'ചൂണ്ടക്കാരന്‍'- എസ് ഹരീഷ് എഴുതിയ കഥ

ഞായറാഴ്ച അവധി ദിവസമാണ്. അതുകൊണ്ട് അതിരാവിലെ തന്നെ അയാള്‍ പുറപ്പെട്ടു. ഭാര്യയേയും മക്കളേയും ഉണര്‍ത്താതെ തന്നെ ചായ ഉണ്ടാക്കിക്കുടിച്ചു
'ചൂണ്ടക്കാരന്‍'- എസ് ഹരീഷ് എഴുതിയ കഥ

ഞായറാഴ്ച അവധി ദിവസമാണ്. അതുകൊണ്ട് അതിരാവിലെ തന്നെ അയാള്‍ പുറപ്പെട്ടു. ഭാര്യയേയും മക്കളേയും ഉണര്‍ത്താതെ തന്നെ ചായ ഉണ്ടാക്കിക്കുടിച്ചു. ഓംലറ്റും തക്കാളിയും ഉള്ളില്‍വെച്ച സാന്‍ഡ്വിച്ച് പോലെ ഒരെണ്ണം കഴിച്ചു, കുറേ നേരത്തേയ്ക്ക് വിശക്കാതിരിക്കാന്‍ അതു മതി. ഇത്രയൊക്കെ ചെയ്തശേഷം നേരം നന്നായി വെളുത്തുവരുമ്പോഴേയ്ക്ക് തന്നെ ബൈക്കില്‍ അയാള്‍ ഏഴെട്ട് കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഇത്തരം അവസരങ്ങളില്‍ പുറത്തെടുക്കാറുള്ള പഴയതരം പാന്റും ഷര്‍ട്ടുമായിരുന്നു വേഷം. പാന്റ് മുട്ടിനുതാഴെ വരെ തെറുത്തുവെച്ചിരുന്നു. മഴയില്ലെങ്കിലും ഷര്‍ട്ടിനു മുകളില്‍ നനയാതിരിക്കാനുള്ള കോട്ട് ധരിച്ചിരുന്നു. തലേന്ന് നന്നായി ഉറങ്ങിയിരുന്നില്ലെങ്കിലും നല്ല ഉന്മേഷത്തിലായിരുന്നു അയാള്‍. ശരീരത്തില്‍ ആഹ്ലാദത്തിന്റേതായ ഒരു തരിപ്പുമുണ്ടായി. കടയില്‍ സ്റ്റോക്ക് വരാനുള്ള കാലതാമസം, ടാക്‌സ് റിട്ടേണ്‍, അപ്പനായിട്ട് തുടങ്ങിവെച്ച നേഴ്സറിയിലെ പണിക്കാരുടെ കാര്യം തുടങ്ങി ഒന്നും ഞായറാഴ്ച ചിന്തിക്കില്ലെന്നതാണ് പതിവ്. 

കുറച്ചുദൂരം കൂടി പോയശേഷം അയാള്‍ ബൈക്ക് വഴിയരികില്‍ കണ്ട ഒരു തുറക്കാത്ത കടയുടെ തിണ്ണയില്‍ കയറ്റിവെച്ചു. ടാറിട്ട റോഡില്‍നിന്ന് ഒരു കലുങ്കിന്റെ വശത്ത് കൂടി താഴേക്കിറങ്ങി. ഇനിയങ്ങോട്ട് നടപ്പുവഴിയേയുള്ളൂ. ചെറിയ തോടിന്റെ അരികുചേര്‍ന്നുള്ള നടത്തം. ഉദ്ദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ പിന്നെ പാടങ്ങളാണ്. ചിലത് കൃഷി ചെയ്യാതെ ചേമ്പും പള്ളയും കയറിക്കിടക്കുന്നു. ചിലത് വിതച്ചിട്ടുണ്ട്. പുലര്‍ച്ചെ ആയതുകൊണ്ടായിരിക്കണം എങ്ങും ആരുമില്ല. അല്ലെങ്കിലും അതിലെ അധികം ആള്‍സഞ്ചാരമൊന്നുമില്ല. ഇതേ വേഗത്തില്‍ അരമണിക്കൂര്‍ കൂടി സഞ്ചരിച്ചാല്‍ മതി അയാള്‍ ലക്ഷ്യസ്ഥാനത്തെത്തും. 

പോകുംവഴി അയാള്‍ തനിക്കുണ്ടാകാന്‍ പോകുന്ന നേട്ടത്തെക്കുറിച്ച് പല ഭാവനാ സഞ്ചാരങ്ങളിലും മുഴുകി. ഇടയ്ക്ക് അതോര്‍ത്ത് ലജ്ജയുമുണ്ടായി. എന്തിനാണിങ്ങനെയൊക്കെ വലിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്നത്. ചില പ്രഭാഷണങ്ങളില്‍ കേട്ടപോലെ ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്താല്‍ പോരേ. പക്ഷേ, അതൊക്കെ നടപ്പുള്ള കാര്യമാണോ. അയാള്‍ തിരിച്ചൊരു ന്യായവാദവും കണ്ടെത്തി. ഒരു പഴുത്ത മാങ്ങ മാവില്‍നിന്ന് എറിഞ്ഞിടണമെങ്കില്‍ അത് വീഴണമെന്ന ആഗ്രഹം വേണ്ടേ. ഇല്ലാതെങ്ങനെയാണ് ഏറ് ശരിയാവുക. ഒരു ചമ്മന്തി നന്നായി അരയ്ക്കണമെങ്കില്‍ അത് നന്നാകണമെന്ന ആഗ്രഹം വേണ്ടേ. അയാള്‍ വീണ്ടും ആഹ്ലാദകരമായ മനോരാജ്യത്തിലേക്കിറങ്ങി. അതിലെന്താണ് തെറ്റ്.

വലിയൊരു കോര്‍മ്പല്‍ നിറയെ മീനുമായി വൈകുന്നേരം വീട്ടിലേക്ക് ചെല്ലുന്ന ദൃശ്യമാണ് അയാളാദ്യം ഭാവന ചെയ്തത്. അല്ലെങ്കില്‍ രണ്ട് വലിയ കോര്‍മ്പല്‍. അത് ഹാന്‍ഡിലിന്റെ ഇരുവശത്തും തൂക്കി വീട്ടിലേക്ക് വണ്ടി ഓടിച്ചുചെല്ലുന്നു. അപ്പോള്‍ തന്റെ മുഖത്തെ ഭാവം എന്തായിരിക്കണമെന്ന് അയാള്‍ തീരുമാനിച്ചു. ഏയ് ഇതൊക്കെ വെറും നിസ്സാരമെന്ന ഭാവം. ഒന്നും സംഭവിക്കാത്തതുപോലെ ബൈക്ക് പോര്‍ച്ചിലേക്ക് ഓടിച്ചുകയറ്റുന്നു. അയാളുടെ കുട്ടികള്‍ ആഹ്ലാദത്തോടെ ഓടിവരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ അമ്പരക്കുന്നു. 

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

അമ്മേ! ദേ ഒത്തിരി മീന്‍!

അവര്‍ വിളിച്ചുകൂവി.

അയാളുടെ ഭാര്യ അപ്പോള്‍ തിണ്ണയിലേക്കിറങ്ങി വന്നു. ആകെക്കിട്ടിയ അവധി ദിവസം ഭര്‍ത്താവ് എങ്ങാണ്ടൊക്കെ അലഞ്ഞുതിരിഞ്ഞു വന്നതിന്റെ പരിഭവം അവള്‍ മുഖത്ത് കൊണ്ടുവന്നിട്ടുണ്ട്.

പിന്നേ... മീന്‍...

എന്നാല്‍, ഇത്രയും മീന്‍ ഒന്നിച്ചുകണ്ട് അതിശയമുണ്ടായത് അവള്‍ക്കു മറച്ചുവെക്കാന്‍ പറ്റുന്നില്ല. എന്നാലും അവളത് മറച്ചു. അയാളാകട്ടെ, ഒന്നും സംഭവിക്കാത്തതുപോലെ ആ കോര്‍മ്പലുകള്‍ കുട്ടികളുടെ കയ്യില്‍ കൊടുത്ത് മുറ്റത്തെ പൈപ്പും ഹോസുമായി കണക്റ്റ് ചെയ്തു. ചെടികള്‍ നനയ്ക്കാന്‍ തുടങ്ങി. 

അമ്മേ ദേ ഒരു കുന്ന് മീന്‍ തന്നെത്താനെ പിടിച്ചോണ്ട് വന്നിരിക്കുന്നു. കുറച്ച് വെട്ടിക്കഴുകി അങ്ങോട്ട് കൊടുത്തയയ്ക്കട്ടെ. 
അവള്‍ സ്വന്തം അമ്മയെ ഫോണില്‍ വിളിച്ചു പറയുന്നത് അയാള്‍ക്ക് പുറത്തു നിന്നാല്‍ കേള്‍ക്കാം. 

ഞാന്‍ പറഞ്ഞതാ ഞായറാഴ്ച വീട്ടില് വെറുതേയിരിക്കാന്‍. കേള്‍ക്കണ്ടേ. മീന്‍ മേടിക്കാന്‍ കാശില്ലാഞ്ഞിട്ടാണോ. 
ഇന്ന് നടന്ന കാര്യങ്ങളില്‍ അവള്‍ക്കു വലിയ അഭിമാനമുണ്ടെന്ന് തിരിച്ചറിഞ്ഞ് അയാള്‍ നന തുടര്‍ന്നു. എന്നാലും അവളത് സമ്മതിച്ചു തരില്ല.

മീന്‍ വറുത്താ മതിയമ്മേ.

ഇളയകുട്ടി വഴക്കുണ്ടാക്കുന്നു.

രാത്രി അവര്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യം അയാളുടെ ഉള്ളില്‍കൂടി കടന്നുപോയി. മേശപ്പുറത്ത് നിറയെ മീന്‍ മുളകിട്ട് കറിവെച്ചതും തേങ്ങാ അരച്ച് വെച്ചതും തവയില്‍ ഫ്രൈ ചെയ്തതും ഡീപ് ഫ്രൈ ചെയ്തതും. മീന്‍ കൊതിയന്‍ തിന്നുതീര്‍ക്ക് എന്ന ഭാവമാണവള്‍ക്ക്. എന്നാല്‍, എനിക്കിതൊന്നും വേണ്ട, താല്പര്യമില്ല, നിങ്ങള്‍ വയറുനിറയെ കഴിക്കുന്നതാണെന്റെ സന്തോഷം, നിങ്ങള്‍ക്കു വേണ്ടിയല്ലേ ഞാനിതൊക്കെ ചെയ്തത് എന്ന മട്ടില്‍ അയാളിരിക്കുന്നു. കുട്ടികള്‍ തങ്ങളുടെ മീനോടുള്ള ഇഷ്ടം ഇന്നത്തോടെ അവസാനിപ്പിക്കാനായി തിന്നുതിന്ന് മടുക്കുന്നു. 

അപ്പോള്‍ എനിക്കിതൊന്നുമല്ല വേണ്ടത് എന്ന അര്‍ത്ഥത്തില്‍ അയാള്‍ രഹസ്യമായി അവളെ നോക്കി. അവളുടെ മുഖത്താകട്ടെ കുസൃതി. പിള്ളേരുറങ്ങിക്കോട്ടെ മിടുക്കനായ ഈ മീന്‍പിടുത്തക്കാരനെ ഞാനൊരു പാഠം പഠിപ്പിക്കുന്നുണ്ട് എന്ന് അവള്‍ കണ്ണുകളിലൂടെ പറഞ്ഞു.

നടപ്പിനിടെ അയാള്‍ പാടവരമ്പിന്റെ സമീപമുള്ള ചേമ്പിന്‍ കൂട്ടത്തിനരികെ അല്പനേരം നിന്നു. ഒന്നുരണ്ട് പച്ചക്കുതിരകളേയും വിട്ടിലുകളേയും പിടിച്ച് പിന്നിലെ ബാഗിന്റെ കള്ളിയിലിട്ടു. മീനുകളെ കബളിപ്പിക്കുന്ന ആധുനികതരം ഇരകള്‍ അയാളുടെ ശേഖരത്തിലുണ്ട്. എന്നാലും ഇവകൂടി ഇരിക്കട്ടെ. ഇനി അതിന്റെ കുറവ് വേണ്ട. അപ്പോള്‍ അയാളുടെ മുഖത്ത് അറിയാതെ തന്നെ ഗൂഢമായ ഒരു ചിരിയും വിടര്‍ന്നു. 

നിനച്ചിരിക്കാതെ ഇന്നത്തെ ദിവസം ഒത്തിരി മീന്‍ കിട്ടിയാലോ എന്ന വിചാരമായിരുന്നു അതിനു കാരണം. അപൂര്‍വ്വമായി അത്തരം അത്ഭുതങ്ങള്‍ സംഭവിച്ചതായി കേട്ടിട്ടുണ്ട്. ഇന്നുതന്നെ അങ്ങനെയൊരു കാര്യം ആവര്‍ത്തിച്ചു കൂടായ്കയൊന്നുമില്ലല്ലോ. ചൂണ്ടയിടുമ്പോളൊക്കെ കൊത്താനായി മീനുകള്‍ ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്നു പറഞ്ഞ് കാത്ത്‌നില്‍ക്കുന്നതുപോലെ.

തുരുതുരാ മീനുകള്‍.

കരയ്ക്ക് കയറാന്‍ വെമ്പുന്നപോലെ മീനുകള്‍. ചൂണ്ടയിട്ട് മടുത്ത് അവസാനം അയാള്‍ തോട്ടിലിറങ്ങി വാരിയെടുക്കുന്നു. തിങ്ങിനിറഞ്ഞ വലിയൊരു മത്സ്യക്കൂട്ടം തന്നെ അവിടുണ്ട്. ചാക്കിലും കുട്ടയിലുമൊക്കെ പിടയ്ക്കുന്ന മീനുകളെ നിറയ്ക്കുന്നു. വാഹനസൗകര്യമുള്ള റോഡുമായി ഇത്രയും അകലമുള്ള സ്ഥലത്തുനിന്ന് അതൊക്കെ എങ്ങനെ വീട്ടിലെത്തിക്കുമെന്ന ചിന്ത പെട്ടെന്ന് അയാളുടെ ഉള്ളിലുണ്ടായി. എന്നാല്‍, മനോരാജ്യത്തിന് എന്തിനാണ് അതിര്‍ത്തികള്‍. അയാളാ ഭാഗം കട്ട്‌ചെയ്ത് കളഞ്ഞു. പകരം ഒരു കുട്ടിലോറി നിറയെ മീനുമായി സ്വന്തം നാട്ടിലെ കവലയിലൂടെ പോകുന്ന ദൃശ്യം ഉള്ളില്‍ കണ്ടു. വൈകുന്നേര സമയമാണ്. നിറയെ ആളുകളുണ്ട്. സാധനങ്ങള്‍ വാങ്ങാനിറങ്ങിയവര്‍, പണികഴിഞ്ഞ് തിരിച്ചുപോകുന്നവര്‍, മദ്യപര്‍, പാന്‍ ചവയ്ക്കുന്ന ഭായിമാര്‍, ചുമ്മാ കവലയ്ക്കിറങ്ങിയവര്‍...

കവലയില്‍ വണ്ടിനിര്‍ത്തി അയാള്‍ അവര്‍ക്കൊക്കെ ഒന്ന് കറിവെക്കാന്‍ മീന്‍ വാരിനല്‍കി. ചിലര്‍ പ്ലാസ്റ്റിക് കൂടുമായി വന്നു. ചിലര്‍ കടലാസ് കുമ്പിള്‍ കൂട്ടി വാങ്ങി. ചിലര്‍ പണം നീട്ടി.

വേണ്ട.

അയാള്‍ പറഞ്ഞു.

കൊണ്ടുപോയി കുഞ്ഞുങ്ങള്‍ക്ക് വറുത്തുകൊടുക്ക്.

അല്ലെങ്കിലും അയാള്‍ക്കെന്തിനാണ് പണം. വീട്ടില്‍ അപ്പനപ്പൂപ്പന്മാര്‍ ഉണ്ടാക്കിയ സ്വത്തുണ്ടല്ലോ. സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയത് വേറെ.

അതിനിടെ കവലയിലെ സ്ഥിരം ഉണക്കമീന്‍ വില്‍പനക്കാരന്‍ അയാള്‍ക്കുനേരെ ഒച്ചയിട്ടു.

ആരെടാ എന്റെ കച്ചോടം പൊട്ടിക്കാന്‍ വരുന്നത്. നിനക്കിവിടെ മീന്‍ വില്‍ക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ടോ?

ഒന്നു പോ ചേട്ടാ. ഞാന്‍ പിടിച്ച മീന്‍ ഞാനെന്റെ നാട്ടുകാര്‍ക്ക് വെറുതേ കൊടുക്കുന്നു. അവര്‍ ഇഷ്ടംപോലെ മീന്‍ കഴിക്കട്ടെ. അതിനു ചേട്ടനെന്താ. എന്നാ താന്‍ കൊണ്ടെ കേസ് കൊട്.

എല്ലാവരും വില്‍പനക്കാരനെ നോക്കി ചിരിച്ചു.

നനഞ്ഞിടം കുഴിക്കാന്‍ നോക്കുന്ന ചിലര്‍ക്കാകട്ടെ മീന്‍ കിട്ടിയിട്ട് മതിയായില്ല. അവര്‍ പിന്നെയും പിന്നെയും പാത്രങ്ങളുമായി വന്നു. 

നടക്കിയേല ചേട്ടാ.

അയാള്‍ അവരെ തുരത്തിക്കൊണ്ട് പറഞ്ഞു.

എല്ലാര്‍ക്കും കൊടുക്കണം.

ഛെ! എന്തൊക്കെയാണ് ഞാന്‍ ആലോചിച്ചു കൂട്ടുന്നത്. നടക്കുന്നതിനിടെ അയാള്‍ക്ക് ലജ്ജ തോന്നി. വെറുതേയല്ല അമ്മ പണ്ട് പറഞ്ഞത്. എന്തേലും മനസ്സില്‍ കിട്ടിയാല്‍ അതിന്റെ അങ്ങേയറ്റം ചിന്തിച്ച് കൂട്ടുമെന്ന്. 

അടുത്തുകൂടി ഒഴുകുന്ന കുഞ്ഞുചാലില്‍ പെട്ടെന്ന് എന്തോ അനങ്ങി. അയാളൊന്ന് നിന്നു. ചെറിയതരം വരാലോ മുഷിയോ ആയിരിക്കണം. ഏയ് അതിനെയൊന്നും നോക്കി സമയം കളയണ്ട. ചെറിയ കാര്യങ്ങള്‍ക്കായി നിന്നുപോയാല്‍ അതോടെ തീര്‍ന്നു.

ഇനി വളരെ വലിയ ഒരു മീനാണെങ്കിലോ കിട്ടുന്നത്? അയാളുടെ മനസ്സിലൂടെ ഉത്സാഹഭരിതമായ ഒരു ചിന്ത കടന്നുപോയി. വളരെ വളരെ വലുത്. ഇതുവരെ ആര്‍ക്കും കിട്ടാത്തത്ര വലുത്. കാണുമ്പോള്‍ തന്നെ ആള്‍ക്കാര്‍ അത്ഭുതപ്പെടുന്നത്ര വലുത്. അത് ചൂണ്ടയില്‍ കൊത്തിയപ്പോഴേ പാടുപെടേണ്ടിവരുമെന്ന് അയാള്‍ക്കു മനസ്സിലായി. അവന്‍ ചൂണ്ടയേയും അയാളേയും വലിച്ചുകൊണ്ട് ആഴങ്ങളിലേക്ക് പോയേക്കും, അത്രയ്ക്ക് കരുത്തനാണ്. എന്നാലും എങ്ങനെയൊക്കെയോ അയാളവനെ കരയ്‌ക്കെത്തിച്ചു. 

ആ വലിയ മീനേയും കൊണ്ടുള്ള പോക്കാണ് രസം. നാല് പേര്‍ രണ്ടറ്റവും തോളില്‍ താങ്ങിയിരിക്കുന്ന ഒരു വലിയ മുളയുടെ ഒത്തനടുക്ക് ആ മീനിനെ കെട്ടിത്തൂക്കിയിരിക്കുന്നു. അവരതുമായി ആയാസപ്പെട്ട് നടക്കുകയാണ്. മുന്നില്‍ വലിയ ഗമയില്‍ അവരെ നയിച്ചുകൊണ്ട് അയാളുമുണ്ട്. കിഴക്കന്‍ ഭാഗത്ത് താമസിക്കുന്ന പഴയൊരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ആ യാത്ര. അവന്‍ ഏറെ സ്‌നേഹമുള്ളയാളാണ്. കുറേയധികം ഉപകാരങ്ങള്‍ ചെയ്തിട്ടുമുണ്ട്. കയറ്റം കയറിച്ചെല്ലുമ്പോള്‍ ഇരുവശത്തുമുള്ള വീടുകളുടെ മുറ്റത്തുനിന്ന് ആളുകള്‍ ആ യാത്ര വാ പൊളിച്ച് നോക്കുന്നു. കിഴക്കന്മാരല്ലേ ഉണക്കനങ്കല്ലാതെ കൊള്ളാവുന്ന മീന്‍ കണ്ടിട്ടുണ്ടോ?

കുറേ വര്‍ഷം മുന്‍പ് കണ്ട ഒരു സ്വപ്നം അയാളന്നേരം ഓര്‍ത്തു. നല്ല മഴക്കാലമാണ്. ദിവസങ്ങളോളം നിന്നുപെയ്യുന്ന മഴ. തോടുകളും പുഴകളും ഏറെക്കുറെ നിറഞ്ഞ മട്ടാണ്. അതോടൊപ്പം മീനുകളുടെ ഊത്തകയറ്റവും തുടങ്ങിയിട്ടുണ്ട്. ഒരു ചെറിയ ചെക്ക് ഡാമിന്റെ പരിസരമാണ് സ്ഥലം. ധാരാളം ആളുകള്‍ നിന്നു വലവീശുന്നുണ്ട്. നിന്നു തിരിയാന്‍പോലും ഇടമില്ല. അത്രയ്ക്ക് തിരക്ക്. ചിലര്‍ വെള്ളത്തിലിറങ്ങിനിന്നു വീശുന്നു. ചിലര്‍ അല്പവും സ്ഥലം കിട്ടാഞ്ഞ് മറ്റുള്ളവരെ ചീത്തവിളിക്കുന്നു. മീന്‍പിടുത്തം ആഘോഷമാക്കാന്‍ വീട്ടില്‍നിന്നു പുറപ്പെട്ടവര്‍ മഴയുടെ തണുപ്പില്‍ രസിച്ച് മരച്ചുവട്ടിലോ വണ്ടികളുടെ മറവിലോ നിന്നു വെള്ളമടിക്കുന്നു. അതിനിടെ വിചാരിച്ചിരിക്കാത്ത സമയത്ത് വലിയൊരു ഒച്ചയും ആരവവും അവിടെയുണ്ടായി. അത്രയും വലിയൊരു മീന്‍ ചെക്ക് ഡാം കടന്ന് താഴെയുള്ള ഒഴുക്കുവെള്ളത്തിലേക്ക് ചാടിയതാണ്. നോക്കിനിന്നാല്‍ അത് അപ്രത്യക്ഷമാകും. എല്ലാവരും അങ്ങോട്ടേയ്ക്ക് ചൂണ്ടി ആക്രോശിക്കുന്നു. പെട്ടെന്ന് ധൈര്യവാനും തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളവനുമായ ഒരാള്‍ അങ്ങോട്ടേയ്ക്ക് എടുത്തുചാടി. അത് അയാളായിരുന്നു. ആള്‍ വലിപ്പമുള്ള ആ വാളമീനുമായി പിന്നെ നടന്നത് വലിയൊരു പോരാട്ടമാണ്. അയാള്‍ താഴെ നിന്ന് ഒറ്റയ്ക്ക് കരുത്തനായ എതിരാളിയുമായി പൊരുതുന്നു. ചുറ്റും ഉയരത്തിലുള്ള ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് ആളുകള്‍ അലറുന്നു.
കൊല്ലെടാ... കഴുത്തൊടിക്കെടാ...

അവസാനം ആ മീനിനേയും തോളിലേറ്റി അര്‍ദ്ധനഗ്‌നനായി അയാള്‍ കയറിവരുന്ന ഒരു വരവുണ്ട്. ഇരു ചുമലുകളിലും ചോര തിണര്‍ത്തുകിടക്കുന്നു. ആ ഭയങ്കരന്‍ വാലുകൊണ്ട് അടിച്ചതാണ്.

അതൊക്കെപ്പോട്ടെ, യാഥാര്‍ത്ഥ്യത്തിലേക്കിറങ്ങിവരാം. നടക്കുന്നതിനിടെ അയാള്‍ വിചാരിച്ചു. ഇന്നത്തെ കാലാവസ്ഥ എങ്ങനെയിരിക്കുമെന്നതിനെക്കുറിച്ച് ആലോചിക്കാം. മിക്കവാറും വെയില്‍ തന്നെ ആയിരിക്കാം. തോട്ടില്‍ ചെറിയ ഒഴുക്ക് കണ്ടേക്കാം. അതുകൊണ്ട് വലിയ പോളയും പായലും കാണില്ല. വെള്ളത്തിന് അല്പം കലക്കലുണ്ടാകാനിടയുണ്ട്. വെയില്‍ മൂക്കും മുന്‍പ് ഇറങ്ങിയത് നന്നായി. വലിയ കുഴപ്പമില്ലാത്ത ദിവസമാണ്. എന്നാല്‍, അങ്ങനെ യുക്തിബോധത്തോടെ ചിന്തിക്കാന്‍ അയാള്‍ക്ക് അധികനേരം കഴിഞ്ഞില്ല. നമ്മള്‍ ഒരു ഉദ്യമത്തിലേക്കിറങ്ങുമ്പോള്‍ മനസ്സ് അതനുസരിച്ച് മുന്‍പേ കുതിക്കുന്നതില്‍ തെറ്റ് വിചാരിക്കേണ്ട കാര്യമൊന്നുമില്ല.

ഒരിക്കല്‍ എന്നുവെച്ചാല്‍ എട്ടോ പത്തോ വര്‍ഷം മുന്‍പ് ഒരു ദിവസം അയാള്‍ കുറച്ചകലെയുള്ള കോര്‍പറേഷന്റെ പരിധിയില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. ആരെയോ കാണാന്‍ പോയപ്പോള്‍ സംഭവിച്ചതാണ്. പിറ്റേന്ന് അതികാലത്ത് അയാള്‍ ബൈക്കില്‍തന്നെ വീട്ടിലേക്ക് പുറപ്പെട്ടു. കായലിനു കുറുകെയുള്ള പാലം കടക്കവേ, ഒരു വിചിത്രമായ കാഴ്ചയും കണ്ടു. താഴെ കായലിലേക്ക് വലിയ ചൂണ്ടകളും നീട്ടി കുറേപ്പേര്‍ നിരന്നിരിക്കുന്നു. അവര്‍ വന്ന ടൂ വീലറുകളും കാറുകളും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ലക്ഷണം കൊണ്ട് അവര്‍ രാത്രി മുഴുവന്‍ അവിടെ ഉണ്ടായിരുന്നെന്നു തോന്നിച്ചു. ഈ നേരത്ത് ചൂണ്ടയുമായി പട്ടണത്തില്‍ ആളുകള്‍ നിരന്നിരിക്കുമെന്നത് പുതിയ അറിവാണ്. കണ്ടിട്ട് മീന്‍ കച്ചവടക്കാരാണെന്നും തോന്നുന്നില്ല. വെറുതേയൊരു കൗതുകത്തിന് അയാളും വണ്ടിയൊതുക്കി അതിലൊരാളുടെ അരികിലെത്തി. ഇത്ര നീളമുള്ള ചൂണ്ടയും അയാള്‍ ആദ്യം കാണുകയാണ്.

വല്ലതും കിട്ടിയോ?

കുറച്ചുനേരം നിന്ന് ബോറടിച്ചപ്പോള്‍ അയാള്‍ ചോദിച്ചു. 

ഓ ഇല്ല.

ജോലി മതിയാക്കി ചുണ്ട തിരിച്ചെടുക്കുന്നതിനിടെ മറ്റേയാള്‍ പറഞ്ഞു. 

അവനെന്നെങ്കിലും എന്റെ കയ്യില്‍ വരും.

ആരുടെ കാര്യമാ?

ഒന്നുമില്ല. ഒരു മുഴുത്ത ഏട്ടക്കൂരി.

അതിനിവിടെ ഏട്ടക്കൂരിയുണ്ടോ. അത് കടലിലല്ലേ.

ഇവിടെ ഞാന്‍ കണ്ടതാ. ആറ് മാസം മുന്‍പ്. 

അത് എങ്ങോട്ടെങ്കിലും പോയിക്കാണില്ലേ.

എവടെപ്പോകാന്‍. ഭൂമി ഉരുണ്ടതല്ലേ. ഇവടെത്തന്നെ വരും.

ഇന്ന് ചൂണ്ടയിടുമ്പോഴേ ആ ഏട്ടക്കൂരിയെ കിട്ടുന്നതായി അയാള്‍ സങ്കല്പിച്ചു. ഒത്തിരിക്കാലം കഴിഞ്ഞ് എപ്പോഴെങ്കിലും ആ പാലത്തിലൂടെ പോകും. അപ്പോഴും അയാളെ അവിടെത്തന്നെ കാണാനിടയാകും. അന്നേരം ഒന്നുമറിയാത്തവനെപ്പോലെ ആ ചൂണ്ടക്കാരന്റെയരികില്‍ പോയിനില്‍ക്കണമെന്ന് അയാള്‍ക്കു തോന്നി. എനിക്കാ കൂരിയെ പണ്ടേ കിട്ടിയെന്നു പറയണോ. വേണ്ട, വേറൊരാളുടെ മനസ്സ് വിഷമിപ്പിക്കേണ്ട. പ്രതീക്ഷ കളയേണ്ട. ജീവിതലക്ഷ്യം നഷ്ടപ്പെട്ടാല്‍പിന്നെ ഒരാളെന്ത് ചെയ്യാനാണ്.

ഹ ഹ ഈ ഉള്‍നാടന്‍ തോട്ടില്‍ നിന്നാണോ ഏട്ടക്കൂരിയെ കിട്ടുമെന്നൊക്കെ വിചാരിക്കുന്നത്. അയാള്‍ ഉള്ളാലെ ചിരിച്ചു. ഇത്തരം സാങ്കല്പിക ലോകങ്ങളുണ്ടാക്കുന്ന മനസ്സിനെ പരിഹസിക്കാനായി വേറൊരു കഥയും അയാളുണ്ടാക്കി. അമര്‍ചിത്രകഥകളില്‍ അതുപോലൊരെണ്ണം പണ്ട് വായിച്ചിട്ടുണ്ട്. ഇന്നു കിട്ടുന്നത് നല്ല ഭംഗിയുള്ള ഒരു കുഞ്ഞ് മീനാണെന്നിരിക്കട്ടെ. അയാളതിനെ മുറിവേല്പിക്കാതെ കൈകൊണ്ട് പിടിക്കുന്നു. വീട്ടില്‍ കൊണ്ടുപോയി പിള്ളേര്‍ക്ക് കളിക്കാനായി ഒരു പാത്രത്തിലാക്കിക്കൊടുക്കുന്നു. കഥയിലേപ്പോലെ തന്നെ നേരം വെളുക്കുമ്പോള്‍ അതിനു പാത്രത്തേക്കാള്‍ വലിപ്പമുണ്ട്. കുട്ടികള്‍ അതിനെ വേറൊരു പാത്രത്തിലാക്കുന്നു. പിറ്റേന്നു മീന്‍ അതിനേക്കാളും വലുതാകുന്നു. അങ്ങനെ കുറച്ചധികം പാത്രങ്ങള്‍ മാറിമാറി അത് മുറ്റത്തെ കുളത്തിലെത്തുന്നു. അതിനു മുറ്റത്ത് കുളമില്ലല്ലോ. ഹ ഹ ഇത്രയൊക്കെ നടന്നാല്‍ ഞാന്‍ അതിനുവേണ്ടി ഒരു കുളമുണ്ടാക്കും. പിന്നീട് കുളത്തിനേക്കാളും വലുതായിപ്പോയ ആ മീനിനെ രഹസ്യമായി ആളൊഴിഞ്ഞ ഒരു ബീച്ചില്‍വെച്ച് തുറന്നുവിടുകയായിരുന്നു അവസാനമയാള്‍ ചെയ്തത്. കടലില്‍ കുളിച്ച് മുന്നോട്ടുനീങ്ങിയ ആ ഭീമന്‍ മത്സ്യം ഏറ്റവുമകലെവെച്ച് ഒന്നുതിരിഞ്ഞുനിന്നു. ഒരു തിമിംഗലത്തെപ്പോലെ വെള്ളം മുകളിലേക്ക് ചീറ്റി. അയാളെ അഭിവാദ്യം ചെയ്യുകയായിരുന്നു അത്.

മൂന്നു തോടുകള്‍ ഒന്നായിച്ചേര്‍ന്ന് നാലാമതൊരു വലിയ തോടായി പടിഞ്ഞാറേക്കൊഴുകുന്ന സ്ഥലമെത്തിയപ്പോള്‍ അയാള്‍ നിന്നു. ജാക്കറ്റും ബാഗും അവിടെക്കണ്ട തെങ്ങിന്‍ ചുവട്ടില്‍വെച്ചു. സമയമെടുത്ത് ആ സ്ഥലം മുഴുവന്‍ നിരീക്ഷിച്ചു. എന്തിനാണ് ധൃതി. ഒരു വലിയ ദിവസം മുഴുവന്‍ അയാള്‍ക്കും ഈ തോട്ടിലെ മീനുകള്‍ക്കുമിടയില്‍ നീണ്ടുനിവര്‍ന്നു കിടക്കുകയല്ലേ. ഒരു പകല്‍ കൊണ്ട് ജനിച്ചുജീവിച്ച് മരിച്ചുപോകുന്ന കുഞ്ഞുജീവികളുണ്ട്. അങ്ങനെ നോക്കിയാല്‍ ഒരു ജീവിതകാലമുണ്ട് മുന്നില്‍. മാത്രമല്ല, സങ്കല്പങ്ങളൊക്കെ വിട്ട് യാഥാര്‍ത്ഥ്യത്തിലേക്കെത്തേണ്ട സമയമായിരിക്കുന്നു. ദാ ഇപ്പോള്‍ ഇവിടെ കാണുന്നത് മാത്രമാണ് ശരിക്കുമുള്ളത്. ഈ സമയം മാത്രമാണ് ശരിക്കുമുള്ളത്. മുന്‍പ് അയാള്‍ ആലോചിച്ചുകൂട്ടിയതോ നടന്ന വഴികളോ ഒന്നുമില്ല. കുറച്ചൊക്കെ പായല്‍ നിറഞ്ഞ് വലിയ അനക്കമില്ലാത്ത ഈ തോട്, ചെറുതായി ഒഴുകുന്ന വെള്ളം, അതിനടിയിലെ ലോകം, അവിടെയുള്ള മീനുകള്‍, കരയ്ക്കുനില്‍ക്കുന്ന അയാള്‍, ഇത്രയും മാത്രമാണ് യഥാര്‍ത്ഥം. ഇവിടെ അയാള്‍ ചെയ്യാന്‍ പോകുന്നത്, അതിന്റെ ഫലം, ഇത്രയും മാത്രമാണ് കണക്കിലെടുക്കേണ്ടത്. എന്നാലും ചൂണ്ടയൊരുക്കുന്നതിനിടെ അയാള്‍ വേറൊരാളെക്കുറിച്ച് ചിന്തിച്ചുപോയി. ദാ നീ ഇവിടെ വലവീശി നോക്കൂ എന്ന് ഒരു സ്ഥലം ചൂണ്ടിക്കാണിക്കുന്നയാള്‍. അയാള്‍ പറയുന്നിടത്ത് വലയെറിഞ്ഞാല്‍ നിറയെ മീന്‍ കിട്ടും. അങ്ങനെയൊരാളില്ല. എന്നാലും ഉണ്ടാകുന്നത് എന്ത് ആശ്വാസമാണ്. ഒരു നിശ്ചയവുമില്ലാതിരിക്കുമ്പോള്‍ കൃത്യസമയവും സ്ഥലവും പറഞ്ഞുതരുന്ന ഒരാള്‍. പക്ഷേ, അയാളുണ്ടെങ്കില്‍ ഈ പേടിപ്പിക്കുന്ന അനിശ്ചിതത്വത്തിന്റെ രസം പോകില്ലേ. എന്നാലും അയാളിടപെടണമെന്ന ആഗ്രഹമില്ലെങ്കില്‍ എന്ത് രസമാണുള്ളത്.

മനസ്സിനെ മിക്കവാറും ശാന്തമാക്കി അയാള്‍ സ്വസ്ഥതയുള്ള ഒരിടത്തിരുന്നു. അവിടെ തണലുണ്ട്, ചൂണ്ടക്കോല്‍ നന്നായി നീട്ടിപ്പിടിക്കാനുള്ള സൗകര്യമുണ്ട്, ഇടയ്‌ക്കൊന്ന് എഴുന്നേറ്റ് നില്‍ക്കാം. ആ തോടിന്റെ പരിസരവും ചുറ്റുമുള്ള കണ്ണെത്തുന്ന ദൂരവുമാകട്ടെ, പ്രകൃതിസൗന്ദര്യം എന്ന് മനുഷ്യര്‍ക്കു തോന്നുന്ന മട്ടിലുള്ളതാണ്. പക്ഷേ, സൂക്ഷ്മമായി നോക്കിയാല്‍ പലജാതി സസ്യങ്ങള്‍, വളഞ്ഞൊഴുകുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന ജലം, രാവിലെയുള്ള സൂര്യപ്രകാശം എന്നിവയൊക്കെ മാത്രമാണത്. ആകെ കാണുമ്പോള്‍ മനുഷ്യര്‍ക്ക് എന്തുകൊണ്ടോ അതു സുന്ദരമായി തോന്നുന്നു. എന്നാല്‍, അക്കാര്യങ്ങളിലേക്കൊന്നും അയാള്‍ വലിയ ശ്രദ്ധ കൊടുത്തില്ല. ഇതൊക്കെ അവിടെ എത്താനും അവിടം തിരഞ്ഞെടുക്കാനും സൗകര്യത്തോടെ ഇരിക്കാനും പ്രേരിപ്പിക്കുന്ന ചില കാര്യങ്ങള്‍ എന്നുമാത്രം.

ഇര ചൂണ്ടയില്‍ സമയമെടുത്ത് കോര്‍ത്ത് അയാള്‍ നൂല് നീട്ടിയെറിഞ്ഞു. അത് കുറച്ചു മാറി ഒരിടത്ത് താന്ന് മീനുകള്‍ക്കായി കാത്തിരുന്നു. കരയില്‍ അയാളും. തോടിന്റെ അക്കരയും ഇക്കരയുമായി മരങ്ങളില്‍ വേറെയും കാത്തിരിപ്പുകാരുണ്ടായിരുന്നു. ചിറകുള്ള അവര്‍ വല്ലപ്പോഴുമൊക്കെ താഴ്ന്നുവന്ന് വെള്ളത്തില്‍ ഊളിയിട്ട് വീണ്ടും പറന്നുപോയി. എന്തായാലും മീനുകളുള്ളതിന്റെ വലിയ ലക്ഷണങ്ങളുണ്ട്. അവിടവിടെ ചെറിയ അനക്കങ്ങള്‍ കാണാം. മൂന്നാലുതവണ വലിയ ശബ്ദമുള്ള ഓളങ്ങള്‍ തോട്ടിലുണ്ടായി. നന്നായി വലിപ്പമുള്ളവര്‍ വെള്ളമെടുക്കുകയോ ഇരപിടിക്കുകയോ ചെയ്യുന്നതാണ്. ചിലപ്പോഴൊക്കെ ചൂണ്ട ചെറുതായി അനങ്ങുന്നതിന്റെ സൂചനകള്‍ അയാളുടെ കൈവെള്ളകളിലും വിരലുകളിലുമെത്തി, എന്നാല്‍ ഒട്ടും ആവേശഭരിതനാകാന്‍ പോയില്ല അയാള്‍. ഏതോ ചെറിയ ഇനങ്ങള്‍ തീറ്റയ്ക്ക് ചുറ്റും കൂടിയതാണ്. അത് മൊത്തത്തോടെ തിന്ന് മരണത്തെ വിഴുങ്ങാനുള്ള ശേഷിയൊന്നും അതുങ്ങള്‍ക്കില്ല. അല്ലെങ്കിലും പതിയെയുള്ള തുടക്കമാണ് നല്ലത്. നീണ്ടുനില്‍ക്കുന്ന ചെസ്സ് കളിയോ മാരത്തോണോപോലെ. നേട്ടങ്ങള്‍ പടിപടിയായാണ് വരേണ്ടത്. തുടക്കത്തിലേയുള്ള വലിയ കുതിപ്പുകള്‍ സന്തോഷം തരും. പക്ഷേ, പിന്നെ അതിലും വലിയ സന്തോഷങ്ങള്‍ വേണ്ടിവരും. തീര്‍ച്ചയായും മിതമായി, സാവധാനത്തില്‍ ആരംഭിക്കുന്ന ദീര്‍ഘമായ ഒരിന്നിംഗ്സിന് അയാള്‍ തയ്യാറാണ്.

ചുറ്റും ഒരു മനുഷ്യക്കുഞ്ഞുപോലുമില്ലാത്തത് അയാള്‍ക്കു വലിയ ആശ്വാസവും സന്തോഷവുമായി. വൈകുന്നേരം വരെ അവരുടെ നിഴല്‍പോലും ഇതിലെ വരരുത്. വന്നാല്‍ അവര്‍ വെറുതേ ചൂണ്ടക്കാരനു സമീപം നില്‍ക്കും.

വല്ലതും കിട്ടിയോ? കൊത്തുന്നുണ്ടോ?

പിന്നില്‍നിന്നു ചോദിക്കും, അങ്ങോട്ട് മാറി നോക്കാന്‍ മേലാരുന്നോ? അവിടെ ഒഴുക്കുണ്ട്.
ഉപദേശിക്കും.

കുറച്ചുനേരം നിന്നിട്ട് ഇതെന്ത് പാഴ്പണി എന്ന മട്ടില്‍ അവര്‍ വേറെ വഴി പോകും. അവര്‍ വരുന്ന സമയം തന്നെ മീന്‍ പിടിച്ചു കാണിക്കാന്‍, അവര്‍ക്ക് കാഴ്ചവിരുന്നൊരുക്കാന്‍ ഞാനാര്? അവര്‍ പറയുന്ന മട്ടില്‍ ചൂണ്ടയിടാനല്ല ഞാനിവിടെയിരിക്കുന്നത്. ഇത് എനിക്കുവേണ്ടി മാത്രമുള്ള പരിപാടിയാണ്. ഈ ജോലി ആരേയും കാണിക്കാനുള്ളതല്ല. അയാള്‍ വിചാരിച്ചു. ഇനി ഇവര്‍ വരുന്ന സമയം തന്നെ കൊത്താന്‍ മീനുകള്‍ ആരാണ്? ഇത് എനിക്കും അവര്‍ക്കുമിടയിലുള്ള കാര്യമാണ്. ഫക്ക് യു! 

അന്നേരം തന്നെ ചൂണ്ട താഴ്ന്നയിടത്തിനു സമീപംകൂടി ചുമന്നനിറത്തിലുള്ള കുറേ കുഞ്ഞ് പാര്‍പ്പുകള്‍ കടന്നുപോയി. അവയുടെ കൂടെത്തന്നെ, അവയെ പിന്തുടര്‍ന്ന് എവിടെയെങ്കിലും തള്ളവരാല്‍ കാണും. ഉറപ്പ്. അത് ഇര വിഴുങ്ങാനുമിടയുണ്ട്. അയാള്‍ ചൂണ്ട പിന്നോട്ട് വലിച്ചു. എന്തിനാണ് അവര്‍ക്ക് അമ്മയില്ലാതാക്കുന്നത്. അവര്‍ അതിജീവിക്കട്ടെ, വരുംകാലത്തെ ചൂണ്ടക്കാര്‍ക്കായി. രാവിലെ തന്നെ ഒരു നല്ലകാര്യം ചെയ്ത മനസ്സോടെ അയാള്‍ ചൂണ്ട തിരിച്ചെടുത്ത് പുതിയ ഇര കോര്‍ത്തു. അല്പനേരം കാത്തുനിന്നിട്ട് വീണ്ടും നീട്ടിയെറിഞ്ഞു. 

വെയില്‍ നന്നായി വീണുതുടങ്ങി. ചൂണ്ടയ്ക്ക് അനക്കമൊന്നുമുണ്ടായില്ല. അല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നാലോയെന്ന് അയാള്‍ ചിന്തിച്ചു. പക്ഷേ, അങ്ങനെ മാറിമാറിപ്പോകുന്നത് ശരിയായ കാര്യമല്ല. 

അവിടെയിരിക്കുമ്പോള്‍ ഇവിടമാണ് നല്ലതെന്നു തോന്നും. അല്ലെങ്കില്‍ വേറൊരു സ്ഥലം. അവസാനം ഒന്നുമില്ലാതാകും. ക്ഷമയും കാത്തിരിപ്പുമാണ് വേണ്ടത്. എന്തുമാത്രം യാദൃച്ഛിക കാര്യങ്ങള്‍ ഒത്തുവന്നാലാണ് ഒരു മീനിന് ഇര വിഴുങ്ങാന്‍ തോന്നുക. നമ്മള്‍ കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല. എന്നാലും അയാള്‍ക്ക് ചെറിയ ഉല്‍ക്കണ്ഠ തോന്നി. ഇത്രയും നേരം ഒരു മീനും കൊത്തിയില്ലെന്നു വെച്ച് ഇനി കൊത്താനുള്ള സാദ്ധ്യത കൂടുന്നില്ലല്ലോ. ഈ സമയം ഇതുപോലെത്തന്നെ തുടര്‍ന്നുപോയാലോ? ഏയ് എന്നുവെച്ച് സാദ്ധ്യത കുറയുന്നുമില്ലല്ലോ. അയാള്‍ അകമേ പറഞ്ഞു. 

സൂര്യന്‍ തലയ്ക്ക് മുകളിലെത്തിയപ്പോള്‍ അയാള്‍ ഇര ഒന്നുകൂടി മാറ്റി. പഴയ ഇര കുഞ്ഞുമീനുകള്‍ കൊത്തി നശിപ്പിച്ചിരുന്നു. 

എന്തൊരു ഉപദ്രവമാണിത്.

അയാള്‍ പറഞ്ഞു. 

നിങ്ങളെക്കൊണ്ട് പറ്റുന്നത് മാത്രം ചെയ്യൂ.

ഇത്തവണ ചൂണ്ടയെറിഞ്ഞപ്പോള്‍ അതിന്റെ പരിസരത്ത് ചില്ലറ അനക്കങ്ങളുണ്ടായി.

അപ്പോള്‍ അതാണ് കാര്യം. ഇത്തവണ പണിപറ്റും.

അയാള്‍ ആഹ്ലാദിച്ചു.

രണ്ട് തവണ നല്ല ശക്തിയില്‍ ചൂണ്ട താഴേക്കു വലിഞ്ഞു. ഒരു തവണ മീന്‍ കിട്ടിയെന്ന് അയാളുറപ്പിച്ചതാണ്. കൃത്യസമയത്ത് തന്നെ അയാള്‍ നല്ല ശക്തിയില്‍ മുകളിലേക്കു വലിച്ചു. എന്നാല്‍, അതു ശൂന്യമായിരുന്നു. എന്നാലും അങ്ങനെയൊരു കാര്യം നടന്നത് അയാളുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. എല്ലാം നന്നായി കലാശിക്കുമെന്ന് അയാളുറപ്പിച്ചു. എന്നാല്‍, അതില്‍പിന്നെ കുറേ നേരത്തേക്ക് അനക്കങ്ങളൊന്നും ഉണ്ടായില്ല. അകമേ ഒരു ജീവനുകളുമില്ലാത്തപോലെ ആ തോട് ശാന്തമായി കിടന്നു. അങ്ങനെ സമയം മുന്നോട്ടുപോയപ്പോള്‍ എന്തോ സംശയം തോന്നി അയാള്‍ ചൂണ്ട ഉയര്‍ത്തിനോക്കി. അതു ശൂന്യമായിരുന്നു. 

പറ്റിക്കാന്‍ നോക്കുവാണോ?

അയാള്‍ ചോദിച്ചു.

മുഴുവനായി വിഴുങ്ങാതെ ഇര ചൂണ്ടയില്‍നിന്ന് ഊര്‍ത്തിക്കൊണ്ടുപോകുന്ന ഏതെങ്കിലും ബുദ്ധിമാനായ മീന്‍ ഇതിനുള്ളിലുണ്ടോ? എന്നാ ഞാന്‍ കാണിച്ചുതരാം. അയാള്‍ പുതിയ ഒരു ഇര നന്നായി കോര്‍ത്തിട്ടു. നിന്നെ ഞാന്‍ പിടിക്കും മോനേ. ഈ കളിയില്‍ അയാള്‍ക്ക് രസം പിടിച്ചുവന്നതാണ്. എന്നാല്‍, പിന്നെ അങ്ങനെയൊന്നും സംഭവിച്ചില്ല. ചെറുമീനുകളും വലിയ മീനുകളുമൊന്നും ആ കെണിയെ സ്പര്‍ശിച്ചുകൂടിയില്ല. 

സമയം വല്ലാതെ കടന്നുപോയെന്ന് വിശപ്പ് തോന്നിയപ്പോഴാണ് അയാള്‍ക്കു മനസ്സിലായത്. ബാഗില്‍ ഉച്ചയ്ക്കത്തേയ്ക്കുള്ള ലഘുഭക്ഷണം കരുതിയിട്ടുണ്ട്. അതു കഴിക്കാം, ഇനി താമസിച്ചിട്ട് കാര്യമില്ല. അയാള്‍ കരുതി. 

നിങ്ങള്‍ക്ക് തീറ്റ വേണ്ടായിരിക്കാം. എനിക്ക് വിശക്കുന്നുണ്ട്.

മീനുകളോടായി അങ്ങനെ പറഞ്ഞ് അയാള്‍ ബാഗിനുനേരെ കൈ നീട്ടി. അപ്പോള്‍ ചൂണ്ട ചെറുതായി അനങ്ങി. 
ശ്ശെടാ.

അയാള്‍ക്കു ചൂണ്ട കരയ്ക്കു കയറ്റാന്‍ തോന്നിയില്ല. ആ നേരം വളരെ പ്രധാനപ്പെട്ടതാണെങ്കിലോ? ആ സമയത്താണോ യാദൃച്ഛിക സംഭവങ്ങള്‍ ഒത്തുവന്നു വലിയൊരു മീന്‍ ഇരവിഴുങ്ങാനൊരുങ്ങുന്നത്? ഇര നല്‍കുന്ന പ്രലോഭനം അതിനു സഹിക്കാന്‍ വയ്യാതാകുന്നത്? ഇനി അതു തിരിച്ചെടുക്കാതെ തന്നെ ചൂണ്ടക്കോല്‍ നിലത്ത് കുത്തിയുറപ്പിച്ച ശേഷം ഭക്ഷണം കഴിച്ചാലോയെന്നും അയാള്‍ ആലോചിച്ചു. നൂല്‍ വലിയുന്നതു കണ്ടാല്‍ ചാടി എടുക്കാമല്ലോ. എന്നാല്‍, അതിനു സാധിച്ചില്ലെങ്കിലോ എന്ന ശങ്കയും ഉണ്ടായി. എല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ച് ചൂണ്ടയും നൂലും കോലും എല്ലാം വെള്ളത്തില്‍ അപ്രത്യക്ഷമായാലോ. അങ്ങനെയൊന്ന് സംഭവിക്കുന്നത് ഓര്‍ക്കാന്‍പോലും പറ്റില്ല. അയാള്‍ ചൂണ്ടയില്‍നിന്നു പിടിവിട്ടില്ല. പതിയെപ്പതിയെ അയാലുടെ വിശപ്പ് കെട്ടുപോയി. ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം ഇല്ലാതായി. നൂലിലും ചൂണ്ടയിലും മാത്രമായി ശ്രദ്ധ. ചെറിയ അനക്കംപോലും പിടിച്ചെടുക്കാനായി അയാളുടെ വിരലുകളും കണ്ണും കാത്തുനിന്നു. പക്ഷേ, ഒന്നുമുണ്ടായില്ല, സമയം മാത്രം നിശ്ചലമായ ചെറുപുഴയ്ക്ക് മുകളില്‍ കൂടി വേഗത്തില്‍ നീങ്ങി.

വല്ലാത്തൊരു നിമിഷം, ഇനി എന്നെക്കൊണ്ട് ഈ ദിവസം അതു സാധിച്ചില്ലെങ്കിലോ എന്ന ചിന്ത അയാളെ പിടികൂടി. പെട്ടെന്നു തന്നെ അക്കാര്യം കുടഞ്ഞുകളയാന്‍ നോക്കി. പക്ഷേ, വീണ്ടും വീണ്ടും അതിലേക്കു തന്നെ അയാള്‍ മടങ്ങിവന്നു. ഈ ദിവസം ഇനി ഇങ്ങനെ തന്നെയായിരിക്കുമെന്ന് ഉറപ്പിക്കാം. അങ്ങനെ തീര്‍ച്ചപ്പെടുത്താറായോ? അയാള്‍ മറിച്ചും ചിന്തിക്കാന്‍ ശ്രമിച്ചു. ഏതു നിമിഷവും എന്തും സംഭവിക്കാമല്ലോ. തീരെ ചെറുപ്പത്തില്‍, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു കൂട്ടുകാരനോടൊപ്പം വലവീശാന്‍ പോയത് അയാള്‍ ആലോചിച്ചു. രണ്ടുപേരും അന്നു പകല്‍ മുഴുവന്‍ ഒരുപാട് വെള്ളം കയറിയ പാടങ്ങളിലും തോടുകളിലും അലഞ്ഞു. പലയിടത്തും പലതവണ വീശുവലയെറിഞ്ഞു. ഒരു കുഞ്ഞുമീന്‍പോലും കിട്ടിയില്ല. വൈകുന്നേരം ക്ഷീണിതരും നിരാശരുമായി അവര്‍ മടങ്ങാന്‍ തുടങ്ങി. പോകാന്‍ നേരം വലയിലെ ചെളി കളയാനായി കൂട്ടുകാരന്‍ അല്പം തെളിവെള്ളമുള്ള സ്ഥലത്ത് വലയെറിഞ്ഞു. അവിടം മീനുകളുടെ കൂട് പോലെയിരുന്നു. ഇരുട്ടിക്കഴിഞ്ഞും വീശി രണ്ട് വലിയ ചരുവം നിറച്ചാണ് അവര്‍ തിരികെപ്പോയത്. എന്നാല്‍, അതൊരു അത്ഭുതമായിരുന്നു. വല്ലപ്പോഴും സംഭവിക്കുന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അങ്ങനെയൊരു കാര്യം നടന്നെന്ന് എനിക്കുപോലും വിശ്വസിക്കാന്‍ തോന്നുന്നില്ല. അയാള്‍ വിചാരിച്ചു. ഇപ്പോള്‍ അതുപോയിട്ട്, ഒരു മീന്‍പോലും കിട്ടുമെന്നതിന് എന്താണുറപ്പ്? അയാള്‍ വീണ്ടും വീണ്ടും മനസ്സ് മടുപ്പിക്കുന്ന ചിന്തകളിലേക്കു വീണു. അതില്‍നിന്നു രക്ഷപ്പെടാന്‍ പല വിചാരങ്ങള്‍കൊണ്ട് പരിശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല. 

കയ്യില്‍ മീനില്ലാതെ വൈകുന്നേരം കവലവഴി കടന്നുപോകുന്നത് അയാള്‍ ആലോചിച്ചുനോക്കി. അവിടെ നില്‍ക്കുന്ന അപരിചിതര്‍, പണിക്കാര്‍, സുഹൃത്തുക്കള്‍ എല്ലാവരും തുറിച്ചുനോക്കും. എങ്ങിനെയാണ് അവിടം കടന്നുപോവുക? ഒരു പകല്‍ മുഴുവന്‍ വെറുതേ കളഞ്ഞയാള്‍ അതാ പോകുന്നു. മണിക്കൂറുകള്‍ ചൂണ്ടയിട്ടിട്ടും ഒരു മീനിനെപ്പോലും കിട്ടാത്തവന്‍. വിജയീഭാവത്തിലായിരുന്നല്ലോ രാവിലത്തെ പോക്ക്. എന്നിട്ടെന്തായി? അവര്‍ പരിഹസിക്കുമെന്നുറപ്പ്. ഇത്ര പരാജയപ്പെട്ട ഒരാള്‍ ലോകത്ത് വേറെയുണ്ടോ? കുഞ്ഞുപിള്ളേര്‍ പോലും ഇതിലും നന്നായി മീന്‍ പിടിക്കുമല്ലോ. കവലയെ സ്പര്‍ശിക്കാതെ വേറൊരു വഴി പോകാമെന്ന് അയാളുറച്ചു. എന്നാലും ആ വഴിയും മനുഷ്യരുണ്ടല്ലോ. തോറ്റുപോയ ഒരാളെക്കണ്ടാല്‍ അവര്‍ക്ക് പെട്ടെന്നു തിരിച്ചറിയാന്‍ പറ്റും. ഓ ഞാന്‍ മീന്‍ പിടിക്കാന്‍ പോയത് ലോകത്തിലാര്‍ക്കാണ് അറിയാവുന്നത്? അറിഞ്ഞാല്‍തന്നെ അവരത് ആലോചിച്ചുകൊണ്ടിരിക്കുകയാണോ? എല്ലാവനും അവനവന്റെ കാര്യങ്ങളില്‍ മുഴുകുമ്പോള്‍ ആര്‍ക്കാണിതിനൊക്കെ നേരം? അയാള്‍ അല്പനേരം ആശ്വസിച്ചു. എന്നാല്‍, പോയതിലും വേഗത്തില്‍ മോശം ചിന്തകള്‍ തിരികെ വന്നു. ഇന്നു കവലയില്‍നിന്നു രക്ഷപ്പെടാം. പക്ഷേ, നാളെ പുറത്തിറങ്ങേണ്ടതല്ലേ. പൂര്‍ണ്ണമായും തോറ്റ ഒരാള്‍ നാളെ എങ്ങനെയാണ് മനുഷ്യരെ നേരിടുക? അവര്‍ പോട്ടെന്നു വെച്ചെന്നു വരാം. പക്ഷേ, എന്റെ ഉള്ളില്‍ ഞാന്‍ തലകുനിച്ചല്ലേ നില്‍ക്കുക? അങ്ങനെയൊരാള്‍ എങ്ങനെയാണ് നിമിഷങ്ങള്‍ തള്ളിനീക്കുക?

സൂര്യന്‍ ചാഞ്ഞതോടെ അയാളുടെ കയ്യും കാലും വിറച്ചു. ശരീരം തളര്‍ന്നു. അയാള്‍ വെള്ളത്തിലേക്ക് സംശയത്തോടെ നോക്കി. വളരെ അസാധാരണമായ കാര്യമാണ് ഇന്നു നടന്നത്. ഇത്രയും നേരം ഇത്രയും മീനുകളുള്ള വെള്ളത്തില്‍ ഒരെണ്ണംപോലും ഇര വിഴുങ്ങാത്തത് സംഭവ്യമല്ല. ഇതിനു പിന്നില്‍ വേറെന്തോ ഉണ്ട്. പൊന്മാനിനും പരുന്തിനുമൊക്കെ മീനെ കിട്ടുന്നുണ്ടല്ലോ. ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു മനുഷ്യനുമാത്രം അത് സാധിക്കാത്തതെന്തുകൊണ്ട്? ഇവന്മാര്‍ മനപ്പൂര്‍വ്വം അങ്ങനെ ചെയ്യുന്നതാണോ? എല്ലാവനും ഒത്തൊരുമിച്ചുള്ള ഒരു ആലോചന. ഇയാളുടെ ഇരയില്‍ ഇന്ന് കൊത്തേണ്ടെന്ന തീരുമാനം. ഇവനെ ഇന്നൊരു പാഠം പഠിപ്പിക്കണമെന്ന തീര്‍ച്ച. കുറേക്കൂടി കടന്നു ചിന്തിക്കുന്നതിനിടെ അയാളൊന്ന് ചിരിക്കാന്‍ ശ്രമിച്ചു. എന്തൊക്കെ മണ്ടത്തരങ്ങളാണ് ആലോചിക്കുന്നത്. മീനുകള്‍ ഗൂഢാലോചന നടത്തുന്നെന്നോ? എന്നാല്‍, അങ്ങനെ സംഭവിക്കായ്കയൊന്നുമില്ല. വെള്ളത്തിനിടയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് മനുഷ്യര്‍ക്കറിയാമോ?

ആ നിസ്സഹായനായ ചൂണ്ടക്കാരന് മീനുകളോട് വല്ലാത്ത ദേഷ്യം വന്നു. 

എനിക്കിതു തന്നെ സംഭവിക്കണം.

അയാള്‍ പറഞ്ഞു.

നേരോടെ നല്ല മനസ്സോടെയാണ് ഞാന്‍ നിങ്ങളോടിടപെട്ടത്. വേണമെങ്കില്‍ വെള്ളത്തില്‍ വിഷം കലക്കി എനിക്ക് നിങ്ങളെ കൂട്ടത്തോടെ പിടിക്കാമായിരുന്നു. ഇത്തിരി കറന്റടിപ്പിച്ചാല്‍ എല്ലാവനും ചത്തു പൊങ്ങിയേനെ. ഞാനതൊന്നും ചെയ്തില്ല. കുഞ്ഞുങ്ങളുമായി വന്ന ഒരു തള്ള വരാലിനെ ഞാന്‍ വെറുതേ വിടുകയാണ് ചെയ്തത്. അത്രയും കാരുണ്യം വേറെ ആര് കാണിക്കും? എനിക്കിതുതന്നെ വരണം. അല്ലെങ്കിലും മര്യാദയ്ക്കും മനുഷ്യപ്പറ്റോടും കൂടി പെരുമാറുന്നവന് ഈ ലോകത്ത് വിലയില്ല. ദുഷ്ടന്മാര്‍ വന്നാല്‍ നിങ്ങള്‍ താണുവണങ്ങും. അവരുടെ ചൂണ്ടയില്‍ കൊത്താനായി ക്യൂ നില്‍ക്കും.

സന്ധ്യയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു ലോകം. അയാള്‍ പാലത്തില്‍വെച്ച് പണ്ട് കണ്ടുമുട്ടിയ ചൂണ്ടക്കാരനെ ഓര്‍ത്തു. ആ മനുഷ്യന്‍ ഇന്നും ചൂണ്ടയിടുന്നുണ്ടാകും. ആ ഏട്ടക്കൂരി ഇന്നവനു കിട്ടിക്കാണും. എന്റെ ഇന്നത്തെ നിര്‍ഭാഗ്യം അവന്റെ ഭാഗ്യമായി മാറിക്കാണും. അയാള്‍ അസൂയകൊണ്ട് പുളഞ്ഞു. ഇനി എന്നെങ്കിലും കണ്ടാല്‍ അവന്റെ പുച്ഛച്ചിരിയുള്ള മുഖത്ത് എങ്ങനെ നോക്കും? അതിന് അവനെ ഇനി ജീവിതത്തില്‍ കണ്ടുമുട്ടാന്‍ പോകുന്നുണ്ടോ? അതില്‍ അയാള്‍ക്കു തീര്‍ച്ച തോന്നി. ഞാന്‍ സൂക്ഷിച്ചു നടന്നാലും അവനെ കാണേണ്ടിവരും. പരാജയപ്പെടുന്ന സമയത്ത് അത്തരക്കാരുടെ മുന്നില്‍ നമ്മള്‍ പെടുകതന്നെ ചെയ്യും. എല്ലാം ഉപേക്ഷിച്ച് നാടുവിട്ടാലോ എന്ന് അയാള്‍ ആലോചിച്ചു. വേറൊരു പേരില്‍ വേറൊരു നാട്ടില്‍ മറ്റൊരാളായി ജീവിക്കാം. വെള്ളവും തോടും പാടങ്ങളുമില്ലാത്ത ഒരിടത്ത്.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

ചൂണ്ടക്കാരന്‍ കുട്ടികളേയും ഭാര്യയേയും കുറിച്ച് ഓര്‍ത്തു. അവരില്ലാതെ എവിടെപ്പോകാനാണ്? എന്തു മനസ്സമാധാനമാണ് ഉണ്ടാവുക. എന്നാലും രാത്രി വീട്ടില്‍ വെറും കയ്യോടെ കയറിച്ചെല്ലുന്ന കാര്യം അയാളില്‍ ഞെട്ടലുണ്ടാക്കി. സര്‍വ്വശക്തനെന്നാണ് കുട്ടികള്‍ അച്ഛനെക്കുറിച്ച് വിചാരിച്ചിരിക്കുന്നത്. തെറ്റുപറ്റാത്തയാള്‍. അവരെ ശാസിക്കുകയും ഇഷ്ടമുള്ളത് കൊടുക്കുകയും ചെയ്യുന്നയാള്‍. അവര്‍ ഇന്നു പകല്‍ മുഴുവന്‍ അച്ഛന്‍ തിരിച്ചുവരുന്നത് നോക്കിയിരിക്കുകയാണ്. എങ്ങനെയാണ് നിസ്സഹായനായ മനുഷ്യനായി കയറിച്ചെല്ലുക. സ്വന്തം അച്ഛനെ അങ്ങനെ കാണുന്നത് അവര്‍ താങ്ങുമോ? ചിലപ്പോള്‍ അവര്‍ അല്പനേരംകൊണ്ട് അതൊക്കെ മറന്ന് പഴയപടി ആയേക്കാം. എന്നാലും അവരുടെ കുഞ്ഞുമനസ്സില്‍ തോറ്റുപോയ അച്ഛന്റെ ചിത്രം പതിഞ്ഞുപോയേക്കും, ചിലപ്പോള്‍ എന്നെന്നേക്കുമായി. അവരിലൊരാളെങ്കിലും അയാളെ പില്‍ക്കാലം ഓര്‍മ്മിക്കുന്നത് അങ്ങനെയായിരിക്കാം. 

ഇരുട്ട് വീണുതുടങ്ങുമ്പോഴേക്കും ചൂണ്ടക്കാരന്‍ ചൂണ്ടയേയും ചൂണ്ടക്കോലിനേയും മറന്നിരുന്നു. അതു പഴയതുപോലെ അയാളുടെ കയ്യിലുണ്ട് എന്നുമാത്രമേയുള്ളൂ. ഭാര്യയെ അഭിമുഖീകരിക്കുന്നതാണ് അയാളെ ഏറ്റവും പേടിപ്പിച്ചത്. വൈകുന്നേരത്തേയ്ക്കുള്ള ആഹാരം കൊണ്ടുവരാന്‍ പ്രാപ്തിയില്ലാത്ത പുരുഷനോളം നിസ്സഹായനായി വേറെ ആരുണ്ട്? അങ്ങനെ ഒരാളെ എന്തിനു കൊള്ളാം? അവരുടെ നീണ്ടകാലത്തെ പ്രണയത്തെക്കുറിച്ച് അയാള്‍ ആലോചിച്ചു. തീരാത്ത വലിയ സ്‌നേഹമുണ്ട് അവര്‍ക്കിടയില്‍. എന്നാലും ഇഷ്ടം എന്നത് എന്തെല്ലാം കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്? സങ്കടങ്ങളിലും സന്തോഷങ്ങളിലും അവര്‍ ഒന്നിച്ചുണ്ടായിരുന്നു. എന്നാലും ഇത്ര പരാജിതനും നിസ്സഹായനുമായി അവള്‍ അയാളെ കണ്ടിട്ടില്ല. ഒരു പകല്‍ മുഴുവന്‍ വെറുതേ കളഞ്ഞ മണ്ടന്‍. ഒരു വിഡ്ഢിയെ ഇണയാക്കാന്‍ ലോകത്തിലാരാണ് ഇഷ്ടപ്പെടുക. സ്വന്തം കിടക്ക പങ്കിടുന്നയാള്‍ കൊള്ളാവുന്ന ആളാകണമെന്ന് ആണും പെണ്ണും കരുതും. അവനവനോട് തന്നെയുള്ള മതിപ്പാണ് അതിനു കാരണം. ചുറ്റും കൂടി വരുന്ന ഇരുട്ടും വിജനമായ സ്ഥലവും അയാളെ ഭയപ്പെടുത്തിയില്ല. പക്ഷേ, സ്വന്തം ചിന്തകള്‍ പുറത്തുകടക്കാനാവാത്തവിധം പേടിപ്പിച്ചു. ചിലപ്പോള്‍ ഒന്നുമില്ലായിരിക്കാം, പക്ഷേ, മനസ്സുകൊണ്ടെങ്കിലും അവള്‍ തള്ളിപ്പറഞ്ഞേക്കുമെന്ന് അയാളുറപ്പിച്ചു. മനസ്സില്‍നിന്നു പുറന്തള്ളുന്നതല്ലേ ഏറ്റവും വലുത്? അയാളോടൊപ്പം ഉറങ്ങിയതിലും കുട്ടികള്‍ ഉണ്ടായതിലും അവള്‍ക്ക് ഒരു നിമിഷമെങ്കിലും നാണക്കേട് തോന്നിയേക്കും. എത്രയോ കൊള്ളാവുന്നവര്‍ ലോകത്തിലുണ്ടായിരുന്നു എന്നവള്‍ ആലോചിച്ചേക്കാം. ഇനി അങ്ങനെയൊന്നുമുണ്ടായില്ലെന്ന് സങ്കല്പിക്കുക. മനസ്സ് തകര്‍ന്ന എനിക്കിനി ഉറങ്ങാന്‍ പറ്റുമോ? ഇനി വേറൊരു ദിവസം ചൂണ്ടയുമായിറങ്ങി ഇന്നത്തെ ദിവസത്തിനു പരിഹാരം കണ്ടാലോ? അന്നും ഇന്നത്തെ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുമെന്ന് അയാള്‍ക്കു തോന്നി. ഇവിടുന്ന് ഒന്നുമില്ലാതെ തിരിച്ചു ചെല്ലുന്നതിലും നല്ലത് ആത്മഹത്യയാണെന്ന് അയാള്‍ അല്പനേരം വിചാരിച്ചു. 
ഇനി ഇവിടെ തുടരണമോ തിരിച്ചുപോകണോ എന്ന ചിന്തയ്ക്കിടെ ചൂണ്ടക്കാരന്‍ വെറുതേ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യം ആലോചിച്ചു. മനുഷ്യര്‍ അങ്ങനെയാണല്ലോ. ഇന്നത്തെ, കഴിഞ്ഞുപോയ ഈ ദിവസം ആദ്യം മുതല്‍ തുടങ്ങാന്‍ ഒരവസരം ലഭിച്ചിരുന്നെങ്കില്‍! തീര്‍ച്ചയായും അതു സാദ്ധ്യമല്ല. അങ്ങനെ സമയം ആദ്യം മുതല്‍ അനുവദിച്ചുതരാന്‍ ആരുമില്ല. മനുഷ്യര്‍ ആശ്വാസത്തിനായുണ്ടാക്കുന്ന പലവിധ സങ്കല്പങ്ങളില്‍ പെടുന്നതാണ് അതും. എന്നാലും അങ്ങനെ സംഭവിച്ചാല്‍ അയാള്‍ ആ സ്ഥലത്തു തന്നെയാണോ ഇന്നത്തെ ദിവസം ചെലവഴിക്കുക. അല്ലെങ്കില്‍ ആ പാര്‍പ്പുകളുമായി പോയ തള്ളവരാലിനോട് അയാള്‍ ദയ കാണിക്കുമായിരുന്നോ? 

എന്നാലും എല്ലാം ഇങ്ങനെ തന്നെയായിരിക്കും സംഭവിക്കുക എന്നോര്‍ത്ത് അയാള്‍ക്കു വീണ്ടും വലിയ നിസ്സഹായത തോന്നി. ഇപ്പോള്‍ ഒരു പകല്‍ മുഴുവന്‍ കഴിഞ്ഞിരിക്കുന്നു, ഇരുട്ട് വീണിരിക്കുന്നു എന്നത് മാത്രമാണ് യാഥാര്‍ത്ഥ്യം. അന്നേരം അയാളുടെ ചൂണ്ട അല്പം അനങ്ങി. അങ്ങനെ സംഭവിച്ചോ എന്നയാള്‍ക്ക് തീര്‍ച്ചയില്ലായിരുന്നു. എങ്കിലും ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായക നിമിഷം ഇതാണെന്നു തീര്‍ച്ചപ്പെടുത്തി അയാള്‍ ചൂണ്ടക്കോലില്‍ മനസ്സും കയ്യും ഉറപ്പിച്ച് മുറുകെ പിടിച്ചു.

ഈ കഥ കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com