തീവ്രവാദത്തെ ഇസ്ലാമോഫോബിയ എന്ന പരിച കൊണ്ടു തടുക്കുന്നവര്‍ കാണാതെ പോവുന്നത്

ചേകന്നൂര്‍ മൗലവി വധം തൊട്ട് മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഫ്‌ലാഷ്മോബില്‍ പങ്കെടുത്ത മുസ്ലിം യുവതികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം വരെ അത് നീണ്ടുകിടക്കുന്നു
എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് പെണ്‍കുട്ടികള്‍ അവതരിപ്പിച്ച, വിവാദമായ ഫഌഷ് മോബില്‍നിന്ന്.
എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് പെണ്‍കുട്ടികള്‍ അവതരിപ്പിച്ച, വിവാദമായ ഫഌഷ് മോബില്‍നിന്ന്.

ചേകന്നൂര്‍ മൗലവി വധം തൊട്ട് മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഫ്‌ലാഷ്മോബില്‍ പങ്കെടുത്ത മുസ്ലിം യുവതികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം വരെ അത് നീണ്ടുകിടക്കുന്നു - ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

'ഫോബിയ' എന്ന ആംഗ്ലേയ പദത്തിനു യുക്തിരഹിതമായ ഭയം, വെറുപ്പ്, വിദ്വേഷം എന്നൊക്കെയാണര്‍ത്ഥം. ആ പദം പിന്നില്‍ ചേര്‍ത്തുവരുന്ന ചില വാക്കുകള്‍ ഇംഗ്ലീഷിലുണ്ട്. ഏകാന്ത സ്ഥലങ്ങളില്‍ അകപ്പെട്ടുപോകുമെന്ന ഭീതി എന്നര്‍ത്ഥം വരുന്ന 'ക്ലോസ്‌ട്രോഫോബിയ' ഒരുദാഹരണമാണ്. പരദേശികളോടുള്ള വെറുപ്പിനേയും ഭയത്തേയും കുറിക്കുന്ന 'സെനഫോബിയ' മറ്റൊരുദാഹരണം. അടുത്തകാലത്ത് ഫോബിയ ചേര്‍ത്ത് വേറൊരു പദം ഭാഷയില്‍ കടന്നുവന്നിരിക്കുന്നു. അതാണ് 'ഇസ്ലാമോഫോബിയ.'
ഇസ്ലാമിനോടും അതിന്റെ അനുയായികളോടുമുള്ള വിദ്വേഷവും വെറുപ്പും സൂചിപ്പിക്കുന്ന പ്രയോഗമാണ് ഇസ്ലാമോഫോബിയ. പലരും ആ വാക്ക് മലയാളീകരിക്കുന്നത് ഇസ്ലാംഭീതി, ഇസ്ലാംപേടി എന്നിങ്ങനെയാണ്. സെനഫോബിയ അന്യദേശക്കാരോടുള്ള വെറുപ്പിനെ സൂചിപ്പിക്കുന്നതുപോലെ ഇസ്ലാമിനോടും മുസ്ലിങ്ങളോടുമുള്ള വിദ്വേഷത്തെ കുറിക്കുന്ന പദമത്രേ യഥാര്‍ത്ഥത്തില്‍ ഇസ്ലാമോഫോബിയ. എന്നിരിക്കെ ആ വാക്ക് മലയാളത്തിലാക്കുമ്പോള്‍ ഇസ്ലാംഭീതിയെന്നല്ല, ഇസ്ലാംദ്വേഷം എന്നുപയോഗിക്കുന്നതാകും ഉചിതമെന്നു തോന്നുന്നു.


ഇസ്ലാമോഫോബിയ എന്ന പ്രയോഗം പ്രചാരത്തില്‍ വന്നിട്ട് കഷ്ടിച്ച് ഒന്നര വ്യാഴവട്ടമേ ആയിട്ടുള്ളൂ. മറ്റു പല പദങ്ങളുടേയുമെന്നപോലെ ഈ വാക്കിന്റെ പിറവിക്ക് പിന്നിലും ഒരു ചരിത്രമുണ്ട്. ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ച ദിവസമായിരുന്നു 2001 സെപ്തംബര്‍ 11. അന്നാണ് ഉസാമ ബിന്‍ലാദന്റെ നേതൃത്വത്തിലുള്ള അല്‍ഖായ്ദയുടെ പ്രവര്‍ത്തകര്‍ അമേരിക്കയിലെ ലോകവ്യാപാരകേന്ദ്രത്തിലും പെന്റഗണിലും ചാവേര്‍ ആക്രമണം നടത്തിയത്. അധൃഷ്യം എന്നു പൊതുവെ കരുതപ്പെട്ട യു.എസ്സിന്റെ സിരാകേന്ദ്രങ്ങളില്‍ മുസ്ലിം തീവ്രവാദികളായ 19 പേര്‍ ചേര്‍ന്നു നടത്തിയ ആക്രമണം സൃഷ്ടിച്ച ആഘാതവും അമ്പരപ്പും  ഇസ്ലാമോഫോബിയ എന്ന വികാരത്തിന് ജന്മം നല്‍കുകയായിരുന്നു.


സെപ്തംബര്‍ 11-നു ശേഷം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ മറ്റു പലയിടങ്ങളിലും ഇസ്ലാമിന്റെ മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘങ്ങള്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തുകയുണ്ടായി. വിവിധ ദേശങ്ങളില്‍ നേരത്തേ തലപൊക്കിയ ഭീകരപ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതും 2001-നു ശേഷമാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍, പാകിസ്താനിലെ ലശ്കറെ ത്വയ്യിബ, നൈജീരിയയിലെ ബൊക്കോ ഹറാം തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ തീവ്രവാദസംഘങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 2014-ല്‍ ഐ.എസ്.ഐ.എസ്. എന്ന കൊടുംഭീകര പ്രസ്ഥാനവും മരണത്തിന്റെ വ്യാപാരികളായി അരങ്ങിലെത്തി.
ശാന്തിയുടെ മതം എന്നതിനു പകരം ഇസ്ലാം അശാന്തിയുടേയും അസഹിഷ്ണുതയുടേയും പരമതദ്വേഷത്തിന്റേയും തീവ്ര ഹിംസയുടേയും മതമാണെന്ന് സ്വകൃത്യങ്ങള്‍ വഴി മേല്‍ച്ചൊന്ന തീവ്രവാദ സംഘടനകള്‍ തെളിയിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ്  ഇസ്ലാമോഫോബിയ വേരുപിടിച്ചതും ലോകത്താകെ പടര്‍ന്നതും. ചിലരൊക്കെ പ്രചരിപ്പിച്ചുപോരുന്നതുപോലെ, ശൂന്യതയില്‍നിന്നു പൊട്ടിമുളച്ചതല്ല ഇസ്ലാംദ്വേഷം. തൊട്ടുകാണിക്കാവുന്ന ചില മൂര്‍ത്ത സാഹചര്യങ്ങളുടെ സൃഷ്ടിയാണത്. ഇസ്ലാമിനെ ഹിംസയുടേയും യുദ്ധത്തിന്റേയും പരമത ഉച്ഛാടനത്തിന്റേയും മതമായി കണക്കാക്കുന്ന പ്രത്യയശാസ്ത്രങ്ങളും അവയുടെ പ്രചാരകരും  ഇസ്ലാമോഫോബിയയുടെ ഉല്പാദനത്തില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.


അതേസമയം ഇസ്ലാമുമായും മുസ്ലിങ്ങളുമായും ബന്ധപ്പെട്ട എന്തിനേയും ഏതിനേയും ഇസ്ലാമോഫോബിയയുടെ മഞ്ഞക്കണ്ണടയിലൂടെ നോക്കിക്കാണുന്ന അനഭിലഷണീയ പ്രവണത പലയിടങ്ങളിലും വികസിച്ചുവന്നിട്ടുണ്ടെന്ന വസ്തുത ശ്രദ്ധിക്കപ്പെടാതെ പോകരുത്. യു.എസ്. സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിനെപ്പോലും അമേരിക്കയിലെ വിമാനത്താവള അധികൃതര്‍ ഏറെ നേരം തടഞ്ഞുവെച്ചത് ആ ദുഷ്പ്രവണതയുടെ മികച്ച ഉദാഹരണമായിരുന്നു. പേരുകൊണ്ട് മുസ്ലിമാണെന്നു മനസ്സിലാക്കാവുന്നവരെ അവഹേളിക്കുന്ന ഫോബിയയുടെ ഇരകളായവരില്‍ നമ്മുടെ പ്രശസ്ത ബോളിവുഡ് താരം ഷാരൂഖാനെപ്പോലുള്ളവരും ഉള്‍പ്പെടും.
മുസ്ലിമാണോ, ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ എന്നു നോക്കി വ്യക്തികളേയും വിഷയങ്ങളേയും വസ്തുതകളുടെ പിന്‍ബലമില്ലാതെ അവഹേളിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന രീതി അവിടവിടെ തലപൊക്കിയത് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് ഗുണകരമായി ഭവിച്ചിട്ടുണ്ടെന്ന അശുഭകരമായ യാഥാര്‍ത്ഥ്യവും കൂട്ടത്തിലുണ്ട്. ഐ.എസ് എന്ന ഭീകരപ്രസ്ഥാനത്തിലേയ്ക്ക് കേരളത്തില്‍നിന്നും ഏതാനും പേര്‍ റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത ആദ്യമായി പുറത്തുവന്നപ്പോള്‍ അതിനെ  ഇസ്ലാമോഫോബിയ എന്നാരോപിച്ച് നിസ്സാരീകരിക്കാന്‍ ചില മുസ്ലിം സംഘടനകളും വ്യക്തികളും ശ്രമിക്കുകയുണ്ടായി.


കേരളമുള്‍പ്പെടെ ഇന്ത്യയില്‍ ഒരിടത്തും മുസ്ലിം തീവ്രവാദം എന്ന പ്രതിഭാസമില്ലെന്നു വാദിച്ചുറപ്പിക്കാന്‍ അക്ഷീണം യത്‌നിക്കുന്നവരും ഇസ്ലാംദ്വേഷ ആരോപണത്തിലാണ് അഭയം തേടുന്നത്. എന്തിനേറെ, മതേതര പുരോഗമന പക്ഷത്ത് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ചില എഴുത്തുകാര്‍ വരെ 'പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ'യെപ്പോലുള്ള മുസ്ലിം മതമൗലിക-തീവ്രവാദ സംഘടനകളെ വെള്ളപൂശാന്‍ ഉപയോഗിക്കുന്നത്  ഇസ്ലാമോഫോബിയ എന്ന തുറുപ്പുചീട്ടാണ്. സി.പി.ഐ.എമ്മിന്റെ പി.ബി. അംഗം വൃന്ദാകാരാട്ട് 'ദ ഹിന്ദു'ല്‍ (30112017) ഹാദിയ (അഖില) വിഷയം സംബന്ധിച്ചെഴുതിയ ലേഖനത്തില്‍ പോപ്പുലര്‍ ഫ്രന്റിന്റെ പ്രവര്‍ത്തനശൈലിക്ക് ഹൈന്ദവ വലതുപക്ഷത്തിന്റെ ശൈലിയുമായുള്ള സാദൃശ്യം എടുത്തുകാട്ടിയപ്പോള്‍ അതിനെതിരെ ഒരു ഫെമിനിസ്റ്റ് 'തേജസി'ല്‍ (4122017) പ്രതികരിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്.


മുസ്ലിങ്ങള്‍ക്കിടയിലെ മതമൗലിക-തീവ്രവാദ പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനങ്ങള്‍ക്കുമെതിരെയുള്ള വിമര്‍ശനങ്ങളെ ഇസ്ലാമോഫോബിയ എന്ന പരിചകൊണ്ട് തടുക്കുന്നവര്‍ കാണാതെ പോകുന്ന മറ്റൊരു ഫോബിയയുണ്ട്. അതിന്റെ പേരത്രേ 'ലിബറല്‍  ഇസ്ലാമോഫോബിയ.' ലിബറല്‍ ഇസ്ലാമിനും അതിന്റെ വക്താക്കള്‍ക്കുമെതിരെ ഇസ്ലാമിനക്കത്തെ മതമൗലിക-യാഥാസ്ഥിതിക-തീവ്രവാദ-ഭീകരവാദ പക്ഷം പ്രകടിപ്പിക്കുന്ന അദമ്യമായ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രതികാരവാഞ്ഛയുടേയും ആകത്തുകയാണ് ലിബറല്‍ ഇസ്ലാമോഫോബിയ. നമുക്ക് ചുറ്റും മാത്രമല്ല, വെളിയിലും ദീര്‍ഘകാലമായി ലിബറല്‍  ഇസ്ലാമോഫോബിയ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.


ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കാം. സമീപ ഭൂതകാല കേരളത്തില്‍ ചേകന്നൂര്‍ മൗലവി വധം (1993) തൊട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനു മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഫ്‌ലാഷ്മോബില്‍ പങ്കെടുത്ത മുസ്ലിം യുവതികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം വരെ അത് നീണ്ടുകിടക്കുന്നു. പൊതുസ്ഥലത്ത് പുരുഷന്മാരുടെ സാന്നിധ്യത്തില്‍ 'ആടിപ്പാടി' എന്നാരോപിച്ചാണ് ദന്തല്‍ വൈദ്യവിദ്യാര്‍ത്ഥികളായ ചെറുപ്പക്കാരികള്‍ക്കെതിരെ ലിബറല്‍ ഇസ്ലാം വിരുദ്ധരായ മുസ്ലിം യാഥാസ്ഥിതികര്‍ ശകാരവര്‍ഷവും  അശ്ലീലക്കൊടുങ്കാറ്റും തീര്‍ത്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 10 വര്‍ഷം മുന്‍പ്, 2007-ല്‍ കൊണ്ടോട്ടിക്കടുത്ത് വള്ളുവമ്പ്രത്ത് റൂബിയ എന്ന മുസ്ലിം പെണ്‍കുട്ടി നൃത്തം അഭ്യസിച്ചതിന്റെ പേരില്‍ മഹല്ല് കമ്മിറ്റി ആ കുട്ടിക്കും കുടുംബത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ ജസീല എന്ന മുസ്ലിം യുവതി ക്രൈസ്തവ യുവാവിനെ വിവാഹം ചെയ്തതിനും ആ വിവാഹത്തിന് ജസീലയുടെ മാതാപിതാക്കള്‍ അനുകൂല നിലപാട് സ്വീകരിച്ചതിനും ബന്ധപ്പെട്ട പള്ളിക്കമ്മിറ്റി ആ കുടുംബത്തിന് ഭ്രഷ്ട് ഏര്‍പ്പെടുത്തിയത് രണ്ടുമാസം മുന്‍പാണ്. മുസ്ലിം സമുദായത്തിലെ ലിബറല്‍ ചിന്താഗതിക്കാരോട് മതമൗലിക-യാഥാസ്ഥിതിക കൂട്ടായ്മകള്‍ നടത്തുന്ന ജിഹാദിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണിവ.


കേരളത്തിനു പുറത്തേയ്ക്ക് പോകുമ്പോള്‍ കര്‍ണാടകത്തില്‍ സുഹാന സൈദ് എന്ന മുസ്ലിം യുവതിയെ നാം കണ്ടുമുട്ടുന്നു. ശിവമോഗ ജില്ലയില്‍ സാഗരയിലുള്ള സുഹാന, ഹൈന്ദവ ഭക്തിഗാനം ആലപിച്ചതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ക്രൂരമായി വേട്ടയാടപ്പെട്ടു. 'മാംഗ്ലൂര്‍ മുസ്ലിംസ്' എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പാണ് സുഹാന സൈദിനും കുടുംബത്തിനുമെതിരെ ഉറഞ്ഞുതുള്ളിയത് (ദ ഹിന്ദു, 09-03-2017). ഏതാണ്ട് അതേ കാലത്ത് ആസ്സാമില്‍ ഗായികയായ നഹീദ് അഫ്രീന്‍ എന്ന മുസ്ലിം പെണ്‍കുട്ടിക്കും സമാന അനുഭവങ്ങളുണ്ടായി. ആ 15-കാരി സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നത് വിലക്കിക്രൊണ്ടുള്ള മതവിധി മുസ്ലിം പൗരോഹിത്യം പുറപ്പെടുവിച്ചു (ദി ഹിന്ദു, 16-03-2017).


സാര്‍വ്വദേശീയ തലത്തില്‍ നോക്കുമ്പോള്‍ മുസ്ലിം ഫണ്ടമെന്റലിസ്റ്റുകളില്‍നിന്നു ലിബറല്‍ ഇസ്ലാമിനു നേരെ ചാവേര്‍ സ്‌ഫോടനങ്ങളടക്കം ഒട്ടേറെ പാതകങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശിലും പാകിസ്താനിലുമായി ഒന്നര ഡസനോളം സ്വതന്ത്ര മുസ്ലിം ബുദ്ധിജീവികള്‍ വധിക്കപ്പെടുകയുണ്ടായി. മതനിന്ദ ആരോപിച്ച് പലസ്തീനി കവി അശ്‌റഫ് ഫയാദിനെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചത് 2015 നവംബറിലാണ്. ലൈംഗിക അടിമകളാകാന്‍ വിസ്സമ്മതിച്ചതിന് ഇറാഖില്‍ ഐ.എസ് ഭീകരര്‍ 250 പെണ്‍കുട്ടികളെ കൊലചെയ്തത് 2016-ല്‍ ആയിരുന്നു (ദി ഹിന്ദു, 22-04-2016).


ഇസ്ലാമോഫോബിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ മേല്‍സൂചിപ്പിച്ച ലിബറല്‍  ഇസ്ലാമോഫോബിയയിലേയ്ക്ക് കൂടി കണ്ണയയ്‌ക്കേണ്ടതുണ്ട്. സംശയമില്ല,  ഇസ്ലാമോഫോബിയ വിമര്‍ശിക്കപ്പെടണം. പക്ഷേ, അതിലേറെ വിമര്‍ശിക്കപ്പെടേണ്ടതാണ് ലിബറല്‍  ഇസ്ലാമോഫോബിയ. കാരണം, ലിബറല്‍ ഇസ്ലാം ദുര്‍ബലമാകുമ്പോഴാണ്  ഇസ്ലാമോഫോബിയ രൂപപ്പെടുന്നതിനുള്ള മൂലഹേതുവായ ഇസ്ലാമിക തീവ്രവാദം വളരുന്നത്. തീവ്രമതത്തിനുള്ള പ്രതിരോധ മരുന്നത്രേ ഉദാരമതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com