'ലഡാക്ക്'- രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ

അമ്പലത്തില്‍നിന്ന് വരുന്നവഴിക്ക്, അടഞ്ഞ ഗേറ്റില്‍ പിടിച്ച് നിന്ന വൃദ്ധ ചിരിച്ചു. ''മനോജിന്റെ വൈഫ് അല്ലേ?'' നല്ല ചിരി. ചൈതന്യമുള്ള മുഖം
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

മ്പലത്തില്‍നിന്ന് വരുന്നവഴിക്ക്, അടഞ്ഞ ഗേറ്റില്‍ പിടിച്ച് നിന്ന വൃദ്ധ ചിരിച്ചു. ''മനോജിന്റെ വൈഫ് അല്ലേ?'' നല്ല ചിരി. ചൈതന്യമുള്ള മുഖം.

''അതേ.''

''അമേരിക്കയില്‍നിന്ന് എപ്പോള്‍ വന്നു?''

''രണ്ടാഴ്ചയായി. എന്റെ വീട്ടില്‍നിന്ന് രണ്ടുദിവസം മുന്‍പ് വന്നു.''
''മനോജ് എവിടെ?''

''ലീവ് കുറവാണ്, അടുത്ത മാസമേ വരൂ.''

''ഞാന്‍ അയാളുടെ ടീച്ചറാണ്,'' വൃദ്ധ ചിരിച്ചു. ''വസന്തടീച്ചര്‍. വന്നാട്ടെ, കയറിയിട്ട് പോകാം.''

കാടും പടലും നിറഞ്ഞ പുരയിടം ഇതിലേ കടന്നുപോകുമ്പോള്‍ മുന്‍പും ശ്രദ്ധിച്ചിട്ടുണ്ട്. വള്ളികള്‍ പടര്‍ന്നുകയറിയ, പായല്‍പിടിച്ച മതില്‍ ഒരു പച്ചക്കോട്ടപോലെ നില്‍ക്കുന്നു. ഗേറ്റ് അടഞ്ഞുകിടക്കുന്നതു കാരണം ആള്‍ത്താമസമില്ലാത്ത പറമ്പായിരിക്കും എന്നാണ് കരുതിയത്.

ടീച്ചര്‍ ഗേറ്റ് തുറന്നുതന്നു. ഇരുവശവും കാടുനിറഞ്ഞ പറമ്പിന്റെ നടുവിലൂടെ വീതികുറഞ്ഞ ഒരു വഴി. പെട്ടെന്ന് ഏതോ കാട്ടുവഴിയില്‍ ചെന്നുപെട്ടതുപോലെ. മുന്‍പോട്ട് നടക്കുമ്പോള്‍ വാഹനത്തിരക്കുള്ള റോഡും പുറംലോകവുമെല്ലാം അപ്രത്യക്ഷമായി.

ടീച്ചര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. മനോജ് എത്ര മിടുക്കനായിരുന്നു എന്നതിന്റെ ഓര്‍മ്മകള്‍. പഠിത്തത്തിന്റേയും ക്വിസ്-പ്രസംഗ മത്സരങ്ങളുടേയും സയന്‍സ് ക്ലബ്ബിന്റേയും സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടേയും കഥകള്‍. മനോജ് പറഞ്ഞിട്ടില്ലാത്ത പഴങ്കഥകള്‍.

''മുട്ട് വയ്യ, അല്ലേ?'' നടത്തത്തിലെ ബുദ്ധിമുട്ട് ശ്രദ്ധിച്ചപ്പോള്‍ ചോദിച്ചു.

''ഒന്നും പറയണ്ട, മോളേ. രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞതാണ്,'' ടീച്ചര്‍ പറഞ്ഞു.

ചായംതേച്ചിട്ട് വര്‍ഷങ്ങളായ വീടിനോട് ചേര്‍ന്ന് ഒരു കൂറ്റന്‍ മാവ്. പുല്ല് വളര്‍ന്ന മുറ്റത്തൊക്കെ മാമ്പഴം വീണുകിടക്കുന്നു.

''ഇതെന്താ പെറുക്കാത്തത്?''

''കൊള്ളുകയില്ല മോളേ, ടീച്ചര്‍ പറഞ്ഞു. ''നിറച്ച് പുഴുവാണ്.''

വീടിന്റെ മുകളില്‍ ഇട്ട തകരഷീറ്റുകള്‍ ഒരു വശത്തേക്ക് ചരിഞ്ഞുകിടക്കുന്നു. ഷോ വോളിന്റെ നടുക്കുകൂടി വലിയൊരു വിള്ളല്‍.

വൃദ്ധന്മാര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിലേക്ക് കയറിച്ചെല്ലുമ്പോള്‍ വിഷാദം തോന്നാറുണ്ട്. എല്ലാ വസ്തുക്കളേയും ക്ലാവിന്റെ പാടപോലെ ആവരണം ചെയ്തുനില്‍ക്കുന്ന ഭൂതകാലത്തിന്റെ വിഷാദം.

സാമാന്യത്തിലധികം ഉച്ചത്തില്‍ വെച്ച ടിവിയുടെ തൊട്ടടുത്ത് കസേരയിട്ട് ഒരു വൃദ്ധന്‍ ഇരിക്കുന്നു. തങ്ങള്‍ കയറിച്ചെന്നത് അറിഞ്ഞിട്ടില്ല. ടീച്ചര്‍ ചെന്നു തോണ്ടിവിളിച്ചു.

''നമ്മുടെ മനോജില്ലേ,'' അവര്‍ ടിവിയെക്കാള്‍ ഉറക്കെ പറഞ്ഞു. ''വികാസിന്റെ കൂടെ പഠിച്ച? മനോജിന്റെ വൈഫാണ്.''

''ങാ,'' കട്ടിച്ചില്ലുള്ള കണ്ണടയിലൂടെ വൃദ്ധന്‍ മിഴിച്ചുനോക്കി. പിന്നെ, ടിവിയിലേക്ക് മടങ്ങി.

''സാറ് പി.ഡബ്ലിയൂ.ഡിയില്‍ എന്‍ജിനീയറായിരുന്നു,'' ടീച്ചര്‍ പറഞ്ഞു. ''ചെവി പതുക്കെയാ.''

ഷോ കെയ്സില്‍നിന്ന് ഒരു ഫോട്ടോ കൊണ്ടുവന്നു കാണിച്ചു. ഒരു സ്‌കൂള്‍കുട്ടി തന്നെക്കാള്‍ വലിയ ഒരു ട്രോഫി ഏറ്റുവാങ്ങുന്നു. ''ഇതാണ് എന്റെ മോന്‍ വികാസ്,'' അവര്‍ പറഞ്ഞു.

വികാസ് എന്നൊരു കൂട്ടുകാരന്റെ പേര് മനോജ് പറഞ്ഞ് കേട്ടിട്ടില്ലല്ലോ എന്ന് ആലോചിച്ചുകൊണ്ട് പഴകിയ ഫോട്ടോയില്‍ നോക്കിയിരിക്കുമ്പോള്‍ ഉള്ള് ഒന്നു നടുങ്ങി. മരിച്ചുപോയിരിക്കുമോ? മടിച്ചുമടിച്ച് ചോദിച്ചു, ''മകന്‍... എവിടെയാണ്?''

''അവനങ്ങ് ലഡാക്കിലാണ്.''

''ഓ,'' ആശ്വാസം തോന്നി. ''ഡിഫെന്‍സിലാണോ?''

''അല്ല, ബിസിനസ്സാണ്.''

ടീച്ചര്‍ ഫോട്ടോ തിരികെ വാങ്ങിച്ചിട്ട്, ഷോ കെയ്സില്‍ വെയ്ക്കുന്നതിനു മുന്‍പ് കുറച്ചുനേരം അതില്‍ നോക്കിനിന്നു. എന്നിട്ട് പറഞ്ഞു: ''വീടും പറമ്പും ഒക്കെ നാശമായി കിടക്കുകയാണ്. ഒരാളെ വിളിച്ചാല്‍ കിട്ടാനില്ല. മോന്‍ ലീവിനു വരുമ്പോള്‍ വേണം എല്ലാം ഒന്നു നന്നാക്കിക്കാന്‍.''
ലീവ് ഇല്ലാത്ത ജോലിയാണല്ലോ ബിസിനസ്സ് എന്നു ചിന്തിച്ചു; പറഞ്ഞില്ല. 

ടീച്ചര്‍ ഊണുമുറിയില്‍ കൊണ്ടിരുത്തി. കാപ്പിയും ബിസ്‌കറ്റും ചക്ക ഉപ്പേരിയും നിര്‍ബ്ബന്ധിച്ച് കഴിപ്പിച്ചു. കുറേ വര്‍ത്തമാനം പറഞ്ഞു. പ്രായമായ മനുഷ്യര്‍ എപ്പോഴും അങ്ങനെയാണ്, അവര്‍ പറയുന്നത് കേള്‍ക്കാന്‍ ആരുമില്ല. അതുകൊണ്ട് ഒരാളെ കിട്ടിയാല്‍ എല്ലാംകൂടി കെട്ടഴിച്ച് ഇടും. ടീച്ചറുടെ കഥകള്‍ എല്ലാം ബുദ്ധിമുട്ടുകളുടേതും പോരാട്ടങ്ങളുടേതുമാണ്. പഠിച്ചകാലത്തിന്റേയും ജോലിക്കാലത്തിന്റേയും കൂടിക്കുഴഞ്ഞ കഥകള്‍. 'ഗുരു പറഞ്ഞതുപോലെ' എന്നുപറഞ്ഞ് ഏതോ സ്വാമിയുടെ വചനങ്ങളൊക്കെ പറഞ്ഞു.

''ആശ്രമത്തില്‍ ഒരു മാവുണ്ടായിരുന്നു. കാണാന്‍ നല്ല ഭംഗിയുള്ള മാങ്ങ. പക്ഷേ, ഭയങ്കര കയ്പ്. ഗുരു എന്നും മാവിന്റെ ചുവട്ടില്‍ പോയിരുന്ന് ജപിക്കും. കുറെക്കഴിഞ്ഞപ്പോള്‍ കയ്പ് ഇല്ലാതായി. അതാണ് പ്രാര്‍ത്ഥനയുടെ ശക്തി. ഈ കഥ വായിച്ചിട്ട് ഞാനും നമ്മുടെ മാവിന്റെ കീഴില്‍ച്ചെന്നിരുന്ന് ജപിക്കാറുണ്ട്. അടുത്തതവണ മോള് വരുമ്പോള്‍ പുഴുവില്ലാത്ത മാങ്ങ തരും.''

''ഞാനൊന്ന് മനോജിനെ വിളിച്ചുനോക്കാം,'' ടീച്ചറോട് പറഞ്ഞു. ''ഒരു സര്‍പ്രൈസ് ആകട്ടെ.''

മനോജ് കോള്‍ എടുത്തില്ല. ഒരുപക്ഷേ, ഓഫീസില്‍നിന്നു തിരിച്ചെത്തിയിട്ടുണ്ടാവില്ല. എന്തായാലും ടീച്ചറുടെ കൂടെ ഒരു ഫോട്ടോ എടുത്ത് അയച്ചു.

മനോജ് വരുമ്പോള്‍ തീര്‍ച്ചയായും വിളിച്ചുകൊണ്ടുവരണം എന്നു പറഞ്ഞാണ് ടീച്ചര്‍ യാത്രയാക്കിയത്. ''കല്യാണത്തിനു കണ്ടതാണ് അയാളെ.''

യാത്ര പറയാന്‍ ചെന്നപ്പോള്‍ കണ്ടു, ടിവിക്കു മുന്‍പില്‍ ഇരിക്കുന്ന റിട്ടയേഡ് എന്‍ജിനീയറുടെ തല നെഞ്ചത്തേക്ക് തൂങ്ങിയിരിക്കുന്നു. കൂര്‍ക്കം വലിക്കുന്നുണ്ട്. ശല്യപ്പെടുത്താന്‍ പോയില്ല.

വീട്ടിലെത്തി, കാപ്പികുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മനോജ് വിളിച്ചു. ടീച്ചറുടെ കൂടെ ഇരിക്കുന്ന ഫോട്ടോ കണ്ടയുടന്‍ വിളിച്ചതാണ്.

''അവിടുന്ന് എന്തെങ്കിലും തന്നാല്‍ കഴിച്ചേക്കല്ലേ,'' മനോജ് ദേഷ്യത്തിലായിരുന്നു. ''ഒന്നുകില്‍ ചത്തുപോകും, അല്ലെങ്കില്‍ ഭ്രാന്തുപിടിക്കും.''

അത്ഭുതമാണ് തോന്നിയത്. ''അങ്ങനൊന്നും പറയാതെ. പാവം സ്ത്രീ.''

''പാവമോ? രണ്ടുകൊല്ലം കെമിസ്ട്രി പഠിപ്പിച്ചതാണ് എന്നെ. മഹാദുഷ്ടയായിരുന്നു, അറിയാമോ? മാര്‍ക്ക് തരികയേയില്ല. ചെറിയ കുസൃതികാണിച്ചതിനുപോലും നല്ല അടി കൊണ്ടിട്ടുണ്ട്.''

''അതൊക്കെ എന്നു നടന്ന കാര്യമാണ്, മനോജ്?''

''അതെ, പക്ഷേ, അങ്ങനെ തോന്നണ്ടേ? തോന്നുന്നില്ല. ഇന്നു നടന്നതുപോലെയാണ് തോന്നുന്നത്.''
ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമില്ല എന്നു തോന്നി.

''അവരുടെ പ്രശ്‌നം എന്തായിരുന്നു എന്നറിയാമോ? സ്വന്തം മോനെക്കാള്‍ ആരും മിടുക്കനാകാന്‍ പാടില്ല. അവനാണെങ്കില്‍ ഒരു ആവറേജ് സ്റ്റുഡന്റ്. പത്താംക്ലാസ്സില്‍ ഫസ്റ്റ് ക്ലാസ്സ് കിട്ടിയതുതന്നെ കഷ്ടിച്ചാണ്. വര്‍ത്തമാനം പറയാനും അറിഞ്ഞുകൂടാ, കളിക്കാനും കൊള്ളുകയില്ല. എന്നിട്ട് അവനെ ക്ലാസ്സ് ലീഡറാക്കണം, അവനെ സ്‌കൂള്‍ അസംബ്ലിയില്‍ സ്പീക്കറാക്കണം, സയന്‍സ് ക്ലബ്ബ് സെക്രട്ടറിയാക്കണം. അവര് പഠിപ്പിച്ച വിഷയത്തിനൊഴിച്ച് എല്ലാത്തിനും എനിക്ക് അന്‍പതില്‍ നാല്പത്തഞ്ചില്‍ക്കൂടുതല്‍ മാര്‍ക്ക് കിട്ടും. അവര് മാത്രം എന്തെങ്കിലുമൊക്കെ തെറ്റു കണ്ടുപിടിച്ച് മാര്‍ക്ക് കുറയ്ക്കും. ക്ലാസ്സില്‍ ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയുന്ന സമയത്ത് നമ്മളെ നോക്കുന്ന ഒരു നോട്ടമുണ്ട്, അതു ഞാന്‍ മറക്കുകയില്ല. ഒരു വലിയവരും ഒരു കുട്ടിയെ നോക്കാന്‍ പാടില്ലാത്ത നോട്ടമാണ് അത്, പ്രത്യേകിച്ച് ഒരു ടീച്ചര്‍. ഇംഗ്ലീഷില്‍ 'ഈവിള്‍ ഐ' എന്നൊക്കെ പറയുകയില്ലേ? അന്ന് ആ വാക്കൊന്നും അറിഞ്ഞുകൂടായിരുന്നു. പക്ഷേ, ആ പ്രായത്തില്‍പ്പോലും അറിയാമായിരുന്നു ആ നോട്ടം ഈവിള്‍ ആണെന്ന്.''

''അതിനും മുന്‍പ്...'' മനോജ് നിര്‍ത്തുന്നില്ല. ''കൊച്ചായിരുന്നപ്പോള്‍, അവരുടെ മുറ്റത്തൊരു മാവുണ്ടായിരുന്നു.''

''ഇപ്പോഴും ഉണ്ട്.''

''അത്രയും നല്ല മാങ്ങ നാട്ടിലൊന്നും ഇല്ല. ചുവപ്പും ഓറഞ്ചും നിറത്തില്‍, നല്ല ദശയുള്ള വലിയ മാങ്ങയാണ്. മാവുള്ള എല്ലാ വീട്ടിലും പോകുന്നതുപോലെ നമ്മള്‍ അവിടെയും മാങ്ങ പെറുക്കാന്‍ പോകും. അവര്‍ ഓടിച്ചുവിടും. രാവിലെ അവര്‍ എഴുന്നേറ്റ് ഗേറ്റ് തുറക്കുന്നതിനു മുന്‍പ് പിള്ളേര്‍ മതില്‍ചാടി ചെന്നു പെറുക്കിയെടുക്കും. ഒടുക്കം, ഒരു കൊല്ലം എന്തു ചെയ്‌തെന്ന് അറിയാമോ? മാങ്ങ മുഴുവന്‍ പച്ചയ്ക്ക് പറിപ്പിച്ചെടുത്തു. ഉപ്പിലിട്ടിട്ടും കൂട്ടാന്‍വെച്ചിട്ടും തീരാതെ ചാരത്തില്‍ കുഴിച്ചിട്ട് പഴുപ്പിച്ചെടുത്തു. വികാസ് അതെല്ലാംകൂടി ഒറ്റയ്ക്കിരുന്ന് തിന്നിട്ട് അക്കൊല്ലം ഒരാഴ്ച ആശുപത്രിയില്‍ കിടന്നു, ഫുഡ് പോയ്സണിങ്ങ് പിടിച്ച്. ഞങ്ങള്‍ പറഞ്ഞുകൊണ്ടുനടന്നു, ഞങ്ങളുടെ കൊതികിട്ടിയതാണെന്ന്.''

''എന്നെ നിനക്ക് അറിഞ്ഞുകൂടേ? എന്തെങ്കിലുമൊക്കെ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന സ്വഭാവമായിരുന്നു അന്നുതന്നെ. ശാസ്ത്രകേരളവും ശാസ്ത്രഗതിയുമൊക്കെ വായിച്ച് ഓരോ പരീക്ഷണം ചെയ്യും. മുരളി എന്നൊരു ചെറുക്കനുണ്ടായിരുന്നു. അവര് ആശാരിമാരാണ്. നന്നായിട്ട് ഓരോന്ന് ഉണ്ടാക്കാനറിയാം. അവനേയുംകൂടെ കൂട്ടി സയന്‍സ് ഫെയറില്‍ നല്ലൊരു മോഡല്‍ ഉണ്ടാക്കി. ഇടുക്കി ഡാമിന്റെ വര്‍ക്കിങ്ങ് മോഡല്‍. സ്‌കൂളിലും സമ്മാനം കിട്ടി, ഡിസ്ട്രിക്റ്റിലും കിട്ടി. ഹൈദരാബാദില്‍ നടക്കുന്ന ഒരു എക്‌സിബിഷനില്‍ പോകാം എന്നു വന്നപ്പോള്‍ ഈ സ്ത്രീ എന്തു ചെയ്‌തെന്നറിയാമോ? മുരളിയെ വിളിച്ച് അവരുടെ മോന്‍ വികാസിന്റെ കൂടെ ടീമാക്കി അവരെ കൊണ്ടുപോയി ഹൈദരാബാദില്‍.'' മനോജ് ഒരു തെറിവാക്ക് പറഞ്ഞു.

''ചുമ്മാ ചൂടാകണ്ട, മനോജ്. രാത്രി കിടന്നാല്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടാകും.''

''തള്ളയോടുള്ള ദേഷ്യം മുഴുവന്‍ നമ്മള് മോനോട് തീര്‍ക്കും. കിട്ടുന്ന ചാന്‍സിനെല്ലാം പിടിച്ച് നല്ല ഇടി കൊടുക്കും.''

''അയ്യോ, കഷ്ടം! അങ്ങനെ ചെയ്യാമോ?''

''ഖൈയോ!'' മനോജ് കൊഞ്ഞനം കുത്തി. ''ഇപ്പോള്‍ നിനക്ക് അതു പറയാം. അന്നത്തെ ദേഷ്യത്തിനു നീയായിരുന്നെങ്കിലും അതുതന്നെ ചെയ്‌തേനെ. ആദ്യമൊക്കെ അവന്‍ ചെന്ന് സാറന്മാരോട് പറഞ്ഞുകൊടുക്കുമായിരുന്നു. അതിന് ഇടി വേറെ കൊടുക്കും. ഒടുക്കം അവന്‍ കംപ്ലെയ്ന്റ് ചെയ്യുന്നത് നിര്‍ത്തി. മിണ്ടാതെനിന്ന് ഇടികൊള്ളും. നോക്കിയാല്‍ ഇടികിട്ടും എന്ന് അറിയാവുന്നതുകൊണ്ട് നമ്മളെ കാണുമ്പോള്‍ തലകുനിച്ച് പോകും. വീട്ടില്‍നിന്നാണെങ്കില്‍, മാര്‍ക്ക് കുറഞ്ഞതിനും സമ്മാനം കിട്ടാത്തതിനുമൊക്കെ അടിയും വഴക്കും വേറെ. ഒരിടത്തും സൈ്വര്യമില്ല. അങ്ങനെ പേടിച്ച് വിറച്ച് ജീവിച്ച് ഒരു കോഞ്ഞാട്ടയായിപ്പോയി അവന്റെ കഥ.''
''ലഡാക്കിലാണെന്നാണ് പറഞ്ഞത്.''

''ങാ, സെല്‍ഫോണിന്റെ കടയോ മറ്റോ നടത്തുകയാണ്'' -മനോജ് പറഞ്ഞു.

അത്ഭുതം തോന്നി. ''ഫോണിന്റെ കടയോ?''

''അതെ, അമ്മ പറഞ്ഞതാണ്.''

''മനോജ്, കേള്‍ക്ക്. ഡാഡി സര്‍വ്വീസിലായിരുന്നപ്പോള്‍ ഒറ്റത്തവണ ഞങ്ങളെ ലഡാക്കില്‍ കൊണ്ടുപോയിട്ടുണ്ട്. എന്തൊരു മഞ്ഞും തണുപ്പും ആണെന്നറിയാമോ? കുന്നും മലയും കയറി കാലൊടിയും. ഒരു ഫോണിന്റെ കട നടത്താന്‍വേണ്ടി അവിടംവരെ പോകണ്ട ആവശ്യമെന്താണ്?''

''അവിടംവരെയല്ലേ പോകാന്‍ പറ്റൂ,'' മനോജ് ചിരിച്ചു. വരണ്ട, ആനന്ദമില്ലാത്ത, ഒരു ചിരി. ''അതിനപ്പുറം ചൈനയല്ലേ?'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com