ഇടതുപക്ഷത്തിന്റെ വലതുപക്ഷ ആവിഷ്‌കാരം: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

ഇടതുപക്ഷത്തിന്റെ വലതുപക്ഷ ആവിഷ്‌കാരം: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

കേരളത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അതിസമൃദ്ധ ചര്‍ച്ചകള്‍ക്കു വിധേയമായ കാലയളവാണ് 1980-കള്‍. സംസ്ഥാനത്തെ മൂന്നു മുഖ്യ മതസമുദായങ്ങളില്‍പ്പെട്ട യാഥാസ്ഥിതിക-പ്രതിലോമ വിഭാഗങ്ങളും തങ്ങള്‍ ഇഷ്ടപ്പെടാത്ത സാഹിത്യകൃതികള്‍ക്കെതിരെ രോഷക്കടല്‍ തീര്‍ക്കുകയുണ്ടായി അക്കാലത്ത്. ക്രൈസ്തവ യാഥാസ്ഥിതികര്‍ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭന'ത്തിനെതിരേയും മുസ്ലിം പിന്തിരിപ്പന്‍ ശക്തികള്‍ 'സാത്താനിക വചനങ്ങള്‍'ക്കെതിരേയും ഹൈന്ദവ പ്രതിലോമകാരികള്‍  'ഭഗവാന്‍ കാലുമാറുന്നു' എന്ന നാടകത്തിനെതിരേയും ഖഡ്ഗമുയര്‍ത്തി.

ആ കാലസന്ധിയില്‍ മൂന്നു മതവലതുപക്ഷ ശക്തികളുടേയും ആവിഷ്‌കാര സ്വാതന്ത്ര്യ വിരുദ്ധതയ്‌ക്കെതിരെ ഉറച്ച നിലപാടെടുത്തത് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷമായിരുന്നു. ഗ്രീക്ക് നോവലിസ്റ്റ് നിക്കോസ് കസന്‍ദ് സാക്കിസിന്റെ പ്രശസ്ത നോവലിന് പി.എ. വാരിയര്‍ എഴുതിയ ആസ്വാദനക്കുറിപ്പ് കലാലയ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ക്രൈസ്തവസഭകള്‍ രംഗത്ത് വന്നപ്പോള്‍ മാര്‍ക്‌സിസ്റ്റ് നേതൃത്വം സഭാനിലപാടിനെ എതിര്‍ക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യം  ഹനിക്കപ്പെട്ടുകൂടാ എന്ന സമീപനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

ക്രൈസ്തവ വലതുപക്ഷത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യനിഷേധപരമായ അട്ടഹാസങ്ങള്‍ക്കു ശേഷമാണ് മുസ്ലിം-ഹിന്ദു വലതുപക്ഷങ്ങള്‍  കലാപക്കൊടി ഉയര്‍ത്തിയത്. സല്‍മാന്‍ റുഷ്ദിയുടെ 'സെയ്റ്റാനിക് വേഴ്‌സസ്' എന്ന നോവലിനെതിരെയായിരുന്നു  ഇസ്ലാമിക തീവ്രവാദികളുടെ ജിഹാദ്. ഹൈന്ദവ തീവ്രവാദികള്‍ കണിയാപുരം രാമചന്ദ്രന്‍ എഴുതിയ 'ഭഗവാന്‍ കാലുമാറുന്നു' എന്ന നാടകത്തിനെതിരെയാണ് പ്രതിഷേധക്കൊടുങ്കാറ്റ് അഴിച്ചുവിട്ടത്. ഇരുവിഭാഗങ്ങളുടേയും ആവിഷ്‌കാരസ്വാതന്ത്ര്യദ്വേഷം  ഇടതു നേതൃത്വം നിശിത വിമര്‍ശന ശരങ്ങള്‍ കൊണ്ട് നേരിട്ടതിന് അന്നു സാംസ്‌കാരിക കേരളം സാക്ഷിയായി.

മൂന്നു പതിറ്റാണ്ടു മുന്‍പ് ആവിഷ്‌കാരസ്വാതന്ത്ര്യ വിഷയത്തില്‍ ഇടതുപക്ഷം പൊതുവെ അനുവര്‍ത്തിച്ച പുരോഗമനപരമായ നിലപാട് തുടര്‍വര്‍ഷങ്ങളില്‍ നിലനിര്‍ത്തപ്പെട്ടുവോ? സ്വതന്ത്ര ഭാഷണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവസരവും സൗകര്യവും പൗരന്മാരുടെ മൗലികാവകാശങ്ങളില്‍പ്പെടുന്നു എന്ന പ്രകൃഷ്ട തത്ത്വം മുറുകെ പിടിക്കുന്നതില്‍ ഇടതുചേരി പിന്നെപ്പിന്നെ അലംഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങി എന്നതാണ് വസ്തുത. ഉദാഹരണത്തിന്, കെ. ശങ്കരന്‍ പിള്ള (ശങ്കര്‍) എന്ന പ്രഖ്യാത കാര്‍ട്ടൂണിസ്റ്റ് തന്റെ 'ശങ്കേഴ്‌സ് വീക്ക്ലി'യില്‍ 1949-ല്‍ വരച്ച ഒരു കാര്‍ട്ടൂണിനെതിരെ ചിലര്‍ ഏതാനും വര്‍ഷം മുന്‍പ് രംഗത്ത് വന്നപ്പോള്‍ സി.പി.എമ്മോ മറ്റു ഇടതു പ്രസ്ഥാനങ്ങളോ പ്രതിഷേധസ്വരം ഉയര്‍ത്തുകയുണ്ടായില്ല.

1946 ഡിസംബറില്‍ തുടങ്ങിയ ഭരണഘടനാ നിര്‍മ്മാണം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാവാത്ത പശ്ചാത്തലത്തില്‍ ശങ്കര്‍ പ്രസിദ്ധീകരിച്ചതായിരുന്നു മേല്‍ച്ചൊന്ന കാര്‍ട്ടൂണ്‍. ഭരണഘടന തയ്യാറാക്കുന്ന സഭയുടെ അധ്യക്ഷനായ അംബേദ്കര്‍ ഒച്ചിന്റെ പുറത്ത് സഞ്ചരിക്കുംവിധം രചിക്കപ്പെട്ട കാര്‍ട്ടൂണിന്റെ കേപ്ഷന്‍ (ചിത്ര വിവരണം) 'ഭരണഘടന' എന്നായിരുന്നു. അതില്‍ അംബേദ്കര്‍ മാത്രമല്ല, നെഹ്‌റുവും ഇടംപിടിച്ചിരുന്നു. അക്കാലത്തോ, പിന്നീട് 2006-ല്‍ എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ രാഷ്ട്രതന്ത്രം പാഠപുസ്തകത്തില്‍ പ്രസ്തുത കാര്‍ട്ടൂണ്‍ ചേര്‍ത്ത സന്ദര്‍ഭത്തിലോ ഒന്നും ശങ്കറുടെ വിഖ്യാത കാര്‍ട്ടൂണിനു നേരെ അപശബ്ദങ്ങളൊന്നും ഉയരുകയുണ്ടായില്ല. വല്ലവരുടേയും വികാരങ്ങളെ അതു വ്രണപ്പെടുത്തുന്നു എന്ന ആരോപണവും എവിടെനിന്നും പുറപ്പെട്ടില്ല.

എന്‍.സി.ഇ.ആര്‍.ടിയുടെ പുസ്തകം പുറത്തുവന്നു ആറുവര്‍ഷം പിന്നിട്ടപ്പോള്‍ ഒരു ലോക്സഭാംഗം ശങ്കര്‍ വരച്ച കാര്‍ട്ടൂണിന്റെ കോപ്പിയുമായി സഭയില്‍ വന്നു. അംബേദ്കറെ അപമാനിക്കുന്നതാണ് കാര്‍ട്ടൂണെന്നും അതു പാഠപുസ്തകത്തില്‍ ചേര്‍ക്കുക വഴി ദളിതരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തതെന്നും അംഗം വാദിച്ചു. അന്ന് അധികാരത്തിലിരുന്ന യു.പി.എ സര്‍ക്കാര്‍ പരാമൃഷ്ട കാര്‍ട്ടൂണ്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. ഭരണഘടനയില്‍ ഉള്‍ച്ചേര്‍ന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ നിഷേധമായിരുന്നു 'ദളിത് വികാര സംരക്ഷണ'ത്തിന്റെ പേരിലുള്ള ആ നടപടിയെങ്കിലും അതിനെതിരെ ഇടതുപക്ഷം അന്നു കാര്യമായി പ്രതികരിക്കയുണ്ടായില്ല.

മത(ജാതി) വികാരത്തിന്റെ വ്രണപ്പെടല്‍ എന്ന ആരോപണത്തിന്റെ പിന്‍ബലത്തിലാണ് മിക്കപ്പോഴും കലാസാഹിത്യ സൃഷ്ടികള്‍ക്കെതിരെ പ്രതിലോമശക്തികള്‍ രംഗത്ത് വരാറുള്ളത്. ഭരണാധികാരികളാവട്ടെ,  പലപ്പോഴും മത-ജാതി ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയും ചെയ്യുന്നു. നമ്മുടെ നിയമപുസ്തകങ്ങളിലാണെങ്കില്‍ മതവിശ്വാസ-വികാരങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കപ്പെടുകയും ചെയ്തിട്ടുണ്ട്. അവിശ്വാസികളുടേയോ സന്ദേഹവാദികളുടേയോ വികാരങ്ങള്‍ക്ക് അത്തരം പരിഗണനയൊട്ടില്ല താനും. മതേതര ഭരണഘടന പിന്തുടരുന്ന മതേതര രാഷ്ട്രത്തില്‍ ഇത്തരം ഇരട്ടത്താപ്പ് എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യം മറ്റാരേക്കാളും മുന്‍പേ ഉയര്‍ത്തേണ്ടവരാണ്  ഇടതുപക്ഷക്കാര്‍.

2012-ലെ 'വിന്‍-ഗാലപ്' റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യക്കാരില്‍ 13 ശതമാനം മതനിഷ്ഠാരഹിതര്‍ (non religious) എന്ന ഗണത്തില്‍പ്പെടുന്നവരാണ്. മൂന്നു ശതമാനം പേര്‍ നിരീശ്വരവാദികളുമത്രേ. ഇന്ത്യന്‍ നിരീശ്വരവാദത്തിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്നതും കണക്കിലെടുക്കപ്പെടണം. ബൗദ്ധരും ജൈനരും ചാര്‍വാകരും പൂര്‍വ്വ മീമാംസകരും സാംഖ്യരും നിരീശ്വരവാദികളാണ്. ആ ആ പാരമ്പര്യത്തിന്റെ  ആധുനിക കാല പ്രതിനിധാനങ്ങളായിരുന്നു  ഭഗത് സിങ്ങും പെരിയാര്‍ ഇ.വി. രാമസ്വാമിയും റാം മനോഹര്‍ ലോഹ്യയുമൊക്കെ. സ്വേശ്വരവാദപാരമ്പര്യമെന്നപോലെ നിരീശ്വരവാദപാരമ്പര്യവും നിലനിന്നുപോന്നിട്ടുള്ള ഇന്ത്യയില്‍ മതവിശ്വാസികള്‍ക്ക് ആവിഷ്‌കാരതലത്തിലുള്ള എല്ലാ അവകാശങ്ങളും മത അവിശ്വാസികള്‍ക്കും നിയമപരമായി ലഭിക്കേണ്ടതാണ്.

പ്രശ്‌നത്തിന്റെ ഈ വശം അതര്‍ഹിക്കുംവിധം ഗൗരവത്തിലെടുക്കാന്‍ മുഖ്യധാരാ ഇടതുപക്ഷം സന്നദ്ധരായതായി കണ്ടിട്ടില്ല. മതവിശ്വാസികളുടെ വികാരം മാനിക്കണമെന്നു ശഠിക്കുന്നവര്‍ മത അവിശ്വാസികളുടെ വികാരം തൃണവല്‍ഗണിക്കുകയാണ് പതിവ്. ഇങ്ങനെ പറയുമ്പോള്‍  മറുഭാഗത്തുനിന്നു ഒരു ചോദ്യം വരാം: മത അവിശ്വാസികളായ നരേന്ദ്ര ദഭോല്‍ക്കറുടേയും ഗോവിന്ദ് പന്‍സാരെയുടേയും എം.എം. കലബുര്‍ഗിയുടേയും അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇടതുപക്ഷം മുന്‍നിരയിലുണ്ടായിരുന്നില്ലേ? എ.കെ. രാമാനുജന്റെ 'മുന്നൂറ് രാമായണങ്ങള്‍' എന്ന പ്രബന്ധത്തിനും വെന്‍ഡി ഡോണിഗറുടെ 'ദ ഹിന്ദൂസ്: ഏന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിനുമെതിരെ ഹിന്ദുത്വവാദികള്‍ ആഞ്ഞടിച്ചപ്പോള്‍ പ്രതിരോധം തീര്‍ത്തത് ഇടതുപക്ഷമല്ലേ?

സമ്മതിക്കുന്നു. ഭൂരിപക്ഷ സമുദായത്തിലെ  മത തീവ്രവാദികള്‍ മഹാരാഷ്ട്രയിലേയും കര്‍ണാടകത്തിലേയും മതപരിഷ്‌കരണവാദികളായ റാഷണലിസ്റ്റുകള്‍ക്കെതിരെ നിറയൊഴിച്ചപ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അതേ മത ദുശ്ശക്തികള്‍ പ്രകടിപ്പിച്ച പുസ്തകവിരോധത്തെ ചോദ്യം ചെയ്യാനും തീര്‍ച്ചയായും ഇടതുപക്ഷക്കാര്‍ മുന്നോട്ടു വന്നിട്ടുണ്ട്. പക്ഷേ, അത്തരം ഐക്യദാര്‍ഢ്യ പ്രകടനത്തിലും പ്രതിരോധത്തിലും മാപ്പര്‍ഹിക്കാത്തവിധം 'സിലക്റ്റീവ്' ആണ് ഇടതുപക്ഷം എന്നു പറയാതെ വയ്യ. ന്യൂനപക്ഷ സമുദായത്തിലെ മത തീവ്രവാദികള്‍ ആ സമുദായത്തില്‍പ്പെട്ട റാഷണലിസ്റ്റുകളെ കൊല്ലുകയോ മര്‍ദ്ദിക്കുകയോ ചെയ്യുമ്പോള്‍ ഇടതുപക്ഷം മൗനം ദീക്ഷിച്ചുപോന്ന ചരിത്രമാണുള്ളത്. കോയമ്പത്തൂരില്‍ എച്ച്. ഫാറൂഖ്  മുസ്ലിം മതാന്ധരാല്‍ വധിക്കപ്പെട്ടപ്പോള്‍ മുഖ്യധാരാ ഇടതു കേമ്പിലെ രാഷ്ട്രീയ നേതാക്കളോ സാംസ്‌കാരിക പ്രവര്‍ത്തകരോ അനങ്ങിയതേയില്ല. മേമുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിച്ച 'കിതാബ്' എന്ന ലഘുനാടകത്തിനെതിരേയും പവിത്രന്‍ തീക്കുനിയുടെ 'പര്‍ദ്ദ' എന്ന കവിതയ്ക്കു നേരേയും മുസ്ലിം മതോന്മാദികള്‍ അങ്കപ്പുറപ്പാട് നടത്തിയപ്പോഴും മറിച്ചായിരുന്നില്ല സ്ഥിതി.
ഇപ്പോള്‍ ഏറ്റവും ഒടുവിലിതാ, ലൈംഗികാതിക്രമാരോപണത്തിനു വിധേയനായ മതമേലധ്യക്ഷനിലേക്ക് വിരല്‍ചൂണ്ടുംവിധം വരയ്ക്കപ്പെട്ട കാര്‍ട്ടൂണിന് കേരള ലളിതകലാ അക്കാദമി നല്‍കിയ പുരസ്‌കാരത്തിനെതിരെ ഇടതുപക്ഷ സാംസ്‌കാരിക വകുപ്പ് മന്ത്രി നിലപാടെടുത്തിരിക്കുന്നു. മതചിഹ്നത്തെ അപമാനിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിക്കൂടെന്നാണ് എ.കെ. ബാലന്‍ എന്ന മന്ത്രി പറയുന്നത്. ജൂറിയുടെ പുരസ്‌കാര നിര്‍ണ്ണയം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായവും അതുതന്നെ. ചുരുക്കിപ്പറഞ്ഞാല്‍, മതവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു കലാസൃഷ്ടിയും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്നതത്രേ ഇടതു സര്‍ക്കാരിന്റെ സമീപനം. പണ്ട് എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ക്കു നേരെ മതവികാര പ്രശ്‌നമുയര്‍ത്തി ഭൂരിപക്ഷ വര്‍ഗ്ഗീയവാദികള്‍ ഉറഞ്ഞു തുള്ളിയപ്പോള്‍ കലാകാരനോടൊപ്പം നിന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ ന്യൂനപക്ഷ തീവ്രവാദികള്‍ മതവികാരത്തിന്റെ പേരില്‍ കെ.കെ. സുഭാഷിന്റെ കാര്‍ട്ടൂണിനു നേരെ കലഹം നയിക്കുമ്പോള്‍ കലാകാരനെ പിടിച്ചുതള്ളി കലഗക്കാരോടൊപ്പം നില്‍ക്കുന്നു!
ആവിഷ്‌കാരസ്വാതന്ത്ര്യ വിഷയത്തില്‍ ഇടതുപക്ഷം അതിവലതുപക്ഷ സമീപനം കൈക്കൊള്ളുമ്പോള്‍ ഓര്‍ത്തുപോകുന്നത് ഒറംഗസീബിന്റെ ഭരണകാലത്ത് സംഗീതം നിരോധിക്കപ്പെട്ടപ്പോള്‍ അന്നത്തെ സംഗീതപ്രേമികള്‍ നടത്തിയ വിലാപയാത്രയാണ്-കശാപ്പു ചെയ്യപ്പെട്ട സംഗീതത്തിന്റെ വിലാപയാത്ര. 'എല്ലാം ശരിയാക്കാന്‍' വന്ന ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളത്തില്‍ കാര്‍ട്ടൂണ്‍ കലപ്രേമികള്‍ക്ക് ആ കലയുടെ വിലാപയാത്ര നടത്തേണ്ടിവരുന്നത് എത്രമേല്‍ സങ്കടകരമാണ്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com