിക പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ അവര്‍ ക്ഷേത്രപ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നു. ബാബരി പള്ളി പൊളിഞ്ഞുവീണതല്ല, പൊളിച്ചതാണ്. അന്ന് അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം, ''ഞങ്ങള്‍ ഇങ്ങനെയാണ് ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നത്'' എന്നാണ്. മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന സഹോദരങ്ങളുടെ ആരാധനാകേന്ദ്രം പൊളിച്ചുമാറ്റാന്‍ ഹിന്ദുമതം സമ്മതിക്കുന്നില്ല. അതല്ല ഹിന്ദു മതം. ബി.ജെ.പി ഹിന്ദുത്വ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ സംഗതി ഹിന്ദുമതല്ല; കറതീര്‍ന്ന ഫാസിസ്റ്റ് ആശയത്തെ ഭാരതവല്‍ക്കരിച്ച പേരാണ് അത്. ശബ്ദത്തില്‍ അടുപ്പമുള്ളതുകൊണ്ട് പലരും കരുതും, ഇതാണ് ഹിന്ദുമതം എന്ന്. ആ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭീകരമായ അഴിഞ്ഞാട്ടമായിരുന്നു ബാബരി പള്ളി പൊളിക്കല്‍. അവിടെയാണ് ക്ഷേത്രം പണിയുന്നത്. ഒരുപാട് മുറിപ്പാടുകളുണ്ട് ആ മണ്ണില്‍. ഇന്ത്യയുടെ മതേതരത്വത്തിന്റെ നെഞ്ചിലേക്ക് ആര്‍.എസ്.എസ് കുത്തിയിറക്കിയ കഠാരയുടെ മുറിപ്പാടുണ്ട്. ആ മണ്ണിലാണ് ക്ഷേത്രം ഉയരുന്നത്. അങ്ങോട്ട് എല്ലാവരേയും ക്ഷണിച്ചുവരുത്തി ആ ഭീകരമായ കടന്നാക്രമണത്തിന് വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. ഈ രാഷ്ട്രം അതിനെ ശരിവയ്ക്കുന്നു എന്നു സമ്മതിപ്പിക്കാന്‍ നോക്കുകയാണ്. ഈ രാഷ്ട്രം അതു സമ്മതിക്കുന്നില്ല എന്നു പറയാനുള്ള അവസരമാണ്. അതുകൊണ്ടാണ് അതിനെ തടയണം എന്നതില്‍ സി.പി.ഐ ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിനു സംശയമില്ലാത്തത്. ഞങ്ങള്‍ വരുന്നില്ല എന്ന് ഒറ്റ നിമിഷംപോലും ചിന്തിക്കാന്‍ കാത്തു നില്‍ക്കാതെയാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളെപ്പോലെ പറയാന്‍ കഴിയേണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബാബരി പള്ളി പൊളിച്ചതില്‍ ഒരു പങ്കുണ്ട് കോണ്‍ഗ്രസ്സിന്. നരസിംഹ റാവുവിന്റെ മൗനം മറക്കാന്‍ പാടില്ല. ഏഴോ എട്ടോ മണിക്കൂറെടുത്തു പള്ളി പൊളിച്ചുതീര്‍ക്കാന്‍. അതുവരെ മിണ്ടിയിട്ടേ ഇല്ല, എ.ഐ.സി.സി പ്രസിഡന്റ് കൂടിയായ പ്രധാനമന്ത്രി. അതൊന്നും കോണ്‍ഗ്രസ് മറക്കരുത്, ഞങ്ങള്‍ മറന്നിട്ടില്ല, ആരും മറന്നിട്ടില്ല. പക്ഷേ, ഇന്നത്തെ കോണ്‍ഗ്രസ്, ഇന്ത്യാ സഖ്യം നയിക്കുന്ന കോണ്‍ഗ്രസ്; ബി.ജെ.പിയാണ്, ആര്‍.എസ്.എസ്സാണ് പ്രധാന എതിരാളി എന്നു തിരിച്ചറിവുള്ള കോണ്‍ഗ്രസ്, ആ രാഷ്ട്രീയം ശരിയായി പറയാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമുള്ള കോണ്‍ഗ്രസ് ഈ ക്ഷണത്തിനു മുന്നില്‍ നില്‍ക്കുന്ന നില്‍പ്പ് അപഹാസ്യമാണ്. കോണ്‍ഗ്രസ്സിന്റെ ഗാന്ധി, നെഹ്രു മൂല്യങ്ങളെ തള്ളിപ്പറയുകയാണ് ഫലത്തില്‍ അവര്‍ ചെയ്യുന്നത്. അതു പാടില്ല. പോകണോ വേണ്ടയോ എന്ന് ആശയക്കുഴപ്പമാണ്. എന്തിനാണ് ഈ ആശയക്കുഴപ്പം? അതു മാറാന്‍ കോണ്‍ഗ്രസ്സിന് ഒറ്റവഴിയേ ഉള്ളൂ. ഗാന്ധിജിയേയും നെഹ്രുവിനേയും ഓര്‍ക്കുക. ഡിസ്‌കവറി ഓഫ് ഇന്ത്യ എഴുതിയ നെഹ്രുവിനെ കോണ്‍ഗ്രസ് റീ ഡിസ്‌കവര്‍ ചെയ്യണം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരുപാടു ദൂരക്കാഴ്ചയുള്ള വിഷനറിയാണ് നെഹ്രു. കോണ്‍ഗ്രസ്സില്‍ നെഹ്രുവിനെ വായിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കും നെഹ്രുവിനെ ഓര്‍ക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുമുള്ള സ്വാധീനമാണ് ഈ ചാഞ്ചാട്ടം കാണിക്കുന്നത്. ആ ചാഞ്ചാട്ടം അവരെ സഹായിക്കില്ല. ആ ചാഞ്ചാട്ടത്തിന്റെ രൂപങ്ങളാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയത്. ആ തെറ്റ് കോണ്‍ഗ്രസ് ആവര്‍ത്തിക്കാന്‍ പാടില്ല. അതുകൊണ്ട് കോണ്‍ഗ്രസ്സിനു നിലപാട് വേണം. ആര്‍.എസ്.എസ്സിന്റേയും ബി.ജെ.പിയുടേയും ഈ മറയിട്ട അജന്‍ഡയിലേക്കു ഞങ്ങള്‍ പോകില്ല എന്നു പറയാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കാണിക്കണം കോണ്‍ഗ്രസ്.

കോണ്‍ഗ്രസ്സിനെ വിശ്വസിച്ച് ഒരു ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ കെട്ടിപ്പടുക്കാം എന്ന് ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ? 


ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ ഭീഷണിയായി ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രതീകമായ ആര്‍.എസ്.എസ് വളര്‍ന്നുവരുമ്പോള്‍ അതിനെ ചെറുത്തേ മതിയാകൂ. ആ ചെറുക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യം പറഞ്ഞ പാര്‍ട്ടിയാണ് സി.പി.ഐ. ആര്‍.എസ്.എസ്സും അവര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയവുമാണ് മുഖ്യശത്രു. ആ മുഖ്യശത്രുവിനെ പരാജയപ്പെടുത്താന്‍ ബാക്കി എല്ലാവരുമായി ചേര്‍ന്നു വിശാലമായ സമര ഐക്യമുന്നണി കെട്ടിപ്പടുക്കാന്‍ മുന്നോട്ടു വരണം എന്നാണ് ഞങ്ങളെ മാര്‍ക്‌സിസം പഠിപ്പിക്കുന്നത്. ആ പാഠമാണ് ഞങ്ങളെ നയിക്കുന്നത്. എന്തെല്ലാം ദൗര്‍ബ്ബല്യമുണ്ടെങ്കിലും ചാഞ്ചാട്ടമുള്ളപ്പോഴും പലപ്പോഴും ആ പ്രവണത പുറത്തുവരുമ്പോഴും ഇന്ത്യയിലാകെ സാന്നിധ്യമുള്ള, ഒരു പാന്‍ ഇന്ത്യന്‍ സാന്നിധ്യമുള്ള മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിയെ ഒഴിവാക്കിക്കൊണ്ടുള്ള ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നണിക്ക് യുക്തിയില്ല, രാഷ്ട്രീയ ആഴമില്ല എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ ഗവണ്‍മെന്റ് നടപ്പാക്കിയ ആദ്യ ഫാസിസ്റ്റ് രാഷ്ട്രീയ പ്രക്രിയ അടിയന്തരാവസ്ഥയാണ്. അന്ന് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിനോട് ചേര്‍ന്നുനിന്ന പാര്‍ട്ടിയാണ് സി.പി.ഐ. പിന്നീട് പാര്‍ട്ടി ആ തെറ്റ് തിരുത്തി. ഇപ്പോള്‍ ഫാസിസ്റ്റുവിരുദ്ധ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷത്തിനെതിരെ കേരളത്തില്‍ വന്നു മത്സരിച്ച രാഹുല്‍ ഗാന്ധി അത് ആവര്‍ത്തിക്കാന്‍ പോവുകയാണ്. കോണ്‍ഗ്രസ്സിനെ എങ്ങനെ വീണ്ടും ആശ്രയിക്കും? 


അടിയന്തരാവസ്ഥ തെറ്റായിരുന്നു; സംശയമില്ല. ആ തെറ്റ് തെറ്റായിത്തന്നെ ചൂണ്ടിക്കാണിക്കാന്‍ സി.പി.ഐക്ക് ആരംഭത്തില്‍ പറ്റിയില്ല. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രം കഴിയുന്ന രാഷ്ട്രീയ ആര്‍ജ്ജവം കാണിച്ചുകൊണ്ട് തെറ്റ് ജനങ്ങളോട് ഏറ്റുപറഞ്ഞു തിരുത്തിയ മഹത്വവും സി.പി.ഐക്കുണ്ട്. അടിയന്തരാവസ്ഥ തെറ്റാണ് എന്നു സമ്മതിക്കുമ്പോഴും രാജ്യം കണ്ട ഏറ്റവും വലിയ മര്‍ദ്ദക വാഴ്ച അതാണെന്നു പറയുന്നത് സത്യമല്ല. കയ്യൂര്‍ മറന്നോ, കരിവെള്ളൂര്‍ മറന്നോ, തെലുങ്കാന മറന്നോ? പഴയ കോണ്‍ഗ്രസ് വാഴ്ചക്കാലത്തെ കമ്യൂണിസ്റ്റ് വേട്ട മറന്നോ? '40-കളും '50-കളും മറന്നോ? ഭീകരമായ മര്‍ദ്ദനങ്ങളും വേട്ടകളുമുണ്ട്?

സ്വതന്ത്ര ഇന്ത്യയില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി അടിയന്തരാവസ്ഥയാണല്ലോ? 


അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ പാടില്ല. പക്ഷേ, അതാണ് രാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് നടപടി എന്നു പറയുമ്പോള്‍ ചരിത്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട കടുത്ത മര്‍ദ്ദനങ്ങളേയും ഭീഷണികളേയും മറക്കലാണ്. അതു പുതിയ തലമുറയെ പഠിപ്പിക്കണം. അടിയന്തരാവസ്ഥയാണ് ഏറ്റവും വലിയ സംഭവം എന്നു കരുതുന്ന ഒരുപാടുപേര്‍ ഈ തലമുറയിലുണ്ട്. അല്ലെന്ന് എനിക്കുറപ്പാണ്. ഞാനതിനെ വെള്ളപൂശുകയേ അല്ല. പക്ഷേ, അടിയന്തരാവസ്ഥയില്‍ അവസാനിക്കുന്നില്ല മര്‍ദ്ദക വാഴ്ചകള്‍. ഇന്നത്തെ സ്ഥിതി എന്താ? അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമല്ലേ? അടിയന്തരാവസ്ഥയാണ് ഏറ്റവും വലിയ ഭരണകൂട ഭീകരത എന്നു പറഞ്ഞവര്‍ തന്നെ പറഞ്ഞ എത്ര സംഭവങ്ങള്‍ വേണം? ആ രാഷ്ട്രീയം കാണണ്ടേ? ഇന്നത്തെ ഫാസിസ്റ്റ് ഭീകരതയുടെ രൂക്ഷമായ ജനദ്രോഹ സ്വഭാവം മറച്ചുവയ്ക്കാന്‍ അവര്‍ക്കു ഉപയോഗപ്പെടുത്താന്‍ കഴിയുന്നവിധം നമ്മള്‍ ചരിത്രാനുഭവങ്ങളെ വ്യാഖ്യാനിക്കരുത്.

വയനാട് തെരഞ്ഞെടുപ്പിലെ നിലപാട്. അവിടെ സി.പി.ഐയുമായിത്തന്നെയാണ് മത്സരം? 


വയനാട്ടിലെ മത്സരം ഫാസിസ്റ്റ്വിരുദ്ധ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. വയനാട്ടിലെ കാര്യം, കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വര്‍ത്തമാനസ്ഥിതി കാണാത്തതിന്റെ പ്രശ്‌നമാണ്. അല്ലാതെ അതിനെ ഫാസിസവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട. അതു ശരിയാണോ എന്ന് എനിക്കു സംശയമുണ്ട്. പക്ഷേ, അതു മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ പ്രശ്‌നമെന്താണ്. മോദിയുടെ ഗവണ്‍മെന്റ് വീണ്ടും വരാന്‍ പാടില്ല; ബി.ജെ.പിയെ ഒരിക്കല്‍ക്കൂടി ജയിക്കാന്‍ അനുവദിക്കരുത്. ഈ ലക്ഷ്യത്തിലേക്കുള്ള മഹാസമരമാണ് ഇത്. വെറും ഇലക്ഷനല്ല. ആ ഇലക്ഷന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ പോരാട്ട വേദി ഉത്തരേന്ത്യയാണോ കേരളമാണോ. അതാണ് ചോദ്യം. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ പറ്റുമോ കോണ്‍ഗ്രസ്സിന്. ഞങ്ങളുടെ ചോദ്യം അത്രയുമേ ഉള്ളൂ. കോണ്‍ഗ്രസ്സിന് എവിടെയും മത്സരിക്കാം, വയനാട്ടിലും മത്സരിക്കാം. എന്തായാലും കേരളത്തില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫുമാണ്. രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി നല്ല ബന്ധമുണ്ട്. ആദരവുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു പുതിയ ദിശ കൊടുക്കാന്‍ ആ ചെറുപ്പക്കാരന്‍ നടത്തുന്ന ശ്രമങ്ങളെപ്പറ്റി മതിപ്പുണ്ട്. ഇതൊന്നും മറച്ചുവയ്ക്കുന്നില്ല. പക്ഷേ, രാഹുല്‍ ഗാന്ധിയെപ്പോലെ ഒരു കോണ്‍ഗ്രസ് നേതാവ്, ഈ സമരത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖമായ നേതാവ്, ഉത്തരേന്ത്യ വിട്ടിട്ട് കേരളത്തിലേക്ക് വന്ന് മത്സരിക്കുമ്പോള്‍ അതു നല്‍കുന്ന രാഷ്ട്രീയ സന്ദേശമെന്താണ്? അത് കോണ്‍ഗ്രസ് അറിയണ്ടേ? ഒന്ന്, കോണ്‍ഗ്രസ്സിന്റെ മുഖ്യ എതിരാളി ഇടതുപക്ഷമാണ് എന്ന വ്യാഖ്യാനം വരും; രണ്ട്, ഈ സമരത്തിന്റെ കേന്ദ്ര പ്രദേശത്തു നില്‍ക്കാന്‍ ഭയപ്പെട്ട് കോണ്‍ഗ്രസ് പിന്തിരിഞ്ഞോടി എന്നു വരും. അങ്ങനെ പ്രചരിപ്പിക്കാന്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് അവസരം കൊടുത്തു. കോണ്‍ഗ്രസ്സിന്റെ അഭിമാന സീറ്റായിരുന്ന അമേഠിയില്‍ എങ്ങനെ ബി.ജെ.പി ജയിച്ചു? മറ്റൊരു കാര്യം: ഇവിടെനിന്ന് ബി.ജെ.പിയുടെ ഒരാളും ഇത്തവണയും ജയിക്കാന്‍ പോകുന്നില്ല. അങ്ങനെയായിരിക്കെ, കോണ്‍ഗ്രസ്സിന്റെ മുഖ്യ നേതാവ് ബി.ജെ.പിക്ക് ഒരാളെപ്പോലും ജയിപ്പിക്കാന്‍ കഴിയാത്ത കേരളത്തിലേക്കു കളം മാറ്റിച്ചവിട്ടിയാല്‍ എന്തു വിശ്വാസ്യത? അതാണ് കോണ്‍ഗ്രസ് ചിന്തിക്കേണ്ടത്. 

ഫാസിസ്റ്റ്വിരുദ്ധ രാഷ്ട്രീയത്തിന്റെ ശരിയായ ഗൗരവം രാഹുല്‍ ഗാന്ധി ശരിയായി മനസ്സിലാക്കാത്തതുകൊണ്ടല്ലേ ഇത്? 


ഞാനിത് രാഹുലിനെ വിമര്‍ശിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നില്ല. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന എല്ലാവരും കൂടി രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഈ വേഷം കെട്ടിക്കുകയായിരിക്കാം. ഇന്ത്യയ്ക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്. അത്, ബി.ജെ.പിക്കെതിരായ സമരത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വഴി കാണിക്കാന്‍ പറ്റും എന്ന പ്രതീക്ഷയാണ്. ആ പ്രതീക്ഷയെ കോണ്‍ഗ്രസ് കാണണം. ഇതുപോലുള്ള രാഷ്ട്രീയ തമാശകള്‍ക്ക് രാഹുല്‍ ഗാന്ധിയെ ഇട്ടുകൊടുക്കരുത്. ഇവിടെ പരീക്ഷിക്കപ്പെടുന്നത് കോണ്‍ഗ്രസ്സിന്റെ 'പൊളിറ്റിക്കല്‍ വിസ്ഡം' ആണ്.

കുറച്ചുകൂടി വ്യക്തത ആവശ്യമുള്ളതുകൊണ്ട് ചോദിക്കുകയാണ്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റിലും വിജയിക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യം കൊണ്ടാണെങ്കില്‍ ഇത്തവണയും അത് ആവര്‍ത്തിക്കാനും അതുവഴി ഇടതുപക്ഷത്തെ ദുര്‍ബ്ബലപ്പെടുത്താനും രാഹുല്‍ ഗാന്ധി നിന്നുകൊടുക്കുകയല്ലേ? 
അതില്‍ കാര്യമുണ്ട്. ബി.ജെ.പി വരാന്‍ പാടില്ല എന്ന് എല്‍.ഡി.എഫിനും സി.പി.ഐക്കും ബോധ്യമാണ്. അതിനുവേണ്ടി ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം നിര്‍വ്വചിക്കുന്നുണ്ട്. കേരളത്തില്‍നിന്നു പോകുന്ന ഒരാളും ബി.ജെ.പിക്കുവേണ്ടി കൈ പൊക്കാന്‍ പാടില്ല. ആ ഗ്യാരന്റിയേ ഉള്ളൂ എല്‍.ഡി.എഫിന്. 20 എം.പിമാര്‍ ഇവിടെനിന്ന് എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ചു പോയാല്‍ ആ 20 പേരും നിര്‍ണ്ണായക ഘട്ടം വന്നാല്‍ ബി.ജെ.പിക്കെതിരെ കൈ പൊക്കും. ഇന്ത്യാ സഖ്യത്തിനുവേണ്ടി നിലകൊള്ളും. കോണ്‍ഗ്രസ്സില്‍നിന്നു ജയിച്ചു പോകുന്നവരുടെ കാര്യത്തില്‍ ആ ഉറപ്പുണ്ടോ? നിര്‍ണ്ണായക അവസരം വന്നാല്‍ കോണ്‍ഗ്രസ്സുണ്ടെങ്കില്‍ ബി.ജെ.പിക്ക് വേറെ ആളു വേണ്ട. ഗോവ, മണിപ്പൂര്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും അത് കണ്ടതാണ്. പ്രലോഭനങ്ങളോ സമ്മര്‍ദ്ദങ്ങളോ വന്നാല്‍ രായ്ക്കുരായ്മാനം കൂടുമാറി ബി.ജെ.പിയാകാന്‍ തയ്യാറുള്ള ഒരുപാടു പേരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് കേരളത്തിലെ എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബാധകമാണ്. അതുകൊണ്ട് ഇന്ത്യാ സഖ്യത്തിന്റെ ഗവണ്‍മെന്റ് ഉണ്ടാകുമെന്ന് ഉറപ്പാക്കാന്‍ കേരളത്തില്‍നിന്ന് 20 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളും ജയിക്കേണ്ടത് ആവശ്യമാണ്. ഞങ്ങളുടെ മുഖ്യശത്രു ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. ഞങ്ങളുടെ എം.പിമാര്‍ പാര്‍ലമെന്റിലും പുറത്തും ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് എവിടം വരെയും പോരാടും. ആ ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. ആ ഉറപ്പ് ഇന്ത്യയ്ക്കു മുന്നില്‍ തെളിയിക്കുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് വ്യത്യാസം.

നിയമനിര്‍മ്മാണ സഭകളിലെ വനിതാ സംവരണ ബില്ല് പാസ്സായെങ്കിലും അത് നടപ്പാക്കുന്നത് ഈ തെരഞ്ഞെടുപ്പില്‍ അല്ലല്ലോ. സി.പി.ഐ സ്വന്തം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വനിതാ സംവരണം നടപ്പാക്കി സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോ? 
ഞങ്ങള്‍ എന്നും വനിതാ സംവരണത്തെ അനുകൂലിച്ച പാര്‍ട്ടിയാണ്. അതിനുവേണ്ടി പോരാടിയ പാര്‍ട്ടിയാണ്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ പരമാവധി സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ആകാവുന്നിടത്തോളം ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഇനിയും അതു തുടരും. ഞങ്ങള്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന പാര്‍ട്ടിയല്ല; ചേര്‍ത്തുനിര്‍ത്തുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിക്കകത്തും പാര്‍ട്ടിക്കു പുറത്ത് നിയമനിര്‍മ്മാണ സഭകളിലും ഉള്‍പ്പെടെ പ്രാതിനിധ്യം കൊടുക്കുന്ന പാര്‍ട്ടിയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥിക്കു സാധ്യതയുണ്ടോ? 
പൊതു നിലപാടാണ് ഞാന്‍ പറഞ്ഞത്. അതനുസരിച്ച് ഓരോ സാഹചര്യത്തിലും ബന്ധപ്പെട്ട ഘടകങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കും.

സംസ്ഥാനത്തെ സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തന മികവിനെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ദോഷകരമായി ബാധിക്കുന്നുണ്ടോ? 
പാര്‍ട്ടിയുടെ മന്ത്രിമാരെല്ലാം ഒന്നിനൊന്നു മികച്ചവരാണ്. എല്‍.ഡി.എഫ് ഏല്‍പ്പിച്ച, ജനങ്ങള്‍ ഏല്‍പ്പിച്ച ചുമതലകള്‍ അവര്‍ ശരിയായി നിര്‍വ്വഹിക്കുന്നുമുണ്ട്. പക്ഷേ, എല്ലാവരേയും പൊതുവായി ബാധിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മോശം സാമ്പത്തിക സ്ഥിതിയാണ്. അത് സി.പി.ഐ മന്ത്രിമാരുടെ മാത്രം പ്രശ്‌നമല്ല; എല്‍.ഡി.എഫ് ഗവണ്‍മെന്റിലെ ഓരോ മന്ത്രിയും വകുപ്പും നേരിടുന്ന മുഖ്യപ്രശ്‌നം നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതികള്‍, ജനോപകാരപ്രദമായ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ സാമ്പത്തിക ലഭ്യതയില്ല. നികുതിപിരിവ് ഊര്‍ജ്ജിതപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ആ വഴിക്കു പരമാവധി ശ്രമിക്കുന്നുണ്ട്. അതു വിജയിച്ചിട്ടുണ്ട്. പക്ഷേ, കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന ഒരു വലിയ തെറ്റ് കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുക എന്നതാണ്. വലിയ തെറ്റാണത്. ഈ ഗവണ്‍മെന്റിനെ കേന്ദ്രത്തിലെ ബി.ജെ.പി ഗവണ്‍മെന്റിനു ഭയമാണ്. വെറുക്കുകയുമാണ്. അവര്‍ ഭയക്കുന്ന, അവര്‍ക്കു വെറുപ്പുള്ള ഇടതുപക്ഷ ഗവണ്‍മെന്റിനെ സാമ്പത്തികമായി ദുര്‍ബ്ബലമാക്കാന്‍ ശ്രമിക്കുന്ന യുദ്ധത്തിലാണ് ബി.ജെ.പി ഗവണ്‍മെന്റ്. അതിന്റെ ഫലമായി കിട്ടേണ്ടത് മുഴുവനും കിട്ടുന്നില്ല. അങ്ങനെയുള്ള അവസ്ഥയില്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക ആക്രമണത്തിന്റെ മുന്നിലാണ് കേരളം. അതിന്റെ പരിമിതി കേരള ഗവണ്‍മെന്റ് അനുഭവിക്കുന്നുണ്ട്. അത് ജനങ്ങളെ കണ്ട് പറയാന്‍ വേണ്ടിയാണ് നവകേരള സദസ്സ് നടത്തിയത്. അതിനെ കേരളം നന്നായി സ്വീകരിച്ചു. ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാം, ഈ ഗവണ്‍മെന്റിനു വേഗതയില്‍ മുന്നോട്ടു പോകാന്‍ കഴിയാത്തതിന്റെ പരിമിതിയെപ്പറ്റി. അതിനു പിന്നിലെ രാഷ്ട്രീയവും ഞങ്ങള്‍ ജനങ്ങള്‍ക്കു നല്ല വണ്ണം ബോധ്യപ്പെടുത്തിക്കൊടുത്തു. പതിനാറാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷനായി മോദിയുടെ ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് പനഗാരിയ ഇപ്പോള്‍ നിയുക്തനായിരിക്കുന്നു. ആസൂത്രണ കമ്മിഷന്റെ അന്ത്യകൂദാശ നടത്തി നിതി ആയോഗ് ഉണ്ടാക്കിയപ്പോള്‍ അതിന്റെ തലപ്പത്ത് മോദി അവരോധിച്ച മാന്യദേഹമാണ് അദ്ദേഹം. ഫെഡറല്‍ സംവിധാനത്തിനുമേല്‍ കൂടുതല്‍ ആക്രമണം വരുമെന്നാണ് അതിന്റെ അര്‍ത്ഥം. ദേശീയവിഹിതം പങ്കുവയ്ക്കുമ്പോള്‍ കേരളത്തോട് ഇന്നുള്ള അവഗണന വീണ്ടും രൂക്ഷമാകും എന്നുവേണം കരുതാന്‍.

ഈ രാഷ്ട്രീയം കേരളത്തിലെ പ്രതിപക്ഷത്തിനുകൂടി മനസ്സിലാകേണ്ടതല്ലേ. കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ ന്യായീകരിക്കുന്നവിധം പെരുമാറുന്നു എന്ന വിമര്‍ശനം സി.പി.ഐക്കുണ്ടോ? കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷവും ചേരുന്നതിന്റെ രാഷ്ട്രീയമെന്താണ്? 


അത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പരിമിതിയാണ്; ദൗര്‍ബ്ബല്യമാണ്, രാഷ്ട്രീയമായ തെറ്റാണ്. അതില്‍നിന്നു പുറത്തു കടക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുന്നില്ല. അവരുടെ മുഖ്യശത്രു പലപ്പോഴും ഞങ്ങളാണ്. ഇടതുപക്ഷത്തെ മുഖ്യശത്രുവായിക്കണ്ട് എല്‍.ഡി.എഫ് ഗവണ്‍മെന്റിനെ എങ്ങനെയെല്ലാം ദുര്‍ബ്ബലമാക്കാന്‍ പറ്റുമോ അതിനുവേണ്ടി രാഷ്ട്രീയം മറന്ന് ബി.ജെ.പിയുമായിപ്പോലും ചേരുകയാണ് അവര്‍. ഇത് കോണ്‍ഗ്രസ്സിനെ ആത്യന്തികമായി നാശത്തിലേക്കു നയിക്കും. അത് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞാല്‍ കൊള്ളാം.

വി.എസ്. സര്‍ക്കാരില്‍ താങ്കള്‍ വനം മന്ത്രി ആയിരുന്നപ്പോഴാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മെര്‍ക്കിസ്റ്റണ്‍ ഭൂമി വിവാദം ഉണ്ടായത്. ആ ഭൂമി വില്‍പ്പന നടക്കാതെ പോയത് താങ്കള്‍ സ്വീകരിച്ച ശക്തമായ നിലപാടു മൂലമാണല്ലോ. എന്താണ് അന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടായത്? 


ആ ഭൂമി രക്ഷിച്ചത് എല്‍.ഡി.എഫ് ഗവണ്‍മെന്റാണ്; അതിലെ വനം മന്ത്രിയാണ്. അത് വില്‍ക്കാനോ വാങ്ങാനോ നിയമപ്രകാരം കഴിയാത്ത ഭൂമിയാണെന്ന് എല്ലാത്തരം സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചുകൊണ്ട് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. കേരളത്തിലെ വനം മാഫിയയ്ക്ക്, ചന്ദന മാഫിയയ്ക്ക് പല കാരണങ്ങള്‍കൊണ്ടും ഇഷ്ടപ്പെടാത്ത പലതും ചെയ്താലേ വനങ്ങള്‍ സംരക്ഷിക്കാനാവുകയുള്ളൂ. കാടിനെ രക്ഷിക്കാന്‍, ഭൂമിയെ രക്ഷിക്കാന്‍ വനം മാഫിയയെ നേരിടാന്‍ ഒരു കമ്യൂണിസ്റ്റ് മന്ത്രി കാണിക്കേണ്ട എല്ലാ ജാഗ്രതയും കാണിച്ച ഒരു സമരമായിരുന്നു അത്; ആ സമരം ജയിച്ച വനം മന്ത്രിയാണ് ഞാന്‍. അതുകൊണ്ടുതന്നെ ആ ശക്തികള്‍ക്കു പകയുണ്ടായി. ആ പകയാണ് നട്ടാല്‍ കിളിര്‍ക്കാത്ത പച്ചക്കള്ളം ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. മെര്‍ക്കിസ്റ്റണില്‍ മാത്രമല്ല, മറ്റൊരു വിവാദത്തിലും ലവലേശം കളങ്കം എന്റെ കയ്യില്‍ ഉണ്ടായില്ല എന്ന് ഉറപ്പുണ്ട്. അതു കേരളത്തിനു ബോധ്യപ്പെട്ടതുകൊണ്ടാണ് ആ അപവാദ പ്രചരണം സോപ്പുകുമിളപോലെ പൊട്ടിപ്പോയത്. മന്ത്രിയാകാന്‍ വന്നപ്പോള്‍ ഞാന്‍ നല്‍കിയ വാക്ക് അതാണ്. എന്റെ കയ്യില്‍ കളങ്കമില്ല; അഞ്ചുകൊല്ലം കഴിഞ്ഞ് ഇറങ്ങിപ്പോകുമ്പോഴും കളങ്കമുണ്ടാകില്ല. ഭരണം കഴിഞ്ഞു ഞാന്‍ ഇറങ്ങിപ്പോകുമ്പോഴോ ഞാന്‍ മരിച്ചുകഴിഞ്ഞിട്ടോ എന്റെ മക്കളെ നോക്കി 'കള്ളന്റെ മക്കള്‍' എന്ന് ഒരാളും പറയില്ല. അങ്ങനെ പറയാന്‍ എനിക്ക് ആര്‍ജ്ജവമുണ്ട്. അത് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്ന ആര്‍ജ്ജവമാണ്; എന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി പഠിപ്പിച്ച നീതിബോധമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നെ ഞാനാക്കിയത്. വനം മന്ത്രിക്ക് ഒരുപാട് പരിമിതികളുണ്ട്. ജനപ്രിയമായതെല്ലാം ചെയ്യാന്‍ കഴിയില്ല. റോഡു വെട്ടാന്‍, തോടു വെട്ടാന്‍ ഒക്കെ സമ്മതം മൂളാന്‍ കഴിയില്ല. വനഭൂമി വനഭൂമിയാണ്. വനങ്ങള്‍ക്കുള്ളില്‍ക്കൂടി പാലം പണിയാനോ ഹൈവേ പണിയാനോ ഉള്ള പദ്ധതിക്കു വഴങ്ങാന്‍ വനം മന്ത്രിക്കു കഴിയില്ല. ഭാവിക്കുവേണ്ടിയുള്ള കരുതലാണ് വനങ്ങള്‍. അതു വെള്ളംപോലെ വ്യക്തമാണ്. വനങ്ങള്‍ക്കൊരു വലിയ ദൗത്യമുണ്ട്. ഇവിടെ മാത്രല്ല, ലോകത്തെല്ലായിടത്തും. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ലാഭത്തിനുവേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങളുടെ ഇരയായി വനങ്ങളെ മാറ്റാന്‍ കഴിയില്ല. പ്രകൃതിയുടെ സംരക്ഷണത്തില്‍ വനങ്ങളുടെ പങ്ക് അറിയാവുന്ന കമ്യൂണിസ്റ്റുകാരനാണ് ഞാന്‍. കാടുകള്‍ക്കുമേലുള്ള കയ്യേറ്റം അനുവദിക്കാനാകില്ല. കാട് കയ്യേറുന്നത് പാവം കൃഷിക്കാരും ആദിവാസികളുമല്ല. കോര്‍പറേറ്റ് കൊള്ളക്കാരാണ്. ബി.ജെ.പി വനനിയമങ്ങളെല്ലാം മാറ്റിയെഴുതിയല്ലോ. പരിസ്ഥിതി നിയമങ്ങളും മാറ്റിയെഴുതി. കോര്‍പറേറ്റ് കൊള്ളയ്ക്കുവേണ്ടിയുള്ള നീക്കങ്ങളെ ചെറുക്കുന്നവര്‍ ലോകത്തെല്ലായിടത്തുമുള്ളതുപോലെ കേരളത്തിലുമുണ്ട്. അതിന്റെ വക്താവാണ് ഞാന്‍. വനം മാഫിയയ്ക്കു മുന്നില്‍ മുട്ടുകുത്താത്ത കാലം, ചന്ദനമാഫിയയെ പൊളിച്ചടുക്കിയ കാലം, അനാഥമായിപ്പോകുമായിരുന്ന ഭൂമി പ്രകൃതിക്കും ഭാവിക്കും വേണ്ടി സംരക്ഷിച്ച കാലം ആയിരുന്നു ആ ഗവണ്‍മെന്റിന്റേത് എന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ആ കാലം ഓര്‍മ്മിക്കപ്പെടും. നാളെയൊരു സമയത്ത് ഇതെല്ലാം കേരളം അംഗീകരിക്കും. പശ്ചിമഘട്ടം ഇല്ലെങ്കില്‍ ഇവിടുത്തെ പുഴകളൊക്കെ വറ്റും. പുഴകളില്ലെങ്കില്‍ വെള്ളവും വെള്ളമില്ലെങ്കില്‍ കൃഷിയുമില്ല. കൃഷിയില്ലെങ്കില്‍ ഭക്ഷണമില്ല. ഇതു മനസ്സിലാക്കിയാല്‍ മതി. വലിയ കണ്ടുപിടിത്തമൊന്നും വേണ്ട. ഇതിനു മാര്‍ക്‌സിസം വായിക്കുകയോ ഏംഗല്‍സിനെ പഠിക്കുകയോ വേണമെന്നില്ല. ആ അര്‍ത്ഥത്തില്‍ പുഴകള്‍ക്കുവേണ്ടിയും വെള്ളത്തിനുവേണ്ടിയും ശുദ്ധ വായുവിനുവേണ്ടിയും ഉറച്ചുനിന്നു. ആ നില്‍പ്പില്‍ ഭീഷണികളും സമ്മര്‍ദ്ദങ്ങളുമൊക്കെ ഉണ്ടായി; വമ്പന്മാര്‍, ടാറ്റയും ഹാരിസണും അടക്കമുള്ളവര്‍ എതിര്‍ ഭാഗത്തു നിരന്നു. അവരോടൊന്നും ലവലേശം വിട്ടുവീഴ്ച ചെയ്യാതെ ഞങ്ങള്‍ കാടിനു കാവല്‍നിന്നു.
ഒരുപാട് മുറിവേറ്റവനാണ് ഞാന്‍. വികസനവിരോധി എന്നത് എനിക്ക് അക്കാലത്തുണ്ടായ പേരാണ്. യഥാര്‍ത്ഥത്തില്‍ ഞാനാണ് വികസനവാദി. 

വലിയ വാഗ്ദാനങ്ങളും കൂടി ഉള്‍പ്പെട്ട സമ്മര്‍ദ്ദങ്ങളായിരിക്കുമല്ലോ ഉണ്ടായത്? 
അതെ, ഒരുപാട്. ചിന്തിക്കാന്‍പോലും കഴിയുന്നതിനപ്പുറം ഭീഷണികളുമുണ്ടായി. പക്ഷേ, പാര്‍ട്ടി പഠിപ്പിച്ച മൂല്യബോധം അതേപോലെ ഉയര്‍ത്തിപ്പിടിച്ചാണ് നിന്നത്. എവിടെയും തല കുനിച്ചില്ല; ആരുടെ മുന്നിലും.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനില്‍നിന്ന് ഈ ശ്രമങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും സമ്പൂര്‍ണ്ണ പിന്തുണ കിട്ടുകയും ചെയ്തിരുന്നോ? 
പൊതുവില്‍ വി.എസ്സിന്റെ പിന്തുണ കിട്ടിയിരുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കാം
ജനാധിപത്യത്തിന്റെ മരുഭൂമിയാകുന്ന ഇന്ത്യ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
 ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com