നിലനില്‍പ്പിനായി പോരാടുന്ന പ്രാദേശിക പാര്‍ട്ടികള്‍

വ്യക്തിപ്രഭാവമുള്ള ഒരു നേതാവിലേക്ക് ചുരുങ്ങുന്ന നേതൃത്വമാണ് പ്രാദേശിക പാര്‍ട്ടികളുടെ പരിമിതി. പല പാര്‍ട്ടികള്‍ക്കും രണ്ടാംനിര നേതാക്കളില്ല.
നിലനില്‍പ്പിനായി 
പോരാടുന്ന
പ്രാദേശിക പാര്‍ട്ടികള്‍
express illustration

ന്നര വര്‍ഷം മുന്‍പ്, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തിയും അധികാരശക്തിയും ഇന്നത്തേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ തലത്തിലായിരുന്നു. ബിഹാറില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്ന ജെ.ഡി.യുവും ആര്‍.ജെ.ഡിയും കൈകോര്‍ത്തായിരുന്നു ഭരണം. യു.പിയില്‍ സമാജ്വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും ഒന്നിച്ച് പ്രതിപക്ഷത്തിരുന്നു. അവരുടെ വിമര്‍ശനശക്തിയില്‍ ബി.ജെ.പി പതറി. കെ.സി.ആര്‍ എന്നറിയപ്പെടുന്ന കെ. ചന്ദ്രശേഖര്‍റാവുവാകട്ടെ, ഒരുപടി കൂടി കടന്ന് തന്റെ പാര്‍ട്ടിയുടെ പേര് തന്നെ ദേശീയമാക്കി. മറ്റു സംസ്ഥാനങ്ങളിലെ കരുത്തരായ പാര്‍ട്ടി നേതാക്കളായ ശരദ് പവാറുമായും മമതാബാനര്‍ജിയുമായും പലതവണ ചര്‍ച്ചകള്‍ നടത്തിയ അദ്ദേഹം മൂന്നാം മുന്നണി രൂപീകരണത്തിനു ചുവടുവച്ചു.

ഇതിനിടയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണി രൂപീകരിച്ചു. കേന്ദ്രത്തിനോട് പോരിനുറച്ച് മമതയും സ്റ്റാലിനും അടിയുറച്ചു നിന്നു. സമഗ്രാധിപത്യം നേടാനൊരുങ്ങുന്ന ബി.ജെ.പിയെ ചെറുക്കാന്‍ ഈ പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് കഴിയുമെന്ന പ്രതീക്ഷ ഉയര്‍ന്നു. പ്രാദേശിക പാര്‍ട്ടികളുടെ ശക്തികൊണ്ട് നരേന്ദ്ര മോദിയേയും കൂട്ടരേയും തളയ്ക്കാനാകുമെന്ന വിശ്വാസം പരക്കെയുണ്ടായി.

എന്നാല്‍, 2024 മാര്‍ച്ചിലെ സ്ഥിതി നോക്കുമ്പോള്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. പോയതിലും വേഗത്തില്‍ നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ മടങ്ങിയെത്തി. എന്‍.ഡി.എ മുന്നണിയുടെ ആളായി നിതീഷ് മാറിയതോടെ ആര്‍.ജെ.ഡി - കോണ്‍ഗ്രസ് - ഇടതുകക്ഷികള്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രതിപക്ഷ ഇന്ത്യ മുന്നണി ആശയക്കുഴപ്പത്തിലുമായി. കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ഇന്ധനമാകുന്ന മുന്നേറ്റം ഇന്ത്യ മുന്നണി പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു ബിഹാര്‍. പ്രതിപക്ഷ നിരയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് നിലവിലുണ്ടായിരുന്ന സംസ്ഥാനം. അതാണ് ഒറ്റയടിക്ക് മാറിമറിഞ്ഞത്.

ശരദ് പവാര്‍
ശരദ് പവാര്‍ -
നിലനില്‍പ്പിനായി 
പോരാടുന്ന
പ്രാദേശിക പാര്‍ട്ടികള്‍
കെജ്‌രിവാള്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍

യു.പി കഴിഞ്ഞാല്‍ ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ രണ്ട് പ്രദേശിക രാഷ്ട്രീയപാര്‍ട്ടികളെയാണ് ബി.ജെ.പി പിളര്‍ത്തിയത്. ശരദ് പവാറിന് സ്വന്തം പാര്‍ട്ടി നഷ്ടമായി. 48 ലോക്സഭാ സീറ്റുള്ള സംസ്ഥാനമെന്ന നിലയില്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ മുട്ടുകുത്തിക്കാന്‍ മഹാരാഷ്ട്രയിലെ മുന്നേറ്റം പ്രതിപക്ഷത്തിന് അനിവാര്യമായിരുന്നു. കഴിഞ്ഞ തവണ 41 സീറ്റാണ് ബി.ജെ.പിയും ശിവസേനയും ഉള്‍പ്പെട്ട എന്‍.ഡി.എ നേടിയത്. കോണ്‍ഗ്രസ് (1) എന്‍.സി.പി (4) സഖ്യത്തിനു ലഭിച്ചത് 5 സീറ്റ് മാത്രം. ശിവസേന ഉദ്ധവ് താക്കറെ പക്ഷം കൂടി ഉള്‍പ്പെട്ട മഹാവികാസ് അഘാഡിയുടെ മേല്‍വിലാസത്തില്‍ 2024-ല്‍ 25-30 വരെ സീറ്റ് നേടാമെന്ന പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലാണ് അജിത് പവാര്‍ മറുകണ്ടം ചാടിയതോടെ താളംതെറ്റിയത്.

തെലങ്കാനയിലാകട്ടെ, ദേശീയതലത്തിലുള്ള രാഷ്ട്രീയ പ്രസക്തി ചോദ്യം ചെയ്യും വിധം കെ.സി.ആര്‍ വീണു. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം പോലെയാകുമെന്നാണ് കെ.സി.ആര്‍ ഇത്തവണ കരുതിയത്. അക്കുറി ലഭിച്ച 88 സീറ്റെന്ന ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തില്‍, തെലങ്കാന രാഷ്ട്രസമിതിയുടെ പേര് ഭാരത് രാഷ്ട്ര സമിതിയെന്നാക്കി; ദേശീയപാര്‍ട്ടിയാക്കാന്‍. പേരില്‍നിന്ന് തെലങ്കാന പോയപ്പോള്‍, തെലങ്കാനയിലെ അധികാരക്കസേരയില്‍നിന്ന് ബി.ആര്‍.എസ്സും പോയി. ദേശീയ നേതാവാകാന്‍ കളിച്ച് ആന്ധ്രയില്‍ അടിപതറിയ ചന്ദ്രബാബു നായിഡുവിന്റെ അവസ്ഥയായി കെ.സി.ആറിനും. വേണ്ടിവന്നാല്‍ കെ.സി.ആര്‍ പ്രധാനമന്ത്രിയാകും എന്ന വിശ്വാസം ഇന്ന് ആര്‍ക്കുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനം ബംഗാളാണ്. ആരുടേയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍. പ്രതിപക്ഷമായ 'ഇന്ത്യ'മുന്നണിക്കൊപ്പമല്ലാതെയാണ് ഇത്തവണ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയത്. മറുവശത്താകട്ടെ, ബംഗാള്‍ പിടിക്കാനിറങ്ങുന്ന ബി.ജെ.പി. ജയിക്കേണ്ടത് തൃണമൂലിന്റെ അഭിമാന പ്രശ്‌നമാണ്.

മമതാ ബാനര്‍ജി
മമതാ ബാനര്‍ജി

പ്രസക്തി തേടുന്ന പ്രാദേശികരാഷ്ട്രീയം

ഇത്തരത്തില്‍ രാജ്യത്തുടനീളമുള്ള പ്രാദേശിക പാര്‍ട്ടികളുടെ രാഷ്ട്രീയപ്രസക്തി തെളിയിക്കുന്ന ഒരു പോരാട്ടം കൂടിയാകും ഇത്തവണത്തെ ജനവിധി. ഒന്നുകില്‍ മോദിയുടെ നേതൃത്വത്തിലുള്ള വിശാലമായ എന്‍.ഡി.എയുടെ കുടക്കീഴില്‍, അല്ലെങ്കില്‍ ഇപ്പോഴും പ്രായോഗികമാകുമോ എന്നറിയാത്ത ഇന്ത്യ മുന്നണിയുടെ ഭാഗത്ത്. അതുമല്ലെങ്കില്‍ ഒറ്റയ്ക്ക്. ഇങ്ങനെ മൂന്നു രീതിയില്‍ രാഷ്ട്രീയ പ്രസക്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവ.

അതേസമയം, ഇത്തവണ ബി.ജെ.പിയുടെ ലക്ഷ്യം നാനൂറിലധികം സീറ്റുകളാണെന്ന് കഴിഞ്ഞ ജനുവരിയില്‍ വാരാണസിയില്‍ നടത്തിയ മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പിന്നീട് പാര്‍ലമെന്റില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലും അദ്ദേഹം അത് (അബ് കി ബാര്‍ 400 പാര്‍) ആവര്‍ത്തിച്ചു. പ്രതിച്ഛായയിലും ജനസമ്മതിയിലും നെഹ്റുവിനെ മറികടക്കാന്‍ ആഗ്രഹിക്കുന്ന മോദി തെരഞ്ഞെടുപ്പു വിജയത്തിന്റെ കാര്യത്തില്‍ 1984-ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുമെന്നാണ് സ്വപ്നം കാണുന്നത്. അതിനു പറ്റിയ രാഷ്ട്രീയ സാഹചര്യമൊരുക്കലായിരുന്നു ബി.ജെ.പിയുടെ ആദ്യ വെല്ലുവിളി. എന്‍.ഡി. എ മുന്നണി വിപുലപ്പെടുത്തുന്നത് വഴി മൂന്നാം തവണയും അധികാരം ഉറപ്പിക്കുകയും അതുവഴി കരുത്തനായ നേതാവ് എന്ന പ്രതിച്ഛായ നിലനിര്‍ത്താനുമാണ് മോദിയുടെ ലക്ഷ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തും രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചും വിലപേശലുകളിലൂടെയും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ എന്‍.ഡി.എ മുന്നണി ബി.ജെ.പി വിപുലപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ എച്ച്.ഡി. ദേവഗൗഡയുടെ ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പമാണ്. ആന്ധ്രയില്‍ ടി.ഡി.പിയും ജനസേനയുമാണ് എന്‍.ഡി.എയുടെ പക്ഷത്ത്. ഒഡിഷയില്‍ നവീന്‍ പട്നായിക് നയിക്കുന്ന ബിജു ജനതാദളുമായി ബി.ജെ.പി പലതവണ ചര്‍ച്ച നടത്തിയെങ്കിലും സഖ്യത്തിലെത്തിയില്ല.

1998 മുതല്‍ 2009 വരെ എന്‍.ഡി.എയുടെ ഭാഗമായിരുന്ന ബിജു ജനതാദള്‍ കഴിഞ്ഞ 15 വര്‍ഷമായി എന്‍.ഡി.എ സഖ്യത്തിനു പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ഒഡീഷയില്‍ ബി.ജെ.ഡിയുമായി നടന്നുവന്ന ചര്‍ച്ചകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബി.ജെ.പിയുടെ വലിയ കരുനീക്കങ്ങളായാണ് വിലയിരുത്തപ്പെട്ടത്. ഫലം വന്നശേഷം ബിജു ജനതാദള്‍ എന്‍.ഡി.എ മുന്നണിയിലെത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് ചുരുക്കം. മാത്രമല്ല, ബീഹാറില്‍ ജെ.ഡി.യുവിനെ കൂടെക്കൂട്ടി ബി.ജെ.പി അപ്രസക്തമാക്കിയതുപോലെ ഒഡിഷയിലും ആവര്‍ത്തിച്ചേക്കാമെന്ന ഭീതി നവീന്‍ പട്നായിക്കിനുണ്ട്. അതുകൊണ്ടാണ് ഒറ്റയ്ക്ക് രാഷ്ട്രീയശക്തി തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും.

മഹാരാഷ്ട്രയില്‍ ശിവസേനയിലേയും എന്‍.സി.പിയിലേയും രണ്ട് പക്ഷങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിന് ഇത്തവണത്തെ പോരാട്ടം നിര്‍ണ്ണായകമാണ്. 2022 ജൂണിലാണ് ശിവസേനയുടെ മുന്നണിപ്പോരാളിയായിരുന്ന ഏക്നാഥ് ഷിന്‍ഡെ ദേശീയ രാഷ്ട്രീയത്തെത്തന്നെ ഞെട്ടിച്ചുകൊണ്ട് ശിവസേന പിളര്‍ത്തുന്നത്. ഇതോടെ സംസ്ഥാനത്തെ മഹാ വികാസ് അഘാഡി (ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി) സര്‍ക്കാര്‍ താഴെപ്പോയി. 2022 ജൂണ്‍ 30-ന് വിശ്വാസ വോട്ട് നേരിടാതെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ദേവേന്ദ്ര ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയും ഷിന്‍ഡെയെ മുഖ്യമന്ത്രിയുമാക്കിക്കൊണ്ട് ബി.ജെ.പിയും തന്ത്രം മെനഞ്ഞതോടെ മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിഞ്ഞു. സുപ്രീംകോടതിയിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ഉണ്ടായ പരാജയങ്ങള്‍ക്കു പിന്നാലെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറും 'യഥാര്‍ത്ഥ' ശിവസേന സംസ്ഥാന മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിഭാഗമാണെന്ന് വിധിച്ചു. എന്നാല്‍, ജനപിന്തുണ ആര്‍ക്ക് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇത്തവണത്തെ ജനവിധി അറിയേണ്ടിവരും.

അജിത് പവാര്‍
അജിത് പവാര്‍Kunal Patil

1999-ല്‍ കോണ്‍ഗ്രസ് പിളര്‍ത്തി എന്‍.സി.പിയുണ്ടാക്കിയ ശരദ് പവാറിന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയും ചിഹ്നവുമടക്കം നഷ്ടപ്പെട്ടു. സഹോദരപുത്രന്‍ അജിത് പവാര്‍ നേതൃത്വം കൊടുക്കുന്ന വിഭാഗത്തിനൊപ്പമാണ് ഭൂരിപക്ഷം എം.എല്‍.എമാരും മുതിര്‍ന്ന നേതാക്കളും. ഈ അവസ്ഥയില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി കോണ്‍ഗ്രസ്സില്‍ ലയിച്ചേക്കുമെന്ന് കരുതുന്നവരുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള സാധ്യതയും പവാറിനു മുന്നിലുണ്ട്. മകള്‍ സുപ്രിയ സുലെയ്ക്ക് അര്‍ഹമായ പദവി ഉറപ്പാക്കി വെല്ലുവിളികള്‍ ഒന്നുമില്ലാതെ വിരമിക്കാം. പല തന്ത്രങ്ങളും പയറ്റിയിട്ടുണ്ടെങ്കിലും ഇതുവരെ ബി.ജെ.പിയുമായി കൂട്ടുചേരാത്ത അപൂര്‍വം നേതാക്കളില്‍ ഒരാളാണ് പവാര്‍. നഷ്ടപ്പെട്ട ഘടികാരചിഹ്നത്തിനു പകരം 'കാഹളം മുഴുക്കുന്നയാള്‍' എന്ന പുതിയ ചിഹ്നവുമായി തല്‍ക്കാലം മുന്നോട്ടുപോവുകയാണ് അദ്ദേഹം. ബാക്കിയൊക്കെ വരുന്ന ജനവിധിയനുസരിച്ചാകുമെന്ന് ചുരുക്കം.

പഞ്ചാബിലെ അകാലിദളിനും ഇത് നിലനില്‍പ്പിന്റേയും അഭിമാനസംരക്ഷണത്തിന്റേയും പോരാട്ടമാണ്. 2020-ലെ വിവാദ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് അകാലിദള്‍ ബി.ജെ.പി സഖ്യത്തില്‍ വിള്ളലുകള്‍ വീണത്. 1980-കളിലെ സൈനിക ഇടപെടലുകളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമാണ് ഇരു പാര്‍ട്ടികളേയും കോണ്‍ഗ്രസ്സിനെതിരെ ഒന്നിപ്പിച്ചത്. പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ അകാലിദളിന്റെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്ന അവസരം കൂടിയാണ് ഇത്തവണത്തേത്. അകാലിദളിനെ വീണ്ടും എന്‍.ഡി.എയിലെത്തിക്കാന്‍ ബി.ജെ.പി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. പിന്നീടങ്ങോട്ട് ബി.ജെ.പിയെ കടുത്തഭാഷയില്‍ എതിര്‍ക്കുന്ന അകാലിദളിനെയാണ് കാണുന്നത്.

370-ാം വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ബി.ജെ.പിയെ എതിര്‍ക്കുന്ന പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സുമാണ് മത്സരരംഗത്തുള്ളത്. കശ്മീരില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കു പിന്തുണ നല്‍കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലെ രണ്ട് സീറ്റില്‍ മാത്രമാണ് ഇത്തവണ ബി.ജെ.പി മത്സരിച്ചത്.

ഏക്നാഥ് ഷിന്‍ഡെ
ഏക്നാഥ് ഷിന്‍ഡെKunal Patil

ജയിലിനു മറുപടി വോട്ടിലൂടെയെന്നാണ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ മുദ്രാവാക്യം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ജയില്‍വാസവും പ്രചാരണ ആയുധമാക്കിയ എ.എ.പിക്ക് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദര്‍ ജെയിന്‍ എന്നിങ്ങനെ എ.എ.പിയുടെ നാലു സ്ഥാപക നേതാക്കളും ഇന്ന് അഴികള്‍ക്കുള്ളിലാണ്(അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം ലഭിച്ച് ഇപ്പോള്‍ പുറത്തുവന്നു).

ഈ അറസ്റ്റുകള്‍ രാഷ്ട്രീയമായി എ.എ.പിക്ക് ഉപയോഗിക്കാനാകുമോ അതിനുള്ള ശേഷി പാര്‍ട്ടിക്കുണ്ടോ എന്നതാണ് ചോദ്യം. ഈ തെരഞ്ഞെടുപ്പിന്റെ ഫലം അതിനും ഉത്തരം നല്‍കും. ദളിത് രാഷ്ട്രീയം ആധാരമാക്കിയ മായാവതിയുടെ ബി.എസ്.പിക്ക് യു.പിക്കു പുറത്തേക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയ പാര്‍ട്ടിയുടെ അംഗീകാരമുണ്ടെങ്കില്‍പ്പോലും ഒരു പ്രാദേശിക പാര്‍ട്ടി എന്നതിലേക്ക് അവര്‍ ചുരുങ്ങി. ദളിത് ജനസംഖ്യ കൂടുതലുള്ള ബിഹാറിലോ ഒഡീഷയിലോ പോലും ബി.എസ്.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ബി.ജെ.പിയുമായും ഇന്ത്യാ മുന്നണിയുമായും കൂട്ടുകെട്ടിന് ബി.എസ്.പി താല്പര്യപ്പെടുന്നില്ല. സഖ്യങ്ങള്‍ക്കൊണ്ടു പ്രയോജനമല്ല നഷ്ടം മാത്രമാണ് ബി.എസ്.പിക്ക് ഉണ്ടായതെന്നാണ് മായാവതി പറയുന്നത്. യു.പിക്കു പുറമേ ഹിമാചലിലും ഡല്‍ഹിയിലും വരെ ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ മായാവതി രാഷ്ട്രീയപ്രസക്തി തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. വിമതശല്യത്താല്‍ നീറിപ്പുകയുകയാണ് ബിഹാറിലെ ആര്‍.ജെ.ഡി. ലാലുവിനപ്പുറം ബിഹാറിന്റെ പുതിയ പ്രതീക്ഷയായി തേജസ്വിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആര്‍.ജെ.ഡിയുടെ ശ്രമം എത്രമാത്രം വിജയിക്കുമെന്നു കാണണം.

നിധീഷ് കുമാര്‍
നിധീഷ് കുമാര്‍ -

വ്യക്തിപ്രഭാവമുള്ള ഒരു നേതാവിലേക്ക് ചുരുങ്ങുന്ന നേതൃത്വമാണ് പ്രാദേശിക പാര്‍ട്ടികളുടെ പരിമിതി. പല പാര്‍ട്ടികള്‍ക്കും രണ്ടാംനിര നേതാക്കളില്ല. നിതീഷ് കുമാറിനും നവീന്‍ പട്‌നായിക്കിനും ശേഷം ജെ.ഡി.യുവിന്റേയും ബിജു ജനതാദളിന്റേയും ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ജയലളിതയ്ക്കു ശേഷം എ.ഐ.ഡി.എം.കെ പിളര്‍ന്ന് ശക്തി ക്ഷയിച്ചത് മറ്റൊരു ഉദാഹരണം. പാരമ്പര്യം പിന്‍പറ്റി പാര്‍ട്ടിയുടെ നേതൃത്വം പിന്‍തലമുറയ്ക്കു നല്‍കിയാണ് ഈ പ്രതിസന്ധിയെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും മറികടന്നത്. തലമുറമാറ്റത്തില്‍ ചില പാര്‍ട്ടികള്‍ക്കെങ്കിലും അത് ഗുണകരവുമായിട്ടുണ്ട്. ഡി.എം.കെയാണ് അതിന് ഉദാഹരണം. കാര്യപ്രാപ്തിയും രാഷ്ട്രീയ പക്വതയുമുള്ള നേതാവായി സ്റ്റാലിനെ മാറ്റിയെടുക്കാന്‍ കരുണാനിധിക്കു കഴിഞ്ഞു. എന്നാല്‍, രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കു സംഭവിച്ചതോ? മകന്‍ ചിരാഗ് പസ്വാന്‍ ആ പാര്‍ട്ടി നയിക്കാന്‍ പ്രാപ്തനല്ലെന്നു നാള്‍ക്കുനാള്‍ തെളിയിക്കുന്നു.

കോര്‍പറേറ്റ് സാമ്രാജ്യം കൈമാറുന്നതുപോലെ രാഷ്ട്രീയ സാമ്രാജ്യം കുടുംബാംഗങ്ങള്‍ക്കു കൈമാറുന്നത് പതിവാണ്. പ്രാദേശിക പാര്‍ട്ടികളില്‍ തലമുറകളായി അത് തുടരുന്നു. കാന്‍ഷിറാമില്‍നിന്ന് മായാവതിയിലേക്ക് അധികാരമെത്തിയതുപോലെ. മുലായം സിങ് യാദവില്‍നിന്ന് അഖിലേഷ് അധികാരം നേടിയതുപോലെ. കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ശിവസേനയും ആര്‍.ജെ.ഡിയുമൊന്നും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ബംഗാളിലാകട്ടെ, മമതാ ബാനര്‍ജി അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ അവഗണിച്ചാണ്. മായാവതി പിന്‍ഗാമിയായി പ്രഖ്യാപിച്ചത് അനന്തരവന്‍ ആനന്ദിനെയാണ്. വിശ്വാസ്യത എന്നത് രാഷ്ട്രീയത്തില്‍ എളുപ്പമല്ല. അതുകൊണ്ടാവണം വ്യക്തിപ്രഭാവമുള്ള ഒരു നേതാവിനപ്പുറം ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വനിര വാര്‍ത്തെടുക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കു കഴിയാതെ പോയത്. തെരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക പാര്‍ട്ടികളുടെ ഒരു കൂട്ടായ്മ ഉണ്ടായാല്‍പ്പോലും അതിനെ ശിഥിലമാക്കാന്‍ എളുപ്പമാണ്. അതിനുള്ള അധികാരവും പണക്കൊഴുപ്പും ഇന്ന് ബി.ജെ.പിക്കുണ്ട്. അതവര്‍ ഉപയോഗിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com