'കവിത'- സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ

ഒറ്റയടിപ്പാതയിലൂടെ കണ്ണുകളാല്‍ പാടം പിന്നേയും കൊയ്തുകൊണ്ട് നടക്കുമ്പോള്‍ എന്തു കൃഷിയാകും അവിടെ വിളവെടുത്തിട്ടുണ്ടാവുക എന്ന് ഞാനാലോചിച്ചു
'കവിത'- സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ
Published on
Updated on

ന്നത്തെ രാത്രി തങ്ങാന്‍ ഞങ്ങളാ കുന്നിന്‍പുറം തെരഞ്ഞെടുത്തതിന് പ്രധാന കാരണം ആ കവാടമായിരുന്നു. കുന്നിനു മുകളില്‍ വലിയൊരു ഫോട്ടോ ഫ്രെയിംപോലെ നിന്നിരുന്ന അത് ആദ്യം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. കാരണം ഞങ്ങളുടെ നോട്ടം മുഴുവന്‍ കുന്നിനു ചുറ്റും സമുദ്രംപോലെ പരന്നുകിടന്നിരുന്ന കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തായിരുന്നു. പോക്കുവെയില്‍, വൈക്കോല്‍ക്കെട്ടുകള്‍, ആദ്യമായ് മാത്രം കാണുന്ന പക്ഷികള്‍, അപരിചിത കൂജനങ്ങള്‍... ഞാനും എന്റെ സുഹൃത്തും കാഴ്ചകളില്‍ മതിമറന്നുപോയി. 

ഒറ്റയടിപ്പാതയിലൂടെ കണ്ണുകളാല്‍ പാടം പിന്നേയും കൊയ്തുകൊണ്ട് നടക്കുമ്പോള്‍ എന്തു കൃഷിയാകും അവിടെ വിളവെടുത്തിട്ടുണ്ടാവുക എന്ന് ഞാനാലോചിച്ചു.

'ചോളം, ഗോതമ്പ്' എന്റെ സുഹൃത്ത് പറഞ്ഞു.

ആ സമയം കുന്നിനുപിറകിലേക്ക് സൂര്യന്‍ ചാഞ്ഞു. അപ്പോഴാണ് കവാടത്തിന്റെ നിഴല്‍ കറുകറുത്ത വലിയൊരു ചതുരമായി ഞങ്ങള്‍ നടന്ന വഴിയിലേക്ക് ചാഞ്ഞത്. അപ്പോള്‍ മാത്രമാണ് അതു ഞങ്ങളുടെ ബോധത്തിലേക്ക് ദൃശ്യമായത്. തകര്‍ന്ന ഏതോ വലിയൊരു നിര്‍മ്മിതിയുടെ ബാക്കിയെന്നപോലെ അത് കുന്നിനു മുകളില്‍ പ്രൗഢവും ശാന്തവുമായി നില്‍ക്കുകയായിരുന്നു. അതൊരു കാന്തംപോലെ ഞങ്ങളെ മുകളിലേക്കാകര്‍ഷിച്ചു.

വിയര്‍ത്തൊലിച്ച് കുന്നുകയറി മുകളിലെത്തിയപ്പോള്‍ തണുത്ത കാറ്റ് ഉടലില്‍ തൊട്ടു. കവാടം കൂടുതല്‍ വ്യക്തമായി. ആറേക്കറോളം വിസ്തൃതിയുള്ള കുന്നിന്റെ ഒത്തനടുക്കായിരുന്നു അതു സ്ഥാപിച്ചിരുന്നത്. ഞങ്ങള്‍ അതിനു നേര്‍ക്കു നടന്നു. കുന്നിനു താഴെ പാടശേഖരത്തിന്റെ അതിവിസ്തൃതി. അതിനക്കരെ ഗ്രാമം. കനത്ത ഏകാന്തതയില്‍ കുന്ന്. അതിലും ഏകാന്തമായ കവാടം. അത്ഭുതപ്പെടുത്തിയ കാര്യമെന്തെന്നുവെച്ചാല്‍ അവിടെ മറ്റൊരു നിര്‍മ്മിതിയുടെ യാതൊരവശിഷ്ടം പോലുമുണ്ടായിരുന്നില്ല. കവാടത്തിനരികെ മുമ്പൊരു മതിലുണ്ടായിരുന്നതിന്റെ പാദകംപോലും കാണാന്‍ കഴിഞ്ഞില്ല. പാറ. എല്ലായിടത്തും ചെങ്കല്ലിന്റെ തനി പാറ മാത്രം.

ഏകദേശം നാലുമീറ്റര്‍ ഉയരമുണ്ടാവും കവാടത്തിന്. രണ്ട് മീറ്റര്‍ വീതിയും. കരിങ്കല്ലില്‍ കൊത്തിയെടുത്തതായിരുന്നു അത്. പ്രത്യേകിച്ച് കൊത്തുപണികളൊന്നും കാണാനില്ലായിരുന്നു. കട്ടളപോലെ ഒരു രൂപം. അളവ് തെറ്റിയാണ് അതു സ്ഥാപിച്ചിരുന്നത്. എന്നിട്ടും ഒറ്റപ്പെട്ട ആ കുന്നിന്‍പുറത്ത് അതൊരു ഗംഭീരമായ വാസ്തുശില്പമാണെന്ന് എനിക്കു തോന്നി. ഒരുപക്ഷേ, മറ്റു നിര്‍മ്മിതികളൊന്നും അവിടെ ഇല്ലാത്തതുകൊണ്ടാവും. ചിലതിന്റെ അഭാവത്തില്‍ ചിലത് സുന്ദരമാകുന്നു. ആ കുന്നാണെങ്കില്‍ അഭാവങ്ങളുടെ കൂമ്പാരമായിരുന്നു. മരങ്ങളുടെ, പക്ഷികളുടെ, ശബ്ദത്തിന്റെ, നനവിന്റെ... അങ്ങനെ ആകെ മൊത്തം വര്‍ഷത്തിന്റെ അഭാവം. വരള്‍ച്ചയുടെ ഭാവം.
 
ഞാന്‍ അത്താഴത്തിനും നിദ്രയ്ക്കും വേണ്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ എന്റെ സുഹൃത്ത് കവാടത്തില്‍ ആകര്‍ഷിക്കപ്പെട്ട് നില്‍ക്കുകയായിരുന്നു. അവള്‍ മൊബൈലില്‍ കവാടത്തിന്റെ പല ആംഗിളുകളിലുള്ള ഫോട്ടോസ് എടുത്തു. പിന്നെ എന്തൊക്കെയോ ഗാഢമായി ആലോചിച്ചു. എന്റെ സുഹൃത്തിനെ ആ ചതുരരൂപം വല്ലാതെ കൗതുകപ്പെടുത്തിയിട്ടുണ്ടെന്ന് എനിക്കു മനസ്സിലായി. എന്തിലേക്കെന്ന് ഒരു സൂചനയും അവശേഷിപ്പിക്കാതിരുന്ന ആ കരിങ്കല്‍കവാടം സത്യത്തില്‍ അന്നുരാത്രി ഞങ്ങളെ അനേകം സങ്കല്പങ്ങളിലേക്കു തള്ളിയിട്ടു. 

ആ കവാടത്തിനു താഴെ നിലം വൃത്താകൃതിയില്‍ ചെത്തിമിനുക്കിയിട്ടിരിക്കുകയായിരുന്നു. പാറപ്പുറത്ത് നൂറ്റാണ്ടുകളോളം കാലാവസ്ഥ നിരന്തരം ഇടപെട്ടിരുന്നതിനാല്‍ ഒരു കണ്ണാടി പോലെയായി മാറിയിരുന്നു 
ആ വൃത്തം. 

ഞങ്ങള്‍ അത്താഴം കഴിച്ചു. അത്ര ആര്‍ഭാടമൊന്നുമില്ലാത്തതായിരുന്നു അത്താഴം. ഇത്തിരി ഫ്രൂട്ട്‌സും പച്ചവെള്ളവും. അഭാവങ്ങളില്‍ കണ്ടെത്തുന്ന സമൃദ്ധി തന്നെയാണ് കഴിഞ്ഞ ഒരു മാസമായി ഞങ്ങളെ ഒരേ വഴിയില്‍ നടത്തിച്ചിരുന്നത്. അന്തിമയങ്ങുന്നിടത്തെ ചെറിയ സൗകര്യങ്ങളില്‍ ഞങ്ങള്‍ തൃപ്തരായി. തൊഴുത്ത്, കളപ്പുരകള്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, തുറന്ന പറമ്പുകള്‍ എന്നിങ്ങനെയുള്ള ഇടങ്ങള്‍ ഞങ്ങള്‍ക്കു കിടക്കകളായി. വരാന്‍ പോകുന്നതിനെപ്പറ്റി ഒട്ടുമേ ആശങ്കപ്പെടാതെ ഞങ്ങള്‍ കിടക്കയും ഭക്ഷണവും പരാതികളില്ലാതെ പങ്കുവെച്ചു. യാത്രയുടെ ലക്ഷ്യം പരസ്പരം പറയാതെ, ചോദിക്കാതെ, വൈകാരികമായി ഒന്നും സൂക്ഷിക്കാനിഷ്ടപ്പെടാതെ ഏതെങ്കിലുമൊരു നാല്‍കവലയില്‍വെച്ച് വഴി പിരിഞ്ഞേക്കാവുന്ന ഒരു സൗഹൃദം.

ഒരു മാസം മുന്‍പ് റഹിയാന്‍ എന്ന ചെറിയൊരങ്ങാടി വഴി കടന്നുവരികയായിരുന്നു ഞാന്‍. അവിടുത്തെ നാല്‍കവലയിലെത്തിയപ്പോള്‍ എന്തോ കാരണത്താല്‍ അല്ലെങ്കില്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അവിടെയൊരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. നാല്‍കവലയിലെ കച്ചവടക്കാരും പതിവുകാരും തമ്മില്‍ തല്ലാനും കൊല്ലാനും തുടങ്ങി. അങ്ങാടി കത്തിയെരിഞ്ഞു. ആ തീയില്‍നിന്നും പുകയില്‍നിന്നും ബദ്ധപ്പെട്ട് പുറത്തുകടന്നപ്പോളാണ് ഞാനവളെ ആദ്യമായി കാണുന്നത്. സഞ്ചാരിയുടെ മുഖം പരസ്പരം തിരിച്ചറിയാന്‍ അധികം സമയം വേണ്ടിവന്നില്ല. 

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

'ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണ്. പക്ഷേ, അതിനെന്നും അസുഖമാണ്.'

കലാപഭൂമിയില്‍ നിന്നൊത്തിരി ദൂരത്തായെന്നു തോന്നിയപ്പോള്‍ എന്നോടവള്‍ ആദ്യം പറഞ്ഞത് അതാണ്.

ഭക്ഷണത്തിനുശേഷം അവളൊരു സിഗരറ്റ് കത്തിച്ചു. നല്ല കാറ്റ് വീശിയിരുന്നതിനാല്‍ സിഗരറ്റ് വേഗം പഞ്ഞിയോടടുത്തു. ഇത്തിരി പുക മാത്രമേ ഞങ്ങള്‍ക്കു കിട്ടിയുള്ളൂ. കുപ്പിയിലെ വെള്ളംകൊണ്ട് ഒന്ന് കുലുക്കുഴിഞ്ഞ് അവള്‍ ഇട്ടിരുന്ന ടീ ഷര്‍ട്ട് തലവഴി ഊരിയെടുത്തു. ജീന്‍സിന്റെ സിപ്പ് താഴ്ത്തി. അരയിലൊരു ഷോള്‍ ചുറ്റി അവള്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് എന്തോ ആലോചിച്ചു. എനിക്കത്ഭുതം തോന്നി. സാധാരണയായി ഭക്ഷണം കഴിഞ്ഞ ശേഷം അവള്‍ വായനയിലേക്കു കടക്കാറാണ് പതിവ്. അപൂര്‍വ്വമായി രതിയിലേക്കും. പുസ്തകത്തിന്റെ പുറംചട്ടയില്‍ ബുക്ക്‌ലൈറ്റ് ഘടിപ്പിക്കാനോ കിടക്ക വിരിക്കാനോ ശ്രമിക്കാതെ അന്നവള്‍ ഒരു സന്ന്യാസിനിയെപ്പോലെ ധ്യാനത്തിലിരുന്നു.

'ഇതെന്തിലേക്കുള്ള വാതിലായിരിക്കും?' കുറേനേരം കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.

'ചിലപ്പോള്‍ ഇവിടെയൊരു ക്ഷേത്രമുണ്ടായിരിക്കണം' ഞാന്‍ പറഞ്ഞു.

'എന്നിട്ടത് തകര്‍ത്ത് പള്ളി പണിഞ്ഞു. പിന്നെ പള്ളി തകര്‍ത്ത് വീണ്ടും ക്ഷേത്രം പണിഞ്ഞു. ഇപ്പോ ഇതൊരു തര്‍ക്കഭൂമിയാവും അല്ലേ?' അവളെന്റെ സങ്കല്പത്തെ പരിഹസിച്ചു.

'ശരി. തര്‍ക്കിക്കേണ്ട. നമുക്കതൊരു കൊട്ടാരമാക്കാം' ഞാന്‍ പറഞ്ഞു.

അവളതിനു മറുപടി പറഞ്ഞില്ല.

'ഒരുപക്ഷേ, ഇവിടെയൊരു സത്രമായിരിക്കണം. അല്ലെങ്കില്‍ ഒരു കാവല്‍മാടം. അതുമല്ലെങ്കില്‍ ഒരാശ്രമം' ഞാനോരോ സങ്കല്പങ്ങള്‍ അവള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. അതൊന്നും അവളെ ധ്യാനത്തില്‍നിന്നുണര്‍ത്തിയില്ല.

ഗ്രാമത്തിന്റെ അതിരുകളില്‍ വെളിച്ചം തെളിഞ്ഞു. വൈദ്യുതിയുടെ അഭാവം വ്യക്തമാക്കുന്ന വിധം ശോഭ കുറഞ്ഞ വിളക്കുകളായിരുന്നു എല്ലാം. 

'നീയതിന്റെ ഫോട്ടോസ് എടുത്തതല്ലേ? ഗൂഗിളില്‍ ഇമേജ് സെര്‍ച്ച് ചെയ്ത് നോക്ക്. ചിലപ്പോള്‍ അറിയാന്‍ കഴിഞ്ഞേക്കും.'

ഞാന്‍ പറഞ്ഞതു കേട്ടപ്പോള്‍ അവള്‍ പൊടുന്നനെ ഉത്സാഹവതിയായി.

അവള്‍ മൊബൈലെടുത്ത് കവാടത്തിന്റെ ചിത്രങ്ങള്‍ ഇമേജ് സെര്‍ച്ചിലിട്ടു. അവിടെ റേഞ്ച് കുറവായിരുന്നതിനാല്‍ കവാടത്തിന് അനന്തതയിലേക്ക് അന്വേഷണത്തിനിറങ്ങാന്‍ ഇത്തിരി ബദ്ധപ്പെടേണ്ടിവന്നു. അവള്‍ മൊബൈല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കുന്നിന്റെ പല ഭാഗത്തായി റേഞ്ച് തപ്പിനടന്നു. കുറേ സമയം കഴിഞ്ഞ് ഇത്തിരി അകലെനിന്ന് അവളുടെ ശബ്ദം കേട്ടു.

'കിട്ടി.'

അവള്‍ ആഹ്ലാദത്തോടെ എന്റെ നേര്‍ക്ക് ഓടിവന്നു. ആ ഓട്ടം പക്ഷേ, പാതി ദൂരത്തെത്തിയപ്പോള്‍ നിന്നു. മൊബൈല്‍ ഡിസ്‌പ്ലേയുടെ പ്രകാശത്തില്‍ അവളുടെ മുഖം മാത്രം ഞാന്‍ കണ്ടു. അവള്‍ നിന്നുകൊണ്ട് സെര്‍ച്ച് റിസള്‍ട്ട് വായിക്കുകയാവാം.

ഇത്തിരിനേരം കഴിഞ്ഞ് പതിയെ അവളെന്റെ അടുത്ത് വന്നിരുന്നു.പിന്നെ വേറേതോ ഒച്ചയില്‍ പറഞ്ഞു:

'നമ്മള്‍ വിചാരിക്കുന്നപോലെ ഇതൊരു കവാടമൊന്നുമല്ല.'

'പിന്നെ?'

'ഇതൊരു കഴുമരമാണ്.'

യുക്തിയുടെ കുന്നിന്‍മുകളില്‍ വസിക്കുന്നയാളാണ് ഞാനെന്ന് സ്വയം കരുതിയിട്ട്‌പോലും പൊടുന്നനെ എന്റെയുള്ളില്‍ ഭീതിനിറഞ്ഞു. നിലത്തിരുന്നുകൊണ്ടുതന്നെ ഞാന്‍ തല ചെരിച്ചതിനെ നോക്കി. 

പ്രേതസിനിമയിലെ ലോ ആംഗിള്‍ ഷോട്ട് പോലെ അത് ഇരുളില്‍ നിഗൂഢതയുടെ വിഗ്രഹമായി. നിശ്ശബ്ദത ഏറ്റവും ഭീകരമായ പശ്ചാത്തല സംഗീതമായി.

അവള്‍ മൊബൈല്‍ എനിക്കു നീട്ടി. അതുവരെ ഞങ്ങള്‍ കവാടമെന്ന് തെറ്റിദ്ധരിച്ച വാസ്തുവിദ്യയുടെ കുറേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോസ് ഞാന്‍ കണ്ടു. ഞാനാ സെര്‍ച്ച് റിസള്‍ട്ട് വായിച്ചു:

'Gallows in Kavita.'

'കവിത എന്നാണ് ഈ ഗ്രാമത്തിന്റെ പേര്' അവള്‍ പറഞ്ഞു.

ഞാനാ ഗ്രാമത്തിന്റെ പേര് നേരത്തേ കേട്ടിരുന്നു. ദളിതരുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സത്യാഗ്രഹവും വെടിവെയ്പും കുറച്ചുകാലം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നല്ലോ.

'സമാധിയായപ്പോള്‍ വീരേശ്വരന്‍ ദൈവമായി. അയാള്‍ക്കമ്പലവുമായി. പക്ഷേ, ദളിതര്‍ക്ക് എന്നു മുതലാണ് ആ ജാതിഹിന്ദുവിനോട് ആരാധന തോന്നിത്തുടങ്ങിയത്?'ഞാന്‍ ചോദിച്ചു.

അതിനു മറുപടി പറയാതെ അവള്‍ മൊബൈലില്‍ ഒരു ആര്‍ട്ടിക്കിള്‍ തുറന്നുവായിക്കാന്‍ തുടങ്ങി. വായനയ്ക്കുശേഷം കവിതയിലെ കഴുമരത്തിന്റെ ചരിത്രം ഒരു സംഗ്രഹംപോലെ അവളെനിക്കു മുന്നില്‍ അവതരിപ്പിച്ചു.

'പതിനാറാം നൂറ്റാണ്ടിലാണത്രേ ഇതു നിര്‍മ്മിച്ചത്. അക്കാര്യത്തില്‍ വലിയ ഉറപ്പൊന്നുമില്ല. അതിനും എത്രയോ മുന്‍പേ അതവിടെ ഉണ്ടായിരിക്കണമെന്ന് മറ്റൊരു വാദമുണ്ട്.'

'ആരാണത് നിര്‍മ്മിച്ചത്?'

'ആരോ. വിരേശ്വരനെപ്പോലുള്ള ആരോ.'

ആശ്ചര്യത്തോടെ ഞാനവളെ നോക്കി.

അവള്‍ക്കത് മനസ്സിലായിരിക്കണം.

'ഈ കഴുമരം കള്ളന്മാരേയോ കൊലപാതകികളേയോ അല്ലെങ്കില്‍ രാജ്യദ്രോഹികളേയോ തൂക്കാന്‍ വേണ്ടി നിര്‍മ്മിച്ചതല്ല.'

'പിന്നെ?'

അവള്‍ ലേഖനത്തില്‍നിന്നൊരു ഭാഗം എന്നെ വായിച്ചു കേള്‍പ്പിച്ചു: 

'ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന, ഇഷ്ടമുള്ള ആഹാരം കഴിക്കുന്ന, ഗ്രാമത്തിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന, പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്ന, ക്ഷേത്രദര്‍ശനം നടത്തുന്ന, കിണറുകള്‍ ഉപയോഗിക്കുന്ന ചില നിഷേധികള്‍ക്കുവേണ്ടി നിര്‍മ്മിച്ച കഴുമരമായിരുന്നു കവിതയിലേത്. അതായത് മേല്‍പറഞ്ഞ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അതറിഞ്ഞിട്ടും ചെയ്യുന്ന നിഷേധികള്‍ക്കുവേണ്ടി.'

വായന നിര്‍ത്തി അവളെന്നെ നോക്കി.

'ജനനത്തിന് ചതുര്‍മുഖന്റെ ശരീരഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്ക്' അവള്‍ വിശദമാക്കി.

'കഴുവേറ്റിയ ആളുടെ മൃതദേഹം മറവുചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. കഴുകന്മാര്‍ക്കും മറ്റു ജീവികള്‍ക്കും ഭക്ഷിക്കാനായി കഴുമരത്തില്‍തന്നെ തൂക്കിയിടുകയായിരുന്നു പതിവ്. ആഴ്ചയില്‍ അഞ്ച് മുതല്‍ പത്തുവരെ കഴുവേറ്റ് നടന്നിട്ടുണ്ടത്രേ. വീരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത്. രാജാക്കന്മാരും സുല്‍ത്താന്മാരും അവര്‍ക്കുശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയും പിന്നെ ബ്രിട്ടന്‍ നേരിട്ട് ഭരിച്ചപ്പോഴും കഴുമരം മാറ്റമില്ലാതെ അതിന്റെ ദൗത്യം തുടര്‍ന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ അവസാനത്തെ തൂക്ക് (ഈ ഭാഗത്തൊരു ചോദ്യചിഹ്നമുണ്ട് കേട്ടോ.) നടന്നത് 1951ലാണ്. മംഗലിപ്രസാദ് എന്ന പതിനഞ്ചു വയസ്സുകാരനെ.'

ഒരു ജംപ് സ്‌കെയര്‍ സീന്‍പോലെ കഴുമരം വീണ്ടുമെന്നെ ഞെട്ടിച്ചു. 

'പതിനഞ്ചു വയസ്സോ? തൂക്കിലേറ്റാന്‍ മാത്രം ആ കുട്ടി എന്തു കുറ്റമായിരിക്കും ചെയ്തിട്ടുണ്ടാവുക?'
'ലേഖനത്തില്‍ കൂടുതല്‍ വിവരങ്ങളില്ല.'

'മംഗലിപ്രസാദ് എന്നു സെര്‍ച്ച് ചെയ്തു നോക്കൂ' ഞാന്‍ പറഞ്ഞു.

അവള്‍ സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്തു: 'ങമിഴമഹശ ജൃമമെറ ശി ഗമ്ശമേ.'

'ഒരൊറ്റ റിസള്‍ട്ട് മാത്രം. ഒരു ഫേസ്ബുക്ക് പോസ്റ്റ്.'

'ആരുടേതാണ്?'

'പേരില്ല. ഖആ എന്ന ഇനീഷ്യല്‍ മാത്രം. ഈയൊരറ്റ പോസ്റ്റ് മാത്രമേ വാളിലുള്ളൂ. മംഗലിപ്രസാദ് ഒരു വീരബാലന്‍ എന്ന പേരില്‍. പോസ്റ്റിനോടൊപ്പം അറ്റാച്ച് ചെയ്ത ഫോട്ടോ കവാടത്തിന്റേതാണ്. സോറി, കഴുമരത്തിന്റേതാണ്. 2006 സെപ്റ്റംബര്‍ 26ന് പോസ്റ്റ് ചെയ്തത്. നാല് ലൈക്കും കണ്ണീരൊലിപ്പിച്ച ഇമോജി കൊണ്ടുള്ള മൂന്ന് കമന്റുകളും പ്രതികരണമായി കിട്ടിയിട്ടുണ്ട്.'

'പോസ്റ്റ് വായിക്കൂ' ഞാന്‍ പറഞ്ഞു.

'ഇതേ ദിവസമാണ് മംഗലിപ്രസാദിനെ തൂക്കിലേറ്റിയത്. പൊതുകിണറ്റില്‍നിന്നും ജാതിഹിന്ദുക്കള്‍ നോക്കിനില്‍ക്കേ വെള്ളം കോരി കുടിച്ചു എന്നതായിരുന്നു കുറ്റം. മംഗലിപ്രസാദിന്റെ അച്ഛന്‍ മഹാശയ രാംലാലും അമ്മ മെഹരാജി കോരിയും കീഴ്ജാതിക്കാരായിരുന്നു. കീഴ്ജാതിക്കാരിലെ തന്നെ മിശ്രവിവാഹിതര്‍. അതുകൊണ്ടുതന്നെ മംഗലിപ്രസാദിനും കീഴ്ജാതിക്കാരനായി ജീവിക്കേണ്ടിവന്നു.'

'മഹാശയ രാംലാല്‍ എന്ന പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ' വായിക്കുന്നതിനിടെ അവള്‍ പിറുപിറുത്തു.

'ജാതിഹിന്ദുക്കള്‍ അവനെ വിചാരണ നടത്തി. മകന്റെ ജീവനുവേണ്ടി മെഹരാജി കോരി ഗ്രാമീണര്‍ക്കു മുന്നില്‍ തൊഴുതുനിന്നു. ജാതിഹിന്ദുക്കളുടെ ചോദ്യങ്ങള്‍ക്കൊന്നും മംഗലിപ്രസാദ് മറുപടി പറഞ്ഞില്ല. പീഡനങ്ങള്‍ ഏറ്റിട്ടും കരയാന്‍ വേണ്ടിപ്പോലും അവന്‍ വാ തുറന്നില്ല.'

'പുലി പിടുത്തക്കാരന്റെ ചോരയല്ലേ, അതാണിത്ര ധിക്കാരം' പീഡകര്‍ പറഞ്ഞു.

'ഓ, അപ്പോ അദ്ദേഹത്തിന്റെ മകനാണല്ലേ മംഗലിപ്രസാദ്... രുദ്രപ്രയാഗിലെ നരഭോജികള്‍' അവള്‍ പല്ലു ഞെരിച്ചു.

എനിക്കവള്‍ പറഞ്ഞത് മനസ്സിലായില്ല.

'അത് ഉപകഥപോലെ പറയേണ്ട കാര്യമാണ്' അവള്‍ പറഞ്ഞു.

'എങ്കിലാദ്യം അക്കഥ പറയൂ. 'ആയിരത്തൊന്നു രാവുകളി'ലെ ഷഹരാസാദിനെപ്പോലെ കഥകളില്‍നിന്നു കഥകളിലേക്ക് സഞ്ചരിക്കൂ. ഞാന്‍ ഷഹരിയാര്‍ രാജാവായി കേട്ടിരിക്കാം.'

'ഞാന്‍ ഷഹരാസാദല്ല; നീ ഷഹരിയാര്‍ രാജാവുമല്ല. അധികാരത്തിന്റെ അഹന്തയും വിധേയത്വത്തിന്റെ മുദ്രയുമില്ലാത്ത വെറും വഴിപോക്കരാണ് നമ്മള്‍.'

'ശരി, വഴിപോക്കരേ കഥ പറയൂ.'

'കഥയല്ല സംഭവം.'

'സമ്മതിച്ചു.'

'എന്തോ ഒരത്യാവശ്യത്തിനായി എങ്ങോട്ടോ യാത്ര പോവുകയായിരുന്നു മഹാശയ രാംലാല്‍. ദിവസങ്ങളുടെ യാത്രയ്ക്കുശേഷം ഒരു വൈകുന്നേരം അയാള്‍ രുദ്രപ്രയാഗിലെത്തി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് രാത്രികാലങ്ങളില്‍ അവിടെ പുലിയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന്. അയാള്‍ അവിടുത്തെ ധര്‍മ്മശാലയിലേക്കു ചെന്നു. മഹര്‍ ജാതിക്കാരനായ രാംലാലിനെ ധര്‍മ്മശാലയുടെ അകത്തേക്കു പ്രവേശിക്കാന്‍ സൂക്ഷിപ്പുകാരന്‍ സമ്മതിച്ചില്ല. രാലാംല്‍ അപേക്ഷിച്ചു. കരഞ്ഞു. ധര്‍മ്മശാലയിലെ ഏതെങ്കിലുമൊരു കോണില്‍ കഴിയാന്‍ തന്നെ അനുവദിക്കണമെന്നു കെഞ്ചി. ധര്‍മ്മശാലയുടെ സൂക്ഷിപ്പുകാരന്‍ വാതിലുകളെല്ലാം അകത്തുനിന്നടച്ചുപൂട്ടി. പുലിയെക്കുറിച്ചുള്ള ഭീതിയുമായി രാംലാല്‍ തെരുവില്‍ തനിച്ചായി. ധര്‍മ്മശാലയുടെ പുറത്ത് വൃത്തികെട്ടൊരു കോണില്‍ അയാള്‍ അഭയസ്ഥലമൊരുക്കി. രാത്രി അവസാനിക്കാറായപ്പോള്‍ പുലി അയാളെ ആക്രമിച്ചു. പുലി തന്നെ കൊന്നു തിന്നാലും ജാതിഹിന്ദുക്കളിലൊരാളും തന്നെ സഹായിക്കില്ലെന്ന് രാംലാലിനു ബോധ്യമുണ്ടായിരുന്നു. അവരുടെ സാമൂഹിക മനസ്സാക്ഷിയുടെ അഭാവത്തെക്കുറിച്ചുള്ള ബോധ്യവും നിസ്സഹായതയും രാംലാലിനെ നിര്‍ഭയനാക്കി. ഷഹരാസാദിനെപ്പോലെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ അയാള്‍ സ്വന്തം വഴി തേടി. 

ആക്രമണത്തെ ആക്രമണം കൊണ്ടയാള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. തെരുവ് മുഴുവന്‍ നോക്കിനില്‍ക്കേ രാംലാല്‍ പുലിയുമായി മല്ലയുദ്ധം ചെയ്തു. അലര്‍ച്ചകളും ആക്രോശങ്ങളും തെരുവില്‍ മുഴങ്ങി. രണ്ടു മൃഗങ്ങളുടെ പോരാട്ടം കാണുന്ന കൗതുകം പോലുമില്ലാതെ ജാതിഹിന്ദുക്കള്‍ രാംലാലിന്റെ ജീവന്‍മരണപോരാട്ടം അലസരായി നോക്കിനിന്നു.

ഒടുവില്‍ മല്ലയുദ്ധത്തിലെ പേരറിയാത്ത ഏതോ ഒരടവിനാല്‍ രാംലാല്‍ പുലിയെ കീഴ്‌പെടുത്തി. അയാള്‍ പുലിയുടെ കഴുത്തില്‍ കേറിപ്പിടിച്ചുകൊണ്ട് ഉറക്കെ വിളിച്ചു:

'പുലിയെ ഞാന്‍ പിടിച്ചു. ആരെങ്കിലും വന്നു സഹായിക്കൂ.'

വാതിലുകളും ജനലുകളും അടഞ്ഞുതന്നെ കിടന്നു.

രാംലാല്‍ പിടി അയച്ചു. പല്ലിലും നഖത്തിലും പറ്റിപ്പിടിച്ച ഇത്തിരി ചോരയും ഇറച്ചിയുംകൊണ്ട് സംതൃപ്തനായി പുലി രക്ഷപ്പെട്ടു.

പുലിയുടെ പല്ലും നഖവുമേറ്റ മുറിവുകളുമായി രാംലാല്‍ കുറച്ചുകാലം ചികിത്സയില്‍ കഴിഞ്ഞു. പിന്നെ മരിച്ചു.

ഉപകഥ അവസാനിച്ചു.

'രുദ്രപ്രയാഗിലെ നരഭോജികള്‍' ഞാന്‍ പറഞ്ഞു.

എന്റെ സുഹൃത്ത് വീണ്ടും മംഗലിപ്രസാദിലേക്കു മടങ്ങിവന്നു.

'അരക്ഷിതമായ അവസ്ഥയിലേക്ക് അച്ഛനെ വിട്ടുകൊടുത്ത വ്യവസ്ഥിതിയോട് മംഗലിപ്രസാദിന് എന്നും അമര്‍ഷമായിരുന്നു. അവന്‍ നിശ്ശബ്ദനായി കലഹിച്ചു. അവന്റെയുള്ളില്‍ ഒരു കരിമ്പുലി വളര്‍ന്നു. 

'എന്തിനാണ് മോനേ നീയത് ചെയ്തത്?' മെഹരാജി കോരി മകനെ നോക്കി വിലപിച്ചു.

'ഞാന്‍ ദാഹിച്ചിട്ടൊന്നുമല്ലമ്മേ കിണറ്റില്‍നിന്നു വെള്ളം കോരി കുടിച്ചത്' നിര്‍വ്വികാരതയോടെ, 
അതിനേക്കാളുപരി നിശ്ചയദാര്‍ഢ്യത്തോടെ മംഗലിപ്രസാദ് അമ്മയോട് പറഞ്ഞു.

മെഹരാജി കോരി നടുങ്ങി. ജാതിഹിന്ദുക്കള്‍ അതിനേക്കാളും.

മംഗലിപ്രസാദിനെ കഴുത്തില്‍ കുരുക്കിട്ട് അവര്‍ കുന്നിന്‍ മുകളിലേക്ക് വലിച്ചിഴച്ചു. കുന്നിനു മുകളിലെത്തിയപ്പോഴേക്കും അവന്‍ ഉടഞ്ഞുപോയിരുന്നു. ജീവന്‍ വാര്‍ന്നുപോയൊരു ശരീരത്തെയാണ് അവര്‍ക്കു തൂക്കിലിടാന്‍ പറ്റിയത്. ഉലയില്‍നിന്ന് ഊതിക്കാച്ചിയെടുത്ത ചുട്ടുപഴുത്തൊരു വിഗ്രഹംപോലെ മംഗലിപ്രസാദ് കഴുമരത്തില്‍ തൂങ്ങിക്കിടന്നു.

മകന്റെ ശരീരമെങ്കിലും വിട്ടുതരണമെന്ന് മെഹരാജി കോരി അപേക്ഷിച്ചു. 

ജാതിഹിന്ദുക്കള്‍ അവരുടെ മുഖത്തേക്കു തുപ്പി. മൂന്നു ദിവസം ഞങ്ങളുടെ തുപ്പല്‍ മാത്രം കുടിച്ചാല്‍ മതിയെന്നു കല്പന പുറപ്പെടുവിക്കുകയും ചെയ്തു; നിഷേധിയെ പെറ്റ കുറ്റത്തിന്.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

ജാതിഹിന്ദുക്കള്‍ കരുതിയപോലെ മംഗലിപ്രസാദിന്റെ ശരീരം പക്ഷികളും മൃഗങ്ങളും ഭക്ഷിച്ചില്ല. അന്നു രാത്രിതന്നെ ആ കുട്ടിയുടെ ശരീരം കഴുമരത്തില്‍നിന്ന് അപ്രത്യക്ഷമായി. കുരുക്കഴിച്ചെടുത്ത തൂക്കുകയര്‍ മാത്രം കഴുമരത്തില്‍ അവശേഷിച്ചു. ആരാണതു ചെയ്തതെന്നും ശരീരം എവിടെയാണ് മറവുചെയ്തതെന്നും ആര്‍ക്കും പിടികിട്ടിയില്ല. ആ ശരീരം കിട്ടുന്നതിനുവേണ്ടി കവിതയിലെ മഹറുകളേയും ചമറുകളേയും ജാതിഹിന്ദുക്കള്‍ ദിവസങ്ങളോളം പീഡിപ്പിച്ചു. സംശയം തോന്നിയ സ്ഥലങ്ങളിലും കുടിലുകളിലും അവരെക്കൊണ്ട് തന്നെ കുഴിയെടുപ്പിച്ചു. മംഗലിപ്രസാദിന്റെ ശരീരം കണ്ടുകിട്ടിയതേയില്ല. ചമറുകളിലും മഹറുകളിലും പെട്ട ആരോ ചിലരാണ് അതു ചെയ്തതെന്നും അവരാ രഹസ്യം തലമുറകളായി പുറംലോകമറിയാതെ കാത്തുവെച്ചിരിക്കുകയാണെന്നും ജാതിഹിന്ദുക്കള്‍ ഇന്നും വിശ്വസിക്കുന്നു.'
പോസ്റ്റ് വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ സുഹൃത്ത് മൊബൈലിന്റെ വെളിച്ചം കെടുത്തി. ഞങ്ങള്‍ക്കിടയില്‍ ഇരുട്ട് നിറഞ്ഞു. ഞാനും അവളും കഴുമരവും ഇരുണ്ടരൂപങ്ങള്‍ മാത്രമായി. ആ രാത്രി ഞങ്ങള്‍ക്കിടയില്‍ പിന്നെ സംസാരമൊന്നുമുണ്ടായില്ല. ഉറക്കവും ഞങ്ങള്‍ക്കന്യമായി. എങ്ങനെയൊക്കെയോ ഒന്ന് കണ്ണ് ചിമ്മിയപ്പോളാകട്ടെ, കഴുമരത്തില്‍ തൂങ്ങിക്കിടന്ന കുഞ്ഞിക്കാലുകള്‍ എന്നെ തട്ടി കുന്നില്‍നിന്നു താഴേക്കിട്ടു. ഞെട്ടിയെഴുന്നേറ്റപ്പോഴൊക്കെ എന്റെ സുഹൃത്ത് കഴുമരത്തെത്തന്നെ ഉറ്റുനോക്കി ഉറങ്ങാതിരിക്കുന്നത് കണ്ടു.

രാവിലെ നിശ്ശബ്ദരായിതന്നെ ഞങ്ങള്‍ എഴുന്നേറ്റു. അതേ നിശ്ശബ്ദതയോടെ കുന്നിറങ്ങി ഗ്രാമത്തിനു നേര്‍ക്കു നടന്നു. വഴിയോരത്തെ ചെറിയൊരു ചായക്കടയില്‍നിന്നു ലഘുഭക്ഷണം കഴിച്ചു.

'ഇനിയെങ്ങോട്ടാണ്?' ഞാന്‍ ചോദിച്ചു.

'അറിയാതെയാണെങ്കിലും കവിതയിലെത്തിയതല്ലേ. നമുക്ക് വീരേശ്വരക്ഷേത്രം കൂടി കണ്ടിട്ട് പോകാം' എന്റെ സുഹൃത്ത് പറഞ്ഞു.

ചായക്കടക്കാരനോട് വഴി ചോദിച്ച് ഞങ്ങള്‍ വീരേശ്വരക്ഷേത്ര പരിസരത്തെത്തി. ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു അവിടം. വഴിയോരം നിറയെ പൂക്കച്ചവടക്കാര്‍. കൊത്തുപണികളോടുകൂടിയ ക്ഷേത്രം ഈയടുത്ത കാലത്താണ് പുനര്‍നിര്‍മ്മിച്ചതെന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലാവും. മാത്രമല്ല, ക്ഷേത്രമിനിയും വലുതാവുമെന്നതിന്റെ സൂചന നല്‍കിക്കൊണ്ട് നാലഞ്ച് കല്ലാശാരിമാര്‍ കരിങ്കല്ലില്‍ തട്ടുമുട്ടലുകള്‍ നടത്തുന്നതും കണ്ടു.

പണ്ടത് വെറുമൊരു മണ്‍കൂനയായിരുന്നത്രേ. ഇന്ന് കരിങ്കല്ലില്‍ കൊത്തിയെടുത്ത കവിത.
 
അതിനടിയിലെവിടെയോ വീരേശ്വര സ്വാമികള്‍ സമാധി കൊള്ളുന്നു. സ്ത്രീകളും പുരുഷന്മാരുമായ ഭക്തര്‍ ക്ഷേത്രനടയില്‍ താമരപ്പൂക്കളര്‍പ്പിക്കുന്നു. തൊഴുതുനില്‍ക്കുന്നു.

'അകത്തേക്ക് കയറുന്നുണ്ടോ?' ഞാന്‍ ചോദിച്ചു.

അവളതിനു മറുപടി പറഞ്ഞില്ല.

പൊളിഞ്ഞുവീഴാറായൊരു മതിലില്‍ പതിപ്പിച്ച ചിത്രങ്ങളിലേക്കു നോക്കി നില്‍ക്കുകയായിരുന്നു അവള്‍. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളായിരുന്നു അത്. രണ്ട് യുവാക്കളും മൂന്നു യുവതികളും. പുഞ്ചിരിക്കുന്ന ചിത്രങ്ങള്‍. അതിലേക്കു നോക്കിനില്‍ക്കേ എനിക്ക് പെട്ടെന്ന് ഒരാശയം തോന്നി.

ഞാന്‍ എന്റെ സുഹൃത്തിന്റെ അടുത്തേക്ക് ചെന്ന് ശബ്ദം താഴ്ത്തി പറഞ്ഞു:

'മംഗലിപ്രസാദിന്റെ ശരീരം എവിടെയാണ് അടക്കിയതെന്ന് എനിക്കറിയാം.'

അവള്‍ അമ്പരപ്പോടെ എന്നെ നോക്കി.

ഞാന്‍ വീരേശ്വരന്റെ സമാധിയിലേക്കു വിരല്‍ചൂണ്ടി.

അവളുടെ മുഖത്ത് ചോദ്യചിഹ്നം.

'എന്റെ ഒരൂഹമാണ്. അന്നവര്‍ അവന്റെ ശരീരം അവിടെയാണ് ഒളിപ്പിച്ചതെങ്കിലോ? ഒരാളും സംശയിക്കില്ല. വീരേശ്വരന്റെ എല്ലിന്‍കൂടും മറ്റും അവര്‍ എടുത്ത് വല്ല കുപ്പയിലും കളഞ്ഞിരിക്കാം. എന്നിട്ട് മംഗലിയുടെ ശരീരം അവിടെ അടക്കിയിരിക്കാം. അല്ലാതെ വീരേശ്വരനെ ആരാധിക്കാന്‍ വേണ്ടി മാത്രം അവര്‍ നെഞ്ചില്‍ വെടിയുണ്ട ഏറ്റുവാങ്ങുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ?'

ഞാന്‍ പറഞ്ഞത് കേട്ട് അവള്‍ കുറേനേരം അനക്കമറ്റിരുന്നു. പിന്നെ ധൃതിയില്‍ എന്റെ കവിളില്‍ ചുംബിച്ച് ക്ഷേത്രത്തിനു നേര്‍ക്കു പാഞ്ഞു. പൂക്കളേന്തിയ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയിലേക്ക് തോളത്തൊരു ബാഗുമായി അവളെങ്ങനെയോ തള്ളിക്കയറി. ഓരോരുത്തരും ഭയഭക്തിബഹുമാനത്തോടെ മംഗലിപ്രസാദിന്റെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ചു. എന്റെ കണ്ണുകള്‍ അവളുടെ ചലനങ്ങളെ പിന്തുടര്‍ന്നു. ഞാന്‍ നോക്കുമ്പോള്‍ അവള്‍ ബാഗില്‍നിന്നു വാട്ടര്‍ബോട്ടിലെടുത്ത് തുറന്നു. കുപ്പിയിലെ വെള്ളം വലതുകൈക്കുമ്പിളിലേക്കൊഴിച്ച് അവളത് മംഗലിപ്രസാദിന്റെ ശവകുടീരത്തില്‍ പുണ്യാഹംപോലെ തളിച്ചു. യുക്തിയെന്നോ ഭക്തിയെന്നോ വേര്‍തിരിച്ചറിയാനാവാത്തവിധം അങ്ങേയറ്റം സത്യസന്ധമായിരുന്നു ആ അനുഷ്ഠാനം. എന്റെ കണ്ണുകള്‍ അറിയാതെ മതിലിലെ ചിത്രങ്ങളിലേക്കു നീണ്ടു. രക്തസാക്ഷികളുടെ പുഞ്ചിരി നിഗൂഢമാവുന്നപോലെ എനിക്കു തോന്നി.

കടപ്പാട്: അംബേദ്കര്‍ കൃതികള്‍

ഈ കഥ കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.