പുതിയ പ്രതിപക്ഷ നേതാവിന് കണ്ണൂരില്‍ ഒരു റോള്‍ മോഡലുണ്ട്

ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന രാഷ്ട്രീയമല്ല, 'പൗരനെ 'ആകര്‍ഷിക്കുന്ന വ്യക്തിഗത നിലപാടാണ് പ്രധാനം
വി ഡി സതീശന്‍, റിജില്‍ മാക്കുറ്റി
വി ഡി സതീശന്‍, റിജില്‍ മാക്കുറ്റി


ദ്യമേ പറയട്ടെ, കണ്ണൂര്‍ ജില്ലയിലായിരിന്നിട്ടും ഒരിക്കല്‍ പോലും നേരിട്ട് സംസാരിച്ചിട്ടില്ലാത്ത ഒരു യുവ നേതാവിനെപ്പറ്റിയാണ് ഈ കുറിപ്പ്. പുതിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് റോള്‍ മോഡലാക്കാവുന്ന ആ യുവനേതാവിന്റെ പേര്, റിജില്‍ മാക്കുറ്റി.


എന്തു കൊണ്ട് റിജില്‍ മാക്കുറ്റി എന്ന ചോദ്യമുണ്ടായേക്കാം. കേരളത്തിന് ഇന്ന് വഴി കാട്ടുന്ന രാഷ്ട്രീയം ,ഇടതു പക്ഷമാണ്. പുതിയ തലമുറയുടെ ആശാവഹമായ ചുവടുവെപ്പുകള്‍ അവിടെ കാണാം.അവരില്‍ പൊതുവായി കാണാവുന്ന രാഷ്ട്രീയ മാനം, മതനിരപേക്ഷമായ ഉള്ളടക്കമാണ്. കലര്‍പ്പില്ലാത്ത ആ മതനിരപേക്ഷ രാഷ്ട്രീയം വളച്ചുകെട്ടില്ലാതെ പറയുന്നത് കോണ്‍ഗ്രസ്സില്‍ റിജില്‍ മാക്കുറ്റിയാണ്.

റിജില്‍ മാക്കുറ്റിയുടെ ചില ഇടപെടലുകള്‍ -

ഒന്ന്: ബീഫ് രാഷ്ട്രീയം മുഖ്യ ചര്‍ച്ചയായി നില നിന്ന സന്ദര്‍ഭത്തില്‍, ' അറവ് ' നടത്തി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായി. പ്രകോപിപ്പിക്കുന്ന ആ ശൈലി വിമര്‍ശിക്കപ്പെടേണ്ടതാണെങ്കിലും, 'ഹിന്ദുത്വ ' ത്തിനെതിരെയുള്ള ഉറച്ച നിലപാടായിരുന്നു ,അത്.

രണ്ട്: പി.സി.ജോര്‍ജ്ജ് ഒരു ചടങ്ങില്‍ വെച്ച് പൊന്നാടയണിയിക്കുമ്പോള്‍ 'താങ്കളുടെ പൊന്നാട വേണ്ട ' എന്ന ആ നിഷേധം.

മൂന്ന്: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിയെ വിലയിരുത്തി നടത്തിയ പ്രസ്താവന.നായര്‍ സമുദായ സംഘടനയോടു കോണ്‍ഗ്രസ് കാണിക്കുന്ന രാഷ്ട്രീയ വിധേയത്വത്തെ ഉറപ്പോടെ വിമര്‍ശിച്ചു.

കോണ്‍ഗ്രസികത്തു നിന്ന് ഏറ്റവും ഉജ്ജ്വലമായ മത നിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച യുവനേതാവ് റിജില്‍ മാക്കുറ്റിയാണ്. ഹിന്ദുത്വത്തിനെതിരെ പുല്ലാങ്കുഴല്‍ പോലെ സംസാരിച്ചിട്ട് കാര്യമില്ല എന്ന തിരിച്ചറിവാണ് ,റിജില്‍ മാക്കുറ്റിയെ പോലെ വി.ഡി സതീശനും വേണ്ടത്.. ശബരീനാഥ് തോറ്റതിലും ഷാഫി പറമ്പില്‍ വിജയിച്ചതിലുമുള്ള ആ രാഷ്ട്രീയമാണ് തിരിച്ചറിയേണ്ടത്.

മറ്റൊന്ന്, ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന രാഷ്ട്രീയമല്ല, 'പൗരനെ 'ആകര്‍ഷിക്കുന്ന വ്യക്തിഗത നിലപാടാണ് പ്രധാനം.ഉമ്മന്‍ ചാണ്ടി പോലും ഇന്ന് കോണ്‍ഗ്രസില്‍ അപ്രസക്തനാണ്. സോപ്പു പത രാഷ്ട്രീയം കൊണ്ടു ഒരു പ്രയോജനവുമില്ല.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, 'സ്ത്രീകളെ മനസ്സിലാക്കുക ' എന്നതാണ്.വീട്ടിലാണ് പൊളിറ്റിക്സ്സ് .പിണറായി വിജയിച്ചത്, സ്ത്രീകളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞു എന്നിടത്താണ്.സ്ത്രീകളുടെ കയ്യില്‍ മൊബൈലുണ്ട്. അവര്‍ എല്ലാ ട്രോളുകളും കാണുന്നുണ്ട്- അടുക്കളയില്‍ അവര്‍ പഴയ കാലത്തേക്കാള്‍ റിലാക്‌സ്ഡാണ്. അപ്പോള്‍ 'ഖദറിട്ട ആണ്‍ കൂട്ട'ത്തോട് അവര്‍ക്ക് പുച്ഛം തോന്നുന്നുണ്ട്. മാധ്യമങ്ങളെല്ലാം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് ചുവടു മാറിയിട്ടും, ഇപ്പോഴും ' ലെറ്റര്‍ പ്രസ്സി'ല്‍ അച്ചു നിരത്തുന്ന ആ പ്രചരണ രീതി മാറണം. ഇന്ന് തന്നെ പറ്റുമെങ്കില്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ കാണണം. കേരളത്തിലെ 'ഏറ്റവും പുതിയ ഹിന്ദു പെണ്‍കുട്ടി 'യെ ആ സിനിമയില്‍ കാണാം. അങ്ങനെയുള്ള പുതിയ കാലത്തെ പെണ്‍കുട്ടികളുടെ മനസ്സ് വായിക്കുക. ആചാരം, വിശ്വാസം, ക, ഖ, ഗ, ങ്ങ .... എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. 'ന്യൂനപക്ഷ വകുപ്പ് 'ഞങ്ങള്‍ക്കു വേണ്ടേ വേണ്ട എന്ന് മുസ്ലിം സംഘടനകള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. അതാണ് കാലം.

പിന്നെ ,പുതിയ പ്രതിപക്ഷ നേതാവ് ശ്രദ്ധിക്കേണ്ട കാര്യം, ഒരു ശത്രുവില്‍ നിന്ന് ഉപദേശം സ്വീകരിച്ചാല്‍ പോലും എ.കെ.ആന്റണിയില്‍ നിന്ന് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശവും തേടാതിരിക്കുക എന്നതാണ്.അത് ഒരു തരത്തിലും പ്രചോദിപ്പിക്കുന്ന ഉപദേശമായിരിക്കില്ല.

കണ്ണൂരിലെ സി.പി.ഐ (എം) ല്‍ നിന്നാണ് വി.ഡി സതീശന്‍ മോഡലുകള്‍ കണ്ടെത്തേണ്ടത്. ചിട്ടയായ പ്രവര്‍ത്തനം, അടിത്തട്ടിലെത്തുന്ന ജനപ്രിയത. പി. ജയരാജനും എം.വി ജയരാജനും സി.പി.എം അണികള്‍ക്ക് മാത്രമല്ല, ഇവിടെ എല്ലാവര്‍ക്കും ജനപ്രിയരാവുന്ന ഒരു രാഷ്ട്രീയമുണ്ട്. തെരുവില്‍ അന്തിയുറങ്ങുന്നവരുടെ അരികില്‍ ചെന്ന് 'നിങ്ങള്‍ ഭക്ഷണം കഴിച്ചോ' എന്ന് ചോദിക്കുന്ന ഒരു രാഷ്ട്രീയമാണത്.

അപ്പോള്‍ വി.ഡി സതീശന്‍ തെരുവിലിറങ്ങണം. കോണ്‍ഗ്രസ്സുകാരുടെ ഇടയിലേക്കല്ല ഇറങ്ങേണ്ടത്, തെരുവിലേക്ക്. അപ്പോള്‍ ഒപ്പം എല്ലാവരും വരും. ഗ്രൂപ്പ് ഭേദമില്ലാത്ത മലയാളികള്‍. അവരാണ് വോട്ട് .എവിടെ പോയാലും, വഴി തെറ്റി പോലും, ജി.സുകുമാരന്‍ നായരുടെ അരികില്‍ പോകരുത്. പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ - എന്ന് രമേശ് ചെന്നിത്തല തലയില്‍ കൈ വെച്ച് വിലപിക്കുന്നത് ആ ഒരു കാര്യത്തില്‍ മാത്രമായിരിക്കും.

തോമസ് ഐസക്കുമായി വി.ഡി.സതീശന്‍ നടത്തിയ ലോട്ടറി സംവാദത്തിന്റെ ഒരു മൈലേജിലാണ് ഉമ്മന്‍ ചാണ്ടി മുമ്പ് അധികാരത്തില്‍ വന്നത്. വി.ഡി സതീശനെ മാറ്റി നിര്‍ത്തി.കെ.ബാബുവും അടൂര്‍ പ്രകാശുമൊക്കെ കൊടി വെച്ച കാറില്‍.സതീശനും പ്രതാപനും വരാന്തയില്‍. അന്നാണ്, കോണ്‍ഗ്രസ്സിന്റെ ഇറക്കം.

ഉമ്മന്‍ ചാണ്ടി, ഇന്ന് താങ്കളുടെ ആരാധകര്‍ തന്നെ പറയുന്നു ,മാറി നില്‍ക്കൂ!കാലം, എത്ര മനോഹരമായ കാവ്യനീതിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com