''വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി''

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നരകജീവിതം ദേശീയ, അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുവന്നതില്‍ മധുരാജിന്റെ ഫോട്ടോകള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്.
''വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി''

ഫോട്ടോഗ്രഫര്‍ ട്രെയിനിയായി, മാതൃഭൂമി ദിനപത്രത്തിലെ ജോലിയില്‍ മധുരാജ് പ്രവേശിക്കുന്നത് 1993-ലാണ്. ''എന്റെ സ്വപ്നസാഫല്യമായിരുന്നു ഈ ജോലി.''

ഫോട്ടോഗ്രാഫിയുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. പയ്യന്നൂരില്‍ സീക്കോ എന്ന പേരില്‍ അച്ഛന് സ്വന്തമായി സ്റ്റുഡിയോ ഉണ്ടായിരുന്നു. കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നു, അത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ കാലമായിരുന്നു. യാഷിക്ക 120 ക്യാമറയിലാണ് അക്കാലത്ത് ചിത്രങ്ങള്‍ എടുത്തിരുന്നത്.

ഛായാഗ്രഹണവിദ്യയുടെ വളര്‍ച്ചയുടെ കാലം കണ്‍മുന്നിലൂടെയാണ് കടന്നുപോയിട്ടുള്ളത്, മധുരാജ് ഓര്‍ത്തെടുത്തു. ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കാന്‍ പോലും സ്റ്റുഡിയോ തേടി പോകേണ്ട കാലം.

ഫിലിം വാഷ് ചെയ്ത് ഉണക്കി, അത്യാവശ്യം ടച്ച് ചെയ്തിട്ടു വേണം പ്രിന്റ് എടുക്കാന്‍. അക്കാലത്ത് ഓരോ വ്യക്തിക്കും ജീവിതത്തില്‍ ഒരു ഇമേജ് ആയി രൂപപ്പെടാന്‍ കഴിയുന്നത് ആദ്യമെടുക്കുന്ന പാസ്പോര്‍ട്ട് സൈസ് ഫോട്ടോയിലൂടെ ആയിരുന്നു. രാത്രി എട്ടുമണിവരെ അച്ഛനൊപ്പം സ്റ്റുഡിയോയില്‍ ഇരിക്കും.

എന്‍ഡോസള്‍ഫാന്‍ ഇര മുഹമ്മദ് ഫൈസല്‍
എന്‍ഡോസള്‍ഫാന്‍ ഇര മുഹമ്മദ് ഫൈസല്‍ ഫോട്ടോ: മധുരാജ്‌ i

120 എം.എം ഫിലിം ഉണക്കിയെടുത്ത്, ഗ്ലാസ്സ് പ്രതലത്തില്‍ വച്ച് റീ ടച്ച് ചെയ്തിട്ടാണ് ചിത്ര ങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുക. ഇരുട്ട് മുറിയും ചുവന്ന വെളിച്ചവും ഹൈപ്പോ വെള്ളത്തിന്റെ ലായനിയും ഒക്കെ അന്നേ ജീവിതത്തിന്റെ ഭാഗമാണ്. ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നത് ബോക്സ് ടൈപ്പ് ബെല്ലോ ക്യാമറയിലാണ്. മരിച്ചവരുടെ ചിത്രങ്ങള്‍ റീ കോപ്പിയെടുക്കുന്ന രീതിയും അന്നുണ്ട്.

പിന്നെ, 35 എം.എം. ഫിലിമിന്റെ കാലം വന്നു. കളര്‍ ഫിലിമില്‍ കല്യാണഫോട്ടോകള്‍ എടുക്കുന്ന കാലം. ഫോട്ടോഗ്രാഫി ഔട്ട്ഡോറില്‍ ചെയ്യാവുന്നതാണ് എന്ന് മനസ്സിലാക്കി. അതിനു സഹായിച്ചത് വായനയും സൗഹൃദങ്ങളുമാണ്. ലൈഫ് മാഗസിനില്‍ അടിച്ചുവന്ന ഒരു ചിത്ര പരമ്പര കാഴ്ചപ്പാട് തന്നെ മാറ്റി. വാര്‍ത്താ ചിത്രകാരന്മാരുടെ ഇടം എവിടെയാണെന്ന് മനസ്സിലാക്കിത്തന്നു, ആ പരമ്പര.

'സീക്ക്' എന്ന നേച്ചര്‍ ഗ്രൂപ്പുമായി വിദ്യാര്‍ത്ഥിക്കാലം മുതല്‍ സൗഹൃദം ഉണ്ടായിരുന്നു. പയ്യന്നൂര്‍ കോളേജിലെ സുവോളജി വിഭാഗം തലവന്‍ പ്രൊഫ. ജോണ്‍സ് സി. ജേക്കബ് ആയിരുന്നു സീക്കിന്റെ സ്ഥാപകന്‍. 'സൂചിമുഖി', 'മൈന' എന്നീ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു, സീക്കിന്. പരിസ്ഥിതി മുന്നേറ്റങ്ങളില്‍ ഏകാകിയായ ഒരു യാത്രികനായിരുന്നു അദ്ദേഹം. പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടഞ്ചേരി മലകളില്‍ സംഘടിപ്പിച്ചിരുന്ന പരിസ്ഥിതി ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഒന്‍പത് ദിവസം വരെയൊക്കെ നീണ്ടു നില്‍ക്കുന്ന ക്യാമ്പുകള്‍. അവയില്‍ പങ്കെടുത്തത് ഇക്കോളജിയെപ്പറ്റി നല്ല അവബോധം വളര്‍ത്താന്‍ കാരണമായി. ''ഫോട്ടോഗ്രാഫര്‍ അല്ലെങ്കില്‍ സിനിമട്ടോഗ്രാഫര്‍ ആകണം എന്നൊക്കെയുള്ള മോഹങ്ങള്‍ അവിടെനിന്നാണ് തുടങ്ങിയത്.''

''വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി''
''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

യാത്രകളാണ് മധുരാജിനെ ഫോട്ടോ ജേണലിസ്റ്റാക്കിയത്. കേരളത്തിലെ കാവുകളെക്കുറിച്ചുള്ള ആദ്യ പുസ്തകമായ, 'കേരളത്തിലെ വിശുദ്ധ വനങ്ങള്‍' എഴുതിയ ഇ. ഉണ്ണിക്കൃഷ്ണനോടൊപ്പം യാത്രചെയ്തത് വഴിത്തിരിവായി. വയനാട് കുലവന്‍ തെയ്യത്തിന്റെ ഭാഗമായി നടത്തുന്ന ബപ്പിടല്‍ ചടങ്ങിലെ മൃഗബലി കണ്ടു. കാസര്‍ഗോഡിന്റെ ഇടനാടന്‍ കുന്നുകളിലും ജലാശയങ്ങളിലും നായാട്ട് നടത്തി പലതരം മാനുകളേയും കാട്ടുപന്നികളേയും അണ്ണാനേയും സംഘങ്ങളായി പിടിക്കും. അനുഷ്ഠാനത്തിന്റെ ഭാഗമായി പ്രമാണിമാര്‍ക്ക് ഇറച്ചി വിതരണം ചെയ്യും. ''ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ഞാനും ഉണ്ണിക്കൃഷ്ണനും പോയി പടമെടുത്തു. മാധ്യമം ദിനപത്രം ആരംഭിച്ച സമയമായിരുന്നു. അതിന്റെ വാരാന്ത്യപ്പതിപ്പില്‍ ലേഖനവും പടങ്ങളും കൊടുത്തു. പടം വന്നതോടെ കേരള ഹൈക്കോടതി നേരിട്ട് ഇടപെട്ട്, മൃഗബലി നിരോധിച്ചു. ഫോട്ടോ ജേണലിസ്റ്റ് എന്ന രീതിയില്‍ എന്റെ ആദ്യത്തെ ഇടപെടല്‍.''

ഡിഗ്രി കഴിഞ്ഞ് പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനപരീക്ഷ എഴുതാന്‍ പോയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനകം മധുരാജിന്റെ അനേകം ഫോട്ടോകള്‍ 'ഓണ്‍ ലുക്കര്‍' ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ വന്നുകഴിഞ്ഞിരുന്നു. പയ്യന്നൂര്‍കാരനായ പ്രശസ്ത ബോളിവുഡ് ഫോട്ടോഗ്രാഫര്‍ കെ.യു. മോഹനനായിരുന്നു ഓണ്‍ലുക്കറിലേക്കുള്ള വഴി ഒരുക്കിയത്. അമിതാഭ് ബച്ചന്റെ ചില സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു, അദ്ദേഹം. പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്ന ജനകീയനായ ദൈവത്തിന്റെ നടയില്‍പ്പോയി ചിത്രങ്ങള്‍ എടുക്കാം എന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. 'കേരളത്തിലെ കമ്മ്യൂണിസ്റ്റ് ദൈവം' എന്ന പേരിലായിരുന്നു ആ ഫോട്ടോ ഫീച്ചര്‍ 'ഓണ്‍ ലുക്കര്‍' കൊടുത്തത്.

പരിസ്ഥിതി ഗവേഷണത്തിന്റെ ഭാഗമായി സുഹൃത്തുക്കള്‍ക്കൊപ്പം അക്കാലത്ത് നിരവധി യാത്രകള്‍ ചെയ്തു. അവയെക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും വാരാന്ത്യപ്പതിപ്പിലും പ്രസിദ്ധീകരിച്ചു. ഇതിനിടെ മലയാള മനോരമയില്‍നിന്ന് ഫോട്ടോഗ്രാഫര്‍ തസ്തികയ്ക്ക് ഇന്റര്‍വ്യൂവിന് കത്ത് വന്നു. എന്നാല്‍, ശരിയായ തയ്യാറെടുപ്പില്ലാതിരുന്നതിനാല്‍, കിട്ടിയില്ല. ''ഞാന്‍ വിക്ടര്‍ ജോര്‍ജിനെ കാണുന്നത് അവിടെ വച്ചാണ്.''

എന്‍ഡോസള്‍ഫാന്‍ ഇര നാരായണ നായിക്ക്
എന്‍ഡോസള്‍ഫാന്‍ ഇര നാരായണ നായിക്ക് ഫോട്ടോ: മധുരാജ്‌

രണ്ടു മാസത്തിനുശേഷം മാതൃഭൂമിയില്‍നിന്ന് വിളിച്ചു. അങ്ങനെ, 1993-ല്‍ കോഴിക്കോട് ബ്യൂറോയില്‍ നിന്നാണ് മധുരാജിന്റെ മാതൃഭൂമിജീവിതം ആരംഭിക്കുന്നത്. ''ഫോട്ടോഗ്രാഫിക്ക് വലിയ പ്രാധാന്യമുള്ള കാലത്ത് തുടക്കമിടാന്‍ കഴിഞ്ഞു.''

കേരളരാഷ്ട്രീയത്തില്‍ ഏറെ പ്രകമ്പനമുണ്ടാക്കിയ 1994-ലെ കൂത്തുപറമ്പ് വെടിവെയ്പ്പിന്റെ ചിത്രങ്ങളെടുത്തത് മധുരാജിനു ചരിത്രനിയോഗമായി. അഞ്ചു ചെറുപ്പക്കാരാണ് അന്ന് മരിച്ചത്.

കൈകൊണ്ട് വൈന്‍ഡ് ചെയ്യാവുന്ന 35 എം.എം ലെന്‍സില്‍ 10-16 ചിത്രങ്ങള്‍ എടുത്തു. അപ്പോഴേക്കും അവിടം ഒരു കലാപഭൂമിയായി മാറിക്കഴിഞ്ഞിരുന്നു. പടമെടുക്കാന്‍ എത്തിയ മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ പിടിക്കാന്‍ പൊലീസ് വന്നപ്പോള്‍ അഭയം തേടിയത് ഒരു ടെലിഫോണ്‍ ബൂത്തിലാണ്. ''മാധ്യമജീവിതത്തില്‍ ഞാന്‍ കണ്ട വലിയ കലാപം, അട്രോസിറ്റി അതായിരുന്നു.'' ആ ഫോട്ടോകള്‍ മാതൃഭൂമി ഒന്നാം പേജില്‍ കൊടുത്തു. ചാനലുകള്‍ ഇല്ലാത്ത കാലം. അവ സംഭവത്തിനു തെളിവായി.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നരകജീവിതം ദേശീയ, അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുവന്നതില്‍ മധുരാജിന്റെ ഫോട്ടോകള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. എന്‍ഡോസള്‍ഫാനെതിരായ ജനകീയ മുന്നേറ്റത്തിനും നിയമപോരാട്ടങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്ന ആ ചിത്രങ്ങള്‍ മധുരാജിന് ഒരു ആക്ടിവിസ്റ്റിന്റെ പരിവേഷമാണ് നല്‍കിയത്.

''എന്‍ഡോസള്‍ഫാന്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നത് 2001-ലാണ്. സ്റ്റാഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി വേണുകുമാറിനൊപ്പം പോയപ്പോള്‍ അവിടെ നേരിട്ട് കണ്ടത് പ്രതീക്ഷയ്ക്കപ്പുറത്തെ ഭീകരത.'' നാലു ദിവസത്തെ പരമ്പരയ്ക്കുള്ള ചിത്രങ്ങള്‍ക്കു വേണ്ടിയാണ് ആദ്യം അവിടെ പോയത്. സൈനബ എന്ന തല വളരുന്ന കുട്ടിയുടെ ചിത്രവുമായാണ് പത്രത്തില്‍ പരമ്പര ആരംഭിച്ചത്.

സൈനബ
സൈനബ ഫോട്ടോ: മധുരാജ്‌

''പരിസ്ഥിതി സംഘടനയായ 'സീക്കി'ന്റെ ഡയറക്ടര്‍ എബ്രഹാം മാഷുമായി സംസാരിച്ചു. വിഷമരുന്നിനെതിരെ ഒരു ക്യാംപെയ്ന്‍ തന്നെ നടത്താന്‍ പറഞ്ഞ്, മാഷ് 13,000 രൂപ തന്നു. മാതൃഭൂമിയില്‍നിന്ന് കിട്ടുന്ന ചെറിയ ശമ്പളത്തില്‍നിന്ന് പൈസ എടുത്ത് 'വിഷവിമുക്തഭൂമി' എന്ന പേരില്‍ കാഞ്ഞങ്ങാട്ട് ഒരു ഫോട്ടോ എക്സിബിഷന്‍ നടത്തി.'' ഇലന്തൂരിലെ നാരായണ നായിക്കിന്റെ പിതാവായിരുന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കുട്ടിയും പട്ടിയുമായി ശ്രദ്ധേയമായ ചിത്രം കേരളമൊട്ടാകെ വലിയ ചലനം ഉണ്ടാക്കി. അടുത്ത സുഹൃത്തായ ചിത്രകാരന്‍ സി. ഭാഗ്യനാഥ് അദ്ദേഹത്തിന്റെ 15 പെയിന്റിങ്ങുകള്‍ തന്നു. സ്വന്തമായി എടുത്ത 30 ഫോട്ടോകളും പ്രദര്‍ശിപ്പിച്ചു.

ചിത്രങ്ങള്‍ പെട്ടിയിലാക്കി പല ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രദര്‍ശനം നടത്തി. അതങ്ങനെ വലിയ സംഭവമായി മാറി. ചലച്ചിത്ര സംവിധായകന്‍ ഐ.വി. ശശി ചിത്രം കാണാന്‍ വന്നത് ഓര്‍ക്കുന്നു. ഇന്നത്തെപ്പോലെ ദൃശ്യപ്രളയം അന്നില്ല. ആളുകള്‍ അവ കാണാന്‍ കൂട്ടമായി എത്തി. ''ആ ചിത്രങ്ങള്‍ ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു. ജനങ്ങള്‍ സംഭവത്തെ ഏറെ ഗൗരവത്തോടെ കാണാനിടയായി.'' പെട്ടി ട്രെയിനില്‍ കയറ്റി അയക്കാന്‍ 30 രൂപയാണ് അന്ന് റെയില്‍വേ ഈടാക്കിയിരുന്നത്. പ്രദര്‍ശനം കഴിയുമ്പോള്‍ അവ തിരിച്ചെത്തും. പിന്നെ അടുത്ത സ്റ്റേഷനിലേക്ക് അയക്കും. ഒരിക്കല്‍ ചിത്രങ്ങള്‍ ഒരു മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ചോദിച്ചു. ആദ്യം മടിച്ചെങ്കിലും അതങ്ങനെത്തന്നെയാണ് വേണ്ടതെന്ന് പിന്നീടാലോചിച്ചപ്പോള്‍ ബോധ്യപ്പെട്ടു. 400-ലധികം കേന്ദ്രങ്ങളിലാണ് ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

പ്ലാച്ചിമട സമരം
പ്ലാച്ചിമട സമരം ഫോട്ടോ: മധുരാജ്‌i

''എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആദ്യമായി ഫോട്ടോ എടുത്തത് ഞാനാണെന്ന് അവകാശവാദമില്ല. അത് ഒരു സമരപരമ്പരയായത് ജനങ്ങളുടെ ഉണര്‍വിന്റെ ഉദാഹരണം. സമരത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ക്യാമറയുമായി ഞാന്‍ കടന്നുചെന്നു എന്നുമാത്രം. അതിനുമുമ്പും അവിടെയുണ്ടായിരുന്ന പലരുമുണ്ട്.'' ഡോ. വൈ.എസ്. മോഹന്‍ കുമാര്‍ എന്ന ജനകീയ ഡോക്ടര്‍ സ്വന്തം നാട്ടിന്‍പുറത്ത് പ്രാക്ടീസ് ചെയ്യണമെന്ന നിര്‍ബന്ധവുമായി കാസര്‍കോട് ഉണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ മനുഷ്യരിലും ജീവജാലങ്ങളിലുമുണ്ടാക്കിയ വൈകല്യങ്ങള്‍ ആദ്യമായി ശ്രദ്ധിക്കുന്നത് അദ്ദേഹമാണ്. ഇന്ത്യന്‍ മെഡിക്കല്‍ ജേണലില്‍ ആദ്യമായി ഇതേക്കുറിച്ചു ലേഖനം പ്രസിദ്ധീകരിച്ചു. അദ്ദേഹമാണ് ഈ സംഭവം പുറത്തുകൊണ്ടുവന്നത്.

2011 ഏപ്രില്‍ 21-നു നടന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ് (ുീു) എന്ന ഗണത്തില്‍ പെടുത്തി എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി നിരോധിക്കപ്പെട്ടു. ഇതിന്റെ മാരക പ്രഹരശേഷി പ്രകൃതിയിലും ജീവജാലങ്ങളിലും ഒരുപാട് കാലം നീണ്ടുനില്‍ക്കും എന്നു കണ്ടെത്തിയായിരുന്നു നിരോധനം. എന്‍ഡോസള്‍ഫാനെതിരെ പത്തു വര്‍ഷമാണ് കേരളത്തില്‍ സമരം നടന്നത്. ഡല്‍ഹിയിലും ബംഗളൂരുവിലും വലിയ സമരങ്ങള്‍ നടന്നു. കേരളത്തിലെ പോരാട്ടങ്ങളുടെ ചിത്രങ്ങള്‍ 'കേരള സ്റ്റോറി' എന്ന പേരില്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തിരുന്നു. ഈ പ്രശ്നത്തില്‍ മാധ്യമങ്ങളുടെ തുടര്‍ച്ചയായ ഇടപെടല്‍ ഉണ്ടായി.

''വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി''
അമ്മയ്ക്ക് കത്തെഴുതി നാടുവിട്ടു; തിരികെയെത്തി ഫോട്ടോ ഫ്രെയ്മുകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു

ജനീവ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഉപവാസത്തില്‍ പങ്കെടുക്കുകയായിരുന്നു. ''എന്‍ഡോസള്‍ഫാനെതിരായ പോരാട്ടത്തിന് ഇത്രയേറെ സംഭാവന നല്‍കിയ മറ്റൊരാളില്ല.'' അതേസമയം ഇന്ത്യ ഗവണ്‍മെന്റ് കീടനാശിനിക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.

മധുരാജ് പകര്‍ത്തിയ എന്‍ഡോസള്‍ഫാന്‍ ചിത്രങ്ങള്‍ സുപ്രീം കോടതിയിലും തെളിവായി. ''ഈ ചിത്രങ്ങളില്‍ കാണുന്ന ദുരന്തമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ നമുക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗം എങ്ങനെ അനുവദിക്കാന്‍ കഴിയും'' എന്നാണ് സൈനബയുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കണ്ടതിനു ശേഷം സുപ്രീം കോടതി ആരാഞ്ഞത്.

തന്റെ ജീവിതത്തില്‍ നടത്തിയ ഏറ്റവും സാര്‍ത്ഥകമായ ക്യാമ്പയിന്‍ ആയിരുന്നു അതെന്ന് മധുരാജ് പറഞ്ഞു. ഇരകളായ ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കാനുള്ള ഗോപിനാഥ് മുതുകാടിന്റെ പുതിയ പദ്ധതിയുടെ ഭാഗമായി 2022-ല്‍ വീണ്ടും മധുരാജ് കാസര്‍കോട് പോയിരുന്നു.

ഒരുതരത്തിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലുള്ള ഒരുപാട് പേരെയാണ് അവിടെ കാണാനായത്. അതെക്കുറിച്ച്, 'സാദ്ധ്യമെന്ത് കണ്ണീരിനാല്‍' എന്ന ലേഖനം മാതൃഭൂമിയില്‍ എഴുതി. ഇരകള്‍ എങ്ങനെ ജീവിക്കും, എങ്ങനെയാണവരുടെ പുനരധിവാസം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇവരെ അവഗണിച്ചു.

''നിരന്തരമായി ചിത്രങ്ങള്‍ കൊടുക്കുന്നു, എഴുതുന്നു. അതിന് ഫലപ്രാപ്തി ഉണ്ടാകുമ്പോഴാണ് സന്തോഷം കിട്ടുന്നത്. ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും എല്ലാം ഫോട്ടോഗ്രാഫിയുടെ ഭാഗമായിത്തന്നെ കാണുന്നു.''

കൂത്തുപറമ്പ് വെടിവെയ്പ് നടന്ന സമയത്ത് എടുത്ത ചിത്രം
കൂത്തുപറമ്പ് വെടിവെയ്പ് നടന്ന സമയത്ത് എടുത്ത ചിത്രം ഫോട്ടോ: മധുരാജ്‌i

ഡോക്ടര്‍ ബിജുവിന്റെ 'വലിയ ചിറകുള്ള പക്ഷി' എന്ന ചിത്രം എന്‍ഡോസള്‍ഫാന്‍ ദുരന്തവുമായി ബന്ധപ്പെട്ടതാണ്. അതില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് അഭിനയിച്ചു. അത് ഒരു ബയോപിക്കോ ഡോക്യുമെന്ററിയോ അല്ല.

''കാസര്‍കോടുള്ള സ്‌കൂളില്‍ വച്ച് ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. സഹോദരന്‍ കൈയെല്ലാം തളര്‍ന്നു വിറക്കുന്ന അവസ്ഥയില്‍ അസുഖം വന്ന് മരിച്ചുപോയിരുന്നു. ഞാന്‍ കാണുമ്പോള്‍ പെണ്‍കുട്ടിയുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. അവള്‍ കുഞ്ഞുവിരല്‍കൊണ്ട് എഴുതുന്ന അക്ഷരങ്ങള്‍ തെറ്റിപ്പോകുന്നു. വല്ലാത്ത ഓമനത്തമുള്ള അവളുടെ മുഖത്ത് ക്യാമറ പതിപ്പിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഇപ്പോള്‍ ആലോചിക്കുമ്പോഴും കരച്ചില്‍ വരുന്നുണ്ട്. പുറത്തു വന്നപ്പോള്‍ ഞങ്ങളുടെ റിപ്പോര്‍ട്ടറെ കെട്ടിപ്പിടിച്ച് കരഞ്ഞു. സഹിക്കാന്‍ പറ്റാത്ത സങ്കടം. ആ സന്ദര്‍ഭം ഈ സിനിമയില്‍ മറ്റൊരു രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യത്വം മനസ്സിലുള്ളതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായും നാം കരഞ്ഞുപോകും.''

2010 ഡിസംബര്‍ 26-ലെ മാതൃഭൂമി അഴ്ചപ്പതിപ്പ് പുറത്തിറങ്ങിയത് കവര്‍ പേജില്‍ ഇങ്ങനെ ഒരു മുന്നറിയിപ്പുമായായിരുന്നു: ഈ ലക്കത്തില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍ മിക്കവയും വായനക്കാര്‍ക്ക് അസ്വസ്ഥതയും മന:സംഘര്‍ഷവും ഉണ്ടാക്കിയേക്കാം.

എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച ഗ്രാമങ്ങളില്‍നിന്ന് മധുരാജ് പത്തുവര്‍ഷം എടുത്ത ചിത്രങ്ങള്‍ 'ജീവനാശിനി' എന്ന കവര്‍സ്റ്റോറിയായി പ്രസിദ്ധീകരിക്കപ്പെട്ടതും ചരിത്രം.

പ്ലാച്ചിമടയില്‍ കൊക്കക്കോള, പെപ്സി കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തിന്റെയും അതിനെതിരായ സമരത്തിന്റേയും ചിത്രങ്ങള്‍ എടുത്തതാണ് മധുരാജിന്റെ മാധ്യമജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ''ഞാനന്ന് കണ്ണൂരിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആഗോളവല്‍ക്കരണ നയങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാനുള്ള താല്പര്യം കാരണം, മേധാ പട്കര്‍ അവിടെ എത്തിയപ്പോള്‍ പോയതായിരുന്നു. ഗ്രാമീണര്‍ക്ക് കുടിക്കാന്‍ ഒരിറ്റ് വെള്ളമില്ല. കുടിവെള്ളം വരെ വില്‍പ്പനചരക്കാക്കിയിരിക്കുന്ന വലിയ അനീതി. അതിന്റെ രാഷ്ട്രീയമാനവും ആഴവും ബോദ്ധ്യപ്പെട്ടു. അങ്ങനെയാണ് അത് ഡോക്യുമെന്റ് ചെയ്യണമെന്ന് തീരുമാനിച്ചത്.''

സി.കെ. ജാനുവിന്റെ നേതൃത്വത്തിലായിരുന്നു ജലചൂഷണത്തിനെതിരായി അവിടെ ആദ്യം സമരം തുടങ്ങിയത്. പലപ്പോഴും അവധി എടുത്തായിരുന്നു പ്ലാച്ചിമടയില്‍ ചിത്രങ്ങളെടുക്കാന്‍ പോയതെന്ന് മധുരാജ് പറഞ്ഞു.

ഈ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം കോഴിക്കോട് എം.പി. വീരേന്ദ്രകുമാറായിരുന്നു ഉദ്ഘാടനം ചെയ്തത്. 2004 ജനുവരിയില്‍ പ്ലാച്ചിമടയില്‍ നടന്ന ലോക ജല സമ്മേളനത്തിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 85 ഫോട്ടോകള്‍ വലിയ ഫ്രെയിമുകളിലാക്കി 2005 മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍,WATER THIEF-Another story of corporate crime എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. ''കുടിവെള്ളം പോലുള്ള പ്രാഥമിക ആവശ്യങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുമ്പോള്‍ സമൂഹത്തിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ് ചിത്രീകരിച്ചത്.'' ഇതിന്റെ ശ്രവ്യ-ദൃശ്യാവിഷ്‌കാരവും വിദേശ രാജ്യങ്ങളിലടക്കം നടത്തി. ഇതെക്കുറിച്ച് മധുരാജ്  'Water Plunder: Corporatisation inc.'എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. 2009-ല്‍ സുന്ദര്‍ലാല്‍ ബഹുഗുണയാണ് ഇത് പ്രകാശിപ്പിച്ചത്.

'ഖവാലി' ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്ന്:ഉസ്താദ് ഹസ്സന്‍ഭായി
'ഖവാലി' ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്ന്:ഉസ്താദ് ഹസ്സന്‍ഭായി ഫോട്ടോ: മധുരാജ്‌

ഇപ്പോള്‍ കേരളത്തിലെ സൂഫി പാരമ്പര്യത്തില്‍പ്പെട്ട പത്തോളം സംഗീതജ്ഞരുടെ ജീവിതവും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്, മധുരാജ്. പരമ്പരാഗതമായി ഗസല്‍, ഖയാല്‍ ഇവ പാടുന്ന മുസ്ലിം സമുദായാംഗങ്ങള്‍ക്ക് സംഗീതം തന്നെ ജീവിതം. ബാബുരാജിന്റേയും മെഹബൂബിന്റേയുമൊക്കെ കൂടെ പാടിയവരുമുണ്ട് അക്കൂട്ടത്തില്‍. 2022 ആഗസ്റ്റില്‍ 'ഖവാലി' എന്ന പേരില്‍ കൊച്ചിയില്‍ ഈ ഫോട്ടോകളുടെ പ്രദര്‍ശനവും നടത്തി. 2007-ല്‍ കോഴിക്കോട്ടേക്ക് ട്രാന്‍സ്ഫറായതു മുതല്‍ മധുരാജ് ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ചീഫ് ഫോട്ടോഗ്രാഫറാണ്. ഇപ്പോള്‍ സീനിയര്‍ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍. യാത്ര മാഗസിന്‍ തുടങ്ങിയ കാലത്ത് ഹിമാലയം, ലേ ലഡാക്ക്, ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങള്‍, ടൂറിസ്റ്റ് സങ്കേതങ്ങള്‍, കാടുകള്‍ ഇവിടെയെല്ലാം യാത്ര ചെയ്തു ഫോട്ടോ ഫീച്ചറുകള്‍ ചെയ്തു. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷമാണ് മധുരാജിന്റെ പ്രമേയങ്ങളിലൊന്ന്.

''പൊതുവെ സെന്‍സിറ്റീവായ ഒരാളാണ്. അതേ സെന്‍സിറ്റിവിറ്റി എന്റെ ചിത്രങ്ങളിലും കാണാം. ഫോട്ടോഗ്രാഫര്‍ക്ക് വികാരം ഉണ്ടായാല്‍ മാത്രമേ എടുക്കുന്ന ചിത്രങ്ങള്‍ക്കും അത് ഉണ്ടാകൂ.'' അതിരാവിലെ ലൈറ്റില്‍ ചിത്രം എടുക്കുന്നതാണ് ശീലം. വൈകുന്നേരം നാലുതൊട്ട് എട്ടുവരെ ലോ ലൈറ്റ് ഉപയോഗപ്പെടുത്തി ചിത്രങ്ങള്‍ എടുക്കാം. ഒതുങ്ങിയ പ്രകാശത്തില്‍ (subtle light) എടുക്കുന്ന ചിത്രങ്ങള്‍ക്കു മായികമായ ഭാവം സൃഷ്ടിക്കാന്‍ ആകും- പ്രകൃതിയിലും മനുഷ്യരിലും.


ആക്രി  പെറുക്കുന്നതിനിടയില്‍ ബോംബ് പൊട്ടി ഒരു കൈയും ഒരു കണ്ണിന്റെ കാഴ്ചശക്തിയും നഷ്ടപ്പെട്ട കണ്ണൂര്‍ പാനൂരില അമാവാസി (1998)
ആക്രി പെറുക്കുന്നതിനിടയില്‍ ബോംബ് പൊട്ടി ഒരു കൈയും ഒരു കണ്ണിന്റെ കാഴ്ചശക്തിയും നഷ്ടപ്പെട്ട കണ്ണൂര്‍ പാനൂരില അമാവാസി (1998) ഫോട്ടോ: മധുരാജ്‌

പുതിയ വെല്ലുവിളികള്‍ പുതുതലമുറ ഫോട്ടോഗ്രാഫര്‍മാര്‍ നേരിടുന്നുണ്ട് - മധുരാജ് പറഞ്ഞു. ''സത്യത്തിന്റെ അടുത്തുനിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വലിയ വില കൊടുക്കേണ്ടിവരും.'' കെവിന്‍ കാര്‍ട്ടരുടേയും നിക് ഉട്ടിന്റേയും ചിത്രങ്ങള്‍ ലോകശ്രദ്ധ നേടുമ്പോഴും അവരില്‍ ഉണ്ടായിരുന്ന മനുഷ്യത്വവും ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് മധുരാജ് ഓര്‍മ്മപ്പെടുത്തി. ''പൊള്ളലേറ്റ് ഓടിവന്ന ആ പെണ്‍കുഞ്ഞിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിച്ച് സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നിക് ഉട്ട് ഫോട്ടോ അയയ്ക്കാന്‍ പോയത്. അദ്ദേഹം അവരുമായി ആജീവനാന്ത ബന്ധവും കാത്തുസൂക്ഷിക്കുന്നു.''

യാത്രയിലെ രസങ്ങള്‍ നുകര്‍ന്നുകൊണ്ടാണ് മധുരാജിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. വൈവിധ്യമുള്ള ഭൂപ്രദേശങ്ങള്‍, സംസ്‌കാരം ഭാഷ, വസ്ത്രധാരണം എല്ലാം ആസ്വദിച്ചുകൊണ്ടുള്ള യാത്രകള്‍. ''മാതൃഭൂമിയിലെത്തിയിട്ട് 31 വര്‍ഷം കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തിയുണ്ട്.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com